ഭാവിയിലേക്കൊരെത്തിനോട്ടം ഭാഗം - I ഇന്‍ഫര്‍മേഷന്‍ യുഗം വരവായി വിവരസാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടറിന്റെയും സ്വാധീനഫലമായി സമൂഹത്തിലുണ്ടാകാന്‍ സാദ്ധ്യതയുളള മാറ്റങ്ങളെക്കുറിച്ച് പ്രവചനാത്മകമായി ഗ്രന്ഥകര്‍ത്താവ് എഴുതിയ ലേഖനം 1996 നവംബറില്‍ ഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന “i.t” എന്ന ഇംഗ്ലീഷ് മാസികയിലും 1997 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ദീപിക ദിനപ്പത്രത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ലേഖനങ്ങളുടെ ഉളളടക്കമാണ് ചുവടെ കൊടുക്കുന്നത്. വിജ്ഞാന വിസ്‌ഫോടനത്തിന്റെ നാളുകളാണിത്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലോകം പുരോഗതിയുടെ പടവുകളിലേക്ക് കുതിച്ചു കയറുന്നു. മനുഷ്യവംശം, കാലാകാലങ്ങളിലുണ്ടായിട്ടുളള പുരോഗതിയുടെ മാനദണ്ഡമായി സാങ്കേതിക പരിജ്ഞാനത്തെ കണക്കാക്കിപ്പോന്നു. ശിലായുഗം തൊട്ട് കംപ്യൂട്ടര്‍ യുഗംവരെയുളള മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ഓരോ യുഗവും കടന്നുപോയ യുഗത്തേക്കാള്‍ അല്പായുസ്സുക്കള്‍ ആയിരുന്നു എന്ന് മനസ്സിലാകും. ശിലായുഗം ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ടു. പിന്നീടുവന്ന ലോഹയുഗം 5000 വര്‍ഷത്തോളം നിലനിന്നു. എ.ഡി. 1700-ല്‍ തുടങ്ങിയ വ്യവസായ വിപ്ലവം 1800 കളുടെ അന്ത്യത്തോടെ അവസാനിച്ചു. അതിനുശേഷം പിറന്ന ഇലക്ട്രിക് യുഗം ഈ നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ രണ്ടാം ലോകമഹായുദ്ധംവരെ നീണ്ടുനിന്നു. അടുത്തത് ഇലക്‌ട്രോണിക്‌സ് കാലഘട്ടമായിരുന്നു. 25 വര്‍ഷം പിന്നിട്ടതോടെ കംപ്യൂട്ടര്‍ യുഗം അഥവാ ഇന്‍ഫര്‍മേഷന്‍ യുഗം പിറന്നു. ആ യുഗത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ട് കംപ്യൂട്ടറിന്റെ യുഗം ആയിരിക്കുമെന്നാണ് പ്രവചനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചത് വിപ്ലവകരമായ നാലു മാറ്റങ്ങളാണ്. 1. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നിലനില്‍ക്കുകയോ വളരുകയോ ചെയ്യണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ അനിവാര്യമാണെന്നുളള വീണ്ടുവിചാരം. 2പ്രിന്റിംഗ് പ്രസ്സിന്റെ ആവിര്‍ഭാവം. 3.വാര്‍ത്താമാധ്യമങ്ങളുടെ, പ്രത്യേകിച്ചും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ഉദ്ഭവം. 4.ഡിജിറ്റല്‍ കംപ്യൂട്ടറുകളുടെ ജനനം. നിലനില്പിനും വളര്‍ച്ചയ്ക്കും ഇന്‍ഫര്‍മേഷന്‍ അനിവാര്യമാണെന്നുളള ബോധത്തില്‍ നിന്നാണ് മാറ്റങ്ങളുടെ തുടക്കം. ക്രിസ്തുവിനു 3500 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബിലോണിയയിലുളള കച്ചവടക്കാര്‍ വ്യാപാരസംബന്ധമായ വിവരങ്ങള്‍ കളിമണ്ണുകൊണ്ടുളള രൂപങ്ങളില്‍ രേഖപ്പെടുത്തിയിരുന്നതായി ചരിത്രം പറയുന്നു. അവര്‍ സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് അക്കങ്ങള്‍ക്കു പകരം പ്രതീകമായി ചില രൂപങ്ങള്‍ ഉപയോഗിച്ചു പോന്നു. ബി.സി. 3000 ആയപ്പോള്‍ ചൈനക്കാര്‍ 'അബാക്കസ്' കണ്ടുപിടിച്ചു. കണക്കുകള്‍ കൂട്ടുന്നതിനുളള ആദ്യത്തെ യന്ത്രമായി 'അബാക്കസ്' അറിയപ്പെടുന്നു. ബി.സി. 1500- നും 1100 - നും ഇടയില്‍ അക്ഷരങ്ങള്‍ കണ്ടുപിടിച്ചു. അതിന്റെ ഫലമായി കണക്കുകളും അക്കങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും ചരിത്രവും രേഖപ്പെടുത്താന്‍ ഒരു സംവിധാനം ഉടലെടുത്തു. ഈ കണ്ടുപിടുത്തങ്ങളുടെ ഫലമായി ഭരിക്കുന്ന വര്‍ഗവും ഭരണകൂടങ്ങളും വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. ഭരണത്തിന്റെ ചെലവ് ജനങ്ങളില്‍നിന്നുതന്നെ പിരിച്ചെടുക്കാനുളള സംവിധാനം, അതായത് നികുതി ചുമത്താനും പിരിക്കാനുമുളള സംവിധാനം രൂപപ്പെട്ടു. വ്യവസായ- വാണിജ്യ സ്ഥാപനങ്ങളും ഭരണകൂടങ്ങളും വളര്‍ന്നതോടൊപ്പം സംഭവങ്ങളുടെയും ആസ്തി, ബാധ്യത, വരവ്, ചെലവ് മുതലായ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഉടലെടുത്തു. എ. ഡി. 1400-ല്‍ ലൂക്കാ പാസിയോളി കണ്ടുപിടിച്ച 'ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗ്' ഈ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി. ചരിത്രത്തില്‍ ആദ്യമായി ഒരു വ്യക്തിക്കോ വ്യവസായ സ്ഥാപനത്തിനോ സംഘടനയ്‌ക്കോ അവരുടെ സാമ്പത്തികസ്ഥിതിയെ ക്കുറിച്ച് മനസ്സിലാക്കാനുളള സാങ്കേതികവിജ്ഞാനം കിട്ടിത്തുടങ്ങി. കമ്പ്യൂട്ടറിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ അത് ഉപയോഗിച്ച് ചെലവ് ചുരുക്കാനും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനും സാധിക്കുമെന്ന് വ്യവസായ സ്ഥാപനങ്ങള്‍ മനസ്സിലാക്കി. തുടക്കത്തില്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതിനും മറ്റ് ഭരണപരമായ കാര്യങ്ങള്‍ക്കുമുളള ഒരു സഹായി എന്ന നിലയില്‍ മാത്രമായിരുന്നു. 1960 - കളോടു കൂടി കംപ്യൂട്ടര്‍ ഭരിക്കുന്നതിനു സഹായിക്കുന്ന ഒരു ഉപകരണത്തിന്റെ നിലവാരത്തിലേക്കുയര്‍ന്നു. 1970-80 കാലഘട്ടത്തില്‍ വ്യവസായ സ്ഥാപനങ്ങളിലെ മേല്‍ത്തട്ടിലുളള ഉദ്യോഗസ്ഥര്‍ കംപ്യൂട്ടറിനെ ഭാവിയിലേക്കുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കണക്കുകള്‍ കൂട്ടുന്നതിനും ഒരു ബിസിനസിനാവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനുമുളള ഒരു സഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മനുഷ്യവംശത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഓരോ പുതിയ സൃഷ്ടിയും ഇപ്പോള്‍ നിലനില്‍ക്കുന്ന പലതിന്റെയും അവസാനത്തിനുളള തുടക്കമായിരിക്കുമെന്ന് മനസ്സിലാകും. ഡീസല്‍ എന്‍ജിന്‍ കണ്ടുപിടിച്ചതോടുകൂടി. ആവിയന്ത്രത്തിന്റെ കഥ കഴിഞ്ഞു. ഓട്ടോ മൊബൈല്‍ രംഗപ്രവേശം ചെയ്തതോടുകൂടി ട്രോളികാര്‍ ഒരപൂര്‍വ്വ വസ്തുവായി. ടെലിഫോണും ഇ-മെയിലും ഫാക്‌സും വന്നതോടുകൂടി ടെലിഗ്രാഫും ടെലക്‌സും അപ്രസക്തമായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു ട്രാന്‍സിസ്റ്റര്‍. ട്രാന്‍സിസ്റ്ററിന്റെ ആവിര്‍ഭാവത്തോടുകൂടി അന്നേവരെ നിലനിന്നിരുന്ന ഇലക്‌ട്രോണിക് വ്യവസായത്തിന്റെ അടിത്തറ തകര്‍ന്നു. ഏറ്റവും ആദ്യം തകര്‍ന്നത് വാക്വം ട്യൂബുകള്‍ ആയിരുന്നു. നമ്മുടെ നാട്ടില്‍ പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന റേഡിയോകള്‍ പരിശോധിച്ചാലറിയാം അവയൊക്കെ വാക്വം ട്യൂബുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന്. പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ ഫലമായി ട്രാന്‍സിസ്റ്ററുകള്‍ കാലക്രമേണ മൈക്രോപ്രോസസറുകളും ഇന്നു കാണുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളുമായി. കംപ്യൂട്ടറും കംപ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതികവിദ്യകളും മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വിപുലമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളേയും സ്വാധീനിക്കാന്‍ ഈ കൊച്ചു യന്ത്രത്തിനു കഴിയും. അത്തരം ചില ഉപയോഗങ്ങളെപ്പറ്റി നോക്കാം. ടെലികമ്യൂട്ടിംഗ് ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി ഓഫീസ് ജോലി ചെയ്യുന്നവര്‍ തങ്ങളുടെ വീടുകളിലിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിച്ച് ഓഫീസ് ജോലിചെയ്യുന്ന സംവിധാനത്തിനാണ് ടെലികമ്യൂട്ടിംഗ് എന്നുപറയുന്നത്. നിത്യവും പത്തും നൂറും കിലോമീറ്റര്‍ ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്ത് ദൂരസ്ഥലത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് ഇതു വായിക്കുമ്പോള്‍ ആഹ്ലാദമുണ്ടാകും. ഓരോരുത്തരും തങ്ങളുടെ വീട്ടിലിരുന്ന് സമയവും സൗകര്യവും ജോലി ചെയ്യാനുളള മാനസികാവസ്ഥയുമെല്ലാം നോക്കി മാത്രം ജോലി ചെയ്താല്‍ മതിയാകും. വീട്ടിലുളള കംപ്യൂട്ടറും ഓഫീസിലുളള കംപ്യൂട്ടറുകളും തമ്മില്‍ ടെലിഫോണ്‍ ശൃംഖല വഴി ബന്ധിക്കപ്പെട്ടിരിക്കും. അതിനാല്‍ വീട്ടിലിരുന്ന് കംപ്യൂട്ടറില്‍ ചെയ്യുന്ന ജോലികള്‍ അപ്പപ്പോള്‍ ഓഫീസിലെ കംപ്യൂട്ടറില്‍ എത്തിക്കാന്‍ കഴിയും. അമേരിക്കയില്‍ മാത്രം ഇപ്പോള്‍ ഏകദേശം 50 ലക്ഷം പേര്‍ ഈ രീതിയില്‍ ജോലിചെയ്യുന്നുണ്ടത്രേ. സമീപഭാവിയില്‍ അത് 150 ലക്ഷം ആകും എന്നാണ് പ്രവചനം. ടെലികമ്യൂട്ടിംഗ് വളരെ വ്യാപകമായാല്‍ നമ്മുടെ സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുക? സ്വാഭാവികമായും ആളുകള്‍ക്ക് മിച്ചസമയം ഉണ്ടാകും. യാത്രയ്ക്കു വേണ്ട സമയനഷ്ടം ഒഴിവാക്കമല്ലോ. ബസിലും ട്രെയിനിലുമൊക്കെ തിരക്കുകുറയും. രാവിലെയും വൈകിട്ടും റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കുകള്‍ കഴിഞ്ഞകാലത്തിലെ ഓര്‍മകള്‍ മാത്രമാകും. ഓഫീസുകളില്‍ റിട്ടയര്‍മെന്റും ട്രാന്‍സ്ഫറുമൊക്കെ കേട്ടറിവുമാത്രമായി ഒതുങ്ങും. തൊഴില്‍ സമരങ്ങളും തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതാകും. മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങളും നിയമങ്ങളും വേണ്ടിവരും. മൊത്തത്തില്‍ ഒരു പുതിയ തൊഴില്‍ സംസ്‌കാരം ഉടലെടുക്കും. ഒപ്പം ഉല്പാദനക്ഷമത കൂടുകയും ജീവിതനിലവാരം ഉയരുകയും ചെയ്യും. എന്നാല്‍ സംഘര്‍ഷഭരിതമായ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് കഷ്ടകാലമായിരിക്കും. സ്വാഭാവികമായും കൂടുതല്‍ വിവാഹമോചനങ്ങളും പ്രതീക്ഷിക്കാം. ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ മേഖലയിലെ എല്ലാ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും അടിസ്ഥാനം കംപ്യൂട്ടറും വാര്‍ത്താവിനിമയവിദ്യകളും തമ്മിലുളള അഭേദ്യമായ ബന്ധമാണ.് ഇന്റര്‍നെറ്റ,് കംപ്യൂട്ടറിന്റെ അനന്തസാധ്യതകള്‍ ലോകത്തിന് മുമ്പില്‍ തുറന്നിടുന്നു. ഇന്റര്‍നെറ്റിനേയും വേള്‍ഡ് വൈഡ് വെബ്ബിനെയും ലോകമൊന്നടങ്കം വ്യാപിച്ചുകിടക്കുന്ന ഒരു ചിലന്തിവലയോട് ഉപമിക്കാം. ഓരോ വീട്ടിലും ഓരോ ഓഫീസിലുമുളള കംപ്യൂട്ടറുകള്‍ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന അവസ്ഥയാണത്. ഈ സാങ്കേതികവിദ്യ മനുഷ്യജീവിതത്തെതന്നെ മാറ്റിമറിച്ചേക്കാം. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമായി അയല്‍ വീട്ടില്‍ താമസിക്കുന്ന മനുഷ്യരോടെന്നപോലെ മുഖാമുഖം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും. അതിനുളള ചെലവും താരതമ്യേന തുച്ഛമായിരിക്കും. കംപ്യൂട്ടര്‍ വഴി കച്ചവടവും പണമിടപാടും വീട്ടിലിരുന്ന് കംപ്യൂട്ടര്‍ വഴി ബാങ്കിലേക്ക് പണം നിക്ഷേപിക്കാം. ബാങ്കില്‍നിന്ന് ആവശ്യാനുസരണം പണം തിരിച്ചെടുക്കുകയും ചെയ്യാം. ഇത്തരമൊരു സംവിധാനം വിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ നാട്ടിലും വ്യാപകമാകും. വ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും കംപ്യൂട്ടറുകള്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കൊടുക്കല്‍ വാങ്ങലുകള്‍ എളുപ്പമാകും. ഉദാഹരണത്തിന് കൊല്ലത്ത് ഒരു ബാങ്കില്‍ അക്കൗണ്ടുളള ആള്‍ വ്യാപാരാവശ്യത്തിനായി മുംബൈയില്‍ പോകുന്നു. സാധനങ്ങള്‍ വാങ്ങുന്നു. പണം കറന്‍സി നോട്ടായി കൊണ്ടു പോകുന്നതിനുളള ബുദ്ധിമുട്ട് ഓര്‍ത്ത് അത് ഒഴിവാക്കി മുംബൈയില്‍നിന്ന് കൊല്ലത്തുളള ബാങ്കുമായി കംപ്യൂട്ടറില്‍ ബന്ധപ്പെട്ടിട്ട് ആള്‍ പറയുന്നു വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ഇത്ര രൂപ തന്റെ അക്കൗണ്ടില്‍നിന്ന് മാറ്റി നിക്ഷേപിക്കാന്‍. നിമിഷങ്ങള്‍ക്കകം അത് സംഭവിക്കുന്നു. ആള്‍ക്ക് സാധനവുമായി നാട്ടിലേക്ക് വരാം. ഇതാണ് ഇലക്‌ട്രോണിക് ബാങ്കിംഗ്. നഗരങ്ങളുടെ നടുവില്‍ കോടികളും ദശകോടികളും മുടക്കി സ്ഥലം വാങ്ങി വ്യാപാരാവശ്യത്തിന് അംബരചുംബികള്‍ നിര്‍മ്മിക്കുന്നവരും അവിടെ കോടികള്‍ മുടക്കി കച്ചവടം തുടങ്ങുന്നവരും സൂക്ഷിക്കുക. ഒരു പുതിയ യുഗം പിറവിയെടുക്കുകയാണ്. ആളുകള്‍ വീട്ടിലിരുന്നുകൊണ്ട് കമ്പ്യൂട്ടര്‍ അഥവാ ടി.വി. വഴി സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംവിധാനം വ്യാപകമാകുന്നു. അങ്ങനെയുളള ഒരു സമൂഹത്തില്‍ കട എവിടെയാണെന്നുളളത് അപ്രസക്തമാണ്. ഏതെങ്കിലും ഒരു ഓണംകേറാമൂലയില്‍ കടകെട്ടി സാധനങ്ങള്‍ മനോഹരമായി പ്രദര്‍ശിപ്പിക്കുക. അവ കംപ്യൂട്ടര്‍ ടി.വി. ശൃംഖലകളുമായി ബന്ധപ്പെടുത്തുക. ആവശ്യക്കാര്‍ ടി.വി/കംപ്യൂട്ടര്‍ വഴി അവ കാണുന്നു. ടെലിഫോണ്‍/കംപ്യൂട്ടര്‍ വഴി കടക്കാരുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങുന്നു. കംപ്യൂട്ടര്‍/ബാങ്ക് വഴി പണം നല്‍കുന്നു. കൊറിയര്‍ വഴി സാധനം വീട്ടിലെത്തുന്നു. ഭാവിയിലെ വ്യാപാരരംഗത്തെക്കുറിച്ച് ഒരു ചെറിയ രൂപം മാത്രമാണിത്. ഇത് വളരെ വിപുലവും ദൂരവ്യാപകവുമായ ഫലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കും. ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അതേസമയം പുതിയതായി ഒരുപാട് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കംപ്യൂട്ടര്‍, ടി.വി., വി.സി.ആര്‍, ടെലിഫോണ്‍, ഫാക്‌സ്, ഓഡിയോ, സി.ഡി., ടെലിഫോണ്‍ ആന്‍സറിംഗ് മെഷീന്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് മെഷീന്‍ മുതലായ എല്ലാ ഉപകരണങ്ങളുടെയും പ്രവൃത്തികള്‍ ചെയ്യുന്ന ഒരു പുതിയ യന്ത്രം ആയിരിക്കും അനതിവിദൂരഭാവിയിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍. ഇതിന്റെ ഫലമായി എല്ലാ ഭവനങ്ങളിലും ഓഫീസുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഇങ്ങനെ ഒരു മെഷീന്‍ അവിഭാജ്യഘടകമായി മാറും. ഒരു സുഹൃത്തിനോടെന്നപോലെ ഭാവിയിലെ കംപ്യൂട്ടറുമായി നിങ്ങളുടെ മാതൃഭാഷയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. അതും കീബോര്‍ഡിന്റെ സഹായമില്ലാതെ സംഭാഷണശൈലിയില്‍ത്തന്നെ. അന്ധര്‍ക്കും ബധിരര്‍ക്കും അംഗവിഹീനര്‍ക്കും മന്ദബുദ്ധികള്‍ക്കും ഈ മെഷീന്‍ വലിയ സഹായി ആയിരിക്കും. വ്യത്യസ്ഥമായ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഇതൊരു വിവര്‍ത്തകന്റെ പ്രയോജനം ചെയ്യും. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ ആഗോളവല്‍ക്കരണവും കൊണ്ടുനടക്കാവുന്ന വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ ആവിര്‍ഭാവവും ഭൂമിയെയും മനുഷ്യവംശത്തെയും ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളെ എന്നപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു ചെറിയ സമൂഹത്തിന്റെ അവസ്ഥയിലേക്ക് മാറ്റും. ചിന്താശക്തിയുളള ഭവനങ്ങള്‍ പ്രൈമറി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മാതാപിതാക്കളുമായി ബന്ധം പുലര്‍ത്തുവാന്‍ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന കാലം വിദൂരമല്ല. അതുപോലെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നവര്‍ കരയുമായി ബന്ധം പുലര്‍ത്താന്‍ കോഡ്‌ലസ് ഫോണ്‍ വഞ്ചിയില്‍ കരുതുന്ന കാലവും ദൂരെയല്ല. ഭാവിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് പണിയാനുദ്ദേശിക്കുന്ന വീടിന്റെ മാതൃക കംപ്യൂട്ടറില്‍ സൃഷ്ടിക്കും. എന്നിട്ട് ഈ കംപ്യൂട്ടര്‍ മാതൃകയില്‍ത്തന്നെ ലൈറ്റും ഫര്‍ണിച്ചറും ഫിറ്റിംഗുകളും പിടിപ്പിക്കും. ഈ മാതൃക കണ്ട് തൃപ്തിയായതിനുശേഷം മാത്രമായിരിക്കും യഥാര്‍ത്ഥത്തിലുളള ഭവനനിര്‍മ്മാണം തുടങ്ങുക. ഒരു വീട്ടിലുളള എല്ലാ മുറികളിലും കംപ്യൂട്ടര്‍ ഘടിപ്പിക്കാന്‍ വേണ്ടി വയറിംഗ് നടത്തിയിരിക്കും. വീടും വീട്ടിലെ മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കംപ്യൂട്ടറിന്റെ നിയന്ത്രണത്തിലായിരിക്കും. തീപ്പിടിത്തം, വെളളപ്പൊക്കം മുതലായ അപകടസന്ദഭര്‍ങ്ങളില്‍ കംപ്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കും. ഗൃഹോപകരണങ്ങളുടെ ബുദ്ധിപരമായ ഉപയോഗംമൂലം വൈദ്യുതി ഉപയോഗത്തില്‍തന്നെ കാര്യമായ ലാഭം ഉണ്ടാകും. വീട്ടിലിരുന്നുകൊണ്ടുതന്നെ ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നതിനും ബാങ്കിടപാടുകള്‍ നടത്തുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും വിനോദത്തിനുമുളള സൗകര്യങ്ങള്‍ കംപ്യൂട്ടറിലൂടെ സംജാതമാകും. നൂറുകണക്കിനു ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടാകും. നമ്മള്‍ ആവശ്യപ്പെടുമ്പോള്‍ ഇഷ്ടമുളള സിനിമ കാണുന്നതിനും പാട്ടുകേള്‍ക്കുന്നതിനും ഒക്കെയുളള സംവിധാനങ്ങളും സര്‍വ സാധാരണമാകും. അതായത് ആവശ്യക്കാരന്റെ അഭിരുചി അനുസരിച്ചുളള പരിപാടികള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഉദാഹരണത്തിന് ക്രിക്കറ്റ് ഭ്രാന്തന്മാര്‍ക്ക് 24 മണിക്കൂറും 365 ദിവസവും ക്രിക്കറ്റ് കാണണമെന്നുണ്ടെങ്കില്‍ അതിനനുസരിച്ച് നാട്ടുമ്പുറത്തെ ക്രിക്കറ്റ്കളിതൊട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരംവരെ കാണിക്കുന്ന ടി.വി. ചാനലുകള്‍ ഉണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത ഗെയിംകളിക്കുന്നതിനും അവസരം ഉണ്ടാകും. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് അമേരിക്കയിലുളള സഹോദരനുമായി കംപ്യൂട്ടറില്‍ക്കുടി ചീട്ടുകളിക്കണമെന്നുണ്ടെങ്കില്‍ അതിനും കഴിയും. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് കംപ്യൂട്ടര്‍ ഗെയിം ഒരു വലിയ ആശ്വാസമായിരിക്കും. ഇന്നത്തെ വിഡ്ഢിപ്പെട്ടികളില്‍നിന്ന് വ്യത്യസ്തമായി ഭാവിയില്‍ കാഴ്ചക്കാരനുകൂടി പങ്കുളള ടി.വി. ആയിരിക്കും ഉണ്ടാവുക. ഉദാഹരണത്തിന് തിരുവനന്തപുരത്തിരുന്നുകൊണ്ട് മുഖ്യമന്ത്രി ഏതെങ്കിലും വിഷയത്തില്‍ പ്രസംഗിക്കുന്നു. തലശ്ശേരിയില്‍ ഇരിക്കുന്ന കാഴ്ചക്കാരന് ഈ പ്രസംഗവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യണമെങ്കില്‍ അതിനും സാധിക്കും. ഇന്നുകാണുന്ന കളിപ്പാട്ടങ്ങളില്‍നിന്നു വ്യത്യസ്തമായി ചിന്താശക്തിയുളള കളിപ്പാട്ടങ്ങളാവും ഭാവിയില്‍ കുട്ടികള്‍ ഉപയോഗിക്കുക. അതവരുടെ ബുദ്ധിയും ഭാവനയും വികസിപ്പിക്കുന്നതിനു സഹായിക്കുകയും ചെയ്യും. ചലച്ചിത്രനിര്‍മാണം ലളിതവും ചെലവുകുറഞ്ഞതുമാകും സൂപ്പര്‍സ്റ്റാറുകള്‍ പഴയകാല ഓര്‍മകളായി മാറും. മരിച്ച ഒരു താരത്തെ നായകനാക്കിയും വേണമെങ്കില്‍ സിനിമയെടുക്കാം. എല്ലാം കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ മാസ്മരവലയത്തിലൊതുങ്ങും. വിദ്യാഭ്യാസം ഇനി കംപ്യൂട്ടര്‍ വഴി ഡി.