Sunday 3 April 2011

3-വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി

വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി
കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം.  കുട്ടികള്‍ മാതാപിതാക്കളുടെ മാത്രമല്ല, 
രാഷ്ട്രത്തിന്റെയും സമ്പത്താണ്.  ഈ തത്ത്വം അംഗീകരിച്ച സമൂഹങ്ങളില്‍ മാത്രമാണ് എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുള്ളത്.  

ഭാഗം  I
രാഷ്ട്രപുരോഗതിയും ജനതയുടെ വിദ്യാഭ്യാസവും
ഇന്റര്‍നാഷണല്‍ അഡല്‍റ്റ് ലിറ്ററസി സര്‍വേയുടെ അടിസ്ഥാനത്തില്‍ കാനഡയിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ'  14 രാജ്യത്തായി 1960-95 കാലഘട്ടത്തില്‍ തൊഴിലിലേക്കു പ്രവേശിച്ച ആളുകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ചതില്‍നിന്നു മനസ്സിലായത, ഒരു രാജ്യം മനുഷ്യവിഭവശേഷിയില്‍ പണം മുടക്കുന്നതും പില്‍ക്കാലത്ത്  സാമ്പത്തികമായി പുരോഗമിക്കുന്നതും തൊഴിലാളികളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുന്നതും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നാണ്.  രാജ്യം സാക്ഷരതയില്‍ ഒരു ശതമാനം പുരോഗമിക്കുമ്പോള്‍, ആനുപാതികമായി തൊഴിലാളികളുടെ ഉല്പാദനക്ഷമതയില്‍ 2.5 ശതമാനം വളര്‍ച്ചയും മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജി.ഡി.പി.) 1.5 ശതമാനം വളര്‍ച്ചയും ഉണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  ജനങ്ങളുടെ അറിവിന്റെ നിലവാരം ഉയര്‍ത്തുന്നതുവഴി സാമ്പത്തിക പുരോഗതി കൈവരിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് ബെല്‍ജിയം, അയര്‍ലണ്ട്, ഫിന്‍ലന്‍ഡ്, ഇറ്റലി  തുടങ്ങിയ രാജ്യങ്ങള്‍.  ഈ രാജ്യങ്ങളിലെ തൊഴിലാളികളുടെ ആളോഹരി ഉല്പാദനവര്‍ദ്ധന ലോകത്ത് ഏറ്റവും ഉയര്‍ന്നതായിരുന്നു.
ഇന്‍ഡ്യന്‍ വിദ്യാഭ്യാസരംഗം
ഭരണഘടനയുടെ പുതിയ ഭേദഗതി അനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം പൗരന്റെ അടിസ്ഥാന അവകാശമായി .  ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിയെ പുകഴ്ത്തുന്നവര്‍പോലും ചോദിക്കുന്ന ചോദ്യമാണ്,വിദ്യാഭ്യാസവിഷയത്തില്‍ എന്തുകൊണ്ട് ഇന്‍ഡ്യ നില മെച്ചപ്പെടുത്തുന്നില്ല എന്ന്.  വര്‍ത്തമാനകാല സമൂഹം ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ല. അങ്ങനെ കാണുന്നുണ്ടായിരുന്നുവെങ്കില്‍ ഭരണഘടനാഭേദഗതിക്കൊപ്പം അതിനാവശ്യമായ കാര്യങ്ങളും ചെയ്യുമായിരുന്നു.
കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. കുട്ടികള്‍ മാതാപിതാക്കന്മാരുടെ മാത്രമല്ല, രാഷ്ട്രത്തിന്റെയും സമ്പത്താണ്.  ഈ തത്ത്വം അംഗീകരിച്ച സമൂഹങ്ങളില്‍ മാത്രമാണ് എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുള്ളത്.  
ഇന്‍ഡ്യയില്‍ 10.4 ലക്ഷം സ്‌കൂളും 53 ലക്ഷം സ്‌കൂള്‍ അദ്ധ്യാപകരുമാണ് 2006-ലെ കണക്കനുസരിച്ച്.  ഇവരില്‍ 47 ലക്ഷം പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരാണ് (ഇക്കൂട്ടരില്‍ 47 ശതമാനം +2 വിജയിക്കാത്തവരും). 87 ശതമാനം സ്‌കൂളുകളും (9ലക്ഷം) ഗ്രാമങ്ങളിലാണ്.  അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:41 ആണ്.
ഇന്‍ഡ്യയിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകളാണ്.  ഈ കുറവുകള്‍ കൂടുതലും ബാധിക്കുന്നത് ദരിദ്രവിഭാഗത്തിലുള്ള കുട്ടികളെയാണ്. 2 ശതമാനം വിദ്യാഭ്യാസ നികുതി ഇനത്തില്‍ രാജ്യം 2005-06- ല്‍ 6975 കോടിരൂപ പിരിച്ചുവെങ്കിലും സ്‌കൂളുകളിലെ സ്ഥിതി ഇപ്പോഴും ആശാവഹമല്ല.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
വിദ്യാഭ്യാസവും രാഷ്ട്രപുരോഗതിയും ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും കുറേ സ്‌കൂള്‍, കോളേജ് ബിരുദധാരികളെ സൃഷ്ടിച്ചതുകൊണ്ടുമാത്രം പുരോഗതി വരില്ല. 'Does Education Matter' എന്ന പുസ്തകത്തിലൂടെ ആല്‍ഫ്രഡ് വോള്‍ഫ് (Alfred Wolf) ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നീ രാജ്യങ്ങളിലെ അനുഭവം വിവരിക്കുന്നു.  വിജയകരമായ സമ്പദ്‌വ്യവസ്ഥയോടൊപ്പം വിദ്യാഭ്യാസവും വളരണം. അല്ലാത്തപക്ഷം തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ സമൂഹസൃഷ്ടിക്കേ വിദ്യാഭ്യാസം ഉതകൂ.  അദ്ദേഹം പ്രാധാന്യം നല്‍കുന്നത് ഉന്നതവിദ്യാഭ്യാസത്തെക്കാള്‍ ഉന്നത ഗുണനിലവാരമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനാണ്.  
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (NCAER) 'ഇന്‍ഡ്യ പോളിസി ഫോറം' മൂന്നാം വാല്യത്തില്‍ ബാരി ബോസ്‌വര്‍ത്ത്, സൂസന്‍ എം. കോളിന്‍സ്, അരവിന്ദ് വിര്‍മാനി എന്നിവര്‍ രചിച്ച 'സോഴ്‌സസ് ഓഫ് ഗ്രോത്ത് ഇന്‍ ദി ഇന്‍ഡ്യന്‍ ഇക്കോണമി' എന്ന ലേഖനമനുസരിച്ച് മറ്റു വികസ്വര രാജ്യങ്ങളിലെ പൗരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസംവഴി ഇന്‍ഡ്യക്കാര്‍ക്ക് കൂടുതല്‍ നേട്ടം സമ്പാദിക്കാന്‍  സാധിക്കും.  പ്രൈമറി വിദ്യാഭ്യാസംവഴി നേട്ടം കുറവാണെങ്കിലും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസംവഴി  നേട്ടങ്ങളില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്താം.  80-കള്‍വരെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ നേട്ടം കുറവായിരുന്നുവെങ്കില്‍ 21-ാം നൂറ്റാണ്ടോടുകൂടി സ്ഥിതിഗതികള്‍ മാറി.
വിദ്യാഭ്യാസനിലവാരത്തകര്‍ച്ച
ദേശീയതലത്തില്‍ 2005- ല്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്; 4 വര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞ 38 ശതമാനം കുട്ടികള്‍ക്കും 2-ാം ക്ലാസ്സിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള  പാഠത്തിന്റെ ഒരു ഖണ്ഡികപോലും വായിക്കാന്‍ കഴിവില്ലെന്നതാണ്.  ഇതേവിഭാഗത്തിലെ 58 ശതമാനം കുട്ടികള്‍ക്കും ഒരു മൂന്നക്കസംഖ്യയെ ഒറ്റയക്കസംഖ്യകൊണ്ടു ഭാഗിക്കാനും അറിഞ്ഞുകൂടാ.
അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതവും കുട്ടികളുടെ പഠനമികവും
ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷനിലെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ചു വലിയ ക്ലാസ്സുകള്‍ (മോശം അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം)  മിടുക്കരല്ലാത്ത കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കും. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും, അദ്ധ്യാപകനുമായി ഇടപഴകാന്‍ അവസരവും കുറവായിരിക്കും.
ബ്രിട്ടനിലെ സ്‌കൂള്‍ അധ്യാപകര്‍ ക്ലാസ്സ് തുടങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പ്് സ്‌കൂളിലെത്തി അന്നത്തെ ക്ലാസ്സുകള്‍ക്കുവേണ്ടി തയ്യാറെടുപ്പു നടത്തും. ഇന്‍ഡ്യയിലൊ? വേള്‍ഡ് ബാങ്കും അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ഇന്‍ഡ്യയിലെ 20 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 3700 സ്‌കൂളുകളിലായി നടത്തിയ പഠനമനുസരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രൈമറി സ്‌കൂളുകളിലെ നാലിലൊന്ന് അദ്ധ്യാപകരും ജോലിക്കു വരാറില്ല.  വരുന്നവരില്‍ 50 ശതമാനം മാത്രമാണ് പഠിപ്പിക്കുന്നത്.  നല്ല അടിസ്ഥാനസൗകര്യങ്ങള്‍, നല്ല റോഡിന്റെ സാമീപ്യം, കൂടെക്കൂടെയുള്ള പരിശോധന, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള മാതാപിതാക്കള്‍, ഉയര്‍ന്ന അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം, പ്രാദേശികസമൂഹത്തിന്റെ മേല്‍നോട്ടം (അദ്ധ്യാപക- രക്ഷാകര്‍ത്തൃസമിതി) ഇവയുള്ള സ്‌കൂളുകളില്‍ ഒളിച്ചോട്ടക്കാര്‍ കുറവായിരുന്നു.
ചുരുങ്ങിയപക്ഷം കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മക്കള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കണമെന്നു നിര്‍ദ്ദേശിക്കണം.  എങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെടും.
വിദ്യാഭ്യാസനിലവാരത്തകര്‍ച്ച : പരിഹാരമാര്‍ഗ്ഗങ്ങള്‍
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരണം.  അദ്ധ്യാപകനില്‍ കേന്ദ്രീകൃതമായ അടിച്ചേല്പിക്കുന്ന രീതിക്കു പകരം അദ്ധ്യാപകനിലും വിദ്യാര്‍ത്ഥിയിലും കേന്ദ്രീകൃതമായ,  വിദ്യാര്‍ത്ഥികളില്‍ കൗതുകവും അന്വേഷണതത്പരതയും  ജനിപ്പിക്കുന്ന രീതിയിലേക്കു മാറണം.  കുറച്ചു പഠിപ്പിച്ചാല്‍ മതി.  അതു കൂടുതലും ക്ലാസ് റൂം ചര്‍ച്ചകളും പ്രോജക്ട് അടിസ്ഥാനത്തിലുമാകട്ടെ.  എല്ലാം അദ്ധ്യാപകന്‍ ചെയ്യുന്നതിനു പകരം പകുതി വിദ്യാര്‍ത്ഥിയും ബാക്കി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അദ്ധ്യാപകനും എന്നതാകട്ടെ രീതി.  പ്രോഗ്രസ് റിപ്പോര്‍ട്ടില്‍പ്പോലും അദ്ധ്യാപകരുടെ വിലയിരുത്തലിനൊപ്പം വിദ്യാര്‍ത്ഥിക്ക് സ്വയം വിലയിരുത്തുന്നതിനും മാതാപിതാക്കള്‍ക്ക് മക്കളെ വിലയിരുത്തുന്നതിനും അവസരമുണ്ടായിരിക്കണം
ക്ലാസ്മുറിയിലെ പഠനം വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെടുത്തിയായിരിക്കണം, അതായത് സ്‌കൂളിനു പുറത്തുള്ള പ്രായോഗിക ജീവിതവുമായി ബന്ധമുള്ള പഠനം. വിഷയങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതായിരിക്കണം.  ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പഠനം ആസ്വാദ്യമാകും.  കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കില്ല.
അമേരിക്കയില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു ആഫ്രിക്കന്‍ രാജ്യത്ത് ജോലിക്കുപോയി.  അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതില്‍നിന്ന് ഏറ്റവും വലിയ പ്രശ്‌നമായ വൈദ്യുതിയുടെ അഭാവത്തിനൊരു പരിഹാരം അദ്ദേഹം കണ്ടുപിടിച്ചു.  സൗരോര്‍ജ്ജംകൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു ടോര്‍ച്ച് ലൈറ്റ്.  ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി 7 മണിക്കൂര്‍ പ്രവര്‍ത്തിക്കും.  ഈ ടോര്‍ച്ച് ലൈറ്റ് ലാഭകരമായി ഉല്പാദിപ്പിക്കുന്നതിനായി അദ്ദേഹം ചൈനയില്‍ പോയി.  ഇതു നിര്‍മ്മിച്ച് അമേരിക്കയില്‍ വില്പനയും നടത്തി.  ഒരു ടോര്‍ച്ച് വില്‍ക്കുമ്പോള്‍ ഒരെണ്ണം സൗജന്യമായി് ആഫ്രിക്കക്കാര്‍ക്കു നല്‍കി.  വൈദ്യുതി ഇനിയും കടന്നുചെല്ലാത്ത 21/2 ലക്ഷം ഗ്രാമങ്ങള്‍ ഇന്‍ഡ്യയിലുണ്ടെങ്കിലും എന്തുകൊണ്ട് ഇന്‍ഡ്യയിലെ ഒരു വിദ്യാര്‍ത്ഥിയും ഇങ്ങനെ ഒന്നിനെക്കുറിച്ചു ചിന്തിച്ചില്ല? നമ്മുടെ ഭാവിതലമുറയില്‍ വിദ്യാഭ്യാസംവഴി വളര്‍ത്തേണ്ട രണ്ടു ഗുണങ്ങളാണ് സൃഷ്ടിപരമായ കഴിവുകളും സംരംഭകത്വവും (Creativity and Entrepreneurship). 
ഭാഗം  II
      ഉന്നതവിദ്യാഭ്യാസരംഗം
ആഗോളതലത്തില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരുടെ എണ്ണം 1960-ലെ 13 ദശലക്ഷത്തില്‍നിന്ന് 80 ദശലക്ഷത്തിലെത്തി രണ്ടായിരാമാണ്ടില്‍.  ഇന്‍ഡ്യയിലും 1960-ലെ 49 ലക്ഷത്തില്‍നിന്ന് 94 ലക്ഷത്തിലെത്തി 90 കളുടെ അവസാനത്തോടെ. 18-24 പ്രായത്തിലുള്ള യുവജനങ്ങളുടെ 11% മാത്രമാണ് ഇന്‍ഡ്യയില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതെങ്കില്‍ ചൈനയിലത് 25% വും അമേരിക്കയില്‍ 35% വും ജര്‍മ്മനിയില്‍ 50% വുമാണ്.
1966-ല്‍ കോത്താരി കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലൊന്ന് ജി.ഡി.പി.യുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ചെലവാക്കണമെന്നായിരുന്നു.  നാല്പതു വര്‍ഷത്തിനുശേഷവും അത് യാഥാര്‍ത്ഥ്യമായില്ലെന്നു മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന് സര്‍ക്കാര്‍ സാവധാനം പിന്മാറുകയുമാണ്.  വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ മൊത്തം ചെലവാക്കുന്നത് ജി.ഡി.പി യുടെ 3.5 ശതമാനം മാത്രം. ഉന്നതവിദ്യാഭ്യാസത്തിനായി മാത്രം അമേരിക്ക ജി.ഡി.പി.യുടെ 2.7 ശതമാനവും ബ്രിട്ടന്‍ ഒരു ശതമാനവും ചെലവാക്കുന്നു. അസ്സോസിയേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ 2006-ലെ പഠനമനുസരിച്ച് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ഇന്നു ചെലവാക്കുന്ന 91,000 കോടിക്കു പുറമേ 1,20,000 കോടി രൂപ കൂടി ചെലവാക്കണം. ഇന്‍ഡ്യ ജി.ഡി.പി.യുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവച്ച് ചുവടെയുളള അനുപാതത്തില്‍ ചെലവാക്കണം: 3% പ്രാഥമിക വിദ്യാഭ്യാസം, 1.5% സെക്കന്‍ഡറി വിദ്യാഭ്യാസം, 1% ഉന്നത വിദ്യാഭ്യാസം, 0.5% ടെക്‌നിക്കല്‍ വിദ്യാഭ്യാസം.
നമ്മുടെ പ്രൊഫഷണല്‍ കോളജുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ ഇന്നുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇന്നുള്ളതിന്റെ ഇരട്ടി കുട്ടികളെ പഠിപ്പിക്കാം. കുറഞ്ഞഫീസില്‍ കൂടുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഈ വഴിക്ക് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.
100 കോടി പേഴ്‌സണല്‍ കംപ്യൂട്ടറും  ഒരു ദിവസം 100 കോടി 'ഗൂഗിള്‍ സേര്‍ച്ചും' 150 കോടി ടി.വിയും 200 കോടി മൊബൈല്‍ ഫോണും ഒരു വര്‍ഷം 9000 ബില്യണ്‍ ഇ-മെയിലും അയയ്ക്കുന്ന ഈ ലോകത്ത് (2006-ലെ കണക്ക്), കേരളം ഇ- ലേണിംഗിലൂടെയുള്ള വിദ്യാഭ്യാസവും  പ്രോല്‍സാഹിപ്പിക്കണം.  നാരോ കാസ്റ്റിംഗിലൂടെ കേരളത്തിലെ ഒരു കോടിയിലധികം മൊബൈല്‍ ഫോണ്‍  ഉപയോഗിച്ചും വിദ്യാഭ്യാസം നല്‍കുന്ന കാലവും വിദൂരമല്ല. അമേരിക്കയിലെയും യൂറോപ്പിലെയും അന്താരാഷ്ട്രനിലവാരമുള്ള യൂണിവേഴ്‌സിറ്റികളിലെ ബിരുദങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി കേരളത്തിലിരുന്നുകൊണ്ടു പഠിക്കാവുന്ന സ്ഥിതി ഇന്നു നിലവിലുണ്ട്. ബ്രോഡ് ബാന്‍ഡ് സംവിധാനം വ്യാപകമാകുന്നതോടെ ഒരു പുതിയ വിദ്യാഭ്യാസവിപ്ലവംതന്നെ പ്രതീക്ഷിക്കാം.
നിലവാരത്തകര്‍ച്ച
ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്‍ഡ്യ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് നിലവാരത്തകര്‍ച്ച. തൊഴിലുടമകളുടെ വിലയിരുത്തലനുസരിച്ച് ഇന്‍ഡ്യയിലെ പ്രൊഫഷണല്‍ ബിരുദധാരികളില്‍ 25 ശതമാനത്തിനും മറ്റു ബിരുദധാരികളില്‍ 10 ശതമാനത്തിനും മാത്രമാണ് തൊഴില്‍ ലഭിക്കുവാനുള്ള നിലവാരമുള്ളത്.  അഖിലേന്‍ഡ്യാ ശരാശരിയെക്കാള്‍ മോശമാണ് കേരളത്തിലെ ബിരുദധാരികളുടെ അവസ്ഥയെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ഗവേഷണത്തിനു പൊതുവേയും ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവേഷണത്തിനു പ്രത്യേകിച്ചും ഇന്‍ഡ്യ പ്രാധാന്യം നല്‍കുന്നില്ല. ഒരുലക്ഷംപേരില്‍ 15 പേര്‍മാത്രം ഇന്‍ഡ്യയില്‍ ഗവേഷണമേഖലയിലുള്ളപ്പോള്‍ അമേരിക്കയിലത് 400- ം ജപ്പാനില്‍ 700-ം ആണ്. അന്താരാഷ്ട്ര ഗവേഷണമാസികകളില്‍ 1990- കളില്‍ ആകെ പ്രസിദ്ധീകരിച്ച 2756 ലേഖനത്തില്‍ ഇന്‍ഡ്യക്കാരുടെ സംഭാവന 158 ല്‍ ഒതുങ്ങിയെങ്കില്‍, ഇന്‍ഡ്യയില്‍ താമസിക്കുന്ന ഇന്‍ഡ്യക്കാരുടെ സംഭാവന 8- ല്‍ ഒതുങ്ങി.
ആഗോളമായി ഏറ്റവും നല്ല 500 യൂണിവേഴ്‌സിറ്റികളുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ (ടേബിള്‍കാണുക) ഇന്‍ഡ്യയില്‍നിന്ന് ആകെ രണ്ട് സ്ഥാപനങ്ങള്‍മാത്രം അതും 301-400 റാങ്കില്‍. ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഐ.ഐ.ടി. ഖരഗ്പൂരും. ചരിത്രപരമായ് ഇന്‍ഡ്യയ്ക്ക് യു.കെ., യു.എസ്. എ മുതലായ രാജ്യങ്ങളുമായുള്ള ബന്ധം കണക്കാക്കുമ്പോള്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ നില കുറച്ചുകൂടി മെച്ചപ്പെടേണ്ടതായിരുന്നു.  ഇന്‍ഡ്യയിലെ ആകെ യൂണിവേഴ്‌സിറ്റികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, നമ്മുടെ നിലകുറച്ചുകൂടി മെച്ചപ്പെടേണ്ടതല്ലായിരുന്നോ?
ഇന്ത്യയിലെ ഏറ്റവും നല്ല 200 കോളജുകളിലും സ്‌കൂളുകളിലും ഒന്നുപോലും കേരളത്തില്‍നിന്ന് ഇല്ല.  ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്‍ഡ്യയില്‍ കേരളത്തിന്റെ സ്ഥാനം 17-ാം റാങ്കാണ്.
ഗവേഷണത്തിന്‌യാതൊരു പ്രോത്സാഹനവും നല്‍കാത്ത രീതിയിലാണ് നമ്മുടെ സംവിധാനങ്ങള്‍. പിഎച്ച്.ഡി. ബിരുദത്തിനുപുറമേ 7 വര്‍ഷം തുടര്‍ച്ചയായി ഗവേഷണമാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കാണ് യു.എസിലും യു.കെ.യിലും യൂണിവേഴ്‌സിറ്റികളില്‍ പൂര്‍ണ്ണതോതിലുള്ള സ്ഥിരതയുള്ള പ്രൊഫസര്‍സ്ഥാനം ലഭിക്കുന്നത് (Tenured full Professor). ഇന്‍ഡ്യയിലോ?
കഴിവുള്ളവരെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകവൃത്തിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതാണ് നമ്മുടെ നിലവാരത്തകര്‍ച്ചയ്ക്കു പ്രധാനകാരണമായി വൈസ്ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ ഗവേഷണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരണം. അതിന് അന്താരാഷ്ട്ര വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണണം.  ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ മുതല്‍ മുടക്കണം. അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കണം - പ്രത്യേകിച്ച് അന്താരാഷ്ട്ര ഗവേഷണ മാസികകളില്‍ ലേഖനം പ്രസിദ്ധീകരിക്കാന്‍.
ഭാഗം III
തൊഴിലധിഷ്ഠിതവിദ്യാഭ്യാസം:
സാദ്ധ്യതകളും വെല്ലുവിളികളും
2006 സെപ്തംബറിലെ കണക്കനുസരിച്ച് കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 40 ലക്ഷം പേര്‍ എന്നത് സംസ്ഥാനത്തെ 19 - 29 പ്രായത്തിലുളളവരുടെ 46% വരും. ഇവരില്‍ 58%വും സ്ത്രീകളാണ്. ഇവരില്‍ ഭൂരിപക്ഷവും 10 -ാം ക്ലാസ്സ് കഴിഞ്ഞവരാണ്, 37% ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞവരാണ്. താഴ്ന്ന വരുമാനമുളള കുടുംബംഗങ്ങളിലെ 49% പേര്‍ തൊഴില്‍രഹിതരാണ്. ആധുനികവിദ്യാഭ്യാസം അവരെ പരമ്പരാഗത തൊഴിലുകളില്‍ വിമുഖരാക്കുന്നു. എന്നാല്‍ പുതിയ തൊഴിലുകള്‍ക്ക് വേണ്ട വൈദഗ്ദ്ധ്യം, വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നുമില്ല. തൊഴിലധിഷ്ഠിതവിദ്യാഭ്യാസമാണ് ഈ പ്രതിസന്ധിക്കുളള പരിഹാരം. 
പ്ലാനിംഗ് കമ്മീഷന്റെ 2001 ജൂലൈയിലെ റിപ്പോര്‍ട്ട് അനുസരിച്ച് 1999-2000 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ആകെ പണിയെടുക്കുന്നവരില്‍ 44% വും നിരക്ഷരരായിരുന്നുവെങ്കില്‍ മറ്റൊരു 22.7%ത്തിന് പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ. 20-24 പ്രായത്തിലുളള തൊഴിലാളികളില്‍ 5%ത്തിനു മാത്രമാണ് തൊഴില്‍പരിശീലനം സിദ്ധിച്ചത്. മെക്‌സിക്കോ പോലുളള മൂന്നാംലോക രാജ്യത്തു പോലും ഇത് 28% മാണ്. വികസിതരാജ്യങ്ങളില്‍ ഇത് 50%മാണ്. 
ഇന്ത്യയില്‍ ഓരോ വര്‍ഷവും തൊഴിലില്‍ പ്രവേശിക്കുന്ന 128 ലക്ഷം ആളുകളില്‍ 25 ലക്ഷത്തിനു മാത്രം തൊഴില്‍ പരിശീലനം നല്‍കാനുളള സ്ഥാപനങ്ങളേ നമ്മുക്കുളളൂ. ഈ രംഗത്ത് ഇന്ത്യയില്‍ നിലവിലുളള ഐ.റ്റി.ഐ കള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ത്യയിലെ ഐ.റ്റി.ഐകളില്‍ 40 ട്രേഡുകളില്‍ മാത്രം വിദ്യാഭ്യാസം നല്‍കുമ്പോള്‍ ചൈനയിലത് 4000 ത്തില്‍ കവിയും.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, എന്തുപഠിപ്പിച്ചാല്‍ പഠിതാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സാധിക്കും എന്നതാണ്. ഓരോ വര്‍ഷവും വ്യവസായ, വാണിജ്യ, നിര്‍മ്മാണ, സേവന മേഖലകളില്‍ അഖിലേന്‍ഡ്യാതലത്തിലും അന്താരാഷ്ട്രതലത്തിലും സര്‍വ്വേകള്‍ നടത്തി തൊഴില്‍സാധ്യതയുള്ള മേഖലകള്‍ കണ്ടുപിടിച്ച ് യുവജനങ്ങള്‍ക്ക് ആ മേഖലകളില്‍ പരിശീലനം നല്‍കാന്‍ ശ്രമിക്കണം.  ഇതിനായി സര്‍ക്കാര്‍-സ്വകാര്യ സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടണം.  വര്‍ത്തമാനകാല ഇന്‍ഡ്യയില്‍  തൊഴില്‍ സാധ്യതയുള്ള മാനുഫാക്ച്ചറിംഗ് മേഖലയ്ക്കു പുറമേ റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, ലോജിസ്റ്റിക്‌സ്, ട്രാവല്‍ & ടൂറിസം തുടങ്ങി സര്‍വീസ് മേഖലകളിലേക്കും ആവശ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിക്കണം.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസരംഗത്തെ പുതിയ സംവിധാനമാണ് കമ്മ്യൂണിറ്റി കോളേജ്.  സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിലൂടെ തൊഴിലും വരുമാനമാര്‍ഗ്ഗവും സൃഷ്ടിക്കുക എന്നതാണ് കമ്മ്യൂണിറ്റി കോളേജുകളുടെ ഉദ്ദേശ്യം.  കേരളത്തിലെ  വര്‍ത്തമാനകാല തൊഴിലില്ലായ്മയ്ക്കും ഭാവിയിലെ തൊഴിലില്ലായ്മപ്രശ്‌നം പരിഹരിക്കുന്നതിനും കമ്മ്യൂണിറ്റി കോളേജുകള്‍ക്കു വലിയ പങ്കുവഹിക്കുവാനുണ്ട്.  അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പണം മുടക്കാതെ നിലവിലുള്ള സ്‌കൂളുകളിലും കോളേജുകളിലും കമ്മ്യൂണിറ്റി കോളേജുകള്‍ തുടങ്ങിയാല്‍ കുറഞ്ഞ ഫീസിന് താഴ്ന്ന വരുമാനക്കാര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കും. നിലവിലുള്ള കോളേജുകളിലെ സമയം 10-4 എന്നത് 8-2 ആയി പുനഃക്രമീകരിച്ചാല്‍ മതി.  കമ്മ്യൂണിറ്റി കോളേജുകള്‍ വഴി കിട്ടുന്ന അധികവരുമാനമുപയോഗിച്ച് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താം.

ഭാഗം  IV
ആഗോളവത്കരിക്കപ്പെട്ട തൊഴില്‍ മേഖല
വാഷിംഗ്ടണ്‍ അടിസ്ഥാനമായ 'പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ 2006-ല്‍ നടത്തിയ പഠനമനുസരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍നിന്ന് 30 ലക്ഷത്തോളം ആളുകള്‍ വര്‍ഷംതോറും വ്യവസായവത്കൃതരാജ്യങ്ങളിലേക്ക് കുടിയേറുന്നു. 14 ലക്ഷംപേര്‍ യൂറോപ്പിലേക്കും 10 ലക്ഷംപേര്‍ അമേരിക്കയിലേക്കും ബാക്കി കാനഡ, ആസ്‌ത്രേലിയ, യു.എ.ഇ. മുതലായ രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. ഇന്‍ഡ്യ, ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ് പ്രധാനമായും കുടിയേറുന്നത്.  ഇന്‍ഡ്യയില്‍ ഒരു ശരാശരിക്കാരന്‍ 2200 ഡോളര്‍ (1 ലക്ഷം രൂപ) ഒരു വര്‍ഷം ശമ്പളം വാങ്ങുമ്പോള്‍, അതേ വ്യക്തി കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടെങ്കില്‍ 22 ലക്ഷം രൂപ വാര്‍ഷികശമ്പളം വാങ്ങും യൂറോപ്പിലോ അമേരിക്കയിലോ ആണെങ്കില്‍.
ലോകത്ത് കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ കിട്ടുന്ന 28 രാജ്യത്തെ മൊത്തം മനുഷ്യവിഭവശേഷിയുടെ 28 ശതമാനവും ഇന്ന് ഇന്‍ഡ്യയിലാണ്.  2012- ഓടുകൂടി 44 ദശലക്ഷം ഇന്‍ഡ്യക്കാര്‍കൂടി ആഗോള തൊഴില്‍മേഖലയില്‍ പ്രവേശിക്കും. 2020 ആകുമ്പോള്‍ ചൈനയില്‍ ഉള്‍പ്പെടെ ആഗോളമായി 46 ദശലക്ഷം തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുമ്പോള്‍ ഇന്‍ഡ്യയില്‍ 47 ദശലക്ഷം തൊഴിലാളികള്‍ അധികമുണ്ടാകും.
പൗരന്മാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതുകൊണ്ട് ഇന്‍ഡ്യയ്ക്കുണ്ടായ പ്രയോജനമാണ് വിദേശ ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വര്‍ദ്ധന. 1991-ല്‍ ഇത് 3.27 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 1996-ല്‍ അത് 8.45 ബില്യണും 2005-ല്‍ 22 ബില്യണുമായി വര്‍ദ്ധിച്ചു.  ഇന്‍ഡ്യയുടെ വിദേശവ്യാപാരത്തിലെ (മര്‍ച്ചന്റൈസ്) കമ്മിമൂലമുള്ള വിദേശനാണ്യപ്രതിസന്ധിപോലും പരിഹരിക്കുന്നത് സോഫ്ട്‌വെയര്‍ കയറ്റുമതിയും വിദേശ റെമിറ്റന്‍സുമാണ്.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് മനുഷ്യവിഭവശേഷി.  ശരിയായ രീതിയില്‍ തിരിച്ചുവിട്ടാല്‍ ഈ സമ്പത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കും.  ലോകബാങ്കിന്റെ കണക്കനുസരിച്ച് ഒരു രാജ്യത്തെ പൗരന്മാര്‍ വിദേശത്തു ജോലിചെയത് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യയ്ക്കാണ് ലോകത്ത് ഒന്നാംസ്ഥാനം.  2005-ല്‍ 22 ബില്യണ്‍ ഡോളറാണ് വിദേശ ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യയിലേക്ക് അയച്ചത്. വിദേശ ഇന്‍ഡ്യക്കാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പണം ഇന്‍ഡ്യയിലേക്ക് അയയ്ക്കുന്നത് കേരളീയരാണെന്ന് ഒരിക്കല്‍ പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞു.  2005-ലെ കണക്കനുസരിച്ചു 18.5 ലക്ഷം ഗള്‍ഫ് മലയാളികള്‍ പ്രതിവര്‍ഷം 18,000 കോടിരൂപ നാട്ടിലേക്ക് അയയ്ക്കുന്നു.  സോഫ്ട്‌വെയര്‍ വ്യവസായംവഴി 2006-ല്‍ ഇന്‍ഡ്യനേടിയ വിദേശനാണ്യം 85,000 കോടി രൂപയാണെങ്കില്‍ 2006-ല്‍ വിദേശ ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യയിലേക്ക് അയച്ചത് 1,28,500 കോടി രൂപയായിരുന്നു. ഇതില്‍ 64400 കോടി രൂപ കേരളീയരുടെ സംഭാവനയാണ്. ഇന്‍ഡ്യയ്ക്കു പുറത്തുള്ള ആകെ മലയാളികളുടെ എണ്ണം ഉദ്ദേശം 25 ലക്ഷം വരും. കേരളത്തിനകത്തുള്ള 3.25 കോടി മലയാളികളില്‍ നിന്നുള്ള ആകെ വരുമാനമായ 2007- ലെ ബഡ്ജറ്റില്‍ കാണിച്ച 21000 കോടി രൂപയുടെ 3 ഇരട്ടിവരും ജനസംഖ്യയുടെ 8 ശതമാനം മാത്രമായ വിദേശമലയാളികളുടെ സംഭാവന.
ഗള്‍ഫിലുള്ള മലയാളികളില്‍ 36 ശതമാനത്തിനും പ്രതിമാസശമ്പളം 6000രൂപയില്‍ത്താഴെയാണ്. ഈ സ്ഥിതിവിശേഷം മാറണമെങ്കില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമാകണം. ഓരോ രാജ്യത്തും തൊഴിലാളികളെ ആവശ്യമുള്ള മേഖലകള്‍ മനസ്സിലാക്കി, ഉചിതമായ വിദ്യാഭ്യാസവും പരിശീലനവും യുവജനങ്ങള്‍ക്ക് നല്‍കണം. ഇതിനായി ഒരു സ്ഥിരം സംവിധാനം സൃഷ്ടിക്കണം.


