Saturday 19 March 2011

ഇന്ത്യ@60

ഇന്ത്യ @ 60
ആന്റണി ജെ ജോണ്‍




 1954 ല്‍ കൊല്ലത്തു ജനിച്ചു.  പിതാവ് ജോണ്‍ മോറീസ്, മാതാവ് ജെയിന്‍ മോറീസ്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, അമേരിക്കയിലെ പേയ്‌സ് സര്‍വ്വകലാശാല, ന്യൂയോര്‍ക്ക് സിറ്റി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഫൈനാന്‍സ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയില്‍ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്.  കോര്‍പ്പറേഷന്‍ ബാങ്കില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു.  2 വര്‍ഷം നൈജീരിയയില്‍ അദ്ധ്യാപകനായിരുന്നു.  1991ല്‍ കൊല്ലത്ത് ബിറ്റ്‌സ് & ബൈറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ സ്ഥാപനം ആരംഭിച്ചു.  ഇപ്പോള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അവരുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും നയിക്കുന്ന സ്ഥാപനത്തിന്റെ (http://www.abhiruchikal.com/) ഡയറക്ടര്‍.  ആനുകാലികങ്ങളില്‍ സാമ്പത്തിക വികസന വിഷയങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യ @ 60 ആദ്യപുസ്തകമാണ്.
ഭാര്യ : എല്‍സമ്മ, മകള്‍ : ക്രിസ്റ്റീന
വിലാസം :  ആന്റണി ജെ ജോണ്‍
 പുല്‍ക്കൂട്, രാമന്‍കുളങ്ങര,  കാവനാട് പി.ഒ. കൊല്ലം-691003.
 ഫോണ്‍ : 0474-3293318, 9447410584
 E-mail : jochan@rediffmail.com







അവതാരിക

 ഭാരതത്തിന്റെ സാമ്പത്തിക വികസനത്തെ സംബന്ധിച്ചുള്ള ഒരവലോകനമാണ് ആന്റണി ജോണ്‍ ഇന്ത്യ@60 എന്ന ഗ്രന്ഥത്തിലൂടെ നടത്തിയിരിക്കുന്നത്. നമ്മുടെ രാജ്യം തുടര്‍ച്ചയായി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നമ്മുടെ വികസനത്തെക്കുറിച്ചുള്ള ഒരവലോകനം തികച്ചും കാലോചിതവും പ്രസക്തവുമാണ്.
 കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 8 ശതമാനത്തിനു മുകളിലായിരുന്നത് തികച്ചും അഭിമാനകരമായ ഒരു നേട്ടമാണ്. മറ്റു ലോകരാജ്യങ്ങള്‍ നമ്മുടെ  സാമ്പത്തിക വളര്‍ച്ചയുടെ വാര്‍ത്തകള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നതായി നമുക്കു മനസ്സിലാക്കാവുന്നതാണ്.
 ഈ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചകൊണ്ട് നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടായിരിക്കുന്നത്? കൃഷിയും ചെറുകിട വ്യവസായങ്ങളുമൊക്കെ നടത്തികൊണ്ടു പോകുന്ന തീരദേശ വാസികള്‍ക്ക്, ഗ്രാമവാസികള്‍ക്ക്, മലയോരനിവാസികള്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായിരിക്കുന്നത്. ഇവരൊക്കെ ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്നു. ഈ വലിയ ജനവിഭാഗത്തെ ഒഴിവാക്കികൊണ്ടുള്ള ഒരു വളര്‍ച്ചയാണ് നമ്മുടെ സാമ്പത്തിക വളര്‍ച്ച.
 ഭാരതത്തില്‍ ഇന്നു രണ്ടു ജനവിഭാഗങ്ങളുണ്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളികളാകുന്ന ഒരു ചെറിയ സമൂഹവും സാമ്പത്തിക വളര്‍ച്ചയില്‍ നിന്നും ഒഴിവാക്കപ്പെട്ട  ഒരു വലിയ ജനസമൂഹവും. ആദ്യത്തെ വിഭാഗം ടവശിശിഴ കിറശമ യെ പ്രതിനിധീകരിക്കുന്നു. രണ്ടാമത്തെ വിഭാഗം Suffering India  യെ പ്രതിനിധീകരിക്കുന്നു. നമ്മുടെ മാധ്യമങ്ങളില്‍ നാം കാണുന്നത് Shining India  യെ ആണ്. അവഗണിക്കപ്പെടുന്ന Suffering India യുടെ മുഖമാണ്   'ഇന്ത്യ @60' യില്‍ നാം കാണുന്നത്. കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് തന്നെയാണ് ആന്റണി ജോണ്‍ തന്റെ വാദഗതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. വികസനത്തിന്റെ മറ്റൊരു മുഖമാണ് നാം ഇവിടെ ദര്‍ശിക്കുന്നത്- Exclusive growth ന്റെ നഗ്നമായ ചിത്രം.
 വികസനത്തിന്റെ സാമ്പത്തിക ശാസ്ത്രങ്ങള്‍ വിവരിച്ചതിന് ശേഷമാണ് ഭാരതത്തിന്റെ വികസനത്തെക്കുറിച്ചുള്ള വിവരണത്തിലേക്ക് കടക്കുന്നത്. ആഡംസ്മിത്ത്, കെയ്ന്‍സ്, ഫ്രീഡ്മാന്‍, ജഗദീശ് ഭഗവതി, അമര്‍ത്യാസെന്‍ എന്നിവരുടെ വികസനത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിപാദിക്കുന്നതാണ് ഒന്നാമദ്ധ്യായം. ആഗോളവത്ക്കരണം ലോക രാഷ്ട്രങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് രണ്ടാമദ്ധ്യായം. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വികസനത്തില്‍ ആഗോളവത്ക്കരണം ചെലുത്തിയ സ്വാധീനം പ്രത്യേകം പ്രതിപാദിക്കപ്പെടുന്നു.
 എല്ലാരാജ്യങ്ങളിലും ദൃശ്യമാകുന്ന ഒരു പ്രതിഭാസമാണ് സാമ്പത്തിക അസമത്വം, അഥവാ വരുമാനത്തിലും സ്വത്തിലുമുള്ള ജനങ്ങളുടെ ഇടയിലെ അസമത്വം. കുറഞ്ഞ വരുമാനക്കാരും ഉയര്‍ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം മറ്റു  രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ വളരെ വലുതാണ്. ഇതിന്റെ ഫലമായി ജീവിത സൗകര്യങ്ങളിലും നിലവാരത്തിലുമുള്ള അന്തരം പ്രത്യക്ഷമായി  കാണാവുന്നതാണ്. ഒരു വലിയ ജനസമൂഹം ഇതുവഴി പാര്‍ശ്വവത്ക്കരിക്കപ്പെട്ടു കഴിയുന്നു. ഇവരുടെ ദുരവസ്ഥ പ്രകടമാക്കുന്ന സവിശേഷതകള്‍ പലതാണ്. ദാരിദ്ര്യം, അനാരോഗ്യം, നിരക്ഷരത, ഭവനരാഹിത്യം, സാമ്പത്തിക സഹായനിഷേധം, കര്‍ഷക ആത്മഹത്യ, പോഷകാഹാരക്കുറവ്, വൃദ്ധരുടെ ദൈന്യാവസ്ഥ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഈ സാഹചര്യങ്ങളില്‍പ്പെട്ടു കഴിയുന്ന ആളുകളുടെ കണക്കുകള്‍ നിരത്തി ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നത് ഭാരതം ഒരു നിശബ്ദ അടിയന്തരാവസ്ഥയിലൂടെ കടന്നു പോകുന്നു എന്നാണ്.
 വികസനത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡങ്ങള്‍ എന്തായിരിക്കണം എന്ന് ഗ്രന്ഥകാരന്‍ ആരായുന്നുണ്ട്. നമ്മുടെ വികസനത്തിന്റെ പ്രേരകശക്തി സര്‍വ്വീസ് മേഖലയുടെ വളര്‍ച്ചയാണ്. മറ്റു പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളായ കൃഷി, വ്യവസായം എന്നിവയുടെ വളര്‍ച്ചകൂടിസംഭവിക്കേണ്ടിയിരിക്കുന്നു. ജി.ഡി.പി., വിദേശനാണ്യമിച്ചം, സ്റ്റോക്ക് മാര്‍ക്കറ്റിന്റെ മൂല്യം  തുടങ്ങിയവയാണ് വളര്‍ച്ചയുടെ മാനദണ്ഡങ്ങളായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. മറിച്ച് ദാരിദ്ര്യം, പോഷകാഹാരം, വിദ്യാഭ്യാസ നിലവാരം, കുടിവെള്ളം, പാര്‍പ്പിടം, കുട്ടികളുടെ അവസ്ഥ, സ്ത്രീകളുടെ അവസ്ഥ ഇവ മാനദണ്ഡങ്ങളായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ  വികസനത്തിന്റെ പൊയ്മുഖങ്ങള്‍ പ്രകടമാകുമായിരുന്നു എന്നാണ് ഗ്രന്ഥകാരന്‍ വാദിക്കുന്നത്.
 സമ്പത്തിന്റെ സൃഷ്ടിയും വിതരണവുമാണ്  വികസനത്തിന്റെ കേന്ദ്രബിന്ദു. രാജ്യത്തെ ജനസമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു വികസന മാതൃകയാണ് നമുക്കാവശ്യം. ഇതിന്റെ വഴികളെക്കുറിച്ച് ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വികേന്ദ്രീകൃത വികസനമാണ് അനുയോജ്യം എന്ന് ഗ്രന്ഥകാരന്‍ വാദിക്കുമ്പോള്‍ അതിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കപ്പെടുന്നുണ്ട്. ഭാരതത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നുണ്ട്.
 നമ്മുടെ അയല്‍ രാജ്യമായ ചൈന സാമ്പത്തിക വികസനത്തില്‍ നമ്മുടെ മുന്നിലാണ്.  അതിനാല്‍ത്തന്നെ നമ്മുടെ വികസന പ്രക്രിയയെ ചൈനയുടെ വികസന രീതികളുമായി താരതമ്യപ്പെടുത്തുന്നത് വളരെ വിജ്ഞാനപ്രദമാണ്.  അതിനുള്ള പരിശ്രമം കൂടി ഗ്രന്ഥകാരന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു.  ചൈനയുടെ വിജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം തന്നെ ചൈനയുടെ വികസനത്തിന്റെ പ്രത്യേകതകള്‍ കൂടി വിവരിക്കുന്നുണ്ട്.  മികച്ച വളര്‍ച്ചാനിരക്ക് കാഴ്ചവയ്ക്കുമ്പോഴും ലോകത്തിലെ ഏറ്റവും സമത്വമുള്ള സമൂഹം എന്ന സ്ഥാനത്തുനിന്നും അസമത്വങ്ങളുടെതായ ഒരു സമൂഹമായി ചൈന മാറുന്നു എന്നാണ് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നത്.  ഇന്ത്യയെപ്പോലെ തന്നെ inclusive growth നേടാന്‍ ചൈനയ്ക്കും സാധിച്ചിട്ടില്ല എന്നു സാരം.
 ഭാരതത്തിന്റെ വികസനപാത ശോഭനമാണ്.  ശരിയായ വികസന നയങ്ങളും പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയാല്‍ സാമ്പത്തിക പുരോഗതി നേടുവാന്‍ നമുക്ക് സാധിക്കും.  വികസനത്തിന്റെ ഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുകൂടി അനുഭവിക്കുവാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് വികസനം ഒരു വിജയമായി മാറുന്നത്.  ഇതാണ് ഗ്രന്ഥകാരന്റെ സന്ദേശം.
 ആന്റണി ജോണ്‍ രചിച്ച 'ഇന്ത്യ @ 60' എന്ന ഗ്രന്ഥം ഇന്ത്യയുടെ വികസനത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ് നമുക്കു പ്രദാനം ചെയ്യുന്നത്.  പൊതുജനശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുന്ന ഒരു വശമാണ് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്.  വികസനത്തെ ഏതൊക്കെ തലങ്ങളിലൂടെ ഉപയോഗപ്പെടുത്തി വിജയത്തിലെത്തിക്കാം എന്നതാണ് 'ഇന്ത്യ @ 60' മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ വികസനത്തില്‍ താത്പര്യവും വിശ്വാസവുമുള്ള ഏതൊരു വ്യക്തിയും വായിക്കേണ്ട ഒരു ഗ്രന്ഥം കൂടിയാണ് 'ഇന്ത്യ @ 60'.
             ഡോ.എസ്. കെവിന്‍
    (മുന്‍ പ്രൊ-വൈസ് ചാന്‍സിലര്‍)
    കേരളസര്‍വ്വകലാശാല









ആമുഖം
 സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനം എന്നുമെനിക്കൊരു പഠനവിഷയമായിരുന്നു.  ഈ വിഷയത്തിന് ഒരുപാട് മുഖങ്ങളുണ്ട്.  അതുകൊണ്ട് തന്നെ ഇതിന്റെ പഠനം ആപേക്ഷികവുമായിരിക്കും.  സാമ്പത്തികമായ കാഴ്ചപ്പാടിലൂടെയാണ് ഞാനിവിടെ കാര്യങ്ങള്‍ വിലയിരുത്തുന്നത്.
 അറുപതുവര്‍ഷത്തെ സ്വാതന്ത്ര്യംകൊണ്ട് ഇന്ത്യ എന്തുനേടി? വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ എന്ന് പറയുന്നത് അറുപത് വര്‍ഷത്തെ സ്വാതന്ത്ര്യംകൊണ്ട് മറ്റുരാജ്യങ്ങള്‍ എന്തുനേടി, പ്രത്യേകിച്ചും രണ്ടാംലോകമഹായുദ്ധത്തിനുശേഷം സ്വാതന്ത്ര്യം പ്രാപിച്ച മറ്റുരാജ്യങ്ങള്‍.  ഒരു താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലായിരിക്കും യാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്തുന്നത്.  ചൈനയും ജപ്പാനും കൊറിയയും സിംഗപ്പൂരും പാക്കിസ്ഥാനും ശ്രീലങ്കയും ഇന്‍ഡോനേഷ്യയും ഒക്കെ പഠന വിഷയങ്ങളാകണം.  ന്യൂക്‌ളിയര്‍ബോംബും ഉപഗ്രഹവിക്ഷേപണവും മിസ്സൈലും ഐ.ടി.യിലെ മുന്നേറ്റവും ഒക്കെ നേട്ടങ്ങളാണെങ്കിലും ആത്യന്തികമായി മനുഷ്യന്റെ അവസ്ഥ എടുത്താല്‍ ഇന്ത്യ ഈ രാജ്യങ്ങളേക്കാള്‍ ഒക്കെ വളരെ പിന്നിലല്ലേ?
 നമ്മുടെ മുഖ്യാധാരാമാധ്യമങ്ങള്‍ ഒഴിവാക്കാന്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളാണ് ഇവിടെ കൂടുതലും ചര്‍ച്ചചെയ്യുന്നത്.  യൂനെസ്‌കോ പത്രപ്രവര്‍ത്തനത്തെ നിര്‍വചിച്ചിരിക്കുന്നതിങ്ങനെയാണ്  ''പൗരന്മാര്‍ക്ക് സ്വാതന്ത്യത്തിനും സ്വയംഭരണത്തിനും ഉതകുന്ന വിവരങ്ങള്‍ നല്‍കുന്നതാണ് ജേര്‍ണലിസം.  ചുറ്റുമുള്ള ലോകത്തെ കണ്ടില്ലെന്നു നടിക്കലാണ് നമ്മുടെ നാട്ടിലെ പത്രപ്രവര്‍ത്തനം.  നമ്മുടെ മാധ്യമങ്ങള്‍ നിറയെ ഒരുവശത്ത് ആത്മഹത്യ, കൊലപാതകം, സ്ത്രീപീഡനം, അഴിമതി ഇവയാണെങ്കില്‍ മറുവശത്ത് സമ്പന്നരുടെയും പ്രശസ്തരുടെയും മായികലോകം, വിനോദരംഗം, ഫാഷന്‍, വിദേശമുതല്‍ മുടക്ക്, സ്റ്റോക്ക് മാര്‍ക്കറ്റ് ഇവയാണ്.  പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ചും പാര്‍ശ്വവത്ക്കരണത്തിന്റെ കാരണങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാതിരിക്കുന്നത് മാധ്യമലോകവും അധികാരവര്‍ഗ്ഗവും തമ്മിലുള്ള ഒരു ഗൂഡാലോചനയുടെ ഫലമല്ലെ? പരസ്യങ്ങള്‍ നല്‍കുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ഇന്നത്തെ മാധ്യമധര്‍മ്മം എന്നു വിശേഷിപ്പിച്ചാലും അധികമല്ല.''
  അറുപതുവര്‍ഷത്തെ സ്വാതന്ത്യത്തിന്റെ നേട്ടങ്ങള്‍ക്കുള്ളിലും സാമ്പത്തിക സാമൂഹ്യ സ്വാതന്ത്യം നിഷേധിക്കപ്പെട്ടസമൂഹം, വികസനത്തിന്റെ സാമ്പത്തിക ശാസ്ത്രങ്ങള്‍, അഭികാമ്യമായ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, വികസനപാതയിലെ ഇന്ത്യയെയും ചൈനയെയും കുറിച്ചുള്ള താരതമ്യ പഠനം, ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്നീ എട്ട് അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  ഈ അദ്ധ്യായങ്ങള്‍ സാമ്പത്തിക-സാമൂഹ്യശാസ്ത്രങ്ങളിലൂടെ വിശകലനം ചെയ്ത് സാധാരണവായനക്കാര്‍ക്ക് കൂടി പ്രയോജനകരമാകും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്.   സാമ്പത്തിക വിഷയങ്ങളിലുള്ള പത്രങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, ഇന്റര്‍നെറ്റ്-വെബ് സൈറ്റുകള്‍ ഇവയാണ് പുസ്തകത്തില്‍ പരാമര്‍ശവിഷയമായ സ്ഥിതിവിവരക്കണക്കുകളുടെ ഉറവിടം.
 ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിപണിസൃഷ്ടിക്കുക, അതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോവുക. ഇതിനുള്ള ഒരുപകരണമാണ് സര്‍ക്കാരുകള്‍. എല്ലാം രാഷ്ട്രം ചെയ്യുക, രാഷ്ട്രം ഒന്നും ചെയ്യാതിരിക്കുക. ഇതിനുരണ്ടിനുമിടയിലുള്ള ഒരു പങ്ക്; അതാണ് അഭികാമ്യം. കഴിവും കാര്യക്ഷമതയും ഫലപ്രാപ്തിയും നീതിയുള്ളതും ന്യായവുമായ വിപണിയുടെ സൃഷ്ടിക്ക് ഈ കഴിവുകളും ഗുണങ്ങളുമുള്ള സര്‍ക്കാരുകള്‍ അനിവാര്യമാണ്. വികസനത്തിനും പുരോഗതിക്കും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പിടിച്ചുനില്‍ക്കുന്നതിനും കാര്യപ്രാപ്തിയും പുരോഗമനകാഴ്ചപ്പാടുമുള്ള സര്‍ക്കാര്‍ ഒഴിച്ചുകൂടാനാവാത്തതാണ്.  വികസനത്തിലേക്കുള്ള  പാത സര്‍ക്കാരുകളെ ചുറ്റിപ്പറ്റി എന്നതിനു പകരം സര്‍ക്കാരുകളുടെ സജീവപങ്കാളിത്തത്തോടെ എന്നു തിരുത്തിക്കുറിക്കാം. ഈ പുസ്തകവും അതിലെ ഉള്ളടക്കവും ഭരണകര്‍ത്താക്കളുടെ കണ്ണുതുറപ്പിക്കുവാനും വികസനത്തെ മനുഷ്യന്റെ അവസ്ഥയുടെ പുരോഗതിയുമായി ബന്ധപ്പെടുത്തി കാണുവാനും അതുവഴി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകുവാനും ഇടയാകട്ടെ എന്നും പ്രത്യാശിക്കുന്നു. ഒപ്പം വികസനത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ അവതാരികയായി എഴുതിതന്ന് അനുഗ്രഹിച്ച പ്രശസ്ത അദ്ധ്യാപകനും കേരളസര്‍വകലാശാല പ്രൊ-വൈസ് ചാന്‍സിലറുമായിരുന്ന ഡോ.എസ്.കെവിന്‍സാറിനോടുള്ള അകൈതവുമായ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.
ആന്റണി ജെ ജോണ്‍
സമര്‍പ്പണം
ഫൈനാന്‍സിലും സാമ്പത്തികശാസ്ത്രത്തിലും എന്റെ ഗുരുവും പിതൃസഹോദരനും ന്യൂയോര്‍ക്കിലെ
പെയ്‌സ് യൂണിവേഴ്‌സിറ്റി ലൂബിന്‍ ഗ്രാഡ്വേറ്റ്
സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ ഫൈനാന്‍സ്
അദ്ധ്യാപകനുമായിരുന്ന ഡോ.പെലിസ് തോട്ടത്തിലിന്റെ പാവനസ്മരണയ്ക്ക്



















ഉള്ളടക്കം
1) വികസനത്തിന്റെ സാമ്പത്തിക ശാസ്ത്രങ്ങള്‍-ഒരു താരതമ്യ പഠനം
2) ആഗോളവത്ക്കരണവും വികസനവും
3) വരുമാനവും സമ്പത്തും- ഇന്ത്യയും ലോകവും
4) പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹം
5) വികസനം = ജി.ഡി.പി ?
6) വികസനത്തിന്റെ വഴികള്‍
7) വികസനപാതയിലെ ഇന്ത്യയും ചൈനയും
8) ഭാവി ഭാരതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍












അദ്ധ്യായം - 1
വികസനത്തിന്റെ സാമ്പത്തികശാസ്ത്രങ്ങള്‍ -                   ഒരു താരതമ്യപഠനം
 സ്വതന്ത്ര ഭാരതത്തിന്റെ വികസനപദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്നും പ്രസക്തമായ ഒരു വിഷയമാണ് 'ഇന്‍ക്‌ളൂസീവ് ഗ്രോത്ത്' അഥവാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാക്കുന്ന വികസനം.
ആഡംസ്മിത്തും അദൃശ്യകരവും
 ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആഡംസ്മിത്ത് 1776-ല്‍ എഴുതിയ 'ദി വെല്‍ത്ത് ഓഫ് നേഷന്‍സ്്' (The Wealth of Nations) അനുസരിച്ച് മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്വന്തം നേട്ടത്തിന് ഒരു വ്യക്തി പ്രവര്‍ത്തിക്കുമ്പോള്‍, ആത്യന്തികമായി അത് സമൂഹത്തിന്റെ നന്മയില്‍ ഭവിക്കും. ഈ പ്രതിഭാസത്തെ അദ്ദേഹം 'അദൃശ്യകരം' എന്നു വിളിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗവണ്‍മെന്റുകള്‍ക്ക് പ്രധാനമായും മൂന്നു ഉത്തരവാദിത്തങ്ങളാണുള്ളത്. (1) വിദേശാക്രമണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക. (2) ഓരോ പൗരനും മറ്റ് പൗരന്‍മാരുടെ ആക്രമണത്തില്‍നിന്നും അന്യായത്തില്‍ നിന്നും സംരക്ഷണം നല്കുക. (3) പൊതുവായ കാര്യങ്ങള്‍, സൗകര്യങ്ങള്‍ നല്കുക.
 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്ധര്‍ ആരോ, ഡബ്‌റിയു എന്നിവര്‍ 1952-ല്‍ പ്രസിദ്ധീകരിച്ച പഠനഫലം അനുസരിച്ച് ആഡംസ്മിത്ത് വിഭാവനചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതി ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ വിജയിക്കുകയുള്ളൂ. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശിലയായ തെറ്റുകളും, കുറവുകളുമില്ലാത്ത മത്സരാധിഷ്ഠിതമായ കമ്പോളവ്യവസ്ഥിതി എപ്പോഴും പ്രായോഗികമല്ല. അനിശ്ചിതത്വങ്ങളും ബാഹ്യ ശക്തികളുടെ ഇടപെടലും മൂലം കമ്പോളം പരാജയപ്പെട്ടേക്കാം.
ജോണ്‍ മേനാര്‍ഡ് കെയ്ന്‍സ്
 1936-ല്‍ ജോണ്‍ മേനാര്‍ഡ് കെയ്ന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമായും വാദിച്ചത് കമ്പോളം പരാജയപ്പെടുമ്പോഴും സമ്പദ് വ്യവസ്ഥിതിയുടെ സുസ്ഥിരതയ്ക്കുവേണ്ടിയും സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ്. മുതലാളിത്ത സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ സൃഷ്ടികളാണ് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും. സാമ്പത്തിക മാന്ദ്യത്തിന്റെയും തൊഴിലില്ലായ്മയുടെയും അടിസ്ഥാന കാരണം അപര്യാപ്തമായ ഡിമാന്റ് ആണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാരുകള്‍ പദ്ധതികളില്‍ പണം ചെലവാക്കണം.  അതിന്റെ ഫലമായി ജനങ്ങള്‍ക്ക് വരുമാനവും തദ്വാര ഡിമാന്റും സൃഷ്ടിക്കപ്പെടും. നികുതി കുറയ്ക്കുന്നതുവഴി ജനങ്ങളുടെ പക്കല്‍ ചെലവാക്കാന്‍ കൂടുതല്‍ പണം ഉണ്ടാവുകയും, തദ്വാര ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചും സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയും പണപ്പെരുപ്പത്തെ നേരിടാവുന്നതാണ്.
 എഡ്മണ്ട് ഫെല്‍പ്‌സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ 'ഫിലിപ്പ്‌സ്‌കര്‍വി-'ലൂടെ തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്റെയും വിരുദ്ധ ദിശകളിലേക്കുള്ള സഞ്ചാരപഥം  തെളിയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കമ്മി ബഡ്ജറ്റ് വഴി കറന്‍സി അച്ചടിച്ച്  സര്‍ക്കാര്‍ പണം ചെലവാക്കുന്നതു കൊണ്ട് ഹ്രസ്വകാല പ്രയോജനമേ ഉണ്ടാകൂ എന്നാണ്. ദീര്‍ഘകാലത്തേയ്ക്ക്  അത് പ്രയോജനം ചെയ്യില്ല. സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് പ്രയോജനം കിട്ടണമെങ്കില്‍ കമ്മിബഡ്ജറ്റിനൊപ്പം വിലകള്‍ ഉയരാതിരിക്കണം. പണപ്പെരുപ്പ സാദ്ധ്യതയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകളും കമ്മിബഡ്ജറ്റിന്റെ വിജയസാദ്ധ്യതയെ ബാധിക്കും. പെട്ടെന്ന് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ പണം മുടക്കുകയാണെങ്കില്‍ മാത്രമേ കമ്മിബഡ്ജറ്റ് വഴിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ പ്രയോജനം ചെയ്യൂ.
മില്‍ട്ടന്‍ ഫ്‌റീഡ്മാന്‍
 കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയുടെ, പ്രധാനമായും പാശ്ചാത്യ ലോകത്തിന്റെ സാമ്പത്തിക നയങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച സാമ്പത്തിക വിദഗ്ധന്‍ മില്ട്ടന്‍ ഫ്രീഡ്മാന്റെ അഭിപ്രായത്തില്‍ അടിസ്ഥാനപ്രശ്‌നം സ്ഥിതി ചെയ്യുന്നത് നയരൂപീകരണത്തിലാണ്. പ്രത്യേകിച്ചും പണത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്കിന്റെ നയരൂപീകരണത്തില്‍. പണപ്പെരുപ്പമില്ലാത്ത വികസനം സാധ്യമാകണമെങ്കില്‍ ജി.ഡി.പി യുടെ വളര്‍ച്ചയ്‌ക്കൊപ്പം പണത്തിന്റെ വിതരണവും (ങീില്യ ടൗുുഹ്യ) വളരണം. സര്‍ക്കാര്‍ ചെലവുകള്‍, നികുതികള്‍ (എശരെമഹ ജീഹശര്യ), പണത്തിന്റെ വിതരണം (ങീിലമേൃ്യ ജീഹശര്യ) തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മനപൂര്‍വമായ ഇടപെടലുകള്‍ സമ്പദ്ഘടനയുടെ സുസ്ഥിരതയ്ക്ക് സഹായിക്കാമെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കാരണം സര്‍ക്കാരിന്റെ മനപൂര്‍വ്വമായ ഇടപെലുകള്‍ ബിസിനസിന്റെ സ്വാഭാവികമായ ചക്രദിശയെ ബാധിക്കും. പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, ഗുരുതരമാകാനും സാദ്ധ്യതയുണ്ട്. ബിസിനസിന്റെ, സമ്പദ്ഘടനയുടെ സ്വാഭാവിക ചലനങ്ങള്‍ക്ക് മാറ്റം വരുത്തുന്ന സര്‍ക്കാരിന്റെ ഇടപെടലുകള്‍ അഭികാമ്യമല്ലെന്നാണ് ഫ്രീഡ്മാന്‍ വാദിച്ചത്. സമ്പദ്ഘടനയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചു മനസ്സിലാക്കൂന്നതിലുള്ള പിഴവുകള്‍, നടപ്പിലാക്കുന്ന നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടുന്നതിനെടുക്കുന്ന കാലതാമസം ഇവയാണ് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍.
 ഉന്നതമായ ബൗദ്ധികനിലവാരം പുലര്‍ത്തുന്ന ഫ്രീഡ്മാന്റെ ഉപദേശം സ്വീകരിച്ച റീഗന്‍, താച്ചര്‍ സര്‍ക്കാരുകള്‍ പോലും അമേരിക്കയിലെയും ബ്രിട്ടനിലെയും സര്‍ക്കാര്‍ ചെലവുകളും നികുതിയും പലിശനിരക്കും സമ്പദ്ഘടനയുടെ ചലനങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാന്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്.
ജഗദീശ് ഭഗവതി
 ഇന്ത്യന്‍ വംശജരും വര്‍ത്തമാനകാലത്തെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ രുമായ ജഗദീശ് ഭഗവതി, നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍ എന്നിവര്‍ വികസനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള കാഴ്ചപ്പാടുകള്‍ പരിശോധിക്കാം.
 “അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കി വ്യാപാരങ്ങളും, വ്യവസായങ്ങളും തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള ആഭ്യന്തര വിലക്കുകള്‍ നീക്കുക, വിദേശമുതല്‍ മുടക്ക് രാജ്യത്തേക്ക് ആകര്‍ഷിക്കുക, പൊതു മേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ, വില്‍ക്കുകയോ ചെയ്യുക, സുസ്ഥിരമായ സാമ്പത്തിക നയങ്ങള്‍ (എശരെമഹ & ങീിലമേൃ്യ) പാലിക്കുക” എന്നിങ്ങനെ വികസനത്തെ സംബന്ധിച്ചുള്ള അടിസ്ഥാന മുന്‍കരുതലുകളിലേക്കാണ് ജഗദീശ് ഭഗവതി ലക്ഷ്യം വയ്ക്കുന്നത്.
അമര്‍ത്യസെന്‍
 സമ്പന്ന വര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും പുരോഗതിയിലേക്ക് കുതിച്ചു പായുമ്പോള്‍ വികസനത്തിന്റെ ഗുണഫലങ്ങള്‍ ദരിദ്രവിഭാഗത്തിന് അനുഭവവേദ്യമാകുന്നതിനും സാമ്പത്തിക അസമത്വം വര്‍ദ്ധിക്കാതിരി ക്കുന്നതിനുമായി ദരിദ്രവിഭാഗങ്ങളെ ശക്തിപ്പെടുത്തുക. ഈ ലക്ഷ്യത്തിലേക്കായി വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സ്ത്രീപുരുഷ സമത്വം, ഭൂപരിഷ്‌കരണം, മൈക്രോഫിനാന്‍സ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകുമ്പോള്‍ത്തന്നെ വ്യവസായരംഗത്തെ അമിതമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നാശത്തിലേക്കു നയിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അമര്‍ത്യസെന്‍ വാദിക്കുന്നു.