ടി.പി. അഥവാ കംപ്യൂട്ടര്‍ അധിഷ്ഠിത അച്ചടിയുടെ ആവിര്‍ഭാവത്തോടെ അച്ചടിരംഗം വിപ്ലവകരമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ബുക്കുകളും പ്രസിദ്ധീകരണങ്ങളും ഇന്നത്തെപ്പോലെ അച്ചടിച്ച് കുറെ വില്ക്കുകയും കുറെ വില്ക്കാതെ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവില്ല. വിവരങ്ങളൊക്കെ കംപ്യൂട്ടറില്‍ സൂക്ഷിക്കും. ആവശ്യക്കാരന് അത് ആവശ്യമുളളപ്പോള്‍ കംപ്യൂട്ടറില്‍ നിന്നും പ്രിന്റു ചെയ്‌തെടുക്കാം. ഇങ്ങിനെ പ്രിന്റുചെയ്ത് കൊടുക്കുന്ന കടകളും ഉണ്ടാകും. ഇന്നുകാണുന്ന വര്‍ത്തമാനപത്രങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമാകും. വാര്‍ത്തകളും വിശേഷങ്ങളും സംഭവിക്കുന്ന മാത്രയില്‍ത്തന്നെ കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടും. ആവശ്യക്കാരന് ആവശ്യമുളളപ്പോള്‍ താത്പര്യമുളള കംപ്യൂട്ടര്‍ വഴി അറിയാം. ഇതിനെ ഇലക്‌ട്രോണിക് ന്യൂസ് പേപ്പര്‍ എന്നു പറയും. ഇങ്ങിനെയുളള ഇലക്‌ട്രോണിക് പത്രങ്ങള്‍ വായനക്കാരന് കൂടുതല്‍ ആശയവിനിമയത്തിനും സംശയനിവാരണത്തിനുമുളള സാഹചര്യം ഒരുക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിലും വലിയ മാറ്റങ്ങളുണ്ടാകും. വിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ നിലവിലുളള വിദ്യാഭ്യാസസമ്പ്രദായത്തെ വെല്ലുവിളിച്ചുകൊണ്ട് അവയുടെ നിലനില്പ്പിനുതന്നെ ഭീഷണി ഉയര്‍ത്തി, സാര്‍വത്രികമായ വിദൂരവിദ്യാഭ്യാസം ഒരു യഥാര്‍ത്ഥ്യമായി തീരും. കംപ്യൂട്ടര്‍ രംഗത്തെ ഒരു പുതിയ വിപ്ലവം ആണ് വീഡിയോ കോണ്‍ഫറന്‍സിംഗ.് വിദൂരത്തിരിക്കുന്ന അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും ഒരു ക്ലാസ്മുറിയിലെന്നപോലെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന കംപ്യൂട്ടര്‍ ഉപയോഗിച്ചുളള ഒരു സംവിധാനമാണിത്. ഇപ്പോള്‍തന്നെ അമേരിക്കയില്‍ എം.ബി.എ. പോലുളള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഇന്റര്‍നെറ്റും വീഡിയോ കോണ്‍ഫ്രന്‍സും പ്രയോജനപ്പെടുത്തുന്നുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത ലൈബ്രറികള്‍ എവിടെയുമിരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും അവസരം സൃഷ്ടിക്കും. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ശേഖരിച്ചുവച്ചിട്ടുളള ലൈബ്രറികള്‍ ഒരുപക്ഷേ മ്യൂസിയങ്ങള്‍ ആക്കേണ്ടിവന്നേക്കാം. ഇന്ന് മുക്കിനും മൂലയ്ക്കും കാണുന്ന എസ്.ടി.ഡി. ബൂത്തുകള്‍ പോലെ നാടിന്റെ നാനാഭാഗത്തും ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും. അവ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്കും. ഒരു അത്യാധുനിക കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചുളള സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങളായിരിക്കും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ടെലിഫോണ്‍, ഫാക്‌സ്, ഇ-മെയില്‍, വീഡിയോ കോണ്‍ഫ്രന്‍സിംഗ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യമേഖലമുതല്‍ കാര്‍ഷികരംഗംവരെ വാഹനാപകടങ്ങള്‍ വഴി വിലപ്പെട്ട എത്രയോ ജീവനുകളാണ് നമ്മുടെ നാട്ടില്‍ നിത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാവിയിലെ വാഹനങ്ങള്‍ ഇതിനൊരു പരിഹാരം ആയിരിക്കും. ഉറങ്ങുന്ന ഡ്രൈവറെ ഉണര്‍ത്തുന്ന, വഴി അറിഞ്ഞുകൂടാത്ത ഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്ന, കംപ്യൂട്ടറിന്റെ സഹായത്താല്‍ ഇന്ധനം ലാഭിക്കുന്ന, കൂട്ടിയിടികള്‍ ഒഴിവാക്കുന്ന, ചിന്തിക്കുന്ന വാഹനങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പം അടുത്ത ദശകത്തില്‍ ഭാരതത്തിലും പ്രതീക്ഷിക്കാം. നഗരങ്ങളിലെ ട്രാഫിക് സംവിധാനവും കംപ്യൂട്ടര്‍ നിയന്ത്രിതമായിരിക്കും. ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപകല്പനചെയ്ത് ചുരുങ്ങിയ സമയത്തിനുളളില്‍ മാര്‍ക്കറ്റിലെത്തും. പതിറ്റാണ്ടുകള്‍ അംബാസഡര്‍ കാര്‍ മാത്രം കണ്ടുപരിചയിച്ച നമുക്ക് അതൊരു പുത്തന്‍ അനുഭവമായിരിക്കും. കാറിന്റെ കാര്യത്തില്‍ മാത്രമല്ല ഉപഭോഗവസ്തുക്കളുടെ കാര്യത്തിലും ഇങ്ങനെയുളള വൈവിധ്യം ഒരു യാഥാര്‍ത്ഥ്യമായിത്തീരും. ഭീമന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതില്‍ ഒരേ ഡിസൈനിലുളള ലക്ഷക്കണക്കിന് കാറുകള്‍ അഥവാ മറ്റു ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന യുഗം അവസാനിക്കുകയാണ്. പകരം ചെറിയ പ്ലാന്റുകളില്‍ ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ചുളള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പുതിയ യുഗം പിറക്കുന്നു. രോഗം നിര്‍ണ്ണയിക്കുകയും ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കംപ്യൂട്ടറുകള്‍ ഇപ്പോള്‍ത്തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപകമായി. കാലം കഴിയുംതോറും ഈ ഉപയോഗം കൂടുതല്‍ വ്യാപകമാകും. നൂറു ശതമാനം ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്ന സ്‌പെഷ്യാലിറ്റി കംപ്യൂട്ടറുകള്‍ അടുത്ത നൂറ്റാണ്ടിന്റെ പ്രത്യേകതയായിരിക്കും. ഓരോ സ്‌പെഷ്യലിസ്റ്റും തങ്ങളുടെ മേഖലയില്‍ ആവശ്യമുളള കംപ്യൂട്ടറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് അവരുടെ ജോലി കുറ്റമറ്റതാക്കും. കണ്‍സ്യൂമറിസത്തിന്റെ ഈ കാലഘട്ടത്തില്‍ ഒരു പരിധി വരെ അത് അവരുടെ തൊഴിലിന്റെ റിസ്‌ക് കുറയ്ക്കുകയും ചെയ്യും. വിദൂരത്തിലിരുന്നുകൊണ്ട് വിദഗ്ദ്ധനായ ഒരു സര്‍ജന്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ സര്‍ജറി നിയന്ത്രിക്കാവുന്ന കാലം വരുന്നു. വിദഗ്ദ്ധരായ സര്‍ജന്‍മാര്‍ക്കും അവരുടെ സേവനം വേണ്ട രോഗികള്‍ക്കും അത് വലിയ അനുഗ്രഹമായിരിക്കും. ഭാവിയില്‍ ലോകത്തിന്റെ ഏത് കോണിലിരുന്നുകൊണ്ടും എവിടേയ്ക്കും ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാം. കംപ്യൂട്ടറിന്റെ സഹായത്തോടെ പണവും നല്കാം. ടൂറിസ്റ്റ് പ്രാധാന്യമുളള എല്ലാ സ്ഥലങ്ങളെക്കുറിച്ചും വിശദവിവരങ്ങള്‍ അടങ്ങുന്ന സി.ഡി.കള്‍ (കോംപാക്ട്് ഡിസ്‌ക്കുകള്‍) വളരെ വ്യാപകം ആയിരിക്കും. തന്‍മൂലം യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് നല്ലതുപോലെ പഠിച്ചിട്ടുമാത്രം ഒരു തീരുമാനത്തിലെത്താന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ മാതൃകയില്‍ നമുക്ക് ബസ്സിലും ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്ര ചെയ്യാന്‍ ഉതകുന്ന കാര്‍ഡുകള്‍ പ്രചാരത്തില്‍ വരും. ഉടമയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. കാര്‍ഷികരംഗത്തും കംപ്യൂട്ടറിന്റെ സ്വാധീനം വളരെ വിപുലവും വ്യാപകവുമായിരിക്കും. ഓരോ കാര്‍ഷിക വിളയും എങ്ങനെ കൃഷിചെയ്യണമെന്ന് പഠിപ്പിക്കുന്ന സി.ഡി കള്‍ പ്രചാരത്തിലാകും. അതുവഴി കാര്‍ഷികരംഗത്തെ പുതിയ വിജ്ഞാനങ്ങള്‍ പരീക്ഷണശാലകളില്‍നിന്നും സാധാരണ കര്‍ഷകരിലേക്ക് എളുപ്പം എത്തിക്കുവാനും സാധിക്കും. ജലസേചനം, വളപ്രയോഗം മുതലായവ കംപ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിലും സമയത്തും മാത്രം നല്‍കുന്ന സംവിധാനം ഉണ്ടാകും. കുറ്റവാളികളെ പിടിക്കാനും കംപ്യൂട്ടര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കമ്പ്യൂട്ടറിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഓരോ പോലീസ് സ്റ്റേഷന്റെയും അധികാരപിരിധിയില്‍പ്പെടുന്ന ജനങ്ങളെക്കുറിച്ചുളള എല്ലാവിവരങ്ങളും അവിടത്തെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കും. മോഷണം, പിടിച്ചുപറി, അടിപിടി മുതലായ കുറ്റകൃത്യങ്ങള്‍ പതിവാക്കിയവര്‍ എളുപ്പം കുടുങ്ങും. പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ ഒരാള്‍ 50 വര്‍ഷം മുമ്പ് നടത്തിയ ചെറിയ മോഷണത്തിന്റെവരെ വിവരങ്ങള്‍ ശേഖരിച്ചിരിക്കും. ഈ സംവിധാനങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വലിയ തോതില്‍ സഹായിക്കുമെന്നുറപ്പാണ്. കുറ്റവാളികളെ കുറിച്ചുളള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ കൈമാറുന്നതിന് ഈ സംവിധാനത്തിനു കീഴില്‍ സാദ്ധ്യമാകും. അതോടൊപ്പം ബുദ്ധിമാന്മാരായ കുറ്റവാളികള്‍ക്ക് ഒരു പുതിയ മേഖല തുറന്നുകിട്ടുമെന്ന ന്യൂനതയുമുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും ബാങ്കിടപാടുകളും പണമിടപാടുകളും നടത്തുന്നത് കമ്പ്യൂട്ടര്‍ വഴിയാകുമ്പോള്‍ കുബുദ്ധികള്‍ക്ക് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന പ്രസ്തുത വിവരങ്ങള്‍ തിരുത്തി ലക്ഷങ്ങളും കോടികളും അപഹരിക്കാന്‍ കഴിയും. ഇങ്ങനെയുളള കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും കേസ് വാദിക്കുന്നതിനും വിധിക്കുന്നതിനും നിയമപാലകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. അഭിഭാഷകര്‍ സൂക്ഷിക്കുക. വക്കീലോഫീസുകളുടെ മുഖച്ഛായതന്നെ മാറാന്‍ പോവുകയാണ്. കാലഹരണപ്പെട്ട നിയമപുസ്തകങ്ങളുടെയും നിയമമാസികകളുടെയും വക്കീല്‍ ഗുമസ്തന്മാരുടെയും കാലം അവസാനിക്കുകയാണ്. പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത നിയമലൈബ്രറികള്‍ വരും. കൂടുതല്‍ പുസ്തകങ്ങളും ആവശ്യമില്ല. ഏതെങ്കിലും ഒരു കേസിനെക്കുറിച്ച് ഗവേഷണം നടത്തണമെങ്കില്‍ കമ്പ്യൂട്ടര്‍ വഴി ഇന്ത്യയ്ക്കകത്തോ പുറത്തോ ഉളള നിയമലൈബ്രറികളുമായി ബന്ധപ്പെടാനും നിമിഷങ്ങള്‍ക്കകം ആ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വന്തം കമ്പ്യൂട്ടറില്‍ എത്തിക്കാനുമുളള സംവിധാനം നിലവില്‍ വരും. വിദൂരമല്ലാത്ത ഭാവിയില്‍ വക്കീല്‍ ഗുമസ്തപ്പണി കമ്പ്യൂട്ടര്‍ പഠിച്ച പെണ്‍പിളേളര്‍ കൈയ്യടക്കും. ഭാവിയിലെ .