ഭാഗം V
ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥയും തൊഴില്‍ സാധ്യതയുള്ള മേഖലകളും
ഇന്‍ഡ്യയുടെ 2005-ലെ ജി.ഡി.പി.യായ 800 ബില്യണ്‍ ഡോളര്‍ 7 ശതമാനം വാര്‍ഷിക വളര്‍ച്ചവച്ചുനോക്കുമ്പോള്‍ 10 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും, 20 വര്‍ഷം കഴിയുമ്പോള്‍ 4 ഇരട്ടി വര്‍ദ്ധിച്ച് 3.2 ട്രില്യണ്‍ ഡോളറാകും.  2006-ലെ കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ആകെ തൊഴിലെടുക്കുന്ന 45 കോടി ആളുകളെ എടുത്താല്‍ ഭാവിയില്‍ കഴിവും യോഗ്യതയുമുള്ള ദശലക്ഷങ്ങളുടെ കുറവ് തൊഴില്‍രംഗത്തെ ബാധിക്കുമെന്നും അത് ആത്യന്തികമായി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമാണ് പ്രവചനം.  (അന്താരാഷ്ട്ര ഏജന്‍സിയായ ഒ.ഇ.സി.ഡി.യുടെ കണക്കുകള്‍ പ്രകാരം ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ 13 കോടി അധിക തൊഴിലാളികളുണ്ട്.  ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തതും തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനം ഇല്ലാത്തതുമാണ് ഇതിനുള്ള കാരണങ്ങള്‍.) 
തൊഴില്‍സാധ്യതയുള്ള മേഖലകള്‍
(1) 2005-ല്‍ ഇന്‍ഡ്യയുടെ ഐ.ടി.യും അനുബന്ധമേഖലകളുംകൂടി 22.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 30 ശതമാനം വാര്‍ഷികവളര്‍ച്ചയും കൈവരിച്ചു.  കഴിവും വിദ്യാഭ്യാസവും കുറഞ്ഞവേതനമുള്ള മനുഷ്യവിഭവശേഷിയുടെ ലഭ്യതയുമാണ് ഈ നേട്ടത്തിനു കാരണം. 2007-ലെ കണക്കനുസരിച്ച് ഐ.ടി. രംഗത്ത് 16 ലക്ഷംപേര്‍ ഇന്‍ഡ്യയില്‍ പണിയെടുക്കുന്നു. 'നാസ്‌കോമി'ന്റെ' കണക്കനുസരിച്ച് 2010 ആകുമ്പോള്‍ ഇന്‍ഡ്യയില്‍ ഐ.ടി., ഐ.ടി. അനുബന്ധമേഖലകളില്‍ 23 ലക്ഷം തൊഴിലാളികളുടെ ആവശ്യകത ഉണ്ടാകുമെന്നും അതില്‍ 5 ലക്ഷം പേരെ ലഭ്യമല്ലാത്ത അവസ്ഥ വരുമെന്നുമാണ്.  ഇതിനുകാരണം നമ്മുടെ പ്രൊഫഷണല്‍ ബിരുദധാരികളില്‍ 15-25 ശതമാനവും സാധാരണ ബിരുദധാരികളില്‍ 10-15 ശതമാനവും മാത്രമാണ് തൊഴില്‍ ലഭിക്കുവാനുള്ള നിലവാരമുള്ളത.് ബാക്കിയുള്ളവരുടെ അയോഗ്യതയ്ക്കുള്ള കാരണങ്ങളില്‍ പ്രധാനം ഇംഗ്ലീഷില്‍ ആശയവിനിമയത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും കഴിവില്ലാത്തതാണ്.
(2) സര്‍ക്കാര്‍ തയ്യാറാക്കിയ ആട്ടോമോട്ടീവ് മിഷന്‍ പ്‌ളാന്‍ 2006-16 അനുസരിച്ച് 250 ലക്ഷം തൊഴിലവസരങ്ങളാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളത്.  2006-ലെ കണക്കനുസരിച്ച് ഇന്‍ഡ്യ ഒരു വര്‍ഷം 12 ലക്ഷം കാറും 5 ലക്ഷം കൊമേര്‍ഷ്യല്‍ വാഹനവും നിര്‍മ്മിക്കുന്നു. ചുരുങ്ങിയത് 16 ലക്ഷം ഡ്രൈവര്‍മാരെങ്കിലും ഇന്‍ഡ്യയ്ക്ക് ഓരോ വര്‍ഷവും ആവശ്യമായി വരും. 
(3) ഇന്‍ഡ്യയില്‍ 96,000 ഹോട്ടല്‍ മുറിയാണ് 2006- ലെ കണക്കനുസരിച്ച് ആകെയുള്ളത്. 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഹോട്ടല്‍ മുറികൂടി പുതുതായി വേണ്ടിവരും.  100 ഹോട്ടല്‍ മുറിക്ക് 180 തൊഴിലാളികള്‍ എന്നാണ് കണക്ക്.
(4) വ്യോമയാനരംഗം ഇന്‍ഡ്യയില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്.  2006-ല്‍ ഇന്‍ഡ്യയിലെ എയര്‍പോര്‍ട്ടുകള്‍ 2.02 ദശലക്ഷം അന്താരാഷ്ട്രയാത്രക്കാരെയും 5.16 ദശലക്ഷം ആഭ്യന്തരയാത്രക്കാരെയും കൈകാര്യം ചെയ്ത് മുന്‍വര്‍ഷത്തെക്കാള്‍ 38.87% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
(5) വേള്‍ഡ് ട്രാവല്‍ & ടൂറിസം കൗണ്‍സിലിന്റെ 2006-ല്‍ നടത്തിയ 'ഓക്‌സ് ഫോര്‍ഡ് ഇക്കണോമിക് ഫോര്‍കാസ്റ്റിംഗ്' പഠനമനുസരിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ടൂറിസത്തില്‍നിന്നുള്ള ഇന്‍ഡ്യയുടെ വാര്‍ഷിക വരുമാനം 90 ബില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായിരിക്കും.  തൊഴിലെടുക്കുന്ന 18 പേരിലൊരാള്‍ ഈ രംഗത്തായിരിക്കും.
(6) ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 'അണ്‍ക്ടാഡിന്റെ' (UNCTAD) 2005- ലെ 'വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട്' അനുസരിച്ച് ഗവേഷണങ്ങള്‍ക്കായി ലോകം മുഴുവന്‍ ചെലവാക്കുന്ന തുകയുടെ 70 ശതമാനവും മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളുടെ വകയാണ്. 2002-ല്‍ ഇത്തരം 700 കമ്പനികള്‍ ചെലവാക്കിയത് 300 ബില്യണ്‍ ഡോളറായിരുന്നു.  ഇതിന്റെ 13 ശതമാനവും വികസ്വരരാഷ്ട്രങ്ങളിലാണ് ചെലവാക്കിയത്.  ഈ ശതമാനം ഇനിയും കൂടുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
(7) ലോക അദ്ധ്യാപകദിനം പ്രമാണിച്ച് 2006-ല്‍ യു.എന്‍. പുറപ്പെടുവിച്ച കണക്കനുസരിച്ച് വരുന്ന ദശകത്തില്‍ ലോകമൊട്ടാകെ 1.8 കോടി അദ്ധ്യാപകരുടെ കുറവുണ്ടാകും.
(8) ഇന്‍ഡ്യയുടെ ജി.ഡി.പി.യുടെ 44 ശതമാനമാണ് റീട്ടെയില്‍ വ്യാപാരം.  റീട്ടെയില്‍ വ്യാപാരത്തിന്റെ 63 ശതമാനവും ഭക്ഷണമാണ്.  2005-ലെ ആകെ റീട്ടെയില്‍ വ്യാപാരം 10 ലക്ഷം കോടിരൂപയുടേതായിരുന്നു. ആകെ വ്യാപാരത്തിന്റെ 98% വും സ്വതന്ത്രവ്യാപാരികളുടേതും 2% സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പുകളുടേതുമായിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് എന്ന അന്താരാഷ്ട്ര കണ്‍സല്‍ട്ടിംഗ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2012-നുള്ളില്‍ ഇന്‍ഡ്യയില്‍ റീട്ടെയില്‍ വ്യാപാരരംഗത്ത് 412 ബില്യണ്‍ഡോളറിന്റെ നിക്ഷേപവും ലക്ഷക്കണക്കിനു തൊഴിലവസരവും സൃഷ്ടിക്കപ്പെടും.
(9) അടിസ്ഥാന സൗകര്യങ്ങളായ റോഡ്, റെയില്‍, പോര്‍ട്ട്, വിമാനത്താവളം മേഖലകളില്‍ 11-ാം പദ്ധതിക്കാലത്ത് 20,00,000 കോടിരൂപയുടെ മുതല്‍മുടക്കും. ലക്ഷക്കണക്കിന് തൊഴിലവസരവും സൃഷ്ടിക്കപ്പെടും.
(10) 2010-ഓടുകൂടി ഇന്‍ഡ്യയ്ക്ക് 110 ബില്യണ്‍ ഡോളറിന്റെ ഔട്ട് സോഴ്‌സിംഗ് ബിസിനസ്സും തത്ഫലമായി ഒരു കോടി തൊഴിലവസരവും സൃഷ്ടിക്കപ്പെടും.
(11) ബാങ്കിംഗ്, ഫൈനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ 2012-നുള്ളില്‍ 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും.
(12) ആഗോള ഔഷധവ്യാപാരം 2006-ല്‍ 60 ബില്യണ്‍ ഡോളറിന്റേതായിരുന്നു.  ഇന്‍ഡ്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം 2006-ലെ 8.5 ബില്യണില്‍ നിന്ന് 25 ബില്യണിലെത്തും 2010-ല്‍.  ഇപ്പോള്‍ 2 ലക്ഷം ഫാര്‍മസിസ്റ്റുകള്‍ രാജ്യത്തുണ്ട്. 300 കോളജില്‍നിന്ന് 15,000 ഫാര്‍മസിസ്റ്റുകള്‍, ഒരു വര്‍ഷം ഇറങ്ങുന്നു.  ഭാവിയില്‍ 2 ലക്ഷം ഫാര്‍മസിസ്റ്റുകള്‍ ഒരു വര്‍ഷം ഇന്‍ഡ്യയ്ക്ക് ആവശ്യമായി വരും.  കൂടാതെ ഔഷധ നിര്‍മ്മാണ, വിപണന രംഗത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
(13) ഇന്‍ഡ്യന്‍ ആരോഗ്യരക്ഷാ മേഖലയിലെ വാര്‍ഷികവളര്‍ച്ച 20 ശതമാനമാണ്.  മെഡിക്കല്‍, പാരാ മെഡിക്കല്‍ അനുബന്ധ മേഖലകളിലായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
(14) ഇന്‍ഡ്യയുടെ തുകല്‍ ഉല്പന്ന കയറ്റുമതി 2010-ല്‍ 35,000 കോടി രൂപയുടേതാകും 
(15) ഭക്ഷ്യസംസ്‌കരണ വ്യവസായ രംഗത്ത് 2015-നുള്ളില്‍ ഒരു ലക്ഷം കോടിരൂപയുടെ നിക്ഷേപവും തത്ഫലമായി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
(16) 2007-12 കാലഘട്ടത്തില്‍ ഊര്‍ജ്ജമേഖലയില്‍ ഇന്‍ഡ്യയ്ക്ക് 150 ബില്യണ്‍ ഡോളറിന്റെ (7 ലക്ഷം കോടിരൂപ) മുതല്‍മുടക്ക് വേണ്ടിവരും.
(17) ഇന്‍ഡ്യയുടെ മാനുഫാക്ചറിംഗ്  മേഖല 2010-വരെ 12 ശതമാനം വാര്‍ഷികവളര്‍ച്ചയുടെ പാതയിലായിരിക്കും.  ഓരോവര്‍ഷവും അധികമായി 16 ലക്ഷം തൊഴില്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടും.
(18) 2020 ആകുമ്പോള്‍ ഇന്‍ഡ്യ യ്ക്ക് 10 ദശലക്ഷം ടണ്‍ മത്സ്യം ആവശ്യമായി വരും.  ഈ കാലഘട്ടത്തില്‍ ഏകദേശം 65 കോടി ഇന്‍ഡ്യക്കാര്‍ മത്സ്യം ഭക്ഷിക്കുന്നവരായിരിക്കും. 2006-ലെ ഇന്‍ഡ്യയുടെ മത്സ്യ ഉല്പാദനം 6 ദശലക്ഷം ടണ്‍ ആയിരുന്നു. അതില്‍ 3.2 ദശലക്ഷം ടണ്ണും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്ന് ആയിരുന്നു. ഇന്‍ഡ്യയില്‍ മത്സ്യവ്യവസായമേഖല 2006-ല്‍ 6.7 ദശലക്ഷം ആളുകള്‍ക്കു നേരിട്ടു തൊഴില്‍ നല്‍കി. കടലില്‍നിന്നു ലഭിക്കുന്ന മത്സ്യം 80-കള്‍ മുതല്‍തന്നെ വളര്‍ച്ച ഇല്ലാതെ, ആഗോള തലത്തില്‍ 90-93 ദശലക്ഷം ടണ്ണില്‍ നില്‍ക്കുകയാണ്.  ഇന്‍ഡ്യയിലും സ്ഥിതി ആശാവഹമല്ല. ഈ സാഹചര്യത്തില്‍ മത്സ്യക്കൃഷിമേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
(19) 2010-ഓടുകൂടി ഇന്‍ഡ്യയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടിയാകും.
(20) 2015-ല്‍ ഇന്‍ഡ്യയുടെ സെമി കണ്ടക്ടര്‍ മാര്‍ക്കറ്റ് 36 ബില്യണ്‍ ഡോളറിന്റേതായിരിക്കും.
(21) കെ.പി.ഒ. വഴി 2012-ഓടെ ഇന്‍ഡ്യ ഒരു വര്‍ഷം 50,000 കോടി രൂപ വരുമാനം നേടും.  2,50,000 തൊഴിലവസരം സൃഷ്ടിക്കപ്പെടും. (KPO = Knowledge Process Outsourcing.)
(22) ലീഗല്‍ പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് വഴി 2015- ഓടുകൂടി 79,000 തൊഴിലവസരം സൃഷ്ടിക്കപ്പെടും.
(23) 2006-07-ല്‍ ഇന്‍ഡ്യയുടെ മൊത്തം പരസ്യവിപണി 23,000 കോടി രൂപയുടേതാണങ്കില്‍ 2010- ലത് 50,000 കോടി രൂപയുടേതാകും.
(24) ആനിമേഷന്‍ രംഗത്ത് 2006-ല്‍ 20,000 പേര്‍ ജോലിചെയ്തുവെങ്കില്‍ 2010-ലത് 3 ലക്ഷമാകും.
(25) ഇന്‍ഡ്യയില്‍ 76 ലക്ഷം ചെറുകിട, ഇടത്തരം വ്യവസായങ്ങളും അവയില്‍ 2.2 കോടി ജോലിക്കാരുമുണ്ട്.  ചെറുകിടമേഖലയിലെ തൊഴില്‍സാധ്യതകള്‍ ഒരു വശത്ത്, സംരംഭകര്‍ക്കുള്ള സാദ്ധ്യതകള്‍ മറുവശത്ത്. ഈ കണക്കുകള്‍ അതാണ് തെളിയിക്കുന്നത്.
പ്ലാനിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വരുംവര്‍ഷങ്ങളില്‍ 10 ദശലക്ഷം ആളുകള്‍ക്ക് ഓരോ വര്‍ഷവും തൊഴില്‍ കിട്ടും.  മെട്രോ നഗരങ്ങളിലായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍. മാര്‍ക്കറ്റിംഗ് 31%, ഐ.ടി. 18%, പ്രൊഡക്ഷന്‍ 17%, ഫിനാന്‍സ്, കസ്റ്റമര്‍ സര്‍വീസ് 11%, അഡ്മിനിസ്‌ട്രേഷന്‍ 8%, ഹ്യൂമന്‍ റിസോഴ്‌സസ് 4% എന്നീ വിഭാഗങ്ങളിലായാണ് തൊഴിലവസരങ്ങള്‍.
വിദ്യാഭ്യാസത്തിന്റെ മറ്റൊരു മുഖം
വര്‍ത്തമാനകാല സമൂഹത്തിന്റെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും  മാറ്റുന്ന വിദ്യാഭ്യാസത്തിനാണ് ഇവിടെ കൂടുതലും ഊന്നല്‍ നല്‍കിയത്. വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കര്‍ദ്ദിനാള്‍ ന്യൂമാന്റെ  വാക്കുകള്‍ ഓര്‍മ്മവരും. അന്യനെ വേദനിപ്പിക്കാത്ത വ്യക്തിയാണ് മാന്യന്‍.  മാന്യന്മാരെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസത്തിന് ഇങ്ങനെ ഒരു മുഖംകൂടിയുണ്ട്.  ഈ മുഖത്തിനു പ്രസക്തി നഷ്ടപ്പെടുമ്പോള്‍ സമൂഹത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകും.     
സ്വകാര്യ വിദ്യാലയങ്ങളും നിലവാരത്തകര്‍ച്ചയും
സ്വകാര്യവിദ്യാലയങ്ങളെക്കുറിച്ച് ഇന്‍ഡ്യയില്‍ നടത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഒരു  സര്‍വ്വേയില്‍ 'വിപ്രോയും', 'എഡ്യുക്കേഷന്‍ ഇനിഷ്യേറ്റീവ്‌സും' അഞ്ച് മെട്രോ നഗരത്തില്‍നിന്നുള്ള 142 സ്‌കൂളുകളിലെ നാല്, ആറ്, എട്ട് ക്ലാസ്സുകളിലെ 3200 വിദ്യാര്‍ത്ഥികളെ പരിശോധനാവിധേയമാക്കി. വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മശേഷി പരീക്ഷിക്കല്‍ എന്നതിലുപരി ഒരു വിഷയം വിദ്യാര്‍ത്ഥി എത്രത്തോളം മനസ്സിലാക്കുന്നുവെന്ന് അറിയുന്നതിനുള്ള പരിശോധനയായിരുന്നു അത്.  ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലെ സുപ്രധാന ആശയങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ള കഴിവ് ഇതിനായി പരിശോധിക്കുകയുണ്ടായി.  43 രാജ്യത്ത് നടത്തിയ ഒരു രാജ്യാന്തര സര്‍വേയില്‍നിന്നുള്ള ചോദ്യങ്ങള്‍ അതേഗണത്തില്‍പ്പെട്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയപ്പോള്‍ രാജ്യാന്തര ശരാശരിയെക്കാള്‍ കുറഞ്ഞ മാര്‍ക്കാണ് നേടിയത്.
യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതെയാണ് സ്‌കൂളുകളില്‍ വിദ്യാഭ്യാസം അരങ്ങേറുന്നത്.  വിദ്യാര്‍ത്ഥികള്‍ പഠനത്തെ കൃത്രിമ കംപാര്‍ട്ടുമെന്റുകളായി തിരിക്കുന്നതുമൂലം തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗിക്കുന്നത് വിരളം. കുട്ടികള്‍ അവരുടെ ചിന്താശേഷി ഉപയോഗിക്കുന്നതേയില്ല. വിശകലന മനഃസ്ഥിതിയും അവര്‍ക്കില്ല..  ഉയര്‍ന്ന മാര്‍ക്ക് നേടുവാനുള്ള കടുത്ത സമ്മര്‍ദ്ദം ഇത്തരത്തിലുള്ള പഠനത്തിനാണ് വഴിവയ്ക്കുന്നത്.  പാഠപുസ്തക പഠനത്തിനുപകരം പരീക്ഷണമാതൃകയിലുള്ള പഠനമാണ് ഗണിതശാസ്ത്രത്തിനും ഭാഷയ്ക്കും ശാസ്ത്രത്തിനും ആവശ്യം.  വരുംകാലത്ത് വിവിധ തൊഴിലുകള്‍ക്കുതകുന്ന മട്ടിലുള്ള തലമുറയെയാണ് സൃഷ്ടിച്ചെടുക്കേണ്ടത്.
           l
   മാവേലി നാട്, , ഏപ്രില്‍ 2007



































കേരളത്തിനായി ഒരു
നവ റീട്ടെയില്‍, കാര്‍ഷികവിപ്ലവ സ്വപ്നപദ്ധതി

രംഗം - ഒന്ന്
സ്വപ്നം
 കേരളത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയെ മുഖ്യകഥാപാത്രമാക്കിയുള്ളതാണ് എന്റെ സ്വപ്നപദ്ധതി. ഗ്രാമങ്ങള്‍തൊട്ട് നഗരങ്ങള്‍വരെ പ്രാതിനിധ്യമുള്ള, ഒരു ലക്ഷത്തോളം അംഗബലമുള്ള ഈ സംഘടന സ്വന്തം സാധ്യതകള്‍ മനസ്സിലാക്കാതെയാണ് റീട്ടെയില്‍ ഭീമന്മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
 'ക്രിസില്‍ റിസര്‍ച്ച്' ഉള്‍പ്പെടെയുള്ള ഇന്‍ഡ്യന്‍, വിദേശ കണ്‍സള്‍ട്ടന്റുമാരുടെ കണക്കനുസരിച്ച് 2006ലെ ഇന്‍ഡ്യയിലെ മൊത്തം റീട്ടെയില്‍ വ്യാപാരം 12.8 ലക്ഷം കോടി രൂപയുടേതായിരുന്നു.  ഇതിന്റെ 63 ശതമാനവും ഭക്ഷണത്തിനും ഗ്രോസറിക്കുമായിരുന്നു.  2005-06ല്‍ 1,84,000 കോടിരൂപയുടെ പഴങ്ങളും പച്ചക്കറികളുമാണ് ഇന്‍ഡ്യയില്‍ ചെലവായത്.  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇവയുടെ വിലയില്‍ 37% വര്‍ദ്ധനയും ഉപഭോഗത്തില്‍ 50% വര്‍ദ്ധനയും ഉണ്ടായെങ്കില്‍ ധാന്യങ്ങളുടെ കാര്യത്തിലത് 7.4% മാത്രമായിരുന്നു.
 ലോകത്താകെ ഉല്പാദിപ്പിക്കുന്ന പഴങ്ങളുടെ 15%-ം പച്ചക്കറികളുടെ 11%-ം ഉല്പാദിപ്പിച്ച് ഈ വിഷയത്തില്‍ ഇന്‍ഡ്യ ലോകത്ത് രണ്ടാംസ്ഥാനം നേടിയെങ്കിലും 34% ഉല്പാദനവിഹിതവുമായി ചൈന ഇന്‍ഡ്യയെക്കാള്‍ വളരെ മുന്നിലാണ്. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ 2% ഉല്പാദന വര്‍ദ്ധനയുണ്ടായപ്പോള്‍ ഇന്‍ഡ്യയില്‍ ഉല്പാദനം184.8 ദശലക്ഷം ടണ്ണിലെത്തി.  ലോകബാങ്ക് നടത്തിയ ഒരു പഠനമനുസരിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉല്പാദനച്ചെലവ് ഇന്‍ഡ്യയില്‍ കുറവാണെങ്കിലും ഉയര്‍ന്ന ഗതാഗതച്ചെലവും പലതട്ടിലുള്ള ഇടനിലക്കാരും 'സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്‌സ്' മേഖലയിലെ പരാജയവും കാരണം ഇന്‍ഡ്യയ്ക്ക് ആഗോളമായി മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.  ആകെ ഉല്പാദനത്തിന്റെ 25-30% (ശരാശരി 50-58,000 കോടി രൂപയുടെ ഉല്പന്നം ഓരോ വര്‍ഷവും) പാഴായിപ്പോകുന്നു.
 പഴങ്ങളുടെയും പച്ചക്കറികളുടെയും കഴിഞ്ഞ ദശകത്തിലെ വ്യാപാരവര്‍ദ്ധന ഇന്ത്യയില്‍ 4% മാത്രമായിരുന്നുവെങ്കില്‍ അതേ കാലഘട്ടത്തില്‍ ഇതിന്റെ ആഗോളവര്‍ദ്ധന 56% ആയിരുന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോള്‍ 2012-ഓടുകൂടി ഇന്‍ഡ്യയ്ക്ക് ആവശ്യമായിവരുന്ന 300 ദശലക്ഷം ടണ്‍ ഉല്പാദനലക്ഷ്യം നേടണമെങ്കില്‍ 20,000 കോടി രൂപ മുടക്കണം.
 വ്യാപാരി വ്യവസായി ഏകോപനസമിതി ഒരു കമ്പനി രൂപീകരിക്കണം. അംഗങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഷെയര്‍ പിരിക്കണം.  പഴങ്ങളുടെയും പച്ചക്കറികളുടെയും പൂക്കളുടെയും കൃഷിയില്‍ ലോകത്തേറ്റവും ആധുനിക സാങ്കേതികവിദ്യ ഇസ്രയേല്‍ മുതലായ രാജ്യങ്ങളില്‍നിന്ന് സ്വായത്തമാക്കണം.  ഈ സാങ്കേതികവിദ്യയും വിത്തും വളവും കീടനാശിനിയുമൊക്കെ മൊത്തത്തില്‍ വാങ്ങി കര്‍ഷകര്‍ക്ക് സൗജന്യനിരക്കില്‍ നല്‍കണം. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, കുറഞ്ഞ നിരക്കില്‍ ബാങ്ക് പലിശ ഇവ ഇടപാട് ചെയ്യണം. കൃഷി സ്ഥലത്തുനിന്ന് ഉപഭോക്താവിലെത്തുന്നതിനിടയിലുള്ള നഷ്ടം ഒഴിവാക്കാന്‍ പ്രധാന കേന്ദ്രങ്ങളിലൊക്കെ വെയര്‍ ഹൗസും കോള്‍ഡ് സ്റ്റോറേജും നിര്‍മ്മിക്കണം. ഇടനിലക്കാരെ ഒഴിവാക്കണം.  ഉയര്‍ന്ന ഗതാഗതച്ചെലവും മറ്റ് ലോജിസ്റ്റിക്‌സ് നഷ്ടങ്ങളും ഒഴിവാക്കാനായി കംപ്യൂട്ടര്‍ അധിഷ്ഠിത ആധുനിക സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കണം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ജലഗതാഗതസാദ്ധ്യതയുള്ള കേരളത്തിലെ 1900 കിലോമീറ്റര്‍ ജലപാതകളും ചരക്കുഗതാഗതത്തിനായി ഉപയോഗിക്കണം.  
 മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഡ്യയില്‍ ഗതാഗതച്ചെലവ് 20-30 ശതമാനം കൂടുതലാണ്. പ്രകൃതി കേരളത്തിനു നല്‍കിയ സമുദ്ര സാമീപ്യം എന്തുകൊണ്ട് നാം പ്രയോജനപ്പെടുത്തുന്നില്ല? കേരളത്തിലെ തീരദേശ ജില്ലകളിലെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ സ്ഥാപിക്കണം.  കാരണം റോഡിലൂടെയുള്ളതിന്റെ അഞ്ചിലൊന്ന് ചെലവില്‍ ജലമാര്‍ഗ്ഗം ചരക്കുഗതാഗതം നടത്താം. ഗള്‍ഫ്‌പോലുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സൗകര്യാര്‍ത്ഥം വയനാട്ടിലും ഇടുക്കിയിലും പത്തനംതിട്ടയിലും വിമാനത്താവളങ്ങള്‍ വരണം. കൂടുതലും കയറ്റുമതിസാദ്ധ്യതയുള്ള ജൈവകൃഷിക്ക് ഊന്നല്‍ നല്‍കണം. ഇന്‍ഡ്യയില്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉപഭോക്താവ് നല്‍കുന്ന വിലയുടെ 15-20 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് കിട്ടുന്നതെങ്കില്‍ കേരളത്തിലത് 60-70 ശതമാനത്തിലെത്തണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുപോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ഒരു വിപണന എക്‌സ്‌ചേഞ്ച് സ്ഥാപിക്കണം.  കേരളത്തിലെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്നത് കേരളത്തിനു വെളിയിലും ഇന്‍ഡ്യയ്ക്കു വെളിയിലും വില്‍ക്കണം. കര്‍ഷകരുടെ കൈയില്‍ കാശുണ്ടെങ്കില്‍ കച്ചവടക്കാര്‍ക്കും ബിസിനസ്സ് നടക്കും.  അങ്ങനെ കര്‍ഷകരും കച്ചവടക്കാരും പുരോഗമിക്കും.
 ഇനി നമുക്ക് വന്‍കിട വ്യാപാരികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും കേരള സര്‍ക്കാരും പ്രഖ്യാപിച്ച യുദ്ധത്തിലേക്ക് തിരികെ വരാം.  വന്‍കിടക്കാരെ തോല്‍പ്പിക്കാന്‍ മറ്റുചില ഉപദേശങ്ങള്‍ കൂടി.  ഒരു സാധാരണ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാണുന്ന ഭൂരിഭാഗം ഉല്പന്നങ്ങളും ഇന്നു വില്‍ക്കുന്നതിനെക്കാള്‍ കുറഞ്ഞത് 25% കുറവില്‍ വില്‍ക്കാം. ഭക്ഷണസാധനങ്ങളും ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് ചെയ്യാതെ വില്‍ക്കുന്ന നിര്‍മ്മാതാക്കളുണ്ട്.  അവരില്‍നിന്ന് മൊത്തത്തില്‍ സാധനങ്ങള്‍ വാങ്ങി ഇവിടെ കൊണ്ടുവന്ന് പാക്കറ്റിലാക്കി ബ്രാന്‍ഡ് നെയിം നല്‍കി ഇടനിലക്കാരില്ലാതെ, പരസ്യമില്ലാതെ കാര്യക്ഷമമായ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വഴി സ്വന്തം അംഗങ്ങളിലൂടെ വിറ്റാല്‍ വന്‍കിട വ്യാപാരികളെക്കാള്‍ ലാഭത്തില്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. കേരളത്തിന്റെ ജി.ഡി.പി.യുടെ 22% വാണിജ്യമേഖലയില്‍നിന്നാണ്.  അതില്‍തന്നെ ചെറുകിടവ്യാപാരം മുന്നിട്ടുനില്‍ക്കുന്നു.  ആളോഹരി ഉപഭോഗത്തില്‍ കേരളത്തിനാണ് ഇന്‍ഡ്യയില്‍ ഒന്നാംസ്ഥാനം.
 ആഗോളവല്‍ക്കരണമെന്നത് ഒരു വലിയ പ്രവാഹമാണ്, കുത്തിയൊഴുക്കാണ്. ലോകം മുഴുവന്‍ നിറഞ്ഞൊഴുകുന്ന ഈ പ്രവാഹത്തെ, സുനാമിയെ പിടിച്ചു നിര്‍ത്താനുള്ള ശക്തി ഈ കൊച്ചുകേരളത്തിലെ വ്യാപാരികള്‍ക്കുണ്ടോ? നിങ്ങളുടെ കരുത്ത് ക്രിയാത്മകമായി ഉപയോഗിച്ച് ഈ മഹാപ്രവാഹത്തിന്റെ ഭാഗമായി ലാഭം കൊയ്യുന്നതല്ലേ ബുദ്ധി?