അദ്ധ്യായം - 2
ആഗോളവത്ക്കരണവും
വികസനവും

 വര്‍ത്തമാനകാല വികസനചര്‍ച്ചകളിലെ പ്രധാനവിഷയമാണ് ആഗോളവത്ക്കരണം. ആഗോളവത്ക്കരണത്തിന്റെ ഉപജ്ഞാതാക്കളായ പാശ്ചാത്യലോകം തന്നെ ഈ വിഷയത്തെ ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് അവരെ ഇതിലേക്കു നയിക്കുന്നത്.
1)  കുറഞ്ഞ ശമ്പളമുളള രാജ്യങ്ങളില്‍നിന്നുള്ള മത്സരം നേരിടാനാവാതെ സ്വന്തം രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നു.
2)  വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കാരണം സ്വന്തം രാജ്യത്ത് വര്‍ഗ്ഗപരമായും  സാംസ്‌കാരികമായും ന്യൂനപക്ഷങ്ങള്‍ക്കുണ്ടാകുന്ന വര്‍ദ്ധിച്ച സ്വാധീനം.
 ആത്യന്തികമായി ആഗോളവത്ക്കരണം മൂലം നഷ്ടം സംഭവിച്ചത് പാശ്ചാത്യ ലോകത്തെ ദരിദ്ര, ഇടത്തരം വിഭാഗങ്ങള്‍ക്കും പരാജയപ്പെട്ട മൂന്നാം ലോകരാജ്യങ്ങളിലെ മദ്ധ്യവര്‍ഗ്ഗത്തിനുമാണ്. മൂന്നാംലോകരാജ്യങ്ങളില്‍ ആഗോളവത്ക്കരണത്തിന്റെ ഫലമായി സമ്പന്ന വര്‍ഗ്ഗങ്ങളെ സഹായിക്കുന്ന സര്‍ക്കാരുകളുണ്ടായി.
 മുഖവിലക്കെടുത്താല്‍ ആഗോളവത്ക്കരണം സ്വാതന്ത്യത്തിനുവേണ്ടി നിലകൊള്ളുന്നു വെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കയിലെ തുറമുഖങ്ങളുടെ മാനേജ്‌മെന്റില്‍ നിന്നും ദുബായ് ഒഴിവാക്കപ്പെട്ടത്.
ആഫ്രിക്ക
 സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയില്‍ മനുഷ്യന്റെ ആയൂര്‍ദൈര്‍ഘ്യം യൂറോപ്പില്‍ ഇരുന്നൂറുവര്‍ഷം മുമ്പുണ്ടായിരുന്ന നിലയിലെത്തി. സിംബാബ്‌വേയില്‍ 1995-2003 കാലഘട്ടത്തില്‍ ആയൂര്‍ദൈര്‍ഘ്യം പതിനൊന്ന് വര്‍ഷം കുറഞ്ഞ് മുപ്പത്തിയൊന്‍പതിലെത്തി.
ലാറ്റിനമേരിക്ക
  1960 കള്‍ മുതല്‍ എണ്‍പതുകളുടെ പകുതിവരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളൊക്കെ പട്ടാള സ്വേഛാധിപതികളുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീടു വന്ന ജനാധിപത്യ സര്‍ക്കാരുകളാകട്ടെ അമേരിക്കയുടെ താളത്തിനൊത്തുതുള്ളുന്നവരും. പുത്തന്‍ സാമ്പത്തിക നയത്തിന്റെ പരീക്ഷണ ശാലകളായിരുന്നു ഈ രാജ്യങ്ങള്‍. സാമ്പത്തികനയങ്ങളോ, അവ നടപ്പിലാക്കിയ രീതികളോ -കാരണങ്ങള്‍ എന്തായാലും സമ്പന്ന-ദരിദ്ര വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം ലോകത്തേറ്റവും കൂടുതലുള്ളത് അവിടെയായിരുന്നു. ഒരു തിരിച്ചടി എന്ന പോലെ ലാറ്റിനമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇന്നു ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഓരോ രാജ്യത്തിന്റെയും പ്രത്യേകതകള്‍ക്കിണങ്ങുന്ന സാമൂഹിക സാമ്പത്തിക നയങ്ങളിലൂടെ ഈ രാജ്യങ്ങളിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.
  കഴിഞ്ഞ നാല്പത്തഞ്ച് വര്‍ഷങ്ങളായി അമേരിക്കയും സഖ്യരാഷ്ട്രങ്ങളും പിന്‍തുടര്‍ന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും അഭിമാനകരമായ വിജയം കൈവരിച്ച രാജ്യമാണ് ക്യൂബ. എല്ലാ പൗരന്മാര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കിയതിലൂടെ ഉയര്‍ന്ന സാക്ഷരതയും ഒപ്പം, ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രൊഫഷണലുകളുമായി. ഡോക്ടര്‍-രോഗി അനുപാതം ക്യൂബയില്‍ 1:170 ആണങ്കില്‍ അമേരിക്കയിലത്1:188 ആണ്. സാക്ഷരത, ശിശുമരണ നിരക്ക്, ആയൂര്‍ ദൈര്‍ഘ്യം ഈ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങളാണ് ക്യൂബയ്ക്കുള്ളത്.
സെനഗല്‍, വിയറ്റ്‌നാം, മെക്‌സിക്കൊ
  കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹാജ്ജൂന്‍ ചാംഗിന്റെ പഠനഫലമനുസരിച്ച് അന്താരാഷ്ട്രസമ്മര്‍ദ്ദത്തിനു വഴങ്ങി പക്വതയിലെത്തുന്നതിനു മുന്‍പ് ഉദാരവത്ക്കരണം നടപ്പിലാക്കിയ രാജ്യങ്ങളിലെ നിര്‍മ്മാണ വ്യവസായങ്ങള്‍ അന്താരാഷ്ട്ര മത്സരത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ തൂത്തെറിയപ്പെട്ടു എന്നാണ്. ഇതിനു മികച്ച ഉദാഹരണമാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍. വികസ്വരരാഷ്ട്രങ്ങളിലെ ലാഭത്തിലല്ലാത്ത വ്യവസായങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക വളര്‍ച്ചപ്രാപിച്ച രാജ്യങ്ങളൊക്കെത്തന്നെ അവരുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കനുസരിച്ച് നയങ്ങള്‍ രൂപീകരിച്ചവരാണ്. ആഭ്യന്തരപ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായനയങ്ങള്‍ പിന്‍തുടരുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വ്യാപാരത്തിലെ തടസ്സങ്ങള്‍ വികസനത്തിന്റെ വഴിമുടക്കുന്നു എന്ന വാദത്തിന് വളരെക്കുറച്ചു തെളിവുകളേ ഉള്ളൂ. 1994 വരെ അന്താരാഷ്ട്രരംഗത്ത് ഒരുപാട് വിലക്കുകള്‍ നേരിട്ടരാജ്യമാണ് വിയറ്റ്‌നാം. 1992- ല്‍ ഉദാരവത്ക്കരിച്ച രാജ്യമാണ്  മെക്‌സിക്കൊ. ഉദാരവത്ക്കരണശേഷം മെക്‌സിക്കൊയിലെ യഥാര്‍ത്ഥ വേതനം കുറയുകയും വാര്‍ഷിക ആളോഹരി വളര്‍ച്ച ഒരു ശതമാനത്തില്‍ താഴുകയും ചെയ്തപ്പോള്‍ കഴിഞ്ഞ രണ്ടു ദശകമായി ശരാശരി അഞ്ചു ശതമാനം വാര്‍ഷിക വളര്‍ച്ചയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ വലിയ പുരോഗതിയും നേടി വിയറ്റ്‌നാം.
ഇന്ത്യയും ചൈനയും
 ഇന്ത്യയും ചൈനയും ആഗോളവത്ക്കരണവുമായി നല്ലരീതിയില്‍ പൊരുത്തപ്പെട്ടുവെങ്കിലും ഇരു രാജ്യങ്ങളിലും അനവധി പൊരുത്ത ക്കേടുകളും ദൃശ്യമാണ്.
 നോബല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. ജോസഫ് സ്റ്റിഗ് ലിറ്റ്‌സിന്റെ അഭിപ്രായം ശ്രദ്ധേയമാണ്  “ആഗോളവത്ക്കരണം അതിന്റെ ഇന്നത്തെ രൂപത്തില്‍ സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണം കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. സാമ്പത്തിക ആഗോളവത്ക്കരണം രാഷ്ട്രീയ ആഗോളവത്ക്കരണത്തെ മാറ്റി നിര്‍ത്തിയതാണ് ഇതിനു പ്രധാനകാരണം. എല്ലാവരും വിജയിക്കുമെന്ന് സാമ്പത്തിക ശാസ്ത്രം ഒരിക്കലും പറഞ്ഞിട്ടില്ല. നേടുന്നവര്‍ക്ക് നഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കഴിയും. സമ്പന്ന രാഷ്ട്രങ്ങള്‍ ഈ സത്യം മനസ്സിലാക്കിയില്ല. മറ്റൊരു വലിയ പരാജയം ആഗോളവത്ക്കരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഭരണത്തിലെ ജനാധിപത്യമില്ലായ്മയാണ്. ആഗോളവത്ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഭൂരിപക്ഷത്തിനും അനുഭവവേദ്യമാക്കാനായി ഇന്ത്യ സാമൂഹ്യ സുരക്ഷിതത്വം, വിദ്യാഭ്യാസം, ഗ്രാമീണവികസനം എന്നീ മേഖലകളില്‍ ശ്രദ്ധിക്കണം”
ദാവീദും ഗോല്ല്യാത്തും
  ആഗോളവത്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍  'ബ്രിക്' രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുന്നത് ഉചിതമാണെന്ന് തോന്നുന്നു.
 2006-ലെ കണക്കനുസരിച്ച് 'ബ്രിക്' രാജ്യങ്ങളുടെ മൊത്തത്തിലുള്ള ജി.ഡി.പിയായ 5.6 ട്രില്ല്യന്‍ ഡോളര്‍ യുഎസിന്റെ ജി.ഡി.പി യുടെ 43 ശതമാനവും 13 അംഗ യൂറോപ്യന്‍യൂണിയന്‍ രാജ്യങ്ങളുടെ ജി.ഡി.പിയുടെ 56 ശതമാനവും ജപ്പാന്റെ ജി.ഡി.പിയുടെ 130 ശതമാനവുമായിരുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് 'ബ്രിക്' രാജ്യങ്ങളുടെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ മൊത്തം മൂല്യം എന്നു പറയുന്നത് ലോകമാര്‍ക്കറ്റിന്റെ 4.9 ശതമാനം മാത്രമാണെങ്കില്‍, അമേരിക്കന്‍ മാര്‍ക്കറ്റിന്റെ 12 ശതമാനവും യൂറോപ്പിന്റെ 16 ശതമാനവും ജപ്പാന്റെ 56 ശതമാനവും മാത്രമാണ്. ചൈനയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം ലോകമാര്‍ക്കറ്റിന്റെ1.9 ശതമാനത്തിലൊതുങ്ങുമെങ്കില്‍ യു.എസ് മാര്‍ക്കറ്റിന്റെ മൂല്യം ലോകമാര്‍ക്കറ്റിന്റെ 42 ശതമാനത്തോളം വരും.
 ആഗോളവത്ക്കരണത്തിന്റെ ഫലമായി കുറെ വികസ്വരരാഷ്ട്രങ്ങള്‍ നേട്ടങ്ങള്‍ കൊയ്തു. 2006- ലെ കണക്കനുസരിച്ച് ആഗോള വിദേശനാണ്യശേഖരത്തിന്റെ 66 ശതമാനവും പ്രധാനമായും ഏഷ്യയിലേതുള്‍പ്പെടെയുള്ള നവസാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കണക്കിലാണ്. ലോകസമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി നവസാമ്പത്തിക ശക്തികള്‍ വളര്‍ന്നോ? ഈ ചോദ്യത്തിനുത്തരം നല്‍കണമെങ്കില്‍ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നവസാമ്പത്തികശക്തികള്‍ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യത്തിനുത്തരം നല്‍കണം. ആഗോളവത്ക്കരണം കൊണ്ട് ആരു നേടി, ആര്‍ക്ക് നഷ്ടപ്പെട്ടു എന്നു ചരിത്രം തെളിയിക്കുന്നതു വരെ നമുക്ക് കാത്തിരിക്കാം.




അദ്ധ്യായം - 3
വരുമാനവും സമ്പത്തും -
ഇന്ത്യയും ലോകവും
 കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് (മേയ് അവസാനവാരം, 2007) പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യവസായികളെയും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയും അധികമായ വേതനത്തില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഉപഭോഗത്തില്‍നിന്നും പിന്‍തിരിയണമെന്ന് ഉപദേശിച്ചു. 'ഇന്‍ക്‌ളൂസീവ് ഗ്രോത്ത്' (പാവപ്പെട്ടവനെയും ഉള്‍പ്പെടു ത്തിയുള്ള വികസനം) എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കാനാണ്  പ്രധാനമന്ത്രിയെ അവര്‍ ക്ഷണിച്ചത്.  പ്രധാനമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങളില്‍ ഒരു വലിയ ചര്‍ച്ചയ്ക്കുതന്നെ വഴിതുറന്നു.  ഈ വിഷയത്തിന്റെ ആഴവും ഗൗരവവും മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയിലെ സി.ഇ.ഓ. ശമ്പളത്തെ മറ്റുരാജ്യങ്ങളിലെ ശമ്പളനിലവാരവുമായി ഒരു താരതമ്യപഠനത്തിനു വിധേയമാക്കണം.
ബ്രിട്ടനിലെ ശമ്പളം
 1979-ലെ കണക്കനുസരിച്ച് ബ്രിട്ടനിലെ കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ സാധാരണ തൊഴിലാളിയുടെ ശമ്പളത്തിന്റെ പത്തിരട്ടിശമ്പളം വാങ്ങിയെങ്കില്‍, 2004 ല്‍ ഇത് അന്‍പത്തിനാല് ഇരട്ടിയായ് വര്‍ദ്ധിച്ചു.  2006-07 ല്‍ അത് തൊണ്ണൂറ്റിയെട്ട് ഇരട്ടിയായ് വര്‍ദ്ധിച്ചുവെന്ന് 'ഗാര്‍ഡിയന്‍' പത്രം നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 'വര്‍ക്ക് ഫൗണ്ടേഷന്‍'നടത്തിയ ഒരു പഠനമനുസരിച്ച് കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഒരു കടങ്കഥയാണ്.  പലപ്പോഴും കമ്പനികളിലെ ഉന്നതങ്ങളിലിരിക്കുന്ന സമൂഹങ്ങളുടെ അവിഹിതമായ കൂട്ടുകെട്ട് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ ശമ്പളം ഉയര്‍ത്തുന്നതായാണ് കാണുന്നത്.
അമേരിക്കയിലെ ശമ്പളം
 'യുണൈറ്റഡ് ഫോര്‍ എ ഫെയര്‍ ഇക്കോണമി' എന്ന സംഘടനയുടെ പഠനമനുസരിച്ച് 1970 കളില്‍ അമേരിക്കയില്‍ ഒരു ശരാശരി ജോലിക്കാരന്റെ ശമ്പളത്തിന്റെ മുപ്പതിരട്ടിയായിരുന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിന്റെ ശമ്പളമെങ്കില്‍ 2006 ല്‍ അത് നാനൂറ്റിപതിനൊന്ന് ഇരട്ടിയായിവര്‍ദ്ധിച്ചു.  വലിയ ഒരു വിഭാഗം ഷെയര്‍ ഉടമകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി നിയമിതരായ ചെറിയവിഭാഗം ഡയറക്ടര്‍മാര്‍ അവരുടെ അധികാരം സ്വാര്‍ത്ഥലാഭത്തിനായി വിനിയോഗിച്ചതിന്റെ മികച്ച ഉദാഹരണം.  ഉയര്‍ന്ന വരുമാനമുള്ള ഒരു ശതമാനം അമേരിക്കക്കാര്‍ക്ക് രാജ്യത്തെ മൊത്തം വരുമാനത്തിലുള്ള വിഹിതം 1980 കളില്‍ ഒരു ശതമാനമായിരുന്നുവെങ്കില്‍, 2004 ല്‍ അത് പതിനാറ് ശതമാനമായി വര്‍ദ്ധിച്ചു.
ഇന്ത്യയിലെ സി.ഇ.ഓ ശമ്പളം
 ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചുകമ്പനികള്‍ എടുത്താല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ശരാശരി വാര്‍ഷിക ശമ്പളം 2006 ലെ കണക്കനുസരിച്ച് 13.5 കോടിരൂപയാണ്.  ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളിയുടെ ശമ്പളത്തിന്റെ 15,000 - 20,000 ഇരട്ടിവരും ഇത്.  ഒരു ഗ്രാമീണകര്‍ഷകന്റെ വരുമാനവുമായി താരതമ്യം ചെയ്താല്‍ ഇത് 32,000 ഇരട്ടിവരും. ഇന്ത്യന്‍ കമ്പനികളില്‍ ഓരോ കോടിരൂപ ലാഭത്തിനും 16800 രൂപ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുകിട്ടിയപ്പോള്‍, ഇതിന്റെ അന്താരാഷ്ട്രനിലവാരം 9900 രൂപയായിരുന്നു.
 'ഇന്‍ഫൊസിസി'ന്റെ മുന്‍കാല സി.ഇ.ഓ. നാരായണമൂര്‍ത്തി പല ആവര്‍ത്തി ഈ വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നു.  ഈ പ്രശ്‌നത്തിന് അദ്ദേഹം ഒരു പരിഹാരവും നിര്‍ദ്ദേശിച്ചു.  ഒരു കമ്പനിയിലെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന തൊഴിലാളിയുടെ ശമ്പളത്തിന്റെ 15-20 ഇരട്ടിയില്‍ക്കൂടുതല്‍ സി.ഇ.ഒ. ശമ്പളം വാങ്ങാന്‍ പാടില്ല.
 നോര്‍വെ, ഫിന്‍ലന്‍ഡ് മുതലായ രാജ്യങ്ങളില്‍ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് റിട്ടേണുകള്‍ക്ക് രഹസ്യസ്വഭാവമില്ല. പരസ്യമാണ്. ഈ സുതാര്യത നികുതിവെട്ടിപ്പ് തടയുന്നതിനും കമ്പനികളിലെ ഉന്നതപദവികളിലിരിക്കുന്നവര്‍ അനര്‍ഹമായി വളരെ ഉയര്‍ന്നശമ്പളം കൈപ്പറ്റുന്നതിനും തടയിടുന്നു.
സമ്പത്തിന്റെ വിതരണം - ആഗോള കണക്കുകള്‍
 'വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്' റിസര്‍ച്ച്  റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ആകെ സമ്പത്തിന്റെ 85% ത്തിന്റെ ഉടമസ്ഥത 10% സമ്പന്നവര്‍ഗ്ഗത്തിനാണെങ്കില്‍, ദരിദ്രരായ 50% ജനങ്ങളുടെ വിഹിതം 1% സമ്പത്ത് മാത്രമാണ്.  താഴെക്കിടയിലുള്ള 10% ല്‍പ്പെടുന്ന ഒരാളിന്റെ സമ്പത്തിന്റെ 3000 ഇരട്ടിയാണ് മുകളിലുള്ള 10% ല്‍പ്പെടുന്ന ഒരാളിന്റെ സമ്പത്ത്.  ആഗോള സമ്പത്തിന്റെ 34% വടക്കെഅമേരിക്ക, 30% യൂറോപ്പ്, 24% ഏഷ്യ-പസഫിക്ക്, 4% ലാറ്റിന്‍ അമേരിക്ക - കരീബിയ, 1% ആഫ്രിക്ക, 3% ചൈന, 1% ഇന്ത്യ എന്ന കണക്കിലാണ്.  പൗരന്റെ ശരാശരി സമ്പത്ത് അമേരിക്ക 1,44,000 ഡോളര്‍,  ജപ്പാന്‍ 1,81,000 ഡോളര്‍, യു.കെ. 1,27,000 ഡോളര്‍, ഡന്മാര്‍ക്ക് 70,000 ഡോളര്‍, ഇന്ത്യ 1100 ഡോളര്‍ എന്നീ ക്രമത്തിലാണ്.
ഇന്ത്യ ട്രില്ല്യന്‍ ഡോളര്‍ ക്ലബ്ബില്‍
 ജി.ഡി.പി. 41 ലക്ഷം കോടി രൂപ കവിഞ്ഞതോടെ ഇന്ത്യ ട്രില്ല്യന്‍ ഡോളര്‍ ക്ലബ്ബില്‍ അംഗമായി.  ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ കച്ചവടത്തിനായി വച്ചിരിക്കുന്ന ആകെ ഷെയറുകളുടെ മൂല്യവും ഇതേ നിലവാരത്തിലാണ്.  ഒരു കോടിയില്‍ക്കൂടുതല്‍ ആസ്തിയുള്ള 14765 ഷെയര്‍ ഉടമകള്‍ ഇന്ത്യയിലുണ്ട്. 2006 ലെ അവരുടെ ആകെ ആസ്തി 65,000 കോടി രൂപയാണ് (ഷെയര്‍ വിലയുടെ അടിസ്ഥാനത്തില്‍). ലോകത്ത് ഏറ്റവും സമ്പന്നരായ 100 ബില്ല്യനേഴ്‌സില്‍ (100 കോടിയില്‍ കൂടുതല്‍ ആസ്തിയുള്ളവര്‍) മുപ്പത്തിയേഴ് പേര്‍ ഇന്ത്യയില്‍ നിന്നാണ്.  ഇന്ത്യയിലെ 311 ബില്ല്യനേഴ്‌സിന്റെ ആകെ സ്വത്ത്് 3.64 ലക്ഷം കോടി രൂപയാണ്.  നാല്പത് ലക്ഷം രൂപയില്‍ക്കൂടുതല്‍ ആസ്തിയുള്ള 7.1 ലക്ഷം ഇന്ത്യക്കാരുണ്ട്.  ദശലക്ഷാധിപതികളുടെ എണ്ണം 12.8 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിക്കുന്നു.  2009ല്‍ ഇവരുടെ ആസ്തി പതിമൂന്ന് ലക്ഷം കോടിയിലെത്തും.
 നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്‌ളയിഡ് ഇക്കണോമിക് റിസര്‍ച്ചും എച്ച്.എസ്. ബി.സി. ബാങ്കും സംയുക്തമായ് ഇന്ത്യയിലെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരെക്കുറിച്ച്  (HNI - High Networth Individuals) നടത്തിയ ഒരു പഠനം അനുസരിച്ച് നാലരക്കോടി രൂപയും അതിനുമുകളിലും വാര്‍ഷിക വരുമാനം നേടുന്നവര്‍ ഇന്ത്യയില്‍ 2006ല്‍ 90 ലക്ഷം (ജനസംഖ്യുടെ 0.8 ശതമാനം) ആയിരുന്നുവെങ്കില്‍ 2010 ല്‍ അത് 200 ലക്ഷമായ് (1.7 ശതമാനം) ഉയരും.
 ഇനി നമ്മുടെ പൊതുമേഖലാ തൊഴിലാളികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വരുമാനം ഒരു താരതമ്യ വിശകലനത്തിനു വിധേയമാക്കാം.
പൊതുമേഖലാ ജീവനക്കാര്‍
  പൊതുമേഖലയിലുള്ള തൊഴിലാളികളുടെ ശരാശരി വേതനം 1971-72 കാലഘട്ടത്തില്‍നിന്നും 2005-06 ല്‍ എത്തിയപ്പോള്‍ 45 ഇരട്ടി വര്‍ദ്ധിച്ചു.  എന്നാല്‍ ഇന്ത്യയില്‍ ഇതേ കാലഘട്ടത്തില്‍ ഉപഭോക്തൃവില സൂചികയിലെ വര്‍ദ്ധന 1292 ശതമാനം അല്ലെങ്കില്‍ 12.9 ഇരട്ടി മാത്രമായിരുന്നു.  ഉപഭോക്തൃവില സൂചികയിലെ വര്‍ദ്ധനവിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇവരുടെ ശമ്പള വര്‍ദ്ധന.
സാധാരണ പൗരന്റെ വരുമാനവും സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളവും
  ലോക ബാങ്ക് നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് 1995-2000 കാലഘട്ടത്തില്‍ യു.കെ.യിലെ ഒരു സാധാരണ പൗരന്റെ ശരാശരി വാര്‍ഷിക വരുമാനമായ 13500 പൗണ്ടിന്റെ 1.4 ഇരട്ടിയായ 19000 പൗണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശരാശരി വാര്‍ഷിക വരുമാനം.  മറ്റ് രാജ്യങ്ങളിലെ അനുപാതം കൂടി പരിശോധിക്കാം.  ഇന്‍ഡൊനേഷ്യയില്‍ 1:00, ചൈനയില്‍ 1.2, യുഎസ്.എ. 1.4, തെക്കന്‍ കൊറിയ 1.5, അര്‍ജന്റീന 1.9, സിങ്കപ്പൂര്‍ 2.9, മലേഷ്യ 2.9, എന്നീ അനുപാതത്തില്‍ സാധാരണ പൗരന്റേതിനേക്കാള്‍ കൂടുതലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാര്‍ഷിക ശമ്പളം.  ഇന്ത്യയില്‍ ശരാശരി പൗരന്റെ വാര്‍ഷിക വരുമാനമായ 15,600 രൂപയുടെ 4.8 ഇരട്ടിയായ 75,000 രൂപയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാര്‍ഷിക വരുമാനം.
തൊഴിലും വരുമാനവും - ഇന്ത്യയും ലോകവും
  അന്താരാഷ്ട്ര ഏജന്‍സിയായ ഒ.ഇ.സി.ഡി.യുടെ 2006 ലെ പഠനമനുസരിച്ച് ഇന്ത്യ 11.3 ദശലക്ഷം തൊഴില്‍ ഒരു വര്‍ഷം പുതിയതായി സൃഷ്ടിച്ചപ്പോള്‍ ചൈന 7, ബ്രസീല്‍ 2.7, റഷ്യ 0.7 ദശലക്ഷം എന്നീ ക്രമത്തിലായിരുന്നു തൊഴില്‍ സൃഷ്ടിച്ചത്.  അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ ഇന്ത്യയില്‍ 92 ശതമാനമാണെങ്കില്‍ ചൈനയിലത് 53ഉം, ബ്രസീലില്‍ 44 ഉം ശതമാനം മാത്രമാണ്.
  അസംഘടിതമേഖലയെക്കുറിച്ചു പഠിക്കാന്‍ 2004-ല്‍ ഭാരതസര്‍ക്കാര്‍ നിയോഗിച്ച 'നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ്സ് ഇന്‍ ദി അണ്‍ ഓര്‍ഗണൈസ്ഡ് സെക്ടര്‍' സമര്‍പ്പിച്ച 2007 ലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ ആകെ പണിയെടുക്കുന്ന 45 കോടി ജനങ്ങളില്‍ 92 ശതമാനവും അസംഘടിതമേഖലയിലാണ് പണിയെടുക്കുന്നത്.  ഈ 92 ശതമാനത്തില്‍ 77 ശതമാനത്തിന്റെ ദൈനംദിന ചെലവ് ഇരുപത് രൂപയാണ്.  ഇരുപത് രൂപ മാത്രം ദിവസവരുമാനമുള്ളവരുടെ എണ്ണം 1999-2000 ത്തിലെ 81.1 കോടിയില്‍ നിന്നും, 83.6 കോടിയിലെത്തി 2004-05 ല്‍.  ആകെ 110 കോടിജനങ്ങളുള്ള ഇന്ത്യയിലെ 83.6 കോടി ജനങ്ങള്‍ക്ക് ദിവസവരുമാനം 20 രൂപയൊ അതില്‍ താഴെയൊ ആണെങ്കില്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ 2004-05 ല്‍ 22.2 ശതമാനമായി കുറഞ്ഞുവെന്ന സര്‍ക്കാരിന്റെ അവകാശവാദം എത്ര പൊള്ളയാണ്!
  വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ക്കൊപ്പം ഉയര്‍ന്ന തസ്തികയിലും, താഴ്ന്ന തസ്തികയിലു മുള്ളവരുടെ ശമ്പളനിലവാരത്തിലെ അന്തരവും കഴിഞ്ഞ ദശകത്തില്‍ വര്‍ദ്ധിച്ചു, പ്രത്യേകിച്ച് ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍.  മാനുഫാക്ചറിംഗ് മേഖലയിലെ 1990 ലെ അടിസ്ഥാന ശമ്പളം 100 ആയി എടുത്താല്‍ 2005 ലത് ബ്രസീലില്‍ 130 ഉം, റഷ്യയില്‍ 190 ഉം, ചൈനയില്‍ 290 ഉം ആയി വര്‍ദ്ധിച്ചുവെങ്കില്‍ ഇന്ത്യയിലത് 90 ആയി ചുരുങ്ങി.  തൊഴിലില്ലായ്മ നിലവാരവും 2000-2005 കാലഘട്ടത്തില്‍ ചൈനയില്‍ 6% ല്‍ നിന്നും 5% ഉം, റഷ്യയില്‍ 10 ല്‍ നിന്നും 8ഉം, ബ്രസീലില്‍ 10 ല്‍ നിന്നും 9ഉം ശതമാനത്തിലെത്തിയെങ്കില്‍ ഇന്ത്യയില്‍ അത് മാറ്റമില്ലാതെ 4% ല്‍ തുടരുന്നു.
 ആത്യന്തികമായി ഇന്ത്യയുടെ വികസനത്തിന്റെ ഗുണഫലങ്ങള്‍ ഒരു ന്യൂനപക്ഷത്തി ലൊതുങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.  92% വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത, മിനിമം വേതനം, ബോണസ്, പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, വാരാന്ത്യ അവധി, മറ്റ് അവധി തുടങ്ങിയ ആനുകൂല്യങ്ങളില്ല.  നഗരങ്ങളിലെ ജി.ഡി.പി.യുടെ 45% സംഭാവന ചെയ്യുന്നത് അസംഘടിത വിഭാഗം തൊഴിലാളികളാണ്. അവരുടെ ഉല്പാദനക്ഷമത, വരുമാനം ഇവയില്‍ ശ്രദ്ധിച്ച് അവരെ ദാരിദ്ര്യത്തില്‍നിന്നും കരകയറ്റാം. 
ഇന്ത്യയുടെ യഥാര്‍ത്ഥമുഖം
 സമ്പത്തിന്റെയും വരുമാനത്തിന്റെയും കുളിരുകോരുന്ന കണക്കുകള്‍ക്കൊപ്പം, 'ഇന്‍ക്‌ളൂസീവ് ഗ്രോത്തില്‍' മന്‍മോഹന്‍ജി വ്യവസായികളൊട് പറയേണ്ടിയിരുന്ന കുറച്ചു കണക്കുകള്‍കൂടി പറയാം.  നൂറ്റിപത്ത് കോടി ഇന്ത്യക്കാരില്‍ പത്തു ലക്ഷം അതിസമ്പന്നരെക്കൂടാതെ രണ്ട്-മൂന്ന് ലക്ഷം വാര്‍ഷിക വരുമാനമുള്ള 20-25 കോടി ഇടത്തരക്കാരുണ്ട്. ബാക്കി 85-90 കോടി ജനങ്ങളില്‍ 40 കോടിക്ക് 40 രൂപയില്‍ത്താഴെയാണ് ദിവസവരുമാനം. (സര്‍ക്കാര്‍ കണക്കനുസരിച്ച് ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍) പ്രായപൂര്‍ത്തിയായവരില്‍ ഏറ്റവും ചുരുങ്ങിയത് 39% നിരക്ഷരര്‍. അടിസ്ഥാന വിദ്യാഭ്യാസം ജന്മാവകാശമെന്നു ഭരണഘടന പറയുന്നുവെങ്കിലും 10% ആണ്‍കുട്ടികളും, 25% പെണ്‍കുട്ടികളും (70 ദശലക്ഷം) പ്രൈമറി സ്‌കൂളില്‍പോലും പോകുന്നില്ല. ലോകത്താകെയുള്ള 38 കോടി പട്ടിണിക്കാരില്‍ പകുതിയും ഇന്ത്യയിലാണ്.  ലോകത്താകെയുള്ള 854 ദശലക്ഷം പോഷകാഹാരക്കുറവുള്ളവരില്‍ 214 ദശലക്ഷവും ഇന്ത്യയിലാണ്.  ലോകത്താകെയുള്ള പോഷകാഹാരക്കുറവുള്ള 146 ദശലക്ഷം  കുട്ടികളില്‍ 57 ദശലക്ഷവും ഇന്ത്യയിലാണ് (ഇന്ത്യയിലെ 49% കുട്ടികള്‍). 23% കുട്ടികള്‍ക്ക് ജന്മനാതന്നെ ആവശ്യത്തിനുള്ള തൂക്കം ഇല്ല.  1000 ല്‍ 68 കുട്ടികള്‍ ഒരു വയസ്സിനുമുന്‍പ് മരിക്കുന്നു. വളരെലളിതമായ മരുന്നുകളാല്‍ സുഖപ്പെടുത്താവുന്ന രോഗങ്ങളാല്‍ രണ്ട് ദശലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും മരിക്കുന്നു.  10% ജനത്തിന് ആരോഗ്യരക്ഷക്കുള്ള ഒരു സംവിധാനവുമില്ല. 20% ജനങ്ങള്‍ പണമില്ലാത്തതിനാല്‍ വൈദ്യസഹായം തേടാറില്ല.  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വന്‍കിട മരുന്നുനിര്‍മ്മാണ വ്യവസായം ഇന്ത്യക്കുണ്ടെങ്കിലും അത്യാവശ്യമരുന്നുകള്‍ സ്ഥിരമായി കിട്ടാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ലോകത്തേറ്റവും കൂടുതല്‍ ഇന്ത്യയിലാണ്, 649 ദശലക്ഷം!  2001 ലെ സെന്‍സസ് പ്രകാരം പത്തില്‍ ആറു ഭവനങ്ങളിലും കുടിവെള്ളമെത്തുന്നില്ല, 81% വീടുകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ടോയ്‌ലറ്റ് സൗകര്യമില്ല.  ഗ്രാമീണഭവനങ്ങളില്‍ രണ്ടില്‍ ഒന്നിന് വൈദ്യുതിയില്ല.  പത്തില്‍ ഏഴു ഭവനങ്ങളും പാചകത്തിനായി വിറകൊ, ചാണകമൊ ഉപയോഗിക്കുന്നു. 
 വര്‍ത്തമാനകാല ഇന്ത്യയിലെ നഗരവാസികളില്‍ മുപ്പത്-നാല്പത് ശതമാനം ചേരികളിലാണ് പാര്‍ക്കുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇവരില്‍ 62 ശതമാനത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളില്ല, 25 ശതമാനത്തിന് വെള്ളവുമില്ല.  2007 ലെ ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക് റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 40 ദശലക്ഷം ഭവനങ്ങളുടെ കുറവുണ്ട്.  ചുരുങ്ങിയ തോതില്‍ നോക്കിയാലും 20 കോടി ആളുകള്‍ ഭവനരഹിതരാണ്. ബാലവേലചെയ്യുന്ന കുട്ടികള്‍ ലോകത്തേറ്റവും കൂടുതല്‍ ഇന്ത്യയിലാണ് - ആകെയുള്ള 218 ദശലക്ഷത്തില്‍ 115 ദശലക്ഷവും. മനുഷ്യപുരോഗതിയെ അളക്കുന്ന ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഇരുപത്താറാമത്തേതാണ്.  ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ത്യയില്‍
 ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 1981 ലെ 15.484 ദശലക്ഷത്തില്‍നിന്നും 2001 ല്‍ 19.138 ദശലക്ഷത്തിലെത്തി. 2007 ലെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം നാല് ദശലക്ഷം കവിയും. 95 ശതമാനം ജീവനക്കാരും ക്ലാര്‍ക്ക്, അസിസ്റ്റന്റ്, പ്യൂണ്‍ വിഭാഗത്തില്‍പ്പെടും.
 ലോകബാങ്കിന്റെ ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള ബാദ്ധ്യത വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു എന്നാണ്.  ഉദാഹരണത്തിന് പല സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പില്‍ മൊത്തം ചെലവിന്റെ 60 മുതല്‍ 90 ശതമാനം വരെ ജീവനക്കാരുടെ ശമ്പളത്തിനായി ചെലവാക്കുന്നു. 
 അഞ്ചാം ശമ്പളക്കമ്മിഷന്‍ ശമ്പളവര്‍ദ്ധനവിനൊപ്പം പത്ത് വര്‍ഷംകൊണ്ട് മുപ്പതു ശതമാനം ജോലിക്കാരെ കുറയ്ക്കാനും നിര്‍ദ്ദേശിച്ചു.  കൂടാതെ കീഴ്ജീവനക്കാര്‍തൊട്ട് മേല്‍ജീവനക്കാര്‍ വരെയുള്ള ആറ് തലങ്ങള്‍ വെട്ടിക്കുറച്ച് രണ്ടായികുറയ്ക്കാനും ഡസ്‌ക് ഓഫീസറിനു താഴെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എന്ന തസ്തികമാത്രം മതി എന്നും നിര്‍ദ്ദേശിച്ചു.  ഉല്പാദനക്ഷമത വര്‍ദ്ധിപ്പി ക്കുവാനായി അവധി ദിവസങ്ങള്‍ കുറയ്ക്കുവാനും സെക്രട്ടറിമാരുടെ എണ്ണം തൊണ്ണൂറില്‍ നിന്നും മുപ്പതായി കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.
 അധിക ജീവനക്കാരുള്ള സര്‍ക്കാര്‍ സര്‍വ്വീസ്, നികുതിദായകന്റെ പണം പാഴാക്കുന്നതി ലുപരി തീരുമാനങ്ങള്‍ വൈകിക്കുന്നതിലൂടെയും ഉത്തരവാദിത്വമില്ലായ്മയിലൂടെയും പാവപ്പെട്ടവനും ഒരു ബാദ്ധ്യതയാണ്.  ഭരണപരിഷ്‌കാരമെന്ന നിലയില്‍ ചൈനയില്‍ സൂറോണ്‍ജി ഇരുപത് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് വെട്ടിക്കുറച്ചത്!






 അദ്ധ്യായം - 4
പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹം
 നോബല്‍ സമ്മാനംകിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സിന്റെ അഭിപ്രായത്തില്‍ രാഷ്ട്രങ്ങള്‍ ജനാധിപത്യപരവും നിലനില്‍ക്കുന്നതും തുല്യതയിലധിഷ്ഠിതവുമായ വികസന സ്വപ്നങ്ങളായിരിക്കണം താലോലിക്കേണ്ടത്.  ഇന്ത്യയുടെ വികസന യാത്രയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ചു ചിന്തിക്കുന്നത് സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനു സഹായിക്കും.
ദാരിദ്ര്യത്തിന്റെ നിര്‍വ്വചനങ്ങള്‍
 അടുത്ത കാലംവരെയും ദാരിദ്ര്യത്തിന്റെ നിര്‍വ്വചനം വളരെ സങ്കുചിതമായിരുന്നു.  ഗ്രാമങ്ങളില്‍ 2400 ഉം, പട്ടണങ്ങളില്‍ 2100 ഉം കലോറി ഭക്ഷണം വാങ്ങാന്‍ കഴിവുള്ള കുടുംബാംഗങ്ങളൊക്കെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്നു.2005 ഡിസംബറിലെ സര്‍ക്കാര്‍ കണക്കനുസരിച്ച് ഗ്രാമങ്ങളില്‍ 368 രൂപയും പട്ടണങ്ങളില്‍ 559 രൂപയും ഒരു മാസം ചെലവാക്കിയവരൊക്കെ ദാരിദ്ര്യരേഖയ്ക്കു മുകളിലാണ്. ഈ നിലവാരമനുസരിച്ചുതന്നെ ഇരുപത്തിയാറ് ശതമാനം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഒരു ദിവസം ഒരു ഡോളറില്‍ (40 രൂപ) താഴെ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.  അങ്ങനെ നോക്കുമ്പോള്‍ 36 ശതമാനം ജനങ്ങള്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
 ദാരിദ്ര്യത്തിന്റെ നിര്‍വ്വചനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ പതിമൂന്ന് അളവുകോലുകള്‍ നിശ്ചയിച്ചു :
 1)  ഭൂമിയുടെ ഉടമസ്ഥാവകാശം 2) ഏതുതരത്തിലുള്ള ഭവനം  3) വസ്ത്രം  4) ഭക്ഷ്യസുരക്ഷ  5) ശുചിത്വം 6) സാധനങ്ങള്‍ വിലയ്ക്കു വാങ്ങുവാനുള്ള കഴിവ്  7) സാക്ഷരത  8) കുടുംബാംഗങ്ങളുടെ കുറഞ്ഞ ശമ്പളം  9) ജീവിക്കുവാനുള്ള വരുമാനമാര്‍ഗ്ഗം  10)  കുട്ടികളുടെ വിദ്യാഭ്യാസം   11) കടബാധ്യത   12) കുടിയേറ്റം   13) സഹായത്തിനുള്ള മുന്‍ഗണന.
ഇന്ത്യയുടെ നിശ്ശബ്ദമായ അടിയന്തിരാവസ്ഥ
 2006 ലെ 'വേള്‍ഡ് ഹംഗര്‍ സീരീസ് റിപ്പോര്‍ട്ട്' അടിവരയിടുന്നത് ഇന്ത്യയുടെ നിശ്ശബ്ദമായ അടിയന്തിരാവസ്ഥയെക്കുറിച്ചാണ്.  1943-ലെ ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചതിനേക്കാള്‍ക്കൂടുതല്‍ ജനം ഓരോവര്‍ഷവും ഇന്ത്യയില്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പ്രകാരം ഗ്രാമീണ ഭാരതത്തില്‍ ശരാശരി ആളോഹരി ഭക്ഷണ ഉപഭോഗം 72-73 ലെ 2266 കലോറിയില്‍ നിന്നും 93-94 ല്‍ 2183 ഉം, 2000-01 ല്‍ 2149 ഉം കലോറിയായി ചുരുങ്ങി. ഗ്രാമങ്ങളിലെതന്നെ ഏറ്റവും താഴെക്കിട യിലുള്ള 30 ശതമാനത്തെ സംബന്ധിച്ചിടത്തോളം 1989 ലെ 1830 ല്‍ നിന്നും 1998 ല്‍ 1600 കലോറിയായി ചുരുങ്ങി.  എഴുപതുകളില്‍ ഇന്ത്യ ആര്‍ജ്ജിച്ച ഭക്ഷ്യസ്വയംപര്യാപ്തത ഭക്ഷ്യസുരക്ഷയിലേക്കു നയിച്ചില്ല.  ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 'വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ' (ണ.എ.ജ) പഠനമനുസരിച്ച് ഇന്ത്യയില്‍ അഞ്ചിലൊരാള്‍ പ്രത്യക്ഷമായൊ, പരോക്ഷമായൊ പട്ടിണിയിലാണ്.  ഭക്ഷ്യസ്വയം പര്യാപ്തത ഭക്ഷ്യസുരക്ഷയിലേക്കു നയിക്കാത്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ.  ഇന്റര്‍നാഷണല്‍ ഫുഡ്‌പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കഎജഞക) പ്രസിദ്ധീകരിച്ച 2007 ലെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് പ്രകാരം 118 രാജ്യങ്ങളുടെ പട്ടികയില്‍ 47-ാം സ്ഥാനമുള്ള ചൈനയെക്കാളും 88-ാം സ്ഥാനമുള്ള പാകിസ്ഥാനേക്കാളും പിന്നിലായി 94-ാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നത്.
 ലോകത്താകെയുള്ള 854 ദശലക്ഷം പോഷകാഹാരക്കുറവുള്ളവരില്‍ 214 ദശലക്ഷം ഇന്ത്യയിലാണ്.  പോഷകാഹാരക്കുറവുള്ള 146 ദശലക്ഷം കുട്ടികള്‍ ലോകത്തുണ്ടെങ്കില്‍, അതില്‍ 57 ദശലക്ഷവും ഇന്ത്യയിലാണ് (ഇന്ത്യയിലെ 49% കുട്ടികള്‍).
ഇന്ത്യ-കുട്ടികള്‍ക്കേറ്റവും അപകടംപിടിച്ച രാജ്യം
  2005 ലെ കണക്കനുസരിച്ച് ഡല്‍ഹിനഗരത്തില്‍ പൂര്‍ണ്ണമായും തെരുവില്‍ ജീവിക്കുന്ന 40,000 കുട്ടികളുണ്ട്. തെരുവില്‍ പണിയെടുക്കുകയും വീടുകളിലൊ, കടകളിലൊ അന്തിയുറങ്ങുന്നവരെ ക്കൂടി കൂട്ടിയാല്‍ ഡല്‍ഹി നഗരത്തിലെ തെരുവിലെ കുട്ടികളുടെ എണ്ണം നാലു ലക്ഷമാകും. റോയിട്ടേഴ് സിന്റെ ഉടമസ്ഥതയിലുള്ള 'റോയിട്ടേഴ്‌സ് അലര്‍ട്ട് നെറ്റ്' എന്ന വാര്‍ത്താധിഷ്ഠിത പോര്‍ട്ടല്‍ 2005 ല്‍ നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് ലോകത്ത് കുട്ടികള്‍ക്ക് ഏറ്റവും അപകടംപിടിച്ച പത്ത് രാജ്യങ്ങള്‍ എടുത്താല്‍ അതില്‍ ആറാം സ്ഥാനം ഇന്ത്യക്കാണ്.  അതിന്റെ കാരണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടിയതിവയാണ്.
1) ഇന്ത്യ - ലോകത്തേറ്റവും വലിയ ജനാധിപത്യരാഷ്ട്രം, ഭക്ഷ്യോല്‍പ്പാദനത്തില്‍ ലോകത്ത് 3-ാം സ്ഥാനം, രാജ്യസുരക്ഷയ്ക്കു പണം ചെലവാക്കുന്നതില്‍ അമേരിക്കയ്ക്കും, ചൈനയ്ക്കും ശേഷമുള്ള മൂന്നാംസ്ഥാനം. ഇങ്ങനെയുള്ള ഇന്ത്യ സ്വന്തം കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയമാണ്. ലോകത്താകെയുള്ള മുപ്പത്തിയെട്ടു കോടി പട്ടിണിക്കാരില്‍ പകുതിയും ഇന്ത്യയിലാണ്. അഞ്ച് വയസ്സില്‍താഴെയുള്ള മൊത്തം കുട്ടികളില്‍ പകുതിയില്‍ കൂടുതലും പോഷകാഹാരക്കുറവുള്ളവരാണ്. ബാലവേല ചെയ്യുന്ന കുട്ടികള്‍ ലോകത്തേറ്റവും കൂടുതല്‍ (ആകെയുള്ള 218 ദശലക്ഷത്തില്‍ 115 ദശലക്ഷവും) ഇന്ത്യയിലാണ്.
2)  ആയിരക്കണക്കിനു പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് കൊല്ലപ്പെടുന്നു.
3)  കുടുംബങ്ങളിലെ ദാരിദ്ര്യത്തിന്റെ തിക്തഫലങ്ങള്‍ കൂടുതലും അനുഭവിക്കുന്നത്  കുട്ടികളാണ്.
അപര്യാപ്തമായ ജീവിത സൗകര്യങ്ങള്‍
 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ അവസ്ഥകള്‍ ഒന്നു പരിശോധിക്കാം.
1)   പത്തില്‍ ആറുഭവനങ്ങളിലും കുടിവെള്ളമെത്തുന്നില്ല.
2) 81% ഭവനങ്ങള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യമില്ല.
3)   ഗ്രാമീണ ഭവനങ്ങളില്‍ രണ്ടില്‍ ഒന്നിന് വൈദ്യുതിയില്ല.
4)  പത്തില്‍ ഏഴുഭവനങ്ങളും പാചകത്തിനായി വിറകൊ, ചാണകമൊ ഉപയോഗിക്കുന്നു.
 വീടുകളില്‍ കുടിവെള്ളവും മെച്ചപ്പെട്ട പാചക ഇന്ധനവും നല്‍കുക വഴി പത്ത് കോടിയിലധികം സ്ത്രീകള്‍ക്ക് വീട്ടുജോലിക്കായി ചെലവാക്കേണ്ടുന്ന സമയത്തില്‍ ചുരുങ്ങിയത് ദിവസവും രണ്ട് മണിക്കൂര്‍ വീതമെങ്കിലും ലാഭിക്കാം.  ഇത് മറ്റൊരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ സംഘടിത മേഖലയില്‍ ആകെ പണിയെടുക്കുന്ന രണ്ട് കോടി തൊഴിലാളികള്‍ (ഇന്ത്യയില്‍ ആകെ തൊഴിലെടുക്കുന്നവരുടെ 5%) ആകെ ജോലി ചെയ്യുന്ന സമയത്തേക്കാള്‍ കൂടുതലായിരിക്കും ലാഭിക്കുന്ന സമയം.
ആരോഗ്യവിഷയത്തിലെ അനാരോഗ്യക്കണക്കുകള്‍
 ലോകാരോഗ്യസംഘടനയുടെ 'വേള്‍ഡ് മെഡിസിന്‍ സിറ്റ്വേഷന്‍ റിപ്പോര്‍ട്ട'നുസരിച്ച് വന്‍കിട മരുന്നുനിര്‍മ്മാണ വ്യവസായം ഇന്ത്യയ്ക്കുണ്ടെങ്കിലും അത്യാവശ്യമരുന്നുകള്‍ സ്ഥിരമായി കിട്ടാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ലോകത്തേറ്റവും കൂടുതല്‍ ഇന്ത്യയിലാണ് - 649 ദശലക്ഷം. ജനങ്ങളില്‍ 10% ന് ആരോഗ്യരക്ഷക്കുള്ള ഒരു സംവിധാനവും ഇല്ല.  20% ജനം പണം ഇല്ലാത്തതിനാല്‍ വൈദ്യസഹായം തേടാറില്ല.
 ഇരുപത്തിമൂന്ന് ശതമാനം കുട്ടികള്‍ക്ക് ജന്മനാതന്നെ ആവശ്യത്തിനുള്ള തൂക്കം ഇല്ല.  1000ല്‍ 68 കുട്ടികള്‍ ഒരു വയസ്സിനു മുന്‍പ് മരിക്കുന്നു. ഒരു വര്‍ഷം 1,36,000 അമ്മമാരും 24 ലക്ഷം കുട്ടികളും ഇന്ത്യയില്‍ മരിക്കുന്നു. ലോകത്താകെ സംഭവിക്കുന്നതിന്റെ അഞ്ചിലൊന്ന്! രാജ്യത്തെ രോഗങ്ങളുടെ പകുതിയും പകര്‍ച്ചവ്യാധികളാണ്. ലോകത്തേറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഇന്ത്യയിലാണ്.  ഓരോവര്‍ഷവും പതിനെട്ട് ലക്ഷം പുതിയരോഗികള്‍, നാല് ലക്ഷം മരണം. ഇന്ത്യയിലെ ആറര ലക്ഷം ഡോക്ടര്‍മാരില്‍ 70% ഉം ആറ് ലക്ഷം ആശുപത്രി കിടക്കകളില്‍ 80% ഉം നഗരങ്ങളിലും പട്ടണങ്ങളിലുമാണ്.
ഭവനരാഹിത്യം, നിരക്ഷരത
 2007 തുടക്കത്തിലെ കണക്കനുസരിച്ച് നഗരങ്ങളിലും, പട്ടണങ്ങളിലുമായി ഇരുപത്തിനാല് ദശലക്ഷം വീടുകളുടെ കുറവുണ്ട്.  2012 ല്‍ ഇത് ഇരുപത്തിയാറ് ദശലക്ഷമാകും. ഇന്ത്യമുഴുവന്‍ എടുത്താല്‍ ഏകദേശം നാലു കോടി വീടുകളുടെ കുറവുണ്ട്.  ഇന്ത്യയിലെ 25 കോടി വീടുകളില്‍ 55% വീടുകളിലും ചെളികൊണ്ടുള്ളതറയാണ്.  28% വീടുകളില്‍ സിമന്റ് തറയും.  80% ഭവനങ്ങളിലും സാനിട്ടേഷന്‍ സൗകര്യമില്ലാത്തതിനാല്‍ 80% ജനങ്ങള്‍ അതിന്റെ അഭാവംമൂലം ഉണ്ടാകുന്ന അന്‍പതില്‍പ്പരം രോഗങ്ങളാല്‍ കഷ്ടപ്പെടുന്നു.
 പ്രായപൂര്‍ത്തിയായവരില്‍ 39% ഉം നിരക്ഷരര്‍.  ലോകത്തേറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യമാണ് ഇന്ത്യ.  ആകെ ജനസംഖ്യയില്‍ 55% ഉം എട്ടാം ക്ലാസ്സ് ജയിക്കാത്തവര്‍.  10% ആണ്‍കുട്ടികളും, 25% പെണ്‍കുട്ടികളും (70 ദശലക്ഷം) പ്രൈമറി സ്‌കൂളില്‍പ്പോലും പോകുന്നില്ല.
സാമ്പത്തിക സഹായനിഷേധം
 2005 മാര്‍ച്ചിലെ കണക്കനുസരിച്ച് 70324 ബാങ്ക് ബ്രാഞ്ചുകള്‍ ഇന്ത്യയിലുള്ളതില്‍ 32115 ബ്രാഞ്ചുകള്‍ ഗ്രാമങ്ങളിലും, 38209 എണ്ണം പട്ടണങ്ങളിലും പ്രവര്‍ത്തിക്കുന്നു.  16,000 പേര്‍ക്ക് ഒരു ബ്രാഞ്ച് ആണ് ഇന്ത്യന്‍ ശരാശരി.  ഗ്രാമീണമേഖലയില്‍ 30% ആളുകള്‍ക്കുമാത്രമാണ് ബാങ്ക് അക്കൗണ്ട്.  ബാങ്കുകളുടെ ആകെ വായ്പയുടെ 9.2% മാത്രമാണ് ഗ്രാമീണര്‍ക്കു കിട്ടുന്നത്.  നഗര-പട്ടണവാസികള്‍ക്ക് ശരാശരി 70000 രൂപ ബാങ്ക് ലോണ്‍ കിട്ടുമ്പോള്‍, ഗ്രാമീണര്‍ക്ക് 2500 രൂപ മാത്രമാണ് കിട്ടുന്നത്. ആകെയുള്ള കര്‍ഷകരില്‍ 27% ന് മാത്രമാണ് ഔദ്യോഗികസ്ഥാപനങ്ങളില്‍ നിന്ന് കടം കിട്ടുന്നത്.  22% ന് അനൗദ്യോഗിക മാര്‍ഗ്ഗങ്ങളില്‍നിന്നും.  51% ന് എങ്ങുനിന്നും കടം കിട്ടുന്നില്ല. ബാങ്കുകളെ സംബന്ധിച്ചിട ത്തോളം പാവപ്പെട്ടവര്‍ക്ക് കടം കൊടുക്കുന്നത് ചെലവുള്ള ഏര്‍പ്പാടാണ്.10,000 മുതല്‍ 25,000 രൂപവരെയുള്ള ലോണുകള്‍ക്ക് 20% ആണ് ട്രാന്‍സാക്ഷന്‍ കോസ്റ്റ്!
കര്‍ഷക ആത്മഹത്യ
 സര്‍ക്കാര്‍ കണക്കനുസരിച്ച് ആന്ധ്ര, കര്‍ണ്ണാടകം, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 2001-06 കാലഘട്ടത്തില്‍ 9000 കര്‍ഷകര്‍ ആത്മഹത്യചെയ്തു.  കേരളത്തില്‍ മാത്രം 1500 ഉം. ആകെയുള്ള 700 ജില്ലകളില്‍ 170 ഉം തീരെ വികസനം കടന്നുചെല്ലാത്തതാണ്. ഇതില്‍ 70% ഉം കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.  രാജ്യത്തെ 700 ജില്ലകളില്‍ 120 നും 160നു ഇടക്കു ജില്ലകള്‍ നക്‌സല്‍ ഭീഷണി നേരിടുന്നു.  നക്‌സല്‍ ഭീഷണി ഒരു ക്രമസമാധാനപ്രശ്‌നം മാത്രമാണോ? സാമൂഹ്യപ്രശ്‌നങ്ങളുടെ ബഹിര്‍സ്ഫുരണമല്ലെ? സാമൂഹ്യശാസ്ത്രജ്ഞര്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തണം.
 ഇന്ത്യയിലെ സാധാരണ കര്‍ഷക കുടുംബത്തിലെ ആളോഹരി മാസച്ചെലവ് 2003 ല്‍ അഞ്ഞൂറ്റിമൂന്ന് രൂപയായിരുന്നു. ഇതില്‍ 55% ഉം ഭക്ഷണത്തിനായിരുന്നു.  18% വസ്ത്രം, പാദരക്ഷ, ഇന്ധനം മുതലായവയ്ക്കും. വിദ്യാഭ്യാസത്തിനായി ആളോഹരി പ്രതിമാസച്ചെലവ് പതിനേഴ് രൂപയാണെങ്കില്‍, ആരോഗ്യത്തിനായി മുപ്പത്തിനാല് രൂപ ചെലവാക്കി.  ഭക്ഷണത്തിനായി ആകെ വരുമാനത്തിന്റെ അന്‍പത്തഞ്ചു ശതമാനം ചെലവാക്കിയിട്ടും സ്വന്തം ആവശ്യത്തിനും മക്കള്‍ക്കും പോഷകാഹാരം നല്‍കാനാവാത്ത അവസ്ഥ! മൂന്നില്‍ രണ്ട് ജനങ്ങളുടെ വരുമാനമാര്‍ഗ്ഗമായ കാര്‍ഷികരംഗം 1.84 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമ്പോള്‍, മൂന്നിലൊന്നിന്റെ വരുമാനമാര്‍ഗ്ഗമായ നിര്‍മ്മാണ, സേവന മേഖലകള്‍ പത്തു ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും എന്ന വിരോധാഭാസത്തിന്റെ കാരണമിതാണ്.
വൃദ്ധരുടെ ദൈന്യാവസ്ഥ
 ലോകത്താകെയുള്ള വൃദ്ധരുടെ എട്ടിലൊന്ന് ഇന്ത്യയിലാണ്.  ഇന്ത്യയിലെ എന്‍പത്തിരണ്ട് ദശലക്ഷം വൃദ്ധരില്‍ തൊണ്ണൂറ് ശതമാനത്തിനും സര്‍ക്കാര്‍ നല്‍കുന്ന യാതൊരു സാമൂഹ്യ സുരക്ഷിതത്വവുമില്ല. വൈകാരികമായ തകര്‍ച്ചയിലും സാമൂഹ്യമായ അവഗണനയിലുമാണ് അവര്‍ ജീവിക്കുന്നത്. ആകെ വൃദ്ധരില്‍ നാല്പതു ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.  എന്‍പതു ശതമാനം ഗ്രാമങ്ങളില്‍ ജീവിക്കുന്നു. എഴുപത്തിമൂന്ന് ശതമാനം നിരക്ഷരരുമാണ്. പത്തൊന്‍പത് ദശലക്ഷം വൃദ്ധരായ സ്ത്രീകളും വിധവകളാണ്. ഇന്ത്യയിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ചയോടെ പ്രധാനമായും അനാഥരായത് വൃദ്ധജനങ്ങളാണ്. വികസിത രാജ്യങ്ങളില്‍ വൃദ്ധര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും മറ്റു സാമൂഹ്യ സുരക്ഷാ പദ്ധതികളുമുണ്ട്. ഇന്ത്യയില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുമുണ്ട്. ഇവരെക്കൂടാതെ നാല്പത്തിയൊന്ന് ദശലക്ഷം ആളുകള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ എന്നിവയുടെ ഗുണഭോക്താക്കളാണ്.  ഇവരെല്ലാംകൂടി ആകെ തൊഴിലെടുക്കുന്നവരുടെ പത്തു ശതമാനം മാത്രമേ വരൂ. അവശേഷിക്കുന്ന തൊണ്ണൂറ് ശതമാനത്തിനും യാതൊരു ആനുകൂല്യങ്ങളുമില്ല.
ദാരിദ്ര്യക്കണക്കിലെ പൊരുത്തക്കേടുകള്‍
 ദാരിദ്ര്യത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാരിന്റെ തന്നെ കണക്കുകളിലെ ചില പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാം. അസംഘടിതമേഖലയെക്കുറിച്ച് പഠിക്കാന്‍ 2004 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച 'നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദി അണ്‍ ഓര്‍ഗണൈസ്ഡ് സെക്ടര്‍' സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ ആകെ തൊഴിലെടുക്കുന്ന നാല്പ ത്തഞ്ച് കോടി ജനങ്ങളില്‍ തൊണ്ണൂറ്റിരണ്ട് ശതമാനവും അസംഘടിതമേഖലയിലാണ് പണിയെടുക്കുന്നത്. ഈ തൊണ്ണൂറ്റിരണ്ട് ശതമാനത്തില്‍ എഴുപത്തേഴ് ശതമാനത്തിനും ആളോഹരി പ്രതിദിന ഉപഭോക്തൃ ചെലവ് ഇരുപത് രൂപ മാത്രമാണ്. റിപ്പോര്‍ട്ട് വീണ്ടും പറയുന്നു ഇരുപതു രൂപമാത്രം ദിവസവരുമാനമുള്ള വരുടെ എണ്ണം 1999-2000 ത്തിലെ 81.1 കോടിയില്‍നിന്നും 83.6 കോടിയിലെത്തി 2004-05 ല്‍. ആകെ നൂറ്റിപത്തു കോടി ജനങ്ങളുള്ള ഇന്ത്യയിലെ 83.60 കോടി ജനങ്ങള്‍ക്ക് ദിവസവരുമാനം ഇരുപത് രൂപയോ അതില്‍താഴെയോ ആണെങ്കില്‍, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ 2004-05 ല്‍ 22.2 ശതമാനമായി കുറഞ്ഞുവെന്ന സര്‍ക്കാരിന്റെ അവകാശവാദം എത്രപൊള്ളയാണ്?
കേരളത്തിലെ സ്ഥിതി
 കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനം 2006 അനുസരിച്ച് (ആറായിരം വീടുകളില്‍ നടത്തിയ സാമ്പിള്‍ സര്‍വേ) കേരളത്തില്‍ 95% കുടുംബങ്ങള്‍ക്കും സ്വന്തം വീടുണ്ട്. അവയില്‍ 48% കോണ്‍ക്രീറ്റ് വാര്‍പ്പ് വീടുകളാണ്. 94% വീടുകളില്‍ പ്രത്യേക അടുക്കളയും, 92%ത്തില്‍ കക്കൂസ്, 85%ത്തില്‍ വൈദ്യുതി, 49%ത്തില്‍ ഗ്യാസ്, മൂന്നില്‍രണ്ട് വീടുകളില്‍ ടെലിവിഷന്‍ ഇവയുണ്ട്.  വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസമത്വം പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണന്നാണ് സര്‍വ്വേ പറയുന്നത്.  ആകെ വരുമാനത്തിന്റെ നാല്പത്തിയൊന്ന് ശതമാനം പോകുന്നത് മേലറ്റത്തെ പത്തു ശതമാനത്തിന്റെ കൈകളിലാണ്. കീഴറ്റത്തെ പത്തു ശതമാനത്തിന്റെ  കൈകളിലെത്തുന്നത് ആകെ വരുമാനത്തിന്റെ 1.30 ശതമാനവും.  വരുമാനം, ചെലവ്, വീടിന്റെ സ്വഭാവം, ആസ്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ 15% പേര്‍ പരമ ദരിദ്രരാണ്.  35% പേര്‍ ദരിദ്രരും 40% താഴ്ന്ന ഇടത്തരക്കാരുമാണ്.
 കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഇരുപത് ലക്ഷം കുടുംബങ്ങളാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്.  ഒരു കുടുംബത്തില്‍ ശരാശരി അഞ്ച് പേര്‍ വീതമെടുത്താല്‍ ഒരു കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
 എന്‍.എസ്.എസ്.ഓ.യുടെ (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍) കണക്കനുസരിച്ച് 37.5 ലക്ഷം ആളുകളാണ് കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെ.  13.28% ഗ്രാമീണരും (മാസവരുമാനം 430 രൂപയില്‍ത്താഴെ), 20.2% പട്ടണ, നഗരവാസികളും (മാസവരുമാനം 559 രൂപയില്‍ത്താഴെ) ദരിദ്രരാണ്.  മറ്റൊരു കണക്കു പറയുന്നത് കേരളത്തില്‍ പത്തു ലക്ഷം വീടുകളുടെ കുറവുണ്ടെന്നും അതില്‍ 4.5 ലക്ഷം വീടുകള്‍ ആവശ്യമുള്ളത് ദരിദ്രവിഭാഗങ്ങള്‍ക്കാണെന്നുമാണ്.  അതായത് ഒരു കുടുംബത്തില്‍ അഞ്ചു പേര്‍വീതം എടുത്താല്‍ അന്‍പത് ലക്ഷം ആളുകള്‍ ഭവനരഹിതര്‍.
  “സാമ്പത്തിക, സാമൂഹ്യ രംഗങ്ങളിലെ ജനാധിപത്യനിഷേധം രാഷ്ട്രീയ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും” ഭരണഘടനാ ശില്പിയായ അംബദ്കറിന്റെ ഈ ഉപദേശം സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷിക വേളയായ 2007 ലും പ്രസക്തമാണ്. 





അധ്യായം-5
വികസനം = ജി.ഡി.പി?
വികസനത്തിന്റെ മാനദണ്ഡങ്ങള്‍
  ഇന്ത്യ ഒരു സാമ്പത്തിക വന്‍ശക്തിയാകുന്നു എന്നു പറയുന്നതിന്റെ മാനദണ്ഡം ജി.ഡി.പി, വിദേശനാണ്യമിച്ചം, സെന്‍സെക്‌സ് മുതലായവയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. പകരം ദാരിദ്ര്യം, പോഷകാഹാരം, വിദ്യാഭ്യാസനിലവാരം, സ്ത്രീകളുടെ തൊഴില്‍നിലവാരം, കുടിവെള്ളം, പാര്‍പ്പിടം, കുട്ടികളുടെ അവസ്ഥ ഇവയൊക്കെ മാനദണ്ഡമായി ഉപയോഗിച്ചിരുന്നുവെങ്കില്‍?
  എക്‌സ്പ്രസ്സ് ഹൈവേയും ഫ്‌ളൈഓവറും സ്മാര്‍ട്ട്‌സിറ്റിയും ഐ.ടി പാര്‍ക്കുകളുമാണ് മാദ്ധ്യമങ്ങളിലെ വികസന ചര്‍ച്ചകളില്‍ സജീവമായി നിറഞ്ഞ് നില്‍ക്കുന്നത്. മനുഷ്യന്റെ അവസ്ഥയുടെ പുരോഗതിക്കു പ്രാധാന്യമില്ല. പ്രാദേശിക ജലവിഭവങ്ങളുണ്ടെങ്കില്‍ അതു വികസനമല്ല. വലിയ നദീസംയോജനങ്ങള്‍ മാത്രമാണ് വികസനം. വലിയ കോര്‍പ്പറേറ്റ് ആശൂപത്രികള്‍ വികസനമാണ്. ചെറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല വികസനമല്ല.
മനുഷ്യവിഭവശേഷിയുടെ പ്രാധാന്യം
  വികസിത രാജ്യങ്ങളിലെ നേതൃത്വങ്ങളെല്ലാം വൈകിയാണെങ്കിലും ഒരു സത്യം മനസ്സി ലാക്കി. പ്രകൃതി വിഭവങ്ങളെക്കാള്‍, സൈന്യത്തിന്റെ ശക്തിയെക്കാള്‍,  രാജ്യത്തിന്റെ സമ്പത്ത് കുടികൊള്ളുന്നത് ജനങ്ങളിലാണ്. വിദ്യാഭ്യാസമുള്ള, സൃഷ്ടിപരമായ കഴിവുകളുള്ള, ശുഭാപ്തി വിശ്വാ സമുള്ള, സന്തോഷമുള്ള ജനത. വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ഉല്പാദനക്ഷമതയുടെ എട്ടിലൊന്നു മാത്രമാണ് ഇന്ത്യയിലെ തൊഴിലാളികളുടെ നിലവാരം.
  ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ നൂറ്റിഎഴുപത്തിയെട്ട് രാജ്യങ്ങളിലെ പൗരന്മാരുടെ സന്തോഷത്തിന്റെ നിലവാരം പഠിച്ചതില്‍ നിന്നും മനസ്സിലായത് വ്യക്തികള്‍ സന്തോഷത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം എന്നീ ക്രമത്തിലാണ്.
ഗ്രാമങ്ങളുടെ വികസനം
 2006 ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് തൊഴിലെടുക്കാന്‍ കഴിവുള്ള ജനസംഖ്യയുടെ 42%ന് മാത്രമാണ് ഇന്ത്യയില്‍ തൊഴിലുള്ളത്. തൊഴിലില്ലായ്മ ഗ്രാമങ്ങളില്‍ 56% ഉം, നഗരങ്ങളില്‍ 63% ഉം ആണ്.
 1800-ല്‍ 3% ഉം, 1900-ല്‍ 14% ഉം 2000 ത്തില്‍ 50% ഉം ജനങ്ങള്‍ ലോകത്ത് നഗരവാസികളായി കഴിയുന്നു. ഇന്ത്യയില്‍ 2005- ലെ കണക്കനുസരിച്ച് നഗരവല്‍ക്കരണം 30% ല്‍ എത്തി. ഗ്രാമങ്ങളില്‍ നിന്ന് അവസരങ്ങള്‍ തേടിയുള്ള കുടിയേറ്റം അനുസ്യൂതം തുടരുകയാണ്. ഈ പുതിയ കുടിയേറ്റക്കാര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക എന്നത് ഒരു വെല്ലുവിളിയാണ്.
 60% ജനങ്ങള്‍, പ്രത്യേകിച്ചും ഗ്രാമീണര്‍, കൃഷിയെ ആശ്രയിക്കുന്നുവെങ്കിലും ജി.ഡി.പി യുടെ 20% മാത്രമാണ് കൃഷിയുടെ സംഭാവന. അതുതന്നെ 15% ആകാം സമീപഭാവിയില്‍. ഇന്ത്യയിലെ വ്യവസായവത്ക്കരണത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് ഗ്രാമീണ മേഖലയെ അവഗണിച്ചു എന്നതാണ്. ഉദാരവത്ക്കരണത്തിന്റെ വര്‍ഷങ്ങളായ 1993- 2005 കാലഘട്ടത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളുടെ വളര്‍ച്ച0.72 ശതമാനം കണക്കിലായിരുന്നുവെങ്കില്‍ , പട്ടണങ്ങളുടെയും  നഗരങ്ങളുടെയും വളര്‍ച്ച 1.87 ശതമാനം കണക്കിലായിരുന്നു.  ജനസംഖ്യയുടെ എഴുപതുശതമാനം ഗ്രാമങ്ങളില്‍ വസിക്കുന്നുവെങ്കിലും ജി.ഡി.പിയുടെ മുപ്പതുശതമാനം മാത്രമാണ് ഗ്രാമങ്ങളുടെ സംഭാവന. ഗ്രാമീണ വ്യവസായവത്ക്കരണം വഴി ചെറുകിട കൃഷിക്കാര്‍ക്കും, ഭൂരഹിത കൃഷിക്കാര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. നഗര-ഗ്രാമ അന്തരം കുറയ്ക്കുന്നതിന് ഗ്രാമീണ മേഖലയില്‍ പൊതുമുതല്‍ മുടക്ക്, വായ്പ, അടിസ്ഥാനസൗകര്യങ്ങള്‍, കമ്പോള വ്യവസ്ഥ, അറിവ് ഇവ  വികസിക്കണം. ഗ്രാമീണ വ്യവസായവത്ക്കരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാരുമായി സഹകരിക്കാന്‍ വിദേശ, സ്വദേശ നിക്ഷേപങ്ങള്‍ ക്ഷണിക്കണം. ഈ നിക്ഷേപങ്ങള്‍ അടിസ്ഥാനസൗകര്യത്തിനൊപ്പം ഗ്രാമീണ മേഖലയിലെ ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും എത്തിക്കണം.

സ്റ്റോക്ക് മാര്‍ക്കറ്റും വികസനവും
 സ്വാതന്ത്യത്തിന്റെ അറുപതാം വാര്‍ഷികമായ 2007 ലെ ഇന്ത്യയിലെ ഏറ്റവും വലിയ സംഭവ വികാസമാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വിലനിലവാരം (സെന്‍സെക്‌സ്) കുതിച്ചുയര്‍ന്ന് 20,000 ത്തില്‍ എത്തിയത്. ഈ വിലനിലവാരം 10,000 ത്തിലെത്താന്‍ ഇരുപതു വര്‍ഷമെടുത്തുവെങ്കില്‍, അടുത്ത ഇരുപത് മാസം കൊണ്ട് അത് 20,000ത്തില്‍ എത്തി. ഈ വിലക്കയറ്റത്തെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചത് ഇന്ത്യന്‍ മാധ്യമങ്ങളായിരുന്നു. ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആയെന്നു വരെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്താണ് സത്യം?.
 2007 ഒക്‌ടോബര്‍ ഇരുപത്തൊന്‍പതിന്് സെന്‍സെക്‌സ് 20,000 ത്തില്‍ എത്തിയ ദിവസം ഇന്ത്യയിലെ  സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആകെ ലിസ്റ്റ് ചെയ്ത സ്റ്റോക്കുകളുടെ മൊത്തം മൂല്യം 1.58 ട്രില്ല്യന്‍ ഡോളറായിരുന്നു (63 ലക്ഷം കോടി രൂപ). അതായത് നമ്മുടെ ജി.ഡി.പി.യുടെ 150 ശതമാനം വരും, ഇപ്പോഴത്തെ വിലനിലവാരം വെച്ച്. 1.58 ട്രില്ല്യന്‍ ഡോളര്‍ മാര്‍ക്കറ്റ് മൂല്യം വെച്ച് നോക്കുമ്പോള്‍ ഇന്ത്യക്ക് ലോകത്ത് ഒമ്പതാം സ്ഥാനം വരും, സ്റ്റോക്ക് മാര്‍ക്കറ്റിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍. ഇന്ത്യയുടെ ഗാര്‍ഹിക സാമ്പാദ്യത്തിന്റെ മൂന്ന്ശതമാനം മാത്രമാണ് ഇന്ത്യക്കാര്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ മുടക്കിയിരിക്കുന്നതെങ്കില്‍ അമേരിക്കയിലത് അന്‍പത് ശതമാനത്തിനു മുകളിലാണ്.
 സെന്‍സെക്‌സ്, ബി.എസ്.ഇ 500 ഇവ ഒക്കെ സ്റ്റോക്ക് മാര്‍ക്കറ്റ് വില സൂചികകളാണ്. സെന്‍സെക്‌സ് ബോംബെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത മുപ്പതു കമ്പനികളുടെ സ്റ്റോക്കിന്റെ വിലനിലവാര സൂചികയാണ്. ഇന്ത്യയുടെ ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ് സെന്‍സെക്‌സ് കമ്പനികളുടെ സംഭാവനയെങ്കില്‍, ബി.എസ്.ഇ, എന്‍.എസ്.ഇ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും കൂടി സംഭാവന ജി.ഡി.പി യുടെ നാല് ശതമാനത്തിലൊതുങ്ങും. ലിസ്റ്റ് ചെയ്തതും, ലിസ്റ്റ് ചെയ്യാത്തതുമായ എല്ലാ കോര്‍പ്പറേഷനുകളുടെയും സംഭാവന മൊത്തത്തിലെടുത്താല്‍ ജി.ഡി.പിയുടെ പതിനാല് ശതമാനത്തിലൊതുങ്ങും.
 2007 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അനുഭവപ്പെട്ട വില വര്‍ദ്ധനവിന്റെ കാരണം വിദേശപ്പണമാണ്. 2007 ജൂണില്‍ മാത്രം ബി.എസ്.ഇ. സ്റ്റോക്കില്‍ മുടക്കിയ വിദേശപ്പണം 193 ബില്ല്യന്‍ ഡോളറായിരുന്നു. അതില്‍ത്തന്നെ ഊരും പേരുമില്ലാത്ത പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ വിഹിതം എഴുപത് ബില്യന്‍ ഡോളറും. അമേരിക്ക ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ പ്രധാനപ്പെട്ട 500 സ്റ്റോക്കുകളുടെ വിദേശ ഉടമസ്ഥാവകാശം ആറ് വര്‍ഷത്തിനു മുമ്പ് 12 ശതമാനമായിരുന്നെങ്കില്‍, 2007 ല്‍ അത് 22 ശതമാനമായി. ബി.എസ്.ഇ സ്റ്റോക്കിന്റെ മറ്റ് ഉടമകള്‍ ഇവരാണ്. ഗവണ്‍മെന്റും പ്രൊമോട്ടര്‍മാരും 54 ശതമാനം, ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും 10 ശതമാനം, പൊതു ജനങ്ങള്‍ 10 ശതമാനം എന്നീകണക്കിലാണ്. ഇന്ത്യയുടെ മൊത്തം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തിന്റെ 90 ശതമാനം പ്രധാനപ്പെട്ട 500 സ്റ്റോക്കുകളുടേതാണ്.
 ഇന്ത്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ആകെ മൂല്യം 1.53 ട്രില്ല്യന്‍ ഡോളറാണെങ്കില്‍, പ്രധാനപ്പെട്ട 500 സ്റ്റോക്കുകളുടെ മൂല്യം 1.35 ട്രില്ല്യന്‍ ഡോളര്‍വരും. ഇതിന്റെ ഇരുപത്തിരണ്ട് ശതമാനമായ 297 ബില്ല്യന്‍ ഡോളര്‍ വിദേശപ്പണമാണ്. ഇത് ഏതു സമയത്തും തിരികെ കൊണ്ട് പോകാം. അതായത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാന്‍ സാധ്യതയുള്ള ഒരു ഡൈനമൈറ്റല്ലെ ഇത്? ഇതു കണ്ടിട്ടാണോ മാധ്യമങ്ങള്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആയെന്ന് ഊറ്റം കൊള്ളുന്നത് ?
വികസന ചര്‍ച്ചകള്‍
 വികസന ചര്‍ച്ചയില്‍ പ്രാധാന്യം നേടുന്നത് ഒരു വാദഗതിക്കാണ്. എന്തും വലിയരീതിയിലും ബഡ്ജറ്റിലും ചെയ്യുക. കഴിയുമെങ്കില്‍ സ്വകാര്യ സംരംഭകരെക്കൊണ്ട്. ഉത്തര്‍ പ്രദേശും ബീഹാറുമൊക്കെ  ഈ രീതിയില്‍ വലിയ പദ്ധതികളില്‍ ഒരുപാട് പണം മൂടക്കിയെങ്കിലും ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയമാറ്റം ഉണ്ടായില്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും താഴേക്കിടയിലുള്ള മുപ്പതു ശതമാനത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു താരതമ്യ പഠനം അനിവാര്യമാണ്. രാജ്യത്തിനു മൊത്തത്തിലെന്ന പോലെ ഓരോ സംസ്ഥാനത്തിനും ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സ് പഠനം  ആവശ്യമാണ് (HDI- Human Development Index). ആയൂര്‍ ദൈര്‍ഘ്യം, സാക്ഷരത, ജീവിത നിലവാരം ഇവയുടെ അടിസ്ഥാനതത്തില്‍ രാഷ്ട്രങ്ങളെ അളക്കുന്ന ഈ അളവുകോലനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 2006ലെ 126 ല്‍ നിന്നും 2007 ല്‍ 128 ലേക്ക് താഴുകയാണ് ഉണ്ടായത്.
 വികസനപ്രക്രിയയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ശബ്ദമില്ലാത്തവന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലാണ് സിവില്‍ സൊസൈറ്റി അഥവാ സന്നദ്ധ സംഘടനകള്‍ (Non Governmental Organisations). വികസന പ്രക്രിയയില്‍ ഭരിക്കുന്ന വര്‍ഗ്ഗവും (രാഷ്ട്രീയക്കാര്‍, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവര്‍) ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനും മാനുഷിക മുഖത്തോടെയുള്ള വികസനത്തിനും സിവില്‍ സൊസൈറ്റിയുടെ സഹകരണം അനിവാര്യമാണ്. ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഈ സഹകരണം യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. ഇന്ത്യയിലും വികസന പ്രക്രിയകളിലും ചര്‍ച്ചകളിലും ഈ സഹകരണം ഒരു യാഥാര്‍ത്ഥ്യമാക്കണം.
ജി.ഡി.പി യുടെ വികസന ഫലങ്ങള്‍
  വികസനത്തില്‍ ജി.ഡി.പി യുടെ വളര്‍ച്ചപോലെ തന്നെ പ്രധാനമാണ് അതിന്റെ ഫലങ്ങള്‍ സാധാരണക്കാരിലേക്കും എത്തണമെന്നത്. വോട്ടിംഗില്‍ ഓരോ പൗരനും തുല്യത എന്നത് സാമ്പത്തിക വികസനത്തിലും പ്രാവര്‍ത്തികമാക്കണം. വികസത്തില്‍ ഓരോ പൗരനും പങ്കെടുക്കുവാനും, ഗുണഫലങ്ങള്‍ അനുഭവിക്കുവാനുമുള്ള കടമയും അവകാശവും ഉണ്ടായിരിക്കണം.
വികസനമെന്ന മിഥ്യ
  1990 കളില്‍ തുടങ്ങിയ ഉദാരവത്ക്കരണത്തിനു ശേഷമുള്ള വികസനം സര്‍വ്വീസ് മേഖലയിലൂന്നിയതായിരുന്നു. വികസനം നിലനില്‍ക്കണമെങ്കില്‍ മറ്റ് അടിസ്ഥാന മേഖലകളായ കൃഷി, വ്യവസായം ഇവയെയും സ്പര്‍ശിക്കണം. വികസനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും യഥാര്‍ത്ഥതൊഴില്‍ വര്‍ദ്ധനവിനു പകരം നിലവിലുള്ള ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവാണ് കണക്കുകളില്‍ വികസനമായി പ്രതിഫലിച്ചതെന്ന്. 1993-94 2003-04 കാലഘട്ടത്തിലെ ഇന്ത്യയിലെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും തൊഴിലില്ലായ്മ വര്‍ദ്ധന ഈ നിഗമനം ശരിവെയ്ക്കുന്നു. 1973-74ല്‍ ഇന്ത്യയിലെ ഗ്രാമീണരില്‍ എഴുപത്തിമൂന്ന് ശതമാനം ദാരിദ്ര്യ രേഖയ്ക്കുതാഴെയായിരുന്നുവെങ്കില്‍ 2004-05ല്‍ അത് എണ്‍പത്തിയേഴ് ശതമാനമായി. ദാരിദ്ര്യത്തിന്റെ അളവുകോലായ ഹെഡ് കൗണ്ട് റേഷിയോ (ഒഇഞ) ഇന്ത്യയില്‍ 1983-94 കാലഘട്ടത്തില്‍ വര്‍ഷം 0.85 ശതമാനം കണക്കെ കുറഞ്ഞുവെങ്കില്‍ 1994-2005 കാലഘട്ടത്തില്‍ അത് 0.7 ശതമാനം കണക്കിലെ കുറവുവന്നുള്ളൂ.
ന്യൂനപക്ഷത്തിലൊതുങ്ങുന്ന വികസനം
 മാര്‍ജിനല്‍ പ്രൊപ്പന്‍സിറ്റി ടു കണ്‍സ്യൂം (Marginal Propensity to Consume) എന്ന സാമ്പത്തികശാസ്ത്ര തത്വം അനുസരിച്ച് വരുമാനം കൂടുന്നതനുസരിച്ച് സ്വകാര്യ ഉപഭോഗം കുറയും. വളരെ താഴ്ന്ന വരുമാനക്കാരുടെ കാര്യത്തില്‍ ഈ തത്വം പ്രാവര്‍ത്തികമല്ല. അവരുടെ കാര്യത്തില്‍ വരുമാനം കൂടുന്നതനുസരിച്ച് സഫലീകരിക്കാത്ത ആഗ്രഹങ്ങള്‍ ആവശ്യങ്ങളായി, ഡിമാന്‍ഡ് ആയി രൂപാന്തരപ്പെടും.
 ഇന്ത്യയില്‍ 1990 കളുടെ ആദ്യ പകുതിയില്‍ യഥാര്‍ത്ഥ ആളോഹരി വരുമാനം 4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചുവെങ്കില്‍, രാണ്ടാം പകുതിയില്‍ 5 ശതമാനവും, 2003-07 വര്‍ഷങ്ങളില്‍ 7 ശതമാനവും വളര്‍ന്നു. ഇതേ കാലഘട്ടത്തില്‍ സ്വകാര്യ ഉപഭോഗം ജി.ഡി.പിയുടെ 70 ശതമാനത്തില്‍ നിന്നും 65 ശതമാനവും 59 ശതമാനവുമായി കുറഞ്ഞു. കൂടാതെ ഇതേ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആവറേജ് & മാര്‍ജിനല്‍ പ്രൊപ്പന്‍സിറ്റി ടു കണ്‍സ്യൂം (അ്‌ലൃമഴല മിറ ങമൃഴശിമഹ ജൃീുലിശെ്യേ ഠീ ഇീിൗൊല) എന്നിവ 80 ശതമാനത്തില്‍ നിന്നും 60 ശതമാനത്തിലേക്കും 70 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്കും കുറഞ്ഞു. ആളോഹരി വരുമാനത്തിലെ വര്‍ദ്ധനവിനൊപ്പം ഉപഭോഗത്തിലെ കുറവും കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാകുന്നത് വികസനത്തിന്റെ ഗുണഫലങ്ങള്‍ ഉയര്‍ന്ന വരുമാനക്കാരില്‍ മാത്രമായി ഒതുങ്ങി എന്നാണ്.
 1999-2007 കാലഘട്ടത്തില്‍ സ്വകാര്യ ഉപഭോഗം ശരാശരി 5.5 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചുവെങ്കില്‍ സ്വകാര്യ ഉപഭോഗത്തിന്റെ ഘടകങ്ങളായ ഭക്ഷണം 2 ശതമാനവും വാടക, ഇന്ധനം വിദ്യുഛക്തി ഇവ 3.6 ശതമാനവും ഗതാഗതം, വാര്‍ത്താവിനിമയം ഇവ10.8 ശതമാനവും, വിനോദം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നിവ 11 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. സമ്പന്ന വര്‍ഗ്ഗങ്ങള്‍ വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷണത്തിനു കുറവും മറ്റു വിഷയങ്ങളില്‍ കൂടുതലും പണം മുടക്കും എന്ന സത്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
വികസനപാത
 ഭൂരിഭാഗം രാജ്യങ്ങളും  സാമ്പത്തിക വികസനത്തിലേക്കുള്ള  യാത്രയില്‍ ഒരു പ്രത്യേക പാത പിന്‍തുടര്‍ന്നു. ആദ്യം കൃഷിയും ഭൂമിയും പിന്നീട് ചെറുകിട ഉല്‍പാദനം, അടിസ്ഥാന സൗകര്യം, വന്‍കിട വ്യവസായങ്ങള്‍ അവസാനമായി സേവനവും. ഇന്ത്യയില്‍ സേവനരംഗം ആദ്യം വികസിച്ചു. ഇപ്പോള്‍ നമ്മള്‍ അടിസ്ഥാന സൗകര്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും ചിന്തിക്കുന്നു.
നിര്‍മ്മാണ മേഖലയുടെ മുന്‍തൂക്കം
 1970-71 ലെ നാല്പതു ശതമാനത്തില്‍ നിന്നും ജി.ഡി.പി യുടെ ഇരുപത് ശതമാനമായി 2005-ല്‍ കൃഷി ചുരുങ്ങിയപ്പോള്‍, സര്‍വ്വീസ് മേഖല മുപ്പത്തിയാറ് ശതമാനത്തില്‍ നിന്നും അറുപത്തിയൊന്ന് ശതമാനമായി ഉയര്‍ന്നു. നിര്‍മ്മാണമേഖല പതിമൂന്ന് ശതമാനത്തില്‍ നിന്നും പതിനേഴ്ശതമാനമായി. നിര്‍മ്മാണമേഖലയില്‍ നിന്നുള്ള മൊത്തം വരുമാനം 450 ബില്ല്യന്‍ ഡോളറാണ്. അമ്പത്തിമൂന്ന് ശതമാനം കയറ്റുമതിയും എഴുപത്തിയൊന്‍പത് ശതമാനം വിദേശനിക്ഷേപവും ഇവിടെയാണ്. ഈ മേഖലയിലെ ഇന്ത്യയുടെ മുന്‍തൂക്കത്തിനു പ്രധാനകാരണങ്ങള്‍ ഇവയാണ്. 1) കുറഞ്ഞവേതനം, കഴിവുള്ള തൊഴിലാളികള്‍ 2) മുടക്കുമുതലിന്റെ കാര്യക്ഷമത                                 3) അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത 4) ഒരു വലിയനിര്‍മ്മാണ അടിത്തറ 5) വലിയആഭ്യന്തര മാര്‍ക്കറ്റ് 6) ഏഷ്യയിലെ വലിയ മാര്‍ക്കറ്റുകളുമായുള്ള സാമീപ്യം. ഐ.എല്‍.ഒ യുടെ ഒരു റിപ്പോര്‍ട്ടനുസരിച്ച് 1990-2002 കാലഘട്ടത്തില്‍ ഇന്ത്യയില്‍ തൊഴിലാളികളുടെ ഉല്പാദനക്ഷമത എണ്‍പത്തിനാല് ശതമാനം വര്‍ദ്ധിച്ചുവെങ്കിലും മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം ഇരുപത്തിരണ്ട് ശതമാനം കണ്ടു കുറഞ്ഞു.
 നിര്‍മ്മാണമേഖലയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് അടിസ്ഥാന മേഖലകളായ ഊര്‍ജ്ജം, റോഡ്, റെയില്‍, പോര്‍ട്ട്, എയര്‍പോര്‍ട്ട് ഇവയുടെ വളര്‍ച്ച അനിവാര്യമാണ്.
വികസന ചര്‍ച്ച : ചോദിക്കേണ്ട ചോദ്യങ്ങള്‍
 വികസനചര്‍ച്ചകളില്‍ പലപ്പോഴും ജനനന്മയേക്കാള്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. കഴിഞ്ഞ രണ്ടുദശകമായി ഇന്ത്യയുടെ, കേരളത്തിന്റെ വികസനചര്‍ച്ചകളിലൊക്കെ  നിറഞ്ഞുനില്‍ക്കുന്നത് ഐ.ടി പാര്‍ക്കുകളുടെ വികസനമാണ്. മൊത്തം നാല്പത്തിയഞ്ച് കോടിജനങ്ങള്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍ പതിനാറ് ലക്ഷംപേര്‍ മാത്രമാണ് ഐ.ടി രംഗത്തു പണിയെടുക്കുന്നത് (2007 ലെ കണക്ക്). എന്തുകൊണ്ട് മറ്റ് മേഖലകള്‍ അവഗണിക്കപ്പെടുന്നു? ഗോവയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലെങ്കിലും എന്തുകൊണ്ട് പതിനെട്ട് പ്രത്യേകസാമ്പത്തിക മേഖലകള്‍ അവര്‍ക്കായി അനുവദിച്ചു?
വികസന ചര്‍ച്ചകളില്‍ ചോദിക്കേണ്ട ചോദ്യങ്ങളിവയാണ്:
1) ആരുടെ നന്മക്ക് വേണ്ടി?  2) ആരുടെ ചെലവില്‍?   3) നിങ്ങള്‍ ഒരു പദ്ധതി പരിഗണിക്കുന്നത് അത് നല്ലതിനു വേണ്ടിയായതു കൊണ്ടാണോ? അതൊ നിങ്ങള്‍ക്കതു ചെയ്യാന്‍ കഴിയുന്നു എന്നതു കൊണ്ടാണോ? 4) ഇതേ ലക്ഷ്യത്തിലെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടോ? ഏതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം? 5)  ദരിദ്രജനങ്ങള്‍ക്ക് ഒരു പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിക്കുവാനും, വേണ്ട എന്നു പറയുവാനും അവകാശമുണ്ടോ?
വികസനം : മുന്‍ഗണനകള്‍
  ഇന്ത്യയുടെ ഉദാരവത്ക്കരണത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കവേ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വികസനത്തില്‍ മുന്‍ഗണന നല്‍കേണ്ട മേഖലകള്‍ ചൂണ്ടിക്കാട്ടി1) ആരോഗ്യസംരക്ഷണം 2) വിദ്യാഭ്യാസം 3) ഗതാഗതം  4) കൃഷി 5) തുറമുഖം 6) വിമാനത്താവളം 7) തൊഴില്‍ 8) സാമ്പത്തിക മേഖലകളിലെ പരിഷ്‌കാരങ്ങള്‍.
 അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയും മിതമായനിരക്കില്‍ പൗരന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷ്യധാന്യം, കുടിവെള്ളം, പാചകഇന്ധനം , വൈദ്യുതി ഇവ എല്ലാ ഭവനങ്ങള്‍ക്കും നല്‍കുക, എല്ലാകുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക, എല്ലാ ഗ്രാമങ്ങളിലേക്കും റോഡും, മറ്റു യാത്രാസൗകര്യങ്ങളും ഒരുക്കുക. എല്ലാ പൗരന്‍മാര്‍ക്കും  ആരോഗ്യ സംരക്ഷണം  ഉറപ്പുവരുത്തുക. ജി.ഡി.പിയുടെ വളര്‍ച്ചക്കൊപ്പം ഈ സൗകര്യങ്ങളും വളരുമ്പോഴാണ് വികസനം അര്‍ത്ഥവത്താകുന്നത്.




അധ്യായം-6
വികസനത്തിന്റെ വഴികള്‍
 വികസന ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ് എങ്ങിനെയുള്ള വികസനം എന്നത്. ആത്യന്തികമായി എല്ലാ വികസന ചര്‍ച്ചകളും മനുഷ്യ കേന്ദ്രീകൃതമായിരിക്കണം.  മനുഷ്യന്റെ അവസ്ഥയുടെ പുരോഗതിക്കു പ്രാധാന്യം നല്‍കണം.
 മാറിവരുന്ന സാഹചര്യത്തില്‍ സമ്പത്തിന്റെ വിതരണത്തിനൊപ്പം അതിന്റെ സൃഷ്ടിക്കായി അനുകൂലഘടകങ്ങള്‍ ഒരുക്കുക എന്നതും സര്‍ക്കാരുകള്‍ക്ക് പരമപ്രധാനമാണ്.  പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനങ്ങളില്ലാത്ത ചലനാത്മകത അനിവാര്യമാണ്.  രാഷ്ട്രീയ നേതൃത്വത്തിന് ഒരു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം.  ഈ കാഴ്ചപ്പാടിനെ ഒരു പ്രത്യേക കാലഘട്ടത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട ലക്ഷ്യങ്ങളാക്കി മാറ്റണം.
വികേന്ദ്രീകൃത വികസനം
 കമ്പനികളുടെ വളര്‍ച്ചയിലധിഷ്ഠിതമായ വ്യവസ്ഥിതിയില്‍ നിന്നും വികേന്ദ്രീകൃതമായ, തൊഴിലധിഷ്ഠിതമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍ണം. ഇന്ത്യയില്‍ രണ്ടരലക്ഷം പ്രാദേശിക ഭരണകൂടങ്ങളും മുപ്പത്തിരണ്ട് ലക്ഷം തെരഞ്ഞെടുത്ത ജനപ്രതിനിധികളുമുണ്ട്. 3.2 ദശലക്ഷം ചതുരശ്രകിലോമീറ്ററില്‍, 6,27,000 ഗ്രാമങ്ങളിലും, 130 ദശലക്ഷം വീടുകളിലുമായി പടര്‍ന്നുകിടക്കുന്ന എഴുപത്തഞ്ച് കോടിവരുന്നതാണ് നമ്മുടെ ഗ്രാമീണ ഭാരതം. പട്ടണങ്ങളിലെ ജനതയുടെ മൂന്നിരട്ടി വരും ഇത്.
അസംഘടിത മേഖലയുടെ പ്രാധാന്യം
 സംഘടിത മേഖലയെക്കാള്‍ അസംഘടിത മേഖലയ്ക്കാണ് തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ്.  ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം ഉല്‍പ്പാദിപ്പിക്കുന്നത് ചെറുകിട കര്‍ഷകരും നാല്പത്തിനാല് ദശലക്ഷം വരുന്ന ഭവനാധിഷ്ഠിത ബിസിനസ്സുകാരുമാണ്.  ആകെ വ്യവസായങ്ങളുടെ 97% ഉം 39% വ്യാവസായിക ഉല്‍പ്പാദനവും 85% വ്യവസായ തൊഴിലാളികളും ചെറുകിട-ഇടത്തരം മേഖലയിലാണ്. 2005 ലെ കണക്കനുസരിച്ച് ആകെ നൂറ്റി ഇരുപത്തിമൂന്ന് ലക്ഷം യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍. ആകെ ഉല്പാദനം നാലര ലക്ഷം കോടിരൂപ. ഇരുപത്തൊന്‍പത് ദശലക്ഷം തൊഴിലാളികളും 34% കയറ്റുമതിയും. 78% യൂണിറ്റുകള്‍ക്കും കമ്പ്യൂട്ടര്‍ ഇല്ല.
തൊഴിലില്ലായ്മയും തൊഴില്‍വൈദഗ്ധ്യമില്ലായ്മയും
 ആകെ ജനസംഖ്യയില്‍ തൊഴിലെടുക്കാന്‍ പര്യാപ്തമായ പ്രായത്തിലുള്ളവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലായിരിക്കും. ഇതൊരു വലിയ സമ്പത്താണ്.  ജനങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കിയെങ്കില്‍ മാത്രമേ ഈ സമ്പത്ത് മുതലാക്കാന്‍ സാധിക്കൂ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ (2007 - 12) എഴുപത്തൊന്ന് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കണം. 2007ലെ കണക്കനുസരിച്ച് 26-28 കോടി തൊഴിലില്ലാത്തവരുണ്ട്. അതേസമയം വ്യവസായങ്ങളില്‍ വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യവും തത്ഫലമായി ശമ്പളം വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമായി മറ്റ് രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഇന്ത്യ പിന്‍തള്ളപ്പെടുകയും ചെയ്യും.
കാര്‍ഷിക ഉല്പാദനക്ഷമത.
  കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമത രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്.  ഇന്ത്യയുടെ ഉല്പാദനക്ഷമതയുടെ ഇരട്ടിയാണ് ചൈനയില്‍. നമ്മുടെ ആറ്  ഇരട്ടിയാണ് ഇസ്രയേലില്‍. ഒരു ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍ നിന്നും ഇന്ത്യ നാല്പതു ലക്ഷം രൂപ നേടുമ്പോള്‍, ഇസ്രയേല്‍ 2.5 കോടി രൂപനേടുന്നു.
മൂല്യവര്‍ദ്ധനവ്
 കാര്‍ഷിക വിഭവങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും മൂല്യവര്‍ദ്ധനവ് വളരെ പ്രാധാന്യമുള്ള വിഷയമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചവറയിലെ കരിമണല്‍.  കരിമണല്‍ വേര്‍തിരിച്ചുകിട്ടുന്ന ഇല്‍മനൈറ്റ് കിലോക്കു നാല് രൂപ നിരക്കില്‍ കയറ്റി അയച്ചിട്ട്  ഇല്‍മനൈറ്റില്‍നിന്നും ഉത്പ്പാദിപ്പിക്കുന്ന ടൈറ്റാനിയം മെറ്റല്‍ കിലോക്ക് 1100 രൂപ നിരക്കില്‍ നാം ഇറക്കുമതി ചെയ്യുന്നു! ടണ്ണിന് നാലു ഡോളര്‍ നിരക്കില്‍ ഇരുമ്പയിര് കയറ്റി അയച്ചിട്ട് ടണ്ണിന് എഴുനൂറ് ഡോളര്‍  വിലയ്ക്ക് സ്റ്റീല്‍വാങ്ങുന്നു.  ഒരു ജോഡി ഷൂസിന് നമുക്ക് മൂന്ന് ഡോളര്‍ കിട്ടുമ്പോള്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അത് വില്‍ക്കുന്നത് അമ്പത് ഡോളറിനാണ്.
വികസന തുരുത്തുകള്‍
 ഫര്‍ണിച്ചറുകള്‍ക്ക് പ്രസിദ്ധമായ പഞ്ചാബിലെ കര്‍ണാര്‍പൂര്‍ എന്ന പട്ടണത്തിനുചുറ്റും മരപ്പണിക്കാരുടേതായ ഇരുപത്തിമൂന്ന് ഗ്രാമങ്ങളുണ്ട്. ഷൂസുകള്‍ക്ക് പ്രസിദ്ധമായ രാജസ്ഥാനിലെ ബന്‍സ്വാര എന്ന പട്ടണത്തിനുചുറ്റും ഷൂസ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടേതായ ഇരുപത്തിയഞ്ച് ഗ്രാമങ്ങളുണ്ട്. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഗ്രാമങ്ങളെയും കൊച്ചുപട്ടണങ്ങളേയും മുഖ്യധാരാസമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാന്‍ സാധിക്കുമെന്നാണ്.  ഇതുപോലുള്ള അവസരങ്ങള്‍ നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിലനില്‍ക്കുന്നത് മനസ്സിലാക്കി, വികസന തുരുത്തുകള്‍ സൃഷ്ടിച്ച് പരിപോഷിപ്പിക്കാം.
സ്വകാര്യമേഖലയും, സാമൂഹ്യ പ്രതിബദ്ധതയും
 സാമൂഹ്യ പ്രതിബദ്ധതയുള്ള സ്വകാര്യമേഖല ഒരു എഴുതപ്പെടാത്ത ഉടമ്പടിയും, സംസ്‌കാരവുമാണ്. ഈ അദൃശ്യസംസ്‌കാരം രാഷ്ട്രങ്ങള്‍ക്ക് ശോഭനമായ ഭാവിപ്രദാനം ചെയ്യും.  സാമൂഹ്യസുരക്ഷിതത്വത്തിനും സാമൂഹ്യമാറ്റത്തിനും സര്‍ക്കാരിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാം.
 തൊഴില്‍ദാതാക്കള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പലരീതിയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടിക്കു സഹായിക്കാം. പലരാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച മാതൃകയാണിത്.
1)   ജോലിനല്‍കുന്നതിന് സാധാരണ പരിഗണിക്കുന്ന യോഗ്യതകള്‍ക്കു പുറമെ അപേക്ഷകന്റെ സാമൂഹ്യസേവന ചരിത്രം കൂടി പരിഗണിക്കണം
2)   തൊഴിലാളികളുടെ കാലാകാലങ്ങളിലുള്ള വിലയിരുത്തലില്‍ സാമൂഹ്യസേവനവും വിലയിരുത്തപ്പെടണം
3)   വിദ്യാര്‍ത്ഥികള്‍ക്ക് കലാലയങ്ങളില്‍ പ്രവേശനം നല്‍കുന്നതിന് സാമൂഹ്യസേവനവും ഒരു മാനദണ്ഡമാക്കണം.
 സര്‍ക്കാര്‍ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ടുമെന്റുകളും സ്വകാര്യസ്ഥാപനങ്ങളും തൊഴിലാളിവര്‍ഗ്ഗവും വിദ്യാര്‍ത്ഥികളും ഗ്രാമങ്ങളെ ദത്തെടുക്കണം.  അവിടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കാനുതകുന്ന പദ്ധതികള്‍ കണ്ടുപിടിച്ച് നടപ്പാക്കണം. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാന്‍ ശ്രമിക്കണം.
വികലമായ സര്‍ക്കാര്‍ നയങ്ങള്‍
 വര്‍ത്തമാനകാല സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും കാരണങ്ങള്‍ നാം അന്വേഷിക്കുകയാണെങ്കില്‍, വികലമായ സര്‍ക്കാര്‍ നയങ്ങളിലായിരിക്കും നാം വന്നു നില്‍ക്കുന്നത്.  2007 ആരംഭം മുതലുള്ള പണപ്പെരുപ്പത്തിനു കാരണം വിദ്യാഭ്യാസം, കൃഷി, റിയല്‍എസ്റ്റേറ്റ് മേഖലകളിലെ വികലമായ നയങ്ങളല്ലെ? 2000 എന്‍ജിനീയറിംഗ് കോളജുകള്‍ നമുക്കുണ്ടെങ്കിലും നിലവാരമുള്ള ബിരുദധാരികളില്ല. കൃഷിയിലെ ഉല്പാദനക്ഷമത അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നാല്‍ അധികോല്‍പ്പാദനമായിരിക്കും ഫലം. അന്താരാഷ്ട്ര പ്രതിഭാസമെന്നു പറഞ്ഞ് കൈകഴുകുന്നുവെങ്കിലും വര്‍ഷങ്ങളായി രാജ്യം ഭരിക്കുന്നവര്‍ കാര്‍ഷികമേഖലയെ അവഗണിച്ചതിന്റെ ഫലമല്ലെ 2008ലെ ഭക്ഷ്യവിലക്കയറ്റം? പൊതുവിതരണ സമ്പ്രദായവും നവീകരിക്കുന്നതിനുപകരം  തളര്‍ത്തുകയാണ്. നോബല്‍ സമ്മാനജേതാവും ഇന്ത്യന്‍ വംശജനുമായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിന്റെ  പഠനമനുസരിച്ച്, ദശലക്ഷങ്ങളുടെ മരണത്തിനു കാരണമായ നാല്‍പ്പതുകളിലെ ബംഗാള്‍ ക്ഷാമംപോലും വിതരണത്തിലെ തകരാര്‍ മൂലമായിരുന്നുവെന്നും അല്ലാതെ ധാന്യങ്ങളുടെ കുറവുമൂലമല്ലായിരുന്നുവെന്നുമാണ്.  ഭക്ഷ്യക്ഷാമത്തിന്റെയും വിലവര്‍ദ്ധനവിന്റെയും ഈ നാളുകളില്‍ ഭരണകര്‍ത്താക്കള്‍ ഈ സത്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം.  ഒരു വര്‍ഷം ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആകെ കരഭൂമിയുടെ 0.1 ശതമാനം മതി.  എന്നിട്ടും വിടുവെയ്ക്കാന്‍ ന്യായവിലയ്ക്ക് ഭൂമി ഇല്ലാത്ത അവസ്ഥ!
 സര്‍ക്കാരിന്റെ ചെലവുകളുടെ രീതിമാറണം. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കണം.  2005 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒരു വര്‍ഷം 50,000 കോടിരൂപ ഫെര്‍ട്ടിലൈസര്‍ സബ്‌സിഡിയും 26,600 കോടിരൂപ ഭക്ഷ്യ സബ്‌സിഡിയും നല്‍കുന്നു.  ഇത് ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ?
 സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള, പെന്‍ഷന്‍ ബാധ്യതകള്‍ കുറച്ചുകൊണ്ടു വരിക, പകരം ഭൗതികവും സാമൂഹ്യസുരക്ഷയിലൂ ന്നിയതുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള വികസനത്തിനായി പണം മുടക്കുക.  മുപ്പതു ശതമാനം സര്‍ക്കാരുദ്യോഗസ്ഥരെ ജോലി ചെയ്യുന്നുള്ളൂ എന്ന് 2007 ല്‍ കേരള മുഖ്യമന്ത്രി പറഞ്ഞുവെങ്കില്‍ അധികമുള്ളവരെ ഒഴിവാക്കണം. അഞ്ചാംശമ്പളക്കമ്മീഷനും പറഞ്ഞതതാണ്.  ഒരു രാജ്യത്തെ സാധാരണ പൗരന്റെ വരുമാനവും സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളവുമായി താരതമ്യം ചെയ്തതില്‍ നിന്നും മനസ്സിലായത് യു.കെ., മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെതിനേക്കാള്‍ മെച്ചമാണ് ഇന്ത്യയിലെ സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം എന്നാണ്. അധികമുള്ള സര്‍ക്കാരുദ്യോഗസ്ഥന്‍ സമൂഹത്തിനൊരു ബാധ്യതയാണ്.
 ഇന്ത്യയുടെ വികസനം ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങുന്നതിന് സര്‍ക്കാരിനും പങ്കുണ്ട്.  ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ വിഹിതം അളവുകോലായി എടുത്താല്‍ ഇന്ത്യയില്‍ ഇത് പതിനഞ്ച് ശതമാനം മാത്രമാണെങ്കില്‍ (ജി.ഡി.പി യില്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവിന്റെ അനുപാതം) അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് മുതലായ രാജ്യങ്ങളില്‍ ഇത് മുപ്പത്തിയാറ് ശതമാനത്തിലധികമാണ്.
വികസനത്തിനുള്ള പണം എവിടെനിന്ന്?
  വികസന ചര്‍ച്ചകളിലുയരുന്ന പ്രധാന ചോദ്യമാണ് പണം എവിടെ നിന്നുവരും? 2006 ലെ കണക്കനുസരിച്ച് ബാങ്കുകളുടെ കിട്ടാക്കടമായ 1,72,000 കോടിരൂപയില്‍ 50,000 കോടിയും കമ്പനികളുടേതാണ്. ഇതു പിരിച്ചെടുക്കാം. ടാക്‌സ്-ജി.ഡി.പി. അനുപാതം ഇന്ത്യയില്‍ പതിമൂന്ന് ശതമാനമാണെങ്കില്‍, പല വികസിത രാജ്യങ്ങളിലുമിത് മുപ്പതു ശതമാനമാണ്. 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനില്‍ ജി.ഡി.പി-ടാക്‌സ് അനുപാതം 39.6 ശതമാനമാണ് . അനുപാതം  മെച്ചപ്പെടുത്താന്‍ നികുതി അടിത്തറ വിപുലമാക്കണം. പരിസ്ഥിതി മലിനീകരണം നടത്തുന്നവരില്‍ നിന്നും അതിന്റെ തോതനുസരിച്ച് നികുതി പിരിക്കണം (ഉദാ. വലിയ വാഹന ഉടമകള്‍). റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലാന്റ് ബാങ്ക് ഉടമകളില്‍ നിന്ന് നികുതി പിരിക്കണം. ഇവയൊക്കെ നികുതി അടിത്തറ വിപുലീകരിക്കുന്നതോടൊപ്പം സാമൂഹ്യനീതിയും ഉറപ്പാക്കും.
 ഇന്ത്യയിലാകെയുള്ള ഇരുനൂറ് ദശലക്ഷം കുടുംബങ്ങളില്‍ അമ്പത് ദശലക്ഷം ടാക്‌സ് നല്‍കാന്‍ സാദ്ധ്യതയുള്ളവരാണ്.  ഇവരില്‍ ഇരുപത്തിയാറ് ദശലക്ഷം മാത്രമാണ് ടാക്‌സ് റിട്ടേണ്‍ നല്‍കുന്നത്.  അവരില്‍ത്തന്നെ ഇരുപത് ദശലക്ഷം മാത്രമാണ് ടാക്‌സ് നല്‍കുന്നത്.
 ഇന്‍കംടാക്‌സ് വകുപ്പിന്റെ കണക്കനുസരിച്ച് 2004-05 ല്‍ ഇന്ത്യയില്‍ പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 87608 വ്യക്തികളാണ് ഉണ്ടായിരുന്നത്.  അതായത് ടാക്‌സ് നല്‍കിയ ഇരുപത്  ദശലക്ഷത്തിന്റെ 0.31 ശതമാനം. ഇതില്‍ത്തന്നെ കണക്കില്‍ നഷ്ടം കാണിച്ചവരെ ഒഴിവാക്കിയാല്‍ ലാഭംകാണിച്ചവര്‍ 75,000 വരും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ പത്തു ലക്ഷത്തില്‍ക്കൂടുതല്‍ വാര്‍ഷികവരുമാനമുള്ളവര്‍ ചുരുങ്ങിയത് പതിനേഴ് ലക്ഷമെങ്കിലും വരും. പത്ത് ലക്ഷംരൂപ വരുമാനത്തിന് 2.5 ലക്ഷം രൂപ ടാക്‌സ് വരും.  ഈ നിലവാരത്തില്‍ ടാക്‌സ് നല്‍കുന്നവരുടെ സംഖ്യ ഇരട്ടിയായാല്‍ത്തന്നെ നികുതി വരുമാനത്തില്‍ വരുന്ന വര്‍ദ്ധന എത്രവലുതായിരിക്കും.  കേന്ദ്രമന്ത്രി ശ്രീ. ജയ്‌റാം ഗണേഷ് പറയുന്നത് നികുതി പിരിക്കാനായി നമുക്ക് 55,000 ത്തിലധികം ഉദ്യോഗസ്ഥരുണ്ടെങ്കിലും മൊത്തംകിട്ടുന്ന നികുതിയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും അഡ്വാന്‍സ് അടവിലൂടെയും ഉത്ഭവസ്ഥാനത്ത് നികുതി പിടിക്കുന്നതിലൂടെയുമാണ് കിട്ടുന്നത് എന്നാണ്.
നികുതി എങ്ങനെ ചെലവാക്കണം
  സംസ്ഥാന സര്‍ക്കാരുകള്‍ നികുതിവരുമാനം എങ്ങനെ ചെലവാക്കണമെന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്, കാരണം ഭാവിയിലെ നികുതി വരുമാനം ഇതിനെ ആശ്രയിച്ചിരിക്കും.  താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ടെലിവിഷന്‍ നല്‍കുന്നതും അരിനല്‍കുന്നതും ലോണ്‍എഴുതിത്തള്ളുന്നതും പൂര്‍ണ്ണമായും നികുതി ദായകന്റെ ചെലവിലായിരിക്കണമോ?
ഇന്ത്യ എന്ന ഉപഭോഗ സമ്പദ്‌വ്യവസ്ഥ
  ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഉപഭോക്താവ് ഒരു നിര്‍ണ്ണായക ശക്തിയാണ്.  ഒരു വികസിത സമ്പദ്‌വ്യവസ്ഥയുടെ മൂന്നില്‍രണ്ടും ഉപഭോക്താവിന്റെ ചെലവിന്റെ അടിസ്ഥാനത്തിലാണ്.  ഉയര്‍ന്ന തൊഴിലില്ലായ്മ ഉപഭോക്താക്കളുടെ ചെലവാക്കാനുള്ള കഴിവിനെ ബാധിക്കും. ഇന്ത്യ, യു.കെ., അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഉപഭോക്തൃചെലവ് ജി.ഡി.പി.യുടെ 65% ആണെങ്കില്‍, ജപ്പാനിലത് 55% ഉം, ചൈനയില്‍ 40% ഉം മാത്രമാണ്.  ഇന്ത്യയിലെ 583 ജില്ലകളിലെയും 100 നഗര പ്രാന്തങ്ങളിലെയും ഗാര്‍ഹിക വാങ്ങല്‍ശക്തി 2003 ല്‍ 1,48,62,000 കോടിരൂപയായിരുന്നു. ഇന്ത്യയുടേത് ഒരുപഭോഗ സമ്പദ്‌വ്യവസ്ഥയാണ്.

ഇന്‍വെസ്റ്റ്‌മെന്റും വികസനവും
 ഇന്ത്യയുടെ വികസനത്തിന്റെ ചാലകശക്തിയായി വിശേഷിപ്പിക്കുന്ന സ്വകാര്യ ഉപഭോഗം 1990 ല്‍ ജി.ഡി.പി.യുടെ 70 ശതമാനമായിരുന്നുവെങ്കില്‍ 2000ത്തില്‍ അത് 65 ശതമാനവും 2006-07ല്‍ അത് 59 ശതമാനവുമായി കുറഞ്ഞു. 2001 നു ശേഷമുള്ള ഇന്ത്യയുടെ വികസന കുതിപ്പിനു കാരണം ഇന്‍വെസ്റ്റ്‌മെന്റ് (മുതല്‍ മുടക്ക്) ആയിരുന്നു. 2000-08 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ വാര്‍ഷിക ജി.ഡി.പി വളര്‍ച്ച ശരാശരി 7 ശതമാനവും സ്വകാര്യ ഉപഭോഗവളര്‍ച്ച 5.6 ശതമാനവും ഫിക്‌സഡ് ഇന്‍വെസ്റ്റ്‌മെന്റ് വളര്‍ച്ച 12.6 ശതമാനവുമായിരുന്നു. തല്‍ഫലമായി ഫിക്‌സഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ വിഹിതം 2001-02 ല്‍ ജി.ഡി.പി യുടെ 22 ശതമാനമായിരുന്നുവെങ്കില്‍ 2006-07ല്‍ അത് 34 ശതമാനത്തിലെത്തി. 2002-07 കാലഘട്ടത്തിലെ ഇന്ത്യയുടെ വികസനം പ്രധാനമായും ആട്ടൊമൊബീലും അനുബന്ധ ഘടകങ്ങളും ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ മാനുഫാക്ചറിംഗ് മേഖലകളുടെ വികസനത്തെ അടിസ്ഥാനമാക്കിയായിരുന്നു.
സമ്പാദ്യത്തിന്റെ ഉറവിടം
 ഇന്ത്യയുടെ വികസനത്തിനുള്ള പണത്തിന്റെ വലിയ ഉറവിടം ആഭ്യന്തര സമ്പാദ്യമാണ്.  ഇത് ജി.ഡി.പി.യുടെ 30% വരും.  ഇത് ചൈനയില്‍ 40% ഉം, അമേരിക്കയില്‍ 18% ഉം, ബ്രസീലില്‍ 20% ഉം ആണ്. ഇന്ത്യയില്‍ ആകെ സമ്പാദ്യത്തിന്റെ 80% ഉം ഗാര്‍ഹികമേഖലയില്‍ നിന്നാണെങ്കില്‍, ചൈനയിലത് ഭൂരിപക്ഷവും സര്‍ക്കാരിന്റേതും കമ്പനികളുടേതുമാണ്.
 വികസന ചര്‍ച്ചകളില്‍ ഉപഭോക്തൃചെലവ് കുറയാതെ നോക്കണം, ഒപ്പം ആഭ്യന്തര സമ്പാദ്യം ഉയര്‍ത്തുകയും വേണം.  അതിനുതകുന്ന നയങ്ങള്‍ രൂപീകരിക്കണം.
മൈക്രോ ഫിനാന്‍സ്
 പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അനുയോജ്യമായ മാര്‍ഗ്ഗമാണ് മൈക്രോഫിനാന്‍സ്.  ഇന്ത്യയിലെ മൊത്തം ബാങ്ക് ബ്രാഞ്ചുകളുടെ ഇരട്ടിയാണ് ആകെയുള്ള 1,55,516 പോസ്റ്റാഫീസുകള്‍. 6615 പേര്‍ക്ക് ഒന്ന്, 21.13 ചതുരശ്രകിലോമീറ്ററിന് ഒന്നും എന്ന അനുപാതത്തില്‍ ആണ് ഇന്ത്യയില്‍ പോസ്റ്റാഫീസുകള്‍. ഈ പോസ്റ്റാഫീസുകള്‍ക്ക് മൈക്രോഫിനാന്‍സ് ഉത്തരവാദിത്വം കൂടി നല്‍കുന്നത് ഉചിതമായിരിക്കില്ലെ? ബാങ്കുകള്‍ ഒഴിവാക്കിയ വിഭാഗങ്ങള്‍ക്ക് മറ്റൊരാശ്രയം എന്ന നിലയില്‍.
 2005 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൈക്രോഫിനാന്‍സിന്റെ അവസ്ഥയിതാണ്.  700 മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, 2.2 ദശലക്ഷം സ്വാശ്രയസംഘങ്ങള്‍, 30 ദശലക്ഷം അംഗങ്ങള്‍, 7000 കോടിരൂപ വായ്പ, ശരാശരി 2000 രൂപയാണ് ഒരംഗത്തിന് വായ്പ.  75,000 കോടിരൂപയാണ് വാര്‍ഷിക ആവശ്യം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ചെറിയ തൊഴില്‍സംരംഭം തുടങ്ങണമെങ്കില്‍പ്പോലും ചുരുങ്ങിയത് 25,000 രൂപയെങ്കിലും വേണം.  ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ നിര്‍വ്വചനത്തില്‍ സമ്പാദ്യം, ഇന്‍ഷുറന്‍സ്, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നിവയും ഉള്‍പ്പെടുത്തി ഈ രംഗങ്ങളിലും ഉചിതമായരീതിയില്‍ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുവാനുള്ള ബാധ്യത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ക്കുണ്ടായിരിക്കണം.
ജീവിതച്ചെലവും ഭക്ഷണച്ചെലവും
 ഇന്ത്യയിലെ കുടുംബങ്ങളുടെ മൊത്തംചെലവില്‍ ഭക്ഷണത്തിന്റെ വിഹിതം 1950 കളിലെ അറുപതു ശതമാനത്തില്‍നിന്നും മുപ്പത്തിയഞ്ച്ശതമാനത്തില്‍ എത്തി 2006 ല്‍. ഇത് ഇനിയും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഇത് പതിനഞ്ച് ശതമാനവും അമേരിക്കയില്‍ എട്ട്ശതമാനവും ആണ്.  അമേരിക്കയില്‍ സാധാരണ വ്യക്തികളുടെ ദിവസവരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങളുടെ വില വളരെ തുഛമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതല്ല സ്ഥിതി.
നവ പാഠ്യപദ്ധതി
 വര്‍ത്തമാനകാല ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കണമെങ്കില്‍ വ്യക്തികള്‍ക്ക് കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് പരിജ്ഞാനം, ഇംഗ്ലീഷിലുള്ള ആശയവിനിമയം, അന്താരാഷ്ട്ര ബ്രാന്‍ഡുകളെക്കുറിച്ചുള്ള അറിവുകള്‍, എ.റ്റി.എം., ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ഗ്ലോബല്‍പൊസിഷനിംഗ് സിസ്റ്റം, ആഗോള ബിസിനസ്സ് സംസ്‌കാരം, ആഗോള നാണയവ്യവസ്ഥിതി മുതലായ വിഷയങ്ങളില്‍ അറിവുണ്ടായിരിക്കണം.  നമ്മുടെ സ്‌കൂളുകളിലെ പത്താംക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി ഈ വിഷയങ്ങളും ഉള്‍പ്പെടുത്തണം.  നമ്മുടെ യുവതലമുറയെ ആഗോള തൊഴില്‍ മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ പാകത്തില്‍ വിദ്യാഭ്യാസം നല്‍കണം.
മത്സരക്ഷമതയും ഫിന്‍ലന്‍ഡിന്റെ മാതൃകയും
 വേള്‍ഡ് ഇക്കണോമിക് ഫോറ(W.E.F)ത്തിന്റെ വിലയിരുത്തലനുസരിച്ച് മത്സരക്ഷമതയില്‍ ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഒന്നാംസ്ഥാനം ഫിന്‍ലന്‍ഡിനാണ്. അവരുടെ വിജയത്തിനുപ്രധാന കാരണം സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ പണം മുടക്കിയത് കൊണ്ട് മാത്രമാണ്.  സാമ്പത്തിക അച്ചടക്കം, ഉന്നതനിലവാരം പുലര്‍ത്തുന്ന പൊതുസ്ഥാപനങ്ങള്‍, സാങ്കേതികരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഇവ മത്സരക്ഷമത കൂട്ടി.  ആഗോളവത്ക്കരണത്തിന്റെ ഫലമായി വേതനം കുറഞ്ഞരാജ്യങ്ങളായ ചൈന, ഇന്ത്യ മുതലായ രാജ്യങ്ങളില്‍നിന്നുള്ള മത്സരത്തിന്റെ ഫലമായി ഉത്പ്പാദനരംഗത്ത് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ ഫിന്‍ലന്‍ഡില്‍ ഉണ്ടായി.  ഈ പ്രതിസന്ധിയെ അവര്‍ നേരിട്ടത് വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷാപദ്ധതികള്‍,  സുതാര്യവും അഴിമതിരഹിതവുമായ ഭരണം, സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങള്‍ ഈ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതിലൂടെയാണ്.
സ്വീഡന്റെ മാതൃക
   വ്യത്യസ്തങ്ങളായ രണ്ടു സമീപനങ്ങളിലൂടെ വികസനത്തെ സമീപിച്ച ബ്രിട്ടന്റെയും, സ്വീഡന്റെയും ഒരു താരതമ്യപഠനം ഇവിടെ ശ്രദ്ധേയമായിരിക്കും. രണ്ടു രാജ്യങ്ങളും യൂറോപ്പിലെ വികസിതരാജ്യങ്ങള്‍ എന്ന നിലയില്‍ ഒരേ പശ്ചാത്തലത്തിലുള്ളതാണ്. വികസനം, വിഭവങ്ങളുടെ വിതരണം എന്നീ വിഷയങ്ങളിലെ കാഴ്ചപ്പാടുകളില്‍ മാത്രമാണ് വ്യത്യാസം. ബ്രിട്ടന്‍ ഉദാരവത്ക്കരണത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സ്വീഡന്‍ ക്ഷേമരാഷ്ട്ര തത്വങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നു.

ഇന്ത്യയ്ക്കു യോജിച്ച വികസന മാതൃക
 ഇന്ത്യയില്‍ വികസനത്തിന്റെ ചാലകശക്തികള്‍ പ്രധാനമായും ഇവരാണ് : സര്‍ക്കാര്‍ (ജി.ഡി.പി യുടെ 20 ശതമാനം), കോര്‍പറേറ്റ് വിഭാഗം (ജി.ഡി.പിയുടെ 15 ശതമാനം), കുടുംബ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍ (ജി.ഡി.പിയുടെ 40 ശതമാനം). സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങളില്‍ കുടുംബവ്യവസായങ്ങള്‍ക്ക് പ്രധാന്യം നല്‍കണം.
 വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും വലിയ വിഷയമാണ് 'ഇന്‍ക്‌ളൂസീവ് ഗ്രോത്ത്' (Inclusive Growth) അഥവാ എല്ലാ വിഭാഗക്കാരേയും ഉള്‍പ്പെടുത്തിയുള്ള വികസനം.  ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്തത ഭക്ഷ്യസുരക്ഷയിലേക്കു വഴിതുറക്കാതിരുന്നതു പോലെ സാമ്പത്തിക വികസനം മനുഷ്യന്റെ അവസ്ഥയുടെ പുരോഗതിക്കും കാരണമായില്ല. മാനുഷികമുഖമുള്ള വികസനം, മനുഷ്യാവ കാശം, സംഘര്‍ഷ ലഘൂകരണം ഇവയായിരിക്കട്ടെ വികസനത്തിന്റെ അടിസ്ഥാനമന്ത്രങ്ങള്‍.  ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങള്‍ വരെയുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളിലും ഈ വികസനം എല്ലാക്കാലത്തും എത്തുന്നു എന്നുറപ്പു വരുത്തുവാന്‍ 'ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സ്' ഉപയോഗിച്ചുള്ള വിലയിരുത്തല്‍ കാലാകാലങ്ങളില്‍ ഈ വിഭാഗങ്ങളിലൊക്കെ നടത്തി ഇല്ലായ്മകള്‍ പരിഹരിക്കണം. അതാണ് യഥാര്‍ത്ഥ വികസനം. വികസനത്തിന് അപ്പോള്‍മാത്രമാണ് അര്‍ത്ഥ മുണ്ടാകുന്നത്.






അധ്യായം-7
വികസനപാതയിലെ ഇന്ത്യയും ചൈനയും
 ഇന്ത്യയുടെയും ചൈനയുടെയും വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍വരിക പ്രത്യേക സാമ്പത്തിക മേഖലയിലധിഷ്ഠിതമായ വികസനമാണ്. ചൈന വിജയകരമായി പരീക്ഷിച്ച മാതൃകയാണ് വിവാദങ്ങള്‍ക്ക് മദ്ധ്യത്തിലും ഇന്ത്യ പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്.
ചൈനയും വികസന തുരുത്തുകളും
 1978 ല്‍ ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനൊന്നാം സമ്മേളനത്തിലാണ് ചൈനമുതലാളിത്ത പരീക്ഷണത്തിനു തീരുമാനിക്കുന്നത്. ഒരു പരീക്ഷണമെന്ന നിലയില്‍ പരാജയപ്പെട്ടാല്‍ ഉപേക്ഷിക്കണം എന്ന കണക്കുകൂട്ടലില്‍ ചൈനയുടെ തെക്ക്കിഴക്കന്‍ തീരദേശത്ത്, ജനവാസം കുറഞ്ഞവികസിതമല്ലാത്ത സ്ഥലങ്ങളാണ് പ്രത്യക സാമ്പത്തിക മേഖലയ്ക്കായി തിരഞ്ഞെടുത്തത്. ഇതിനു പുറമെ, ചൈനയുടെ പ്രദേശങ്ങളായ ഹോംഗ്‌കോംഗും തായ്‌വാനും മക്കാവോയും തിരിച്ചു പിടിക്കണമെന്ന ഉദ്ദേശവും അവര്‍ക്കുണ്ടായിരുന്നു. ആദ്യവര്‍ഷങ്ങളില്‍ പ്രകടനം മോശമായിരുന്നു. 1984ല്‍ നയങ്ങള്‍ ചില തിരുത്തലുകള്‍ക്കു വിധേയമാക്കി. പതിന്നാലു തീരദേശനഗരങ്ങളിലേക്ക് വിദേശമുതല്‍ മുടക്ക് ആകര്‍ഷിക്കുന്നതില്‍ ചൈനവിജയിച്ചു.
 ഒരു രാഷ്ട്രത്തിനകത്തുതന്നെ വിമാനത്താവളം, നല്ല റോഡുകള്‍, തുറമുഖം, ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, തടസ്സങ്ങളില്ലാത്ത വ്യാപാര, വ്യവസായ അന്തരീക്ഷം, ലോകനിലവാരമുള്ള യൂണിവേഴ്‌സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, നല്ല തൊഴിലാളി, മുതലാളി ബന്ധം (അതിനായി പ്രത്യേക തൊഴില്‍ നിയമങ്ങള്‍), ഉയര്‍ന്ന ജീവിതനിലവാരം എന്നീ സൗകര്യങ്ങള്‍ കോര്‍ത്തിണക്കിയ വികസനത്തിന്റെ തുരുത്തുകള്‍. ഇതാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ അല്ലെങ്കില്‍ വികസനത്തിന്റെ തുരുത്തുകള്‍.
  ചൈനയുടെ സാമ്പത്തിക പുരോഗതിക്ക് വലിയൊരളവുവരെ സഹായിച്ചത് ഈ വികസനതുരുത്തുകളാണ്. ഇതിന്റെ മികച്ച ഒരുദാഹരണമാണ് 'വെന്‍സൗ' നഗരം. ക്ലസ്റ്റര്‍ മാതൃകയില്‍ പരസ്പരം ആശ്രിതത്വമുള്ള നൂറുകണക്കിനു ചെറുകിട വ്യവസായ യൂണിറ്റുകള്‍ പടുത്തുയര്‍ത്തി വിജയഗാഥ രചിച്ചു. 10,000 മോഡല്‍ ലൈറ്റര്‍ ഉല്‍പാദിപ്പിക്കുക വഴി ലോകത്താകെ ഉല്പാദിപ്പിക്കുന്ന ലൈറ്ററുകളുടെ 80 ശതമാനവും ഇവിടെയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതേ നഗരം തന്നെ ചൈനയുടെ മൊത്തം ഷൂസിന്റെ 25%ഉം, കണ്ണടയുടെ 80%ഉം, റേസറിന്റെ 60% ഉം, ഇലക്ട്രിക് ട്രാന്‍സ്‌ഫോമറിന്റെ 65%ഉം,വര്‍ഷം 1500 കോടി ബട്ടന്‍സും ഉല്‍പാദിപ്പിക്കുന്നു. 2005 ല്‍ ഈ നഗരത്തിന്റെ ജി.ഡി.പി ഇരുപത് ബില്ല്യന്‍ ഡോളറായിരുന്നു.
ചൈനയുടെ കയറ്റുമതി
 ചൈനയുടെ കയറ്റുമതിക്കു പിന്നില്‍ മൂന്നു ലക്ഷ്യങ്ങളാണ്. 1) ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക 2) മറ്റു രാജ്യങ്ങളുടെ വിഭവങ്ങള്‍ക്ക് സ്വന്തം രാജ്യത്തില്‍ മൂല്യ വര്‍ദ്ധനവ് വരുത്തുന്നതു വഴി സമ്പദ്്‌വ്യവസ്ഥയുടെ പുരോഗതി  3) ലോകവ്യാപാരത്തില്‍ മേല്‍ക്കോയ്മ.
 2004 ല്‍ വ്യാപാരസാധനങ്ങളുടെ കയറ്റുമതിയില്‍ ചൈനയ്ക്ക് ലോകത്ത് അഞ്ചാം സ്ഥാനമായിരുന്നു.ലോകത്താകെ നടന്ന കയറ്റുമതിയില്‍ ചൈനയുടെ വിഹിതം അഞ്ചുശതമാനം  ആയിരുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ ചൈനയുടെ വ്യാപാരസാധനകയറ്റുമതി നാലിരട്ടിയായി വര്‍ദ്ധിച്ചു. മറിച്ച് ഇന്ത്യക്ക് ഈ വിഷയങ്ങളില്‍ മുപ്പതാം സ്ഥാനവും 0.8% വിഹിതവും 60% വര്‍ദ്ധനവും  മാത്രമാണ് നേടിയത്.
ചൈനയുടെ വിജയകാരണങ്ങള്‍
 ചൈനയുടെ വിജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പ്രത്യേകസാമ്പത്തിക മേഖലകളാണ് പ്രധാനമായും വിജയത്തിന്റെ ശില്പികള്‍. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുവാനായി അടിസ്ഥാന ഘടകങ്ങളായ ഭൂമി, വൈദ്യുതി, ഭൗതികസുരക്ഷിതത്വം, ഗതാഗതം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് പുറമെ കുറഞ്ഞ നിരക്കിലുള്ള നികുതി, കയറ്റുമതിയുടെ ആവശ്യത്തിനായുള്ള യന്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ ഇവ നികുതിയില്ലാതെയുള്ള ഇറക്കുമതി, അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ലോജിസ്റ്റിക്‌സ്, തൊഴിലാളികളെ ഇഷ്ടാനുസരണം നിയമിക്കുവാനും പിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യം ഇവ നല്കിയിട്ടാണ് വിദേശമുടക്കു മുതല്‍ ഈ മേഖലകളിലേക്കു ക്ഷണിച്ചത്. ഓരോ മേഖലയിലെയും പ്രധാനലക്ഷ്യം വിദേശ മുതല്‍മുടക്കും അവരുടെ സാങ്കേതിക വൈദഗ്ധ്യവും കോര്‍ത്തിണക്കി കുറഞ്ഞ ശമ്പളമുള്ള ചൈനീസ് തൊഴിലാളികളുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. അതു വഴി ചൈനാക്കാര്‍ക്ക് തൊഴിലും മുതല്‍ മുടക്കിയവനു അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മേധാവിത്വവും തദ്വാര ലാഭവും. ഇലക്‌ട്രോണിക്‌സ്, വസ്ത്രവ്യാപാരം, പ്‌ളാസ്റ്റിക്കളിപ്പാട്ടം,സിറാമിക്‌സ് തുടങ്ങി തൊഴിലിനു മുന്‍തൂക്കമുള്ള വ്യവസായങ്ങളായിരുന്നു പ്രധാനമായും.
 തൊഴിലാളികളെ ഇഷ്ടം പോലെ നിയമിക്കുവാനും, പിരിച്ചു വിടാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഫലമായിഎന്തുസംഭവിച്ചു എന്നു പരിശോധിക്കാം. 1978 ല്‍ സംഘടിതമേഖലയില്‍ ചൈനയില്‍ തൊണ്ണൂറ്റിയഞ്ച് ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്തുവെങ്കില്‍, 2000 ത്തില്‍ അത് 158.5 ദശലക്ഷമായി. ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലത് 22.9 ദശലക്ഷത്തില്‍ നിന്നും 27.9 ദശലക്ഷമായി. തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ള 600 ദശലക്ഷം ഇന്ത്യക്കാരുടെ 4.6 ശതമാനം മാത്രം.
 2005 ലെ കണക്കനുസരിച്ച് ആഗോള ജി.ഡി.പിയുടെ 7.2 ശതമാനമാണ് ഇന്ത്യയുടേതെങ്കില്‍ ചൈനയുടേത് 15.7 ശതമാനവും യു.എസ് 26.4%ഉം യൂറോപ്പ് 19.3%ഉം ആണ്.
ചൈന:മുടക്കു മുതലിന്റെ സ്രോതസ്സ്
 ചൈനയുടെ വളര്‍ച്ചയ്ക്കുള്ള പണം എവിടെ നിന്നു വരുന്നു? വിദേശ നിക്ഷേപം ഒരു പ്രധാനഘടകമാണ്. എന്നാല്‍ അതുമാത്രമായിരുന്നൊ? 2003 ലെ കണക്കനുസരിച്ച് ആഭ്യന്തര സമ്പാദ്യം 42% ആയിരുന്നു. ഈ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കമ്പനികളുടേതും, സര്‍ക്കാരിന്റേതുമാണ്. ഇന്ത്യയില്‍ 2004-05 ലെ കണക്കനുസരിച്ച്  ആഭ്യന്തരസമ്പാദ്യം ജി.ഡി.പിയുടെ 29.1% ആയിരുന്നു. ഈ സമ്പാദ്യത്തിന്റെ 80%ഉം ഗാര്‍ഹിക മേഖലയില്‍ നിന്നായിരുന്നു. കമ്പനികളുടെ വിഹിതം 4.8%ഉം, സര്‍ക്കാരിന്റേത് 2.2%ഉം. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം ജി.ഡി.പി യുടെ 7.4% മാത്രമായിരുന്നു. ജി.ഡി.പി-സമ്പാദ്യ അനുപാതത്തിന്റെ കാര്യത്തില്‍ യു.എസ്സ് 18% ത്തിലും, ബ്രസ്സീല്‍ 20% ത്തിലും ഒതുങ്ങിനില്‍ക്കുന്നു. ചൈനയിലെ പ്രൈമറിമാര്‍ക്കറ്റ് (കജഛ)അതിന്റെ ഉഛസ്ഥായിയിലെത്തിയ 2000ത്തില്‍ 20 ബില്ല്യന്‍ ഡോളറിന്റേതായിരുന്നുവെങ്കില്‍, ബാങ്ക് നിക്ഷേപം 9 ട്രില്ല്യന്‍ ഡോളറും വിദേശനിക്ഷേപം 50 ബില്ല്യന്‍ ഡോളറുമായിരുന്നു. ഇന്ത്യയില്‍ ജി.ഡി.പി.യുടെ  60% ആണ് ബാങ്ക് ഡിപ്പോസിറ്റെങ്കില്‍ ചൈനയില്‍ 190%ഉം ജപ്പാനില്‍ 142%ഉം ആണ്. ഇന്ത്യയില്‍ കടം ജി.ഡി.പി.യുടെ 62% ആണെങ്കില്‍ ചൈനയിലത് 151%ഉം ജര്‍മ്മനിയില്‍ 144% ജപ്പാനില്‍ 314% യു.കെ.യില്‍ 140% യു.എസില്‍ 209%, ലോകശരാശരി 158%ഉം ആണ്.
ചൈന: വികസന കാരണങ്ങള്‍
 അന്താരാഷ്ട്രവ്യാപാരം മാത്രമാണോ ചൈനയുടെ വളര്‍ച്ചയ്ക്ക് കാരണം? ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും ജി.ഡി.പിയുടെ 75% വരുമെങ്കില്‍, ഇന്ത്യ, ജപ്പാന്‍ മുതലായ രാജ്യങ്ങള്‍ക്കിത് 25-30 ശതമാനത്തിലൊതുങ്ങും. 2002ലെ ചൈനയുടെ വിദേശ വ്യാപാരമിച്ചമായ 30 ബില്ല്യന്‍ഡോളര്‍, ആകെ ജി.ഡി.പി യായ 1252 ബില്ല്യന്‍ഡോളറിന്റെ 2.4% മാത്രമായിരുന്നു. നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം, ഉപഭോക്തൃ ചെലവ് ഇവയും ചൈനയുടെ വളര്‍ച്ചക്ക് കാരണമാണ്. ഉപഭോക്തൃചെലവ് ജി.ഡി.പിയുടെ 42% ആണ് ചൈനയിലെങ്കില്‍, ഇന്ത്യയിലത് 65%ഉം, ബ്രസീലില്‍ 55%ഉം ആണ്. ഭൂരിപക്ഷം യുവത്വത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ഉപഭോഗത്തിലധിഷ്ഠിതമാണ് ഇന്ത്യയുടെ വികസനം.
ഉല്പാദനച്ചെലവ് : ഇന്ത്യയും ചൈനയും
 കുറഞ്ഞ ഉല്പാദനച്ചെലവാണൊ ചൈനയ്ക്ക് ഇന്ത്യയ്ക്ക് മേലുള്ള ആധിപത്യത്തിനു കാരണം? രണ്ടു രാജ്യങ്ങളിലെയും ബാങ്കിംഗ്, സ്റ്റീല്‍, കംപ്യൂട്ടര്‍ നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങളുടെ താരതമ്യപഠനത്തില്‍ നിന്നും മനസ്സിലായത് ആ വാദഗതി ശരിയല്ലന്നാണ്. ഡവലപ്പ്‌മെന്റ് ബാങ്ക് റിസര്‍ച്ച് ബുള്ളറ്റിന്‍ അനുസരിച്ച് ഷെന്‍സെന്‍, ഗ്വാംഗ് സോണ്‍ എന്നീ പ്രത്യേക സാമ്പത്തിക മേഖലകളില്‍ 26.70 രൂപ ഒരു മണിക്കൂറിലെ ശരാശരിവേതനമാണെങ്കില്‍ ഇവയ്ക്കു പുറത്തുള്ള ചൈനയിലെ സ്വെറ്റ് ഷോപ്പുകളില്‍ (കുറഞ്ഞശമ്പളത്തില്‍ അധിക ജോലിയെടുപ്പിക്കുന്ന സ്ഥലങ്ങള്‍) 23.10 രൂപയായിരുന്നു ശരാശരി ശമ്പളം. ഇന്ത്യയിലെ സ്ഥിതി എന്താണ്? മണിക്കൂറിന് ശരാശരി 7.5-12.5 രൂപയാണ് ശരാശരി വേതനം.
ചൈനയുടെ നേട്ടം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നഷ്ടം
 ചൈനയുടെ അസൂയാവഹമായ വളര്‍ച്ചയുടെ ഫലമായി ആഗോളസമൂഹത്തിനെന്തു സംഭവിച്ചു എന്നു പരിശോധിക്കാം. ലോകം മുഴുവന്‍ ഉപഭോഗവസ്തുക്കള്‍ കുറഞ്ഞവിലയ്ക്കു വില്‍ക്കുന്നതിന്റെ ഫലമായി ചൈനയുമായി മത്സരിക്കുന്ന രാജ്യങ്ങളില്‍ യഥാര്‍ത്ഥവേതനം താഴോട്ട് വരുന്നു. ലാഭം കൂട്ടാനായി അന്താരാഷ്ട്രകോര്‍പ്പറേഷനുകള്‍ ഉത്പാദനം ചൈനയിലേക്കും ഇന്ത്യയിലേക്കും മാറ്റിയതിന്റെ ഫലമായി വികസിതരാജ്യങ്ങളില്‍ വേതനം കുറഞ്ഞു. കോര്‍പ്പറേഷനുകളുടെ ലാഭം വര്‍ദ്ധിച്ചു. വര്‍ദ്ധിച്ച വരുമാനത്തിന്റെ വിതരണം തൊഴിലാളിക്കുപകരം മുതലാളിക്കു കിട്ടുന്നു. 'ദി ഇക്കണോമിസ്റ്റ്' എന്ന മാസികയുടെ പഠനമനുസരിച്ച് ഭൂരിഭാഗം വികസിത രാജ്യങ്ങളിലും ദേശീയ വരുമാനത്തില്‍ ശമ്പളത്തിന്റെ വിഹിതം സമീപകാല ചരിത്രത്തില്‍ ഏറ്റവും താഴത്തെ നിലയിലെത്തി. ദശാബ്ദങ്ങളായി ഇത് മാറ്റമില്ലാതെ തുടരുകയായിരുന്നു. ചുരുക്കത്തില്‍ ചൈനയുടെ വളര്‍ച്ചയുടെ ഫലമായി് വികസിതരാജ്യങ്ങളിലെ  തൊഴിലാളിവര്‍ഗ്ഗം ദാരിദ്ര്യത്തിലേക്ക് അടുത്തപ്പോള്‍, വ്യവസായികള്‍ കൂടുതല്‍ പണക്കാരായി. ആഗോള എണ്ണ വില വര്‍ദ്ധനവിനു ഒരു കാരണം ഇന്ത്യയും ചൈനയും ആണെങ്കിലും അതിന്റെ ഫലമായി ഒരു ആഗോള പൊതു വിലവര്‍ദ്ധനവ് തടഞ്ഞതിന് ചൈനയാണ് പ്രധാനകാരണം.
മത്സരക്ഷമത:ഇന്ത്യയും ചൈനയും
 വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2006 ലെ ആഗോള മത്സരക്ഷമതാ റാങ്കിംഗില്‍ ഇന്ത്യ 2005 ലെ 45 ല്‍ നിന്നും 43 ലേക്കുയര്‍ന്നപ്പോള്‍, ചൈന 48ല്‍ നിന്നും 54 ലേക്കു താണു. മുടക്കുമുതലിന്റെ ഉല്പാദനക്ഷമതയില്‍ ചൈനയെക്കാള്‍ മുന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന മത്സരക്ഷമതക്ക് കാരണം വികാസം പ്രാപിച്ച കോര്‍പ്പറേറ്റ് സെക്ടര്‍, സൃഷ്ടിപരത, സാങ്കേതികതയുടെ മികച്ച വിനിയോഗം, കൈമാറ്റം ഇവയാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ വിദ്യുച്ഛക്തി, റോഡ്, പോര്‍ട്ട്, വ്യവസായ എസ്റ്റേറ്റുകള്‍ ഇവയില്‍ ചൈനയ്ക്ക് മുന്‍തൂക്കമുണ്ടെങ്കിലും 'സോഫ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍' ഘടകങ്ങളായ കമ്പനി ഭരണം, നിയമവ്യവസ്ത, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതി എന്നീ വിഷയങ്ങളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. നിര്‍മ്മാണ വ്യവസായങ്ങളിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയാണ്  ഇന്ത്യ ലക്ഷ്യമിടുന്നത്. ലാഭക്ഷമത, മുടക്കുമുതലില്‍ നിന്നുള്ളവരുമാനം, ഷെയര്‍ ഉടമകള്‍ക്കു നല്‍കുന്ന പ്രതിഫലം ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനയിലെ കമ്പനികളെക്കാള്‍ മുന്നിലാണ.് എന്‍ജിനിയറിംഗ് വ്യവസായത്തിലും ഇന്ത്യക്കാണ് മുന്‍തൂക്കം. 2007-08 ലെ റാങ്കിംഗില്‍ (Global Competitiveness Report) ഇന്ത്യയുടെ സ്ഥാനം 43ല്‍ നിന്ന് 48 ലേക്ക് താണപ്പോള്‍ ചൈന 54ല്‍ നിന്ന് 34 ലേക്കുയര്‍ന്നു. അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം ഇവയാണ് ഇന്ത്യയെ പുറകോട്ടടിച്ചത്.
സമൂഹ അസമത്വം
 ഇന്ത്യയും ചൈനയും ആഗോളവത്ക്കരണവുമായി നല്ല രീതിയില്‍ പൊരുത്തപ്പെട്ടുവെങ്കിലും ഇരു രാജ്യങ്ങളിലും പൊരുത്തക്കേടുകളും ദൃശ്യമാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈന ലോകത്തിലെ ഏറ്റവും സമത്വമുള്ള സമൂഹം എന്ന സ്ഥാനത്തുനിന്ന് അസമത്വങ്ങളുടേതായ ഒരു സമൂഹമായി വളര്‍ന്നു. യു.എന്‍.ഡി.പി. പ്രസിദ്ധീകരിച്ച 2005 ലെ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് റിപ്പോര്‍ട്ടനുസരിച്ച് ചൈനയുടെ ജിനി ഇന്‍ഡക്‌സ് 44.7 ഉം, ഇന്ത്യയുടേത് 32.5ഉം ആണ്. (ഒരു സമൂഹത്തിലെ സമത്വമില്ലായ്മയുടെ അളവുകോലായി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഉപയോഗിക്കുന്നതാണ് ജിനി ഇന്‍ഡക്‌സ്. പൂര്‍ണ്ണമായ സമത്വം പൂജ്യവും, പൂര്‍ണ്ണമായ അസമത്വം നൂറും).
സമരങ്ങള്‍ ചൈനയില്‍
 സമരങ്ങളും ബന്ദും ഹര്‍ത്താലും ഇന്ത്യയില്‍ സാധാരണ സംഭവങ്ങളാണ്. ചൈനയിലെ സ്ഥിതിനോക്കാം. ശമ്പള കുടിശ്ശിക, പെന്‍ഷന്‍ കുടിശ്ശിക, അഴിമതി, അന്യായമായ ഭൂമിപിടിച്ചെടുക്കല്‍ ഈ വിഷയങ്ങളിലെ ജനങ്ങളുടെ പ്രതിഷേധം  അറിയിക്കുവാനായി 2005ല്‍ മാത്രം 87000 പ്രതിഷേധ പ്രകടനങ്ങള്‍ ചൈനയില്‍ നടന്നു. (ചൈനയിലെ പൊതു സുരക്ഷിതത്വ മന്ത്രാലയം പ്രസിദ്ധീകിച്ച കണക്കാണിത്).
ചൈന : ഭാവി നടപടികള്‍
 വികസനത്തില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അന്തരം, ദരിദ്രരും സമ്പന്നരും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരം ഇക്കാരണങ്ങളാല്‍  ഉദാരവത്ക്കരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൈനതീരുമാനിച്ചു.വിദേശ കമ്പനികള്‍ക്കു നല്കിയ നികുതി ആനുകൂല്യങ്ങള്‍ 2008 മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. കുറഞ്ഞ കൂലിയാണ് ചൈനയുടെ ആകര്‍ഷണമെങ്കില്‍ ആ നേട്ടത്തിന്  മങ്ങലേല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ശമ്പളം, പിരിച്ചുവിടല്‍ തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് തൊഴിലാളികള്‍ക്കും പങ്കെടുക്കാം. ത്വരിതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി ചൈനയില്‍ ശമ്പളവും ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങി. ഷാംഗ്ഹായ് നഗരത്തില്‍ സാധാരണ തൊഴിലാളിയുടെ ശരാശരി മാസശമ്പളം 272-362 ഡോളറായിരുന്നെങ്കില്‍, ഗാംഗ്‌സൗ നഗരത്തിലത് 134-446 നിലവാരത്തിലാണ്. എന്നാല്‍ ന്യൂഡല്‍ഹിയില്‍ അത് 165-320 ഡോളറും ബാംഗ്‌ളൂരില്‍ 209-325 നിലവാരത്തിലുമാണ്. വീട്ടുവാടകയും ചൈനയിലെ നഗരങ്ങളില്‍ ഇന്ത്യയിലെ നഗരങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഇതിന്റെയൊക്കെ ഫലമായിരിക്കാം വിദേശനിക്ഷേപം 2006ല്‍, 1999 ലെ നിലവാരത്തേക്കാള്‍ 4.1% കുറവായിരുന്നു ചൈനയില്‍.
വികസനപാതയിലെ ഇന്ത്യയും ചൈനയും - താരതമ്യപഠനം
  ചൈന ഇന്ത്യ
1) ജനസംഖ്യ (ദശലക്ഷം) 1314 1095
2) ആയൂര്‍ദൈര്‍ഘ്യം (വര്‍ഷം)  71 64
3) ശിശുമരണം (1000 ജനനത്തിന്) 31 85
4) ആകെ കുട്ടികളില്‍ 5-ാം സ്റ്റാന്‍ഡേര്‍ഡ്
 പൂര്‍ത്തിയാക്കിയവര്‍ 98%  47%
5) സാക്ഷരത -15 വയസ്സും, മുകളിലുള്ളവര്‍ 91%  61%
6) സാക്ഷരത 15-24 പ്രായത്തിലുള്ളവര്‍  98% 76%
7) അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:20 1:40
8) ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങള്‍
 (ആകെ പ്രസവങ്ങളുടെ % ത്തില്‍) 80%  43%
9) ജി.ഡി.പി. (ബില്ല്യന്‍ യു. എസ്സ്. ഡോളര്‍) 2600 850
10) ആളോഹരി ജി.ഡി.പി ഇന്‍ഡ്യയുടെ2.7 ഇരട്ടി
11) ജി.ഡി.പി വളര്‍ച്ച 10%  9%
12) ദാരിദ്ര്യം
 (മൊത്തം ജനസംഖ്യയുടെ ശതമാനത്തില്‍) 10%  25%
13) തൊഴിലില്ലായ്മ നിരക്ക് 20%  30%
14) ഗ്രാമീണജനതയുടെ വരുമാനം-
 കാര്‍ഷികേതരമേഖലയില്‍നിന്ന്
 (ആകെ ജനസംഖ്യയുടെ 75% വരുന്ന
 ഗ്രാമീണര്‍ ഇന്ത്യയില്‍ കൃഷിയെ
 ആശ്രയിച്ചു ജീവിക്കുന്നു) 50%  0%
15) ഭക്ഷ്യധാന്യ ഉല്‍പ്പാദനം (ദശലക്ഷം ടണ്‍) 418 210
16) കൃഷിയിലെ ഉല്പാദനക്ഷമത ഇന്ത്യയുടെ ഇരട്ടി
17) പോഷകാഹാരക്കുറവുള്ള കുട്ടികള്‍
 (ദശലക്ഷം) 7 57
18) സ്റ്റീല്‍ ഉല്പാദനം  (ദശലക്ഷം ടണ്‍) 423 43
19) സിമെന്റ് ഉല്പാദനം (ദശലക്ഷം ടണ്‍) 1240 168
20) കല്‍ക്കരി ഉല്പാദനം (ദശലക്ഷം ടണ്‍) 1300 300
21) യാത്രക്കായുള്ള കാറുകളുടെ ഉല്പാദനം
  (ദശലക്ഷം) 5.2 1.5
22) വൈദ്യുതി ഉല്പാദനം
 (ബില്ല്യന്‍ കിലോവാട്ട്/മണിക്കൂര്‍)(ഗണഒ) 2830 664
23) റോഡ് നെറ്റ് വര്‍ക്ക്
  (ലോകനിലവാരമുള്ള 4 വരി/6 വരി
 പാത കിലോമീറ്ററില്‍) 45,000 6989
24) മൊബൈല്‍ ഫോണുകള്‍ (ദശലക്ഷം) 463 166
25) ലാന്‍ഡ് ഫോണുകള്‍ (ദശലക്ഷം)  311 67
26) കയറ്റുമതി (ഇന്ത്യയുടെ എത്ര ഇരട്ടി) 8
27) ഇറക്കുമതി (ഇന്ത്യയുടെ എത്ര ഇരട്ടി) 4
28) കയറ്റുമതിയുടെയും ഇറക്കുമതിയുടെയും
 ആകെ മൂല്യം
 (ബില്ല്യന്‍ യു. എസ് ഡോളര്‍) 1761 307
29) ജി.ഡി.പിയുടെ ശതമാനം 69 37
30) നേരിട്ടുള്ള വിദേശനക്ഷേപം
 (ബില്ല്യന്‍ യു.എസ്  ഡോളര്‍) 63 9
31) വിദേശനാണ്യ ശേഖരം
 (ബില്ല്യന്‍ യു.എസ്  ഡോളര്‍) 1200 208
32) മാനുഫാക്ചറിംഗ് രംഗത്ത്
 തൊഴിലെടുക്കുന്നവര്‍  100 ദശലക്ഷം 7ദശലക്ഷം
33) മാനുഫാക്ചറിംഗ് രംഗത്ത്
 വാര്‍ഷിക വളര്‍ച്ച 40% 26%
 (2006, 2007 വര്‍ഷങ്ങളിലെ കണക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്)
ഇന്ത്യയുടെ ശോഭന ഭാവി
 ഇന്ത്യയിലെ പൗരന്റെ ശരാശരി വയസ്സ് ഇരുപത്തിനാല് ആണങ്കില്‍ ചൈനയിലത് മുപ്പത്തിനാലും യു.എസ്സ്-ല്‍ മുപ്പത്തിയേഴും യൂറോപ്പില്‍ നാല്പതുമാണ്. ഐക്യരാഷ്ട്രസഭയുടെ 2005-50 ജനസംഖ്യ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ (15-59) ശതമാനം 60% ത്തില്‍ നിന്നും 61%  ആകുമ്പോള്‍, ചൈനയിലത് 67.7%  ത്തില്‍ നിന്നും 53.5%  ആയി കുറയും. തല്‍ഫലമായി മൊത്തം ജനസംഖ്യയില്‍  ആശ്രിതരുടെ ശതമാനം ഇന്ത്യയില്‍ കുറയുകയും  ചൈനയില്‍ കൂടുകയും ചെയ്യും. ഈ കാരണം കൊണ്ടുതന്നെ ഇന്ത്യയ്ക്കാണ് ഭാവിയുള്ളത്. ഈ വലിയ ജനസംഖ്യ രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാകണമെങ്കില്‍ അവര്‍ക്കു ലോകനിലവാരമുള്ള വിദ്യാഭ്യാസം നല്കണം. സമൂഹം ഈ വലിയ സത്യം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഈ വലിയ ജനസംഖ്യ ഇന്ത്യയ്ക്കും ലോകത്തിനും ഒരു ബാധ്യതയായ്ത്തീരും!
ജനങ്ങളില്‍ നിന്നകലുന്ന വികസനം
 ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കി (A.D.B)ന്റെ കണക്കനുസരിച്ച് ചൈനയിലെ 42% ജനങ്ങള്‍ക്കും ദിവസവരുമാനം രണ്ട് ഡോളറില്‍ താഴെയാണ്. ഇന്ത്യയിലെ 35% ജനങ്ങള്‍ക്കും ദിവസവരുമാനം  ഒരു ഡോളറോ, അതില്‍ താഴെയോ ആണ്. ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനം മാത്രം കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയില്ല എന്ന സത്യം ലോകത്തെ ഓര്‍മ്മിപ്പിക്കുകയാണൊ ഇന്ത്യയും ചൈനയും? സമീപകാലത്ത് അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാല്‍ബ്രിയേത്ത് പറയുന്നത് നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ് അസ്ഥിരത, പ്രത്യേകിച്ചും ഒരു രാജ്യത്ത് അതിന്റെ ശൈശവ ദശയില്‍. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് ആഗോളവത്ക്കരണത്തെക്കുറിച്ച് പറഞ്ഞതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുന്നത് ഉചിതമായിരിക്കും. “ഈ കളിയുടെ നിയമങ്ങള്‍ക്ക് രൂപം കൊടുത്തത് വികസിത വ്യവസായവല്‍കൃത രാജ്യങ്ങളാണ്. അവരുടെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ അവര്‍ ആഗോളവത്ക്കരണത്തെ രൂപപ്പെടുത്തി”: വര്‍ത്തമാനകാല ഇന്ത്യയും ചൈനയും വികസനപാതയിലൂടെ  കുതിക്കുമ്പോഴും ഗാല്‍ബ്രിയേത്തിന്റെയും സ്റ്റിഗ് ലിറ്റ്‌സിന്റെയും  ഉപദേശങ്ങള്‍ മറക്കാതിരിക്കുന്നതു നന്നായിരിക്കും.





അധ്യായം-8
ഭാവി ഭാരതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
ക. ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ
 യേശുക്രിസ്തുവിന്റെ ജനനം മുതല്‍ ഔറംഗസീബിന്റെ കാലംവരെയുള്ള 1700 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യ 23 കോടിയില്‍ നിന്നും 90 കോടിയിലെത്തിയെങ്കില്‍ അടുത്ത 300 വര്‍ഷംകൊണ്ട് അത് 90 ല്‍ നിന്ന് 650 കോടിയിലെത്തി.  ആളോഹരി വരുമാനത്തിന്റെ കണക്കും ഇതുപോലെയാണ്.  1990 ലെ നിലവാരത്തില്‍ അളക്കുകയാണെങ്കില്‍ 1700 വര്‍ഷംകൊണ്ട് 90 ഡോളറില്‍നിന്നും 140 ല്‍ എത്തിയെങ്കില്‍ അടുത്ത 300 വര്‍ഷംകൊണ്ട് 6500 ഡോളറിലെത്തി.
 നൂറ്റാണ്ടുകളോളം ലോകജനസംഖ്യയുടെയും സമ്പത്തിന്റെയും നാലില്‍ മൂന്നു ഭാഗവും കേന്ദ്രീകരിച്ചത് ഇന്ത്യയിലും ചൈനയിലുമായിരുന്നു.  എ.ഡി.ഒന്നാം നൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുവരെ ലോകത്തിലെ വന്‍ശക്തി ഭാരതമായിരുന്നു.  ആഗോള ജി.ഡി.പി.യുടെ 32.9 ശതമാനമായിരുന്നു ഭാരതത്തിന്റെ സംഭാവന.  1500 ല്‍ ഇന്ത്യയുടെ ജി.ഡി.പി. ലോക ജി.ഡി.പി.യുടെ 24.5 ശതമാനമായിരുന്നുവെങ്കില്‍ 1950 കളിലത് 3.8 ശതമാനത്തിലെത്തി.  1830 ല്‍ ആഗോള ഉത്പ്പാദനത്തിന്റെ 61 ശതമാനം ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക ഇവരുടെ സംഭാവനയായിരുന്നുവെങ്കില്‍ ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഇത് 8 ശതമാനത്തിലെത്തി.  1700-2000 കാലഘട്ടത്തിലെ വിപ്ലവകരമായ മാറ്റങ്ങളുടെ ഫലമായി ഇന്ത്യയും ചൈനയും ലോകത്തിന്റെ നാലില്‍മൂന്ന് ജി.ഡി.പി.യില്‍ നിന്ന് 10 ശതമാനത്തിലെത്തി.
വ്യവസായ വിപ്ലവം
 വ്യവസായ വിപ്ലവത്തിനുമുന്‍പ് 1700-1820 കാലഘട്ടത്തില്‍ യൂറോപ്പില്‍ ആളോഹരി ജി.എന്‍.പി. (GNP - Gross National Product) ഒരു വര്‍ഷം 0.2 ശതമാനം കണക്കില്‍ മാത്രമാണ് വളര്‍ന്നത്.  വികസനത്തിന് ആക്കം കൂട്ടുന്ന യാതൊരു കണ്ടുപിടുത്തങ്ങളും ഇല്ലാതിരുന്ന കാലഘട്ടം.
 1820 ന് ശേഷം സംഭവിച്ച വിപ്ലവം ഒക്കെ മാറ്റിമറിച്ചു.  ആവിയന്ത്രം കണ്ടുപിടിച്ചതോടെ ദീര്‍ഘദൂരഗതാഗതം സുഗമമായി.  ഇരുമ്പുരുക്ക്, തുണി തുടങ്ങിയ വ്യവസായങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു.  വികസനത്തിന് പരസ്പരം സഹായിക്കുന്ന രീതിയില്‍ യൂറോപ്പും ലോകത്തിലെ ഇതര രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടു. യഥാര്‍ത്ഥ ആഗോളവത്ക്കരണം സംഭവിച്ചു.  തടസ്സങ്ങളില്ലാതെയുള്ള അന്താരാഷ്ട്ര വ്യാപാരം യാഥാര്‍ത്ഥ്യമായി.  തൊഴിലാളികളും മുടക്കുമുതലും സുഗമമായി രാജ്യാതിര്‍ത്തികള്‍ കടന്നു.  വിദേശവ്യാപാരത്തിനാധാരം സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട സ്റ്റെര്‍ളിംഗ് പൗണ്ടിന്റെ സ്ഥിരവിനിമയ നിരക്കായിരുന്നു.
 അമേരിക്ക, ജപ്പാന്‍, കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ജനസംഖ്യാവര്‍ദ്ധന നിരക്കിനേക്കാള്‍ കൂടുതലായി കാര്‍ഷിക ഉല്പാദനക്ഷമത വര്‍ദ്ധിച്ചു.  വ്യവസായ വിപ്ലവത്തിന് കാര്‍ഷികമേഘലയും വലിയ പങ്കുവഹിച്ചു.  അസംസ്‌കൃത വസ്തുക്കള്‍, മുടക്കുമുതല്‍, തൊഴിലാളികള്‍ ഇവ സംഭാവനചെയ്തതിനു പുറമേ വ്യവസായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.  വ്യവസായ വിപ്ലവത്തില്‍ വൈകി പങ്കെടുത്ത പല രാജ്യങ്ങളിലും സര്‍ക്കാര്‍ മുടക്ക്, സര്‍ക്കാര്‍ സഹായം, ഉത്പ്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങുക എന്നീനയങ്ങള്‍ വികസനത്തെ സഹായിച്ചു.
 വ്യവസായ വിപ്ലവഫലമായ് പെട്ടന്ന് ദാരിദ്ര്യം കുറഞ്ഞില്ലെങ്കിലും, പില്‍ക്കാലത്ത് ദാരിദ്ര്യം കുറഞ്ഞു.  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ പശ്ചിമ യൂറോപ്പില്‍ പരക്കെ ദാരിദ്ര്യം കുറഞ്ഞു.
വികസ്വര രാഷ്ട്രങ്ങള്‍
 ആവിയന്ത്രത്താല്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ അന്താരാഷ്ട്ര വ്യാപാരരംഗം മാറ്റി മറിച്ചു, പ്രത്യേകിച്ചും വ്യവസായ വിപ്ലവം അരങ്ങേറിയ രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം.  ഇന്നത്തെ വികസ്വര രാഷ്ട്രങ്ങളില്‍നിന്ന് ധാതുക്കളും, കാര്‍ഷിക വിഭവങ്ങളും യൂറോപ്പിലേക്കും, അമേരിക്കയിലേക്കും കയറ്റി അയച്ചു.  പകരം അവിടെ നിന്നും വ്യവസായ ഉത്പ്പന്നങ്ങള്‍ വാങ്ങി.  വികസ്വര രാഷ്ട്രങ്ങളിലെ പല മേഘലകളിലെയും വിഭവങ്ങളുടെ വികസനത്തിന് അമേരിക്കയും, യൂറോപ്പും പണം മുടക്കി.
 അന്താരാഷ്ട്ര വ്യാപാരംകൊണ്ട് എല്ലാരാജ്യങ്ങള്‍ക്കും നേട്ടമുണ്ടായില്ല.  പ്രകൃതിവിഭവങ്ങളുടെ ലഭ്യത ഒരു പ്രധാനഘടകമായിരുന്നു.  കാര്‍ഷിക ഉല്പാദനക്ഷമത കുറഞ്ഞ, ഭൂമി കുറവുള്ള, ജനസംഖ്യകൂടുതലുള്ള രാജ്യങ്ങളായ ഇന്ത്യ, ചൈന, ഈജിപ്റ്റ്, ബര്‍മ്മ മുതലായ രാജ്യങ്ങളില്‍ സാമ്പത്തിക വികസനം മന്ദഗതിയിലായിരുന്നു.  ഈ രാജ്യങ്ങളിലെ ഗ്രാമീണമേഘലയിലെ പരക്കെയുള്ള ദാരിദ്ര്യം ആഭ്യന്തര വിപണിയുടെ വളര്‍ച്ചക്കു തടയിട്ടു.  ജനസംഖ്യാ വര്‍ദ്ധനവിന്റെ ഫലമായ് ആളോഹരി ഭൂമി വിഹിതം കുറഞ്ഞു.  കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളുടെ സ്വാധീനഫലമായ് കാര്‍ഷിക മേഘലയില്‍ വേതനം കുറഞ്ഞു.
 ധാരാളം ഭൂമിയുള്ള വലിയ രാജ്യങ്ങളായ കാനഡ, ആസ്‌ത്രേലിയ മുതലായ രാജ്യങ്ങളുടെ വികസനത്തിന് മുതലാളിത്ത വ്യവസ്ഥിതിയും, കമ്പോളവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു.  അങ്ങനെ ഈ രാജ്യങ്ങള്‍ വികസിത രാജ്യങ്ങളുടെ പട്ടികയില്‍പ്പെട്ടു.  ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെയും, തദ്വാരയുള്ള വികസനത്തിന്റെയും അഭാവത്തില്‍ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങളായി തുടര്‍ന്നു.
 കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ചില രാജ്യങ്ങളുടെ കാര്യത്തില്‍ വികസനത്തെ സഹായിച്ചുവെങ്കില്‍ കയറ്റുമതിയെ നിരുത്സാഹപ്പെടുത്തുന്ന, തടസ്സപ്പെടുത്തുന്ന നയങ്ങളും സ്ഥാപനങ്ങളും പടര്‍ന്നു പന്തലിച്ച രാജ്യങ്ങളില്‍ വികസനം മുരടിച്ചു.  ഈ പൊതുതത്വത്തിന് ചില അപവാദങ്ങളുമുണ്ട്.  ഇന്ത്യ, ഈജിപ്റ്റ്, ബര്‍മ്മ മുതലായ രാജ്യങ്ങളിലെ കോളനി വാഴ്ചക്കാലത്തെ സ്വതന്ത്ര വ്യാപാര നയങ്ങള്‍ ആഭ്യന്തര വ്യവസായങ്ങളുടെ നട്ടെല്ലൊടിച്ചു.  തല്‍ഫലമായ് ദാരിദ്ര്യം വര്‍ദ്ധിച്ചു. വ്യവസായവത്ക്കരണത്തിന്റെ ശൈശവദശയില്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്കു സംരക്ഷണം നല്‍കാതിരുന്ന വികസ്വരരാഷ്ട്രങ്ങളിലെ വ്യവസായങ്ങള്‍ ശൈശവത്തിലേ വളര്‍ച്ച മുരടിക്കുകയോ, അകാലമൃത്യൂവരിക്കുകയോ ചെയ്തു.
1913 മുതല്‍ 1950 വരെ
 1920 കളിലെ സാമ്പത്തികമായ കുതിച്ചുകയറ്റം, 1929 ലെ ഗ്രേറ്റ് ഡിപ്രഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വന്‍സാമ്പത്തിക തകര്‍ച്ച, രണ്ടു ലോകമഹായുദ്ധങ്ങള്‍.  ഈ കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളാണിവ.  ഈ ചരിത്ര സംഭവങ്ങളുടെ ഫലമായ് ലോകസ്വതന്ത്രവ്യാപാരം, അതിര്‍ത്തികള്‍ കടന്നുള്ള മുടക്കുമുതലിന്റെയും മനുഷ്യവിഭവശേഷിയുടെയും സ്വതന്ത്ര സഞ്ചാരം ഇവക്കു തടസ്സം സംഭവിച്ചു.  ഒ.ഇ.സി.ഡി.(O.E.C.D) രാജ്യങ്ങളിലെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച മുരടിച്ചു. ലോക യുദ്ധങ്ങളുടെയും, ഡിപ്രഷന്റെയും ഫലമായ് വികസ്വര രാഷ്ട്രങ്ങള്‍ തമ്മില്‍ വികസന വിഷയത്തില്‍ അന്തരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വികസിത രാഷ്ട്രങ്ങളെപ്പോലെ യുദ്ധത്തിന്റെയും,ഡിപ്രഷന്റെയും കെടുതികള്‍ അനുഭവിക്കേണ്ടിവന്നില്ല.
1950 മുതല്‍ 1973 വരെ
 1913 - 50 കാലഘട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ് വികസനത്തിന്റേതായ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 1950-73 കാലഘട്ടം.  വികസിത രാഷ്ട്രങ്ങളിലും വികസ്വര രാഷ്ട്രങ്ങളിലും  വികസന കുതിപ്പുതന്നെ സംഭവിച്ചു.
 യൂറോപ്പിന്റെയും ജപ്പാന്റെയും യുദ്ധാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ പുത്തന്‍ ഉണര്‍വു കൈവന്നു.
 ഒ.ഇ.സി.ഡി. രാജ്യങ്ങളില്‍ വ്യാപാര തടസ്സങ്ങള്‍ നീങ്ങിയതോടെ ആഗോളവ്യാപാരരംഗത്തിന് പുത്തന്‍ ഉണര്‍വ് കൈവന്നു.  അതിന്റെ ഫലമായ് അസംസ്‌കൃത വസ്തുക്കള്‍ക്കുണ്ടായ വര്‍ദ്ധിച്ച ആവശ്യം വികസ്വര രാഷ്ട്രങ്ങള്‍ നികത്തി.  ജപ്പാന്‍ വികസിതരാഷ്ട്രം എന്ന നിലയിലേക്കുയര്‍ന്നപ്പോള്‍ തെക്കന്‍കൊറിയ, തായ്‌വാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഒപ്പം എത്താന്‍ വെമ്പല്‍കൊള്ളുകയായിരുന്നു.
 ധാരാളം വികസ്വര രാഷ്ട്രങ്ങളില്‍ മരണനിരക്കു കുറഞ്ഞെങ്കിലും ജനനനിരക്കു കുറഞ്ഞില്ല.  തല്‍ഫലമായ് ഉടലെടുത്ത മനുഷ്യവിഭവശേഷിയെ ഒരു മുതല്‍ക്കൂട്ടായി കണ്ട കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതിക്കുപകരം എന്ന നയത്തിനു പകരം കയറ്റുമതിയിലൂന്നിയ നയങ്ങള്‍ക്കു രൂപം നല്‍കി.  ഈ നയവ്യതിയാനം വരുത്താതിരുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ദാരിദ്ര്യവും, താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പ്രശ്‌നങ്ങളും നീക്കുപോക്കുകളും
 വിദേശനാണ്യ വിനിമയത്തില്‍ ബ്രറ്റന്‍വുഡ് സിസ്റ്റത്തിന്റെ തകര്‍ച്ച (സ്ഥിരമായ വിദേശ നാണ്യ വിനിമയനിരക്ക് എന്ന സംവിധാനത്തില്‍ നിന്നും സ്ഥിരമല്ലാത്ത, മാറിക്കൊണ്ടിരിക്കുന്ന വിനിമയനിരക്ക് സംവിധാനത്തിലേക്കുള്ള മാറ്റം), ലോകത്തുള്ള മറ്റെല്ലാ കറന്‍സികളുമായുള്ള വിനിമയത്തിലും അമേരിക്കന്‍ ഡോളറിനുണ്ടായ വിലക്കയറ്റം, 1974 ല്‍ എണ്ണവിലയില്‍ മൂന്നിരട്ടിയോളം ഉണ്ടായ വര്‍ദ്ധന.  ഇതിന്റെയെല്ലാം ഫലമായ് ഒ.ഇ.സി.ഡി. രാജ്യങ്ങളില്‍ വികസനം സാവധാനത്തിലായി.  1973-74 കാലഘട്ടത്തില്‍ അരിയുടെയും ഗോതമ്പിന്റെയും ആഗോള വിലനിലവാരം മൂന്നിരട്ടി വര്‍ദ്ധിച്ചു.
 വികസന കുതിപ്പ് ആര്‍ജ്ജിക്കുവാനും മുതല്‍മുടക്ക് സ്വരൂപിക്കുവാനുമായ് ഈ പശ്ചാത്തലത്തില്‍ പല വികസ്വര രാഷ്ട്രങ്ങളും ധാരാളമായ് വിദേശത്തുനിന്ന് കടംവാങ്ങുവാന്‍ തുടങ്ങി.
 വില വര്‍ദ്ധനയെ നേരിടാനായ് പല രാജ്യങ്ങളും കാര്‍ഷിക മേഘലയ്ക്കു പ്രാധാന്യം നല്‍കി. തല്‍ഫലമായ് കാര്‍ഷിക ഉല്പാദനക്ഷമതാ വര്‍ദ്ധനവും, കാര്‍ഷിക വിപ്ലവവും അരങ്ങേറി.
 പല ആഫ്രിക്കന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കടക്കെണിയില്‍ നിന്നും എങ്ങനെ രക്ഷനേടാം എന്നതായിരുന്നു.
 1981-93 കാലഘട്ടം നയവ്യതിയാനങ്ങളുടെയും നീക്കുപോക്കുകളുടെയും കാലമായിരുന്നു.  വ്യാപാരത്തിലെ തടസ്സങ്ങള്‍ നീക്കുക, സാമ്പത്തിക മേഘലയിലെ സര്‍ക്കാരിന്റെ പങ്ക് കുറച്ചു കൊണ്ടുവരിക, കമ്പോളവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക ഇവയായിരുന്നു പുതിയ നയങ്ങള്‍.  തല്‍ഫലമായ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.  ചൈന ത്വരിതഗതിയില്‍ വികസിക്കുന്ന ഒരു സാമ്പത്തിക ശക്തിയായ് വളരാന്‍ തുടങ്ങി.  ഇന്ത്യയിലും മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.
II. വര്‍ത്തമാനകാല സംഭവങ്ങളിലൂടെ
 വ്യവസായ വിപ്‌ളവത്തിനു കാരണമായ കണ്ടുപിടുത്തങ്ങളുടെ തുടക്കം എവിടെയായിരുന്നു, കാരണങ്ങള്‍ എന്തായിരുന്നു? പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തടിക്ക്, വിറകിന് അനുഭവപ്പെട്ട അത്ഭൂതപൂര്‍വ്വമായ വിലക്കയറ്റമാണ് ഊര്‍ജ്ജത്തിന്റെ പുതിയ സ്രോതസ്സിന് കാരണമായത്.  ഏതാണ്ട് 40 വര്‍ഷങ്ങള്‍ നീണ്ടുനിന്ന  കണ്ടുപിടുത്തങ്ങളുടെ പരമ്പര തന്നെ വേണ്ടിവന്നു ഊര്‍ജ്ജത്തിന്റെ പുതിയ സ്രോതസ്സിലേക്കുള്ള ചുവടുമാറ്റത്തിന്.
 ആവിയന്ത്രത്തിന്റെ ആവിര്‍ഭാവത്തിനുശേഷം  ലോകത്ത് ധാരാളം മാറ്റങ്ങള്‍ സംഭവിച്ചു, എങ്കിലും ഇന്നും ലോകം പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളായ കല്‍ക്കരി, എണ്ണ മുതലായവയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ധാരാളം രാജ്യങ്ങളുടെ സാമ്പത്തികമായ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ എണ്ണ വില കുതിച്ചുകയറുകയാണ്.
 എത്തനോള്‍, ബയോഡീസല്‍ തുടങ്ങി സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം മുതലായ ധാരാളം കണ്ടുപിടുത്തങ്ങളിലൂടെ നാം കടന്നുപോകുന്നുവെങ്കിലും ഒന്നും പൂര്‍ണ്ണമായും പെട്രോളിയത്തിന് പകരക്കാരനാകുന്നില്ല. അതുകൊണ്ടുതന്നെ പെട്രോളിയത്തിന്റെ വില കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഈ സാഹചര്യത്തില്‍ വിപ്‌ളവകരമായ എന്തെങ്കിലും കണ്ടുപിടിത്തങ്ങള്‍ സംഭവിക്കുമെന്നും പുതിയ ഊര്‍ജ്ജസ്രോതസ്സും തല്‍ഫലമായ് ഒരു പുതിയ വ്യവസായ വിപ്‌ളവവും അരങ്ങേറുമെന്നും നമുക്ക് പ്രത്യാശിക്കാം.
 വര്‍ത്തമാനകാല ആഗോള സംഭവങ്ങളായ കാര്‍ഷികോത്പന്ന വിലക്കയറ്റവൂം, സാമ്പത്തിക, ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിക്കു കാരണമായ സബ്-പ്രൈം പ്രതിസന്ധിയും ഒക്കെ മാറ്റം എന്ന പ്രക്രിയയുടെ ഭാഗമായി കാണാം.
III. ഭാവിലോകവും ഇന്ത്യയും
 ആധുനിക ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും ഓരോ കാലഘട്ടത്തിലും ചില രാഷ്ട്രങ്ങള്‍ നേതൃസ്ഥാനത്ത് തിളങ്ങിയിരുന്നുവെന്ന്. 1700-1820 കാലഘട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സിനായിരുന്നു ലോക നേതൃത്വമെങ്കില്‍ 1820-90 കാലഘട്ടത്തില്‍ (വ്യവസായ വിപ്‌ളവ കാലഘട്ടം) ആ സ്ഥാനം ഗ്രേറ്റ് ബ്രിട്ടനായിരുന്നു.1890 മുതല്‍ ആ സ്ഥാനം യു.എസ്.എയ്ക്കാണ്.
 1997-98 ലെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക തകര്‍ച്ചയുടെ സമയംവരെ ഇരുപത്തൊന്നാം നൂറ്റാണ്ട് കിഴക്കന്‍ ഏഷ്യയുടേതായിരിക്കും എന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പലരും പ്രവചിക്കുന്നത് ആദ്യം ചൈനയും പിന്നീട് ഇന്ത്യയുമായിരിക്കും ലോകനേതൃത്വസ്ഥാനത്ത് എന്നാണ്.
ജനസംഖ്യാമുന്‍തൂക്കം
  2007-08 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി 1.25 ലക്ഷം കോടി ഡോളറാണ്. ജി.ഡി.പിയുടെ വര്‍ഷികവളര്‍ച്ച ശരാശരി 7 ശതമാനം  വെച്ചു കണക്കുക്കൂട്ടിയാല്‍ത്തന്നെ 10 വര്‍ഷം കൊണ്ട്  ജി.ഡി.പി ഇരട്ടിയാകും, 20 വര്‍ഷം കൊണ്ട് 5 ലക്ഷം കോടി (5 ട്രില്ല്യന്‍) ഡോളറിലെത്തും. രാജ്യത്ത് സംഘടിതമേഘലയില്‍ പണിയെടുക്കുന്ന 6.5 കോടി ജനങ്ങളില്‍ 2 കോടി സര്‍ക്കാരുദ്യോഗസ്ഥരാണ്. ബാക്കി 4.5 കോടിസ്വകാര്യ മേഘലയിലും, പൊതുമേഘലയിലും പണിയെടുക്കുന്നു. മുകളില്‍പ്പറയുന്ന ജി.ഡി.പി യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ 6 കോടി അഭ്യസ്തവിദ്യരായ തൊഴില്‍ പരിജ്ഞാനമുള്ള തൊഴിലാളികളെ രാജ്യത്തിനാവശ്യമായിവരും , 20 വര്‍ഷത്തിനുള്ളില്‍ അത് 10 കോടിയായ് വര്‍ദ്ധിക്കും. ഈ വെല്ലുവിളി നേരിടാന്‍ രാജ്യം ഒരുക്കമാണൊ? പ്‌ളാനിംഗുമായി ബന്ധപ്പെവര്‍ ഗൗരവമായ് കാണേണ്ട വിഷയമാണിത്.
 ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളിലൊക്കെ ഇന്ത്യയ്ക്ക് അനുകൂലമായി പറയുന്ന ഘടകം ജനസംഖ്യയാണ്. 2020 ആകുമ്പോള്‍ മൊത്തം ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം 25-30 പ്രായത്തിലുള്ള വരായിരിക്കും. ഇതേ വര്‍ഷത്തില്‍ അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു ശേഷംവരുന്ന ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാകും ഇന്ത്യ. 2003 ല്‍ ഇന്ത്യയുടെ ആളോഹരി വരുമാനം 2880 ഡോളറായിരുന്നു (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി കണക്കില്‍). ഇതേ കണക്കുനുസരിച്ച് ലോകശരാശരി 8180 ഡോളറും ഇരുനൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 146-ാമതുമായിരുന്നു. ഇരുപത്തിനാല് വയസ്സില്‍ത്താഴെയുള്ള ലോകജനസംഖ്യയുടെ ഇരുപത് ശതമാനവും ഇന്ത്യയിലാണെങ്കിലും അവരില്‍ ഭൂരിപക്ഷവും തൊഴിലിനുള്ള യോഗ്യതയില്ലാത്തവരാണ്. ഭാവിയില്‍ ഇന്ത്യയുടെ അനുകൂലഘടകമായിപ്പറയുന്ന മൊത്തം ജനസംഖ്യയില്‍ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ വര്‍ദ്ധന ഒരു മുതല്‍ക്കൂട്ടാകണമെങ്കില്‍ ഈ വര്‍ദ്ധനവിനനുസരിച്ച് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കണം, ജനങ്ങള്‍ക്ക് തൊഴിലെടുക്കാന്‍ പര്യാപ്തമായ വിദ്യാഭ്യാസവും നല്‍കണം.
ഇന്ത്യ 2025 - മക്കിന്‍സിയുടെ പ്രവചനങ്ങള്‍
 നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്‌ളയിഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (ചഇഅഋഞ) 2006 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷത്തിനും ഒന്‍പത് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള 5 -6 കോടി ജനങ്ങളുണ്ട്.  മക്കിന്‍സി എന്ന അന്താരാഷ്ട്ര കണ്‍സല്‍ട്ടിംഗ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 2025 ആകുമ്പോള്‍ ഈ വിഭാഗക്കാരുടെ എണ്ണം 58 കോടിയിലെത്തും.  പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം 2006ലെ 2.4 ലക്ഷത്തില്‍ നിന്നും 240 ലക്ഷത്തിലെത്തും 2025 ല്‍.  2005 നും 2025 നുമിടയില്‍ ഇന്ത്യയില്‍ കുടുംബവാര്‍ഷിക വരുമാനം ശരാശരി 5.3% വാര്‍ഷിക വളര്‍ച്ച നേടുമ്പോള്‍, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ അമേരിക്കയുടെ വളര്‍ച്ചയായ 1.5 ശതമാനത്തേക്കാള്‍ എത്രയോ വലുതായിരിക്കും.  ഇന്ത്യയുടെ മൊത്തം ഉപഭോഗം 2005 ലെ പതിനേഴ് ലക്ഷം കോടിയില്‍നിന്നും എഴുപതു ലക്ഷം കോടി രൂപയിലെത്തും 2025 ല്‍. ഗാര്‍ഹിക ബഡ്ജറ്റില്‍ കാറിന് വലിയ സ്ഥാനം കാണും. ഭക്ഷണത്തിനായുള്ള ബഡ്ജറ്റ് വിഹിതം ഇപ്പോഴത്തെ നാല്പത്തിരണ്ട് ശതമാനത്തില്‍ നിന്നും ഇരുപത്തിയഞ്ച് ശതമാനമായി കുറയും. ഭക്ഷണത്തിനായുള്ള ചെലവ് ഓരോവര്‍ഷവും 4.5 ശതമാനം വര്‍ദ്ധിക്കുമ്പോള്‍,  ആരോഗ്യത്തിനായുള്ള ചെലവിന്റെ വാര്‍ഷിക വര്‍ദ്ധന പതിനൊന്ന് ശതമാനമായിരിക്കും. വിദ്യാഭ്യാസത്തിനായുള്ള ചെലവും പതിനൊന്ന് ശതമാനം വാര്‍ഷികവര്‍ദ്ധന കൈവരിക്കും.
മാനുഫാക്ചറിംഗ് അവസരങ്ങള്‍
 2007 ഒക്‌ടോബര്‍ എട്ടിന് 'ഗള്‍ഫ് ന്യൂസ്' എന്ന ദുബായ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളായ റോഡ്, പോര്‍ട്ട്, വൈദ്യുതി ഇവ മെച്ചപ്പെടുത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 'ലോക ഫാക്ടറി' എന്ന സ്ഥാനം ചൈനയില്‍ നിന്നും ഇന്ത്യ കരസ്ഥമാക്കും.  യൂറോപ്പിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ 'ക്യാപ് ജെമിനി' ഫോര്‍ച്യൂണ്‍ 500 വിഭാഗത്തില്‍പ്പെട്ട 340 കമ്പനികള്‍ക്കിടയില്‍ നടത്തിയ സര്‍വേ അനുസരിച്ച്, ഓഫീസ് ജോലികളേക്കാള്‍ നിര്‍മ്മാണ ജോലികള്‍ ഇന്ത്യയിലേക്കു പറിച്ചുനടാന്‍ ആഗ്രഹിക്കുന്നതായി കമ്പനി അധികാരികള്‍ വെളിപ്പെടുത്തി.  ഐ.ടി.യ്ക്കു പുറമേ വരും വര്‍ഷങ്ങളില്‍ മാനുഫാക്ചറിംഗും ഇന്ത്യയ്ക്ക് മുന്‍പിലുള്ള സാദ്ധ്യതയാണ്.
ഐ.ടി
 നമ്മുടെ വികസന സ്വപ്നങ്ങളൊക്കെ ഐ.ടി.യും അനുബന്ധ മേഖലകളെയും ചുറ്റിപ്പറ്റിയാണ്. 'ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റും', 'ഐ.ബി.എം.'ഉം സംയുക്തമായി അറുപത്തിയെട്ട് രാജ്യങ്ങളില്‍ കംപ്യൂട്ടര്‍, കമ്മൂണിക്കേഷന്‍ സാങ്കേതിക വിദ്യകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ബിസിനസ്സ് സമൂഹത്തിനും ഉള്ള കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ ഇ-റെഡിനസ്സ് സര്‍വ്വേയില്‍ ഇന്ത്യയുടെ സ്ഥാനം അമ്പത്തിമൂന്ന് മാത്രമായിരുന്നു.  ഡെന്മാര്‍ക്കിനാണ് ഒന്നാം സ്ഥാനം.  ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ലഭ്യതയും കുറഞ്ഞ ഇന്റര്‍നെറ്റ് നിരക്കുകളുമാണ് സമൂഹത്തിന് ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് അത്യാവശ്യം വേണ്ടുന്നത്.  എല്ലാ പൗരന്മാരുടെയും എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഡേറ്റാബേസ് സൃഷ്ടിച്ച് റേഷന്‍ കാര്‍ഡ്, വസ്തുവകകള്‍, നികുതികള്‍, വാഹനങ്ങള്‍, പെന്‍ഷന്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, കുറ്റകൃത്യങ്ങള്‍, രോഗവിവരങ്ങള്‍, പൊതുജനാരോഗ്യം, ഇവയെല്ലാംതന്നെ ഒരേകുടക്കീഴില്‍ ക്കൊണ്ടുവരുവാന്‍ സാധിക്കും.
ഊര്‍ജ്ജം
 ഐ.ടി പോലെ തന്നെ പ്രധാനമാണ് ഊര്‍ജ്ജം. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുള്‍കലാമിന്റെ കണക്കനുസരിച്ച് 2006ലെ 1,30,000 മെഗാവാട്ടില്‍നിന്നും 2030 ല്‍ ഇന്ത്യക്ക് നാല് ലക്ഷം മെഗാവാട്ട് വൈദ്യുതി ആവശ്യംവരും.  ഇതില്‍ 50,000 ന്യൂക്ലിയര്‍, 50,000 ഹൈഡല്‍, 55,000 സോളാര്‍, 115,000 തെര്‍മല്‍ പ്ലാന്റുകള്‍, കാറ്റ്, ബയോമാസ് മുതലായ സ്രോതസ്സുകളില്‍ നിന്നും ഉണ്ടാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.  ഒന്‍പത് ദശലക്ഷം മാത്രം ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2006 ല്‍ ഒരു തീരുമാനമെടുത്തു: 2020 ആകുമ്പോള്‍ അവരുടെ രാജ്യം ഊര്‍ജ്ജത്തിനായി എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായി മോചനം നേടും. ഈ ലക്ഷ്യത്തിലേക്കായി അവര്‍ വ്യവസായികള്‍, വിദ്യാഭ്യാസവിദഗ്ദ്ധര്‍, കൃഷിക്കാര്‍, കാര്‍നിര്‍മ്മാതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റുമേഖലകളിലുള്ളവര്‍ ഇവരുടെ ഒരു കമ്മിറ്റിയുണ്ടാക്കി.  ഈ ലക്ഷ്യം എങ്ങനെ കൈവരിക്കണമെന്ന് കമ്മിറ്റി പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യും. കാറ്റില്‍നിന്നും ജലത്തില്‍നിന്നും കടലില്‍നിന്നും സൂര്യപ്രകാ ശത്തില്‍നിന്നും നീരയില്‍നിന്നും കരിമണലില്‍നിന്നും ആവശ്യത്തിലധികം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ സാദ്ധ്യതയുള്ള കേരളത്തിന്റെ മുന്‍പിലും ഇങ്ങനെയൊരു തീരുമാനത്തിനുള്ള സാദ്ധ്യത തുറന്നുകിടക്കുന്നില്ലെ?
സര്‍ക്കാരുദ്യോഗസ്ഥര്‍
 സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളം ആണ് സര്‍ക്കാരുദ്യോഗസ്ഥര്‍ ശമ്പള വര്‍ദ്ധനവിനു കാരണമായി ഉന്നയിക്കുന്നത്. 95 ശതമാനം സര്‍ക്കാരുദ്യോഗസ്ഥരും ഓഫീസര്‍തലത്തില്‍ താഴെയാണ്. തത്തുല്ല്യനിലവാരത്തിലുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ഇപ്പോഴും വളരെകുറഞ്ഞ ശമ്പളത്തില്‍ (ആയിരം മുതല്‍ 5000 രൂപവരെ) യാതൊരു ആനുകൂല്ല്യങ്ങളുമില്ലാതെ പണിയെടുക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ പതിനായിരത്തില്‍ തുടങ്ങുന്ന ശമ്പളത്തിനു പുറമെ ജോലിസുരക്ഷിതത്വം, കുറഞ്ഞ ജോലി സമയം, കണക്കിലധികം ലീവ്, മെഡിക്കല്‍ ആനുകൂല്ല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആനുകൂല്ല്യങ്ങളും അനുഭവിക്കുന്നവരാണ്. അടിക്കടിയുള്ള ശമ്പളവര്‍ദ്ധനവിന് കാരണം അഴിമതി കുറയും എന്ന വാദഗതിയാണ് . അഞ്ചാം ശമ്പളക്കമ്മീഷന്‍ വഴി നടപ്പിലാക്കിയ വന്‍ ശമ്പള വര്‍ദ്ധനവിലൂടെ അഴിമതി കുറഞ്ഞൊ? കുറഞ്ഞില്ലെന്നു മാത്രമല്ല പതിന്മടങ്ങു വര്‍ദ്ധിക്കുകയാണ് ചെയ്തത്. 2008 ലെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷികശമ്പളം 37,000 കോടിരൂപവരും.  ഇതിനുപുറമെ ഇതിന്റെ നാലിരട്ടി കൈക്കൂലി ഇനത്തില്‍ (ഒരുവര്‍ഷം 1.5 ലക്ഷം കോടിരൂപ) ഇവര്‍ സമ്പാദിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.  അപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ശരാശരി വരുമാനം = ശമ്പളം + ശമ്പളത്തിന്റെ നാലിരട്ടികിമ്പളം. (അഴിമതിക്കാരല്ലാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കിതു ബാധകമല്ല) . ഇതിനുപുറമെയാണ് ആറാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന 12,500 കോടി രൂപയുടെ വാര്‍ഷിക ശമ്പള വര്‍ദ്ധന.  കേന്ദ്ര ജീവനക്കാരെക്കാള്‍ സംസ്ഥാന ജീവനക്കാരാണ് അഴിമതി വീരന്മാര്‍. ജനങ്ങളെ പീഡിപ്പിച്ചു കൈക്കൂലി വാങ്ങുന്നതിന്റെ നല്ല ഉദാഹരണങ്ങളാണ്  ഇലക്ട്രിസിറ്റി, വാട്ടര്‍, റവന്യൂ, ആര്‍.ടി.ഓ, പോലീസ് തുടങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍.  ഇക്കൂട്ടരും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകള്‍ ആണ് അഴിമതി ഇല്ലാതാക്കുന്നതിന് തടസ്സം. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഭരണരംഗത്തെ  നവീകരണത്തിനും, സുതാര്യതയ്ക്കും, ഇ- ഗവര്‍ണന്‍സിനും സംസ്ഥാന സര്‍ക്കാരുകള്‍ വളരെ പുറകിലാണ്. സര്‍ക്കാരുദ്യോഗസ്ഥരെ ഓരോവര്‍ഷവും വിലയിരുത്തുന്നതില്‍ സിവില്‍ സൊസൈറ്റിക്കും ഒരു പങ്ക് നല്‍കണം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാത്തിലുമായിരിക്കണം ഓരോ സര്‍ക്കാരുദ്യോഗസ്ഥന്റെയും സേവന വേതന വ്യവസ്ഥകള്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കേണ്ടത്.
 സര്‍ക്കാരുദ്യോഗസ്ഥരെയും പൊതുമേഖലാസ്ഥാപനങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരെ എങ്ങനെ നന്നാക്കാമെന്നു ചിന്തിക്കാം.  സര്‍ക്കാരുദ്യോഗസ്ഥരുടെ കഴിവുകേടിനും കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നതിനും കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കുന്നത് കഴിവൊ, കാര്യക്ഷമതയൊ കണക്കിലെടുക്കാതെ അവര്‍ക്കു നല്‍കപ്പെടുന്ന ആയുസ്സുമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണ ജോലിസുരക്ഷിതത്വമാണ്.
പൊതുസേവന മേഖലകള്‍
 ബാംഗളൂര്‍ ആസ്ഥാനമായ 'പബ്ലിക് അഫയേഴ്‌സ് സെന്റര്‍'(P.A.C) ഇന്ത്യയിലെ അഞ്ച് പൊതുസേവന മേഖലകളെ അതിന്റെ ഗുണഭോക്താക്കളുടെ സഹായത്തോടെ വിലയിരുത്തി.  കുടിവെള്ളം, പൊതുജനാരോഗ്യം, റോഡ് ഗതാഗതം, പൊതുവിതരണ സമ്പ്രദായം, പ്രൈമറി വിദ്യാഭ്യാസം, ശിശുസംരക്ഷണം ഇവയാണ് വിലയിരുത്തപ്പെട്ടത്.
 എണ്‍പത്തിയൊന്ന്ശതമാനം ജനങ്ങള്‍ക്ക് റേഷന്‍കാര്‍ഡുണ്ടെങ്കിലും എട്ട് ശതമാനം മാത്രമാണ് ഈ സംവിധാനത്തില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയത്.  റേഷന്‍കടവഴി ഒരു രൂപയുടെ സാധനം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ചെലവാക്കിയത് മൂന്ന് രൂപ അറുപത്തിയെട്ട് പൈസ ആയിരുന്നു.
 വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1)  പൊതു - സ്വകാര്യമേഖലകളുടെ കൂട്ടായ്മയ്ക്കുവേണ്ടി ശ്രമിക്കുക.
2)   സേവനം നല്‍കുന്നതോടൊപ്പം അതിന്റെ നിലവാരവും പ്രയോജനവും ശ്രദ്ധിക്കണം
3)   സേവനങ്ങളുടെ മാനേജ്‌മെന്റ് നിലവാരം ഉയര്‍ത്താന്‍ ശ്രദ്ധിക്കുക.
4)  തെറ്റുകള്‍ തിരുത്തുന്നതിനും വിവരശേഖരണത്തിനും പ്രാദേശിക കൂട്ടായ്മകളെയും സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തുക.
5)   നല്ലനിലവാരം പുലര്‍ത്തുന്ന സംസ്ഥാനങ്ങളിലെ നല്ലശീലങ്ങള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന സംസ്ഥാനങ്ങളിലേക്കു പകരണം.
വേള്‍ഡ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍
 വേള്‍ഡ് ബാങ്കിനുവേണ്ടി ഇന്ത്യയിലെ പൊതുസേവന മേഖലയിലെ നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുനടത്തിയ പഠനമനുസരിച്ച് സേവനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഏഴുഘടകങ്ങള്‍ സുപ്രധാനമെന്ന് കണ്ടെത്തുകയുണ്ടായി.
 1)  വര്‍ദ്ധിച്ച മത്സരത്തിന്റെ ആവശ്യകത
 2)  ഇടപാടുകള്‍ ലളിതമാക്കുക
 3)  ഏജന്‍സി സമ്പ്രദായം ഉടച്ചുവാര്‍ക്കുക
 4)  സേവനദാതാവിന് കൂടുതല്‍ സ്വാതന്ത്ര്യം
 5)  ഉപഭോക്തൃ സമൂഹത്തിന്റെ പങ്കാളിത്തവും വികേന്ദ്രീകരണവും
 6)  രാഷ്ട്രീയ ഇച്ഛാശക്തി
 7) വ്യക്തമായതും പൂര്‍ണ്ണമായതുമായ കണക്കുകള്‍ അവതരിപ്പിക്കാനുള്ള സംവിധാനം (Accountability).
 മാനേജ്‌മെന്റുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയും പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയും അധികാരവികേന്ദ്രീകരണം (Delegation of Powers) വഴിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താം.
മാസ്‌ലോയും “ഹയരാര്‍ക്കി ഓഫ് നീഡ്‌സും”
 ലോകപ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ അബ്രഹാം മാസ്‌ലൊ തൊഴിലെടുക്കാനുള്ള മനുഷ്യന്റെ ഉത്സാഹത്തെ, വ്യഗ്രതയെ (Motivation) അഞ്ച് തട്ടിലുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചു (Hierarchy of Needs).  ഓരോ കാലഘട്ടത്തിലും ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ ഇതില്‍ ഏതു തട്ടില്‍നില്‍ക്കുന്നു എന്നു മനസ്സിലാക്കി അതനുസരിച്ചുള്ള പ്രതിഫലങ്ങള്‍ നല്‍കണം, വ്യക്തികള്‍ ഉത്സാഹിച്ചു തൊഴിലെടുക്കണമെങ്കില്‍.  മാസ്‌ലൊ നിര്‍വചിച്ച ആവശ്യങ്ങള്‍ ഇവയാണ് : 1)  ഭൗതികമായ ആവശ്യങ്ങള്‍  2)  സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ആവശ്യങ്ങള്‍  3) സാമൂഹ്യമായ, സ്‌നേഹത്തിനായുള്ള ആവശ്യങ്ങള്‍ 4) അന്തസ്സിനും അഭിമാനത്തിനും വേണ്ടിയുള്ള ആവശ്യങ്ങള്‍  5) ആത്മസാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ആവശ്യങ്ങള്‍.
 ദരിദ്രവിഭാഗങ്ങളിലുള്ള ജനങ്ങള്‍ പണംകൊണ്ടുനേടാവുന്ന ആദ്യത്തെ രണ്ട് ആവശ്യങ്ങളുടെ പുറകെ പോകുമെങ്കില്‍ സമ്പന്നവിഭാഗത്തിലുള്ളവര്‍ ഓരോവ്യക്തിയുടെയും നിലവാരമനുസരിച്ച് ഒന്നിനുപുറകെ മറ്റൊന്നായി ഉയര്‍ന്ന ആവശ്യങ്ങളുടെ പുറകെ പോകും.  ആഹാരം, വസ്ത്രം, കുടിവെള്ളം, ഗാര്‍ഹിക ഇന്ധനം ഇവയൊക്കെ ഭൗതിക ആവശ്യങ്ങളാണെങ്കില്‍; പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, തൊഴില്‍ പരിജ്ഞാനം, വിദ്യാഭ്യാസം മുതലായവ ജീവിതസുരക്ഷിതത്വത്തിനു വേണ്ടിയുള്ള ആവശ്യങ്ങളായി കണക്കാക്കാം.  വര്‍ത്തമാനകാല ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഓരോ പൗരന്റേയും ഈ രണ്ട് അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുന്നതോടൊപ്പം തന്നെ ഓരോ പൗരനും ഉയര്‍ന്നതലങ്ങള്‍ സ്വപ്നം കാണുവാനും അത് സാക്ഷാത്ക്കരിക്കുവാനും ഉതകുന്ന ഭൗതിക, സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായിരിക്കണം ഭരണാധികാരികള്‍ മുന്‍ഗണന നല്‍കേണ്ടത്.