യുദ്ധങ്ങള്‍ കമ്പ്യൂട്ടര്‍ ആയിരിക്കും നിയന്ത്രിക്കുക. യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കേണ്ട വിധവും യുദ്ധം പോലും പരിശീലിക്കുന്നത് കമ്പ്യൂട്ടര്‍ വഴിയായിരിക്കും. ആധുനികയുദ്ധത്തില്‍ ഓരോ ഭടനും യുദ്ധോപകരണത്തിനൊപ്പം കമ്പ്യൂട്ടറും കരുതിയിരിക്കും. യുദ്ധമുന്നണിയിലെ ശത്രുവിനെയും ശത്രുനീക്കങ്ങളെയും കുറിച്ചുളള എല്ലാ വിവരങ്ങളും ഒരു ചലച്ചിത്രത്തിലെന്നപോലെ ഈ കമ്പ്യൂട്ടറില്‍ തെളിയും. ചാര ഉപഗ്രഹങ്ങളില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുളള സംവിധാനങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കും. വളരെ അപകടം പിടിച്ച ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ മനു ഷ്യന് പകരം യന്ത്രമനുഷ്യനെ നിയോഗിക്കും. ജനജീവിതത്തിന്റെ സമസ്തമേഖലകളും നിയന്ത്രിക്കുന്നത് കമ്പ്യൂട്ടറുകളാകുമ്പോള്‍ ഭാവിയില്‍ ശത്രുരാജ്യങ്ങള്‍ ആദ്യമായി ഉന്നം വെയ്ക്കുന്നത് ഒരു രാജ്യത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തെ ആയിരിക്കും. തീവ്രവാദികളും ഈ സമരമുഖം ഉപയോഗിക്കാനിടയുണ്ട്. വികസിതരാഷ്ട്രങ്ങള്‍ ഒരു പുതിയ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. വ്യാവസായികയുഗത്തില്‍ നിന്ന് അറിവിന്റെ (ഇന്‍ഫര്‍മേഷന്‍) യുഗത്തിലേക്ക്. അറിവിന്റെ യുഗത്തിലെ സാമ്പത്തിക ഇടപാടുകളുടെയെല്ലാം അടിസ്ഥാനം ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന അറിവായിരിക്കും. ഒരു വ്യാവസായിക സമൂഹത്തില്‍ വൈദ്യുതിക്കുളള സ്ഥാനമായിരിക്കും. ഭാവി സമൂഹത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുണ്ടാവുക. വ്യവസായ സമൂഹത്തില്‍ മൂലധനം ആയിരുന്നു പ്രധാന വിഭവം. അതിനുമുമ്പുളള സമൂഹത്തില്‍ ആ സ്ഥാനം ഉല്‍പ്പാദനത്തിനുതകുന്ന പ്രകൃതിവിഭവങ്ങളും. എന്നാല്‍ ഭാവി സമൂഹത്തില്‍ പ്രധാനപ്പെട്ട വിഭവം അറിവായിരിക്കും. വ്യവസായ സമൂഹത്തില്‍ മൂല്യവര്‍ധനവിന് കാരണം തൊഴിലാളികളായിരുന്നുവെങ്കില്‍ ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ ആ സ്ഥാനം അറിവിനായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ആധുനികലോകത്തിലെ എല്ലാ വ്യവസായങ്ങള്‍ക്കും അടിസ്ഥാനം ശാസത്രീയവിജ്ഞാനമാണ്. അതുകൊണ്ട്തന്നെ അറിവിന്റെ യുഗത്തില്‍ അറിവിന്റെ സൃഷ്ടിക്കും വിനിമയത്തിനും ഉതകുന്ന കമ്പ്യൂട്ടറിന് പ്രഥമസ്ഥാനമുണ്ടായിരിക്കും. കമ്പ്യൂട്ടറിന്റെയും വാര്‍ത്താവിനിമയ ബന്ധങ്ങളുടെയും വളര്‍ച്ചയുടെ ഫലമായി ദേശങ്ങള്‍ തമ്മിലുളള അകലം ഇന്നൊരു പ്രശ്‌നമല്ലാതായി. ഈ ലോകത്തിന്റെ ഏത് കോണില്‍ ജീവിക്കുന്നവരും ഒരു ഗ്രാമത്തിലെ ജനങ്ങളെപ്പോലെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ഇനിയും വ്യാപകമാവും. അങ്ങനെ ഈ ലോകം മുഴുവന്‍ ഒരു ഗ്രാമത്തിനു തുല്യമാകും. ആഗോളഗ്രാമം എന്ന സ്വപ്നം അങ്ങനെ സഫലമാകും. “അനന്തമജ്ഞാതമവര്‍ണ്ണനീയം, ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം. അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു” എന്ന് പണ്ട് നാലപ്പാടന്‍ ചോദിച്ചുവെങ്കില്‍ ഈ ലോകത്തിന്റെ ഒരു ചെറിയ കോണിലിരുന്ന് തന്റെ കമ്പ്യൂട്ടറിലൂടെ എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന മനുഷ്യന്‍ പറയും, എല്ലാം എന്റെ കൈയ്ക്കുളളില്‍. ഭാഗം - II ഭാവിലോകം. കേരളത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകത്തക്ക രീതിയിലാണ് വിവരങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭാവികേരളത്തെ നമുക്ക് സ്വപ്നം കാണാം. പ്ലാനിംഗുമായി ബന്ധപ്പെട്ടവര്‍ അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്; നമ്മള്‍ ജീവിക്കുന്ന ഇന്നത്തെ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളൊക്കെ തുടര്‍ച്ചയല്ല. ഒരു നേര്‍വരയിമെലന്നപോലെ ഭാവിയെക്കാണുന്നവര്‍ എങ്ങുമെത്തില്ല. മാറുന്ന ലോകത്തിനനുസരിച്ച് പ്രശ്‌നങ്ങളെ പുതിയ വീക്ഷണകോണിലൂടെ കാണാന്‍ പഠിക്കണം. ഇന്നു നമ്മള്‍ കാണുന്ന സംസ്‌കാരങ്ങള്‍ സാമൂഹികവും സാമ്പത്തികവും ശാസ്ത്രീയവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്ക് വിധേയമായി ഭവിച്ചതാണ്. ഈ മാറ്റങ്ങളുടെ സിംഹഭാഗവും ഇരുപതാം നൂറ്റാണ്ടിലാണ് സംഭവിച്ചത്. അതിന്റെ ഫലമായി നമ്മുടെ ജീവിതരീതികളും ചിന്തകളും മുമ്പെന്നത്തേക്കാളും വേഗത്തിലാണ് ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെങ്കില്‍ നമുക്ക് ഭൂതകാലത്തെക്കുറിച്ചെന്നപോലെ ഭാവിയെക്കുറിച്ചും വ്യക്തമായ ഒരു ചിത്രമുണ്ടായിരിക്കണം. സംസ്‌കാരങ്ങളിലൂടെ ഒരു യാത്ര - പൂജ്യംമുതല്‍ നാലുമാനംവരെ ആള്‍ക്കുരങ്ങില്‍നിന്നു മനുഷ്യനിലേക്കുള്ള പരിണാമം സംഭവിച്ചത് ആറ് ദശലക്ഷം വര്‍ഷം മുമ്പാണ്. ആധുനിക മനുഷ്യന്റെ ഉദ്ഭവം രണ്ടു ദശലക്ഷം വര്‍ഷം മുന്‍പ് ആഫ്രിക്കയിലാണെന്നും അവിടെനിന്ന് അവര്‍ ഒരുലക്ഷം വര്‍ഷം മുമ്പ് ഭൂമിയുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിച്ചുവെന്നുമാണ് 'ഔട്ട് ഓഫ് ആഫ്രിക്ക സിദ്ധാന്തം' പറയുന്നത്. ഡി.എന്‍.എ. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അലന്‍ വില്‍സണ്‍, റെബേക്ക കാന്‍, ലൂഗി ലൂസ, പീറ്റര്‍ അണ്ടര്‍ഹാല്‍ എന്നിവര്‍ സ്ഥാപിക്കുന്നത് ഏതാണ്ട് 60,000 വര്‍ഷം മുമ്പ് വര്‍ത്തമാനകാല കിഴക്കനാഫ്രിക്കയില്‍നിന്ന് 150-നും 2000-നും ഇടയില്‍ ആളുകള്‍ പുറംലോകത്തേക്ക് കുടിയേറിയെന്നും അവരുടെ പിന്‍തലമുറക്കാരാണ് വര്‍ത്തമാനലോകത്തെ 600 കോടി മനുഷ്യര്‍ എന്നുമാണ്. ഏതാണ്ട് രണ്ടു ദശലക്ഷം വര്‍ഷം മുമ്പു മുതല്‍ 5000 വര്‍ഷം മുമ്പുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യന്‍ അമ്പതില്‍ത്താഴെയുള്ള കൂട്ടങ്ങളായി അലഞ്ഞുതിരിഞ്ഞ് വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും ജീവിച്ചെന്നും അവരുടെ സഞ്ചാരപഥം വളരെ ചെറുതായിരുന്നെന്നുമാണു വെളിവാകുന്നത്. l ഏകദേശം 15,000 വര്‍ഷം മുമ്പുതന്നെ മുകളില്‍പ്പറഞ്ഞ സംസ്‌കാരത്തിനു മാറ്റം വന്നുതുടങ്ങി. മനുഷ്യന്‍ വലിയ കൂട്ടങ്ങളാകാന്‍ തുടങ്ങി. സ്ഥിരമായി ഒരിടത്തു താമസിച്ച് കൃഷിയും കാലിവളര്‍ത്തലും തുടങ്ങി. 3000 വര്‍ഷം മുമ്പ് ഈ മാറ്റം പൂര്‍ണ്ണമായി. l ആദ്യം സാഹസികരും പിന്നീട് വ്യാപാരികളും മനുഷ്യവാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കരമാര്‍ഗ്ഗ സഞ്ചാര പഥംസൃഷ്ടിച്ചു. അതിന് ഉദാഹരണമാണ് ചൈന-ഇന്‍ഡ്യ- യൂറോപ്പ് 'സില്‍ക്ക് റോഡ്'. ഒട്ടകം വലിക്കുന്ന വണ്ടികള്‍ മരുഭൂമിയിലൂടെയും ചെറിയ കപ്പലുകള്‍ തീരക്കടലിലൂടെയും സഞ്ചരിച്ചു. യാത്ര ഏകമാനമായിരുന്നു- സ്ഥിരമായ ഒരു പാതമാത്രം പിന്തുടരുന്നവ. l ഗ്രാമങ്ങള്‍ പട്ടണങ്ങളായും വ്യാപാരകേന്ദ്രങ്ങളായും വികസിച്ചതോടെ സമ്പത്ത് കുമിഞ്ഞുകൂടി. സാധനങ്ങള്‍ക്കുപുറമേ വിജ്ഞാനവും ആശയങ്ങളും വിപണനം ചെയ്യപ്പെട്ടു. വിദ്യാഭ്യാസം പുരോഗമിച്ചു. സംസ്‌കാരം കൂടുതലും ഏകമാനമായിരുന്നു-സ്ഥിരമായ ഒരു പാതയിലൂടെ മാത്രം സഞ്ചരിച്ചുകൊണ്ടുള്ള സാമൂഹികബന്ധങ്ങള്‍. l ക്രമേണ സഞ്ചാരപഥങ്ങള്‍ പരസ്പരം കീറിമുറിച്ചും സമാന്തരമായും സൃഷ്ടിക്കപ്പെട്ടു. ലോകത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ ദ്വിമാനസ്വഭാവം കടന്നുകൂടി. ലോകത്തിന്റെ ദ്വിമാനരേഖാചിത്രം സൃഷ്ടിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍പോലും ലോകസമൂഹത്തിന്റെ ഭാഗമാണെന്നു ചിന്തിക്കുവാന്‍ തുടങ്ങി. വ്യാപാരകേന്ദ്രങ്ങളിലെ നേതാക്കന്മാര്‍ സഞ്ചാരപഥങ്ങളുപയോഗിച്ച് സ്വത്തും അധികാരവും ഭൂപ്രദേശങ്ങളും സമ്പാദിച്ചു. സാമ്രാജ്യങ്ങള്‍ ജന്മമെടുത്തു. l പതിനഞ്ചാം നൂറ്റാണ്ടോടുകൂടി കപ്പല്‍വഴിയുള്ള സഞ്ചാരവും വ്യാപാരവും വികസിച്ചതോടെ ദ്വിമാന ലോകത്തേക്കുള്ള ഒരു പൂര്‍ണ്ണമാറ്റവുമായി. കാറ്റിന്റെ ഗതിക്കനുസരിച്ച് ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്ന വലിയ കപ്പലുകള്‍ രൂപംകൊണ്ടു. കണ്ടുപിടിത്തങ്ങളുടെ കാലത്തേക്കു നയിച്ച ഈ മാറ്റത്തിലൂടെ ദ്വിമാനലോകത്തിന് അന്ത്യമായി. മുപ്പത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ യൂറോപ്പില്‍നിന്നുള്ള കപ്പലുകള്‍ ലോകം ചുറ്റി സഞ്ചരിച്ച്, അമേരിക്കപോലുള്ള പുത്തന്‍ദേശങ്ങളിലെത്തി. പുതിയതായി കൈവന്ന ശക്തികൊണ്ട് 25- ഓളം യൂറോപ്യന്‍ രാജ്യങ്ങള്‍ ഭൂമിയുടെ 84 ശതമാനം പ്രദേശവും 500 വര്‍ഷത്തോളം കൈയടക്കിവച്ചു. l രണ്ടു നൂറ്റാണ്ടായി മനുഷ്യന്‍ ബലൂണ്‍, ഗ്ലൈഡര്‍ തുടങ്ങി പല മാര്‍ഗ്ഗങ്ങളിലൂടെ പറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ യന്ത്രസഹായത്തോടെയുള്ള ആകാശസഞ്ചാരം യാഥാര്‍ത്ഥ്യമായി. 