രംഗം - രണ്ട്
കാര്‍ഷികമേഖലയിലെ 
യാഥാര്‍ത്ഥ്യങ്ങളും വികസനസാദ്ധ്യതകളും
ഇന്‍ഡ്യന്‍ കാര്‍ഷികരംഗം
 ഇന്‍ഡ്യയുടെ ഭക്ഷ്യധാന്യ ഉല്പാദനം 1950ലെ 51 ദശലക്ഷം ടണ്ണില്‍നിന്ന് 200 ദശലക്ഷം ടണ്ണിലെത്തി 2005ല്‍. ആഗോള ധാന്യ ഉല്‍പ്പാദനം 2004-ലെ 2.68 ബില്യണ്‍ ടണ്ണില്‍ നിന്ന് 2005ല്‍ 2.38-ം, 2006ല്‍ 2 ബില്യണ്‍ ടണ്ണുമായി കുറഞ്ഞു. ആനുപാതികമായി ഇന്‍ഡ്യയിലും ധാന്യ ഉല്‍പ്പാദനം കുറഞ്ഞത് പട്ടിണിക്കും ധാന്യ ഇറക്കുമതിക്കും കാരണമായി.
 ലോകത്തേറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും (Livestock) പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഇന്‍ഡ്യയാണ്.  പഴങ്ങളുടെയും പച്ചക്കറികളുടെയും ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനമുണ്ട്. അരി, ഗോതമ്പ്, കപ്പലണ്ടി, തേയില, കാപ്പി, സുഗന്ധവ്യജ്ഞനങ്ങള്‍, പഞ്ചസാര, എണ്ണക്കുരുക്കള്‍ ഇവയുടെ കാര്യത്തില്‍, ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ്. മത്സ്യത്തിന്റെ കാര്യത്തില്‍ ഏഴാംസ്ഥാനമാണ് ഇന്‍ഡ്യയ്ക്ക്. 13 കോടി കര്‍ഷകരും 11 കോടി കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെ 24 കോടിയില്‍പ്പരം ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും (മൊത്തം തൊഴിലെടുക്കുന്ന 45 കോടി ജനത്തിന്റെ 55 ശതമാനം), ഇന്‍ഡ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 27 ശതമാനം മാത്രമാണ് കൃഷിയില്‍നിന്നുള്ള സംഭാവന. കാര്‍ഷിക രംഗത്തെ വളര്‍ച്ചനിരക്ക് 8-ാം പദ്ധതിക്കാലത്തെ 4.7 ശതമാനത്തില്‍നിന്ന് 1.2 ശതമാനമായി ചുരുങ്ങി.  പത്താം പദ്ധതിയുടെ ആദ്യ മൂന്നുവര്‍ഷങ്ങളില്‍ കൃഷി ഭൂമിയുടെ ശരാശരി വ്യാപ്തി 70-71ലെ 2.28 ഹെക്ടറില്‍ നിന്ന് 1.41 ഹെക്ടറായി ചുരുങ്ങി (1995-96 കാലഘട്ടത്തില്‍).  ആകെയുള്ള 13 കോടി കര്‍ഷകരില്‍ 80-85 ശതമാനം ചെറുകിട കര്‍ഷകരാണ്. 70 ശതമാനം കൃഷിഭൂമിയും കര്‍ഷകനു സ്വന്തമല്ല, പാട്ടഭൂമിയാണ്. കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള (വനം, മത്സ്യം) ആകെ മുതല്‍മുടക്ക് 1993-94ലെ 15249 കോടിയില്‍നിന്ന് 24186 കോടിയിലെത്തി 2003-04ല്‍.  രാജ്യത്തിന്റെ മൊത്തം മുടക്കുമുതലില്‍ കൃഷിയുടെ വിഹിതം 1980 ലെ 15.4 ശതമാനത്തില്‍ നിന്ന് 2001-02ല്‍ 8 ശതമാനമായി കുറഞ്ഞു. കൃഷിയില്‍ നിന്നുള്ള വരുമാനം 14 സംസ്ഥാനങ്ങളില്‍ 1983-91 കാലഘട്ടത്തില്‍ ശരാശരി 3.21% വളര്‍ന്നുവെങ്കില്‍, 1991-2000 കാലഘട്ടത്തില്‍ 1.02% മാത്രമേ വളര്‍ന്നുള്ളൂ.
 കാര്‍ഷികഗവേഷണവും ഇന്ത്യയും
 കാര്‍ഷികഗവേഷണരംഗത്ത് ഇന്ത്യയില്‍ സ്വകാര്യമേഖലയുടെ പങ്ക് വ്യക്തമാക്കുന്ന കണക്കുകള്‍ ലഭ്യമല്ലെങ്കിലും പൊതുമേഖലയില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് ഇന്ത്യയാണ്. ഗവേഷണത്തിനു മുടക്കുന്ന പണവും അതില്‍നിന്ന് കിട്ടുന്ന പ്രയോജനവും തമ്മില്‍ വലിയ പൊരുത്തമില്ല. അതിന്റെ കാരണങ്ങള്‍ പലതാണ്. ഗവേഷണത്തിനുളള ചെലവിന്റെ 85%ത്തിലധികം ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമാണു ചെലവാക്കുന്നത്. ഗവേഷണത്തിനായി ഇന്ത്യ ചെലവാക്കുന്ന തുക ഒരു താരതമ്യ വിശകലനത്തിനു വിധേയമാക്കാം. കാര്‍ഷിക ജി.ഡി.പി. യില്‍ കാര്‍ഷിക ഗവേഷണത്തിനുളള ചെലവിന്റെ അനുപാതമാണ് എ. ആര്‍.ഐ. റേഷ്യോ. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനമനുസരിച്ച് 1960 - കള്‍ മുതല്‍ തെക്കനേഷ്യയുടെ (ഇന്ത്യ ഉള്‍പ്പെടുന്ന, ചൈന ഒഴിവാക്കി) എ. ആര്‍.ഐ. റേഷ്യോ 0.14 മുതല്‍ 0.32 ആണെങ്കില്‍ ചൈനയുടേത് 0.42 മുതല്‍ 0.57 ം യു.എസ്. 1.32 മുതല്‍ 2.22 ം ഓസ്‌ട്രേലിയ 1.54 മുതല്‍ 4.52 വരെയുമാണ്. ഓസ്‌ട്രേലിയയുടെ കാര്യത്തില്‍ ഗവേഷണത്തിന് ചെലവാക്കുന്ന തുക മാത്രമല്ല ഗവേഷണത്തിന്റെ ഗുണനിലവാരവും ഉയര്‍ന്നതായിരുന്നു.
 2002-03, 2004-05 കാലഘട്ടത്തില്‍ ഇന്‍ഡ്യയുടെ കാര്‍ഷിക അനുബന്ധ ഉല്‍പന്നങ്ങളുടെ കയറ്റുമതി വളര്‍ച്ച  മൊത്തം കയറ്റുമതി വളര്‍ച്ചയായ 21.8 ശതമാനത്തെക്കാള്‍ വളരെ കുറവായിരുന്നു.  ആകെ കയറ്റുമതിയില്‍ കൃഷിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിഹിതം 1996-97ലെ 20.5 ശതമാനത്തില്‍നിന്ന് 2002-03ല്‍ 12.7%വും 2003-04ല്‍ 11.5%വും 2004-05 ല്‍ 10 ശതമാനവുമായി കുറഞ്ഞു.
 ഇന്‍ഡ്യയില്‍ ദാരിദ്ര്യവും സാമ്പത്തിക അസമത്വവും മാറണമെങ്കില്‍ മറ്റു മേഖലകളോടൊപ്പം കാര്‍ഷിക മേഖലയും 10-12 ശതമാനം വളര്‍ച്ച കൈവരിക്കണം. 1950കളില്‍ കാര്‍ഷികേതരമേഖലയിലെ തൊഴിലാളികളുടെ ആളോഹരി ജി.ഡി.പി. വിഹിതം കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ ഇരട്ടിയായിരുന്നുവെങ്കില്‍ 2006ലേത് 4 ഇരട്ടിയായി വര്‍ദ്ധിച്ചു. ഉപഭോഗത്തിന്റെ കാര്യത്തിലും അന്തരം വര്‍ദ്ധിച്ചു.  മൂന്നില്‍ രണ്ട് ജനങ്ങളുടെ വരുമാന മാര്‍ഗ്ഗമായ കാര്‍ഷികരംഗം 1.84 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമ്പോള്‍, മൂന്നിലൊന്നിന്റെ വരുമാനമാര്‍ഗ്ഗമായ നിര്‍മ്മാണ-സേവനമേഖലകള്‍ 10 ശതമാനം വാര്‍ഷികവളര്‍ച്ച നേടുന്നു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും എന്ന വിരോധാഭാസത്തിന്റെ കാരണമിതാണ്. കാര്‍ഷികമേഖലയ്ക്കും 12 ശതമാനം വാര്‍ഷികവളര്‍ച്ച സാദ്ധ്യമാണെന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു ദശകത്തിലെ ഗുജറാത്തിലെ അനുഭവം.
ഇന്‍ഡ്യ 
ഭാവിപദ്ധതികള്‍
 2000-01 ലെ കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ആകെ കൃഷിക്കായി ഉപയോഗിക്കുന്ന 180 ദശലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 50 ദശലക്ഷം ഹെക്ടറിനു മാത്രമാണ് ജലസേചന സൗകര്യം. 
 കൃഷിക്കായി ഒരു ജലവിനിയോഗനയം രൂപീകരിക്കണം. ഓരോ ലിറ്റര്‍ ജലത്തിന്റെയും ഉല്പാദനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കണം. ഭാരത് നിര്‍മ്മാണ്‍ പദ്ധതിയില്‍പ്പെടുത്തി ചുരുങ്ങിയത് 10 ദശലക്ഷം ഹെക്ടര്‍ ഭൂമിയിലെങ്കിലും പുതിയതായി ജലസേചനസൗകര്യം നല്‍കണം. ഒപ്പം നിലവിലുള്ള എല്ലാ കുളങ്ങളും കിണറുകളും പുനരുദ്ധരിക്കണം.  ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ കുറഞ്ഞ ജലം ആവശ്യമുള്ള കൃഷിക്ക് പ്രാധാന്യം നല്‍കണം.
 ഇന്‍ഡ്യ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഉല്പാദനക്ഷമത. കൃഷിയോഗ്യമായ ഭൂമി നമുക്ക് ധാരാളം ഉണ്ടെങ്കിലും ഉല്പാദനക്ഷമതയില്‍ നാം വളരെ പിന്നിലാണ്. ലോകത്തേറ്റവും കൂടുതല്‍ സ്ഥലത്ത് നെല്‍ക്കൃഷി ചെയ്യുന്നത് ഇന്‍ഡ്യയിലാണ് - 44 ദശലക്ഷം ഹെക്ടര്‍. ഒരു ഹെക്ടറില്‍നിന്നുള്ള ശരാശരി ഉല്പാദനം ഇന്‍ഡ്യയില്‍ 2 ടണ്ണും ചൈനയില്‍ 4 ടണ്ണും ലോകശരാശരി 3 ടണ്ണുമാണ്. ഇന്‍ഡ്യയുടെ ഉല്പാദനക്ഷമതയുടെ ഇരട്ടിയാണ് ചൈനയില്‍. നമ്മുടെ 6 ഇരട്ടിയാണ് ഇസ്രായേലില്‍.  ഒരു ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍നിന്ന് ഇന്‍ഡ്യ 40 ലക്ഷം രൂപ നേടുമ്പോള്‍ ഇസ്രായേല്‍ 2.5 കോടി രൂപ നേടുന്നു.
 ശാസ്ത്ര-സാങ്കേതിക രംഗത്തെ സഹകരണം വഴി ഗ്രാമീണമേഖലയില്‍ കൃഷിയില്‍നിന്നും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമാര്‍ഗ്ഗം തുറക്കണം. കാലിവളര്‍ത്തല്‍, പച്ചക്കറികൃഷി, പുഷ്പക്കൃഷി, ജൈവ ഇന്ധനകൃഷി, ജൈവാവശിഷ്ടങ്ങളില്‍നിന്ന് വളം, ഇന്ധനം ഇവ സൃഷ്ടിക്കുക. ഇതൊക്കെ മറ്റു വരുമാനമാര്‍ഗ്ഗങ്ങളായി പരിഗണിക്കാം. മണ്ണിന്റെ ആരോഗ്യസംരക്ഷണം, കാര്‍ഷികരീതികളില്‍ യഥാ കാലമുള്ള മാറ്റങ്ങള്‍ എല്ലാവരിലും എത്തിക്കുക തുടങ്ങിയവയും പ്രധാനമാണ്.
 വ്യാവസായികാടിസ്ഥാനത്തിലുള്ള കടുംകൃഷിയിലൂടെ (Industrial Farming & Contract Farming) രണ്ടാം കാര്‍ഷിക വിപ്ലവത്തിനു ശ്രമിക്കുന്ന ഇന്‍ഡ്യ അതിന്റെ അപകടങ്ങളും വിലയിരുത്തണം. അമിതമായ രാസവള, കീടനാശിനി പ്രയോഗങ്ങളിലൂടെയും ജലസേചനങ്ങളിലൂടെയും മണ്ണിന്റെ മരണവും ഭൂഗര്‍ഭജലത്തിന്റെ അന്ത്യവും അന്തരീക്ഷ മലിനീകരണവുമായിരിക്കും സംഭവിക്കുക. ഈ കൃഷിരീതി ഉപദേശിക്കുന്ന അമേരിക്കയില്‍പ്പോലും ഒരു വര്‍ഷം 75 ബില്യണ്‍ ഡോളര്‍ സബ്‌സിഡി നല്‍കിയാണ് കര്‍ഷകരെ നിലനിര്‍ത്തുന്നത്.
 ബയോ ടെക്‌നോളജി, ഐ.ടി., വാര്‍ത്താവിനിമയ വിദ്യ, പാരമ്പര്യേതര ഊര്‍ജ്ജമേഖല, നാനോ ടെക്‌നോളജി, ബഹിരാകാശസാങ്കേതികവിദ്യ ഇവയുടെ സഹായത്തോടെ ഒരു പുതിയ കാര്‍ഷികവിപ്ലവം (ഉല്പാദനക്ഷമതയിലൂന്നിയ ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത, ചെറുകിട കര്‍ഷകനിലൂന്നിയ വിപ്ലവം) അതായിരിക്കണം ആത്യന്തികമായ ലക്ഷ്യം
വര്‍ത്തമാനകാല കേരളം
മൂന്നിലൊന്ന് ജനസംഖ്യ കേരളത്തില്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 1951ല്‍ 5.27 ലക്ഷം ഹെക്ടറില്‍നിന്നായി കേരളം 9.04 ലക്ഷം മെട്രിക് ടണ്‍ നെല്ല് ഉല്പാദിപ്പിച്ചുവെങ്കില്‍ 2002-03ല്‍ അത് 3,10,521 ഹെക്ടറും 6.89 ലക്ഷം മെട്രിക് ടണ്ണുമായി കുറഞ്ഞു. കഴിഞ്ഞ 33 വര്‍ഷമായി ഓരോ വര്‍ഷവും ശരാശരി 2142.75 ഹെക്ടര്‍ കൃഷിഭൂമിയിലും, 2272.69 ടണ്‍ വിളവിലും കുറവുണ്ടാവുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയില്‍നിന്നുളള സംഭാവന 13 ശതമാനമാണ്. കാര്‍ഷികവളര്‍ച്ചനിരക്ക് പ്രതിവര്‍ഷം ശരാശരി 2-6- ശതമാനമാണ്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് കേരളത്തിന്റെ കാര്‍ഷികവരുമാനത്തിലുണ്ടായ കുറവ് 1188 കോടി രൂപയാണ്. സംസ്ഥാനത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് പാലക്കാടാണ്.  കേരളത്തിലെ മൊത്തം ആവശ്യമുള്ള നെല്ലിന്റെ ഏഴിലൊന്നു മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.
 കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ്, കേരളം നേരിടുന്ന വലിയ പ്രശ്‌നമാണ്. ഈ ഇനത്തില്‍ പ്രതിവര്‍ഷം 7000 കോടിരൂപയാണ് കേരളത്തിനു നഷ്ടമാകുന്നത്.  വിലയിടിവിന് വിധേയമാകന്ന സുഗന്ധവ്യജ്ഞനങ്ങളുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റാണ്.  വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കൃഷിയിടങ്ങളും വ്യാപാര കേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന നല്ല റോഡുകള്‍ ഒരു വലിയ ആവശ്യമാണ്.









കേരളം 
ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍
 ഇന്‍ഡ്യയിലെ കര്‍ഷകര്‍ രാസവളങ്ങള്‍ക്കും കെമിക്കല്‍ കീടനാശിനികള്‍ക്കുമായി ഒരു വര്‍ഷം 1 ലക്ഷം കോടി രൂപ ചെലവാക്കുന്നു. ഇതിന്റെ നല്ലൊരു ശതമാനം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലാണ് എത്തുന്നത്.  ഇതിനു പരിഹാരം കേരളത്തില്‍നിന്നുതന്നെ തുടങ്ങാം. നമ്മുടെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി വീടുകളില്‍ വെര്‍മി കംപോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ച് ശേഖരിച്ച്, മാന്യമായ വിലയ്ക്ക് കര്‍ഷകര്‍ക്കു നല്‍കുക. ഒപ്പം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഹെര്‍ബല്‍ കീടനാശിനികള്‍ വികസിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യുക. 1 ലക്ഷം കോടിയുടെ ഒരു ശതമാനമെടുത്താല്‍ത്തന്നെ ആയിരംകോടിരൂപ ചുരുങ്ങിയത് കുടുംബശ്രീ യൂണിറ്റുകള്‍വഴി സ്ത്രീകള്‍ക്കു കിട്ടില്ലേ? ഇതിനെല്ലാം പുറമേ ജൈവകൃഷിയിലൂടെയുള്ള ഉല്‍പ്പന്നത്തിന് ഇന്‍ഡ്യയിലും വിദേശത്തും കിട്ടുന്ന ഉയര്‍ന്നവിലവഴി കര്‍ഷകന് കൂടുതല്‍ നേട്ടം കിട്ടും.  (ജൈവ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി 2005ല്‍ 11/2 ലക്ഷം കോടിയുടേതായിരുന്ന, ഇത് 30% വാര്‍ഷിക വളര്‍ച്ചയോടെ മുന്നേറുന്നു). വിഷലിപ്തമല്ലാത്ത ഭക്ഷണം കഴിക്കുന്നതുവഴി ജനത്തിന്റെ ആരോഗ്യം മെച്ചപ്പെടും. മെഡിക്കല്‍ച്ചെലവ് കുറയും.
 2015 ആകുമ്പോള്‍ സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ലോക മാര്‍ക്കറ്റ് 13500 ബില്യണ്‍ രൂപയുടേതായിരിക്കും. സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ വിപണിയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിഹിതം 38 ശതമാനമായ 1800 ബില്യണ്‍ രൂപയില്‍നിന്ന് 58 ശതമാനത്തിലേക്കും 7800 ബില്യണ്‍ രൂപയിലേക്കും ഉയരും. അന്താരാഷ്ട്ര ഭക്ഷ്യവിപണിയില്‍ ഇന്‍ഡ്യയുടെ വിഹിതം വെറും 1.5 ശതമാനം മാത്രമായിരുന്നു. മൂല്യവര്‍ദ്ധനവ് ഇന്‍ഡ്യയില്‍ 7 ശതമാനത്തിലൊതുങ്ങിയപ്പോള്‍ ചൈനയില്‍ 23-ം ഫിലിപ്പൈന്‍സില്‍ 45-ം, യു.കെ.യില്‍ 188 ശതമാനവുമാണ്.
 നമ്മുടെ പഴങ്ങളും പച്ചക്കറികളും അരിയുമൊക്കെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കണം. ഒരു മിനിട്ടുകൊണ്ട് ചോറുണ്ടാക്കാന്‍ പാകത്തില്‍ (One minute rice).  നമ്മുടെ നാടന്‍ അരി പാക്കറ്റിലാക്കി വില്‍ക്കാം. പഴങ്ങളും പച്ചക്കറികളും അരിഞ്ഞ്, വൃത്തിയാക്കി, പാക്കറ്റിലാക്കി ഫ്രീസറില്‍വച്ച് വില്‍ക്കാം. കറികളാക്കി പാക്കറ്റിലാക്കി ഇന്‍ഡ്യയിലെ നഗരങ്ങളിലും വിദേശത്തും വില്‍ക്കാം.  ഇന്‍ഡ്യയിലെ ഫുഡ് പ്രോസസിംഗ് വ്യവസായം മാനുഫാക്ചറിംഗ് ജി.ഡി.പിയുടെ 14 ശതമാനം സംഭാവന ചെയ്യുന്ന 3 ലക്ഷം കോടി രൂപയുടെ വ്യവസായമാണ്. 130 ലക്ഷം ആളുകള്‍ക്ക് നേരിട്ടും അതിന്റെ 2-4 ഇരട്ടി അല്ലാതെയും തൊഴില്‍ നല്‍കുന്നു.  വാര്‍ഷിക വളര്‍ച്ചനിരക്ക് 7 ശതമാനമാണ്.
 കടലിലെയും, ജലാശയങ്ങളിലെയും മത്സ്യസമ്പത്തിന് 1980കളുടെ മദ്ധ്യം മുതല്‍ത്തന്നെ വളര്‍ച്ചയില്ലാത്ത അവസ്ഥയാണ്. അവിടെനിന്നു ചൂഷണം ചെയ്യുന്ന മത്സ്യത്തിന്റെ അളവ് മാറ്റമില്ലാതെ 90-93 ദശലക്ഷം ടണ്ണില്‍ നില്‍ക്കുകയാണ്. ഇതില്‍ 60 ദശലക്ഷം ടണ്‍ മനുഷ്യന്‍ ഭക്ഷിക്കുന്നു. ബാക്കി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ (FAO) കണക്കനുസരിച്ച് ഈ കണക്കുകളില്‍ വളര്‍ച്ചയ്ക്ക് സാദ്ധ്യതയില്ല. വര്‍ദ്ധിച്ചുവരുന്ന മത്സ്യത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഏകമാര്‍ഗ്ഗം മത്സ്യക്കൃഷിയാണ്. 2005ല്‍ ആകെ ഭക്ഷിച്ച മത്സ്യത്തിന്റെ 43 ശതമാനം (45.5 ദശലക്ഷം ടണ്‍, 83 ബില്യണ്‍ ഡോളര്‍ വില) മത്സ്യക്കൃഷിയില്‍നിന്നായിരുന്നു.
 ഒരു ബില്യണ്‍ ഡോളര്‍ (4100 കോടി രൂപ) വിലയ്ക്കുള്ള ക്യാറ്റ് ഫിഷ് വിയറ്റ്‌നാം ഒരു വര്‍ഷം കയറ്റി അയയ്ക്കുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത കേജ് കള്‍ച്ചര്‍ (Cage  Culture) വഴിയുള്ള മത്സ്യക്കൃഷിക്കുള്ള സാങ്കേതികവിദ്യ നോര്‍വേ ഇന്‍ഡ്യയ്ക്ക് നല്‍കുന്നുവെങ്കിലും ഈ രംഗത്ത് വിയറ്റ്‌നാം, ചൈന, നോര്‍വേ മുതലായ രാജ്യങ്ങള്‍ വലിയ പുരോഗതി നേടി.
 ഇന്‍ഡ്യയിലെ ആകെ മത്സ്യ ഉല്പാദനമായ 6 ദശലക്ഷം ടണ്ണില്‍ 3.2 ദശലക്ഷം ടണ്ണും ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്നാണ്.  6.7 ദശലക്ഷം ആളുകളാണ് മത്സ്യമേഖലയില്‍ ആകെ ജോലി ചെയ്യുന്നത്. 2020 ഓടുകൂടി 650 ദശലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ മത്സ്യം ഭക്ഷിക്കുന്നവരായിരിക്കും. തല്‍ഫലമായി 10 ദശലക്ഷം ടണ്‍ മത്സ്യം ഒരു വര്‍ഷം ഇന്‍ഡ്യയ്ക്ക് ആവശ്യമായി വരും.
 നമ്മുടെ നെല്‍പ്പാടങ്ങളില്‍ കീടനാശിനികളില്ലാതെ, ജൈവ നെല്‍ക്കൃഷിക്കൊപ്പം ചെമ്മീനും മത്സ്യവും ഞണ്ടും വളര്‍ത്തണം. ജീവനോടെ വിദേശത്ത് കയറ്റി അയച്ചാല്‍ കിലോയ്ക്ക് 500 രൂപവരെ കിട്ടും. അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം ഇവയൊക്കെ ഇതിനായി ഉപയോഗിക്കണം. ഏതെങ്കിലും ബഹുരാഷ്ട്ര ഭക്ഷ്യകമ്പനിയുമായി സഹകരിച്ച് ഇവയൊക്കെ വിഭവങ്ങളാക്കി പാക്കറ്റിലാക്കി കയറ്റി അയയ്ക്കാം.  മൂല്യവര്‍ദ്ധനവു വഴി മൂന്നും നാലും ഇരട്ടി വിലകിട്ടും.  നമ്മുടെ മത്സ്യത്തൊഴിലാളികളും സമുദ്രോത്പന്ന കയറ്റുമതിക്കാരും കൂടുതല്‍ വരുമാനത്തിനായ ഈ മാര്‍ഗ്ഗത്തില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.
 കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാര്‍ക്കറ്റിംഗ്.  ഇന്‍ഡ്യയില്‍ ഇന്നുല്‍പാദിപ്പിക്കുന്ന കാര്‍ഷികവിളവുകളുടെ 93 ശതമാനവും ഇന്‍ഡ്യയില്‍ത്തന്നെയാണ് ഉപഭോഗം ചെയ്യപ്പെടുന്നത്.  അതായത് ഇന്‍ഡ്യതന്നെയാണ് ഏറ്റവും വലിയ മാര്‍ക്കറ്റ്.  എന്നാല്‍ നമ്മുടെ കാര്‍ഷികവിളകള്‍ക്ക് ഉപഭോക്താവ് കൊടുക്കുന്ന വിലയുടെ 15-20 ശതമാനം മാത്രാണ് കര്‍ഷകനു കിട്ടുന്നത്.  ഈ 80 ശതമാനം അന്തരം എന്നത് കുറച്ച് 10 ശതമാനത്തിലെത്തിയാല്‍ ഒരു പക്ഷേ ബാംഗ്ലൂരിലെയും ബോംബെയിലെയും ഐ.ടി. ജോലി ഉപേക്ഷിച്ച് നമ്മുടെ ചെറുപ്പക്കാര്‍ കൃഷി ചെയ്യാന്‍ നാട്ടിന്‍പുറങ്ങളില്‍ വരും.
 മൊട്ടുസൂചിതൊട്ട് ബഹിരാകാശയാത്ര വരെ ഇന്റര്‍നെറ്റ് വഴി വിപണനം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കൃഷിക്കാര്‍ക്കും ആ വഴി ചിന്തിക്കാം. കേരളത്തിലെ കര്‍ഷകര്‍ക്കായി ഒരു വെബ്‌സൈറ്റ് വികസിപ്പിക്കുക. ഈ സൈറ്റ് വഴി കര്‍ഷകന് ഇടനിലക്കാരില്ലാതെ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കണം. ഈ പ്രധാന വെബ്‌സൈറ്റിന് സഹായകമായി ഓരോ വിളകള്‍ക്കും ഓരോ സൈറ്റ് സൃഷ്ടിക്കാം. നമ്മുടെ സ്‌കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, ലൈബ്രറികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ സൃഷ്ടിക്കണം.  ഇവരെയെല്ലാം ഇന്റര്‍നെറ്റും കംപ്യൂട്ടറും നല്‍കി ഈ മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ കണ്ണികളാക്കാം. കര്‍ഷകര്‍ക്കാവശ്യമുള്ള എല്ലാ വിവരങ്ങളും ഈ നെറ്റ് വര്‍ക്കിലൂടെ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ച് ഇതിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കാം.  കമ്മ്യൂണിറ്റി റേഡിയോ (എഫ്.എം.) സ്റ്റേഷനുകള്‍വഴി കര്‍ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാം. കേരളത്തിലെ 35 ലക്ഷം മൊബൈല്‍ ഫോണുകളും അത്രയുംതന്നെ ലാന്‍ഡ് ഫോണുകളും വിവരങ്ങള്‍ കൈമാറാന്‍ സഹായകമാകും. ഇന്റര്‍നെറ്റിലെ പുതിയ സാങ്കേതികവിദ്യയായ പോഡ്കാസ്റ്റിംഗ് (Podcast) വഴി ഓരോ കര്‍ഷകനും കംപ്യൂട്ടര്‍ ഉണ്ടെങ്കില്‍ 500 രൂപ ചെലവില്‍ സ്വന്തമായി റേഡിയോ സ്റ്റേഷന്‍ നടത്താം, അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം.
 ഈ മാര്‍ക്കറ്റിംഗ് സംവിധാനം വിജയമാവുകയാണെങ്കില്‍ കേരളത്തിലെ വ്യാവസായിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാം. ഈ കണ്ണിയില്‍ വ്യവസായികള്‍ക്കും അംഗമാകാം
 പ്രകൃതിക്ഷോഭംമൂലമുള്ള കൃഷിനാശത്തിനും വിലത്തകര്‍ച്ചമൂലമുള്ള നഷ്ടത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കണം. ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയ പ്രൊഫഷണലുകളെപ്പോലെ മിടുക്കരായ കൃഷിക്കാര്‍ക്ക് കാര്‍ഷിക കണ്‍സള്‍ട്ടിംഗ് സ്ഥാപനം തുടങ്ങാന്‍ ബാങ്കുകളും സര്‍ക്കാരും സഹായം നല്‍കണം.  നമ്മുടെ കാര്‍ഷിക ബിരുദധാരികള്‍ക്ക് ഇസ്രായേലിന്റെ സഹായത്തോടെ ആധുനിക കാര്‍ഷിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കണം. ഉല്പാദനക്ഷമതയില്‍ 6 ഇരട്ടി വര്‍ദ്ധനവുവഴി ഒരു പുതിയ കാര്‍ഷികവിപ്ലവം സൃഷ്ടിക്കണം. 
 നമ്മുടെ വസ്തു പാട്ടനിയമങ്ങള്‍ ഉദാരമാക്കിയാല്‍ വെറുതെ കിടക്കുന്ന വസ്തുക്കള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്ത് ഒരുപാട് ചെറുപ്പക്കാര്‍ക്ക് വരുമാനം സമ്പാദിക്കാം. വസ്തു തിരിച്ചുകിട്ടുമെന്നുറപ്പുണ്ടെങ്കില്‍ ഉടമകള്‍ക്കും സന്തോഷമായിരിക്കും. ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ച് മനുഷ്യന്റെ ഭക്ഷണശീലത്തില്‍ മാറ്റം വരുകയും ധാന്യങ്ങള്‍ക്ക്് ആവശ്യം കുറഞ്ഞ് പകരം പാല്‍, പച്ചക്കറി, പഴം, മാംസം ഇവയ്ക്ക് ആവശ്യം വര്‍ദ്ധിക്കുകയും ചെയ്യും എന്നത് ഒരു പൊതുതത്ത്വമാണ്. ഉപഭോഗസംസ്ഥാനമായ കേരളത്തില്‍ ഇതു സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ധാന്യങ്ങള്‍ക്കൊപ്പം  പാല്‍, പച്ചക്കറി, പഴം, പൂക്കള്‍, മാംസം ഇവയുടെ കൃഷിക്കാണ് നാം ഭാവിയില്‍ പ്രാധാന്യം നല്‍കേണ്ടത്.
     കേരളത്തിലെ ഓരോ പൗരനും ഭക്ഷ്യസുരക്ഷ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായിരിക്കണം ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്.





ഊര്‍ജ്ജരംഗം
കേരളത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും


പുരോഗതിയും ഊര്‍ജ്ജ 
ഉപയോഗവും
ഏതൊരു സമൂഹത്തിന്റെയും വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് മിതമായ വിലയക്ക് ആവശ്യമായ അളവിലുള്ള ഊര്‍ജ്ജത്തിന്റെ ലഭ്യത.  ജനസംഖ്യാവര്‍ദ്ധനവ്, ജീവിതനിലവാര പുരോഗതി, ഉപഭോഗസംസ്‌കാരം, ഊര്‍ജ്ജാധിഷ്ഠിതമായ ഉപകരണങ്ങളുടെ വേലിയേറ്റം മുതലായ കാരണങ്ങളാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഊര്‍ജ്ജ ഉപയോഗം ഇരട്ടിച്ചു.  അന്തരീക്ഷ മലിനീകരണം, ഓസോണ്‍ പാളികളുടെ തകര്‍ച്ച, ആഗോളതാപവര്‍ദ്ധനവ് മുതലായ കാരണങ്ങളാല്‍ ഭാവിയില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കേണ്ടിവരും.
2001- ലെ സെന്‍സസ് അനുസരിച്ച് ഇന്‍ഡ്യയില്‍ ഗ്രാമീണഭവനങ്ങളില്‍ രണ്ടില്‍ ഒന്നിലും വൈദ്യുതിയില്ല.  പത്തില്‍ ഏഴുഭവനവും പാചകത്തിനായി വിറകോ ചാണകമോ ഉപയോഗിക്കുന്നു.  ഒരു സമൂഹത്തിന്റെ വികസനത്തിന്റെ അളവുകോലായ ആളോഹരി വൈദ്യുതി ഉപഭോഗം ഇന്‍ഡ്യയില്‍ 1947-ലെ 15 കിലോവാട്ടില്‍നിന്ന് 2007-ല്‍ 450 കിലോവാട്ട് ആയെങ്കിലും 2320 കിലോവാട്ടായ ലോകശരാശരിയേക്കാള്‍ എത്രയോ പുറകിലാണ് ഇന്‍ഡ്യയുടെ സ്ഥാനം.  2012-ല്‍ ഇത് 1000 കിലോവാട്ട് ആയി ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ സ്വപ്നം.
ഊര്‍ജ്ജോല്പാദനരംഗവും ആഗോളപ്രതിസന്ധിയും
ഇന്‍ഡ്യയിലെ 60 ശതമാനത്തോളം വ്യവസായങ്ങളും ഒരു പരിധിവരെ സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി  ഉല്പാദിപ്പിക്കുന്നുവെങ്കിലും ഊര്‍ജ്ജ ഉല്പാദനരംഗത്തെ ആഗോളപ്രതിസന്ധി ഇന്‍ഡ്യയെയും ബാധിച്ചിരിക്കുന്നു. പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകളായ എണ്ണ, കല്‍ക്കരി, ഗ്യാസ് ഇവയൊക്കെ അധികനാളത്തെ ഉപയോഗത്തിനുണ്ടാവില്ല. പാരമ്പര്യ ഊര്‍ജ്ജ ഉപയോഗവും വര്‍ദ്ധിച്ച ആഗോളതാപവര്‍ദ്ധനവും വഴി ഭൂമിക്കും ജീവജാലങ്ങള്‍ക്കും വന്‍നാശംസംഭവിക്കാന്‍ പോകുന്നു .  ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍വേണം ഊര്‍ജ്ജ ഉല്പാദന രംഗത്തെ വീക്ഷിക്കേണ്ടത്.
പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളില്‍ മലിനീകരണം സൃഷ്ടിക്കാത്ത സ്രോതസ്സുകള്‍ക്ക് പ്രാധാന്യം നല്‍കണം.  കേരളത്തിന്റെ ചുറ്റുപാടുകളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം.
പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍
യൂറോപ്പില്‍ ഈ അടുത്തകാലത്തു നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് പരിസ്ഥിതിക്ക് നാശം വരുത്താത്ത ഊര്‍ജ്ജസ്രോതസ്സുകള്‍വഴി 2027-ഓടുകൂടി ലോകത്തിന്റെ ഊര്‍ജ്ജാവശ്യം മുഴുവന്‍ നിറവേറ്റാന്‍ സാധിക്കുമെന്നാണ്.
കേരളത്തിന്റെ പശ്ചാത്തലത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കാറ്റില്‍നിന്നുള്ള വൈദ്യുതി. ലോകം മുഴുവന്‍ ഇന്നുപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 5 ഇരട്ടിയോ ലോകം മുഴുവന്‍ ആവശ്യമുള്ള വൈദ്യുതിയുടെ 40 ഇരട്ടിയോ കാറ്റില്‍നിന്ന് ഉല്പാദിപ്പിക്കാന്‍ സാധിക്കും.  ഇന്‍ഡ്യയ്ക്ക് മൊത്തം 45,000 മെഗാ വാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉല്പാദിപ്പിക്കാമെന്നിരിക്കെ, 4200 മെഗാവാട്ട് മാത്രമാണ്  ഉല്പാദനം.  ഇതിന്റെ പകുതിയും തമിഴ്‌നാടിന്റെ സംഭാവനയാണ്.  തമിഴ്‌നാടിന്റെ ഭൂരിഭാഗം ഉല്പാദനവും കേരളത്തോടു തൊട്ടുകിടക്കുന്ന അതിര്‍ത്തിജില്ലകളില്‍ നിന്നും. 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തിന് കാറ്റില്‍നിന്നു  വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കടലുമായി ബന്ധപ്പെട്ട മൂന്നു മേഖലകളുണ്ട്; (1) കടല്‍ത്തീരം,  (2) തീരത്തുനിന്ന് 10 കിലോമീറ്ററിനുള്ളില്‍ കടലില്‍, (3) തീരത്തുനിന്ന് 10 കിലോമീറ്ററിനും ഉള്ളിലായി ഉള്‍ക്കടലില്‍ (Off Shore) . ഈ മൂന്നു മേഖലകളിലും വിന്‍ഡ്മില്ലുകള്‍ സ്ഥാപിക്കാം.  അതിന്റെ സാധ്യതാപഠനം നടത്തി ആഗോള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യസംരംഭകരെ ഏല്പിക്കണം.  കടല്‍ത്തീരത്തുള്ള ഓരോ വീട്ടിലും വയ്ക്കാന്‍ പാകത്തിലുള്ള ഡിഷ് ആന്റിനയുടെ വലുപ്പമുള്ള വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കാം (www.windsave. com).
കടലിലെ തിരമാലകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം.  തിരമാലകളില്‍നിന്ന് ബ്രിട്ടന് ഒരു ദിവസം 12,000 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് 'കാര്‍ബണ്‍ ട്രസ്റ്റിന്റെ' പഠനത്തില്‍ പറയുന്നു.  വാണിജ്യാടിസ്ഥാനത്തില്‍ തിരമാലകളില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ പ്ലാന്റ് വടക്കന്‍ പോര്‍ച്ചുഗലില്‍ 2007 ഒക്‌ടോബറില്‍ ഉദ്ഘാടനം ചെയ്തു.  11 ദശലക്ഷം ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച 'പെലാമിസ് പ്രോജക്ട്' (Pelamis Project)പൂര്‍ണ്ണ തോതിലെത്തുമ്പോള്‍ 30 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും.  ഈ മേഖലയിലെ സാദ്ധ്യതകള്‍ കേരളവും പ്രയോജനപ്പെടുത്തണം.
സൗരോര്‍ജ്ജം
ഭൂമിയിലെ ഒരു വര്‍ഷത്തെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ പര്യാപ്തമാണ് സൂര്യനില്‍നിന്ന് ഭൂമിക്ക് ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഊര്‍ജ്ജം. സൗരോര്‍ജ്ജം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയാല്‍ നമ്മുടെ ഊര്‍ജ്ജാവശ്യത്തിന്റെ പതിനായിരമിരട്ടി ലഭ്യമാകും. 2011- ഓടുകൂടി സൗരോര്‍ജ്ജം ഒരു യൂണിറ്റിന് 4 രൂപ നിരക്കില്‍ ലഭ്യമാകും. 100 വാട്ടിന്റെ ഒരു ബള്‍ബ് 10 മണിക്കൂര്‍ കത്തുന്നതിന് ആവശ്യമായ വൈദ്യുതിയാണ് ഒരു കിലോ വാട്ട് ഹവര്‍. (1 Kwh). ഒരു കിലോ വാട്ട് ഹവറിന്റെ സോളാര്‍ സിസ്റ്റം വഴി ഒരു വര്‍ഷം 1600 കിലോ വാട്ട് ഹവര്‍ വൈദ്യുതി ഉല്പാദിപ്പിക്കാം. അത്രയും സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുക വഴി 68 കിലോ കല്‍ക്കരിഖനനവും 138 കിലോ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതും ഒഴിവാക്കാം. കൂട്ടത്തില്‍ 477 ലിറ്റര്‍ ജലവും ലാഭിക്കാം.
ആഗോളമായി 2008-ലെ സൗരോര്‍ജ്ജ ഉല്പാദനം 1000 മെ.വാ. ആണെന്നിരിക്കെ കാറ്റില്‍ നിന്ന് 70000 മെ.വാ ഉല്പാദിപ്പിക്കുന്നു. സൗരോര്‍ജ്ജത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണം ഫോട്ടോ വോള്‍ട്ടൈക് സെല്ലില്‍ ഉപയോഗിക്കുന്ന സിലിക്കോണ്‍ സെമികണ്ടകട്‌റുകളുടെ ഉയര്‍ന്ന ഉല്പാദനച്ചെലവും കുറഞ്ഞ കാര്യക്ഷമതയുമാണ്. ഒരു കിലോ വാട്ട് സൗരോര്‍ജ്ജത്തിന് ഇന്ത്യയില്‍ 15 രൂപ ഉല്പാദനച്ചെലവ് വരുന്നെങ്കില്‍ ജപ്പാനില്‍ 46- യെന്നും അമേരിക്കയില്‍ 4 - 5 ഡോളറും വരും. ജപ്പാനിലെ ഗവേഷണഫലങ്ങള്‍ നല്‍്കുന്ന സൂചന; സമീപഭാവിയില്‍ത്തന്നെ സൗരോര്‍ജ്ജസെല്ലുകളുടെ കാര്യക്ഷമത 15 - 20 ശതമാനത്തില്‍ നിന്നു 40 ശതമാനമായി ഉയരുമെന്നാണ്. അതോടൊപ്പം  ഉല്പാദനച്ചെലവ് കിലോ വാട്ടിന് 7 യെന്‍ ആയി ചുരുങ്ങും. അതായത് തെര്‍മല്‍ വൈദ്യുതിയുടെ അതേ ചെലവ്. അമേരിക്കയിലെ നാനോ ടെക്‌നോളജി ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത് സമീപഭാവിയില്‍ ത്തന്നെ കിലോവാട്ടിന് ഒരു ഡോളര്‍ നിരക്കില്‍ സൗരോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ്. അതായത് തെര്‍മല്‍ വൈദ്യുതിയുടെ പകുതിച്ചെലവ് മാത്രം. 
ചുട്ടുപൊളളുന്ന സഹാറ മരുഭൂമിയില്‍ ഒരു ചതു.മീറ്റര്‍ സ്ഥലത്തു നിന്ന് 2500 കി. വാ./ഹവര്‍ വൈദ്യുതി ഒരു വര്‍ഷം ഉല്പാദിപ്പിക്കുവാനുളള സൂര്യപ്രകാശം കിട്ടുമെങ്കില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു ച.മീ. ല്‍നിന്ന് 1000-1500 കി.വാ./ഹവര്‍ വൈദ്യുതി ഉല്പാദിപ്പിക്കാം. അത്യുഷ്ണവും അതിശൈത്യവുമുളള പ്രദേശങ്ങള്‍ തമ്മിലുളള വ്യത്യാസം ഇത്രമാത്രം. ഇന്ത്യയില്‍ ഒരു വര്‍ഷം ലഭിക്കുന്ന 3000 മണിക്കൂര്‍ സൂര്യപ്രകാശത്തില്‍നിന്ന് 5000 ട്രില്യണ്‍ കി.വാ./ഹവര്‍ വൈദ്യുതി ഉല്പ്പാദിപ്പിക്കാം. ഒരു ച.കി. മീറ്ററില്‍നിന്ന് 20 മെ. വാ. അല്ലെങ്കില്‍ ഒരു ച.മീ.ല്‍ നിന്ന് ഒരു ദിവസം ശരാശരി 5 - 7 കി. വാ./ഹവര്‍ വൈദ്യുതി ഉല്പാദിപ്പിക്കാം.
2007-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ പാരമ്പര്യേതര ഊര്‍ജ്ജോല്പാദനം 10000 മെ.വാ. ആണെങ്കിലും അതില്‍ സൗരോര്‍ജ്ജത്തിന്റെ വിഹിതം വെറും 2 മെ.വാ. മാത്രമാണ്. 2006 - ല്‍ പ്രസിദ്ധീകരിച്ച ഇന്റഗ്രേറ്റഡ് എനര്‍ജി റിപ്പോര്‍ട്ട്  അനുസരിച്ച് 2032-ഓടുകൂടി രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജാവശ്യം ഇപ്പോഴത്തെ 1,40,000 മെ.വാ. ല്‍നിന്ന് 5-7 ഇരട്ടിയായി വര്‍ദ്ധിക്കും. കേന്ദ്രസര്‍ക്കാര്‍ 2008 - ല്‍ പ്രഖ്യാപിച്ച സൗരോര്‍ജ്ജനയത്തിന്റെ (ഒരു കി.വാ./ഹവറിന് 12 രൂപ സബ്‌സിഡി) ഫലമായി ഈ രംഗത്ത് 80,000 കോടി രൂപയുടെ നിക്ഷേപമാണ് പുതിയതായി വരുന്നത്.  
മുനിസിപ്പല്‍ മാലിന്യങ്ങളില്‍ നിന്ന് ഡീസല്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ലോകത്ത് പലയിടത്തും പ്രയോഗത്തിലായി. അത്തരത്തിലൊരു കമ്പനിയെക്കുറിച്ചു ഇന്റര്‍നെറ്റില്‍ കാണാനിടയായി (www.changing worldtech.com). നമ്മുടെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി ചൈനക്കാര്‍ ഡീസല്‍ നിര്‍മ്മിക്കുന്നതായി വായിച്ചു.  റസിഡന്റ്‌സ്് അസ്സോസിയേഷനുകള്‍ക്ക് സ്വന്തം മാലിന്യങ്ങളില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള ചെറിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പഠിക്കണം.
ഭാവിയിലെ വാഗ്ദാനങ്ങളില്‍ പ്രധാനമാണ് ഹൈഡ്രജന്‍ ഫ്യുവ ല്‍ സെല്ലുകള്‍. ഓരോ ഉപഭോക്താവും ആവശ്യമുള്ളവൈദ്യുതി വീട്ടില്‍ത്തന്നെ ഉല്പാദിപ്പിക്കുന്ന സ്ഥിതിവരും. 7 കിലോവാട്ടുവരെ ശക്തിയുള്ള ഫ്യുവല്‍ സെല്ലുകള്‍ സാധാരണമാകുന്നതോടുകൂടി  ഗാര്‍ഹിക ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി. പോലുള്ള വൈദ്യുതി കമ്പനികളില്‍നിന്ന് അകലുന്ന കാലം വിദൂരമല്ല.  പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഭവനങ്ങള്‍ ഇസ്രയേലില്‍ സാധാരണമാണ്.
നോര്‍വേയിലെ സ്റ്റാട്ക്രാഫ്ട് (Stat Kraft) എന്ന വൈദ്യുതി യൂട്ടിലിറ്റി കമ്പനി 2008- ഓടെ ലോകത്തെ ആദ്യഓസ്‌മോട്ടിക്(Osmotic) പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും.  കടല്‍വെള്ളവും ശുദ്ധജലവും ഒരു മെംബ്രയിന്‍ വഴി വേര്‍തിരിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഈ മാര്‍ഗ്ഗംവഴി ആഗോളമായി 1600 ടെറാവാട്‌സ് / ഹവര്‍് (Twh)വൈദ്യുതി ഉല്പാദിപ്പിക്കാം.
പ്രശസ്ത ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനും ചവറ സ്വദേശിയുമായ ഡോ. പ്ലാസിഡ് റോഡ്‌റിഗ്‌സിന്റെ അഭിപ്രായത്തില്‍ ഒരു വര്‍ഷം 3,80,000 മെഗാ വാട്ട് വീതം 700 വര്‍ഷം വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള തോറിയം ഇന്‍ഡ്യയ്ക്കുണ്ട്.  ലോകത്താകെയുള്ള തോറിയത്തിന്റെ മൂന്നിലൊന്ന് ഇന്‍ഡ്യയിലാണ്.  ഇന്‍ഡ്യയിലെ ആകെ തോറിയത്തിന്റെ 20 ശതമാനം ചവറയിലെ കരിമണലിലും.  ട്രോംബെയിലെ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (BARC)ഡയറക്ടര്‍ ഡോ. എസ്. ബാനര്‍ജിയുടെ അഭിപ്രായത്തില്‍ ഭാവിയിലെ ഏറ്റവും നല്ല ന്യൂക്ലിയര്‍ ഇന്ധനം തോറിയമാണ്.  ഈ തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ഇന്‍ഡ്യ വികസിപ്പിക്കുന്നതോടുകൂടി ഇന്‍ഡ്യ ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കും. ഇന്‍ഡ്യ- അമേരിക്ക ന്യൂക്ലിയര്‍ കരാറിനെക്കുറിച്ച് 2007 ഒക്‌ടോബറില്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് നമ്മുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുള്‍ കലാം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി.  എന്നിട്ട്, ഇത്രയും കൂട്ടിച്ചേര്‍ത്തു: ഏറിയാല്‍ 5 വര്‍ഷം അതിനുള്ളില്‍ ഇന്‍ഡ്യ തോറിയത്തില്‍നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുവാനുള്ള റിയാക്ടര്‍ വിജയകരമായി വികസിപ്പിക്കും.  (പിന്നെ എന്തിനീ കരാര്‍ എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്?).  ഇന്‍ഡ്യയില്‍ത്തന്നെ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ഖനനം ചെയ്യാവുന്ന തോറിയം നിക്ഷേപം ചവറയിലാണ്.  വര്‍ഷം 70,000 മെഗാ വാട്ട് വീതം 700 വര്‍ഷത്തേക്കുള്ള വൈദ്യുതി നമുക്ക് ഉറപ്പാണ് ചവറയില്‍നിന്ന്!
ഊര്‍ജ്ജ ഉല്പാദനരംഗത്തെ കാര്യക്ഷമതയുടെ അളവുകോലാണ് പ്ലാന്റ് ലോഡ് ഫാക്ടര്‍.  ഇന്‍ഡ്യയില്‍ പ്ലാന്റ് ലോഡ് ഫാക്ടര്‍ 69 ശതമാനം മാത്രമാണ്.  മാനേജ്‌മെന്റ് നിലവാരം മെച്ചപ്പെടുത്തുകയാണങ്കില്‍ ഇത് 89 ശതമാനത്തിലെത്തിക്കാം.  പുതിയ മുടക്കു മുതലില്ലാതെ, നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് 20 ശതമാനം അധിക വൈദ്യുതി ഉല്പാദിപ്പിക്കാം എന്നര്‍ത്ഥം.
പുതിയ ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ചു പഠിക്കുവാനും പ്രയോഗത്തില്‍ വരുത്തുവാനുമായി ഒരു സ്വതന്ത്ര ഗവേഷണ ഏജന്‍സി സൃഷ്ടിക്കണം.  ഒപ്പം ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്‍കൈ എടുക്കണം.  കഴിഞ്ഞ ദശകത്തില്‍ ടെലിഫോണ്‍ രംഗത്തുണ്ടായ വിപ്ലവത്തിനു സമാനമായ വിപ്ലവം വൈദ്യുതിരംഗത്തും വരുംദശകങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാം.
പ്രസാരണ- വിതരണ രംഗം
ഇന്‍ഡ്യ, 2006- ലെ കണക്കനുസരിച്ച് 1,20,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുവെങ്കിലും അതിന്റെ 35-40 ശതമാനവും ബില്ലാകുന്നില്ല.  അന്താരാഷ്ട്ര കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ കെ.പി.എം.ജി.യുടെ  2007-ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് വൈദ്യുതി മോഷണം, ചോര്‍ച്ച, കിട്ടേണ്ട തുക പിരിക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ വൈദ്യുതിവിതരണരംഗത്ത് ഇന്‍ഡ്യയില്‍ ഒരു വര്‍ഷം 6 ബില്യണ്‍ വൈദ്യുതി ഗുണനിലവാരം ഇന്‍ഡ്യയില്‍ വളരെ താഴ്ന്നതാണ്.  ഇതിന്റെ പ്രധാന കാരണം ലോഡ്‌ഷെഡിംഗ് ആണ്.  2004-ല്‍ ലോകബാങ്ക് നടത്തിയ ഒരു പഠനമനുസരിച്ച് ഇന്‍ഡ്യയിലെ ഒരു മാനുഫാക്ചറിംഗ് യൂണിറ്റിന് ഒരു മാസം ശരാശരി 17 തവണ വൈദ്യുതിവിതരണത്തകരാറിലെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമ്പോള്‍ ചൈനയിലത് അഞ്ചില്‍ത്താഴെയും മലേഷ്യയില്‍ ഒന്നും മാത്രമാണ്.  ഇന്‍ഡ്യയിലെ വ്യവസായങ്ങള്‍ക്ക് ഉല്പാദനത്തിന്റെ 9 ശതമാനം വൈദ്യുതിത്തകരാറുമൂലം നഷ്ടപ്പെടുമ്പോള്‍ മലേഷ്യയിലും ചൈനയിലുമിത് 2 ശതമാനത്തില്‍ താഴെ മാത്രമാണ്.
നഷ്ടം ഒഴിവാക്കാവുന്നതെങ്ങനെ
കേരളത്തില്‍ വൈകിട്ട് 6 മുതല്‍ 9 വരെയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യം (2455 മെ.വാ.).  സാധാരണ സമയങ്ങളിലെ ആവശ്യം വെറും 1637 മെ.വാ-ആണ്. ഇവിടെയാണ് 'ഡിമാന്‍ഡ് സൈഡ് മാനേജ്‌മെന്റി'ന്റെ പ്രസക്തി.  ഇലക്‌ട്രോണിക് മീറ്ററിനൊപ്പം ഡിജിറ്റല്‍ ക്ലോക്കും റിക്കാര്‍ഡിംഗ് സംവിധാനങ്ങളുമുള്ള മീറ്റര്‍ ഘടിപ്പിക്കുക. കൂടുതല്‍ ആവശ്യക്കാരു ള്ളസമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയനിരക്കും അല്ലാത്തപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞനിരക്കും സ്ഥാപിക്കുക.  കുറഞ്ഞ 
നിരക്കുള്ള കാര്‍ഷികമേഖലയിലെ വൈദ്യുതിവിതരണം ഈ രീതിയില്‍ പുനഃക്രമീകരിച്ചാല്‍ത്തന്നെ കോടികള്‍ ലാഭിക്കാം.
ഓരോ ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുമുള്ള വിതരണ ശൃംഖലയുടെ പടം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്ട്‌വെയര്‍ ഉപയോഗിച്ച് വരയ്ക്കുകയും ട്രാന്‍സ്‌ഫോര്‍മറില്‍ മീറ്റര്‍ ഘടിപ്പിച്ച് വിതരണ- പ്രസരണ നഷ്ടം, മോഷണം ഇവ കൃത്യമായി  അളക്കുകയും തടയുകയും ചെയ്യണം.  നഷ്ടം ഒഴിവാക്കാനുള്ള മറ്റൊരു നിര്‍ദ്ദേശമാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് മൊത്തവില്പനമാത്രം കൈകാര്യം ചെയ്യുകയെന്നത്.  വൈദ്യുതിയുടെ ചില്ലറവില്പന സ്വകാര്യ സംരംഭകര്‍ക്ക് വിടുക.  ഓരോ ട്രാന്‍സ്‌ഫോര്‍മറിലും എത്തുന്ന വൈദ്യുതിയുടെ വില ചില്ലറവില്പനക്കാരില്‍നിന്ന് ഈടാക്കുക.  മോഷണം തടയുന്നതും പണം പിരിക്കുന്നതുമൊക്കെ ചില്ലറവില്പനക്കാരന്റെ ഉത്തരവാദിത്വം.
ഭാവിയിലെ സാദ്ധ്യതകള്‍
ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഡയറക്ട് കറന്റ് കേബിള്‍ ഉപയോഗിച്ച് യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, ഐസ്‌ലാന്റ് മുതലായ ഭൂപ്രദേശങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലകളെ ബന്ധിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് 2006-ല്‍ ജര്‍മ്മന്‍ ഗവണ്‍മെന്റ് ഒരു പഠനം നടത്തി.  സഹാറ മരുഭൂമിയിലെ സൗരോര്‍ജ്ജവും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജലവൈദ്യുതിയും ഐസ്‌ലാന്‍ഡിലെ ജിയോതെര്‍മ്മല്‍ എനര്‍ജിയും സംയോജിപ്പിക്കുന്ന സംവിധാനം.  സമാനമായി യു.കെ. യില്‍ നടന്ന മറ്റൊരു പഠനം സൂചിപ്പിക്കുന്നത്ഡിമാന്‍ഡ്‌സൈഡ്മാനേജ്‌മെന്റ് കാര്യക്ഷമമാക്കിയാല്‍ കാറ്റില്‍നിന്നും തിരമാലകളില്‍നിന്നും മറ്റു പാരമ്പര്യേതര സ്രോതസ്സുകളില്‍നിന്നുമുള്ള വൈദ്യുതികൊണ്ട്  95% വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാമെന്നാണ്.  ഭാവിയിലെ വൈദ്യുതി പ്രസാരണ- വിതരണ രംഗങ്ങള്‍ കൂടുതല്‍ ബുദ്ധിയുള്ളതും കാര്യക്ഷമവുമായ കംപ്യൂട്ടര്‍ ശൃംഖലകളാല്‍ നിയന്ത്രിതമായിരിക്കുമെന്നാണ് പ്രവചനം.
ഊര്‍ജ്ജസംരക്ഷണവും 
കാര്യക്ഷമതയും
ഊര്‍ജ്ജം, അധികം ഉല്പാദിപ്പിക്കുന്നതിനെക്കാള്‍ പ്രധാനമാണ് നഷ്ടം ഒഴിവാക്കി ഊര്‍ജ്ജം ലാഭിക്കുന്നത്.  ഊര്‍ജ്ജകാര്യക്ഷമതയും 'ഡിമാന്‍ഡ്‌സൈഡ് മാനേജ്‌മെന്റും' വഴി ഇന്‍ഡ്യയില്‍ ഒരു വര്‍ഷം ശരാശരി 25,000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം.  പുതിയതായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ അഞ്ചിലൊന്ന് ചെലവില്‍ ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താം.  അമേരിക്കയില്‍ ഇത് ഒരു വര്‍ഷം 29 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.20 ലക്ഷം കോടിരൂപ) ബിസിനസ്സാണ്. മഹാരാഷ്ട്രയില്‍ 'അക്ഷയ പ്രകാശ് സ്‌കീം' എന്ന പേരില്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിപ്രകാരം 500 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിച്ചു.  വൈദ്യുതിമോഷണം തടയുന്നതിനും നഷ്ടം ഒഴിവാക്കി വൈദ്യുതി ലാഭിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യക്ഷമതയില്‍ കേരളം വളരെ പിന്നിലാണ്. കാര്യക്ഷമതാസംവിധാനങ്ങളേര്‍പ്പെടുത്തിയാല്‍ കാര്‍ഷികമേഖലയില്‍ 30%, വ്യാവസായികമേഖലയില്‍ 25%, ഗതാഗത മേഖലയില്‍ 20%, ഗാര്‍ഹികമേഖലയില്‍ 20% എന്നീകണക്കില്‍ ഊര്‍ജ്ജം കേരളത്തില്‍ ലാഭിക്കാം.  യഥാകാല എനര്‍ജി ഓഡിറ്റ് നടത്തി വൈദ്യുതി ഉപയോഗത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് വൈദ്യുതിച്ചെലവു കുറയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കേണ്ട ചുമതല വൈദ്യുതിവിതരണക്കമ്പനികള്‍ക്കാണ്.  ഇത്തരം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം ഈയിടെ ശ്രദ്ധിക്കാനിടയായി (www.connectgaia.com). ഹൈദരാബാദ് ആസ്ഥാനമായ കെ.എല്‍.ജി.സിസ്റ്റം ലിമിറ്റഡിന്റെ പ്രത്യേകത ഊര്‍ജ്ജം ഉപയോഗിച്ച് കഴിഞ്ഞ് ഓഡിറ്റ് ചെയ്യുന്നതിനുപകരം ഉപയോഗിക്കുന്ന നിമിഷത്തില്‍ത്തന്നെ അതു പരിശോധിക്കുകയും കാര്യക്ഷമമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്.  ഇവരുടെ സേവനം കൂടുതലും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കാണ് പ്രയോജനം . ഊര്‍ജ്ജത്തിന്റെ ലഭ്യതയും വിലയും മലിനീകരണം ഒഴിവാക്കുന്ന സ്രോതസ്സുകളും ഭാവിയിലെ വെല്ലുവിളികളായിരിക്കെ, ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനങ്ങളെ നികുതി ഇളവുനല്‍കിയും സബ്‌സിഡി നല്‍കിയും സര്‍ക്കാര്‍ പ്രോത്‌സാഹിപ്പിക്കണം.
 ഡോളറിന്റെ (25,000 കോടിരൂപ) നഷ്ടമുണ്ടാകുന്നു.  പ്രസാരണ-വിതരണ നഷ്ടം ഇന്‍ഡ്യയില്‍ 34 ശതമാനമാണെങ്കില്‍ ചൈനയില്‍  7 ശതമാനം മാത്രമാണ്.  ഈ രണ്ടു മേഖലകളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതുവഴി ഇന്‍ഡ്യയ്ക്ക്  അധിക മുടക്കുമുതലില്ലാതെതന്നെ ഇന്നത്തെ 1.2 ലക്ഷം മെ.വാ. ഉല്പാദനശേഷിയില്‍നിന്ന് അധികമായി 40,000 മെ.വാ.കൂടി ലഭിക്കും.  ഈ നഷ്ടങ്ങളുടെ ഭാരം ചുമക്കുന്നതാരാണ്? പാവം ഉപഭോക്താക്കള്‍.  ഈ നഷ്ടങ്ങള്‍കാരണം വൈദ്യുതിവില ലോകത്തേറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ.
വൈദ്യുതി ഗുണനിലവാരം ഇന്‍ഡ്യയില്‍ വളരെ താഴ്ന്നതാണ്.  ഇതിന്റെ പ്രധാന കാരണം ലോഡ്‌ഷെഡിംഗ് ആണ്.  2004-ല്‍ ലോകബാങ്ക് നടത്തിയ ഒരു പഠനമനുസരിച്ച് ഇന്‍ഡ്യയിലെ ഒരു മാനുഫാക്ചറിംഗ് യൂണിറ്റിന് ഒരു മാസം ശരാശരി 17 തവണ വൈദ്യുതിവിതരണത്തകരാറിലെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമ്പോള്‍ ചൈനയിലത് അഞ്ചില്‍ത്താഴെയും മലേഷ്യയില്‍ ഒന്നും മാത്രമാണ്.  ഇന്‍ഡ്യയിലെ വ്യവസായങ്ങള്‍ക്ക് ഉല്പാദനത്തിന്റെ 9 ശതമാനം വൈദ്യുതിത്തകരാറുമൂലം നഷ്ടപ്പെടുമ്പോള്‍ മലേഷ്യയിലും ചൈനയിലുമിത് 2 ശതമാനത്തില്‍ താഴെ മാത്രമാണ്.
നഷ്ടം ഒഴിവാക്കാവുന്നതെങ്ങനെ
കേരളത്തില്‍ വൈകിട്ട് 6 മുതല്‍ 9 വരെയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യം (2455 മെ.വാ.).  സാധാരണ സമയങ്ങളിലെ ആവശ്യം വെറും 1637 മെ.വാ-ആണ്. ഇവിടെയാണ് 'ഡിമാന്‍ഡ് സൈഡ് മാനേജ്‌മെന്റി'ന്റെ പ്രസക്തി.  ഇലക്‌ട്രോണിക് മീറ്ററിനൊപ്പം ഡിജിറ്റല്‍ ക്ലോക്കും റിക്കാര്‍ഡിംഗ് സംവിധാനങ്ങളുമുള്ള മീറ്റര്‍ ഘടിപ്പിക്കുക. കൂടുതല്‍ ആവശ്യക്കാരു ള്ളസമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയനിരക്കും അല്ലാത്തപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞനിരക്കും സ്ഥാപിക്കുക.  കുറഞ്ഞ 
നിരക്കുള്ള കാര്‍ഷികമേഖലയിലെ വൈദ്യുതിവിതരണം ഈ രീതിയില്‍ പുനഃക്രമീകരിച്ചാല്‍ത്തന്നെ കോടികള്‍ ലാഭിക്കാം.
ഓരോ ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുമുള്ള വിതരണ ശൃംഖലയുടെ പടം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്ട്‌വെയര്‍ ഉപയോഗിച്ച് വരയ്ക്കുകയും ട്രാന്‍സ്‌ഫോര്‍മറില്‍ മീറ്റര്‍ ഘടിപ്പിച്ച് വിതരണ- പ്രസരണ നഷ്ടം, മോഷണം ഇവ കൃത്യമായി  അളക്കുകയും തടയുകയും ചെയ്യണം.  നഷ്ടം ഒഴിവാക്കാനുള്ള മറ്റൊരു നിര്‍ദ്ദേശമാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് മൊത്തവില്പനമാത്രം കൈകാര്യം ചെയ്യുകയെന്നത്.  വൈദ്യുതിയുടെ ചില്ലറവില്പന സ്വകാര്യ സംരംഭകര്‍ക്ക് വിടുക.  ഓരോ ട്രാന്‍സ്‌ഫോര്‍മറിലും എത്തുന്ന വൈദ്യുതിയുടെ വില ചില്ലറവില്പനക്കാരില്‍നിന്ന് ഈടാക്കുക.  മോഷണം തടയുന്നതും പണം പിരിക്കുന്നതുമൊക്കെ ചില്ലറവില്പനക്കാരന്റെ ഉത്തരവാദിത്വം.
ഭാവിയിലെ സാദ്ധ്യതകള്‍
ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഡയറക്ട് കറന്റ് കേബിള്‍ ഉപയോഗിച്ച് യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, ഐസ്‌ലാന്റ് മുതലായ ഭൂപ്രദേശങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലകളെ ബന്ധിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് 2006-ല്‍ ജര്‍മ്മന്‍ ഗവണ്‍മെന്റ് ഒരു പഠനം നടത്തി.  സഹാറ മരുഭൂമിയിലെ സൗരോര്‍ജ്ജവും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജലവൈദ്യുതിയും ഐസ്‌ലാന്‍ഡിലെ ജിയോതെര്‍മ്മല്‍ എനര്‍ജിയും സംയോജിപ്പിക്കുന്ന സംവിധാനം.  സമാനമായി യു.കെ. യില്‍ നടന്ന മറ്റൊരു പഠനം സൂചിപ്പിക്കുന്നത്ഡിമാന്‍ഡ്‌സൈഡ്മാനേജ്‌മെന്റ്
കാര്യക്ഷമമാക്കിയാല്‍ കാറ്റില്‍നിന്നും തിരമാലകളില്‍നിന്നും മറ്റു പാരമ്പര്യേതര സ്രോതസ്സുകളില്‍നിന്നുമുള്ള വൈദ്യുതികൊണ്ട്  95% വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാമെന്നാണ്.  ഭാവിയിലെ വൈദ്യുതി പ്രസാരണ- വിതരണ രംഗങ്ങള്‍ കൂടുതല്‍ ബുദ്ധിയുള്ളതും കാര്യക്ഷമവുമായ കംപ്യൂട്ടര്‍ ശൃംഖലകളാല്‍ നിയന്ത്രിതമായിരിക്കുമെന്നാണ് പ്രവചനം.
ഊര്‍ജ്ജസംരക്ഷണവും 
കാര്യക്ഷമതയും
ഊര്‍ജ്ജം, അധികം ഉല്പാദിപ്പിക്കുന്നതിനെക്കാള്‍ പ്രധാനമാണ് നഷ്ടം ഒഴിവാക്കി ഊര്‍ജ്ജം ലാഭിക്കുന്നത്.  ഊര്‍ജ്ജകാര്യക്ഷമതയും 'ഡിമാന്‍ഡ്‌സൈഡ് മാനേജ്‌മെന്റും' വഴി ഇന്‍ഡ്യയില്‍ ഒരു വര്‍ഷം ശരാശരി 25,000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം.  പുതിയതായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ അഞ്ചിലൊന്ന് ചെലവില്‍ ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താം.  അമേരിക്കയില്‍ ഇത് ഒരു വര്‍ഷം 29 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.20 ലക്ഷം കോടിരൂപ) ബിസിനസ്സാണ്. മഹാരാഷ്ട്രയില്‍ 'അക്ഷയ പ്രകാശ് സ്‌കീം' എന്ന പേരില്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിപ്രകാരം 500 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിച്ചു.  വൈദ്യുതിമോഷണം തടയുന്നതിനും നഷ്ടം ഒഴിവാക്കി വൈദ്യുതി ലാഭിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യക്ഷമതയില്‍ കേരളം വളരെ പിന്നിലാണ്. കാര്യക്ഷമതാസംവിധാനങ്ങളേര്‍പ്പെടുത്തിയാല്‍ കാര്‍ഷികമേഖലയില്‍ 30%, വ്യാവസായികമേഖലയില്‍ 25%, ഗതാഗത മേഖലയില്‍ 20%, ഗാര്‍ഹികമേഖലയില്‍ 20% എന്നീകണക്കില്‍ ഊര്‍ജ്ജം കേരളത്തില്‍ ലാഭിക്കാം.  യഥാകാല എനര്‍ജി ഓഡിറ്റ് നടത്തി വൈദ്യുതി ഉപയോഗത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് വൈദ്യുതിച്ചെലവു കുറയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കേണ്ട ചുമതല വൈദ്യുതിവിതരണക്കമ്പനികള്‍ക്കാണ്.  ഇത്തരം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം ഈയിടെ ശ്രദ്ധിക്കാനിടയായി (www.connectgaia.com). ഹൈദരാബാദ് ആസ്ഥാനമായ കെ.എല്‍.ജി.സിസ്റ്റം ലിമിറ്റഡിന്റെ പ്രത്യേകത ഊര്‍ജ്ജം ഉപയോഗിച്ച് കഴിഞ്ഞ് ഓഡിറ്റ് ചെയ്യുന്നതിനുപകരം ഉപയോഗിക്കുന്ന നിമിഷത്തില്‍ത്തന്നെ അതു പരിശോധിക്കുകയും കാര്യക്ഷമമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്.  ഇവരുടെ സേവനം കൂടുതലും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കാണ് പ്രയോജനം . ഊര്‍ജ്ജത്തിന്റെ ലഭ്യതയും വിലയും മലിനീകരണം ഒഴിവാക്കുന്ന സ്രോതസ്സുകളും ഭാവിയിലെ വെല്ലുവിളികളായിരിക്കെ, ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനങ്ങളെ നികുതി ഇളവുനല്‍കിയും സബ്‌സിഡി നല്‍കിയും സര്‍ക്കാര്‍ പ്രോത്‌സാഹിപ്പിക്കണം.
        
കെ. എസ്. ഇ. ബിയും
കാര്യക്ഷമതയും
കേരളത്തിലെ വൈദ്യുതി രംഗത്തെ കുത്തക കെ. എസ്. ഇ. ബി.ക്കാണ്.  26130 തൊഴിലാളികളുള്ള ഈ കുത്തക വരുമാനത്തിന്റെ 24 ശതമാനം വേതനമായി നല്‍്കുമ്പോള്‍, ബോംബെയിലെ ടാറ്റാ ഇലക്ട്രിക്കില്‍ അതു 3 ശതമാനം മാത്രമാണ്.  കേരളത്തില്‍ പ്രസരണ- വിതരണ നഷ്ടം 26 ശതമാനമുള്ളപ്പോള്‍ വികസിതരാജ്യങ്ങളിലിതു 2 ശതമാനം മാത്രമാണ്.  1866 മെഗാവാട്ട് ജലവൈദ്യുതിയും 772 മെഗാ വാട്ട് തെര്‍മ്മലും 2 മെഗാവാട്ട് കാറ്റില്‍നിന്നുളള വൈദ്യുതിയും കേരളം ഉല്പാദിപ്പിക്കുന്നു (2006-ലെ കണക്ക്). നമ്മുടെ ഉല്പാദന നിലയങ്ങളുടെകാര്യ ക്ഷമത തൃപ്തികരമല്ല.  ഉപഭോക്താക്കളുടെ കണക്ക് ഇപ്രകാരമാണ്;  64 ലക്ഷം ഗാര്‍ഹികം, 12 ലക്ഷം കൊമേഴ്‌സ്യല്‍, 1.2 ലക്ഷം വ്യാവസായികം, 4.18 ലക്ഷം കാര്‍ഷികം, 1975 ഹൈടെന്‍ഷന്‍.  മൊത്തം വരുമാനത്തിന്റെ 40% ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്നുമാണ്.
ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70% ജലത്തില്‍ നിന്നാണ്.  ജലവൈദ്യുതിയുടെ ഉല്പാദനച്ചെലവ് യൂണിറ്റിന് 25 പൈസയിലധികം വരില്ല.  ഈ 25 പൈസയുടെ വൈദ്യുതി ശരാശരി 3 രൂപ 70 പൈസയ്ക്കാണ് കെ. എസ്. ഇ. ബി. വില്‍്ക്കുന്നത്.  ടാറ്റായുടെ നിലവാരത്തിലേക്ക് ഉയരണമെങ്കില്‍ പരമാവധി സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്ത് ശമ്പള- പെന്‍ഷന്‍ ബാദ്ധ്യത കുറയ്ക്കണം.  കാര്യക്ഷതമ വര്‍ദ്ധിപ്പിക്കണം.
വൈദ്യുതി വിലനിലവാരം ഇന്‍ഡ്യയിലും വിദേശത്തും
2004-05 കാലഘട്ടത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളും കമ്പനികളും ഒരു യൂണിറ്റ് വൈദ്യുതിക്ക് ഈടാക്കിയ വില ഇന്‍ഡ്യന്‍ രൂപയില്‍
ഗുജ. സ്റ്റേറ്റ് ഇല. ബോര്‍ഡ് 5.03
ബീഹാര്‍ ഇല. ബോര്‍ഡ് 5.02
ജാര്‍ഖണ്ഡ് ഇല.ബോര്‍ഡ് 4.79
കര്‍ണ്ണാടക പവര്‍ ട്രാന്‍. കോര്‍പ്പ.ലി. 4.76
തമിഴ്‌നാട് ഇല. ബോര്‍ഡ് 4.71
എന്‍.ഡി.പി. എല്‍. ഡല്‍ഹി 4.69
ബി.എസ്. ഇ.എസ്. ഡല്‍ഹി 4.69
എം.പി. ഇല.ബോര്‍ഡ് 4.65
യു.പി.പവര്‍ കോര്‍.ലിമി 4.45
ഛത്തീസ്ഗഡ് ഇല.ബോ 4.44
എ.പി.ട്രാന്‍സ്മിഷന്‍ കോര്‍പ. 4.43
പഞ്ചാബ് ഇല. ബോ. 4.32
രാജസ്ഥാന്‍ ഇല. ബോ. 4.13
വെസ്റ്റ് ബംഗാള്‍ ഇല. ബോ 4.13
ഗ്രിഡ് കോര്‍. ഒറീസ്സ 3.98
മഹാരാഷ്ട്ര ഇല. ബോ. 3.97
ഹര്യാന വിദ്യുത് പ്രസരണ്‍ നിഗം 3.90
കേരള ഇല.ബോ. 3.70
ദാമോദര്‍വാലി കോര്‍പ്പ. 3.60
ടാറ്റാ, മുംബൈ 3.48
എന്‍.ടി.പി.സി.ലി 2.53
പ്രധാനപ്പെട്ട ലോകരാഷ്ട്രങ്ങളില്‍ 2005-ല്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില അമേരിക്കന്‍ സെന്റില്‍(c)
യൂറോപ്പ്
ഫ്രാന്‍സ് 7.2 c
ജര്‍മ്മനി 10.2 c 
ഐസ്‌ലന്‍ഡ് 6.6 c
ഇറ്റലി 10.7 c
ലക്‌സംബര്‍ഗ് 7.5 c
നെതര്‍ലന്‍ഡ്‌സ് 15.7 c
യു.കെ 7.4 c
വടക്കേ അമേരിക്ക
കാനഡ 6.3 c
യു.എസ്.എ. 8.1 c
ഏഷ്യ/ പസഫിക്
ആസ്‌ട്രേലിയ 7.2 c

        മാവേലിനാട്, ആഗസ്റ്റ്, 2007













'കേരളത്തിനൊരു പൊതു ഗതാഗതസംവിധാനം

വ്യക്തിഗതവാഹനങ്ങള്‍ - വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍
വ്യക്തിഗതവാഹനങ്ങളുടെ അമിതമായ വര്‍ദ്ധനവ് ലോകത്തെങ്ങും നഗരങ്ങള്‍ ജനവാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഏക പരിഹാരം ശക്തമായ പൊതുഗതാഗത സംവിധാനം, വ്യക്തിഗത വാഹനങ്ങള്‍ക്കു നിയന്ത്രണം, കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രക്കാര്‍ക്കും സുരക്ഷിതയാത്ര ഉറപ്പുനല്‍കുക എന്നിവയാണ്. ഐ.ഐ.ടി. ഡല്‍ഹി നടത്തിയ ഒരു പഠനമനുസരിച്ച് ദേശീയ വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് രാഷ്ട്രങ്ങള്‍ റോഡ് യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഫലത്തില്‍ റോഡ്‌യാത്ര സുരക്ഷിതമല്ലാതാവുകയും ചെയ്യുന്നു.'

വ്യക്തിഗതവാഹനവര്‍ദ്ധനവും നിയന്ത്രണങ്ങളുടെ ആവശ്യകതയും
കാറിന്റെ വിലകുറയുന്ന സാഹചര്യത്തില്‍ സാധാരണക്കാരനുപോലും കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. അപ്പോള്‍, അതിന്റെ ഉപയോഗത്തിനായി സമൂഹം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യംതന്നെ. ഉദാ. ഒരു നഗരത്തിലേക്കോ പട്ടണത്തിലേക്കോ പ്രവേശിക്കുന്നതിന് ഒരു ചാര്‍ജ്ജ്് ഈടാക്കുക. ഇങ്ങനെ ഫീസ് ചുമത്തിയതിന്റെ ഫലമായി ലണ്ടന്‍ നഗരത്തില്‍ സ്വകാര്യ കാറുകളുടെ ഉപയോഗം 38%-ത്തില്‍നിന്ന് 18% ആയികുറഞ്ഞു. (ലോകത്തെ വന്‍കിട നഗരങ്ങളിലൊക്കെ കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനമുപയോഗിച്ച് ഗതാഗതനിയന്ത്രണത്തിനായി 'കണ്‍ജഷന്‍ പ്രൈസിംഗ്' സംവിധാനം ഏര്‍പ്പെടുത്തുന്ന തിരക്കിലാണ് ഐ.ബി.എം. എന്ന അമേരിക്കന്‍ ആസ്ഥാനമായ കംപ്യൂട്ടര്‍ കമ്പനി). ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസ്, വഴിനടത്തക്കാര്‍ക്കു മാത്രമായി റോഡുകളും പ്രസ്തുത റോഡുകളില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണവും, ബസ്സുകളുടെയും വഴിനടത്തക്കാരുടെയും സൈക്കിളുകളുടെയും സൗകര്യാര്‍ത്ഥം ചില റോഡുകളില്‍ ചില സമയങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുക, വാഹനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എണ്ണം കുറയ്ക്കുക, ഏറ്റവും കൂടുതല്‍ ഗതാഗതമുള്ള സമയങ്ങളില്‍ വ്യക്തിഗതവാഹനങ്ങള്‍ക്ക് ഫീസ് ചുമത്തി എണ്ണം കുറയ്ക്കുക, പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല.
ഇന്‍ഡ്യയും വാഹന 
വര്‍ദ്ധനവും
ഇന്‍ഡ്യയില്‍ ഓരോ ബഡ്ജറ്റ്  കഴിയുമ്പോഴും ചെറിയകാറിന്റെ വിലകുറയുകയും തദ്വാരാ സാധാരണക്കാരന്റെ അഭിമാന പ്രതീകമായ കാറിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദി സൊസൈറ്റി ഓഫ് ആട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്കനുസരിച്ച് 2000-01-ല്‍ ഇന്‍ഡ്യയില്‍ 5,67,728 കാര്‍ വിറ്റുവെങ്കില്‍ 2004-ല്‍ 819,918-ം 2005-ല്‍ 1.2 ദശലക്ഷവുമായി. കാറുകളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെ ഫലമായി യാത്രാസമയം വര്‍ദ്ധിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബാംഗ്‌ളൂര്‍. മറ്റൊരു പ്രധാന പ്രശ്‌നമാണ് പാര്‍ക്കിംഗ്. നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ്കളിലും റോഡുകളിലും പരിമിതമായ സൗകര്യം മാത്രമാണ് പാര്‍ക്കിംഗിനുള്ളത്.  റോഡ് സുരക്ഷയും മലിനീകരണവും വര്‍ദ്ധിച്ച ഇന്ധന ആവശ്യവുമൊക്കെ അനുബന്ധ പ്രശ്‌നങ്ങളാണ്.
മോട്ടോര്‍ അപകടങ്ങള്‍
മോട്ടോര്‍ അപകടങ്ങളുടെ ഫലമായി ലോകത്താകെ ഇതിനകം 30 ദശലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 500 ദശലക്ഷം ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  ഇന്‍ഡ്യയില്‍ മാത്രം ഓരോവര്‍ഷവും 80,000 ആളുകള്‍ അപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ കൂടുതലും കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും ഇരുചക്രമോട്ടോര്‍വാഹന യാത്രക്കാരുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച,് സര്‍ക്കാര്‍ നയങ്ങളില്‍ ആഗോളമായി മാറ്റങ്ങളുണ്ടാകാത്തപക്ഷം 2020 ആകുമ്പോഴേക്കും എയ്ഡ്‌സ്, ക്ഷയരോഗം, പക്ഷാഘാതം, ഉദരരോഗങ്ങള്‍, ന്യുമോണിയ, ശ്വാസകോശരോഗങ്ങള്‍, യുദ്ധം മുതലായ കാരണങ്ങളാല്‍ മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ മോട്ടോര്‍ അപകടങ്ങള്‍ മൂലം മരിക്കുകയോ അംഗഭംഗം വരുകയോ ചെയ്യും
ആട്ടോമൊബൈല്‍ വിപ്ലവവും വീര്‍പ്പുമുട്ടുന്ന നഗരങ്ങളും
ഇന്‍ഡ്യ ഒരുവര്‍ഷം 1.2 ദശലക്ഷം കാറും 5 ലക്ഷം കൊമേര്‍ഷ്യല്‍ വാഹനവും ഉല്പാദിപ്പിക്കുന്നു. 2005-ല്‍ 34 ബില്യണ്‍ ഡോളര്‍ വരുമാനവും ജി.ഡി.പി.യുടെ 4 ശതമാനവും സംഭാവനചെയ്ത ആട്ടൊമൊബൈല്‍ വ്യവസായം 2016 ആകുമ്പോള്‍ ജി.ഡി.പി.യുടെ 10%-വും 145 ബില്യണ്‍  ഡോളര്‍ വരുമാനവും നേടും. ഈ വളര്‍ച്ചയ്ക്കു നടുവിലും ഇന്‍ഡ്യയിലെ നഗരങ്ങളും പട്ടണങ്ങളും അടിസ്ഥാനപരമായിത്തന്നെ നിലവാരമില്ലാത്ത റോഡുകള്‍, സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ്, ട്രാഫിക് അടയാളങ്ങളുടെയും മനുഷ്യനിയന്ത്രിതമോ യന്ത്രനിയന്ത്രിതമോ ആയ ട്രാഫിക് നിയന്ത്രണങ്ങളുടെയും അപര്യാപ്തത, ദുര്‍ബ്ബലമായ ട്രാഫിക് നിയമം നടപ്പാക്കല്‍ എന്നീ പ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുകയാവും.
സുഗമമായ നഗരഗതാഗതം
നഗരഗതാഗതം സുഗമമാക്കുന്നതിന് പ്രധാനമായി രണ്ടു നിര്‍ദ്ദേശമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.  ഒന്ന്) റോഡുകളുടെ വീതികൂട്ടുക.  രണ്ട്) പൊതുഗതാഗതസംവിധാനം. വടക്കെ അമേരിക്കയിലെ നഗരങ്ങളുടെ കണക്കെടുത്താല്‍ പൊതുഗതാഗതത്തിന്റെ പങ്ക് 10 ശതമാനമാണ്. യൂറോപ്പില്‍ 30 ശതമാനവും ഏഷ്യയില്‍ 60 ശതമാനവുമാണന്നു കാണാം. മുംമ്പൈ ഒഴികെ ഇന്‍ഡ്യയിലെ നഗരങ്ങളുടെ സ്ഥിതി അമേരിക്കയുടേതിനു തുല്യമാണ്. 2003-ലെ ഒരു പഠനമനുസരിച്ച് ഹൈദരാബാദ് നഗരത്തില്‍ ആകെ വാഹനങ്ങള്‍ നടത്തിയ 66.7 ലക്ഷം യാത്രയില്‍ 62 ശതമാനവും കാറും ഇരുചക്രവാഹനവും മറ്റു സ്വകാര്യവാഹനവുമായിരുന്നു. ശേഷിക്കുന്ന 38 ശതമാനത്തില്‍ 24.7 ശതമാനം ബസ്സും 13.8 ശതമാനം സൈക്കിളും ആയിരുന്നു.
1991-2001 കാലഘട്ടത്തിലെ ജനസംഖ്യാവര്‍ദ്ധനവും കാറുകളുടെ വര്‍ദ്ധനവും ഇരുചക്രവാഹന ങ്ങളുടെ വര്‍ദ്ധനവും 30%, 160%,122% എന്നീ ക്രമത്തിലാണ്.
റോഡിന് വീതികൂട്ടുന്നത് 
അഭികാമ്യമോ?
റോഡിനു വീതി കൂട്ടുമ്പോള്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രത്യേകം ട്രാക്കുകള്‍ ഉണ്ടായിരിക്കണം. 1996-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നഗരവികസന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് നഗരത്തിലെ മൊത്തം വിസ്തൃതിയുടെ 10-15% റോഡുകള്‍ക്കായി മാറ്റി വയ്ക്കണം. ഇനി യാഥാര്‍ത്ഥ്യം ഒന്നു പരിശോധിക്കാം : ഹൈദരാബാദ് നഗരത്തില്‍ 1980-ല്‍ 0.79%വും 92-93 ല്‍ 1.44% വും 2000-ല്‍ 2.1% വും സ്ഥലമായിരുന്നു റോഡ് വിസ്തൃതി. പല വികസിതരാജ്യങ്ങളിലെയും അനുഭവം നോക്കുമ്പോള്‍ റോഡുകള്‍ക്ക് വീതികൂട്ടുന്നത് ട്രാഫിക് പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അമേരിക്കയില്‍ ഇക്കാരണത്താല്‍ത്തന്നെ പുതിയ റോഡുകളുടെ നിര്‍മ്മാണത്തിന് ജനങ്ങള്‍ എതിരാണ് (www.walkable streets.com). നഗരാസൂത്രണ നിയമമനുസരിച്ച് 2.5 മീറ്റര്‍ റോഡ് കാല്‍നടയാത്രക്കാര്‍ക്കും 3 മീറ്റര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കുമായി മാറ്റിവയ്ക്കണം. ഇതിന്റെ ഫലമായി കൂടുതലാളുകള്‍ ഈ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കും. തത്ഫലമായി ഗതാഗതക്കുരുക്കും മലിനീകരണവും അപകടവും കുറയ്ക്കാന്‍ സാധിക്കുന്നു.


മറ്റു മാര്‍ഗ്ഗങ്ങള്‍
നഗരഗതാഗതം സുരക്ഷിതവും സുഗമവുമാക്കുന്നതിനു മറ്റു നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗങ്ങളും അവലംബിക്കണം. വാഹനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, ഗതാഗതതിരക്കുള്ള സമയത്ത് വ്യക്തിഗതവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, പാര്‍ക്കിംഗില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുക തുടങ്ങിയവ.  ഈ നിയമങ്ങളെല്ലാം നടപ്പാക്കാനായി ഒരു 'നഗരഗതാഗത അതോറിറ്റി' രൂപീകരിക്കുക.
റെയില്‍വേ/മെട്രൊ റെയില്‍വേ
പൊതുഗതാഗതം എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് റെയില്‍വേ, മെട്രൊ റെയില്‍വേ എന്നിവയാണ്. നഗരഗതാഗതത്തിനായുള്ള റെയില്‍ സംവിധാനങ്ങള്‍ ഇന്‍ഡ്യയില്‍ തികച്ചും അപര്യാപ്തമാണ്.  കല്‍ക്കത്തയില്‍ 16.5 കി.മീ.-ം മുംബൈയില്‍ 149 കി.മീ-ം ഡല്‍ഹിയില്‍ 65 കി.മീ-ം ഹൈദരാബാദില്‍ 43 കി.മീ-ം സര്‍ഫസ്, മെട്രോ റെയില്‍ സംവിധാനങ്ങളുള്ളപ്പോള്‍ ലണ്ടന്‍ നഗരത്തിന് 415 കി.മീ.-ം ന്യൂയോര്‍ക്കിന് 398 കി.മീ.-ം  ടോക്യോ നഗരത്തിന് 292 കി.മീ.- ം സോള്‍ നഗരത്തിന് 287 കി.മീ.- ം റെയില്‍ യാത്രാസംവിധാനങ്ങളുണ്ട്. മുംബൈ ഒഴിച്ചാല്‍ ഇന്‍ഡ്യയില്‍ നഗരയാത്രയ്ക്ക് ജനങ്ങള്‍ റെയില്‍വേയെ ആശ്രയിക്കുന്നത് കുറവാണ്. കല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി മെട്രോകളില്‍ 3.3, 0.38, 2.26 ലക്ഷം വീതം യാത്രക്കാര്‍ സഞ്ചരിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നിര്‍മ്മാണത്തിനുമുമ്പ് കണക്കുകൂട്ടിയത് 8.5, 1.12, 7.5 ലക്ഷംവീതം യാത്രക്കാര്‍ ഉണ്ടാകുമെന്നായിരുന്നു.
റെയില്‍വേയുടെ ഏറ്റവും വലിയ പോരായ്മ, നിര്‍മ്മാണച്ചെലവും കാലതാമസവും കൂടുതലാണ് എന്നതാണ്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരു കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മ്മിക്കുന്നതിന് 50-200 ദശലക്ഷം ഡോളര്‍ ആകും. മെട്രോ റെയില്‍ സംവിധാനത്തിന് ഒരുപാട് ആളുകളെ വഹിക്കാന്‍ സാധിക്കും, പക്ഷേ, അതിന് കൂടുതല്‍ ഭൂമി ആവശ്യമാണ്. മറിച്ച് മോണോ റെയിലിനു കുറച്ച് യാത്രക്കാരെ വഹിക്കാനേ സാധിക്കൂ. പക്ഷേ, കുറച്ച് സ്ഥലം മതി, ശബ്ദ മലിനീകരണവും കുറവാണ്.
ബസ് റാപ്പിഡ് ട്രാന്‍സിറ്റ് 
(ബി.ആര്‍.ടി.)
നഗരഗതാഗതത്തിന് റെയില്‍വേക്കു പുറമേ പറഞ്ഞുകേള്‍ക്കുന്നതാണ് ബി.ആര്‍.ടി. (ബസ്സ് റാപ്പിഡ് ട്രാന്‍സിറ്റ്) സംവിധാനം. ചെന്നൈ നഗരത്തില്‍ 300 കി.മീ. നീളമുള്ള മോണോ റെയില്‍ സംവിധാനത്തിനുവേണ്ടി 'ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ITDP) എന്ന അന്താരാഷ്ട്ര ഏജന്‍സി നടത്തിയ പഠനമനുസരിച്ച് റെയിലിനെക്കാള്‍ നല്ലത് ബി.ആര്‍.ടി. ആയിരിക്കും. ഈ സാഹചര്യത്തിലാണ് ബസ്സിന്റെ പ്രസക്തി ചിന്തിക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരാകുന്നത്. 140 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന 18 മീറ്റര്‍ നീളമുള്ള പുതുതലമുറ ബസ്സുകള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗതം ലോകം മുഴുവന്‍ അതിവേഗം വ്യാപിക്കുകയാണ്. റോഡ് നിര്‍മ്മാണത്തിനായി ഒരു കിലോമീറ്ററിന്1-15 ദശലക്ഷം ഡോളറാണ് (4.5-60 കോടിരൂപ) അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള ചെലവ്. ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ നാഷണല്‍ ഹൈവേയുടെ ചെലവ് ഒരു കിലോമീറ്ററിന് 5.5 കോടി രൂപയാണ്. ഐ.ടി.ഡി.പി. ഹൈദരാബാദ് നഗരത്തിനുവേണ്ടി നടത്തിയ പഠനമനുസരിച്ച് 5000 കോടി രൂപ മുടക്കിയാല്‍ 294 കിലോമീറ്റര്‍ ദൂരത്തില്‍ ബി.ആര്‍.ടി. പാത ഒരുക്കാമെങ്കില്‍, പ്രസ്തുത തുകയ്ക്ക് വെറും 50 കി.മീ ദൂരമുള്ള മെട്രോ റെയില്‍ അല്ലെങ്കില്‍ മോണോ റെയില്‍പ്പാത മാത്രമേ സൃഷ്ടിക്കാന്‍ സാധിക്കൂ. ബി.ആര്‍.ടി. ബസ്സുകള്‍ക്ക് ഇന്ധനമായി അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത സി.എന്‍.ജി, ഇലക്ട്രിസിറ്റി, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍, ബയോഡീസല്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കും.


കേരളവും വാഹനവര്‍ദ്ധനവും
ആളോഹരിവിഹിതം വച്ചുനോക്കിയാല്‍ ഇന്‍ഡ്യയിലേറ്റവും കൂടുതല്‍ വാഹനങ്ങളുള്ള സംസ്ഥാനം കേരളമാണ്. 2006-ലെ കണക്കനുസരിച്ച് ആകെ 35 ലക്ഷം വാഹനം. അതായത് 10 പേര്‍ക്ക് ഒരു വാഹനം വീതം. ആകെ വാഹനങ്ങളുടെ 72% സ്വകാര്യവാഹനവും അതിന്റെ 77% ഇരുചക്രവാഹനവും. റോഡപകടങ്ങളും ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. വ്യക്തിഗത വാഹനങ്ങളുടെ പെരുപ്പം കാരണം നമ്മുടെ നഗരങ്ങള്‍ വാസയോഗ്യമല്ലാതായി.  ഗതാഗതക്കുരുക്ക്, വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍, അന്തരീക്ഷമലിനീകരണം, ശ്വാസകോശരോഗികളുടെ വര്‍ദ്ധനവ്, വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് ഇവയൊക്കെ വാഹനവര്‍ദ്ധനവ് സൃഷ്ടിക്കുന്ന  ദുരന്തങ്ങളാണ്.
ബി.ആര്‍.ടി.യും കേരളവും
 ഭൂമിശാസ്ത്രപരമായി കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുകയാണല്ലോ. തെക്കു മുതല്‍ വടക്കുവരെ ഈ മൂന്നുമേഖലകളിലൂടെയും സമാന്തരമായിപ്പോകുന്ന മൂന്നു ഹൈവേകള്‍ (നാലുവരിപ്പാതകള്‍) നിര്‍മ്മിക്കണം. ഈ ഹൈവേകളിലെ ഒരു ട്രാക്ക് പൊതുഗതാഗതത്തിനായി മാറ്റിവയ്ക്കുക. ഈ ട്രാക്കിലൂടെ 24 മണിക്കൂറും രണ്ടു ദിശയിലേക്കും ബി.ആര്‍.ടി. ബസ്സുകള്‍ ഓടിക്കുക,  അതോടൊപ്പം ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, എക്‌സ്പ്രസ്സ് വിഭാഗങ്ങളും. ഈ മൂന്നു ഹൈവേകളിലേക്കും മറ്റു റോഡുകളില്‍നിന്ന് ബന്ധം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിത ബുക്കിംഗും സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റും ഉണ്ടായിരിക്കണം.  ഇത് യാഥാര്‍ത്ഥ്യമായാല്‍, ഒരു കിലോമീറ്റര്‍ റെയില്‍വേ ലൈനിനു വേണ്ടിയും റെയില്‍വേ സോണിനുവേണ്ടിയും കേന്ദ്രത്തിലെ ഏമാന്മാരോടു യാചിക്കേണ്ട ഗതികേടുണ്ടാവില്ല. കേന്ദ്രത്തിലെ ഏമാന്മാര്‍ ഇങ്ങോട്ടുവന്ന്‌യാചിക്കും; ഒരു കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ അനുമതിക്കായി. ജനം, വൃത്തികെട്ട റെയില്‍ ബോഗികള്‍ ഉപേക്ഷിച്ചിട്ട് പുതിയ ബി.ആര്‍.ടി. ബസ്സിന്റെ പുറകേ പോകും.
സംസ്ഥാന ഹൈവേകളുടെ പ്രാധാന്യം
സംസ്ഥാന ഹൈവേകള്‍ ആകെ റോഡിന്റെ 4% മാത്രമേ ഉള്ളു. അവ ഗതാഗതത്തിന്റെ 40% കൈകാര്യം ചെയ്യുന്നു. അവയുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍, ഹൈവേ അതോറിറ്റി, ഹൈവേക്കുവേണ്ടി പ്രത്യേക നിയമം എന്നിവ സൃഷ്ടിക്കണം. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകള്‍ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഉള്ളപ്പോള്‍, ബംഗാള്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണര്‍ ചുരുങ്ങിയത് 3 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ നിലവാരമുള്ള റോഡിലെത്തൂ
കേരളവും പൊതുഗതാഗതവും
നമ്മുടെ പൊതുഗതാഗതവാഹനങ്ങള്‍ ഈടാക്കുന്ന നിരക്കും അവയില്‍നിന്ന് യാത്രക്കാരനു കിട്ടുന്ന സേവനവും തുലനം ചെയ്താല്‍ യാത്രക്കാരനെപ്പോഴും നഷ്ടക്കച്ചവടമായിരിക്കും. കാലഹരണപ്പെട്ട വാഹനങ്ങളില്‍ മനുഷ്യനെ കുത്തിനിറച്ചുള്ള യാത്ര.  എന്നിട്ടും തൃപ്തരാകാത്ത അത്യാഗ്രഹികളായ മുതലാളി- തൊഴിലാളി വര്‍ഗ്ഗം. വൃദ്ധരോടും അനാരോഗ്യരോടും കുട്ടികളോടും സ്ത്രീകളോടും വികലാംഗരോടും യാതൊരു മാനുഷിക പരിഗണനയും കാണിക്കാത്ത തൊഴിലാളികള്‍. ഇവിടെ സ്വകാര്യവാഹനങ്ങള്‍ ക്രമാതീതമായി പെരുകുന്നുവെങ്കില്‍ അതിനു കാരണങ്ങളിതൊക്കെയാണ്. ബസ്‌യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഒരു ഓംബുഡ്‌സ്മാനെ നിയമിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
കെ.എസ്.ആര്‍.ടി.സി.
കേരളത്തിലെ ഗതാഗത ചര്‍ച്ചയില്‍ കെ. എസ് ആര്‍.ടി.സി.യെ ഒഴിവാക്കാനാവില്ല. കോര്‍പ്പറേഷന്റെ 2004 വരെയുള്ള ആകെ നഷ്ടം 1420.67 കോടിരൂപയാണ്. അധിക ശമ്പളമാണ് നഷ്ടത്തിനു കാരണം.  മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ അധികം നല്‍കിയത് 738.55 കോടിരൂപ. നിലവിലുള്ള ബസ്ചാര്‍ജ്ജില്‍, സ്വകാര്യബസ്സുകള്‍ ഒരു കിലോമീറ്ററിന് 357 പൈസലാഭവും കെ.എസ്.ആര്‍.ടി.സി. 156.6 പൈസ നഷ്ടവും ഉണ്ടാക്കുന്നുവെന്ന് അവരുടെതന്നെ 2000 ഡിസംബറിലെ കണക്കുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ കിലോമീറ്ററിന് 22-ം കര്‍ണ്ണാടകയില്‍ 24-ം പൈസ ഓര്‍ഡിനറി ബസ്ചാര്‍ജുള്ളപ്പോള്‍ കേരളത്തില്‍ 28 പൈസയാണ് (ടേബിള്‍ 1, 2 ഇവ കാണുക).
ബാംഗഌരിന്റെ വിജയരഹസ്യം
രാജ്യത്ത് ലാഭത്തിലോടുന്ന ഏക നഗരഗതാഗത കോര്‍പ്പറേഷനാണ് ബാംഗ്‌ളൂര്‍ മെട്രോപോളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ചെലവു ചുരുക്കുക, വരുമാനം വര്‍ദ്ധിപ്പിക്കുക. ഇതാണ് അവരുടെ വിജയരഹസ്യം. ഒരു കി.മീ. ലെ വരുമാനം, ഒരു കി.മീ.ലെ ചെലവ് ഇവയാണു അളവുകോലുകള്‍. 2006-07-ല്‍ ഓരോ കി.മീ. നും വരവുചെലവിനെക്കാള്‍ 6.73 രൂപ കൂടുതലായിരുന്നു. അവരുടെ നല്ല മാതൃകകള്‍ ഇവയാണ് : ബസ്സുകളുടെ എണ്ണം കൂട്ടുക, ആധുനികവത്കരണം, സര്‍വ്വീസുകള്‍ ബ്രാന്‍ഡ് ചെയ്യുക (ആവശ്യത്തിനനുസരിച്ച് പ്രത്യേക സമയങ്ങളില്‍ പ്രത്യേക സ്ഥലങ്ങളിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍), ഐ.റ്റി. യുടെ വിപുലമായ ഉപയോഗം (ജി.പി.എസ്., ഇ-ടെന്ററിംഗ്, സ്മാര്‍ട്ട് കാര്‍ഡ് മുതലായവ). സ്വകാര്യവ്യക്തികളില്‍നിന്ന് കി.മീ. അടിസ്ഥാനത്തില്‍ ബസ്സുകള്‍ വാടകയ്ക്ക് എടുക്കുന്നു. ബസ്സ് ബോഡി നിര്‍മ്മാണം, വൃത്തിയാക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുളള സ്മാര്‍ട്ട് കാര്‍ഡുകള്‍,  ബസ്സുകളുടെ വാര്‍ഷികമെയിന്റനന്‍സ്, കമ്പ്യൂട്ടറുകളുടെ  മെയിന്റനന്‍സ്, വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് സംരക്ഷണം, പ്രോജക്ട് തയ്യാറാക്കല്‍, അടിസ്ഥാനസൗകര്യവികസനം എന്നീ കാര്യങ്ങളില്‍ സ്വകാര്യവത്കരണം നടപ്പാക്കി. കോര്‍പ്പറേഷന്‍വക സ്ഥലങ്ങളില്‍നിന്നുളള റിയല്‍ എസ്റ്റേറ്റ് വരുമാനം വര്‍ഷം 500 കോടിയായി ഉയര്‍ത്തുക എന്നതാണ് അടുത്ത ലക്ഷ്യം.    
നിര്‍ദ്ദേശങ്ങള്‍
കുറഞ്ഞ ചെലവില്‍ പൊതുഗതാഗതമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. സര്‍ക്കാരിനു ബാധ്യതയാകാതെ ആ ലക്ഷ്യം എങ്ങനെ പ്രാവര്‍ത്തികമാക്കാം? തൊഴിലാളികള്‍ ഉള്‍പ്പെടെ ബസ്സ് ഔട്ട്‌സോഴ്‌സ് ചെയ്യണം. എല്ലാരംഗത്തും പരമാവധി സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുക. ടിക്കറ്റ് ചാര്‍ജ്ജ് കുറച്ചും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും നിലവിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക. ഇതാണ് ലാലുവിന്റെ റെയില്‍വേ മാജിക്. കോര്‍പ്പറേഷന്‍വക റിയല്‍ എസ്റ്റേറ്റില്‍നിന്ന് പരമാവധി വരുമാനം നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.  ഈ രീതിയില്‍ ചിന്തിച്ചാല്‍ കെ.എസ്. ആര്‍.ടി.സി ഒരു ബാദ്ധ്യതയാകാതെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.
ആകാശമാര്‍ഗ്ഗം
2006 മാര്‍ച്ചില്‍ ഇന്‍ഡ്യയിലെ എയര്‍പോര്‍ട്ടുകള്‍ 2.02 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരെയും 5.16 ദശലക്ഷം ആഭ്യന്തരയാത്രക്കാരെയും കൈകാര്യം ചെയ്ത് കഴിഞ്ഞവര്‍ഷം ഇതേമാസം കൈകാര്യം ചെയ്തതിനെക്കാള്‍ 38.8% വളര്‍ച്ച രേഖപ്പെടുത്തി. ചരക്കുഗതാഗതവും വളര്‍ച്ചയുടെ പാതയിലാണ്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നായി 2004-05-ല്‍ 41.70 ലക്ഷം യാത്രക്കാരാണ് പറന്നത്. വരുംവര്‍ഷങ്ങളില്‍ ഇത് ചുരുങ്ങിയത് 20% നിരക്കില്‍ വര്‍ദ്ധിക്കും. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര സാധാരണമാകുന്നതോടുകൂടി വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന പ്രതീക്ഷിക്കാം. ആഭ്യന്തരവിമാനത്താവളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഓരോ ജില്ലയിലും ഒന്നുവീതം എന്നതായിരിക്കണം ലക്ഷ്യം.
ജലമാര്‍ഗ്ഗത്തിന്റെ പ്രാധാന്യം
തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ 590 കിലോമീറ്റര്‍ കടല്‍ത്തീരം കേരളത്തിനുണ്ട്. എല്ലാ തീരദേശജില്ലകളിലും ചരക്കുകപ്പലുകള്‍ക്കൊപ്പം യാത്രക്കപ്പലുകളും അടുക്കാന്‍ പാകത്തില്‍ തുറമുഖങ്ങള്‍ നിര്‍മ്മിക്കണം.  ആയിരം പേര്‍ക്ക് യാത്ര ചെയ്യാവുന്ന യാത്രക്കപ്പലുകള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ ദിവസവും സര്‍വ്വീസ് നടത്തണം. കേരളത്തിലെ 1895 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉള്‍നാടന്‍ ജലപാതകള്‍ ഗതാഗതയോഗ്യമാക്കണം.  5 കിലോമീറ്റര്‍ ഇടവിട്ട് ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കണം. ചരക്കുകയറ്റിയിറക്കിനൊപ്പം, 100 പേര്‍ക്കെങ്കിലും യാത്രചെയ്യാവുന്ന ബോട്ട് സര്‍വ്വീസ് തുടങ്ങണം. റോഡുമാര്‍ഗ്ഗത്തിന്റെ അഞ്ചിലൊന്നു ചെലവില്‍ ജലമാര്‍ഗ്ഗം സഞ്ചരിക്കാം. ചരക്ക് കയറ്റിയിറക്കാം. റോഡപകടങ്ങള്‍ കുറയും.
സൈക്കിളിലേക്കൊരു തിരിച്ചുപോക്ക്
പൗരന്മാരുടെ ആരോഗ്യം, ആയുസ്സ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് പ്രതിബദ്ധത ഉണ്ടെങ്കില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കണം. മലിനീകരണമില്ല, ഇന്ധനച്ചെലവില്ല, ഗതാഗതക്കുരുക്കില്ല. ഇതിനെല്ലാം പുറമേ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതുവഴി മരുന്നിനുള്ള ചെലവും കുറയ്ക്കാം. ലണ്ടന്‍ നഗരത്തില്‍ 500 കി.മീ. റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക ട്രാക്കുണ്ട്. ഇത് 2009-ല്‍ 900 കി. മീ. ആയി ഉയര്‍ത്തുമെന്നാണ് തീരുമാനം.  ലണ്ടന്‍ നഗരത്തില്‍ 2001-ല്‍ മൂന്നുലക്ഷം സൈക്കിള്‍ യാത്ര നടന്നെങ്കില്‍, 2005-ല്‍ അത് 4.5 ലക്ഷമായി ഉയര്‍ന്നു. ലണ്ടന്‍ നഗരത്തില്‍ എല്ലാവാഹനങ്ങളുംകൂടി ആകെ നടത്തുന്ന യാത്രയുടെ 2 ശതമാനം സൈക്കിളുകളുടേതാണെങ്കില്‍, ആംസ്റ്റര്‍ഡാമിലത് 28 ശതമാനവും കോപ്പന്‍ഹേഗനില്‍ 20 ശതമാനവും മ്യൂണിക്കില്‍ 12 ശതമാനവും ബര്‍ലിനില്‍ 5 ശതമാനവുമാണ്.
മാവേലിനാട്, ജൂണ്‍, 2007






















പൊതുജനാരോഗ്യം
പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ആഗോളചിത്രം- രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം
ആഗോളമായിത്തന്നെ ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുള്ള ചെലവുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം എത്ര വലുതാണന്ന്.  വികസിതരാജ്യങ്ങളില്‍ ആളോഹരിച്ചെലവ് വളരെ വലുതാണ്. ലോകജനസംഖ്യയുടെ 20 ശതമാനം മാത്രമുള്ള ഒ.ഇ.സി.ഡി രാജ്യങ്ങളാണ് 2000ത്തില്‍ ആരോഗ്യത്തിനായ് ലോകം മുഴുവന്‍ ചെലവാക്കിയതിന്റെ 90 ശതമാനവും ചെലവാക്കിയത്. ലോകത്തുളള രോഗങ്ങളുടെ 25 ശതമാനവും ആഫ്രിക്കയിലാണെങ്കിലും ആരോഗ്യത്തിനായ് ലോകം ചെലവാക്കിയ പണത്തിന്റെ  2 ശതമാനം മാത്രമായിരുന്നു അവരുടെ വിഹിതം.
വികസ്വര രാഷ്ട്രങ്ങള്‍
വികസ്വര രാഷ്ട്രങ്ങളില്‍ 13 ദശലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും 5 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് മരിക്കുന്നു.  ഈ മരണങ്ങളില്‍ 70 ശതമാനവും വളരെ ലളിതമായ ഇടപെടലുകള്‍കൊണ്ട് ഒഴിവാക്കാവുന്നതേയുള്ളൂ. മറ്റേത് രോഗത്തെക്കാളും കൂടുതല്‍ ആളുകള്‍ ലോകത്ത് മരിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മരണനിരക്കില്‍ കുറവു വരുത്താമെന്നാണ്. 40 ദശലക്ഷമാളുകള്‍ ലോകത്ത് എയ്ഡ്‌സുമായി ജീവിക്കുന്നു. 2003-ല്‍ ക്ഷയരോഗം 1.7 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമായി. മലേറിയ മൂലം ലോകത്ത് ഒരു ദശലക്ഷം കുട്ടികള്‍ വര്‍ഷംതോറും മരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ചുരുങ്ങിയ ചെലവില്‍, രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് താഴേക്കു കൊണ്ടുവരാന്‍ സാധിക്കും.
മനുഷ്യവിഭവശേഷി
2005-ലെ കണക്കനുസരിച്ച് ആഗോളമായ് 39.2 ദശലക്ഷം ആളുകള്‍ ആരോഗ്യ പരിരക്ഷാ മേഖലയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ലോകജനസംഖ്യയുടെ 26 ശതമാനം വസിക്കുന്നുവെങ്കിലും ആഗോളമായ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ 12.8 ശതമാനം മാത്രമാണ് ഇവിടെ പണിയെടുക്കുന്നത്. നിലവാരമുള്ള പ്രവര്‍ത്തകരുടെ പുറത്തേക്കുള്ള ഒഴുക്ക് തടയാനായി ഈ രാജ്യങ്ങളില്‍ത്തന്നെ അവസരങ്ങള്‍ സൃഷ്ടിക്കണം.
നഷ്ടപ്പെടുന്ന മാനുഷികമുഖം
ലാഭക്കൊതിമൂത്ത ഡോക് ടര്‍മാരും, സ്വകാര്യസ്ഥാപനങ്ങളും വൈദ്യശാസ്ത്രരംഗം പിടിച്ചടക്കി.  ഉന്നത സാങ്കേതികവിദ്യയിലധിഷ്ഠിതമായ രോഗനിര്‍ണയം മൂലം  എക്കാലത്തും പ്രസക്തമായ ഡോക്ടര്‍-രോഗി ബന്ധം അവസാനിച്ചിരിക്കുകയാണ്. 1990 കളുടെ അവസാനത്തില്‍ അമേരിക്കയിലെ 75 നഗരങ്ങളില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 75 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത് അവരുടെ രോഗികളുമായി ആവശ്യത്തിനു സമയം അവര്‍ ചെലവഴിക്കുന്നില്ലെന്നാണ.് രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഡോക്ടര്‍മാരുടെ സൗഹാര്‍ദ്ദപരമല്ലാത്ത പെരുമാറ്റം, രോഗികളുമായ് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക, രോഗികളുടെ സംശയങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടി നല്‍കാതിരിക്കുക, അവരോട് ബഹുമാനമില്ലാതെ പെരുമാറുക ഈ കാരണങ്ങളാലാണ് രോഗികള്‍ ഡോക്ടര്‍മാരെ മാറുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്കും വിദ്യാഭ്യാസത്തിനും മാനുഷികമുഖം നഷ്ടപ്പെട്ടതാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം. അമേരിക്കയിലെ മേയോക്ലിനിക്, ജോണ്‍ ഹോപ്കിന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഡോക്ടര്‍മാര്‍ രോഗികളുമായ് കൂടുതല്‍ സമയം ചെലവിടാനും, രോഗികളുടെ ബന്ധുക്കളുമായി ഇടപഴകാനും, രോഗികള്‍ക്ക് പൂര്‍ണ ശ്രദ്ധ നല്‍കാനും വേണ്ടി ഒരു തിരിച്ചുപോക്കിനു ശ്രമിക്കുകയാണ്.
ഇന്‍ഡ്യ : പൊതുജനാരോഗ്യം
ഇന്‍ഡ്യയില്‍ പൊതുജനാരോഗ്യസംരക്ഷണത്തിന്റെ അവ സ്ഥ പരിതാപകരമാണ്. പൗരന്റെ ആയുര്‍ദൈര്‍ഘ്യം 64 ലെത്തിയെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നിലവാരമുള്ള പൊതുജനാരാഗ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കു ന്നതില്‍ ഇന്‍ഡ്യ ദയനീയമായി പരാജയപ്പെട്ടു.  പൂര്‍ണ്ണമായും പ്രതിരോധിക്കാവുന്ന രോഗങ്ങള്‍മൂലം എത്രയോ ദശലക്ഷങ്ങളാണ് ഓരോ വര്‍ഷവും മരിക്കുന്നത്.  ശുദ്ധജലത്തിന്റെയും, സാനിട്ടേഷന്റെയും അഭാവത്തില്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ പകര്‍ച്ചവ്യാധികള്‍മൂലം മരിക്കുന്നു.  മാതൃ-ശിശു മരണനിരക്കിന്റെ കണക്കെടുത്താല്‍ ഇന്‍ഡ്യയുടെ നിലവാരം ചൈന ശ്രീലങ്ക മുതലായ രാജ്യങ്ങളെക്കാള്‍ പുറകിലാണ്. മാതൃ മരണനിരക്ക് (1 ലക്ഷം പ്രസവത്തിന്) ശ്രീലങ്ക 92, തായ്‌ലന്‍ഡ് 44, ചൈന 56, ഇന്‍ഡ്യ 407 എന്ന കണക്കിലും, ശിശുമരണനിരക്ക് (1000 ജനനത്തിന്) ശ്രീലങ്ക 17, തായ്‌ലന്‍ഡ് 29, ചൈന 31,  ഇന്‍ഡ്യ 67 എന്ന നിരക്കിലുമാണ്.  ലോകാരോഗ്യസംഘടനയുടെ നിലവാരമനുസരിച്ച് ദേശീയവരുമാനത്തിന്റെ 5 ശതമാനം പൊതുജനാരോഗ്യത്തിനായ് ചെലവാക്കണം.  എന്നാല്‍ ഇന്‍ഡ്യയുടെ കാര്യത്തില്‍ ഇത് 0.9 ശതമാനം മാത്രമാണ്.
വര്‍ദ്ധിച്ചുവരുന്ന ജീവിതരീതീ രോഗങ്ങള്‍: ബോധവല്‍ക്കരണത്തിന്റെ ആവശ്യകത
പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഹം, ശ്വാസകോശരോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തെയും ബാധിക്കുന്നതായി. 53 ശതമാനം മരണങ്ങളും മുകളില്‍പ്പറഞ്ഞ രോഗങ്ങള്‍ മൂലമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2020 ആകുമ്പോഴേക്കും ലോകത്തേറ്റവും കൂടുതല്‍ ഹൃദ്രോഹബാധിതരും പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഇന്‍ഡ്യയിലായിരിക്കും.  ജീവിതരീതിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കേരളത്തിലും പൊട്ടിത്തെറിയുടെ വക്കിലാണ്. 1960 കളില്‍ ഇതേപ്രശ്‌നം നേരിട്ട ഫിന്‍ലന്‍ഡും, അമേരിക്കയും ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ ജീവിതരീതിയിലും രോഗാവസ്ഥയിലും മാറ്റങ്ങള്‍ വരുത്തി
മനുഷ്യവിഭവശേഷി
ഇന്‍ഡ്യയില്‍ 6 ലക്ഷത്തോളം മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്ഗ്ദര്‍ ഉണ്ട്. ഇതിനുപുറമേ 6,80,000 രജിസ്റ്റര്‍ ചെയ്ത അലോപ്പതി ഡോക്ടര്‍മാരുണ്ട്. (ഇവര്‍ക്കുപുറമെ ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലായ് 6 ലക്ഷം ഡോക്ടര്‍മാരും ഉണ്ട്). ഇതില്‍ 41191 ഡോക്ടര്‍മാര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. ഇന്‍ഡ്യന്‍ ജനതയുടെ 72 ശതമാനവും താമസിക്കുന്ന ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നത് വെറും 31480 ഡോക്ടര്‍മാര്‍ മാത്രം. ഗ്രാമങ്ങളിലെ ആശുപത്രികളിലെ 40 ശതമാനം സ്‌പെഷ്യലിസ്റ്റുകളുടെ ഒഴിവും നികത്താതെ കിടക്കുകയാണ്. 1947ല്‍ 25 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2007ല്‍ അത് 400 ആയി. ഒരു വര്‍ഷം 35,000 മെഡിക്കല്‍ ബിരുദധാരികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്നു. (അലോപ്പതിക്കായ് 271 മെഡിക്കല്‍ കോളജുകളും 30,000 എം.ബി.ബി.എസ്. കാരും) അമേരിക്കയിലെ ആകെ ഡോക്ടര്‍മാരില്‍ 38 ശതമാനം ഇന്‍ഡ്യയില്‍ നിന്നാണ്.
2004 ല്‍ മെക്കിന്‍സി ആന്‍ഡ് കമ്പനി നടത്തിയ ഒരു പഠനമനുസരിച്ച് ഇന്‍ഡ്യയില്‍ ഹെല്‍ത്ത് സബ് സെന്ററുകളില്‍ 80,000 സ്റ്റാഫിന്റെയും, പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 5000 സ്റ്റാഫിന്റെയും, കമ്മ്യൂണിറ്റി സെന്ററുകളില്‍ 2500 മെഡിക്കല്‍, പാരാമെഡിക്കല്‍ അനുബന്ധ മേഖലകളിലെയും സ്റ്റാഫിന്റെ കുറവുണ്ട്.
അംഗന്‍വാടികളും ആരോഗ്യമേഖലയും
യൂണിസെഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്താകെയുള്ള, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ മൂന്നിലൊന്ന് (146 ദശലക്ഷത്തില്‍ 57) ഇന്‍ഡ്യയിലാണ്. ഒരു കുട്ടിയുടെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ ബാധിക്കുന്ന ഗുരുതരമായ ന്യൂനതയാണ് പോഷകാഹാരക്കുറവ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കൗമാരത്തിലുള്ള പെണ്‍കുട്ടികളുടെയും കുട്ടികളുടെയും ആരോഗ്യവിഷയത്തിലും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലും പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് അംഗന്‍വാടികള്‍. ഇന്‍ഡ്യയില്‍ ആകെ 7 ലക്ഷം അംഗന്‍വാടികളാണുള്ളത്. 1000 ജനസംഖ്യയെടുത്താല്‍ 150-160 കുട്ടികളും, 35-40 ഗര്‍ഭിണികളും, 75-80 കൗമാരത്തിലുള്ള പെണ്‍കുട്ടികളും കാണും. ആയിരം പേര്‍ക്ക് ഒരംഗന്‍വാടി എന്ന കണക്കില്‍ നോക്കിയാലും ഗ്രാമങ്ങളില്‍ 14 ലക്ഷവും പട്ടണങ്ങളില്‍ 3 ലക്ഷവും അംഗന്‍വാടികള്‍ ആവശ്യമുണ്ട്.  പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തിലെ  55 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. മുംബൈ നഗരത്തിലെ 6 വയസ്സിനുതാഴെയുള്ള കുട്ടികളുടെ 50 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. 
ശുദ്ധജലം, സാനിട്ടേഷന്‍
പൊതുജനാരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണ് ശുദ്ധ ജലവും, സാനിട്ടേഷനും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ എല്ലാവര്‍ക്കും ഈ സൗകര്യങ്ങളോടുകൂടിയ ഭവനം നല്‍കിയാല്‍ മതി. 10-ാം പഞ്ചവത്സരപദ്ധതിയുടെ (2002-07) ഇടക്കാല വിലയിരുത്തലനുസരിച്ച് ഇന്‍ഡ്യയില്‍ 17 ശതമാനം ഗ്രാമീണ ജനതക്കുമാത്രമാണ് നിലവാരമുള്ള സാനിട്ടേഷന്‍ സൗകര്യമുള്ളത്.  നഗരങ്ങളിലും പട്ടണങ്ങളിലും 40 ശതമാനം ജനത്തിനും ഈ സൗകര്യമില്ല. ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വൃത്തിയുള്ള ടോയ്‌ലറ്റ്  സൗകര്യമില്ല. 

BtcmKykwc-£-W-s¨-ehv C³Uy-bnÂ, 2004-þ05

പൊതുജനാരോഗ്യരംഗത്ത് ചെലവാകുന്ന തുകയുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കണമെങ്കില്‍ നിലവാരമുള്ള സ്റ്റാഫ് ഉണ്ടായിരിക്കണം. 2007-12 കാലഘട്ടങ്ങളില്‍ ആശുപത്രിക്കിടക്കകളുടെ എണ്ണം ഓരോവര്‍ഷവും ഉണ്ടായിരിക്കണം.  80,000 വീതം വര്‍ദ്ധിക്കണമെന്ന് മെക്കിന്‍സിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. 
അടിസ്ഥാനസൗകര്യങ്ങള്‍ - 1951 മുതല്‍ 2004 വരെ
ഇന്‍ഡ്യയിലെ സബ് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇവയുടെ ആകെ എണ്ണം 1951 ലെ 725 ല്‍ നിന്ന് 2004 ല്‍ 1,68,986 ആയി ഉയര്‍ന്നു.  1951 ല്‍ 4,98,000 പേര്‍ക്ക് ഒരു മെഡിക്കല്‍ സഹായകേന്ദ്രം ഉണ്ടായിരുന്നുവെങ്കില്‍ 2001 ല്‍ അത് 6087 പേര്‍ക്ക് ഒന്ന് എന്ന നിലയിലായി പട്ടണങ്ങളിലിത് 1951 ലെ 3081-ല്‍ നിന്നും 2004 ല്‍ 1124-ല്‍ എത്തി.  1951 ല്‍ 5842 പേര്‍ക്ക് ഒരു ഡോക്ടറായിരുന്നുവെങ്കില്‍ 2004ലത് 1654 പേര്‍ക്ക് ഒന്ന് എന്ന നിലയിലെത്തി. 1951-ല്‍ 3081 പേര്‍ക്ക് ഒരു നേഴ്‌സിംഗ് സ്റ്റാഫ് ആയിരുന്നുവെങ്കില്‍ 2004 ല്‍ അത് 1230 പേര്‍ക്ക് ഒന്ന് എന്ന നിലയിലെത്തി.  ലോകാരോഗ്യസംഘടനാനിലവാരം 600 പേര്‍ക്ക് 1 ആശുപത്രിക്കിടക്കയാണങ്കില്‍, ഇന്‍ഡ്യയില്‍ ശരാശരി 1000ന് 1ല്‍ താഴെമാത്രമാണ്.
ആരോഗ്യസംരക്ഷണച്ചെലവ്
ഇന്‍ഡ്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 2003 ലെ 76 ദശലക്ഷത്തില്‍നിന്നും 2013 ല്‍ 100 ദശലക്ഷവും 2030ല്‍ 198 ദശലക്ഷവും ആകും. 1215 രൂപയാണ് 2003ല്‍ രാജ്യത്തെ ആളോഹരി ആരോഗ്യസംരക്ഷണച്ചെലവ്.  ആരോഗ്യസംരക്ഷണത്തിനായി മൊത്തം ചെലവാക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്, ബാക്കി 80 ശതമാനം സ്വകാര്യ വ്യക്തികള്‍ അവരുടെ തുച്ഛമായ വരുമാനത്തില്‍നിന്നും സമ്പാദ്യത്തില്‍ നിന്നും കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയുമാണ് ചെലവാക്കുന്നത്.  സ്വകാര്യവ്യക്തികള്‍ ചെലവാക്കുന്ന ഈ 80 ശതമാനം ജി.ഡി.പി.യുടെ 4.2 ശതമാനം വരും. ഈ 80 ശതമാനം ലഭിക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കാണ്.  ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സേവനം രോഗപ്രതിരോധത്തിലും ചികിത്സയിലും ഊന്നിയതാണെങ്കില്‍ സ്വകാര്യരംഗം ചികിത്സയിലും ലാഭത്തിലും ഊന്നിയതാണ്.  പല വികസിത രാജ്യങ്ങളിലും സര്‍ ക്കാര്‍ 60 ശതമാനം ചെലവുവരെ വഹിക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ 80 ശതമാനം ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. സ്വകാര്യ കുത്തകളെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയില്‍പ്പോലും 40 ശതമാനംവരെ ചെലവ് സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.  കുടുംബങ്ങളിലെ ആരോഗ്യ സംരക്ഷണച്ചെലവ് ആകെ ഗാര്‍ ഹിക ഉപഭോഗചെലവിന്റെ ശതമാനത്തില്‍ കണക്കാക്കിയാല്‍ ഗ്രാമീണ ഇന്‍ഡ്യയില്‍ 93-94 ല്‍ 5.43, 99-2000ത്തില്‍ 6.09, 2004-05ല്‍ 6.61 ക്രമത്തില്‍ ആയിരുന്നുവെങ്കില്‍, പട്ടണങ്ങളില്‍ 4.6, 5.06, 5.19 എന്നീ ശതമാനത്തിലായിരുന്നു.
കേരളം
ഇന്‍ഡ്യയില്‍ 2006-ല്‍ പ്രസിദ്ധീകരിച്ച സാമൂഹികവികസന റിപ്പോര്‍ട്ട് (സോഷ്യല്‍ ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട്) അനുസരിച്ച് വികസനകാര്യത്തില്‍ ഗ്രാമീണ കേരളത്തിനാണ് ഒന്നാംസ്ഥാനം.  21 വികസന മാനദണ്ഡങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരമായി ഉപയോഗിച്ചത്. എന്നാല്‍ നഗരകേരളം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹിമാചല്‍ പ്രദേശും, പഞ്ചാബുമാണ് നമുക്കു മുന്നില്‍. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് അഭിമാനിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്.  എങ്കിലും പല കാര്യങ്ങളിലും ലോകനിരവാരത്തിലെത്താന്‍ നമുക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
പിന്‍വാങ്ങുന്ന സര്‍ക്കാര്‍
1960-61 ല്‍ കേരളസര്‍ക്കാര്‍ ആകെ വരുമാനത്തിന്റെ 9.61 ശതമാനം ആരോഗ്യമേഖലയില്‍ ചെലവാക്കിയെങ്കില്‍, 2007 ലത് ലോകബാങ്ക് നിര്‍ദ്ദേശിക്കുന്ന നിലവാരമായ 15 ശതമാനത്തിന്റെ പകുതിയില്‍ താഴെ മാത്രമായി 6.3 ശതമാനത്തിലെത്തി. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 1986 ലെ 49,000 ത്തില്‍നിന്നും 1996 ല്‍ 67,000ത്തിലെത്തിയെങ്കില്‍ സര്‍ക്കാരാശുപത്രികളിലെ കിടക്കകളുടെ എണ്ണം കഴിഞ്ഞ ഒരു ദശകമായി മാറ്റമില്ലാതെ 38,000 ത്തില്‍ നില്‍ക്കുകയാണ്.
പ്രതിശീര്‍ഷ ചികിത്സച്ചെലവ്
കഴിഞ്ഞ 10 വര്‍ഷംകൊണ്ട് പ്രതിശീര്‍ഷ ചികിത്സച്ചെലവ് കേരളത്തില്‍ 19 ഇരട്ടിയായ്. കേരളത്തിലെ 61 ശതമാനം കുടുംബങ്ങളും കടക്കാരാണ്. വിവാഹ ആവശ്യം കഴിഞ്ഞാല്‍ കടം വാങ്ങുന്നതിനുള്ള അടുത്തകാരണം രോഗചികിത്സയാണ്. ഒരുതവണ ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കുമ്പോള്‍ ശരാശരി ചെലവാകുന്നത് 9680 രൂപയാണ്. ദരിദ്രരുടെ ദിവസവരുമാനത്തിന്റെ മുന്നിലൊന്നും ചികിത്സാച്ചെലവിനാണ് വിനിയോഗിക്കുന്നത്.  ആവശ്യത്തിനും അനാവശ്യത്തിനും കേരളീയര്‍ ധാരാളം മരുന്ന് കഴിക്കുന്നു.  ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിലാണ് ഇന്‍ഡ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നിന്റെ 12 ശതമാനവും വില്‍ക്കുന്നത്.
 
നിര്‍ദ്ദേശങ്ങള്‍
ശക്തമായ ആരോഗ്യസംരക്ഷണത്തിന് സാമൂഹികസുരക്ഷാപദ്ധതികളില്‍ സര്‍ക്കാര്‍ പണം മുടക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലുള്ള സൗകര്യങ്ങളും, പുതിയ അടിസ്ഥാന സൗകര്യങ്ങളും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നിലവാരം ഉയര്‍ത്തുന്നതിനും, പുതിയവ നിര്‍മ്മിക്കുന്നതിനും സാധിക്കും. പൊതു-സ്വകാര്യ കൂട്ടുകെട്ടുകളും പരീക്ഷിക്കാവുന്നതാണ്.  ആശുപത്രികളും പരിസരവും വൃത്തിയാക്കുന്ന ജോലികള്‍ ക്ലീനിംഗ് കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ചാല്‍ സ്ഥിതി മെച്ചപ്പെടും.  അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി സര്‍ക്കാരാശുപത്രികളില്‍ വ്യാപകമായ് സേവനങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യണം. ചെലവുചുരുക്കാനും സേവനനിലവാരം മെച്ചപ്പെടാനും അത് ഇടയാക്കും.
മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിനും ഉപകരണങ്ങളുടെ മെയിന്റനന്‍സ് ഇവയ്ക്ക് ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കണം.  ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം, കംപ്യൂട്ടര്‍വല്‍ക്കരിക്കണം. സര്‍ക്കാരാശുപത്രിയലെ രേഖകളും ചികിത്സാവിവരങ്ങളും ഫാര്‍മസിയും, ലാബും, പേവാ ര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെ സുതാര്യവും, കംപ്യൂട്ടര്‍വത്കൃതവുമായിരിക്കണം. സര്‍ക്കാരാശുപത്രികളെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജോലിക്കാരെയും നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കണം.  അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആസുപത്രികളെയും, സംവിധാനങ്ങളെയും, മനുഷ്യവിഭവശേഷിയെയും വിലയിരുത്തണം. ഈ വിലയിരുത്തലുകള്‍ കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.  സേവനനിലവാരം മെച്ചപ്പെടാന്‍ ഇത് സഹായകമാകും.
രോഗികളും ബന്ധുക്കളും ആശുപത്രി സ്റ്റാഫും തമ്മിലുള്ള പരാതികളും, പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുവാനും, പരിഹരിക്കുവാനും ഒരു സ്വതന്ത്യ ഏജന്‍സി വേണം. ആശുപത്രി സ്റ്റാഫിന്റെ ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സുതാര്യവും, കംപ്യൂട്ടര്‍വല്‍കൃതവുമായിരിക്കണം. അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍.
ആരോഗ്യരംഗത്തെ ആഗോളവല്‍ക്കരണം നാട്ടിലെ ചികിത്സയുടെയും, സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ സഹായിക്കും.  ടെലിമെഡിസിന്‍ വഴി ഗ്രാമങ്ങളിലും നിലവാരമുള്ള വൈദ്യസഹായമെത്തിക്കാം.  ഇക്കാര്യത്തില്‍ മദ്രാസ് ഐ. ഐ. ടി. യും ന്യൂറോ സയന്‍സസ് ഇന്‍ഡ്യ ഗ്രൂപ്പും തുടങ്ങിയ 'ന്യൂറോ സൈക്യാട്രി ഓണ്‍ലൈന്‍', 'പബ്‌മെഡ് ഇന്‍ഫൊ. കോം എന്നിവയെ നമുക്ക് മാതൃകയാക്കാം. മെഡിക്കല്‍ കോളജുകളിലെ ഓരോ വിഭാഗത്തിലെയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഇതുപോലുള്ള സേവനങ്ങള്‍ തുടങ്ങാം. ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും, സ്വകാര്യസംരഭകരും മുന്നിട്ടിറങ്ങണം.  
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ വ്യാപകമാകണം.  തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ഇത് നിര്‍ബദ്ധമാക്കണം. സര്‍ക്കാര്‍  കൂട്ടായ്മകള്‍ ഈ വിഷയത്തില്‍ അനിവാര്യമാണ്.  സമുദായസംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നല്കണം. നല്‍കണം. 
അലോപ്പതി എല്ലാ രോഗങ്ങള്‍ക്കും അവസാനവാക്കെന്ന കാലം കഴിഞ്ഞു.  അലോപ്പതിയോടൊപ്പം ആയൂര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, യോഗ തുടങ്ങി സമാന്തര ചികിത്സാവിഭാഗങ്ങളും ഉള്‍പ്പെടുത്തി 'റഫറല്‍ സെന്ററുകള്‍' തുടങ്ങണം.  ഏതു രോഗത്തിന്, ഏതു ചികിത്സയാണ് നല്ലതെന്ന ഉപദേശം ഈ റഫറല്‍ സെന്ററുകള്‍ നല്‍കണം.
എല്ലാ സേവനരംഗങ്ങളിലുമെന്നതുപോലെ പൊതുജനാരോഗ്യ വിഷയത്തിലും സന്നദ്ധ സംഘടനകളുടെ സേവനം പരമാവധി ഉപയോഗിക്കുക എന്നതാണ് പുതിയ പ്രവണത. ആരോഗ്യരംഗത്ത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (SEWA) എന്ന സംഘടന നടത്തിയ മൂന്നു പദ്ധതികളുടെ വലിയ വിജയം.  അവരുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളായ് ചൂണ്ടിക്കാട്ടുന്നത്. (1) സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യം അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ നല്‍കി.  (2) ജനത്തിനു സൗകര്യപ്രദമായ സമയത്ത് സേവനം നല്‍കി.  (3) മൊബൈല്‍ വാനുകളില്‍ ജനങ്ങളുടെ വീടുമുറ്റത്ത് സേവനം നല്‍കി. (4) ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന സ്ത്രീകളോട് അടുപ്പമുള്ള സ്ത്രീകളാണ് സേവനം നല്‍കിയത്.  ഇവിടെ ഏറ്റവും പ്രധാന വിഷയം സേവനം ആവശ്യമുള്ള സമൂഹത്തിന്റെ പ്രത്യേകതകളും, ആവശ്യങ്ങളും മനസ്സിലാക്കി യോജിച്ച മാര്‍ഗ്ഗം അവലംബിച്ചുവെന്നതാണ്. 
കാലന്റെ കണക്കെഴുത്തുകാര്‍
പൗരന്റെ ജീവനും, സ്വത്തിനും സംരക്ഷണം.  ഇന്‍ഡ്യന്‍ ഭരണഘടന പൗരനു നല്‍കുന്ന ഉറപ്പാണിത്. സ്വത്തിന്റെ കാര്യം പിന്നീട.് പൗരന്റെ ജീവനും, ആരോഗ്യത്തിനും ഇത്രയും വില കല്‍പ്പിക്കാത്ത ഒരു നാട് ഈ ഭൂമിമലയാളംപോലെ ലോകത്തെവിടെയെങ്കിലും കാണുമോ?  മലയാളി നിത്യവും കഴിക്കുന്ന ആഹാരത്തിലെ വിഷങ്ങള്‍ എന്തൊക്കെയാണ്?

അരി - റെഡ് ഓക്‌സൈഡ്, കല്ല്
പാല്‍ - വെള്ളം, വെളിച്ചെണ്ണയും സോപ്പുലായനിയും, ഡെക്‌സ്‌ട്രോസും
   ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ പാല്‍പ്പൊടി ചേര്‍ത്തുണ്ടാക്കുന്ന കൃതൃമ പാല്‍
മുളകുപൊടി - സുഡാന്‍ റെഡ്, ഇഷ്ടികപ്പൊടി, മണല്‍
വെളിച്ചെണ്ണ - പാരഫിന്‍ വാക്‌സ്, ശുദ്ധീകരിച്ച കരി ഓയില്‍, പാം കെര്‍ണല്‍ ഓയില്‍, ഗന്ധകം
നെയ്യ് - വനസ്പതി, മൃഗക്കൊഴുപ്പ്, സസ്യഎണ്ണകള്‍
തേയില - കശുവണ്ടിത്തൊലി, ഉഴുന്ന് തൊലി, പുളിങ്കുരുത്തൊണ്ട്, മാരകവിഷം കലര്‍ന്ന ചായങ്ങള്‍
ഉപ്പ് - വെള്ളമണല്‍, കുപ്പിച്ചില്ല്
മല്ലിപ്പൊടി - ലെഡ് ക്രോമേറ്റ്, മണല്‍, കോള്‍ടാര്‍, ചായങ്ങള്‍
ഗോതമ്പ് മാവ് - ചോക്കുപൊടി, പൊടിച്ച മണല്‍
കുരുമുളക് - പപ്പായയുടെ ഉണക്കവിത്ത്, പൂച്ചെടിക്കായയുടെ ഉണക്കിയ വിത്ത്
പച്ചക്കറികള്‍ - ഓര്‍ഗാനോ ക്ലോറോ, ഓര്‍ഗാനോ ഫോസ്‌ഫോ, കാര്‍ബോഫുറാന്‍, കാര്‍ബറൈല്‍, ഫുരി     ഡാന്‍ എന്നീ കീടനാശിനികള്‍
പഴങ്ങള്‍ - മാമ്പഴം - കാല്‍സ്യം കാര്‍ബൈഡ്
   വാഴപ്പഴം- നുവാക്രോണ്‍, അമോണിയ, യൂറിയ-കെമിക്കലുകള്‍
   മുന്തിരി, ഓറഞ്ച്, ആപ്പിള്‍- എന്‍ഡോസള്‍ഫാന്‍ കീടനാശിനി
മത്സ്യം - എന്‍ഡോസള്‍ഫാന്‍ കീടനാശിനി
ഉണക്കമത്സ്യം - ന്യൂവാക്രോണ്‍ കീടനാശിനി
ചീഞ്ഞമാംസം - അമിതമായ തോതില്‍ അജിനാമോട്ടോ

കാന്‍സറിനു കാരണമാകുമെന്ന കാരണത്താല്‍ ലോകം മുഴുവന്‍ നിരോധിച്ച കെമിക്കലാണ് അജിനാമോട്ടോ.  ഇത് നമ്മുടെ വീടുകളിലും ഹോട്ടലുകളിലും രുചി കൂട്ടാനായി മിതമായും അമിതമായും ഉപയോഗിച്ചുവരുന്നു. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ കാന്‍സറിനു പുറമേ ഇത് അമിതമായികലര്‍ന്ന ഭക്ഷണം കഴിച്ച് 2 മണിക്കൂറിനകം തലവേദന, തലകറക്കം, നെഞ്ചുവേദന, വിയര്‍പ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ രംഗത്തെ പഠനങ്ങള്‍ തെളിയിക്കുന്നു.
പൗരന്റെ ആരോഗ്യത്തിനായ് സര്‍ക്കാര്‍ ചെയ്യുന്ന ചെറിയ സേവനത്തിന്റെപോലും പ്രയോജനം സമൂഹത്തിനു നഷ്ടപ്പെടില്ലെ അമിതമായ തോതില്‍ വിഷം കഴിക്കുന്നതുവഴി?  ജീവിതശൈലീരോഗങ്ങള്‍ പേറുന്ന വളര്‍ന്നുവരുന്ന ഒരു തലമുറ ഒരു വലിയ ടൈംബോംബാണ്.  ഭക്ഷണത്തില്‍ ഈ വിഷം കലര്‍ത്തുന്നവരെയും അതുവില്‍ക്കുന്നവരെയും കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്ന ഭരണാധികാരികളെയും മനുഷ്യഗണത്തില്‍പ്പെടുത്താന്‍ പറ്റില്ല.  അതുകൊണ്ടാണ് ഇവരെ കാലന്റെ കണക്കെഴുത്തുകാരെന്ന് വിശേഷിപ്പിക്കുന്നത്.
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബുകള്‍ സ്വകാര്യമേഖലയില്‍ പ്രോത്സാഹിപ്പിക്കണം.  
ആരോഗ്യവും വ്യക്തിസന്തോഷവും
പൗരന്മാരുടെ ജീവിതത്തിലെ സന്തോഷം, സംതൃപ്തി എന്നീ വിഷയങ്ങളില്‍ 178 രാജ്യങ്ങളിലായി 80,000 ത്തില്‍പ്പരം ആളുകളില്‍ നടത്തിയ 100 ലധികം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏഡ്രിയന്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞന്റെ കണ്ടെത്തലനുസരിച്ച് സന്തോഷത്തിന്റെ ഏറ്റവും പ്രധാന കാരണമായി ജനങ്ങള്‍ കാണുന്നതു ആരോഗ്യമാണ്.  അതിനുശേഷം മാത്രമാണ് സമ്പത്തും, വിദ്യാഭ്യാസവും ആരോഗ്യധനം സര്‍വ്വധനാല്‍ പ്രധാനം.
കേരളത്തിലെ, ഇന്‍ഡ്യയിലെ ഭരണാധികാരികള്‍ ഈ ജനവികാരം മനസ്സിലാക്കി പ്രവര്‍ത്തിച്ചെങ്കില്‍ എന്നു ഞാന്‍ പ്രത്യാശിക്കുകയാണ്.
മാവേലിനാട്, മാര്‍ച്ച് 2007


















'ടൂറിസം - വികസനത്തിന്റെ എന്‍ജിന്‍

യൂണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (UNWTO) കണക്കനുസരിച്ച് 2010- ഓടുകൂടി ആഗോള ടൂറിസ്റ്റുകളുടെ എണ്ണം ഇന്നത്തെ 80 കോടിയില്‍നിന്ന് 110 കോടിയായി വര്‍ദ്ധിക്കും.  ഏഷ്യ-പസഫിക് മേഖലയായിരിക്കും ഈ വളര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം.  വേള്‍ഡ് ട്രാവല്‍ & ടൂറിസം  കൗണ്‍സിലിന്റെ 2006-ല്‍ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക് ഫോര്‍കാസ്റ്റിംഗ് പഠനമനുസരിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ടൂറിസത്തില്‍നിന്നുള്ള ഇന്‍ഡ്യയുടെ വാര്‍ഷിക വരുമാനം 90 ബില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായിരിക്കും. തൊഴിലെടുക്കുന്ന 18 പേരിലൊരാള്‍ ഈ രംഗത്തായിരിക്കും.
ഉയര്‍ന്ന തൊഴില്‍സാദ്ധ്യത
മുടക്കുമുതലും തൊഴിലും തമ്മിലുള്ള അനുപാതം ഏറ്റവും ഉയര്‍ന്നത് ടൂറിസം ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലാണ്.  ഓരോ 10 ലക്ഷം രൂപയ്ക്കും 47 തൊഴില്‍ നേരിട്ടും നേരിട്ടുള്ള ഓരോ തൊഴിലിനും നേരിട്ടല്ലാതെ 11 തൊഴിലിനും സാദ്ധ്യതയുണ്ട്. ഓരോ ഹോട്ടല്‍ മുറിയും നേരിട്ടും അല്ലാതെയും 16 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ആകെ തൊഴിലെടുക്കുന്നവരുടെ 2.4% മാത്രമാണ് ഇന്‍ഡ്യയില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നത്.  ഓരോ 10 ലക്ഷം രൂപയ്ക്കും ടൂറിസത്തില്‍ 47.5 തൊഴില്‍ സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ കൃഷിയിലത് 44.7-ം, മാനുഫാക്ചറിംഗില്‍ 12.6-ം ആണ്.
താരതമ്യപഠനം
80 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരം 2005-ല്‍ 68 ലക്ഷം ടൂറിസ്റ്റുകളെ ആകര്‍ഷിച്ചപ്പോള്‍ 110 കോടി ജനങ്ങളുള്ള ഇന്‍ഡ്യയില്‍ ആകെവന്നത് 39 ലക്ഷം ടൂറിസ്റ്റുകള്‍ മാത്രമാണ്.  2006-ല്‍ ഇന്‍ഡ്യയിലാകെ 45 ലക്ഷം ടൂറിസ്റ്റുകള്‍ വന്നപ്പോള്‍, ചൈനയിലത് 200 ലക്ഷവും മലേഷ്യയില്‍ 160 ലക്ഷവും തായ്‌ലന്‍ഡില്‍ 120 ലക്ഷവുമായിരുന്നു. യു.എന്‍.ഡബ്ല്യു.റ്റി.ഒ.-യുടെ കണക്കനുസരിച്ച് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2006 - ല്‍ ഇന്ത്യയ്ക്ക് 42 - ാം സ്ഥാനമായിരുന്നു; 79.1 ദശലക്ഷവുമായി ഫ്രാന്‍സിന് ഒന്നാംസ്ഥാനവും.  2006-ല്‍ ടൂറിസത്തില്‍നിന്നുള്ള ഇന്‍ഡ്യയുടെ വരുമാനം 6.5 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍, ചൈനയിലത് ഇതിന്റെ 6 ഇരട്ടിയായിരുന്നു. ഇന്‍ഡ്യയുടെ ജി.ഡി.പി.യുടെ 5.3 ശതമാനമാണ് ടൂറിസത്തില്‍നിന്നുള്ള വരുമാനമെങ്കില്‍, ഇതിന്റെ ലോകശരാശരി 11% ആണ്.  വിദേശനാണ്യ വരുമാനത്തില്‍ ടൂറിസത്തിന് 3-ാം സ്ഥാനമാണ് ഇന്‍ഡ്യയില്‍. ഇന്‍ഡ്യയിലാകെ 1,10,000 ഹോട്ടല്‍ മുറി മാത്രമുള്ളപ്പോള്‍ ചൈനയില്‍ ഇതിന്റെ 10 ഇരട്ടിയും അമേരിക്കയില്‍ ഇതിന്റെ 40 ഇരട്ടിയുമുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം ഇന്‍ഡ്യയില്‍ ആകെയുള്ളത്രയും ഹോട്ടല്‍മുറികളുണ്ട്.
ചൈനയിലെ യൂനാന്‍, ഗ്വാംസി പ്രോവിന്‍സുകളും മ്യാന്‍മര്‍, തായ്‌ലന്‍ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ മേക്കോംഗ് സബ്‌റീജന്‍ (ജി.എം.എസ്) 1.64 കോടി വിദേശ ടൂറിസ്റ്റുകളെയാണ് 2004- ല്‍ ആകര്‍ഷിച്ചത്. ഇതില്‍ത്തന്നെ 1.14 കോടി തായ്‌ലന്‍ഡിന്റെയും 29 ലക്ഷം വിയറ്റ്‌നാമിന്റെയും സംഭാവനയാണ്.  2004-ല്‍ 34 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ഇന്‍ഡ്യയിലാകെ വന്നത്. വിയറ്റ്‌നാമില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷമായി 18.20 ശതമാനമാണ് 
പ്രതിവര്‍ഷം ടൂറിസ്റ്റുകളുടെ വര്‍ദ്ധന.  വിയറ്റ്‌നാമിന്റെ ജി.ഡി.പി.യുടെ 7 ശതമാനം ടൂറിസത്തിന്റെ സംഭാവനയാണ്.  എ.ഡി.ബി.യുടെ കണക്കുകള്‍ പ്രകാരം ജി.എം.എസ് മേഖലയില്‍ ടൂറിസംവഴി 2010-ല്‍ 17 ലക്ഷവും 2015-ല്‍ മറ്റൊരു 17 ലക്ഷവും തൊഴില്‍ പുതിയതായി സൃഷ്ടിക്കപ്പെടുമെന്നാണ്.

കേരള ടൂറിസം
വികസനം എന്നാല്‍ ടൂറിസം എന്നാണ് വര്‍ത്തമാനകാല കേരളത്തിലെ സമവാക്യം. 2003-ല്‍ 2,94,621 ം 2004-ല്‍ 3,45,546 2005-ല്‍ 3.5 ലക്ഷവും 2006-ല്‍ 4.28 ലക്ഷവും വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലെത്തി.  ആഭ്യന്തര ടൂറിസ്റ്റുകള്‍ 2005-ല്‍ 60 ലക്ഷവും 2006-ല്‍ 67.71 ലക്ഷവുമായിരുന്നു. വിദേശ ടൂറിസ്റ്റുകളില്‍നിന്ന് 2003-ല്‍ 938.37 കോടിയും 2004-ല്‍ 1266.77 കോടിയും 2005-ല്‍ 1550 കോടിയും രൂപ വരുമാനം കിട്ടി. ടൂറിസത്തില്‍നിന്നുള്ള മൊത്തം വരുമാനം 2003-ല്‍ 5938 കോടിയും 2004-ല്‍ 6829 കോടിയും 2005-ല്‍ 7500 കോടിയും രൂപയായി ഉയര്‍ന്നു.  ഒരു വിദേശ ടൂറിസ്റ്റ് ശരാശരി 16 ദിവസവും ഒരു ദിവസം 2800 രൂപയും കേരളത്തില്‍ ചെലവാക്കുമ്പോള്‍ ആഭ്യന്തര ടൂറിസ്റ്റ് ശരാശരി 1200 രൂപ ഒരു ദിവസം ചെലവാക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
കേരളത്തിലെ ടൂറിസം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് ഹോട്ടല്‍മുറികളുടെ അഭാവം.  2006-ലെ കണക്കനുസരിച്ച് കേരളത്തില്‍ നിലവാരമുള്ള 147 ഹോട്ടലും 5365 മുറികളുമുണ്ട്.  വിയറ്റ്‌നാമിലെ ഹ്യൂ എന്ന നഗരത്തില്‍ മാത്രം 1000 കുടുംബങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി ഗസ്റ്റ് ഹൗസുകള്‍ നടത്തുന്നു.  ഹോം സ്റ്റേ കേരളത്തിലും വ്യാപകമാകണം.
കേരളവും മാലിദ്വീപും 
ശ്രീലങ്കയും ചേര്‍ന്നൊരു ടൂറിസ്റ്റ് സര്‍ക്കിള്‍ രൂപീകരിക്കണം.  മാലിയിലും ശ്രീലങ്കയിലും വരുന്ന ഏതൊരു ടൂറിസ്റ്റും കേരളത്തിലും വരണം. തായ്‌ലന്‍ഡിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ഹെല്‍ത്ത് ടൂറിസവും മനോഹരമായ ബീച്ചുകളുമാണ്.  ആയുര്‍വ്വേദവും അലോപ്പതിയും ഹോമിയോപ്പതിയും പ്രകൃതിചികിത്സയും യോഗയും ഉള്‍പ്പെടുന്നതായിരിക്കണം കേരളത്തിന്റെ ഹെല്‍ത്ത് ടൂറിസം.  എല്ലാ ജില്ലകളിലും ഓരോ പാരമ്പര്യഗ്രാമവും ഓരോ ചരിത്രമ്യൂസിയവും സൃഷ്ടിക്കണം. ഒരു നൂറ്റാണ്ടുമുമ്പ്, നമ്മുടെ ഗ്രാമങ്ങളിലെ ജീവിതം എങ്ങനെയായിരുന്നോ അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കണം. ടി.വി.യും വൈദ്യുതിയുമില്ലാതെ, മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലുള്ള ചെറ്റക്കുടിലിലെ ജീവിതം; പഴയ ചായക്കടയും കാളവണ്ടിയും ഒപ്പം പരിസര- ശബ്ദമലിനീകരണങ്ങള്‍ ഇല്ലാത്ത അന്തരീക്ഷവും.
2004-ല്‍ തായ്‌ലന്‍ഡ് ഒരു കോടി 14 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുവെങ്കില്‍, കേരളത്തില്‍ വന്നത് വെറും 31/2 ലക്ഷം മാത്രം. നമ്മുടെ സാദ്ധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ നേടിയത് എത്രയോ തുച്ഛം!













'ജലസമ്പത്ത്
അമൂല്യമായ ജലസമ്പത്തിന്റെ സംരക്ഷണം, വിനിയോഗം, 
നിയന്ത്രണം

ആഗോളരംഗം
ആഗോളമായി 100 കോടി ജനങ്ങള്‍ കുടിവെള്ളത്തിന്‌യാതൊരു മാര്‍ഗ്ഗവുമില്ലാതെ കഷ്ടപ്പെടുന്നവരാണ്.  260 കോടി ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തവരാണ്.  ഓരോ ദിവസവും ലോകത്ത് 6000 കുട്ടികള്‍ ജലജന്യരോഗങ്ങള്‍മൂലം മരിക്കുന്നു.  യുദ്ധത്തെക്കാളും ഭീകരതയെക്കാളും മനുഷ്യരാശി നേരിടുന്ന വലിയ ഭീഷണിയാണ് ശുദ്ധജലക്ഷാമം.  വികസ്വരരാഷ്ട്രങ്ങളിലെ മൊത്തം ജനങ്ങളുടെ പകുതി ശുദ്ധമല്ലാത്ത ജലത്തിന്റെ ഉപയോഗംമൂലം കഷ്ടപ്പെടുന്നവരായിരിക്കും എപ്പോഴും.
ദരിദ്ര-സമ്പന്ന അന്തരം
ബ്രിട്ടനിലെ ഒരു പൗരന്‍ ഒരു ദിവസം 160 ലിറ്റര്‍ ശുദ്ധജലം ഉപയോഗിക്കുമ്പോള്‍, ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് 5-10 ലിറ്റര്‍ മാത്രമാണ്. ഇന്‍ഡ്യ ഉള്‍പ്പെടെ പലരാജ്യങ്ങളിലെയും സ്ഥിതി എടുത്താല്‍ പണക്കാരെക്കാള്‍ വെള്ളത്തിനു കൂടുതല്‍ വിലകൊടുക്കുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും. കാരണം, നികുതിദായകന്റെ പണം ഉപയോഗിച്ച് വിലകുറച്ചു വില്‍ക്കുന്ന  സര്‍ക്കാര്‍വെള്ളം പലപ്പോഴും പാവപ്പെട്ടവന്റെ അടുത്തേക്കെത്തില്ല.
ശുദ്ധജലവും ഉല്പാദനക്ഷമതയും
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 400 കോടി ഡോളര്‍ മുടക്കിയാല്‍ ശുദ്ധജലമില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം 260 കോടിയില്‍ നിന്നു പകുതിയായി കുറയ്ക്കാം.  ഈ തുകയെന്നു പറയുന്നത് യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ മിനറല്‍ വാട്ടറിനായി ഒരു മാസം ചെലവാക്കുന്ന തുക മാത്രമാണ്.  ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ശുദ്ധജലത്തിനായി മുടക്കുന്ന ഓരോ ഡോളറും 3-4 ഡോളറിന്റെ ലാഭം ആരോഗ്യത്തിന്റെ കണക്കിലും വര്‍ദ്ധിച്ച ഉല്പാദനക്ഷമതയുടെ കണക്കിലും ഉണ്ടാക്കുന്നു .
പരാജയപ്പെടുന്ന പൊതുമേഖല
ലോകജനസംഖ്യയുടെ വലിയൊരു ശതമാനം, പ്രത്യേകിച്ച് ദരിദ്രവിഭാഗം അവരുടെ ശുദ്ധജല ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നതു ഭൂഗര്‍ഭ സ്രോതസ്സുകളെയും അരുവികളെയും കുളങ്ങളെയുമാണ്.  ഈ സ്രോതസ്സുകളൊക്കെ അമിതമായ ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലവിതരണ സംവിധാനങ്ങള്‍, നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ജനസംഖ്യയുടെ എല്ലാ വിഭാഗത്തിനും എല്ലാ സമയത്തും ആവശ്യത്തിനുള്ള അളവില്‍ നിലവാരമുള്ള ജലം എത്തിക്കുന്നതില്‍ പരാജയമാണ്. ഈ പരാജയത്തിന് ഇരയാവുന്നത് കൂടുതലും ദരിദ്രവിഭാഗങ്ങളായിരിക്കും.
സ്വകാര്യമേഖലയുടെ പങ്ക്
ആഗോളമായിത്തന്നെ ജലവിതരണരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കുകയാണ്.  1990-ല്‍ 30 ദശലക്ഷം ജനങ്ങള്‍ക്ക് സ്വകാര്യ സംരംഭകര്‍ ജലം എത്തിച്ചുവെങ്കില്‍ 2005- ല്‍ അത് 330 ദശലക്ഷമായി. വിഭവസമാഹരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുന്നതില്‍ പൊതുമേഖലയുടെ പരാജയം, നവസാമ്പത്തിക സിദ്ധാന്തങ്ങള്‍, പൊതുമേഖലയുടെ പരാജയങ്ങള്‍ക്കുള്ള ഉത്തരം സ്വകാര്യമേഖലയാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ സ്വകാര്യകമ്പനികളുടെ വിജയം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം ഇവയാണ് ഈ രംഗത്ത് സ്വകാര്യകുത്തകകളുടെ വളര്‍ച്ചയ്ക്കു കാരണം.  അമിതമായ വെള്ളക്കരത്തിലൂടെയും നിലവാരമില്ലാത്ത സേവനത്തിലൂടെയും എല്ലാ വിഭാഗത്തിനും ജലം എത്തിക്കുന്നതില്‍ പരാജപ്പെടുന്നതി

ഭൂഗര്‍ഭജലം
ഭൂമിയുടെ ആകെ വിസ്തൃതിയില്‍  കരഭൂമി മൂന്നിലൊന്നു മാത്രമാണ്.  ഇതില്‍ത്തന്നെ എട്ടിലൊന്നു മേഖലയില്‍ മാത്രമേ മേല്‍മണ്ണിനോടടുത്ത് ജലവിതരണം ലഭ്യമായിട്ടുള്ളൂ. ജനവാസയോഗ്യമല്ലാത്ത മറ്റുമേഖലകളില്‍ ജലം ഉപരിതലത്തില്‍നിന്ന് കിലോമീറ്ററുകള്‍ താഴെയാണ്. പൊതുവായി ഭൂമിയുടെ ജലവിതാനം നിലനര്‍ത്താന്‍ കഴിയുന്നു എന്നതൊഴിച്ചാല്‍ ഈ ജലസ്രോതസ്സുകള്‍ മനുഷ്യന് ലഭ്യമല്ലെന്നു കാണാം.
നിലവിലുള്ള കുളങ്ങളും കിണറുകളും മണ്ണിട്ടു നികത്തുന്നത് ഏറെ ആപല്‍ക്കരമായ സമീപനമാണ്.  ഇത്തരത്തില്‍ സ്രോതസ്സുകള്‍ അടയുന്നതോടെ മേല്‍മണ്ണിലേക്കുള്ള മര്‍ദ്ദം കുറയുകയും ജലം ഭൂമിയുടെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതു ഭൂജലവിതാനം താഴ്ത്തുന്നു. ഒരു പ്രദേശത്തിന്റെതന്നെ ജലസ്രോതസ്സുകള്‍ അടഞ്ഞുപോകുന്നതിന് ഇതു കാരണമാകും.
ഇന്‍ഡ്യയില്‍ ഭൂഗര്‍ഭജലം, ജലസേചനത്തിന്റെ 50 ശതമാനവും ഗ്രാമീണജനതയുടെ 85 ശതമാനവും നഗര-പട്ടണ ജനതയുടെ 50 ശതമാനവും ജലആവശ്യങ്ങള്‍ നിറവേറ്റുന്നു.

യൂറോപ്യന്‍ ജലനയം
ആധുനിക ഇന്‍ഡ്യയില്‍ ജലദൗര്‍ലഭ്യം ഒരു തുടര്‍ക്കഥയാണ്.  നിയമനിര്‍മ്മാണത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയും കാര്യക്ഷമമായ മേല്‍നോട്ടത്തിലൂടെയും ഈ സമ്പത്തിന്റെ വിനിയോഗത്തിലും സംരക്ഷണത്തിലും യൂറോപ്പ് ലോകത്തിനു വഴികാട്ടിയാണ്.
2006-ല്‍ 25 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനങ്ങളെ ഏറ്റവുംകൂടുതല്‍ വിഷമിപ്പിക്കുന്ന പരിസ്ഥിതിപ്രശ്‌നം ഏതാണന്ന് ഒരു സര്‍വേ നടത്തിയപ്പോള്‍, 47 ശതമാനവും അഭിപ്രായപ്പെട്ടത് ജലമലിനീകരണത്തെക്കുറിച്ചാണ്.  യൂറോപ്യന്‍ ജലനയം പ്രധാനമായി രണ്ടുകാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.  (1) മലിനീകൃതജലം ശുദ്ധീകരിക്കുക, (2) ശുദ്ധജലം ആ അവസ്ഥയില്‍ത്തന്നെ തുടരുന്നുവെന്ന് ഉറപ്പു വരുത്തുക. ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തം പ്രധാന ഘടകമാണ്.  

ലൂടെയും സ്വകാര്യകമ്പനികള്‍ ആഗോളമായിത്തന്നെ ജനങ്ങളുടെ എതിര്‍പ്പു നേരിടുകയാണ്.
ഭാവിയിലെ യുദ്ധങ്ങള്‍
അടുത്ത ദശകങ്ങളിലെയോ നൂറ്റാണ്ടിലെയോ യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയായിരിക്കില്ല.  വെള്ളത്തിനുവേണ്ടിയായിരിക്കും.  ഇസ്മയില്‍ സെറാജെള്‍ഡിന്‍ എന്ന ചിന്തകന്റെ ഈ പ്രവചനം ഇന്നു ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഭൂമിയില്‍ ജീവജാലങ്ങള്‍ക്കാവശ്യമുള്ള ശുദ്ധജലത്തിന്റെ അളവ് പരിമിതമാണ്.  വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവത്കരണവും സാമ്പത്തികപുരോഗതിയും കണക്കിലെടുക്കുമ്പോള്‍ ഈ പരിമിത വിഭവത്തിന്റെ വിതരണം മനുഷ്യസമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്.
ജലവിനിയോഗനയം
ജലം, ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായതുകൊണ്ടുതന്നെ ഇതിന്റെ വിനിയോഗം സംബന്ധിച്ച് ഒരു പൊതുനയം അത്യാവശ്യമാണ്.  ഇന്‍ഡ്യയില്‍ 1987-ലും 2002-ലുമായി നാഷണല്‍ വാട്ടര്‍ പോളിസി രൂപീകരിച്ചുവെങ്കിലും അത് ദുര്‍ബ്ബലവും കാഴ്ചപ്പാടില്ലാത്തതും അപര്യാപ്തതകള്‍ നിറഞ്ഞതുമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരു പ്രമേയമനുസരിച്ച് ജലം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണെന്നും അതുകൊണ്ടുതന്നെ അതു മനുഷ്യാവകാശത്തിന്റെ ഭാഗമാണന്നും വിശ്വസിക്കുന്നു.
വികേന്ദ്രീകൃത തീരുമാനത്തിന്റെ ആവശ്യം
ജലത്തിന്റെ ഉപയോഗവും വിതരണവും സംബന്ധിച്ച തീരുമാനങ്ങള്‍ വികേന്ദ്രീകൃതമായിരിക്കണം. നൂറുകണക്കിനു മൈല്‍ അകലെയുള്ള സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം പ്രാദേശിക സമൂഹങ്ങള്‍ക്ക് വിട്ടുകൊടുക്കണം. ആന്ധ്രപ്രദേശിലെ മേഡക് ജില്ലയിലെ കോരംപള്ളി ഗ്രാമത്തിലെ അനുഭവം ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ജലവിതരണസംവിധാനത്തിന്റെ മേല്‍നോട്ടം സ്വകാര്യവല്‍ക്കരിച്ച ഡല്‍ഹിയിലെ പരിസ്ഥിതിയിലും കാര്യങ്ങള്‍ ഭംഗിയായി നടക്കണമെങ്കില്‍ ഉപഭോക്താക്കളുടെ നിരീക്ഷണവും നിയന്ത്രണവും അത്യാവശ്യമാണന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കൃഷിക്കും കുടിക്കാനുമുള്ള വെള്ളത്തിന്റെ സ്രോതസ്സ്, അളവ്, വിനിയോഗം, വിതരണമാനദണ്ഡങ്ങള്‍, ഗുണനിലവാരം, വില തുടങ്ങിയ കാര്യങ്ങളിലെ തീരുമാനങ്ങളൊക്കെ അതിന്റെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനുവിട്ടുകൊടുക്കണം. ഗവണ്‍മെന്റിന് ഒരു റഫറിയുടെ പങ്കുമാത്രം മതി. 
ഭൂഗര്‍ഭജലം ഇന്‍ഡ്യയില്‍ ഇന്‍ഡ്യയില്‍ 86 ശതമാനം ജനങ്ങള്‍ക്കും കുടിവെള്ളമെത്തിച്ചുവെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പത്തില്‍ ആറുഭവനത്തില്‍ കുടിവെള്ളമെത്തുന്നില്ല.  ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും  (80%) കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസ്സിനെയാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. അമിതമായ ചൂഷണംമൂലം ഈ സ്രോതസ്സ് വറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയിലെ 306 ജില്ലയില്‍ ഭൂഗര്‍ഭ ജലം നാലുമീറ്ററിലധികം താഴോട്ടുപോയി. ഇന്‍ഡ്യയിലെ ഭൂഗര്‍ഭജലത്തിന്റെ 58 ശതമാനവും അമിത ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് 70%-ത്തിനു 
ജലനഷ്ടം ലണ്ടന്‍ ആസ്ഥാനമായ 'വാട്ടര്‍ സെക്ടര്‍ അഡൈ്വസറി ഗ്രൂപ്പിന്റെ (WSAG) പഠനം അനുസരിച്ച് ഇന്‍ഡ്യയില്‍ ജല അതോറിറ്റികള്‍ വിതരണത്തിനായി നല്‍കുന്ന ശുദ്ധജലത്തിന്റെ 40-50 ശതമാനവും പാഴായിപ്പോകുന്നു.  തന്മൂലം വിലയേറിയ ശുദ്ധജലത്തിനു പുറമേ വരുമാന നഷ്ടവും സംഭവിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും വഴി ഈ നഷ്ടം 50 ശതമാനത്തില്‍നിന്ന് 10-20 ശതമാനമായി കുറയ്ക്കാന്‍ സാധിക്കും. ജലം പാഴായിപ്പോകുന്നത് തടയാനായി വാട്ടര്‍ പോലീസിനെ നിയമിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ബോധവത്കരണം നടത്തി നഷ്ടം അധികാരികളെ സമയത്തുതന്നെ അറിയിക്കാന്‍ സംവിധാനം സൃഷ്ടിക്കണം. എവിടെയെങ്കിലും ജലം പാഴാകുന്നതുകണ്ടാല്‍ വിളിക്കാനായി ഒരു ഫോണ്‍ നമ്പര്‍ സൃഷ്ടിക്കുക. (ബി. എസ്.എന്‍. എല്ലുമായി ധാരണയിലെത്തിയാല്‍ കേരളം മുഴുവന്‍ ഒരു നമ്പര്‍ - അതും ഓര്‍മ്മിക്കാന്‍ എളുപ്പമുള്ള നമ്പര്‍). വ്യവസായം, കൃഷി, ഗാര്‍ഹിക മേഖലകള്‍ക്കായി പ്രത്യേകം 
ജലനയം സൃഷ്ടിക്കണം.  വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും  പാഴായിപ്പോകുന്ന ഉപയോഗിച്ച ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനായി നിയമം കൊണ്ടുവരണം. മുകളില്‍പ്പോയാല്‍ അപകടകരമായ നിലയിലെത്തും കാര്യങ്ങള്‍. കേരളത്തില്‍ വര്‍ഷംതോറും ഭൂഗര്‍ഭജലത്തിന്റെ അളവില്‍ 0.2 മുതല്‍ 0.5 മീറ്റര്‍വരെ കുറവുവരുന്നു.  പല ജില്ലകളിലും സ്ഥിതി ആശങ്കാജനകമാണ്. 151 ബ്ലോക്കുകളില്‍ 3-ല്‍ സ്ഥിതി ഗുരുതരമാണ്.

ആളോഹരി ജലസംഭരണം: ഇന്‍ഡ്യയും ലോകവും
ജനപങ്കാളിത്തത്തോടെ പാഴായിപ്പോകുന്ന ജലം ഭൂമിക്കടിയിലേക്കുതിരിച്ചുവിടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും തമ്മില്‍ നിരന്തര സമ്പര്‍ക്കം ആവശ്യമാണ്.  മലനിരകളില്‍നിന്ന് താഴേയ്‌ക്കൊഴുകുന്ന ജലം മഴക്കുഴികളും ചെക്ക് ഡാമുകളും ഡാമുകളും സൃഷ്ടിച്ച, കടലിലേക്കൊഴുകി പാഴാകാതെ സംരക്ഷിക്കണം. നദികളിലൂടെ ഒഴുകുന്ന ജലത്തിന്റെ 80%വും കടലില്‍ പതിച്ച് പാഴാവുകയാണ് ഇന്‍ഡ്യയില്‍. നമ്മുടെ രാജ്യത്തെ ജലസംഭരണികള്‍ ആളോഹരി 200 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കുമ്പോള്‍, അമേരിക്ക, ആസ്‌ത്രേലിയ മുതലായ രാജ്യങ്ങള്‍ 5000 ക്യു.മീറ്ററും സൗത്ത് ആഫ്രിക്ക, മെക്‌സിക്കോ, മൊറോക്കോ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആളോഹരി 1000 ക്യു.മീ. വീതവും ജലം സംഭരിക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
കമ്പോസ്റ്റ് ടോയ്‌ലറ്റുകളുടെ വ്യാപനം മൂന്നിലൊന്ന് ജലം ലാഭിക്കും. കൃഷിക്കാര്‍ വളം, വിത്ത് ഇവയ്‌ക്കൊപ്പം വെള്ളത്തിന്റെ ഉല്പാദനക്ഷമതയിലും ശ്രദ്ധിക്കണം. ഡ്രിപ് ഇറിഗേഷന്‍ വ്യാപകമാകണം. കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഉദ്ദേശിച്ച് ഒരു ജലനയം രൂപീകരിക്കണം. വെള്ളം പാഴാക്കുന്നവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ കുട്ടികളെ വിവരശേഖരണത്തിനായി നിയമിക്കണം.
ഇരുളടഞ്ഞ ഭാവി
ഐക്യരാഷ്ട്ര സംഘടനാ വികസനപദ്ധതി (യു.എന്‍.ഡി.പി.) യുടെ 2005-06- ലെ റിപ്പോര്‍ട്ട് അനുസരിച്ച് 20 ലിറ്റര്‍ ശുദ്ധജലം പ്രതിദിനം ഒരാളുടെ അവകാശമാണെന്നിരിക്കെ ജലപ്രതിസന്ധികാരണം 20 ലക്ഷം കുട്ടികളാണ് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത്.  ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ശുദ്ധജലദൗര്‍ലഭ്യം 2007-ല്‍ 70 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണങ്കില്‍ 2025-ല്‍ ഇത് 300 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാകും. വര്‍ത്തമാനകാലപ്രവണത തുടര്‍ന്നാല്‍ ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും 2025-ല്‍ ശുദ്ധജലം ഒരു പ്രശ്‌നമായിരിക്കും.  തന്മൂലം ഇന്നത്തെപ്പോലെ അന്നും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമായിരിക്കും. പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും. കാരണം ലോകജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്നത് ഇന്ത്യയിലാണ്.ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്!

ജീവിതച്ചെലവ് കൂടിയ കേരളം
കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
ജീവിതച്ചെലവ്: കേരളവും ഇന്‍ഡ്യയും
2005 നവംബര്‍ 6 ലെ 'ബിസിനസ്സ് ടുഡേ' എന്ന മാസികയില്‍ അദ്ഭുതവാര്‍ത്തകളുടെ പേജില്‍ ഒരു വാര്‍ത്ത കണ്ടു: കേരളത്തിലെ കൊല്ലം ജില്ലയില്‍ ആളോഹരി വാര്‍ഷിക ഗാര്‍ഹിക ഉപഭോക്തൃ ചെലവ് പൂനയുടെ 32648 നെയും വെല്ലുന്ന 39891 രൂപയാണെന്ന്! നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ സര്‍വ്വേയില്‍ ഉപഭോക്തൃ ചെലവില്‍ കേരളം വീണ്ടും ഇന്‍ഡ്യയില്‍ ഒന്നാമതെത്തി. കേരളത്തിലെ ഗ്രാമങ്ങളില്‍ 11800 രൂപയും നഗരങ്ങളില്‍ 16464 രൂപയുമാണ് പ്രതിശീര്‍ഷ വാര്‍ഷികച്ചെലവ്. ബീഹാറിലെ ഗ്രാമങ്ങളില്‍ ഇത് 5400 രൂപയും നഗരങ്ങളില്‍ 9600 രൂപയും മാത്രം. ദേശീയ ശരാശരി ഗ്രാമങ്ങളില്‍ 6780- ം നഗരങ്ങളില്‍ 12720-ം ആണ്. നഗരങ്ങളില്‍ ജീവിക്കുന്നതിന്റെ പകുതി ച്ചെലവില്‍ ഗ്രാമങ്ങളില്‍ ജീവിക്കാമെന്നാണ് ദേശീയ ശരാശരി പറയുന്നതെങ്കില്‍, കേരളത്തിന്റെ കാര്യത്തില്‍ ഇത് 70 ശതമാനമാണ്. കേരളത്തിന്റെ ശരാശരി ആളോഹരിവരുമാനം 24053 രൂപയാണ്. ഈ വിഷയത്തില്‍ കേരളത്തിന് ഇന്‍ഡ്യയില്‍ 8-ാം സ്ഥാനമാണ്. ഇന്‍ഡ്യയുടെ ജനസംഖ്യയില്‍ 3 ശതമാനം മാത്രമായ കേരളീയര്‍ രാജ്യത്തുണ്ടാക്കുന്ന ഉപഭോക്തൃ ഉല്പന്നങ്ങളുടെ 26% വാങ്ങുന്നു.
എന്തിനൊക്കെയാണ് കേരളീയര്‍ പണം ചെലവാക്കുന്നത്? ഗ്രാമങ്ങളില്‍ മൊത്തം ചെലവിന്റെ 54 ശതമാനം ഭക്ഷണത്തിനായിരുന്നുവെങ്കില്‍ നഗരങ്ങളിലത് 42 ശതമാനം മാത്രമായിരുന്നു. നഗരവാസികള്‍ ബാക്കി 58% ചെവലാക്കിയത് വസ്ത്രത്തിനും പാദരക്ഷയ്ക്കും വൈദ്യുതിക്കും ഇന്ധനത്തിനുമൊക്കെയായിരുന്നു. ഇനി ഭക്ഷണത്തിന്റെ കാര്യമെടുത്താല്‍, ഗ്രാമങ്ങളിലുള്ളവര്‍ മൊത്തം ചെലവിന്റെ 18% ധാന്യങ്ങള്‍ക്കുവേണ്ടി ചെലവാക്കിയപ്പോള്‍, നഗരവാസികള്‍ അത് 10% ത്തില്‍ ഒതുക്കി.
ഇന്‍ഡ്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മറ്റ് ഉപഭോഗവസ്തുക്കള്‍ക്കും വിലകൂടുതലാണ്. അതിന്റെ പ്രധാന കാരണം ഭൂമിശാസ്ത്രപരമായ കേരളത്തിന്റെ കിടപ്പുതന്നെ. ഇന്‍ഡ്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിലേക്ക് പ്രധാനമായും റോഡുമാര്‍ഗ്ഗമാണ് സാധനങ്ങള്‍ കൊണ്ടുവരുന്നത്. പകരം പ്രകൃതി നമുക്കു കനിഞ്ഞു നല്‍കിയ 1900 കിലോ മീറ്റര്‍ ഉള്‍നാടന്‍ ജലാശയങ്ങളും 595 കിലോമീറ്റര്‍ കടല്‍ സാമീപ്യവും ഉപയോഗിച്ചിരുന്നുവെങ്കില്‍? (കേരളത്തിന്റെ നഷ്ടക്കണക്കുകള്‍ വായിക്കുക).
കേരളത്തിന്റെ നഷ്ടക്കണക്കുകള്‍
അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ശരാശരി 4000 ലോറി ഒരു ദിവസം ചരക്കുമായിവരുന്നു. 10 ടണ്‍ ഭാരവുമായി ഡല്‍ഹിയില്‍നിന്ന് ഒരു ലോറി കേരളത്തിലെത്തുമ്പോള്‍ 45,000 രൂപ ചരക്കുകൂലിയാവും (2006- ലെ കണക്കുകള്‍).  കേരളത്തില്‍നിന്ന് ഒരു ലോറി ഡല്‍ഹിയിലേക്കു പോകുന്നതിന് 35,000 രൂപയാകും. ജലമാര്‍ഗ്ഗം അയയ്ക്കുകയാണെങ്കില്‍ ഇതിന്റെ അഞ്ചിലൊന്നേ ആകു. അതായത് ഒരു ലോറിയുടെ കണക്കില്‍ ഒരു ദിവസത്തെ നഷ്ടം 64,000 രൂപയാണ്.  
തീരക്കടല്‍ കപ്പല്‍ഗതാഗതം (Coastal shipping)
ഇന്‍ഡ്യയ്ക്ക് 7000 കി. മീ. കടല്‍ത്തീരവും 15 വന്‍കിട തുറമുഖവും 185 ചെറുതും ഇടത്തരവും തുറമുഖവും ഉണ്ട്. ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണെങ്കിലും ഇന്‍ഡ്യയുടെ മൊത്തം ചരക്കുഗതാഗതത്തിന്റെ 7 ശതമാനം മാത്രമാണ് തീരദേശകപ്പല്‍മാര്‍ഗ്ഗം നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇതു 40% ആണ്. റോഡുഗതാഗതത്തിന്റെ 15% ഇന്ധനച്ചെലവില്‍ തീരദേശകപ്പല്‍വഴി ചരക്ക് അയയ്ക്കാം. ഇന്‍ഡ്യയിലെ ചെറുകിട തുറമുഖങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കുറഞ്ഞ നിലവാരവും വന്‍കിടതുറമുഖങ്ങളിലെ ഉയര്‍ന്ന ചെലവുമാണ് ഇന്‍ഡ്യയുടെ ഈ രംഗത്തെ പിന്നാക്കാവസ്ഥയ്ക്കു കാരണം.
2006-ലെ കണക്കനുസരിച്ച് റോഡുകളിലെ അപകടങ്ങളും ഗതാഗതതടസ്സങ്ങളും കാരണം 40,000 കോടിരൂപയാണ് ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വര്‍ഷം ഉണ്ടാകുന്ന നഷ്ടം.
ലോജിസ്റ്റിക്‌സ്
ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോജിസ്റ്റിക്‌സ് എന്നു പറയുന്നത്. ശരിയായ സാധനം, ശരിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വിലയ്ക്ക് എത്തിക്കുകയെന്നതാണ് കാതലായ വിഷയം.
ഇന്‍ഡ്യയില്‍ ലോജിസ്റ്റിക്‌സ് 41/2 ലക്ഷം കോടിരൂപയുടെ ബിസിനസ്സാണ് (2007-ലെ കണക്ക്). 4 കോടിയാളുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. വാര്‍ഷികവളര്‍ച്ച 7-8 ശതമാനം. 12 വലിയ പോര്‍ട്ട് ഉള്‍പ്പെടെ ഇന്‍ഡ്യയ്ക്ക് 180 പോര്‍ട്ട്, 65,000 കിലോമീറ്റര്‍ നാഷണല്‍ ഹൈവേ, 14,000 കി.മീ. ഉള്‍നാടന്‍ ജലഗതാഗതപാത, 63,000 കിലോമീറ്റര്‍ റെയില്‍പാത, 7000 കി.മീ. കടല്‍ത്തീരം.  ഇതാണ് അടിസ്ഥാന കണക്കുകള്‍.
ലോകവാണിജ്യത്തിന്റെ 80 ശതമാനം കടല്‍വഴിയാണ്. ഇന്‍ഡ്യയിലെ ലോജിസ്റ്റിക്‌സ് രംഗം നേരിടുന്ന പ്രധാന പ്രശ്‌നം റോഡ്, റെയില്‍, പോര്‍ട്ട്, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്.  ഇന്‍ഡ്യയില്‍ ജി. ഡി. പി. യുടെ 13 ശതമാനം ലോജിസ്റ്റിക്‌സ് മേഖലയില്‍ ചെലവാകുമ്പോള്‍ യു. എസ്.-ല്‍ അത് 8%-ം യൂറോപ്പില്‍ 10%-ം ജപ്പാനില്‍ 11%-ം ആണ്.  ഇന്‍ഡ്യയില്‍ ഈ ഉയര്‍ന്ന ശതമാനത്തിനു കാരണം സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ്. ട്രക്കുകളുടെ കുറഞ്ഞ ശരാശരി വേഗം, പോര്‍ട്ടുകളിലെ കാലതാമസം, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ കാലതാമസം ഇവയൊക്കെ കാരണങ്ങളാണ്.  ലോജിസ്റ്റിക്‌സ് ചെലവിന്റെ 40% ട്രാന്‍സ്‌പോര്‍ട്ടേഷന്‍, 24% ഇന്‍വെന്ററി, വെയര്‍ഹൗസിംഗ് 20-25%, ഓര്‍ഡര്‍ പ്രോസസിംഗ് & അഡ്മിനിസ്‌ട്രേഷന്‍ 10%. ഇതാണ് ലോകനിലവാരം. വേള്‍ഡ് ബാങ്ക് ... കണക്ടിംഗ് ടു കംപീറ്റ് : ട്രേഡ്  ലോജിസ്റ്റിക്‌സ് ഇന്‍ ദി ഗ്ലോബല്‍ ഇക്കോണോമി .. എന്ന സര്‍വേ പ്രകാരം ഓരോ രാജ്യത്തെയും ലോജിസ്റ്റിക്‌സ് രംഗത്തെ വിലയിരുത്തി 1 (ഏറ്റവും മോശം) മുതല്‍ 5 (ഏറ്റവും നല്ലത്) വരെയുളള റാങ്കിംഗ് നടത്തിയപ്പോള്‍ 3.09 മാര്‍ക്കോടെ ഇന്ത്യ 39 ാം സ്ഥാനം കരസ്ഥമാക്കി. 4.19 മാര്‍ക്കോടെ സിംഗപ്പൂര്‍ ഒന്നാംസ്ഥാനവും ചൈന 30-ാം സ്ഥാനവും കരസ്ഥമാക്കി. അന്താരാഷ്ട്ര കണ്‍സല്‍ട്ടന്റുമാരായ ഡ്‌റീവറിയുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുടെ ജി.ഡി.പി. വളര്‍ച്ച 1-2 ശതമാനം വര്‍ദ്ധിക്കും ലോജിസ്റ്റിക്‌സ് ലോകനിലവാരത്തിലെത്തുകയാണെങ്കില്‍. ഇന്‍ഡ്യയില്‍ ഈ വ്യവസായം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ അഭാവം, പ്രത്യേകിച്ച് റോഡ് ചരക്കുഗതാഗതം, വെയര്‍ഹൗസിംഗ് മേഖലകളില്‍.
ലോജിസ്റ്റിക്‌സ് കമ്പനികള്‍ കസ്റ്റംസ് ക്ലിയറിംഗ്, ഫോര്‍വേഡിംഗ്, വെയര്‍ ഹൗസിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ്, ഓര്‍ഡര്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നീ മേഖലകളിലും ശ്രദ്ധിക്കാന്‍ തുടങ്ങി.  ഈ രംഗത്തെ പുതുതലമുറ കമ്പനികള്‍ ഈ പ്രവൃത്തികളൊക്കെത്തന്നെ പുറംകരാര്‍ നല്‍കുന്ന പ്രവണതയിലേക്ക് നീങ്ങുകയാണ്.
സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന കണ്ണികളുടെ കാര്യക്ഷമമായ മാനേജ്‌മെന്റിനാണ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നുപറയുന്നത്.  അസംസ്‌കൃത വസ്തുക്കള്‍, പണിനടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തിയായതുമായ വസ്തുക്കള്‍- ഇവയുടെ ശേഖരണവും ഗതാഗതവും ഉല്പാദകനില്‍നിന്ന് ഉപഭോക്താവിലേക്ക്. വസ്തുക്കളുടെ ആവശ്യവും അതിനനുസരിച്ചുള്ള വിതരണവും ഇവിടെ പ്രധാനമാണ്.  ചിലര്‍ ലോജിസ്റ്റിക്‌സും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും ഒന്നായി കാണുമ്പോള്‍, മറ്റു ചിലര്‍ അതു വ്യത്യസ്ത പ്രവൃത്തികളായി കാണുന്നു.
സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന്റെ ഘടകങ്ങള്‍ ഇവയാണ്: (1) ഉപഭോക്തൃസേവനങ്ങളുടെ മാനേജ്‌മെന്റ് (2) ഉല്പന്നങ്ങളുടെ വികസനവും വിപണനവും (3) ഉല്പന്നങ്ങളുടെ സമ്പാദനം, നിര്‍മ്മാണസഹായം, വിതരണം (4) പ്രവൃത്തി വിലയിരുത്തല്‍ (5) പ്രവൃത്തികള്‍ പുറംകരാറിലൂടെ ചെയ്യിക്കുക.
ഇനി പറയുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്ന പ്രക്രിയ: (1) ഉപഭോക്തൃ ബന്ധങ്ങളുടെ മാനേജ്‌മെന്റ് (2) ഉപഭോക്തൃസേവനങ്ങളുടെ മാനേജമെന്റ് (3) ഡിമാന്‍ഡ് മാനേജ്‌മെന്റ് (4) ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുക (5) ഉല്പാദനപ്രക്രിയയുടെ ഒഴുക്ക് മാനേജ് ചെയ്യുക (6) വിതരണക്കാരുമായുള്ള ബന്ധങ്ങളുടെ മാനേജ്‌മെന്റ് (7) ഉല്പന്നങ്ങള്‍ വികസിപ്പിക്കുക, വിപണനം ചെയ്യുക (8) വരുമാനം മാനേജ് ചെയ്യുക.
ആഗോളമായി 2000-ല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് 23 ബില്യണ്‍ ഡോളറിന്റെ വ്യവസായമായിരുന്നുവെങ്കില്‍ 2005-ലത് 82 ബില്യണ്‍ ഡോളറിലെത്തി.  യഥാര്‍ത്ഥ സമയത്ത്, യഥാര്‍ത്ഥ സ്ഥലത്ത്, യഥാര്‍ത്ഥ വിലയ്ക്ക്, യഥാര്‍ത്ഥ അളവില്‍ സാധനങ്ങള്‍ എത്തിക്കുക.  അതാണ് കാതലായ വിഷയം.
അന്താരാഷ്ട്ര കണ്‍സല്‍ട്ടിംഗ് കമ്പനിയായ 'ക്രിസിലി'ന്റ കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ഫുഡ്, ഗ്രോസറി മേഖലയിലെ ഒഴിവാക്കാവുന്ന വാര്‍ഷിക സപ്ലൈ ചെയിന്‍ ചെലവുകള്‍ 1 ലക്ഷം കോടി രൂപയാണ്.  ഇതിന്റെ 57 ശതമാനവും 5 തട്ടില്‍വരെയുള്ള കമ്മീഷനുകളും ഒന്നിലധികം സംഭരണസംവിധാനങ്ങളും മൂലമുള്ളതാണ്. ഇതിന്റെ ഫലമായി ഇന്‍ഡ്യയില്‍ സാധനങ്ങളുടെ റീട്ടെയില്‍ വിലയുടെ 35-40 ശതമാനം മാത്രം കര്‍ഷകര്‍ക്ക് കിട്ടുമ്പോള്‍ അമേരിക്കയിലത് 60-65 ശതമാനമാണ്. ആത്യന്തികമായി കര്‍ഷകനു കൊടുക്കുന്ന വിലയുടെ 2.6 ഇരട്ടി കൊടുത്താണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നത്.
ഇന്‍ഡ്യയിലെ ആകെ പഴങ്ങളുടെയും പച്ചക്കറികളുടെയും 30 ശതമാനം ശീതീകരിച്ച സംഭരണികളുടെ അഭാവത്തില്‍ നഷ്ടപ്പെടുന്നു.  ഈ ഇനത്തില്‍ വാര്‍ഷികനഷ്ടം 50,000 കോടിരൂപയാണ്.  ഇന്‍ഡ്യയിലാകെ 3500 ശീതീകരിച്ച സംഭരണികളേ ഉള്ളൂ.
മദ്ധ്യവര്‍ത്തികളെ ഒഴിവാക്കിയും മികച്ച ഗതാഗതം വഴിയും ശീതീകരിച്ചതുള്‍പ്പെടെയുള്ള മികച്ച സംഭരണ സംവിധാനങ്ങളുടെ അഖിലേന്ത്യാ കണ്ണികള്‍ വഴിയും കാര്യങ്ങള്‍ മെച്ചപ്പെടുത്താം.
ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍
ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കാര്യക്ഷമതയില്ലാത്ത അവസ്ഥയിലാണ് കേരളത്തില്‍. നമ്മുടെ തീരദേശജില്ലകളിലെല്ലാം തുറമുഖങ്ങളും അതിനോടനുബന്ധിച്ച് ഗോഡൗണുകളും കോള്‍ഡ് സ്റ്റോറേജുകളും ഉയരണം.  അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറികളും മാംസവും മത്സ്യവും മറ്റ് ഉപഭോഗവസ്തുക്കളും കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരണം. 1895 കിലോമീറ്റര്‍ ജലപാതയും ഉപയോഗയോഗ്യമാകണം. ഇവയില്‍ 5 കിലോമീറ്റര്‍ ഇടവിട്ടെങ്കിലും ബോട്ട് ജെട്ടികള്‍ ഉയരണം. അവിടെയെല്ലാം യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും അടുക്കണം.  അടിസ്ഥാനസൗകര്യങ്ങളായ കോള്‍ഡ് സ്റ്റോറേജുകളും ഗോഡൗണ്‍ സൗകര്യങ്ങളും സൃഷ്ടിക്കപ്പെടണം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു കിലോ തക്കാളിക്ക് ബാംഗ്ലൂരില്‍ 11/2 രൂപ വിലയുള്ളപ്പോള്‍ കേരളത്തില്‍ 24 രൂപ കൊടുക്കേണ്ട ഗതികേട് ഉണ്ടാവില്ല (2005 നവംബറില്‍ ഇതു സംഭവിച്ചു). കേരളത്തില്‍ ഉള്‍നാടന്‍ ജലമാര്‍ഗ്ഗം 2005-ല്‍ കയറ്റിയിറക്കിയത് 13 ലക്ഷം ടണ്ണാണെങ്കില്‍ 2015-ലത് 130 ലക്ഷം ടണ്ണായി ഉയരണം.
400 ഗ്രാമീണവികസന തുരുത്ത്
ഈ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ഉറങ്ങിക്കിടക്കുന്ന നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവന്‍ കിട്ടും. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചുരുങ്ങിയത് 400 ചെറുകിട തുറമുഖവും ഗോഡൗണ്‍ സൗകര്യങ്ങളും സ്യഷ്ടിക്കപ്പെടും. കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളിലെ ഉല്പന്നങ്ങള്‍ ദേശീയ, അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലെത്താന്‍ ഇതു സഹായിക്കും.  റോഡുകളിലെ തിരക്ക് കുറയും. റോഡപകടങ്ങളും കുറയും, അന്തരീക്ഷമലിനീകരണം കുറയും, ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അങ്ങനെ 400 ഗ്രാമീണവികസന തുരുത്ത് സൃഷ്ടിക്കപ്പെടും. 

മാവേലിനാട്, ഡിസംബര്‍ 2006

No comments:

Post a Comment