12 വര്‍ഷത്തിനുശേഷം വിമാനം യുദ്ധത്തില്‍ ഉപയോഗിച്ചു തുടങ്ങി. യാത്രാവിമാനങ്ങള്‍ വ്യാപകമായി. 1950-ല്‍ 20 ദശലക്ഷം ആളുകള്‍ വിമാനത്തില്‍ യാത്ര ചെയ്തുവെങ്കില്‍, 2000-ത്തില്‍ അതു 100 കോടിയായി. ആകാശത്തിന്റെ വിദൂരതകളിലേക്ക് മനുഷ്യനെയും ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് റോക്കറ്റുകള്‍ പറന്നു. ത്രിമാന സംസ്‌കാരത്തിന്റെ വികാസം പുതിയ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികള്‍ക്കു കാരണമായി. l വര്‍ത്തമാനകാലം ഇന്റര്‍നെറ്റിന്റെയും സൈബര്‍ലോകത്തിന്റെയുമാണ്. സൈബര്‍ലോകം സ്വാതന്ത്ര്യത്തിനും പ്രവൃത്തികള്‍ക്കും പുതിയ മാനം നല്‍കിയതോടെ ഒരു പുതിയ സംസ്‌കാരംതന്നെ പിറവിയെടുത്തു. സമ്പത്തിനും അധികാരത്തിനും അറിവിനും വിദ്യാഭ്യാസത്തിനും പുതിയ നിര്‍വ്വചനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ലോകത്തെവിടെനിന്നും എവിടേക്കും ആരുമായും നിമിഷങ്ങള്‍ക്കുള്ളില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് കൈവന്നതോടെ സമയദൂരങ്ങള്‍ അപ്രസക്തമായി. ഭൂതകാലത്ത് സംഭവിച്ചതുപോലെ പുതിയ സാങ്കേതികവിദ്യ പുതിയ സമ്പത്തിനും അധികാരത്തിനും അറിവിനും വിജ്ഞാനത്തിനുമുള്ള ആയിരം കവാടങ്ങള്‍ തുറക്കും. സംസ്‌കാരപരിണാമങ്ങളും അവ പഠിപ്പിക്കുന്ന സത്യങ്ങളും സംസ്‌കാരങ്ങളുടെ പരിണാമങ്ങള്‍ക്കു പിന്നിലുള്ള അടിസ്ഥാന തത്ത്വങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്ന വ്യക്തികള്‍ക്ക് ഭാവിയെക്കുറിച്ചു വ്യക്തമായ ചിത്രം രൂപപ്പെടുത്താന്‍ സാധിക്കും. ആദ്യത്തെ സംസ്‌കാരം രണ്ടു ദശലക്ഷം വര്‍ഷം മുമ്പു തുടങ്ങി 5000 വര്‍ഷം മുമ്പ് അവസാനിച്ചുവെങ്കില്‍, ഏകമാനസംസ്‌കാരം 5000 വര്‍ഷത്തോളം നിലനിന്നു. (ചരിത്രരേഖകളുള്ള സംസ്‌കാരം തുടങ്ങുന്നത് 5000 വര്‍ഷം മുമ്പാണ്.) ദ്വിമാന സംസ്‌കാരം 500 വര്‍ഷം നിന്നുവെങ്കില്‍, ത്രിമാന സംസ്‌കാരം 100 വര്‍ഷം മാത്രമാണു നിലനിന്നത്. സംസ്‌കാരങ്ങളുടെ പരിണാമം പഠിക്കുകയാണെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന കാര്യം മാറ്റങ്ങള്‍ എല്ലായിടത്തും ഒരുപോലെ സംഭവിക്കുന്നില്ല എന്നതാണ്. ഇന്നും ഏകമാനത്തിലോ ദ്വിമാനത്തിലോ ത്രിമാനത്തിലോ ജീവിക്കുന്ന ജനസമൂഹങ്ങള്‍ നിലനില്‍ക്കുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഓരോ പുതിയ സംസ്‌കാരവും പുത്തന്‍ സ്വാതന്ത്ര്യവും പ്രവൃത്തികളും പ്രദാനം ചെയ്യുന്നു; ഒപ്പം ഒരുപിടി പുത്തന്‍ അവസരങ്ങളും. ഇതില്‍നിന്നെല്ലാം ഉരുത്തിരിയുന്ന സത്യം ഇതാണ് - പുതിയ ലോകത്തേക്കുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കായിരിക്കും എപ്പോഴും സമ്പത്തും അധികാരവും വിജ്ഞാനവും. ഓരോ പുതിയ സംസ്‌കാരത്തിലും പുത്തന്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളെക്കാള്‍ സമ്പത്തിനുള്ള അവസരം അതിന്റെ ഉപയോക്താക്കള്‍ക്കായിരിക്കും. ദ്വിമാന സംസ്‌കാരത്തില്‍ കപ്പല്‍ നിര്‍മ്മിച്ച ആശാരിമാരെക്കാള്‍, കമ്പനികളെക്കാള്‍ ധനം സമ്പാദിച്ചത് അതുപയോഗിച്ചവരായിരുന്നു. അതുപോലെ എണ്ണയുല്പാദകരെക്കാള്‍, അതുപയോഗിച്ചവരാണ് ധനം സമ്പാദിച്ചത്. സാങ്കേതിക-സാമൂഹിക-സാമ്പത്തിക വിപ്ലവങ്ങളും സമൂഹവും വ്യവസായവിപ്ലവത്തിന്റെ അവസാനത്തോടെ ആവിര്‍ഭവിച്ച ടെലിഫോണ്‍, വൈദ്യുതി, ആട്ടൊമൊബൈല്‍ സാങ്കേതികവിദ്യകള്‍ കഴിഞ്ഞനൂറ്റാണ്ടില്‍ സാമൂഹിക-സാമ്പത്തിക-സാങ്കേതിക രംഗങ്ങളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. 50 വര്‍ഷത്തിനുള്ളില്‍ എല്ലാം മാറ്റത്തിനു വിധേയമായി. ഇന്നു നിലവിലുള്ള സാമൂഹിക-സാമ്പത്തിക-സാങ്കേതിക വിപ്ലവത്തിന്റെ തുടക്കം 1971-ലെ മൈക്രോ പ്രോസസറിന്റെ കണ്ടുപിടിത്തത്തോടെയാണ്. ഇതു ധാരാളം വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു- പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ഫൈബര്‍ ഓപ്ടിക്‌സ്, മൊബൈല്‍ ഫോണ്‍, ടെലികമ്മ്യൂണിക്കേഷന്‍, ബയോടെക്‌നോളജി, ഇന്റര്‍നെറ്റില്‍നിന്ന് വേള്‍ഡ് വൈഡ് വെബ് വരെ. മനുഷ്യ ജനിതക പഠനം, നാനോ ടെക്‌നോളജി തുടങ്ങി വിവിധ രംഗങ്ങളില്‍ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും സംഭവിച്ചു. ആ അര്‍ത്ഥത്തില്‍ ഭാവിയിലെ ചരിത്രകാരന്മാര്‍ ഒരുപക്ഷേ, ഇന്നത്തെ വിപ്ലവത്തെ മൂന്നു പ്രധാന മേഖലയിലെ വിപ്ലവങ്ങളായി കണ്ടേക്കാം-ഡിജിറ്റല്‍, നാനോ, ബയോടെക്‌നോളജി. മൂന്നുറുവര്‍ഷത്തെ കുതിച്ചുചാട്ടം (1700-2000) കഴിഞ്ഞ മുന്നൂറ് വര്‍ഷത്തിനുള്ളില്‍ ഈ ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ ഒരു ഇന്‍ഡ്യക്കാരന്റെ കണ്ണിലൂടെ നമുക്കൊന്ന് നോക്കിക്കാണാം. യേശുക്രിസ്തുവിന്റെ ജനനംമുതല്‍ ഔറംഗസീബിന്റെ കാലംവരെയുള്ള 1700 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 23 കോടിയില്‍നിന്ന് 90കോടിയിലെത്തിയെങ്കില്‍ അടുത്ത 300 വര്‍ഷംകൊണ്ട് 90-ല്‍ നിന്ന് 650 കോടിയിലെത്തി. ആളോഹരിവരുമാനത്തിന്റെ കണക്കും ഇതുപോലെയാണ്. 1990-ലെ നിലവാരത്തില്‍ അളക്കുകയാണെങ്കില്‍ 1700 വര്‍ഷംകൊണ്ട് 90 ഡോളറില്‍ നിന്ന് 140-ല്‍ എത്തിയെങ്കില്‍ അടുത്ത 300 വര്‍ഷംകൊണ്ട് 6500 ഡോളറിലെത്തി നില്‍ക്കുന്നു. 1440-ല്‍ ഗുട്ടന്‍ബര്‍ഗ് അച്ചടി കണ്ടുപിടിച്ചതോടെ മതവിജ്ഞാനം വ്യാപകമായി. ദൈവവും പുരോഹിതവര്‍ഗ്ഗവും തമ്മില്‍ നേരിട്ടു ബന്ധമില്ലെന്ന സത്യം ജനം മനസ്സിലാക്കി. ശരിയും തെറ്റും വിവേചിക്കുവാനുള്ള അറിവ് ജനം ആര്‍ജ്ജിച്ചു. 1830-50 കളിലെ ആവിയന്ത്രവും 1870-90 കളിലെ ഇലക്ട്രിസിറ്റിയും 1920-40 കളിലെ ആട്ടൊമൊബൈലും 1940-60കളിലെ ഇലക്‌ട്രോണിക്‌സും 1980-2000ത്തിലെ കമ്പ്യൂട്ടറും ഈ കാലഘട്ടത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇന്‍ഡ്യയും ചൈനയും നൂറ്റാണ്ടുകളോളം ലോക ജനസംഖ്യയുടെയും സമ്പത്തിന്റെയും നാലില്‍ മൂന്നു ഭാഗവും കേന്ദ്രീകരിച്ചത് ഇന്‍ഡ്യയിലും ചൈനയിലുമായിരുന്നു. എ.ഡി.ഒന്നാംനൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുവരെ ലോകത്തെ വന്‍ശക്തി ഭാരതമായിരുന്നു. ആഗോള ജി.ഡി.പി.യുടെ 32.9 ശതമാനമായിരുന്നു ഭാരതത്തിന്റെ സംഭാവന. കുതിച്ചുചാട്ടത്തിന്റേതായ 300 വര്‍ഷംകൊണ്ട് ഇന്‍ഡ്യയും ചൈനയും ലോകത്തിന്റെ നാലില്‍ മൂന്ന് ജി.ഡി.പി.യില്‍ നിന്ന് 10 ശതമാനത്തിലെത്തി. 1830-ല്‍ ആഗോള ഉല്പാദനത്തിന്റെ 61 ശതമാനം ഏഷ്യ,ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ സംഭാവന ആയിരുന്നുവെങ്കില്‍ ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഇത് 8 ശതമാനത്തിലെത്തി. എ.ഡി. 1500-ല്‍ ഇന്‍ഡ്യയുടെ ജി.ഡി.പി. ലോക ജി.ഡി.പി.യുടെ 24.5 ശതമാനമായിരുന്നുവെങ്കില്‍ 1950-കളിലത് 3.8 ശതമാനത്തിലെത്തി. ഇന്‍ഡ്യയും ചൈനയും വീണ്ടും വന്‍ശക്തികളുടെ നിലവാരത്തിലേക്കുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. 2050-ഓടെ ഇവര്‍ ലോകത്തെ ഒന്നും രണ്ടും ശക്തികളായി മാറും. ഭാവിലോകം ഐ.ബി.എം. എന്ന അന്താരാഷ്ട്ര കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് 2015-നുളളില്‍ സംഭവിക്കാന്‍ പോകുന്ന 5 പ്രധാന മാറ്റങ്ങള്‍ ഇവയാണ് 1. വീടുകളിലെ ഉപകരണങ്ങളും വൈദ്യുതി ഉപയോഗവും മൊബൈല്‍ ഫോണിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ സാധിക്കും. പാരമ്പര്യ-പാരമ്പര്യേതര വൈദ്യുതി വ്യാപകമാകുകയും ഏതു വൈദ്യുതി എപ്പോള്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ടാകുകയും ചെയ്യും. 2. ബുദ്ധിയുളള കമ്പ്യൂട്ടര്‍നിയന്ത്രിത വാഹനങ്ങളും ഗതാഗതസംവിധാനങ്ങളും ഗതാഗതക്കുരുക്കും മോട്ടോര്‍ അപകടങ്ങളും കുറയ്ക്കും. 3. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്രോതസ്സുമുതല്‍ മലിനീകരണം, പോഷകാംശം തുടങ്ങിയ വിവരങ്ങള്‍ വരെ അറിയാന്‍ സാധിക്കും. 4. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഇവ ഒന്നാകുന്നതോടെ വ്യാപാരത്തിനും ബാങ്കിംഗിനും വിവരങ്ങളറിയുന്നതിനും യാത്രയ്ക്കുളള ടിക്കറ്റുകള്‍ വാങ്ങുന്നതിനും നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങള്‍ക്കും പുതിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കും. 5. ഇന്നത്തെ നിലവാരത്തില്‍ ചിന്തിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അമാനുഷകഴിവുകള്‍ നവസാങ്കേതികവിദ്യകള്‍ പ്രദാനം ചെയ്യും. മനുഷ്യശരീരത്തിന്റെ ത്രിമാനവീക്ഷണത്തിലൂടെയും ഹൃദയമിടിപ്പ് തുടങ്ങി മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മ ശബ്ദങ്ങള്‍പോലും കേള്‍ക്കുന്നതു വഴിയും രോഗനിര്‍ണ്ണയം സുഗമവും കൃത്യതയുളളതുമാകും. ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ ഫ്യൂച്ചറോളജി ഡിപ്പാര്‍ട്ട് മെന്റിന്റെ പഠനമനുസരിച്ച് അടുത്ത 50-60 വര്‍ഷത്തെ മാറ്റങ്ങള്‍ ഇവയായിരിക്കും: അടുത്ത 50 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ചന്ദ്രനിലേക്ക് സ്ഥിരമായി യാത്രകള്‍ നടത്തും. ഇന്ന് കൊച്ചുകുട്ടികള്‍ കളിപ്പാട്ടമായുപയോഗിക്കുന്ന കംപ്യൂട്ടറിന്റെ വലിപ്പത്തിലുള്ള കംപ്യൂട്ടറുകളില്‍ മഹായുദ്ധങ്ങള്‍പോലും കൃത്രിമമായി സൃഷ്ടിക്കപ്പെടും. കൃത്രിമ (യന്ത്രസൃഷ്ടി) സ്വരത്തോടുകൂടിയ ഗായകസംഘത്തിന്റെ പാട്ടുകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പാട്ടുകളാകും. ടെലിവിഷന്‍ സൂപ്പര്‍ താരങ്ങളില്‍ നാലിലൊന്നെങ്കിലും കൃത്രിമ താരങ്ങളായിരിക്കും (യഥാര്‍ത്ഥമനുഷ്യതാരങ്ങളായിരിക്കില്ല). 2020-ഓടെ കൃത്രിമബുദ്ധിയുള്ള ഒരു യന്ത്രത്തിന് പിഎച്ച്.ഡി.കിട്ടും. 2030-ഓടെ റോബോട്ടുകള്‍ ശാരീരികമായും മാനസികമായും മനുഷ്യനെക്കാള്‍ ഉന്നതിയിലെത്തും. 2040-ഓടെ കൃത്രിമമായി തലച്ചോര്‍ സൃഷ്ടിക്കപ്പെടും; ഒപ്പം 'ഈ-ബേബി'കളും. 2012-ഓടെ വൈദ്യശാസ്ത്രരംഗത്ത് കംപ്യൂട്ടറുകള്‍ ഓപ്പറേഷനുകള്‍ ചെയ്‌തേക്കാം. ദന്തരോഗത്തിനു കാരണമായ 'പ്ലേക്കി'നെ നശിപ്പിക്കാനുള്ള ബാക്ടീരിയ അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഇറങ്ങും. 'സ്റ്റെം' ഗവേഷണത്തിലൂടെ പ്രമേഹത്തിന് പരിഹാരം കാണും. ഓരോ വ്യക്തിയുടെയും 'ടിഷ്യൂ' എടുത്തുവളര്‍ത്തി കേടുവന്ന അവയവങ്ങള്‍ പുനഃസൃഷ്ടിക്കും. 2015-ഓടെ ഇലക്‌ട്രോണിക് മാര്‍ഗ്ഗത്തില്‍ രതിസുഖം നേടാം, തത്ഫലമായി ഇ-മെയില്‍ വഴിപോലും രതിമൂര്‍ച്ഛയും രതിസുഖവും അനുഭവിക്കാം. 2010-ഓടെ ഇന്ന് സൗജന്യമായി കിട്ടുന്ന ഇ-മെയില്‍ സൗകര്യത്തിന് പണം കൊടുക്കേണ്ടിവരും. 2012-ഓടെ ഗവണ്‍മെന്റ് സേവനങ്ങളെല്ലാം കംപ്യൂട്ടര്‍ വഴിയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയും നല്‍കപ്പെടും. 2015-ഓടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്ന പോയിന്റില്‍ വച്ചുതന്നെ വ്യക്തിഗതനികുതി കുറവുചെയ്യപ്പെടും. 2020-ഓടെ ഭാഷാപഠനം കുറയും, കാരണം വിവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കും. 2008-ഓടെ ഒരാളുടെ ഇ-മെയിലിനും ഫോണിനും ഒരേ അഡ്രസ് (നമ്പര്‍) ആയിരിക്കും. കീബോര്‍ഡില്ലാതെ സംസാരത്തിലൂടെ കമ്പ്യൂട്ടറുമായി ബന്ധപ്പെടും. 2010- ഓടെ ഇന്നു കാണുന്ന ലാന്‍ഡ്‌ഫോണിനു ചരമഗീതം പാടും, സ്വരം വഴിയുള്ള ടെലിഫോണ്‍ വിളികള്‍ സൗജന്യമാകും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിയും. 2017-ഓടെ ലോകജനസംഖ്യയുടെ പകുതിക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കും. 2040-ഓടെ ലോകജനസംഖ്യ 1000 കോടിയിലെത്തി വളര്‍ച്ച അവസാനിപ്പിക്കും. 2008-ഓടെ 7 കിലോവാട്ട് വരെ ശക്തിയുള്ള ബാറ്ററികള്‍ ഗാര്‍ഹിക വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2030-ഓടെ ശൂന്യാകാശത്ത് സൗരോര്‍ജ്ജനിലയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. മനുഷ്യവംശവും അസ്തിത്വത്തിന്റെ പൊരുള്‍ തേടിയുളള അന്വേഷണങ്ങളും മറ്റു ജീവജാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ പ്രത്യേകത ആത്മീയതയാണ്. മനുഷ്യജീവിതംതന്നെ ആത്മീയമാണ്. ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ് നമ്മുടെ ശാസ്ത്രീയാന്വേഷണങ്ങളൊക്കെ. ഒരു വശത്ത് തൊഴില്‍ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ കുറേ തൊഴിലുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. പകരം പുതിയവ ഉരുത്തിരിയും. lപ്രസക്തി നഷ്ടപ്പെടുന്നവ സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ആട്ടൊമൊബൈല്‍ ഡീലര്‍മാര്‍, കത്തുകള്‍ വഹിക്കുന്നവര്‍, ഇന്‍ഷുറന്‍സ്- റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, ട്രാവല്‍ ഏജന്റുമാര്‍, അദ്ധ്യാപകര്‍, പ്രിന്റര്‍മാര്‍, സ്റ്റെനോ ഗ്രാഫര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ഓര്‍ത്തോഡോന്റിസ്റ്റുകള്‍, ജയില്‍ ഗാര്‍ഡുകള്‍, ട്രക്ക് ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ന്യൂസ്‌പേപ്പര്‍ നിര്‍മ്മാണവും വിതരണവും lപുതിയതായി ഉരുത്തിരിയുന്ന അവസരങ്ങള്‍ ടിഷ്യൂ എന്‍ജിനീയര്‍മാര്‍, ജീന്‍ പ്രോഗ്രാമര്‍മാര്‍, ഫാര്‍മേര്‍സ് (Pharmers), ഫ്രാങ്കന്‍ ഫുഡ് മോണിട്ടേഴ്‌സ്, ഡാറ്റാ മൈനേഴ്‌സ്, ഹോട്ട് ലൈന്‍ ഹാന്‍ഡിമെന്‍, വെര്‍ച്വല്‍ റിയാലിറ്റി ആക്ടര്‍മാര്‍, നാരോ കാസ്റ്റേഴ്‌സ്, ട്യൂണിംഗ് ടെസ്റ്റേഴ്‌സ്, നോളഡ്ജ് എഞ്ചിനിയേഴ്‌സ്, സാമാന്യബുദ്ധിയും ജനങ്ങളുമായി ഇടപഴകാന്‍ കഴിവ്, സര്‍ഗാത്മകത എന്നിവയും ഉള്ളവര്‍ക്ക് സൃഷ്ടിപരമായ ജോലികള്‍ക്ക് സാദ്ധ്യത. lവിനോദം എഴുത്തുകാര്‍, നടന്മാര്‍, അനുബന്ധ തൊഴിലുകള്‍, സോഫ്റ്റ് വെയര്‍, ശാസ്ത്ര സാങ്കേതികരംഗം lസേവനമേഖലകള്‍ ഡ്രൈവര്‍മാര്‍, സഹായികള്‍, പേഴ്‌സണല്‍ സെക്രട്ടറിമാര്‍, പോലീസ്, നിയമജ്ഞര്‍, അദ്ധ്യാപകര്‍, ട്യൂട്ടര്‍മാര്‍, ടൂര്‍ ഗൈഡുകള്‍, ഹോട്ടല്‍ ജോലിക്കാര്‍ lമറ്റ് തൊഴിലുകള്‍ നിര്‍മ്മാണമേഖല, റിപ്പയര്‍, സാനിട്ടേഷന്‍, ഹൈവേ ജോലിക്കാര്‍, പാര്‍ക്ക് സര്‍വ്വീസ് lഇന്‍ഫര്‍മേഷന്‍ സര്‍വീസുകള്‍ അടിസ്ഥാനസൗകര്യം, നിര്‍മ്മാണം, റിപ്പയര്‍, ഫൈബര്‍ കേബിള്‍, ഉപഗ്രഹം മുതലായവ. മെഡിക്കല്‍, ആരോഗ്യപരിരക്ഷ, ബയോടെക്‌നോളജി. സൂക്ഷ്മാണുവില്‍ തുടങ്ങി മറുവശത്ത് അന്യഗോളങ്ങളും സൗരയൂഥങ്ങളും തേടിയുളള അന്വേഷണം. അസ്ഥിത്വത്തിന്റെ പൊരുള്‍ തേടിയുളള ഈ അന്വേഷണങ്ങള്‍ക്കൊടുവിലും നമുക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നമ്മുടെ പ്രവൃത്തികളിലും വാക്കുകളിലും ചിന്തകളിലും മാനുഷികമുഖം കൂടുതലായി പ്രതിഫലിച്ചുതുടങ്ങി. കൃഷി കൃത്യതയാര്‍ന്ന കൃഷിയാണ് ഭാവിയിലേത്. ഉപഗ്രഹം വഴിയുള്ള പഠനങ്ങളിലൂടെയും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിലൂടെയും ആധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചിട്ടുള്ള കാര്‍ഷിക യന്ത്രങ്ങളിലൂടെയും കൃത്യതയാര്‍ന്ന അളവിലുള്ള വളവും വിത്തും വെള്ളവും കീടനാശിനികളും പ്രയോഗിക്കുകവഴി വിഭവനഷ്ടം ഒഴിവാക്കി ലാഭം കൂട്ടുക എന്നതാവും മുഖ്യ ലക്ഷ്യം. സമുദ്രസമ്പത്തിന്റെ നാശം, കൃഷിഭൂമിയുടെ നാശം, ഭൂഗര്‍ഭജലത്തിന്റെ നാശം, സസ്യജീവജാലങ്ങളുടെ വൈവിധ്യത്തിന്റെ നാശം എന്നിവയും സംഭവിക്കും. ഹോട്ടല്‍/റിസോര്‍ട്ട് വ്യവസായം രണ്ടായിരാമാണ്ടില്‍ യാത്രാവിമാനങ്ങള്‍ 100 കോടിയിലധികം യാത്ര നടത്തി. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അത് മൂന്നിരട്ടിയാകും. അതുകൊണ്ടുതന്നെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും നല്ലകാലം വരുന്നു. രണ്ടുതരത്തിലുള്ള ഹോട്ടലുകള്‍ വേണ്ടിവരും. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ബിസിനസ്സ് സഞ്ചാരികള്‍ക്കു വേണ്ടുന്ന സൗകര്യങ്ങളുള്ള നിലവാരമുള്ള മുറികള്‍. മറുവശത്ത് റിസോര്‍ട്ടുകള്‍. 2010-നു ശേഷം ഈ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഭൂരിപക്ഷം അതിഥികളെയും എങ്ങനെ തൃപ്തിപ്പെടുത്തും എന്നതായിരിക്കും. മാനേജ്‌മെന്റ് രംഗത്തെ ഭാവിയിലെ വെല്ലുവിളികള്‍ 1. ഇന്നു നിലവിലുള്ള ജോലിസമയവും വീട്ടിലുള്ള സമയവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകും. നവസാങ്കേതികവിദ്യയുടെ സഹായത്തോടെ വീട്ടിലിരുന്നും ജോലി ചെയ്യാം. നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ജോലിസമയം ഓരോ വ്യക്തിക്കും തിരഞ്ഞെടുക്കാം. വീടും ജോലിയും 24 മണിക്കൂറും ഏഴുദിവസവും എന്ന നിലവരും. ജോലിയില്‍ ചെലവഴിക്കുന്ന സമയത്തെക്കാള്‍ ചെയ്യുന്ന ജോലിയുടെ അളവനുസരിച്ചായിരിക്കും പ്രതിഫലം. 2. അറിവും യോഗ്യതയുമുള്ള ജോലിക്കാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടും. നിരന്തരമായ പരിശീലനവും ഉയര്‍ന്ന ഉല്പാദനക്ഷമതയും ഭാവിയിലെ വെല്ലുവിളികളായിരിക്കും. 3. വ്യത്യസ്ത വേതനസമ്പ്രദായങ്ങള്‍ സാമ്പത്തികമായി ഉന്നതി നേടിയ സമൂഹങ്ങളില്‍ വേതനവിഷയത്തില്‍ അബ്രഹാം മാസ്‌ലോ എന്ന സാമൂഹിക ശാസ്ത്രജ്ഞന്റെ 'ഹൈറാര്‍ക്കി ഓഫ് നീഡ്‌സ്' എന്ന തത്ത്വത്തിനു പ്രസക്തി വര്‍ദ്ധിക്കും. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, സ്‌നേഹം ഇവ നേടിക്കഴിഞ്ഞാല്‍ അതിലുപരി വ്യത്യസ്തങ്ങളായ പ്രതിഫലങ്ങളാണ് പിന്നെ ആഗ്രഹിക്കുന്നത്. മിടുക്കരായ ജോലിക്കാര്‍ക്ക് കൂടുതല്‍ അര്‍ത്ഥമുള്ള ജോലി, കൂടുതല്‍ വിശ്രമസമയം, ജോലിസമയം സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായ അനുകൂല്യങ്ങളും ശമ്പളത്തിനൊപ്പം നല്‍കേണ്ടിവരും. ഇംഗ്ലീഷ് ഭാഷയുടെ ഭാവി ലോകഭാഷയായി ഇംഗ്ലീഷ് ഉരുത്തിരിയും. ഇന്റര്‍നെറ്റിന്റെ ഫലമായി മറ്റു ഭാഷകളും ജനശ്രദ്ധയില്‍പ്പെടും. ഇംഗ്ലീഷിതര വെബ്‌സൈറ്റുകളുടെ എണ്ണം ഇപ്പോഴത്തെ ഒരുലക്ഷത്തില്‍നിന്നു കൂടാനാണ് സാദ്ധ്യത. വര്‍ദ്ധിച്ചുവരുന്ന സഞ്ചാരവും കുടിയേറ്റങ്ങളുംമൂലം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍പ്പോലും ഒന്നില്‍ക്കൂടുതല്‍ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ജനസംഖ്യാവിസ്‌ഫോടനത്തിന്റെ അവസാനം അറുപതിലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ, ഇന്നുള്ള ജനസംഖ്യ നിലനിര്‍ത്തുന്നതിന് അപര്യാപ്തമായ നിലയിലേക്ക് ജനങ്ങളുടെ പ്രത്യുല്പാദനക്ഷമത താഴ്ന്നു. ഒരു സ്ത്രീക്ക് 2.1 കുട്ടികളാണ് തത്സ്ഥിതി തുടരുന്നതിനാവശ്യം. ഐക്യരാഷ്ട്രസഭ പ്രവചിക്കുന്ന 9.5 ബില്യനിലെത്താതെ 2025 ആകുമ്പോള്‍ 7.5 ബില്യനിലെത്തി ജനസംഖ്യ താഴോട്ടുപോകാനാണ് സാദ്ധ്യത. കുത്തനെ താഴുന്ന ജനസംഖ്യയുടെ ഫലമായി അപകടമണി മുഴക്കിയ രാജ്യങ്ങളാണ് ജപ്പാന്‍, ജര്‍മ്മനി, റഷ്യ മുതലായവ. പരിണിതഫലങ്ങള്‍ l കൂടുതല്‍ കുടിയേറ്റങ്ങള്‍, ലോകതൊഴിലാളിവര്‍ഗ്ഗം l കൂടുതല്‍ വൃദ്ധരും കുറച്ചു ചെറുപ്പക്കാരും. l ഓരോ വര്‍ഷവും ഉപഭോക്താക്കളുടെ എണ്ണം കുറയുകയാണെങ്കില്‍ വികാസം പ്രാപിക്കുന്ന ലോകസമ്പദ്‌വ്യവസ്ഥ യാഥാര്‍ത്ഥ്യമാകുമോ? മതവും ലോകസമാധാനവും ഓരോ മതവും ഈശ്വരനിലേക്കുളള ഏകമാര്‍ഗ്ഗം തങ്ങള്‍ മാത്രമാണെന്നാണ് പ്രചരിപ്പിക്കുന്നത്. എണ്ണത്തില്‍ ഊറ്റം കൊളളാനും ആഗ്രഹിക്കുന്നു. മതം ഓരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ ഒരു വിഷയം എന്ന നിലയിലേക്ക് ലോകം വളര്‍ന്നെങ്കില്‍ മാത്രമേ സമാധാനവും ശാന്തിയും നിലനില്‍ക്കൂ. ഭാവിയിലെ നഗരങ്ങള്‍ 24 മണിക്കൂറും 365 ദിവസവും സജീവമായ നഗരങ്ങളായിരിക്കും ഭാവിയിലേത്. വ്യവസായങ്ങളെക്കാള്‍ ഭവനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. ജോലി ക്കും താമസത്തിനും വിനോദത്തിനും സാംസ്‌കാരികവളര്‍ച്ചയ്ക്കും ഉതകുന്ന നഗരങ്ങള്‍. വ്യക്തിഗത ആട്ടോമൊബൈലിന്റെ അന്ത്യം. തത്സ്ഥാനത്ത് വിവിധതരം പൊതുഗതാഗത സംവിധാനങ്ങളും സൈക്കിളും കാല്‍നടക്കാരും ഉണ്ടാവും. ഊര്‍ജ്ജം ഫ്യൂവല്‍ സെല്ലുപോലുള്ള ഊര്‍ജ്ജസ്രോതസ്സുകളുപയോഗിച്ച് പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ചെറിയ അളവിലുള്ള വൈദ്യുതിപോലും സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ നിയന്ത്രിത വൈദ്യുതി വിതരണ സംവിധാനങ്ങളും കമ്പ്യൂട്ടര്‍ നിയന്ത്രിത വീടുകളും ഗൃഹോപകരണങ്ങളും വൈദ്യുതി ഉപഭോഗം കുറയ്ക്കും. വൈദ്യുതിയുടെ ആവശ്യം കൂടിനില്‍ക്കുന്ന സമയത്ത് (വൈദ്യുതിനിരക്ക് കൂടുതലുള്ള സമയം) ഉപയോഗം ഒഴിവാക്കി പൊതുതാത്പര്യവും വ്യക്തിതാത്പര്യവും കണക്കാക്കി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും നിലവില്‍ വരും. വൈദ്യുതി ഉല്‍പ്പാദനം വികേന്ദ്രീകൃതമായിരിക്കും. ഭാവിയിലെ ഊര്‍ജ്ജസ്രോതസ്സുകള്‍ ഇവയായിരിക്കും - എണ്ണ, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍, കടലില്‍ നിന്നുളള വൈദ്യുതി, കാറ്റില്‍ നിന്നുളള വൈദ്യുതി, സൗരോര്‍ജ്ജം, ഉപഗ്രഹങ്ങള്‍, ചന്ദ്രനില്‍ നിന്നുളള ഹീലിയം 3, ന്യൂക്ലിയര്‍ ഇന്ധനം, മാഗ്നറ്റിക്‌സ്, ഗ്രാവിറ്റിക്‌സ് മുതലായവ. ഒരു ദശലക്ഷം ടണ്‍ ഹീലിയം 3 ഭൂമിയിലെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളും 1000 വര്‍ഷത്തേക്ക് നിറവേറ്റാന്‍ പര്യാപ്തമാണ്. മനുഷ്യവിഭവശേഷിവിഭാഗത്തിന്റെ മാറുന്ന പങ്ക് 1. മുതലാളി- തൊഴിലാളി ബന്ധം സുഗമമാക്കുക, സാങ്കേതികവിദ്യകളുടെ സഹായത്തോടെ തൊഴിലാളിക്ക് സ്വയം പ്രവര്‍ത്തിക്കുവാനും മാനേജ്‌മെന്റ് സംബന്ധമായ സ്വാതന്ത്ര്യം ഉറപ്പാക്കാനും സഹായിക്കുക. 2. വൈദഗ്ദ്ധ്യവും അറിവും പങ്കുവയ്ക്കുകവഴി തൊഴിലാളിക്കും മാനേജര്‍ക്കും സ്വാശ്രയത്വം. ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടും: തൊഴില്‍ സുരക്ഷ, പരിമിതമായി മാത്രം പുതിയ ജോലിക്കാരെ നിയമിക്കുക, സ്വയം മാനേജ് ചെയ്യുന്ന സംഘങ്ങളും വികേന്ദ്രീകൃതമായ തീരുമാനങ്ങളും, ഉയര്‍ന്ന വേതനം, വിശാലമായ ട്രെയിനിംഗ്, കീഴ്ജീവനക്കാരനും മേല്‍ജീവനക്കാരനും തമ്മിലുള്ള അന്തസ്സിലെ അന്തരം, ശമ്പളം, വസ്ത്രം, ഭാഷ, ഓഫീസ് സംവിധാനം ഇവയിലെ അന്തരം എന്നിവ കുറയും. സ്ഥാപനത്തിന്റെ പ്രവര്‍ത്തന സംബന്ധമായ വിവരങ്ങള്‍ എല്ലാവരും പങ്കുവയ്ക്കും. വിദ്യാഭ്യാസത്തിനും ആശയവിനിമയത്തിനുമുള്ള പ്രേരകശക്തിയായി നിലകൊള്ളും. പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും പ്രോത്സാഹനത്തിലൂടെ സ്ഥാപനത്തിന്റെ സൃഷ്ടിപരമായ ശക്തി വര്‍ദ്ധിക്കും. സംഘടനയുടെ നിലവിലുള്ള രീതികളില്‍ അറിവുനേടാന്‍ പ്രോത്സാഹിപ്പിക്കും. സംഘടനയ്ക്കുള്ളില്‍ എന്തു നടക്കുന്നുവെന്ന് വിശദമായി അറിയിക്കും. പരിസ്ഥിതിയിലൂന്നിയ നവസാമ്പത്തിക വ്യവസ്ഥിതി പരിസ്ഥിതിയിലൂന്നിയ ഒരു പുതിയ ലോകസമ്പദ്‌വ്യവസ്ഥ നിലവില്‍വരും. ലോകം മുമ്പ് ദര്‍ശിച്ചിട്ടില്ലാത്തവിധം അവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ സാദ്ധ്യതയുള്ള നാച്വറല്‍ കാപ്പിറ്റലിസം അഥവാ ഇക്കോ- ഇക്കണോമിക് റെവല്യൂഷന്‍. ഭക്ഷ്യവിഷയത്തില്‍ സ്വയംപര്യാപ്തമായി മാറിയ യൂറോപ്പില്‍ ജനസംഖ്യാവര്‍ദ്ധനവ് പൂജ്യത്തിലെത്തിയിരിക്കുന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം നിരോധിച്ച ഡെന്മാര്‍ക്ക് 15 ശതമാനം ഊര്‍ജ്ജം കാറ്റില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു. തെക്കന്‍കൊറിയ വനവത്കരണം നടത്തുന്നു. 2025 ആകുമ്പോള്‍ കോസ്റ്ററിക്ക പൂര്‍ണ്ണമായും പാരമ്പര്യേതര ഊര്‍ജ്ജത്തെ ആശ്രയിക്കും. ഹൈഡ്രജന്‍ ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യരാജ്യമായി ഐസ്‌ലന്‍ഡ് മാറും. ഭാവിയില്‍ ഊര്‍ജ്ജത്തിനായി കൂടുതലും ഹൈഡ്രജനെയും സൂര്യപ്രകാശത്തെയും ആശ്രയിക്കും. രണ്ടായിരാമാണ്ടില്‍ ലോകം 750 ബില്യണ്‍ ഡോളര്‍ എണ്ണയ്ക്കായി ചെലവഴിച്ചു. ഇത്രയും തുക കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുവാനായി ചെലവാക്കിയിരുന്നെങ്കില്‍, ലോകത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ അഞ്ചിലൊന്ന് ഉല്പാദിപ്പിക്കാമായിരുന്നു. ആഗോളതലത്തില്‍തന്നെ ഊര്‍ജ്ജോല്പാദന സ്രോതസ്സിലെ മാറ്റം ഒരു നവസാമ്പത്തിക വിപ്ലവത്തിനു കാരണമാകും. കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിനു കാരണവും ഇതുപോലൊരു മാറ്റമായിരുന്നുവല്ലോ. ലോകത്ത് 40 രാജ്യത്തു മാത്രമാണ് എണ്ണയുള്ളതെങ്കില്‍, പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ എല്ലാവര്‍ക്കുമുണ്ട്. കാറ്റും വെള്ളവും സൂര്യപ്രകാശവും ഒക്കെ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് വികസനം വികേന്ദ്രീകൃതമായിരിക്കും. വായന ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ അച്ചടിമാദ്ധ്യമത്തിനു പകരംവരില്ല. വിവരങ്ങള്‍ അറിയുന്നതിനും കഥകള്‍ വായിക്കുന്നതിനും ഒരു പുസ്തകം വാങ്ങുന്നതിനു മുമ്പ് അതിനെക്കുറിച്ചറിയുന്നതിനുമൊക്കെയുള്ള മറ്റൊരു സമാന്തര സംവിധാനമായി അതുനിലനില്‍ക്കും. പേനപോലൊരു ഇലക്‌ട്രോണിക് ഉപകരണം പി. സി., മൊബൈല്‍ ഇവയോടുചേര്‍ത്ത് കാര്യങ്ങള്‍ വായിക്കാന്‍ നമ്മേ സഹായിക്കും. നാനോ ടെക്‌നോളജി പദാര്‍ത്ഥങ്ങളെ തന്മാത്രകളുടെ അളവിലേക്ക് ചുരുക്കി ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതാണ് നാനോ ടെക്‌നോളജി. താഴെപ്പറയുന്ന വ്യവസായങ്ങളില്‍ ഇതിന്റെ സ്വാധീനം പ്രകടമാകും: സെമികണ്ടക്ടര്‍, കമ്പ്യൂട്ടര്‍, പ്രസിദ്ധീകരണം, ഭക്ഷണം, വസ്ത്രം, പരസ്യം, നിര്‍മ്മാണം, പദാര്‍ത്ഥങ്ങള്‍, പരിസ്ഥിതി, ലൈറ്റിംഗ്, ഊര്‍ജ്ജം, സുരക്ഷിതത്വം, വാഹനം, മിലിട്ടറി, വൈദ്യശാസ്ത്രം തുടങ്ങിയവ. ക്യാന്‍സര്‍ ചികിത്സയുടെ ഭാവി പരിശോധിക്കാം. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ പറ്റാത്തത്ര ചെറുതായ കമ്പ്യൂട്ടര്‍ നിയന്ത്രിത പദാര്‍ത്ഥങ്ങള്‍ രോഗിയുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു. ഇവ ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ മാത്രം തിരഞ്ഞു പിടിച്ച് നശിപ്പിക്കും. സമീപത്തുള്ള സെല്ലുകള്‍ക്ക് ഒരു നാശവും സംഭവിക്കില്ല. വിരമിക്കലിന്റെ അന്ത്യം ഭാവിയിലെ ജോലികളില്‍ പ്രധാനം അറിവുമായി ബന്ധപ്പെട്ടതായിരിക്കും. കായികബലം തീരെ ആവശ്യമില്ലാത്ത ജോലികളാണവ. ബുദ്ധിക്കു വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതുവഴി വാര്‍ദ്ധക്യത്തിലും രോഗാവസ്ഥയിലും ബുദ്ധിപരമായി ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനുമുള്ള മനസ്സുണ്ടായിരിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ വൃദ്ധരില്‍ നല്ലൊരു ശതമാനം ജോലിയില്‍ നിന്നുവിരമിക്കില്ല. അവര്‍ ഒരു പക്ഷേ അല്പം മെല്ലെ ജോലിചെയ്തുവെന്നു വരാം, കുറച്ചു ജോലി ചെയ്തുവെന്നു വരാം, പുതിയ ജോലികള്‍ ചെയ്യാം, അല്പം വിശ്രമിച്ചെന്നു വരാം, എങ്കിലും വരുമാനമുണ്ടാക്കുന്ന എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടും. മോണിട്ടറും കീബോര്‍ഡുമില്ലാതെ സമയവും ദൂരവും നമ്മുടെ ജീവിതത്തില്‍ ഒരു വിഷയമല്ലാതായി മാറും. റെറ്റിനല്‍ സ്‌കാനിംഗ് വഴി ഒരു കമ്പ്യൂട്ടറിലെ ഉള്ളടക്കം കണ്ണിലേക്ക് മാറ്റുന്നതുവഴി കമ്പ്യൂട്ടര്‍ മോണിട്ടറും ശബ്ദനിയന്ത്രിത സോഫ്റ്റ്‌വെയര്‍വഴി കീബോര്‍ഡും ഇല്ലാത്ത കമ്പ്യൂട്ടറുകള്‍ വരും. ശൂന്യാകാശത്തേക്കുള്ള ലിഫ്റ്റുകള്‍-നാനോടെക്‌നോളജി ഉപയോഗിച്ചുള്ള നാനോട്യൂബുകള്‍ വഴി ഇതു സാദ്ധ്യമാകും. കാര്‍ബണ്‍ തന്മാത്രകളില്‍നിന്നു നാനോടെക്‌നോളജിവഴി സ്റ്റീലിനെക്കാള്‍ 60-100 ഇരട്ടി കരുത്തുള്ള പദാര്‍ത്ഥം സൃഷ്ടിക്കും. ഭൂമിയില്‍നിന്ന് ശൂന്യാകാശത്തുള്ള (22,000 മൈല്‍) സ്റ്റേഷനിലേക്ക് നാനോട്യൂബുവഴിയുള്ള ബന്ധം സൃഷ്ടിക്കപ്പെടും. ഈ സഞ്ചാരപഥത്തിലൂടെ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വാഹനം ഉപയോഗിച്ചുള്ള ശൂന്യകാശയാത്ര യാഥാര്‍ത്ഥ്യമാകും. ഭാവിയിലെ ഭവനങ്ങള്‍ ഭാവിയിലെ ഭവനങ്ങള്‍, ജോലിക്കും വിദ്യാഭ്യാസത്തിനും വിനോദത്തിനും ആരോഗ്യപരിരക്ഷയ്ക്കുമുള്ള കേന്ദ്രങ്ങളായിരിക്കും. സര്‍ക്കാരും പ്രശ്‌നപരിഹാരങ്ങളും 20-ാം നൂറ്റാണ്ടിനു മുമ്പ് സാമൂ ഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലി കുടുംബങ്ങളും ദേവാലയങ്ങളും പ്രാദേശിക സമൂഹങ്ങളുമാണ് ചെയ്തിരുന്നത്. 20-ാം നൂറ്റാണ്ടില്‍ നമ്മള്‍ സര്‍ക്കാരിലേക്ക് തിരിഞ്ഞു. ഭാവിയില്‍ സര്‍ക്കാരിനായിരിക്കില്ല ഈ ഉത്തരവാദിത്വം. പിന്നെ ആര്‍ ക്കായിരിക്കും ഈ ഉത്തരവാദിത്വം എന്നത് ഇനിയും ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്. എങ്കിലും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തില്‍ വലിയ സ്ഥാനം കാണും. ഒറ്റപ്പെട്ട കുടുംബങ്ങള്‍ വ്യവസായവത്കരണത്തിന്റെ സൃഷ്ടിയാണ് ചെറിയ ഒറ്റപ്പെട്ട കുടുംബങ്ങള്‍. സൈബര്‍ സമ്പദ്‌വ്യവസ്ഥ നല്‍കുന്ന അവസരങ്ങള്‍ ഒരു വശത്ത്. സാമൂഹികപ്രശ്‌നങ്ങളും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട് മാറിവരുന്ന സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ മറുവശത്ത്. ജനസംഖ്യയില്‍ ഭൂരിപക്ഷമായ വൃദ്ധരുടേതായ പുതിയ സമൂഹം, പഴയ കൂട്ടുകു ടുംബവ്യവസ്ഥിതിയിലേക്കോ കുടുംബങ്ങളുടെ കൂട്ടായ്മയിലേക്കോ തിരിച്ചുപോകുന്ന അവസ്ഥ സംജാതമാക്കും പുതിയ സാമൂഹികമാറ്റങ്ങള്‍. നിയമജ്ഞരും തൊഴിലും വക്കീലാപ്പീസുകളില്‍ പുസ്തകങ്ങള്‍ക്കുപകരം സി. ഡി. യും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമാകും. കേസിനെക്കുറിച്ചുളള പഠനം ഇന്റര്‍നെറ്റ് വഴിയാവും. കേസിന്റെ വിവരങ്ങള്‍ ഓഡിയോ, വീഡിയോ മാദ്ധ്യമങ്ങളിലും ഉണ്ടാവും. ഇ-മെയില്‍, വീഡിയോ കോണ്‍ഫറന്‍സ്, കോണ്‍ഫറന്‍സ് ഫോണ്‍വിളി ഇവ സാധാരണമായി ഉപയോഗിക്കും. വക്കീലന്മാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസം ഇന്റര്‍നെറ്റ് വഴിയായിരിക്കും. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലും കൈകാര്യം ചെയ്യേണ്ടിവരും. ടെലിമെഡിസിന്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ഒരുപാട് അന്താരാഷ്ട്ര നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ലോകകോടതി എന്നത് ഒരു യാഥാര്‍ത്ഥ്യമാകും. വരുംകാലത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ 1. ഇന്റര്‍നെറ്റ് വഴിയുള്ള വാണിജ്യം: ബ്രോഡ്ബാന്‍ഡ് കണക്ഷനും പുതുതലമുറ പി. സി.യും ഇതു സര്‍വ്വസാധാരണമാക്കും. വീട്ടിലിരുന്നുകൊണ്ടുതന്നെ വിദ്യാഭ്യാ സത്തിനും വാണിജ്യത്തിനുമുള്ള ധാരാളം അവസരം ഇന്റര്‍നെറ്റ് ഒരുക്കും. ആര്‍ക്കും ഏതു സാധനവും സേവനവും ലോകത്തെവിടെ നിന്നും വാങ്ങാനും എവിടെയും വില്‍ക്കാനും സാധിക്കും. ഭാവനയും ആഗ്രഹവുമുള്ള വ്യക്തികള്‍ ഈ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകും. ഭൗതികമായ മുടക്കുമുതലിനെക്കാള്‍ നിങ്ങളുടെ തലച്ചോറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ക്കായിരിക്കും വില. 2. ജനിതക സാങ്കേതികവിദ്യയുടെ ഫലമായി മനുഷ്യായുസ്സ് വര്‍ ദ്ധിക്കും 3. ഒറ്റയാള്‍ പോരാട്ടം: ഒരാള്‍ മാത്രം ഉള്‍പ്പെട്ട ബിസിനസ്സിന്റെ പ്രത്യേ കതകള്‍ എന്തൊക്കെയാണ്? എപ്പോള്‍ തുറക്കണമെന്നും അടയ്ക്കണമെന്നും ആരും പറയാനില്ല. ശമ്പളാനുകൂല്യങ്ങള്‍ തീരുമാനിക്കാനൊരു മനുഷ്യവിഭവശേഷിവകുപ്പില്ല; മാനേജരില്ല, നിങ്ങള്‍ മാത്രം. ഒരര്‍ത്ഥത്തില്‍ ഇതൊരു സ്വാതന്ത്ര്യം ആണെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പേടിപ്പെടുത്തുന്നതുമാണ്. അനിശ്ചിതത്വത്തിന്റെയും അവസരങ്ങളുടെയും വിപ്ലവകരമായ മാറ്റങ്ങളുടെയും ലോകത്ത് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കുക എന്ന വെല്ലുവിളി. സംഘടനാപരമായ കാഴ്ചപ്പാട്- വിജയമന്ത്രം ദേശീയ സമ്പദ്‌വ്യവസ്ഥകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ഇഴുകിച്ചേരുകയാണ്. ഒരു രാജ്യത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന കമ്പനികളും ഉല്പന്നങ്ങളും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതൊരു വസ്തുവിന്റെയും നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങളാണ് അസംസ്‌കൃതവസ്തു, മുടക്കുമുതല്‍, തൊഴിലാളി, സാങ്കേതികവിദ്യ അഥവാ അറിവ് എന്നിവ. ഈ കൂട്ടായ്മയില്‍ അറിവിനുള്ള പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. തൊഴിലാളികളുടെ സ്രോതസ്സും സാങ്കേതിക പരിജ്ഞാനത്തിന്റെ നിലവാരവും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ഉല്പന്നത്തിന്റെയും സേവനത്തിന്റെയും ജീവചക്രം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നുള്ള മാറ്റങ്ങളും അനിശ്ചിതത്വവും ആഗോളീകരണവുമാണ് പുതിയ മാറ്റങ്ങള്‍. ബിസിനസ്സുകളെ സംബന്ധിച്ച് ഈ അവസ്ഥയില്‍ എങ്ങനെ നിലനില്‍ക്കുമെന്നതാണ് പ്രശ്‌നം. പഴയതില്‍നിന്നുള്ള മോചനം ഭാവിയെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടിന് രൂപം നല്‍കുക, അതാണ് ഏറ്റവും പ്രധാനം. വ്യക്തികള്‍ക്കും സമൂഹത്തിനും നഗരങ്ങള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഒക്കെ ഭാവിയെക്കുറിച്ചൊരു കാഴ്ചപ്പാടുണ്ട്. പക്ഷേ, പലപ്പോഴും ഇതു ഭൂതകാലത്തില്‍ ബന്ധിതമായിരിക്കും. ഈ ബന്ധനത്തില്‍ നിന്നുള്ള മോചനമാണ് പ്രധാനം. ഈ ബന്ധനങ്ങളില്‍നിന്നു വേറിട്ട് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളും മെനയുക. സ്വപ്നങ്ങളുടെ കരുത്ത് വിഷന്‍ (vision) എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തില്‍ ദര്‍ശനം അല്ലെങ്കില്‍ സ്വപ്നം എന്നൊക്കെപ്പറയാം. മേല്‍ത്തട്ടിലുള്ള നേതൃത്വത്തിനു വേണ്ടുന്ന ഏറ്റവും വലിയ സമ്പത്ത് സ്വപ്നം കാണാനുള്ള കഴിവാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ക്കില്ലാത്തതും ഈ കഴിവാണ്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം യുവജനങ്ങളോട് ഉപദേശിച്ച സ്വപ്നവും ഇതുതന്നെ. ഒരു സംഘടനയിലെ അംഗങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍, അവരുടെ തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഒക്കെ ഈ സ്വപ്നം ഒരടിസ്ഥാനമായിരിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭാവി എന്തായിരിക്കണമെന്നതിന്റെ വിവരണമാണ് സ്വപ്നം. ഈ സ്വപ്നത്തിന് സംഘടനയിലെ ഓരോ അംഗത്തെയും ഒരു കാന്തത്തെ എന്ന പോലെ ആകര്‍ഷിക്കാനുള്ള കരുത്തുണ്ടായിരിക്കും. സ്വപ്നം യാഥാര്‍ ത്ഥ്യമാകുന്നതോടുകൂടി അംഗങ്ങള്‍ക്ക് നന്മ ഭവിക്കണം. ലോകത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് സ്വപ്നവും മാറണം. ആവശ്യമെങ്കില്‍ സംഘടനയുടെ ഭാവിയെക്കുറിച്ചുള്ള രൂപംപോലും മാറ്റത്തിനു വിധേയമാകണം. അംഗങ്ങളുടെ കണ്ണിലും മനസ്സിലും ഒക്കെ എപ്പോഴും സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവമുണ്ടാകണം. സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ മൂല്യങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രവചനമോ വാര്‍ഷിക പ്രശ്‌നപരിഹാരങ്ങളോ സംഘടനയുടെ ഉദ്ദേശ്യങ്ങളുടെ വിവരണമോ സ്വപ്നമാകുന്നില്ല. എങ്ങനെ സ്വപ്നം കാണാം? ഭാവിയും ഭൂതവും തമ്മിലുള്ള സൃഷ്ടിപരമായ സംഘര്‍ഷം, ഇവ രണ്ടും തമ്മിലുള്ള സമന്വയം, ഭാവിയെക്കുറിച്ച് നിങ്ങള്‍ ഇഷ്ടപ്പെടുന്നതും സാദ്ധ്യതയുള്ളതും സംഭാവ്യവുമായ കാര്യങ്ങള്‍ ഇവയെക്കുറിച്ച് സൃഷ്ടിയുടെ തലത്തിലുള്ള അന്വേഷണങ്ങള്‍ നടത്തുക. അനുബന്ധം ഗ്രന്ഥകര്‍ത്താവ് രചിച്ചതും വിവിധ കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ലേഖനങ്ങളുടെ വിശദവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഈ ലേഖനങ്ങളാണ് ഈ പുസ്തകത്തിനാധാരം.
Sunday, 3 April 2011
6-ഭാവിയിലേക്കൊരെത്തിനോട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment