ജീവിത ഗുണനിലവാരം വികസനവും വ്യക്തിയും സന്തോഷവും സന്തോഷം! മനുഷ്യരെല്ലാം ജീവിതത്തില്‍ ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും സന്തോഷമാണ്. എങ്കിലും യഥാര്‍ത്ഥ സന്തോഷം എങ്ങനെ സമ്പാദിക്കാമെന്ന് അപൂര്‍വ്വമായി മാത്രമേ മനുഷ്യനറിയുന്നുള്ളൂ. പുരാതന മനുഷ്യരുടെ മുതല്‍ ആധുനിക മനുഷ്യരുടെ വരെയുള്ളവരുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും; ആത്യന്തികമായി മനുഷ്യന്റെ എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യം സന്തോഷമാണെന്ന്. അതുകൊണ്ടു തന്നെ സന്തോഷം ഇന്നൊരു പഠനവിഷയമാണ്. സാമ്പത്തിക ശാസ്ത്രജ്ഞര്‍മുതല്‍ മനശ്ശാസ്ത്രജ്ഞര്‍ വരെ ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്.എഡ് ഡിനാര്‍ എന്ന അമേരിക്കന്‍ പ്രൊഫസ്സര്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്. ഒരു ചോദ്യമാണ് പ്രധാനമായി അദ്ദേഹം ജനങ്ങളോടു ചോദിച്ചത്. നിങ്ങളുടെ വര്‍ത്തമാനകാല ജീവിതാവസ്ഥയില്‍, വ്യക്തിപരമായ ചുറ്റുപാടുകളില്‍, തൊഴിലില്‍, ബന്ധങ്ങളില്‍ നിങ്ങള്‍ എത്രമാത്രം സംതൃപ്തനാണ്. ഉത്തരങ്ങള്‍ക്കു പൂജ്യംമുതല്‍ പത്തുവരെയുള്ള മാര്‍ക്ക് നല്‍കാം. പഠനഫലമനുസരിച്ച്; സന്തോഷം എന്നത് ഓരോ വ്യക്തിക്കും വളര്‍ത്താവുന്ന മനസ്സിന്റെ ഒരാന്തരികാവസ്ഥയാണ്. സമ്പത്ത്, പ്രശസ്തി, ജീവിതവിജയം തുടങ്ങിയ ബാഹ്യഘടകങ്ങള്‍ക്ക് ഭാഗികമായ പങ്കുമാത്രമേ സന്തോഷത്തിന്റെ കാര്യത്തിലുള്ളൂ. സമ്പത്തും സന്തോഷവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ലോര്‍ഡ് ലേയാര്‍ഡ് ദശാബ്ദങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; ആത്യന്തികമായി ജനങ്ങളുടെ സന്തോഷമാണ് സര്‍ക്കാരുകളുടെ ലക്ഷ്യമെങ്കില്‍ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് കാലാകാലങ്ങളില്‍ അന്വേഷിക്കേണ്ട ബാധ്യത ഓരോ സര്‍ക്കാരിനുമുണ്ട്. പൊതുവില്‍ എടുത്താല്‍ കലാപങ്ങളില്ലാത്ത, നല്ല നീതിന്യായ വ്യവസ്ഥിതിയുള്ള, ഭരണസ്ഥിരതയുള്ള സമ്പന്ന ജനാധിപത്യരാജ്യങ്ങളിലെ ജനങ്ങള്‍ സന്തുഷ്ടരാെണന്നു മനസ്സിലാക്കാന്‍ സാധിച്ചു. പണം ആവശ്യമായിരിക്കാം, പക്ഷേ, ഒരു പരിധിക്കപ്പുറം അതിനു വലിയ പ്രാധാന്യം കണ്ടില്ല. പാശ്ചാത്യരാജ്യങ്ങളുടെ കാര്യത്തില്‍ വാര്‍ഷിക ആളോഹരി വരുമാനമായ 10,000 പൗണ്ടുകൊണ്ടു (ഉദ്ദേശം 8 ലക്ഷം രൂപ) ജനങ്ങള്‍ തൃപ്തരാെണന്നു കണ്ടു. 2007 ജനുവരിയില്‍ 'ഇക്കണോമിസ്റ്റ്' എന്ന ആഗോളപ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനഫലം അനുസരിച്ച് ആളോഹരിവാര്‍ഷികവരുമാനം 20,000 ഡോളര്‍വരെ വരുമാനവര്‍ദ്ധനവിനനുസരിച്ച് സന്തോഷവും വര്‍ദ്ധിക്കും. വ്യക്തിയും പൊരുത്തക്കേടുകളും നമ്മുടെ മനസ്സിന്റെ സുഖാവസ്ഥയെക്കുറിച്ചു പഠിക്കുമ്പോള്‍ ഒരു വ്യക്തി തന്റെ തൊഴിലുമായും തനിക്കുചുറ്റുമുള്ള മനുഷ്യരുമായും തന്നോടുതന്നെയും പൊരുത്തപ്പെടുന്നതിനെ ആശ്രയിച്ചിരിക്കും ആ വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം. ആത്മഹത്യപ്രവണത, മനസ്സിന്റെ തകര്‍ച്ച (Depression) തുടങ്ങിയവയൊക്കെ പൊരുത്തക്കേടുകളില്‍ നിന്നുടലെടുക്കുന്നവയാണ്. സുഹൃത്തുക്കളുടെ പ്രാധാന്യം ഏതു വിഷയത്തിലും മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമായ പ്രവണതയാണ്. നമുക്ക് എത്രപണമുണ്ട് എന്നതിനെക്കാള്‍ പ്രധാനമാണ് നമുക്ക് എത്ര സുഹൃത്തുക്കളു ണ്ട് എന്നത്. പഠനങ്ങള്‍ തെളിയിക്കുന്നത്; ഒരു അമ്മായിഅമ്മ ഇല്ലാത്തതിനെക്കാള്‍ നല്ലതാണ് അമ്മായിഅമ്മ ഉള്ളത് എന്നാണ.് ചിലരുടെ കാര്യത്തിലെങ്കിലും കുട്ടികളുള്ളത് ചെറിയതോതില്‍ സന്തോഷം കെടുത്തും; കാരണം, കുട്ടികളുടെ സാമീപ്യം നല്‍കുന്ന സന്തോഷം കെടുത്തുന്നതായിരിക്കും ജീവിതം നല്‍കുന്ന മനോവിഷമങ്ങളും തൊഴിലിലെ ആകുലതകളും.വിവാഹവും ആയുസ്സും വിവാഹത്തിന്റെ ഫലമായി പുരുഷന്റെ ആയുസ്സ് 7 വര്‍ഷവും സ്ത്രീയുടേത് 5 വര്‍ഷവും ദീര്‍ഘിക്കും. ആത്യന്തികമായി സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്ന ഒരു സാമൂഹ്യജീവിയാണു മനുഷ്യന്‍. ധാരാളം നല്ലസുഹൃത്ബന്ധങ്ങളുള്ളവര്‍ക്ക് ബാക്ടീരിയ, വൈറസ് തുടങ്ങി ഏതുരോഗാണുക്കളെയും ചെറുക്കാനുള്ള കരുത്തുണ്ടാവും. രണ്ടു കാരണത്താല്‍ മതത്തിനും നമ്മുടെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും: മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ നല്‍കുന്ന സംതൃപ്തി, സ്വന്തം താത്പര്യത്തിനുപരിയായി സമുദായത്തിന്റെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ നല്‍കുന്ന സംതൃപ്തി എന്നിവയാണവ. ഏറ്റവും പ്രധാനം പ്രയോജനമുള്ള പ്രവൃത്തിയില്‍ മുഴുകുക, മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കുക എന്നിവയാണ്. മക്കളെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍ ഡോ. മാഡലിന്‍ ലെവിന്‍ എന്ന പ്രശ്‌സ്ത അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ ചില കണ്ടുപിടിത്തങ്ങള്‍ ('ദി പ്രൈസ് ഓഫ് പ്രിവിലേജ്' എന്ന പുസ്തകത്തില്‍നിന്ന്) നമ്മുടെ മധ്യവര്‍ഗ്ഗത്തിലുള്ള മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ബാധകമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് മക്കളെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷകളും അതു കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഭയാനകമാണ്. പുറമെ വികാസം പ്രാപിച്ചവരെന്നു തോന്നാമെങ്കിലും ഈ കുട്ടികള്‍ ദുഃഖിതരും ഏകാന്തതാബോധമുളളവരും ആത്മവിശ്വാസമില്ലാത്തവരുമാണ്. ഇത്തരം കുട്ടികള്‍ സാധാരണ കുട്ടികളെക്കാള്‍ മൂന്നിരട്ടി ഉത്കണ്ഠയും ഡിപ്രഷനും ഉള്ളവരാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിപ്പെടാനും ആത്മഹത്യപ്രവണതയിലേക്ക്‌നീങ്ങാനും സ്വയം വെറുക്കുന്നതിനും സാദ്ധ്യതയുമുണ്ട്. നമ്മുടെ കുട്ടികള്‍ എല്ലാവിഷയങ്ങളിലും പ്രവൃത്തികളിലും മിടുക്കരായിരിക്കണമെന്ന മോഹം നല്ലതല്ല. കുട്ടികള്‍ക്കു കുറച്ച് സ്വാതന്ത്ര്യം കൊടുക്കുക. അവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടാതിരിക്കുക. സ്വാതന്ത്ര്യം നല്‍കുന്നതുവഴി കുട്ടികള്‍ ഓരോ സാഹചര്യത്തെയും ഏങ്ങനെ നേരിടണമെന്ന് മനസ്സിലാക്കും; അവര്‍ ആരാണെന്നും, ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും അവര്‍ക്ക് ബോധവും ഉണ്ടാകും. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളൊക്കെ സൗജന്യമാണ്! ബ്രിട്ടനിലെ നോട്ടിംഗ് ഹാം യൂണിവേഴ്‌സിറ്റിയിലെ ഡോ. റിച്ചാര്‍ഡ് ടണ്ണിയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ സന്തോഷവിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിയ പഠനഫലം അനുസരിച്ച് സന്തോഷമുള്ള ജീവിതത്തിന്റെ രഹസ്യം പിരിമുറുക്കങ്ങളില്ലാതെ വിശ്രമിക്കാന്‍ സാധിക്കുക എന്നതാണ്. ഒരു വ്യക്തിക്ക് അയാള്‍ക്കാവശ്യമുള്ള എന്തും വാങ്ങാന്‍ സാമ്പത്തികമുണ്ടെങ്കിലും പണം മുടക്കാതെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന പലതുമാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ഒറ്റരാത്രികൊണ്ടു നമ്മള്‍ കോടിപ്രഭുആയാലും ജീവിതത്തില്‍ ഏറ്റവുംസന്തോഷംനല്‍കുന്നത് കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും. വിശാലമായൊരു കുളി, എല്ലാം മറന്നുള്ള ഉച്ചയുറക്കം, അത്താഴത്തിനുശേഷമുള്ള ഉല്ലാസകരമായ നടത്തം ഇവയൊക്കെ സൗജന്യമാണന്നു മാത്രമല്ല, ഏറ്റവും സന്തോഷപ്രദവുമാണ്. 20 ലക്ഷം രൂപവീതം വാര്‍ഷിക വരുമാനമുള്ള 120 പേരെയും 3 കോടിരൂപ വീതം ലോട്ടറി കിട്ടിയ 62 പേരെയും ഡോ. റിച്ചാര്‍ഡ് പഠന വിധേയമാക്കി. ജീവിതത്തിന്റെ ഓരോ മേഖലയിലും നിങ്ങള്‍ എത്ര സംതൃപ്തരാണ്, എത്ര ഇടവേളകളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ സുഖിപ്പിച്ചു, എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു; ഒപ്പം അവരുടെ മാനസികാവസ്ഥയും പഠനവിധേയമാക്കി. സാധാരണ ശമ്പളക്കാര്‍ക്കൊപ്പം, ലോട്ടറികിട്ടിയവര്‍ക്കും ഏറ്റവും സന്തോഷം നല്‍കിയ കാര്യങ്ങള്‍ നല്ല സംഗീതവും നല്ല പുസ്തകവും നല്ല ഒരു കുപ്പി വൈനും ഒക്കെ ആയിരുന്നു. സമ്പത്തിനു പുറത്തുള്ള കാര്യങ്ങള്‍ അക്കാദമിക് മേഖലയില്‍ പല വിദഗ്ദ്ധരും നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത് സമ്പത്തും വ്യക്തിസന്തോഷവുമായുള്ള ബന്ധത്തിന് ഒരു പരിധിയുണ്ട് എന്നാണ്. ആ പരിധി ഒരു പക്ഷേ കാല ദേശങ്ങള്‍ക്കനുസരിച്ച് മാറിയെന്നുവരാം. എങ്കിലും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞാല്‍പ്പിന്നെ സമ്പത്തില്‍നിന്ന് ലഭിക്കാവുന്ന സന്തോഷത്തിനു പരിധിയുണ്ട്. ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട പല സര്‍വ്വേകളിലും നാലില്‍ മൂന്നുപേരുടെയും ഉത്തരങ്ങളിലും സമ്പത്തിനു പുറത്തുള്ള കാര്യങ്ങളായിരുന്നു സന്തോഷത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹോളണ്ട് മുതലായ രാജ്യങ്ങളില്‍ ജനങ്ങള്‍ സന്തോഷത്തിന്റെ കാര്യത്തില്‍ സമ്പത്ത് ഒരു വിഷയമേ അല്ലെന്നു പറഞ്ഞപ്പോള്‍ ഇറ്റലി, ഡെന്മാര്‍ക്ക്, അയര്‍ലണ്ട് മുതലായ രാജ്യങ്ങളിലെ ജനങ്ങള്‍ സമ്പത്തിന് 7-ാം സ്ഥാനവും 8-ാംസ്ഥാനവുമാണ് നല്‍കിയത്. ആരോഗ്യം, സന്തോഷകരമായ വിവാഹജീവിതം ഇവയൊക്കെയാണ് അവര്‍ക്ക് പ്രധാനം. കല്‍ക്കത്തയിലെ തെരുവുകളില്‍ ജീവിക്കുന്ന ഭവനരഹിതരോട് ജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ലോകത്തേറ്റവും അസംതൃപ്തര്‍ അവരായിരുന്നുവെങ്കില്‍ അതേ മനുഷ്യരെത്തന്നെ കല്‍ക്കത്തയിലെ ഒരു ചേരിയിലേക്ക് മാറ്റിപാര്‍പ്പിച്ചപ്പോള്‍ അവരുടെ സംതൃപ്തിനിലവാരം ഇരട്ടിച്ചു- അതായത് 47 രാജ്യത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ നിലവാരത്തിലേക്കുയര്‍ന്നു അവരുടെ ജീവിതസംതൃപ്തിനിലവാരം. പൊങ്ങച്ചക്കാരുടെ ലോകം സമ്പന്നരെ സംബന്ധിച്ചിടത്തോളം, സമ്പത്തു വര്‍ദ്ധിക്കുന്നതിനനുസരിച്ച് സാധാരണക്കാരില്‍നിന്ന് അവരെ വേര്‍തിരിച്ചുകാണുന്നതിനുള്ള വ്യഗ്രതയും വര്‍ദ്ധിക്കും. അബ്രഹാം മാസ്‌ലോ എന്ന മനശ്ശാസ്ത്രജ്ഞന്‍ 'ഹയറാര്‍ക്കി ഓഫ് നീഡ്‌സ്' എന്ന പേരില്‍ വ്യക്തികളുടെ സന്തോഷത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പഠനം ഇപ്പോഴും എത്രയോ പ്രസക്തമാണെന്ന് വര്‍ത്തമാനകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സമ്പന്നര്‍മാത്രം കഴിക്കുന്ന ഒരു കുപ്പി വൈനിന്റെ വില 2006-ലെ 3 ലക്ഷം രൂപയില്‍നിന്ന് 4.5 ലക്ഷത്തിലെത്തി 2007 ആയപ്പോള്‍. വാറന്‍ ബഫറ്റ് എന്ന ലോകത്തെ 2-ാമത്തെ സമ്പന്നനുമായി ഒരു നേരം ഭക്ഷണം കഴിക്കുന്നതിനുള്ള ടിക്കറ്റിന്റെ വില 2006-ലെ 2.5 കോടിരൂപയില്‍നിന്ന് 2.6 കോടിയിലെത്തി 2007-ല്‍. ലണ്ടനിലെ ഹാരോഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റില്‍ സ്വര്‍ണ്ണനിര്‍മ്മിതവും വജ്രം പതിച്ചതുമായ പാചകത്തിനുള്ള ചട്ടിയും കലവും വാങ്ങാന്‍ കിട്ടും. ധാരാളം പ്രത്യേകതകളും ദശലക്ഷങ്ങള്‍ വിലയുമുള്ള ശവപ്പെട്ടികളും മാര്‍ക്കറ്റിലുണ്ട്. പൊങ്ങച്ചക്കാര്‍ക്കു മാത്രമുള്ള ഇത്തരം സാധനങ്ങള്‍ അമേരിക്കയില്‍മാത്രം 1.4 ലക്ഷംകോടി ഡോളറിനാണ് ഒരു വര്‍ഷം വില്‍ക്കുന്നത്. വികസനത്തിന്റെ അളവുകോലുകള്‍ വികസനവും സന്തോഷവും ആപേക്ഷികമാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും അളവുകോലുകളും വ്യത്യസ്തമാണ്. ഭൗതികവും ആത്മീയവുമായ തലത്തില്‍ രണ്ടിനെയും വീക്ഷിക്കാം. ഗ്രാമീണവും നാഗരികവുമായ പശ്ചാത്തലത്തില്‍ കാണാം. ദരിദ്ര, വികസ്വര, വികസിത രാഷ്ട്രപശ്ചാത്തലങ്ങളില്‍ വീക്ഷിക്കാം. അപ്പോഴെല്ലാം മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കും. ദാരിദ്ര്യവും സമ്പത്തും ആപേക്ഷികമാണ്. നമ്മുടെ സങ്കല്പങ്ങള്‍ക്കും കാലദേശാന്തരങ്ങള്‍ക്കുമനുസരിച്ച് അവ മാറിക്കൊണ്ടിരിക്കും. ജീവിതഗുണനിലവാരം ആത്മീയം പ്രസംഗിക്കുന്നവര്‍പോലും ഭൗതികസുഖങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ.് ഈ പരക്കംപാച്ചിലിനിടയില്‍ നമ്മള്‍ വിസ്മരിക്കുന്ന ഒരു സത്യമുണ്ട്; ജീവിതഗുണനിലവാരം (Quality of life). നമ്മുടെ നാട്ടിന്‍പുറത്ത് 500രൂപ മാസവരുമാനമുള്ള ഒരാള്‍ക്ക,് അതേ ജീവിതഗുണനിലവാരം ബാംഗ്ലൂരിലോ ബോംബെയിലോ കിട്ടണമെങ്കില്‍ ഒരുപക്ഷേ, പതിനായിരമെങ്കിലും ചുരുങ്ങിയത് കിട്ടണം. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികളില്‍ 60 ശതമാനത്തിനും മാസവരുമാനം 6000 രൂപയില്‍ താഴെയാണ്. ജീവിതഗുണനിലവാരത്തകര്‍ച്ച ഈ വ്യക്തികളില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം പഠനവിഷയമാക്കണം. ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ ആത്മഹത്യനിരക്ക് വളരെ ഉയര്‍ന്നതാണ്. എന്തുകൊണ്ടാണിത്? നാട്ടില്‍ വസിക്കുന്ന അവരില്‍ ചിലരുടെ ഭാര്യമാര്‍ക്കിടയില്‍ കണ്ടുവരുന്ന മാനസികരോഗമാണ് 'ഗള്‍ഫ് സിന്‍ഡ്രം'. ജീവിതഗുണനിലവാരത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പഠിക്കേണ്ട വിഷയങ്ങളാണിവ. കേരളീയസമൂഹം ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ പരക്കംപായുകയാണ്. ഉയര്‍ന്ന ആത്മഹത്യനിരക്കും മാനസികരോഗങ്ങളും വിവാഹമോചനനിരക്കും അതിന്റെ ലക്ഷണങ്ങളാണ്. ഐ.ടി.ജോലിയും ജീവിതഗുണ നിലവാരവും ഈ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ സ്വപ്‌നമാണ,് ഹരമാണ് ഐ.ടി. ജോലി. ഐ.ടി കമ്പനികള്‍ക്കാവശ്യം ഇരുപതുകഴിഞ്ഞ കഴിവും യോഗ്യതയുമുള്ള ചെറുപ്പക്കാരെയാണ്. നല്ലതുപോലെ ശമ്പളം നല്‍കും. പകരം കമ്പനിക്കാവശ്യം 16-18 മണിക്കൂര്‍ നേരത്തെ അദ്ധ്വാനമാണ്. ഇത് ഒരുപക്ഷേ വീട്ടിലിരുന്നും ഓഫീസിലിരുന്നുമാവാം. സാമ്പത്തികശാസ്ത്രത്തില്‍ ഒരു തത്ത്വമുണ്ട്; ഒരു വരുമാനവുമില്ലാത്ത വ്യക്തി വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ കുറച്ചുനാള്‍ പഴയരീതിയില്‍ ജീവിക്കും. അതുകഴിയുമ്പോള്‍ പുതിയവരുമാനത്തിനൊപ്പിച്ചുള്ള ജീവിതശൈലി തുടങ്ങും. കണ്ടമാനം കാശ് കൈയിലുള്ളപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങും. ചുരുക്കത്തില്‍ ജോലിയും ജോലിനല്‍കുന്ന വരുമാനവും ഒരു മായികലോകം സൃഷ്ടിക്കും - ഒരു അഡിക്ഷന്‍. ഈ അഡിക്ഷനാണ് കമ്പനികള്‍ മുതലെടുക്കുന്നത്. ഈ ആശ്രിതത്വം ഒരുവശത്ത്, ജോലിയുടെ വെല്ലുവിളികള്‍ മറുവശത്ത്. ഇതിനു രണ്ടിനുമിടയില്‍പ്പെട്ട വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും പുറംലോകം അറിയുന്നതേയില്ല. ഒരുപക്ഷേ, ജീവിതപങ്കാളിപോലും. പുറംലോകം അറിയുന്നത് ലക്ഷങ്ങളുടെ ശമ്പളത്തെക്കുറിച്ചും വര്‍ണ്ണശബളമായ ജീവിതത്തെക്കുറിച്ചും മാത്രമാണ്. ഈ അദ്ധ്വാനഭാരവും പിരിമുറുക്കങ്ങളും താങ്ങാനാവാതെ ചിലരുടെയെങ്കിലും മനസ്സിന്റെ താളം തെറ്റാറുണ്ട്. അതൊരു നെര്‍വസ് ബ്രേക്ക്ഡൗണില്‍ (Nervous Breakdown) എത്തുമ്പോഴായിരിക്കും പുറംലോകം അറിയുന്നത്. ഇനി ഈ വെല്ലുവിളികളും മാനസിക പിരിമുറുക്കങ്ങളും അതിജീവിച്ച് ജോലിയില്‍ തുടരുന്നവരുടെ സ്ഥിതി എന്താണ്? ഏകദേശം 40-45 വയസ്‌കഴിഞ്ഞാല്‍ ഇവര്‍ ഒന്നിനുംകൊള്ളാത്ത കരിമ്പിന്‍ ചണ്ടിപോലെയാകുന്നു. ഈ യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ കമ്പനികളും ഈ കൂട്ടരെ എങ്ങനെയും ഒഴിവാക്കും. ഇതാണ് വര്‍ത്തമാനകാല കോര്‍പ്പറേറ്റ് കള്‍ച്ചര്‍. തീരുമാനങ്ങള്‍ക്കു മുമ്പ് ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍, പണത്തിനും പദവിക്കുമുപരി ജീവിതഗുണനിലവാരംകൂടി കണക്കിലെടുക്കണം. ആത്യന്തികമായി നമുക്ക് ജീവിതത്തിലെന്താണു വേണ്ടത്? ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോ വ്യക്തിയും കണ്ടുപിടിക്കണം. രാഷ്ട്രപുരോഗതിയുടെ അളവുകോലുകള്‍ ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ അളവുകോലാണ് ജി.ഡി.പി, ആളോഹരി ജി.ഡി.പി. മുതലായവ. 1960-കളില്‍ത്തന്നെ ഈ അളവുകോലിന്റെ പൂര്‍ണ്ണത ചോദ്യം ചെയ്യപ്പെട്ടു. 1990-കളായപ്പോള്‍ പല പുതിയ അളവുകോലുകളും ഉരുത്തിരിഞ്ഞുവന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് ജി.ഡി.പി. (പി.പി.പി) ജീവിത വിലസൂചികയിലെയും ജീവിത നിലവാരത്തിലെയും വ്യത്യാസങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ജി.ഡി.പി. തിരഞ്ഞെടുത്ത കുറച്ചുസാധനങ്ങളുടെയും സേവനങ്ങളുടെയും ഓരോ രാജ്യത്തെയും വിലയുടെ അടിസ്ഥാനത്തിലുള്ള ആളോഹരിവരുമാനം. ആളോഹരി ജി.ഡി.പി. യില്‍ 2004-ല്‍ ഒന്നാംസ്ഥാനം 69737 ഡോളറുള്ള ലക്‌സംബര്‍ഗിനാണെങ്കില്‍ 622 ഡോളറുമായി 133-ാം സ്ഥാനമാണ് ഇന്‍ഡ്യയ്ക്ക്. ജി.ഡി.പി. (പി.പി.പി.)യുടെ കാര്യത്തിലും 63609 ഡോളറുമായി ഒന്നാം സ്ഥാനം ലക്‌സംബര്‍ഗിനാണെങ്കില്‍ 3080 ഡോളറുമായി 125-ാം സ്ഥാനമാണ് ഇന്‍ഡ്യയ്ക്ക്. ജി.ഡി.പി. എന്ന അളവുകോലിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത് വീട്ടിലെ ജോലികള്‍ക്കും കുട്ടികളെയും വൃദ്ധരെയും അന്വേഷിക്കുന്നതിനും ചെലവാക്കുന്ന സമയത്തിന് വിലകല്പിക്കുന്നില്ല എന്നതാണ്. കൂടാതെ കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും വ്യക്തി ചെലവാക്കുന്ന സമയത്തിനും വില കല്പിക്കുന്നില്ല. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് പിന്നീട് ഉരുത്തിരിഞ്ഞ അളവുകോലാണ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (HDI). ഇവിടെ പ്രധാനമായി മൂന്നുകാര്യങ്ങളാണ് കണക്കിലെടുക്കുന്നത്; (1) ആയുര്‍ദൈര്‍ഘ്യം, (2) വിദ്യാഭ്യാസ നേട്ടങ്ങള്‍, (3) മാന്യമായ ജീവിത നിലവാരം പുലര്‍ത്തുന്നതിന് ആവശ്യമുള്ള വിഭവങ്ങളിന്മേലുള്ള ആധിപത്യം എന്നിവയാണ്. ഇവിടെ പ്രധാന വിഷയം, ഒരു ദരിദ്രനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നവരുമാനം അയാളുടെ സ്വപ്നങ്ങളിലുള്ള വസ്തുക്കളും സേവനങ്ങളും സമ്പാദിക്കാന്‍ സഹായിക്കും. പക്ഷേ, ഉയര്‍ന്നവരുമാനം മനുഷ്യന്‍ വിലമതിക്കുന്ന മറ്റുപലതും നേടാന്‍ സഹായിച്ചെന്നുവരില്ല. മനുഷ്യന്റെ ആത്യന്തികമായ വികസനത്തിന് പ്രധാനമായ മറ്റുകാര്യങ്ങള്‍കൂടി പരിഗണിക്കണം. അതില്‍ പ്രധാനമാണ് മനുഷ്യാവകാശം, രാഷ്ട്രീയസ്വാതന്ത്ര്യം, പരിസരമലിനീകരണം, സുരക്ഷിതത്വം, കുറ്റകൃത്യങ്ങള്‍, കുടുംബകലഹങ്ങള്‍, വിദ്യാഭ്യാസനിലവാരം, ആരോഗ്യസുരക്ഷാനിലവാരം തുടങ്ങിയവ. ഐക്യരാഷ്ട്രസഭ 2005-ല്‍ പുറത്തിറക്കിയ ഹ്യൂമന്‍ ഡെവലപ്‌മെന്റ്ഇന്‍ഡക്‌സ് അനുസരിച്ച് 0.950 പോയിന്റ്‌നേടിയ നോര്‍വേയ്ക്കാണ് ഒന്നാംസ്ഥാനം. ഈ ലോകത്ത് ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്ന 20 രാജ്യത്തിന്റെ കൂട്ടത്തിലും ജീവിക്കാന്‍ തീരെകൊള്ളാത്ത 20 രാജ്യത്തിന്റെ കൂട്ടത്തിലും ഇന്‍ഡ്യയില്ല. ജീവിക്കാന്‍ തീരെ കൊള്ളാത്ത രാജ്യം നൈജീരിയയാണ്. 0.600-0.649 പോയിന്റ് നേടി ഇന്‍ഡ്യ ഇതിനിടയിലൊരു സ്ഥാനം നേടി. ഭൂട്ടാനും ഗ്രോസ് നാഷണല്‍ ഹാപ്പിനസും ഈ രംഗത്ത് പുതിയതായി ഉരുത്തിരിഞ്ഞ സംഭാവനയാണ് ജി.എന്‍.എച്ച്. (ഗ്രോസ് നാഷണല്‍ ഹാപ്പിനസ്). പണത്തിനുപരി വ്യക്തിയുടെ സന്തോഷമാണ് ഇവിടെ പ്രധാനം. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ ദേശീയ നയമാണിത്. ഭൗതികമല്ലാത്ത കാഴ്ചപ്പാടിലൂടെയാണ് ഇവിടെ കാര്യങ്ങള്‍ കാണുന്നത്. ജി.എന്‍.എച്ചിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്: (1) നിലനില്‍ക്കുന്നതും തുല്യതയിലധിഷ്ഠിതവുമായ (സാമൂഹികസമത്വം) സാമൂഹിക സാമ്പത്തിക പുരോഗതി (2) പരിസരസംരക്ഷണം, പ്രകൃതിയുമായി സൗഹാര്‍ദ്ദത്തിലുള്ള ജീവിതം (3) സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണവും വികാസവും (4) നല്ല ഭരണം. ആത്യന്തികമായി ആത്മീയമായ ഔന്നത്യങ്ങള്‍ കീഴടക്കുക. വന്വേതു: ഭൂമിയിലെ സ്വര്‍ഗ്ഗം 'ന്യൂ ഇക്കണോമിക് ഫൗണ്ടേഷന്‍', 'ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്' എന്നീ സംഘടനകള്‍ 178 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനത ശാന്തസമുദ്രത്തിന്റെ തെക്കുഭാഗത്തുള്ള 'വന്വേതു' (Vanuatu) എന്ന ദ്വീപു നിവാസികളാണ്. ഏറ്റവും അസന്തുഷ്ടര്‍ ബ്രിട്ടന്‍ (108), അമേരിക്ക (150), റഷ്യ (172) മുതലായ രാജ്യങ്ങളിലുള്ളവരാണ്. എന്താണ് ഈ ദ്വീപുനിവാസികളുടെ പ്രത്യേകത? അവിടത്തെ ജനങ്ങളുടെ സന്തോഷത്തിനു പ്രധാനകാരണം, അവര്‍ക്കുള്ള തുച്ഛമായ കാര്യങ്ങള്‍കൊണ്ട് അവര്‍ തൃപ്തരാണ് എന്നതാണ്. ഒരു ഉപഭോഗ സമൂഹമേ അല്ല. കുടുംബങ്ങള്‍ക്കും സമൂഹത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. വ്യക്തികളില്‍ മനോവിഷമം വളരെ കുറവാണ്. അതുകൊണ്ട് ദീര്‍ഘായുസ്സുകളുമാണ് (ശരാശരി ആയുര്‍ ദൈര്‍ഘ്യം 70 വയസ്സ്). അന്നന്നുള്ള കാര്യംമാത്രം കേന്ദ്രീകരിച്ചുള്ളതാണ് ജീവിതം. ഭൂമിക്കും പരിസരത്തിനും യാതൊരു നാശവും വരുത്താതെയുള്ള ജീവിത ശൈലി. സന്തോഷവും ആരോഗ്യവും പൗരന്മാരുടെ ജീവിതത്തിലെ സന്തോഷം, സംതൃപ്തി ഈ വിഷയങ്ങളില്‍ 178 രാജ്യത്ത് 80,000ത്തില്‍പ്പരം ആളുകളില്‍ നടത്തിയ 100-ലധികം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏഡ്രിയന്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞന്‍ (യൂണിവേഴ്‌സിറ്റി ഓഫ് ലൈസെസ്റ്റര്‍) തയ്യാറാക്കിയ പട്ടിക അനുസരിച്ച് സന്തോഷമുള്ള ജനതയുടെ കാര്യത്തില്‍ ഇന്‍ഡ്യയ്ക്ക് 125-ാം സ്ഥാനമാണ്. ഡെന്‍മാര്‍ക്കിനാണ് ഒന്നാംസ്ഥാനം. ചൈനയ്ക്ക് 82-ാം സ്ഥാനവും ജപ്പാന് 90-ാം സ്ഥാനവുമാണ്. അമേരിക്ക 23, യു.കെ.41, ഫ്രാന്‍സ്62, റഷ്യ 167, ബുറുന്‍ഡി 178 എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. സന്തോഷത്തിന്റെ ഏറ്റവും പ്രധാനകാരണമായി ജനം കാണുന്നത് ആരോഗ്യമാണ്. അതുകഴിഞ്ഞേയുളളൂ സമ്പത്തും വിദ്യാഭ്യാസവും. ഒരു രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കാന്‍ ജി.ഡി.പി.യും ആളോഹരിവരുമാനവും ജനതയുടെ സന്തോഷത്തിന്റെ ഇന്‍ഡക്‌സും കാണിക്കുന്ന കാലം വിദൂരമല്ല. കേരളവും ജനതയുടെ സന്തോഷവും കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ചകളില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും സന്തോഷം പ്രധാന വിഷയമാകണം. ആരോഗ്യവിഷയത്തില്‍ ജനങ്ങള്‍ കല്പിക്കുന്ന പ്രാധാന്യം ഭരണാധികാരികള്‍ക്കൊരു ചൂണ്ടുപലകയാണ്. പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളുമില്ല. സമത്വമില്ലാത്ത സമൂഹത്തില്‍ സമാധാനം കാണില്ല. വ്യക്തികളും അണുകുടുംബങ്ങളും സ്വാര്‍ത്ഥതയുടെ തുരുത്തുകളായി അധഃപതിക്കുന്ന കേരളത്തില്‍ സന്തോഷത്തിനും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനും നല്ല ഉപാധിയാണ് കൂട്ടായ്മകള്‍. നിസ്വാര്‍ത്ഥ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളും ഇതിന് ഉപയുക്തമാണ്. ഭരണം ഒരു നിയോഗമാണ്. അതിന്റെ വിനിയോഗം ചരിത്രവും. നമ്മളെ ഭരിക്കാന്‍ നിയോഗം കിട്ടുന്നവര്‍ക്ക് വ്യക്തികളുടെ സന്തോഷത്തെക്കുറിച്ച് ഒരു സ്വപ്നം (Vision) ഉണ്ടായിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. വികസനവും സമൂഹവും പ്രശ്‌സത ജര്‍മ്മന്‍ തത്ത്വചിന്തകനായ ഹെഗലിന്റെ (1770-1831) കാഴ്ചപ്പാടിലൂടെ സിദ്ധാന്തങ്ങളും ലോകവ്യവസ്ഥിതിയും തമ്മിലുളള ബന്ധത്തെ നിര്‍വ്വചിക്കാം. ഒരു കാലഘട്ടത്തില്‍ ഒരു ദേശത്ത് നിലവിലിരിക്കുന്ന വ്യവസഥിതിയെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കിയാല്‍ കാലം മാറുന്നതിനനുസരിച്ച് ഈ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ശക്തികള്‍ ഉരുത്തിരിയും. അങ്ങനെ നിലവിലിരുന്ന വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങള്‍ക്ക് പരിഹാരമെന്നോണം ഒരു പുതിയ വ്യവസ്ഥിതി നിലവില്‍ വരും. കാലക്രമേണ നിലവിലിരുന്നതും പുതിയതും തമ്മില്‍ സംഘട്ടനം ഉടലെടുക്കും. തത്ഫലമായി വീണ്ടും ഒരു പുതിയ വ്യവസ്ഥിതി നിലവില്‍ വരും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. ബ്രിട്ടീഷ് ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബിയുടെ (1889-1975) മനുഷ്യസമൂഹങ്ങളുടെ ചരിത്രവിശകലനം എന്ന പഠനത്തിലും സമാനമായ ചിന്താഗതിയുടെ സ്വാധീനം കാണാം. ചരിത്രം നിശ്ചലമല്ല എന്ന സിദ്ധാന്തം തെളിയിച്ചതിനുശേഷം പുരോഗതിയുടെ ചലനാത്മകതയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു. നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ശക്തികളും ഈ വെല്ലുവിളികളോടുളള സമൂഹത്തിന്റെ പ്രതികരണവും ഉള്‍പ്പെടുന്നതാണ് പുരോഗതിയുടെ ചലനാത്മകത. 18 -ാം നൂറ്റാണ്ട് തൊട്ട് നിലവില്‍വന്ന മുതലാളിത്തവ്യവസ്ഥിതിയുടെ ക്രൂരമായ മുഖങ്ങളാണ് കാറല്‍ മാര്‍ക്‌സ് എന്ന ചരിത്രപുരുഷനെ സൃഷ്ടിച്ചത്. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടുപോലും മാര്‍ക്‌സിസത്തിന് വളക്കൂറുളള മണ്ണായി. മുതലാളിത്തവും സോഷ്യലിസവും തമ്മിലുളള സംഘട്ടനം മിക്‌സഡ് ഇക്കോണമിക്ക് വഴിതെളിച്ചു. സോഷ്യലിസത്തിന്റെ, കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ ഉടലെടുത്ത റീഗണോമിക്‌സ് ലോകഗതി മാറ്റിമറിച്ചു. വര്‍ത്തമാനകാല ആഗോളസാമ്പത്തികമാന്ദ്യം റീഗണോമിക്‌സിന് അന്ത്യം കുറിക്കുമോ? പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനങ്ങളില്ലാത്ത വികസനത്തിന് കേരളം ഊന്നല്‍ കൊടുക്കണം. 20 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ അമേരിക്കന്‍ സ്വാധീനത്തിലുളള ലോകബാങ്ക് ലോകമാകെയുളള രാജ്യങ്ങളുടെ സാമ്പത്തികനയങ്ങളെ സ്വാധീനിക്കുവാന്‍ തുടങ്ങി. ഇതിന്റെ ഫലമായി അമേരിക്കയും ഇതരലോകരാജ്യങ്ങളും തമ്മിലുളള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെ ലോകമാസകലം അമേരിക്കന്‍ സാമ്പത്തികനയങ്ങള്‍ പിന്തുടരാന്‍ തുടങ്ങി. അമേരിക്കന്‍ മോഡലിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ധാരാളം ഭൂമിയും (ലോകജനസംഖ്യയുടെ 4% ത്തിന് 16% ഭൂമി) വിഭവങ്ങളും, നഗരകേന്ദ്രീകൃത ഉത്പാദനം, വിതരണം, വികസനം. എന്തും വലിയ രീതിയില്‍ ചെയ്യുന്നതാണ് നല്ലതെന്ന സങ്കല്പം. വലിയ കാറുകള്‍, വലിയ വീടുകള്‍. ആരോഗ്യത്തിനായി ചെലവാക്കുന്ന പണത്തിന്റെ വലുപ്പമാണ് ആരോഗ്യത്തിന്റെ അളവുകോലായി കണക്കാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ എത്രവര്‍ഷം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചെലവിട്ടു എന്നതിനെ ആശ്രയിച്ചും. ഭൗതികമായി ഒരാളിന്റെ വലുപ്പത്തിന്റെ അളവുകോലായി കണക്കാക്കുന്നത് കാറിന്റെയും വീടിന്റെയും വലുപ്പമാണ്. അമേരിക്കന്‍ ജീവിതരീതിയെ രണ്ട് തലത്തില്‍ വിലയിരുത്താം : സാമൂഹികബന്ധങ്ങള്‍ക്ക് പകരക്കാരനായി സാമ്പത്തികബന്ധങ്ങള്‍, മനുഷ്യന്റെ സുഖത്തെയും സന്തോഷത്തെയും അവന്റെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ അളക്കുക. ഉപഭോഗം അതിന്റെ പാരമ്യത്തിലെത്തിയതോടെ അമേരിക്കയുടെ പ്രതിദിനവിദേശവ്യാപാരക്കമ്മി 100 കോടി ഡോളറിലെത്തി. (5000 കോടി രൂപ). 2008 ഏപ്രില്‍ 18,19 തീയതികളിലായി പാരീസില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം നടന്നു. സമ്മേളനത്തിന്റെ പ്രമേയം ഇക്കണോമിക് ഡി-ഗ്രോത്ത്. അമേരിക്കന്‍ മോഡല്‍ വികസനത്തിന് പകരം മറ്റൊരു മോഡല്‍. നഗരങ്ങള്‍ക്ക് പകരം നാട്ടിന്‍പുറം, മാലിന്യങ്ങള്‍ പ്രയോജനകരമായി ഉപയോഗിക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ചെറിയ വീടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റിനു പകരം ചെറിയ കടകള്‍, പ്രാദേശികമായ ഉത്പാദനം, കാറില്ലാത്തവനെ ദരിദ്രനായി കാണാതെ ആവശ്യക്കാര്‍ മാത്രം കാര്‍ വാങ്ങുക എന്ന തത്ത്വം, വ്യക്തിജീവിതവും തൊഴിലും തമ്മിലുളള പൊരുത്തം വഴി ആരോഗ്യച്ചെലവുകള്‍ കുറയ്ക്കുക, ആഗോളവത്കരണത്തിന് പകരം പ്രാദേശികവത്കരണം. ആധുനിക സാമ്പത്തികശാസ്ത്രത്തില്‍ വികസനവും ഉപഭോഗവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. ലോകജനസംഖ്യയുടെ 4% മാത്രമുളള അമേരിക്കക്കാര്‍ ലോകത്താകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 25% ഉപയോഗിക്കുന്നു, ലോകത്താകെ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ 30% സൃഷ്ടിക്കുന്നു. വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് അമേരിക്കക്കാരന്റെ ആളോഹരി ഉപഭോഗകണക്കിലേക്ക് ഇന്ത്യക്കാരനും ചൈനക്കാരനും വളര്‍ന്നാല്‍ 2030 ഓടുകൂടി ഈ രണ്ട് രാജ്യങ്ങള്‍ക്കും മാത്രമായി മറ്റൊരു ഭൂമിയിലെ വിഭവങ്ങള്‍കൂടി വേണ്ടിവരും. ഗ്ലോബല്‍ ഫുട്ട് പ്രിന്റ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയുടെ കണക്കനുസരിച്ച് ഭൂമിക്ക് വിഭവങ്ങള്‍ പുനര്‍ഃസൃഷ്ടിക്കാനുളള കഴിവിനെക്കാള്‍ 23% അധികമായി ഉപഭോഗം വഴിയും മാലിന്യസൃഷ്ടിവഴിയും ഭൂമിയെ നമ്മള്‍ ചൂഷണം ചെയ്യുന്നു. സാമ്പത്തികമായി പറഞ്ഞാല്‍ നമ്മള്‍ മുതലില്‍ നിന്നെടുത്ത് ഭക്ഷിക്കുകയാണ്. ഇത് അധികകാലം നിലനില്‍ക്കില്ല. മനുഷ്യന്റെ നന്മയ്ക്കുളള ഒരു ഉപാധി മാത്രമാണ് ഉപഭോഗമെന്നിരിക്കെ മനുഷ്യന്‍ കുറഞ്ഞ ഉപഭോഗം വഴി കൂടുതല്‍ നന്മയുണ്ടാകുന്ന വഴികളെ കുറിച്ച് ചിന്തിക്കണം. പ്രകൃതിക്കിണങ്ങുന്ന വികസനത്തിനായി മാലിന്യങ്ങള്‍ തളളുന്ന വ്യവസായങ്ങള്‍ അതേ മാലിന്യങ്ങള്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കു കൂടി രൂപം നല്‍കണം. ത്വരിതഗതിയിലുളള സാമ്പത്തികവികസനവും അതിന്റെ പാര്‍ശ്വഫലങ്ങളും മനുഷ്യജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുളള പ്രയാണത്തില്‍ പല വെല്ലുവിളികളും ഉയര്‍ത്തുന്നു. അതില്‍ പ്രധാനമാണ് ഉപഭോഗവസ്തുവെന്ന രീതിയില്‍ സമയത്തെക്കുറിച്ചുളള മാറിവന്ന സങ്കല്‍പ്പം. അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി.യിലെ പ്രൊഫ. പീറ്റര്‍ സെങ്ങിന്റെ അഭിപ്രായത്തില്‍ വര്‍ത്തമാനകാലപ്രതിസന്ധികളായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും വ്യവസായവിപ്ലവമെന്ന കുമിളയുടെ പരിണിതഫലങ്ങളാണ്. പ്രകൃതിയുടെ താളത്തിനു വിപരീതമായി ദീര്‍ഘകാലമായി സംഭവിച്ച ത്വരിതഗതിയിലുളള വ്യവസായവത്കരണത്തിന്റെ പരിണിതഫലങ്ങള്‍ക്കുളള വില നമ്മള്‍ കൊടുത്തുതുടങ്ങുന്നു. ത്വരിതഗതിയിലുളള വ്യവസായവത്കരണം നമ്മെ മറ്റൊരു കുമിളയിലേക്കാണ് നയിക്കുന്നത്; മനുഷ്യനും അവന് ലഭ്യമായ സമയവും തമ്മിലുളള അനാരോഗ്യകരമായ ബന്ധം. ഇവിടെ സമയത്തിന് രണ്ട് മുഖങ്ങളേയുളളൂ. ഒന്നുകില്‍ തൊഴിലെടുക്കുന്നവരുടെ ഭാഗമായി വസ്തുക്കളുടെ നിര്‍മ്മാണത്തിലോ സേവനങ്ങള്‍ നല്‍കുന്നതിലോ വ്യാപൃതരാവുക. അല്ലെങ്കില്‍ അവയുടെ ഉപഭോഗത്തില്‍ പങ്കുചേരുക. ആത്യന്തികമായി മനുഷ്യന്‍ എന്ന സാമൂഹികജീവിയുടെ ഉദ്ദേശ്യങ്ങള്‍ക്ക് കടകവിരുദ്ധമല്ലേ ഈ സംഭവിക്കുന്നതെല്ലാം. മനുഷ്യനെന്ന നിലയില്‍ സമ്പത്തിന്റെ ഉത്പാദനം, ഉപഭോഗം ഇവപോലെ തന്നെ പ്രധാനമല്ലേ സമൂഹം, കുടുംബം, കല, സാമൂഹികസേവനം, ആത്മീയത എന്നിവയും. ഉപഭോഗസംസ്ഥാനമായ കേരളം മാനവികതയ്ക്കും പരിസ്ഥിതി സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുന്ന ഒരു വികസനസംസ്‌കാരം വളര്‍ത്തിയെടുക്കണം. വികസനത്തിനും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും സാമ്പത്തികമായ ഉത്തേജനങ്ങള്‍ക്ക് പുറമേ രാഷ്ട്രീയവും ഭരണപരവുമായ തടസ്സങ്ങള്‍ നീക്കണം. സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വിഘാതമായി നില്‍ക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയിലെ ടെലിഫോണ്‍ വ്യവസായം. ആഗോളമായിത്തന്നെ ടെലിഫോണ്‍ നിരക്കുകള്‍ ഏറ്റവും കുറവുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡല്‍ഹി മെട്രോയാണ് മറ്റൊരു ഉദാഹരണം. 30 വര്‍ഷത്തേക്ക് 0.5% പലിശയ്ക്ക് കടം കിട്ടിയതോടെ പദ്ധതി തുടങ്ങുന്നതിന് തടസ്സമായിരുന്ന സാമ്പത്തികപ്രശ്‌നത്തിനു പരിഹാരമായി, സാമ്പത്തികമായി പദ്ധതി ലാഭകരമായി. ടെലിഫോണിന്റെ കാര്യത്തിലെന്നപോലെ ഊര്‍ജ്ജമേഖലയും ഉദാരവത്കരിക്കണം. കുറഞ്ഞ പലിശയ്ക്ക് കടം നല്‍കി പരിസ്ഥിതി സൗഹാര്‍ദ്ദമായ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കണം. ഒരു മെഗാവാട്ട് പാരമ്പര്യ ഊര്‍ജ്ജ ഉത്പാദനം 100-200 പേര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍, തത്തുല്യമായ സൗരോര്‍ജ്ജ ഉത്പാദനം 30000 തൊഴില്‍ സൃഷ്ടിക്കും. കൃഷിക്കാര്‍ക്ക് കടാശ്വാസപദ്ധതിയേക്കാള്‍ നല്ലത് കുറഞ്ഞ പലിശയ്ക്ക് പണം കടം കൊടുക്കുന്നതല്ലേ. കൃഷിയില്‍ ഉത്പാദനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കണം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യുമ്പോള്‍ ചൈനീസ് മാതൃകയില്‍, വില്‍ക്കുവാനുള്ള അവകാശം നല്‍കരുത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുഗതാഗതം, പാര്‍പ്പിടം, എന്നീ മേഖലകളിലും കുറഞ്ഞ പലിശയ്ക്ക് കടം കൊടുക്കണം. അപ്പോള്‍ വൈദ്യുതി, ഭക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ഭവനം ഇവയ്ക്കുവേണ്ടിയുള്ള ചെലവ് കുറയും. നാഷണല്‍ ഹൈവേ ഒഴിച്ചുള്ള റോഡുകളുടെ നിര്‍മ്മാണം, പരിപാലനം ഇവ ഗുജറാത്ത് മാതൃകയില്‍ ടോള്‍ പിരിക്കാതെ സ്വകാര്യമേഖലയ്ക്ക് വിടണം. കേരളത്തില്‍ നല്ലൊരു ശതമാനം ജനങ്ങളുടെ കൈയില്‍ കാശുണ്ട്. വ്യവസായം തുടങ്ങുന്നതിനായുള്ള ഭരണപരമായ തടസ്സങ്ങളും സ്ഥാപനം തുടങ്ങിക്കഴിഞ്ഞാല്‍ നടത്തുന്നതിനുള്ള തടസ്സങ്ങളുമാണ് പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഈ തടസ്സങ്ങള്‍ നീങ്ങിയാല്‍ വ്യവസായങ്ങള്‍ വരും. മത്സരം വര്‍ദ്ധിക്കും. തത്ഫലമായി കാര്യക്ഷമത കൂടും. അതിന്റെ ഫലമായി വിലകള്‍ കുറയും. പൊതുവില്‍ സംസ്ഥാന സമ്പദ്ഘടന വികസിക്കും. സര്‍ക്കാര്‍ സര്‍വ്വീസ് എടുത്താല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും വരുമാനം ഉണ്ടാക്കുന്നില്ല. വരുമാനം ഉണ്ടാക്കുന്നതും അല്ലാത്തതുമായ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു യൂണിറ്റായി പ്രവര്‍ത്തിക്കണം. ആത്യന്തികമായി എല്ലാ യൂണിറ്റുകളും സ്വന്തം വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനു ചെലവാക്കുന്ന കേരത്തിന് ഇത് വലിയ അനുഗ്രഹമായിരിക്കും. ഇ-ഗവേണന്‍സ് വഴി സുതാര്യതയും ഉത്പാദനക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തണം, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണം. സൃഷ്ടിപരമായ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നഷ്ടങ്ങളും പാഴ്‌ച്ചെലവുകളും ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൗരനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരവും സ്വാതന്ത്യവും ഉണ്ടായിരിക്കണം. ഫലപ്രദങ്ങളായ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രതിഫലം നല്‍കണം. വികസനത്തിന് ഏറ്റവും വലിയ തടസ്സമാണ് അഴിമതി. ഭാരതീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമാണ്. ഉദാഹരത്തിന് 2008 ലെ കര്‍ണ്ണാടക സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍നിന്ന് അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR) എന്ന സംഘടന അടര്‍ത്തിയെടുത്ത കണക്കുകള്‍ ഒന്നു പരിശോധിക്കാം. മുന്‍ മുഖ്യമന്ത്രി ശ്രീ.എച്ച്.ഡി.കുമാരസ്വാമി, ഭാര്യ, മകന്‍ എന്നിവരുടെ ആസ്തി 49.72 കോടി രൂപ, 13.77 കോടി രൂപയുടെ ബാങ്ക് ഡിപ്പോസിറ്റും. 2004 ലെ ഇവരുടെ സ്വത്തിനേക്കാള്‍ 1331 ശതമാനം വര്‍ദ്ധനവ്. മുന്‍ മുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകന്‍ ദിനേശ് റാവുവിന്റെ ആസ്തി 20.33 കോടി രൂപ. 2004 ല്‍ ഇത് 6.43 ലക്ഷം മാത്രം. വര്‍ദ്ധനവ് 31526 ശതമാനം. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ ശ്രീ.ആര്‍. അശോകിന്റെ ആസ്തി 10.06 കോടി. വര്‍ദ്ധനവ് 2665 ശതമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ആര്‍.എല്‍.ആര്‍.ജാര്‍കിഹോളി , സന്തോഷ് ലാര്‍ഡ്, എ.സര്‍നായക് ഇവരുടെ 2004 ലെ ആസ്തി 3.57 കോടി, 3.97 കോടി, 93 ലക്ഷം വീതമായിരുന്നുവെങ്കില്‍ 2008 ല്‍ അത് 39.87 കോടി, 56.08 കോടി, 21.25 കോടി എന്നീ ക്രമത്തിലായിരുന്നു. 172 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസിലെ ശ്രീ.അനില്‍ ലാല്‍ ആയിരുന്നു ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി. വര്‍ദ്ധനവ് 2343 ശതമാനം. സമ്പത്തിലെ വര്‍ദ്ധനവിന്റെ ശരാശരി എടുത്താല്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടേത് 677 ശതമാനവും രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളുടേത് 456.6 ശതമാനവുമായിരുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് എ.ഡി.ആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക). അഴിമതിരഹിത വികസനത്തിന് കേരളം ഊന്നല്‍ നല്‍കണം. ന്യൂയോര്‍ക്ക് ആസ്ഥാനമായ അക്‌സസ് മാര്‍ക്കറ്റ്‌സ് ഇന്റര്‍നാഷണല്‍ പാര്‍ട്ട്‌ണേഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ ആകെ 16.8 ദശലക്ഷം ഭവനാധിഷ്ഠിത ബിസിനസ്സുകള്‍ ഉണ്ട്. അത് ഇന്ത്യയിലാകെയുള്ള 202.9 ദശലക്ഷം ഭവനങ്ങളുടെ 8 ശതമാനം വരും. ഭാരതസര്‍ക്കാരിന്റെ 2007 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൈക്രോ, സ്മാള്‍, മീഡിയം വിഭാഗങ്ങളിലായി ഇന്ത്യയിലാകെ 12846365 യൂണിറ്റുകളാണുള്ളത് (25 ലക്ഷം മുതല്‍ 5 കോടി രൂപവരെ മുടക്ക് മുതലുളള യൂണിറ്റുകള്‍). കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്നത് (30 ദശലക്ഷം) ഈ വ്യവസായ യൂണിറ്റുകളിലാണ്. ഉപഭോഗ, ഇന്റര്‍മീഡിയറ്റ്, ക്യാപ്പിറ്റല്‍ വിഭാഗങ്ങളില്‍പ്പെട്ട 8000 ത്തിലധികം ഉത്പന്നങ്ങളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണ് ഈ വിഭാഗക്കാര്‍. രാജ്യത്തെ വ്യവസായ യൂണിറ്റുകളുടെ 90 ശതമാനവും വ്യവസായ ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 50 ശതമാനവും ഇവരുടെ സംഭാവനയാണ്. ഇക്കൂട്ടര്‍ 2007 ല്‍ ഒരു ലക്ഷം കോടി രൂപയുടെ മുതല്‍മുടക്ക് നടത്തിയപ്പോള്‍ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് കിട്ടിയ കടം 14.15 ശതമാനം മാത്രമായിരുന്നു. 'നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദി അണ്‍ഓര്‍ഗണൈസ്ഡ് സെക്ടര്‍' (NCEUS) നടത്തിയ ഒരു പഠനമനുസരിച്ച് അസംഘടിതമേഖലയില്‍ കാര്‍ഷികേതരരംഗത്ത് പ്രവര്‍ത്തിക്കുന്ന 58 ദശലക്ഷം യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. 25 ലക്ഷം രൂപ വരെ മുടക്കുമുതലുളള, 10 ല്‍ താഴെ ജോലിക്കാരുളള ഈ വിഭാഗക്കാരാണ് ജി.ഡി.പി.യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത്. 2007 ലെ കണക്കനുസരിച്ച് ഇവരില്‍ 5 ലക്ഷം രൂപ വരെ മുതല്‍ മുടക്കുളളവര്‍ക്ക് ബാങ്കുകളുടെ ആകെ വായ്പയുടെ 2.2% മാത്രം കിട്ടിയപ്പോള്‍ 5-25 ലക്ഷം മുതല്‍മുടക്കുളളവര്‍ക്ക് കിട്ടിയത് 2.1% മാത്രമായിരുന്നു. കയറ്റുമതിയുടെ കാര്യത്തില്‍ 12 തൊഴിലധിഷ്ഠിത മേഖലകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്: ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്, തുകല്‍ ഉത്പന്നങ്ങള്‍, വജ്രം, ആഭരണങ്ങള്‍, ധാന്യം, ഹോര്‍ട്ടികള്‍ച്ചര്‍, പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ് ഗുഡ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍, ആട്ടോമൊബൈലും ഘടകങ്ങളും, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍. സ്ഥലപരിമിതിമൂലം വന്‍കിട വ്യവസായങ്ങള്‍ക്ക് സാദ്ധ്യത കുറഞ്ഞ കേരളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേകിച്ചും മേല്‍വിവരിച്ച മേഖലകള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തികം, മാര്‍ക്കറ്റിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ആധുനിക സാങ്കേതികവിദ്യ, ആധുനിക മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ വേണ്ട സഹായം നല്‍കി ഈ മേഖലകളെ സഹായിക്കണം. നഗരങ്ങളിലെയും പട്ടണങ്ങളിലെയും സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും ഗ്രീന്‍ഹൗസുകള്‍ സ്ഥാപിച്ച് പഴങ്ങളും പച്ചക്കറികളും ഉയര്‍ന്ന ഉത്പാദനക്ഷമതയില്‍ ഉത്പാദിപ്പിക്കാനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം. 1990 കള്‍ക്ക്‌ശേഷം ഇന്ത്യ കണ്ട ഓട്ടോമൊബൈല്‍ വിപ്ലവത്തിന്റെ നിര്‍മ്മാണമേഖലയില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടു. 2010 ഓടെ ഇലക്ട്രിക് കാറുകളുടെ ഒരു പുതുയുഗം പിറക്കും. ഈ വിപ്ലവം മുന്നില്‍ കണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേരളം ഒരു പ്രത്യേക സാമ്പത്തികമേഖല തുടങ്ങണം. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2008 ലെ കണക്കനുസരിച്ച് 2020 ഓടെ ഇന്ത്യയ്ക്ക് 20-24 പ്രായത്തിലുളള 116 ദശലക്ഷം ആളുകള്‍ തൊഴിലെടുക്കാന്‍ പര്യാപ്തമായി ഉണ്ടാകും. 2008 ലെ കണക്കനുസരിച്ച് 370 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ 15 വയസ്സിനു താഴെയുളളവരാണ്. നാസ്‌കോം, മക്കിന്‍സി എന്നീ സംഘടനകളുടെ കണക്കനുസരിച്ച് ഇന്ത്യയിലെ യുവജനങ്ങളില്‍ 25 % ത്തിനു താഴെ മാത്രമേ അന്താരാഷ്ട്ര തൊഴില്‍രംഗത്തെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ വിദ്യാഭ്യാസവും തൊഴില്‍പരിജ്ഞാനവുമുളളൂ. സമ്പദ്ഘടനയില്‍ ഉത്പാദനക്ഷമതയുടെ പ്രാധാന്യവും ആഗോളതൊഴിലവസരങ്ങളും കണക്കിലെടുക്കുമ്പോള്‍ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതില്‍ കേരളം ശ്രദ്ധിക്കണം. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണം, ഭക്ഷ്യപദാര്‍ത്ഥം, കാര്‍പ്പെറ്റ്, ടെക്സ്റ്റയില്‍സ്, ലോഹനിര്‍മ്മിത ഉത്പന്നം എന്നീ വ്യവസായങ്ങളിലെ ഉത്പാദനക്ഷമതയെ അടിസ്ഥാനമാക്കി 2007 ഒക്‌ടോബറില്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഓരോ വ്യവസായത്തിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും ഏറ്റവും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും തമ്മിലുളള അന്തരം വളരെ വലുതായിരുന്നു. ഉദാ :- 2004 ല്‍ വസ്ത്രനിര്‍മ്മാണവ്യവസായത്തില്‍ നല്ല യൂണിറ്റുകളില്‍ ഒരു തൊഴിലാളിയില്‍നിന്നുളള മൂല്യവര്‍ദ്ധന 6 ലക്ഷം രൂപയായിരുന്നുവെങ്കില്‍ 60% യൂണിറ്റുകളിലും അത് ഒരുലക്ഷം രൂപയില്‍ താഴെ ആയിരുന്നു. ബാങ്കിന്റെ പഠനം അനുസരിച്ച് ഓരോ വ്യവസായത്തിലും മികച്ചു നില്‍ക്കുന്ന യൂണിറ്റുകളുടെ ഉത്പാദനക്ഷമത ശരാശരി യൂണിറ്റുകളെക്കാള്‍ 5 ഇരട്ടിയായിരുന്നു. ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ നിലവിലുളള അറിവ് എല്ലാ വ്യവസായങ്ങളും പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ മൊത്തത്തിലുളള ഉത്പാദനം ഇന്നത്തേതിന്റെ 4.8 ഇരട്ടി വര്‍ദ്ധിക്കും. പുതിയ കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് അറിവും പരിശീലനവും നല്‍കിയും ഗവേഷണത്തിന് ഊന്നല്‍ നല്‍കിയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം. കേരളവും മേല്‍വിവരിച്ച മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. തദ്വാര കേരളത്തിലെ വ്യവസായ യൂണിറ്റുകളെ മത്സരക്ഷമതയില്‍ ആഗോളനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തണം. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍ സര്‍വ്വീസും നിരീക്ഷിക്കുമ്പോള്‍ നികുതിദായകന്റെ നികുതിപ്പണത്തിന്റെ ഉത്പാദനക്ഷമതയെക്കുറിച്ച് ചിന്തിച്ചുപോകും. ബാംഗ്‌ളൂര്‍ ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ റേഷന്‍കട വഴി ഒരു രൂപയുടെ സാധനം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ചെലവാക്കിയത് 3.68 രൂപയായിരുന്നു. മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായമുളള കേരളം ആധുനിക സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ വഴി പൊതുവിതരണത്തില്‍ ഇന്ത്യയ്ക്ക് മാതൃക കാട്ടണം. മുടക്കുമുതലിന്റെ ഉത്പാദനക്ഷമത എന്ന് പറയുന്നത് മുടക്കുമുതലിന്റെ ഓരോ യൂണിറ്റിനും (ഉദാ-1 രൂപ) കിട്ടുന്ന പ്രതിഫലമാണ്. ഈ കാര്യത്തില്‍ മാതൃകാപരമായ കണക്ക് എന്നത് ഒരു യൂണിറ്റ് മുടക്കുമ്പോള്‍ ഒന്നര യൂണിറ്റ് വരുമാനമെന്നതാണ്. ഇന്ത്യയിലെ മിക്കവാറും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും മുടക്കുന്ന ഓരോ രൂപയ്ക്കും 80 പൈസയാണ് ശരാശരി വരുമാനം. ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്‍ഫോസിസിന് ഇത് 1.50 രൂപയായിരുന്നത് ഇപ്പോള്‍ 1.25 രൂപയായി. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഒഴിവാക്കിയാല്‍ നികുതിയും വരുമാനവും വര്‍ദ്ധിപ്പിക്കാതെ കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ജനനന്മയ്ക്കായി എന്തെല്ലാം ചെയ്യാം. സര്‍ക്കാര്‍ ചെലവുകളുടെ ഉത്പാദനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള നയങ്ങള്‍ രൂപീകരിക്കണം. വികസനത്തിന്റെ കേന്ദ്രബിന്ദു നഗരം എന്നതു മാറി ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളുമാകുന്നതോടെ ചെറിയ മുടക്കുമുതലില്‍ കൂടുതല്‍ പ്രയോജനം ലഭിക്കും. മുടക്കു മുതലിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിക്കും. വര്‍ദ്ധിച്ച ചെലവില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കേണ്ട ബാദ്ധ്യതയില്ല. നഗരത്തില്‍ ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 5-10 ലക്ഷം കൊടുക്കേണ്ടിവരുമ്പോള്‍ 50 - 100 കി.മീ. മാറി അതിന്റെ ആയിരത്തിലൊന്ന് വിലയ്ക്ക് സ്ഥലം ലഭ്യമാകും. ശമ്പളം, വാടക ഇവയും നഗരത്തില്‍ വളരെ കൂടുതലാണ്. സാധാരണമായി മുതല്‍മുടക്കുന്നവര്‍ പറയുന്ന ന്യായീകരണം നഗരത്തില്‍ മാത്രമാണ് സാങ്കേതികപരിജ്ഞാനമുളള തൊഴിലാളികളെ കിട്ടുന്നത് എന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്റ്റീല്‍ പ്ലാന്റുകളും പഞ്ചസാരമില്ലുകളും പേപ്പര്‍ മില്ലുകളും സിമന്റ് നിര്‍മ്മാണശാലകളും നഗരത്തില്‍ കേന്ദ്രീകരിക്കുന്നില്ല. നഗരകേന്ദ്രീകൃതമായ വികസനമെല്ലാം സര്‍വ്വീസ് മേഖലയിലാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡും വീഡിയോ കോണ്‍ഫറന്‍സിംഗും വ്യാപകമായതോടെ ആര്‍ക്കും എവിടെയിരുന്നും ഏത് സേവനവും ചെയ്യാമെന്ന സ്ഥിതിയായി. അനാരോഗ്യകരമായ രീതിയിലുളള നഗരങ്ങളുടെ വളര്‍ച്ച ഒരുപാട് സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു മെട്രോ റെയില്‍കൊണ്ടോ ചേരിനിര്‍മ്മാര്‍ജനംകൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നങ്ങള്‍. ബാംഗ്‌ളൂരും ബോംബെയും കൊച്ചിയും ബീജിംഗും ഒക്കെ നല്ല ഉദാഹരണങ്ങളാണ്. 1.8 കോടി ജനങ്ങളുളള ബീജിംഗിലേക്കുളള കുടിയേറ്റം എങ്ങനെ നിയന്ത്രിക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബീജിംഗ് ഭരണാധികാരികള്‍. നികുതിവര്‍ദ്ധനവിലൂടെയും ഉയര്‍ന്ന പലിശനിരക്കിലൂടെയും നഗരകേന്ദ്രീകൃതമായ വികസനത്തിന് തടയിടാം. ഒരു പക്ഷേ അതിന് ഏറ്റവും വലിയ തടസ്സം നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റില്‍ കളളപ്പണം മുടക്കിയിട്ടുളള രാഷ്ട്രീയ, ഉദ്യോഗസ്ഥമേധാവികളായിരിക്കും. അന്താരാഷ്ട്ര തൊഴില്‍ സംഘടന 2008 മേയില്‍ പുറത്തിറക്കിയ ഒരു പഠനഫലമനുസരിച്ച് ജി.ഡി.പിയുടെ 6-8 ശതമാനം സാമൂഹികസുരക്ഷാപദ്ധതികളില്‍ മുടക്കിയാല്‍ ഇന്ത്യയ്ക്ക് മൊത്തം ജനങ്ങള്‍ക്കും അടിസ്ഥാനസാമൂഹികസുരക്ഷിതത്വം ഉറപ്പുനല്‍കാം. (ആരോഗ്യസംരക്ഷണം, ശിശുക്കളുടെയും വൃദ്ധരുടെയും സംരക്ഷണം, വികലാംഗരുടെയും ബുദ്ധിമാന്ദ്യമുളളവരുടെയും സംരക്ഷണം) അങ്ങനെ ഉറപ്പുനല്‍കുന്നതുവഴി വലിയൊരു ജനവിഭാഗത്തെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരാം. എന്നിട്ടും ജി.ഡി.പിയുടെ 3% ത്തില്‍ താഴെ മാത്രമാണ് ഇന്ത്യ സാമൂഹികസുരക്ഷാപദ്ധതികള്‍ക്കായി ചെലവാക്കുന്നത്. ഈ രംഗത്ത് കൂടുതല്‍ പണം മുടക്കി മെച്ചപ്പെട്ട സേവനം നല്‍കി കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടണം. അമേരിക്കയിലെ പ്രശസ്തമായ ബിസിനസ്സ് മാസികയായ ഫോബ്‌സിന്റെ 2008 മാര്‍ച്ചിലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ബില്യനേഴ്‌സിന്റെ ആകെ സ്വത്ത് 340.9 ബില്യണ്‍ ഡോളറാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ 31% വരും. എന്നാല്‍ ചൈന. യു.എസ് മുതലായ രാജ്യങ്ങളിലെ ബില്യനേഴസിന്റെ ആസ്തി അവരുടെ ജി.ഡി.പിയുടെ 3%, 11 % എന്നീ ക്രമത്തിലായിരുന്നു. ലോകത്താകെയുളള ബില്യനേഴ്‌സിന്റെ ആകെ സ്വത്തിന്റെ 8% ഇന്ത്യക്കാരുടേതാണ്. ഇത് ചൈനക്കാരുടെ വിഹിതത്തിന്റെ 4 ഇരട്ടിയിലധികം വരും. സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഫലമായി അമേരിക്കയിലെന്നപോലെ ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇന്ത്യയിലും ദരിദ്ര-സമ്പന്ന അന്തരം വര്‍ദ്ധിച്ചു. ഇന്ത്യയിലെ 1988 - 2007 കാലഘട്ടത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നഗര-പട്ടണവാസികളുടെ ആളോഹരി പ്രതിമാസച്ചെലവില്‍ ഭക്ഷണത്തിനായുളള വിഹിതം 56% ല്‍ നിന്ന് 39 % മായി കുറഞ്ഞപ്പോള്‍ ഗ്രാമവാസികളുടെ കാര്യത്തിലത് 95% മായിരുന്നു. ഇന്ത്യ സ്റ്റേറ്റ് ഹംഗര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ കേരളത്തെ ഹരിയാന, പഞ്ചാബ്, ആസ്സാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഗൗരവമായ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുകയാണ്. നയങ്ങള്‍ രൂപീകരിക്കുന്നവര്‍ കൃഷിയെ അവഗണിച്ചിട്ട് വ്യവസായത്തിനും സര്‍വ്വീസ് മേഖലയ്ക്കും പ്രാധാന്യം നല്‍കിയതിന്റെ ഫലമായല്ലേ കാര്‍ഷികമേഖലയുടെ വാര്‍ഷികവളര്‍ച്ച 2.3% ത്തില്‍ എത്തിനില്‍ക്കുന്നത്. ജി.ഡി.പി - ടാക്‌സ് അനുപാതം വര്‍ദ്ധിപ്പിച്ചും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിച്ചും സാമൂഹികക്ഷേമപദ്ധതികളില്‍ പണം മുടക്കിയും ദരിദ്ര-സമ്പന്ന അന്തരം കുറയ്ക്കാം, പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാം. പ്രതിസന്ധികള്‍ ഇന്ത്യയ്ക്ക് പുത്തരിയല്ല. സ്വാതന്ത്ര്യാനന്തര വര്‍ഗ്ഗീയലഹളമുതല്‍ 2008 ലെ ബോംബെ ആക്രമണംവരെ എടുത്താല്‍ എന്തെല്ലാം സംഭവങ്ങള്‍. കാഷ്മീര്‍, പഞ്ചാബ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിഘടനവാദികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍. 1948, 65, 71 കളിലെ പാകിസ്ഥാന്‍ യുദ്ധവും ബംഗ്ലാദേശ് അഭയാര്‍ത്ഥി പ്രവാഹവും. 62 ലെ ചൈനീസ് യുദ്ധം. 60 കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം. ജനസംഖ്യാവിസ്‌ഫോടനം. ആകെയുളള 700 ജില്ലകളില്‍ 160 ലും സ്വാധീനമുളള നക്‌സല്‍ വിപ്ലവകാരികള്‍ ഉയര്‍ത്തുന്ന ഭീഷണി. 73 ലെ എണ്ണ പ്രതിസന്ധി, 97 ലെ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി. ഇപ്പോഴിതാ 1929 ന് ശേഷം ലോകം കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ഗുരുതരമായ ആഗോളസാമ്പത്തികപ്രതിസന്ധി. ജനീവ ആസ്ഥാനമായ ഐ.എല്‍.ഒ യുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസിന്റെ പഠനമുസരിച്ച് ആഗോളമായി എക്‌സിക്യൂട്ടീവുകളുടെ ശമ്പളം 10% വര്‍ദ്ധിച്ചപ്പോള്‍ താഴെ തട്ടിലുളള തൊഴിലാളികളുടെ ശമ്പളം 0.7% മാത്രമാണ് വര്‍ദ്ധിച്ചത്. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജകപദ്ധതികള്‍ ഗുണം ചെയ്യണമെങ്കില്‍ രാജ്യത്തെ ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളായ താഴേത്തട്ടിലുളളവരുടെ വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണം. അതിനായി തൊഴിലുറപ്പ് പദ്ധതികള്‍, മിനിമം വേതനവര്‍ദ്ധനവ്, അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ ഇവകൂടി പരിഗണിക്കണം. ആഗോളസാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലേറ്റവും കൂടുതല്‍ ബാധിക്കാന്‍ സാദ്ധ്യതയുളളത് കേരളത്തെയാവും. മുകളില്‍ വിവരിച്ച പദ്ധതികള്‍ വഴി കേരളവും ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കണം. ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കണം. ലോകനിലവാരമുള്ള കേരള പോലീസ് സ്വപ്‌നങ്ങളിലെ പോലീസ് 'പോലീസ്' എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരവും പോലീസുകാര്‍ക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളെ സൂചിപ്പിക്കുന്നു(P= Politeness, O= Obedience, L= Loyalty, I = Intelligence, C = Courage, E = Efficiency). നല്ല പോലീസുകാരില്‍ നിന്ന് എന്തൊക്കെയാണ് സാധാരണ പൗരന്‍ പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍? അഴിമതിയില്ലാത്ത, സൗഹാര്‍ദ്ദമായ പെരുമാറ്റമുള്ള, ഉത്തരവാദിത്വമുള്ള, സഹിഷ്ണുതയുള്ള, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള, കരുണയും സഹാനുഭൂതിയുമുള്ള വ്യക്തികളായിരിക്കണം പോലീസുകാര്‍. കഴിവും സമയബോധവും മാനസികവും ശാരീരികവുമായ പ്രാപ്തിയും പക്വതയും നേതൃത്വപാടവവും അച്ചടക്കവും മാതൃകാപരമായ പെരുമാറ്റവും പോലീസുകാര്‍ക്കുണ്ടായിരിക്കണം. മുകള്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ളവര്‍ക്ക് അക്കൗണ്ടബിലിറ്റി (Accountability) ഉണ്ടായിരിക്കണം. ഇതൊക്കെയാണ് സ്വപ്നങ്ങള്‍. ഇനി എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍? യഥാര്‍ത്ഥ പോലീസ് കോഴിക്കോട് ലാ കോളജില്‍ മനുഷ്യാവകാശദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ട് കേരള പോലീസ്സ് അഡീഷണല്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ''കുറ്റാന്വേഷണത്തിന്റെ ഭാഗമായി പോലീസും ക്രിമിനലുമായി ഇടപെടുമ്പോഴുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കാള്‍ കൂടുതലാണ് പോലീസും നിയമലംഘനത്തിനിരയായ വ്യക്തിയും അഥവാ വാദിയുമായി ഇടപെടുമ്പോഴുണ്ടാകുന്ന മനുഷ്യാവകാശലംഘനങ്ങള്‍.'' ചുരുക്കത്തില്‍ നമ്മുടെ പോലീസ് പ്രതിയെക്കാള്‍ കൂടുതല്‍ ഉപദ്രവിക്കുന്നത് വാദിയെയാണ്. വാദിയായിപ്പോലും പൗരന് പോലീസ് സ്റ്റേഷനില്‍ കയറാന്‍ പറ്റാത്ത അവസ്ഥ! സമീപകാലത്താണല്ലോ കേരള പോലീസിന്റെ മാഫിയബന്ധങ്ങളെക്കുറിച്ച് കേരള ഹൈക്കോടതി പരാമര്‍ശിച്ചത്. നമ്മുടെ പോലീസിലെ കുറേ പേരെങ്കിലും യൂണിഫോമിട്ട ക്രിമിനലുകളാണെന്നല്ലേ ഈ സൂചനകള്‍ വെളിപ്പെടുത്തുന്നത്? മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ പോലീസിന്റെ കാര്യക്ഷമതയും സേവനനിലവാരവും മെച്ചപ്പെടണമെങ്കില്‍ പോലീസുകാര്‍ക്കൊപ്പം പോലീസ് സ്റ്റേഷനുകളും സംവിധാനങ്ങളും മെച്ചപ്പെടണം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം സൃഷ്ടിക്കണം. പരാതികളെക്കുറിച്ചും കേസുകളെക്കുറിച്ചും ക്രിമിനലുകളെക്കുറിച്ചും എല്ലാവിവരങ്ങളും കംപ്യൂട്ടറില്‍ ഉണ്ടായിരിക്കണം. ഇ-മെയില്‍വഴിപോലും പരാതികള്‍ നല്‍കാന്‍ സംവിധാനം ഉണ്ടായിരിക്കണം. ഓരോ കേസിന്റെയും പരാതിയുടെയും അപ്പപ്പോഴുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. പരാതികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പര്‍ നല്‍കണം. പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പരാതിക്കാരനെ അറിയിക്കണം. ആധുനിക വാര്‍ത്താവിനിമയസൗകര്യങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളും എല്ലാ സ്റ്റേഷനിലും ഉണ്ടായിരിക്കണം. ഓരോ പോലീസ് സ്റ്റേഷനിലും ഓരോ പബ്ലിക് റിലേഷന്‍സ് ഓഫീസറെ നിയമിക്കുക. പൊതുജനങ്ങളുമായി പി. ആര്‍.ഒ. അല്ലെങ്കില്‍ റിസപ്ഷനിസ്റ്റ്/ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഇടപെടട്ടെ പരാതിപരിഹാര സെല്‍ ഓരോ പോലീസ് സ്റ്റേഷന്റെ പരിധിയിലും 'പൊതുജന പരാതി പരിഹാര സെല്‍' രൂപീകരിക്കണം. പൊതുജനങ്ങള്‍ക്ക് പോലീസുകാരുമായുള്ള ഇടപെടലില്‍ ഉണ്ടാകുന്ന പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനൊരു വേദി. പോലീസുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ഉള്‍പ്പെട്ട സമിതി ആയിരിക്കണം പരാതികള്‍ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ നിര്‍ദ്ദേശിക്കുന്നതും. നിലവാരമുള്ള ട്രെയിനിംഗ് നിലവാരമുള്ള പോലീസ് സേനയുടെ സൃഷ്ടിക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിംഗ്. കാലാകാലങ്ങളില്‍ സമഗ്രമായ ട്രെയിനിംഗ് പരിപാടികള്‍ സംഘടിപ്പിക്കണം. കുറ്റാന്വേഷണംതൊട്ട് മനുഷ്യബന്ധങ്ങളും മനശ്ശാസ്ത്രവുംവരെ ട്രെയിനിംഗില്‍ ഉള്‍പ്പെടുത്തണം. മാനുഷികതയിലും ധാര്‍മ്മികതയിലും അധിഷ്ഠിതമായ മൂല്യങ്ങള്‍ പഠിപ്പിക്കണം. സ്ത്രീ-പുരുഷ സമത്വവും ഒരു വിഷയമായിരിക്കണം. ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിശീലിപ്പിക്കണം. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തിലെ മികച്ച പോലീസ് സംവിധാനങ്ങള്‍ നമ്മുടെ പോലീസുകാര്‍ക്കും പരിചിതമായിരിക്കണം. ഭാവിയില്‍ വര്‍ദ്ധിച്ചുവരാന്‍ സാധ്യതയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേകവിഭാഗവും പരിശീലനവും നല്‍കണം. പ്രത്യേക ട്രാഫിക് സേന 2006-ല്‍ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ഒരു വര്‍ഷം കേരള പോലീസ് 1,35,000 പേരെ അറസ്റ്റ് ചെയ്യുന്നതില്‍ 46,000 പേരും മോട്ടോര്‍വാഹന ഡ്രൈവര്‍മാരാണ്. ഫലമോ കേരളത്തില്‍ ക്രമസമാധാനത്തിന്റെ കാര്യത്തിലും മോട്ടോര്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും പോലീസ് ഒരു പരാജയമാണ്. എന്തുകൊണ്ട് കേരള ട്രാന്‍സ്‌പോര്‍ട്ട് പോലീസ് എന്ന സേനയെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടാ? ട്രാഫിക് നിയമലംഘകരെ കണ്ടുപിടിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന (ഉദാ: സ്പീഡ് ക്യാമറ, റഡാര്‍) സ്വകാര്യ കമ്പനികളെക്കൂടി നിയമിക്കുക. ട്രാഫിക് പോലീസിന്റെ ഉത്തരവാദിത്വങ്ങള്‍ കൂടുതലും ഔട്ട്‌സോഴ്‌സ് ചെയ്ത് സ്വകാര്യകമ്പനികളെ ഏല്പിക്കാം. തത്ഫലമായി പോലീസുകാരുടെ എണ്ണം കുറയ്ക്കാം, ഇന്നുള്ളതിന്റെ പത്തിരട്ടി കാര്യക്ഷമതയും വരുമാനവും കിട്ടും. അഴിമതിയും കുറയും. സുതാര്യത കൂടുമ്പോള്‍ അഴിമതി കുറയുമല്ലോ. കോള്‍ സെന്റര്‍ കേരള പോലീസില്‍ 'ക്രൈം സ്റ്റോപ്പര്‍' എന്ന ഒരു സംവിധാനമുണ്ട്. അത് ഒരു പരാജയമാണ്. സമുദായ കലാപങ്ങളും അക്രമങ്ങളും മോഷണങ്ങളും കുടുംബകലഹങ്ങളും ആത്മഹത്യപോലും തടയാന്‍ സാധിക്കും ഈ സംവിധാനം ലോകനിലവാരത്തിലേക്കുയര്‍ന്നാല്‍. കേരളം മുഴുവന്‍ ഒരേ ഫോണ്‍ നമ്പരില്‍ വിളിച്ച്, സംഭവിക്കാന്‍ പോകുന്ന നിയമലംഘനത്തെക്കുറിച്ച് അറിവുണ്ടെങ്കില്‍ വിവരം നല്‍കാന്‍ ഉതകുന്ന ഒരു സംവിധാനം. ആത്മഹത്യ ഒരു ദുര്‍ബ്ബലനിമിഷത്തിലെടുക്കുന്ന തീരുമാനമാണ്. ആത്മഹത്യയ്ക്കു മുതിരുന്ന വ്യക്തിക്ക്, ഈ നമ്പരില്‍ വിളിച്ചാല്‍ പെട്ടെന്ന് ഒരു മനശ്ശാസ്ത്രജ്ഞന്റെ സേവനം ടെലിഫോണിലൂടെ നല്‍കാന്‍ സാധിക്കണം. സാങ്കേതികവിദ്യകള്‍ അതിനുതകുന്ന വിധം വികസിച്ചിട്ടുണ്ട്. മോട്ടോര്‍ അപകടത്തില്‍പ്പെടുന്ന വ്യക്തികളെ സഹായിക്കാനും ഈ നമ്പര്‍ ഉപകരിക്കണം. ഈ സംവിധാനം വിജയിക്കണമെങ്കില്‍ അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കണം. വിവരം നല്‍കിയിട്ടും സമയത്ത് ഉചിതമായി പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെ നടപടികള്‍ എടുത്തിരിക്കണം. പ്രൈവറ്റ് ഡിറ്റക്ടീവുകള്‍ കേസന്വേഷിക്കാന്‍ ഇപ്പോള്‍ത്തന്നെ ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ തുടങ്ങി പല വിഭാഗങ്ങള്‍ ഉണ്ട്. എങ്കിലും പണവും സ്വാധീനവുമില്ലാത്തവര്‍ക്ക് നീതി ലഭിക്കുന്നില്ല. ഒരുവിധം ചെറിയകേസ്സുകള്‍ അന്വേഷിക്കാന്‍ നമ്മുടെ പോലീസ് ഇപ്പോള്‍ മിനക്കെടാറില്ല. ഈ സാഹചര്യത്തില്‍ ആവശ്യക്കാരന് എന്തുകൊണ്ട് പ്രൈവറ്റ് ഡിറ്റക്ടീവ്‌സിന്റെ സേവനം ഉപയോഗിക്കാന്‍ അനുവദിച്ചുകൂടാ? ഓരോ സ്റ്റേഷന്റെ പരിധിയിലും സര്‍ക്കാര്‍ അംഗീകരിച്ച പ്രൈവറ്റ് ഡിക്റ്റക്ടീവ്‌സിനും പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുക. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റെ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കണം. (ഉദാ: ക്രിമിനലിന്റെ ഫിംഗര്‍ പ്രിന്റ്). സാധാരണ പൗരന് പോലീസില്‍നിന്നു നീതികിട്ടാത്ത സാഹചര്യത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവ്‌സിന്റെ അന്വേഷണഫലങ്ങള്‍ക്കും നിരത്തുന്ന തെളിവുകള്‍ക്കും നിയമസാധുത നല്‍കണം. സിറ്റി പോലീസ് ഓഫ് കേരള പോലീസിനകത്തുതന്നെ നിലവാരം മെച്ചപ്പെടാനായി പരസ്പര കിടമത്സരം പ്രോത്സാഹിപ്പിക്കണം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം; കേരളത്തിലെ അഞ്ച് നഗരസഭയ്ക്കും കൂടി ഒരു പോലീസ് സേന രൂപീകരിക്കുക - 'സിറ്റി പോലീസ് ഓഫ് കേരള'. നഗരങ്ങളില്‍ സിറ്റി പോലീസ്സും, മറ്റിടങ്ങളില്‍ കേരള പോലീസ്സും. അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ (ഉദാ: കുറ്റാന്വേഷണം, തെളിയിച്ച കേസുകള്‍, ശിക്ഷിക്കപ്പെട്ടത്, മനുഷ്യാവകാശലംഘനം, ജനങ്ങളുടെ പരാതികള്‍) രണ്ടു വിഭാഗത്തിന്റെയും താരതമ്യപഠനം നടത്തി യഥാകാലം നടത്തി ഫലം പ്രസിദ്ധീകരിക്കുക. പുതിയതായി സൃഷ്ടിക്കുന്ന സിറ്റി പോലീസിന് ലോകനിലവാരത്തിലുള്ള ട്രെയിനിംഗും യൂണിഫോമും തൊഴിലുപകരണങ്ങളും സംവിധാനങ്ങളും നല്‍കുക. അങ്ങനെ ലോകനിലവാരത്തിലുള്ള ഒരു പോലീസ് സേനയെ സൃഷ്ടിക്കുക. ചുരുക്കത്തില്‍, കേരള പോലീസിനു മൊത്തത്തില്‍ ലോകനിലവാരത്തിലെത്താനുള്ള പ്രചോദനമായി, റോള്‍ മോഡലായി സിറ്റിപോലീസ് വളരണം. പോലീസുകാര്‍ക്കിടയിലെ ക്രിമിനലുകളും നിലവാരമില്ലാത്തവരും സ്വയം ലജ്ജിക്കുന്ന സ്ഥിതി ഉണ്ടാകണം. മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കും. മാവേലി നാട്, നവംബര്‍ 2007 തണല്‍തേടുന്ന വാര്‍ദ്ധക്യം ചെറുപ്പത്തില്‍ നമ്മുടെ കാര്യങ്ങള്‍ സ്വയം നോക്കാം. മധ്യവയസ്സിലും ഇതു സാധ്യമാണ്. വാര്‍ദ്ധക്യത്തിലോ. സമൂഹത്തിന്റെ സ്‌നേഹവും കരുണയും ആവശ്യമുള്ള കാലമാണിത് 2005 മുതല്‍ 2050 വരെ ജനനനിരക്കിലെ കുറവും ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനവും മൂലം ഭൂരിഭാഗം രാജ്യങ്ങളിലും വൃദ്ധരുടെ സംഖ്യ ജനസംഖ്യാനുപാതികമായി വര്‍ദ്ധിക്കുകയാണ്. വേള്‍ഡ് ഇക്കണോമിക് സോഷ്യല്‍ സര്‍വേ 2007 പ്രകാരം 2005-നും 2050-നുമിടയ്ക്ക് ലോകജനസംഖ്യാവര്‍ദ്ധനവിന്റെ പകുതിയും 60 വയസ്സിനു മുകളിലുള്ളവരുടെ വര്‍ദ്ധനവായിരിക്കും. വികസിതരാജ്യങ്ങളില്‍ ജനസംഖ്യയില്‍ 21% വൃദ്ധരാണെങ്കില്‍ വികസ്വര രാഷ്ട്രങ്ങളിലത് 8% മാത്രമാണ്. ജനസംഖ്യ വാര്‍ദ്ധക്യത്തിലേക്കു നീങ്ങുന്ന പ്രവണത വികസിതരാജ്യങ്ങളില്‍ സംഭവിച്ചതിനെക്കാള്‍ വേഗത്തില്‍ വികസ്വരരാജ്യങ്ങളില്‍ സംഭവിക്കും. തത്ഫലമായി 2050- ഓടെ ലോകജനസംഖ്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ 79%-വും വികസ്വര രാഷ്ട്രങ്ങളിലായിരിക്കും. 2005-ലെ കണക്കനുസരിച്ച് ലോകജനസംഖ്യയില്‍ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരില്‍ (15-64 വയസ്സ്) 20% 50-64 പ്രായത്തിലുള്ളവരായിരുന്നുവെങ്കില്‍ 2050- ഓടെ അത് 25% കവിയും. വികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതു 33%-ത്തില്‍ കൂടുതലായിരിക്കും. 80 വയസ്സിനു മുകളിലുള്ളവര്‍ ആഗോളജനസംഖ്യയുടെ 1.5% മാത്രമാണ്2005-ലെങ്കില്‍ (9 കോടി), 2050- ലത് നാലിരട്ടിയായി വര്‍ദ്ധിച്ച് 40 കോടിയിലെത്തും. ആഗോളമായി 60 വയസ്സിനു മുകളിലുള്ളവരുടെ 55% സ്ത്രീകളാണെങ്കില്‍, 80 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 65%- വും സ്ത്രീകളായിരിക്കും. വികസിതരാജ്യങ്ങളും വൃദ്ധ ജനസംഖ്യാവര്‍ദ്ധനവും 2005-ലെ കണക്കനുസരിച്ച് ആഗോളമായി പൗരന്റെ ശരാശരി പ്രായം 24 ആണെങ്കില്‍, ഇന്‍ഡ്യയിലും ചൈനയിലുമിത് 28.33 വയസ്സാണ്. ഡെന്മാര്‍ക്കില്‍ ശരാശരിപ്രായം 40.9 ആണെങ്കില്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി മുതലായ രാജ്യങ്ങളിലിത് 42 ആണ്. 2050- ഓടെ ജര്‍മ്മനി, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ പൗരന്റെ ശരാശരി പ്രായം 53-55 ആകും. 2050- ഓടെ ജപ്പാനില്‍ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ (15-64) എണ്ണത്തില്‍ 37% കുറവ് അനുഭവപ്പെടുമെങ്കില്‍, ഇറ്റലിയിലത് 39%-വും ജര്‍മ്മനിയില്‍ 18%-വും ഫ്രാന്‍സില്‍ 11% വും ബ്രിട്ടനില്‍ 12%-വും ആയിരിക്കും. മിക്കവാറും വ്യവസായവത്കൃത രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരും വിരമിച്ചവരും തമ്മിലുള്ള അനുപാതം 2005-ലെ 4:1 എന്നത് 2050 ആകുമ്പോള്‍ 2:1 ആയി വര്‍ദ്ധിക്കും. വര്‍ദ്ധിച്ചുവരുന്ന വൃദ്ധജനസംഖ്യയും ഇന്‍ഡ്യയും ഇന്‍ഡ്യയിലെ ജനസംഖ്യ 1951- ലെ 36 കോടിയില്‍നിന്ന് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു 103 കോടിയിലെത്തി 2001 ആയപ്പോള്‍. ഇതേ കാലഘട്ടത്തില്‍ വൃദ്ധരുടെ സംഖ്യ 1.9 കോടിയില്‍നിന്ന് (ആകെ ജനസംഖ്യയുടെ 4%) 7.7 കോടിയായി വര്‍ദ്ധിച്ചു (ആകെ ജനസംഖ്യയുടെ 7.5%). വര്‍ദ്ധന നാലിരട്ടിയാണ്. ഇന്‍ഡ്യയില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 64-ം, സ്ത്രീകള്‍ക്ക് 67-ം ആണ്. ഇന്‍ഡ്യ: ദാരിദ്ര്യവും വാര്‍ദ്ധക്യവും ലോകത്താകെയുള്ള വൃദ്ധരുടെ എട്ടിലൊന്ന് ഇന്‍ഡ്യയിലാണ്. ഇന്‍ഡ്യയിലെ ആകെ വൃദ്ധരില്‍ 40% ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 80 ശതമാനം ഗ്രാമങ്ങളില്‍ ജീവിക്കുന്നു, 73% നിരക്ഷരരുമാണ്. 19 ദശലക്ഷം വൃദ്ധരായ സ്ത്രീകളും വിധവകളാണ്. അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെക്കുറിച്ച് പഠിക്കാനായി ഭാരത സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മീഷന്റെ പഠനഫലമനുസരിച്ച് ഇന്‍ഡ്യയില്‍ ആകെ പണിയെടുക്കുന്ന 45 കോടി ജനങ്ങളില്‍ 92 ശതമാനവും അസംഘടിത മേഖലയിലാണ്. ഈ മേഖലയിലെ തൊഴിലാളികളുടെ ശരാശരി ദിവസവരുമാനം 20 രൂപയോ അതില്‍ താഴെയോ ആണ്. അസംഘടിത മേഖലയിലുള്ളവര്‍ക്ക് യാതൊരു സാമൂഹികസുരക്ഷിതത്വ പദ്ധതിയുമില്ല. മക്കള്‍കൂടി ഉപേക്ഷിച്ചാല്‍ ഇവരുടെ സ്ഥിതി എന്തായിരിക്കും? ഇന്‍ഡ്യയിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ചയോടെ അനാഥരായത് വൃദ്ധജനങ്ങളാണ്. വികസിതരാജ്യങ്ങളില്‍ വൃദ്ധര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും മറ്റു സാമൂഹികസുരക്ഷാപദ്ധതികളുമുണ്ട്. ഇന്‍ഡ്യയിലെ പ്രതിസന്ധി ഇന്‍ഡ്യയിലെ വൃദ്ധജനങ്ങള്‍ പ്രധാനമായി മൂന്ന് പ്രതിസന്ധികളാണ് നേരിടുന്നത്. (1) 1999-ല്‍ ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ച വൃദ്ധര്‍ക്കുവേണ്ടിയുള്ള ദേശീയനയം അനുസരിച്ച് വൃദ്ധരുടെ സംരക്ഷണത്തിനുള്ള ഔദ്യോഗിക-അനൗദ്യോഗിക സ്ഥാപനങ്ങളും സാമ്പത്തിക- മനുഷ്യവിഭവശേഷിയും ഇന്‍ഡ്യയിലെ വര്‍ദ്ധിച്ചുവരുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ അപര്യാപ്തമാണ്. ഈ പ്രതിസന്ധി കൂടുതലും ബാധിക്കുന്നത്‌സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ്. ഇന്‍ഡ്യയില്‍ മൊത്തത്തിലുള്ള കണക്കെടുത്താല്‍ ആയിരത്തില്‍പ്പരം വൃദ്ധസദനങ്ങളാണുള്ളത്. ഇവിടങ്ങളില്‍ത്തന്നെ അന്തേവാസികളില്‍നിന്ന് വാങ്ങുന്ന പണവും അവര്‍ക്കു നല്‍കുന്ന സേവനവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. (2) രണ്ടാമത്തെ പ്രതിസന്ധി ദരിദ്രരെയും സമ്പന്നരെയും ഒരുപോലെ ബാധിക്കുന്നതാണ്. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചയും തന്മൂലം ഒറ്റപ്പെടുന്ന, അനാഥത്വത്തിലേക്ക് നയിക്കപ്പെടുന്ന വാര്‍ദ്ധക്യവും. (3) വാര്‍ദ്ധക്യത്തിലെ ഏറ്റവും ദുഃഖകരമായ അവസ്ഥയാണ് മൂന്നാമത്തെ പ്രതിസന്ധി. സൗഖ്യമാകാന്‍ സാധ്യതയില്ലാത്ത രോഗാവസ്ഥയില്‍ മരണം കാത്തുകിടക്കുന്ന വൃദ്ധരുടെ അവസ്ഥ രോഗിക്കും ബന്ധുക്കള്‍ക്കും ഒരുപോലെ വേദനാജനകമായ അവസ്ഥയാണ്. ഈ അവസ്ഥയിലുള്ള രോഗികളുടെ സംരക്ഷണവും അതിനുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും ഇന്‍ഡ്യ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. ഈ മൂന്ന് പ്രതിസന്ധിയും പരിഹരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും സ്വകാര്യമേഖലയും മുന്നിട്ടിറങ്ങണം. 2050-ലെ ഇന്‍ഡ്യയും വൃദ്ധരും ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്‍ഡ്യയുടെ ആകെ ജനസംഖ്യ 2000-ലെ 101.7 കോടിയില്‍നിന്ന് 50% വര്‍ദ്ധനവോടെ 153.7 കോടിയിലെത്തും 2050-ാമാണ്ട് ആകുമ്പോള്‍. ഇതേ കാലഘട്ടത്തില്‍ വൃദ്ധരുടെ എണ്ണം 7.7 കോടിയില്‍നിന്ന് 30.8 കോടിയായി വര്‍ദ്ധിക്കും (ആകെ ജനസംഖ്യയുടെ 7.55% ത്തില്‍നിന്ന് 20.14% ആയുള്ള വര്‍ദ്ധന). സാമ്പത്തികരംഗം ഭൂരിപക്ഷം ജനസംഖ്യയും വാര്‍ദ്ധക്യത്തിലേക്കു നീങ്ങുന്നതിന്റെ ഫലമായി ഒരുവശത്ത് ഉപഭോഗം കുറയും, മറുവശത്ത് സാമൂഹികസുരക്ഷാപദ്ധതികള്‍ക്കായി സര്‍ക്കാര്‍ പണം കണ്ടെത്തേണ്ടിവരും. ഉപഭോഗം കുറയുന്നതിന്റെ ഫലമായി നികുതിവരുമാനം കുറയും. ആഭ്യന്തര ഉപഭോഗം കുറയുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാനായി കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം നല്‍കുകവഴി ഒരു പരിധിവരെ സമ്പദ്‌വ്യവസ്ഥയില്‍ വൃദ്ധരുടെ പങ്കാളിത്തം ഉറപ്പാക്കാം. 2021 : വൃദ്ധകേരളം 2021 ആകുമ്പോള്‍ കേരളത്തിലെ വൃദ്ധജനസംഖ്യ മറ്റു വിഭാഗങ്ങളെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് പ്രവചനം. ഇപ്പോള്‍ത്തന്നെ കേരളം നേരിടുന്ന വലിയ സാമൂഹികപ്രശ്‌നങ്ങളിലൊന്നാണ് അനാഥരാകുന്ന വൃദ്ധജനങ്ങള്‍. അതുതന്നെ രണ്ടു വിഭാഗമുണ്ട്; പണം ഉണ്ടായിട്ടും അന്വേഷിക്കാന്‍ ആളില്ലാത്തവരും പണവുമില്ല അന്വേഷിക്കാന്‍ ആളുമില്ല എന്നുളളവരും. രണ്ടുരീതിയിലുള്ള സംവിധാനങ്ങളാണ് നമുക്കാവശ്യം. കാശില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെയുള്ള വൃദ്ധസദനങ്ങളും പണമുള്ളവര്‍ക്ക് കാശുകൊടുത്താല്‍ മാന്യമായി താമസിക്കാന്‍ സാധിക്കുന്ന വൃദ്ധസദനങ്ങളും. (ഈ മേഖലയിലെ വലിയ സാധ്യതകളിലൊന്നാണ് യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിലെ വൃദ്ധര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍). ഈ രണ്ടുവിഭാഗം വൃദ്ധസദനങ്ങളും മാന്യമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്താന്‍ ഉതകുന്ന ഏതെങ്കിലും നിരീക്ഷണ സംവിധാനമോ ഏജന്‍സിയോ ആവശ്യമാണ്. സന്നദ്ധസംഘടനകളുടെ പങ്ക് മതപരവും അല്ലാത്തതുമായ സന്നദ്ധസംഘടനകള്‍ക്ക് സേവനരംഗങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുക നല്ലകാര്യമായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും ഒരു വശത്ത്, അഴിമതിയും മാനുഷിക മുഖമില്ലാത്ത സേവനവും മറുവശത്ത്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്കു സേവനം നല്‍കാന്‍ ഉതകിയ സംവിധാനമാണ് സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍. ഈ വിഷയത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു സര്‍ക്കാര്‍നയം പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദീപിക, ഒക്‌ടോബര്‍ 1, 2007 ആരാധ്യനായ മേയര്‍ ''നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്'' (പത്ത് കല്പനകള്‍) കേരളത്തിലെ ഒരു ഇംഗ്ല്‌ളീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളിലേക്ക് എനിക്കുകിട്ടിയ ക്ഷണക്കത്തില്‍ മുഖ്യാതിഥിയായ മേയറെ വിശേഷിപ്പിച്ചിരിക്കുന്നത് 'വര്‍ഷിപ്പ്ഫുള്‍ മേയര്‍' എന്നാണ്. ജയലളിതയെയും ഖുശ്ബുവിനെയും ആരാധിക്കുന്ന തമിഴന്റെ നിലവാരത്തിലേക്ക് നമ്മുടെ ഒരു ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടവും അധഃപതിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടങ്ങളുടെ നിലവാരത്തെക്കുറിച്ച് ചിന്തിച്ചുപോയി. നിലവാരമില്ലാത്ത സ്വകാര്യവിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളെക്കുറിച്ച് ഇന്‍ഡ്യയില്‍ നടത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഒരു സര്‍വേയില്‍ 'വിപ്രോ'യും, 'എഡ്യൂക്കേഷന്‍ ഇനിഷിയേറ്റീവ്'സും അഞ്ച് മെട്രോ നഗരങ്ങളില്‍നിന്നുള്ള 142 സ്‌കൂളിലെ 4,6,8 ക്ലാസ്സിലെ 32,000 വിദ്യാര്‍ത്ഥികളെ പരിശോധനാവിധേയമാക്കി. വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മശേഷി പരീക്ഷിക്കല്‍ എന്നതിലുപരി ഒരു വിഷയം വിദ്യാര്‍ത്ഥി എത്രത്തോളം മനസ്സിലാക്കുന്നുവെന്ന് അറിയുന്നതിനുള്ള പരിശോധനയായിരുന്നു അത്. ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലെ സുപ്രധാന ആശയങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ള കഴിവ് ഇതിനായി പരിശോധിക്കുകയുണ്ടായി. 43 രാജ്യത്ത് നടത്തിയ ഒരു അന്താരാഷ്ട്ര സര്‍വേയില്‍ നിന്നുള്ള ചോദ്യങ്ങള്‍; അതേ ഗണത്തില്‍പ്പെട്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയപ്പോള്‍ അവര്‍ അന്താരാഷ്ട്ര ശരാശരിയെക്കാളും കുറഞ്ഞ മാര്‍ക്കാണ് നേടിയത്. മാര്‍ക്കിനുള്ള കടുത്ത സമ്മര്‍ദ്ദം യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതെയാണ് സ്‌കൂളില്‍ വിദ്യാഭ്യാസം അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍ പഠനത്തെ കൃത്രിമ കംപാര്‍ട്ടുമെന്റുകളായി തിരിക്കുന്നതുമൂലം തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നത് വളരെ കുറഞ്ഞു. കുട്ടികള്‍ അവരുടെ ചിന്താശേഷി ഉപയോഗിക്കുന്നതേയില്ല. വിശകലന മനഃസ്ഥിതിയും അവര്‍ക്കില്ല. ഉയര്‍ന്ന മാര്‍ക്ക്‌നേടാനുള്ള കടുത്ത സമ്മര്‍ദ്ദം ഇത്തരത്തിലുള്ള പഠനത്തിനാണു വഴിവയ്ക്കുന്നത്. പാഠപുസ്തകപഠനത്തിനുപകരം പരീക്ഷണമാതൃകയിലുള്ള പഠനമാണ് ഗണിതശാസ്ത്രത്തിനും ഭാഷയ്ക്കും ശാസ്ത്രത്തിനും ആവശ്യം. വരുംകാലത്ത് വിവിധ തൊഴിലുകള്‍ക്കുതകുന്ന മട്ടിലുള്ള തലമുറയാണ് ഉണ്ടാക്കപ്പെടേണ്ടത്. വിദ്യാലയങ്ങള്‍ വെറും ഫാക്ടറികള്‍ മാത്രം പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ തലവരിപ്പണവും അത്രയുംതന്നെ വാര്‍ഷികഫീസും വാങ്ങുന്നവയാണ് നാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍. അസംബ്ലി ലൈനില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതുപോലെ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന വെറും ഫാക്ടറികള്‍ മാത്രമാണ് ഇവയൊക്കെ. ഒരു അദ്ധ്യാപകന് 10-15 വിദ്യാര്‍ത്ഥികളാണ് ലോകനിലവാരമെങ്കില്‍ നമ്മുടെ ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടങ്ങളില്‍ ഇത് ഒന്നിന് 40 മുതല്‍ 60 വരെയാണ്. ചൈനയില്‍പ്പോലും ഒന്നിന് 20 എന്ന അനുപാതത്തിലാണു വിദ്യാഭ്യാസം. ആഗോളമായി വിദ്യാഭ്യാസരംഗത്തുവന്ന പുതിയ പ്രവണത എന്നു പറയുന്നത്; ഓരോ വ്യക്തിയെയും പ്രത്യേകമായി പഠിച്ച് അവന്റെ അഭിരുചികള്‍ക്കും കഴിവുകള്‍ക്കും അനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ഓരോ വ്യക്തിയുടെയും മൊത്തത്തിലുള്ള വികാസമാണ് പരമപ്രധാനമായ ലക്ഷ്യം. കേരളത്തിലെ നിലവാരം ഉയര്‍ത്താം ഇന്‍ഡ്യയിലെ ഏറ്റവുംനല്ല 200 സ്‌കൂളുകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് ഒന്നുപോലുമില്ല. ഇന്‍ഡ്യയിലെ ഏറ്റവും നല്ല സ്‌കൂളുകളുമായി താരതമ്യം ചെയ്തിട്ട് കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെയും മലയാളം മീഡിയം സ്‌കൂളുകളെയും അളന്ന് മാര്‍ക്കിടുന്ന ഒരു സ്വതന്ത്ര ഏജന്‍സി നമുക്കാവശ്യമാണ്. ഇങ്ങനെ ഒരു ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ഓരോ വര്‍ഷവും പ്രസിദ്ധപ്പെടുത്തണം. തങ്ങള്‍ നല്‍കുന്ന പണത്തിനു തുല്യമായ സേവനം തിരികെക്കിട്ടുന്നുണ്ടോ എന്നറിയാനുള്ള അവകാശം മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. വലിയ പണച്ചെലവില്ലാതെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പറ്റിയ മാര്‍ഗ്ഗമാണിത്. ആരാധ്യരുടെ യഥാര്‍ത്ഥമുഖം നമുക്കിനി ആരാധ്യനായ മേയറിലേക്കു വരാം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിശേഷണങ്ങളാണ് 'വര്‍ഷിപ്പ് ഫുള്‍ മേയറും' 'മൈലോര്‍ഡും' ഒക്കെ. കേരളത്തിലെ മേയര്‍മാരില്‍ ഭൂരിപക്ഷവും വിപ്ലവപ്പാര്‍ട്ടിക്കാരാണെങ്കിലും കൊളോണിയല്‍ കാലഘട്ടത്തിലെ ഫ്യൂഡല്‍ പ്രഭുക്കളുടെ മനസ്സാണവര്‍ക്കിപ്പോഴും. ആരാധ്യനെന്ന വിശേഷണം തിരുത്താന്‍ മാത്രം അവരുടെ വിപ്ലവബോധം ഉണര്‍ന്നിട്ടില്ലെന്നു മാത്രമല്ല, ഓരോ അണുവിലും ഈ ആരാധന ആസ്വദിക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ഭൂരിപക്ഷവും. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തരാഷ്ട്രങ്ങളെന്ന് ഇവര്‍ അധിക്ഷേപിക്കുന്ന യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനം എത്ര മാനവികവും സമത്വസുന്ദരവുമാണ്. അമേരിക്കയില്‍ പ്രസിഡന്റിനെപ്പോലും മിസ്റ്റര്‍ പ്രസിഡന്റെന്നാണ് ജനം സംബോധന ചെയ്യുന്നത്. നമ്മുടെ ജനാധിപത്യത്തിനുപോലും ഒരു പുതിയ നിര്‍വ്വചനം നല്‍കേണ്ടിയിരിക്കുന്നു: രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയക്കാരനുവേണ്ടി, രാഷ്ട്രീയക്കാരുടെ ജനാധിപത്യം. സമ്പന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ഡോ. ഹനീഫിന്റെ ആസ്‌ത്രേലിയന്‍ തടവറയില്‍നിന്നുള്ള മോചനം വൈകിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, ഒരിക്കലെങ്കിലും സ്വന്തം രാജ്യത്തെ തടവറകളില്‍ വര്‍ഷങ്ങളായി വിചാരണ കാത്തുകിടക്കുന്ന നിരപരാധികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ധൂര്‍ത്തും പൊങ്ങച്ചവും കൊട്ടാരസദൃശമായ മണിമന്ദിരങ്ങളില്‍ അന്തിയുറങ്ങുന്നതും പോലീസ് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള നമ്മുടെ നിരത്തുകളിലൂടെ, ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാതെ അമിതവേഗത്തില്‍ ചലിക്കുന്ന കൊട്ടാരങ്ങളില്‍ സഞ്ചരിക്കുന്നതും നമ്മുടെ മന്ത്രിമാരുടെ പതിവാണ്. ഇവര്‍ക്ക് സോഷ്യലിസത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും സംസാരിക്കാന്‍ എന്തെങ്കിലും ധാര്‍മ്മികമായ അവകാശമുണ്ടോ? അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മീഷന്റെ വിലയിരുത്തലനുസരിച്ച്; ഇന്‍ഡ്യയിലെ 110 കോടി ജനങ്ങളില്‍ 86 കോടിജനങ്ങള്‍ക്കും ദിവസവരുമാനം 20 രൂപയില്‍ താഴെയാണ്. ഇങ്ങനെയുള്ള ജനങ്ങളുടെ പട്ടിണിമാറ്റാനുള്ള നികുതിപ്പണമല്ലേ നമ്മുടെ മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ധൂര്‍ത്തടിക്കുന്നത്? കേരളത്തിലെ ഒരു മന്ത്രി 40 ലക്ഷം രൂപ മുടക്കി മന്ത്രിമന്ദിരം മോടിപിടിപ്പിച്ചിട്ട് അതു തന്റെ ഭരണനേട്ടമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എഴുന്നള്ളിച്ചത് ഇപ്പോഴും ഓര്‍മ്മയില്‍നിന്നു മാഞ്ഞിട്ടില്ല. വേണം ഒരു പെരുമാറ്റച്ചട്ടം സേവനവും ത്യാഗവും കൈമുതലാക്കിയ രാഷ്ട്രീയസമൂഹം മരിച്ചു. ജനങ്ങളുടെ വോട്ട്‌വാങ്ങി, നികുതിപ്പണത്തില്‍ വിലസിനടക്കുന്ന നേതാക്കന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ക്കു പ്രധാനമായി മൂന്നു പണിയാണ് : ഉദ്ഘാടനവും തറക്കല്ലിടലും കവല പ്രസംഗവും. ചുരുങ്ങിയ പക്ഷം അധികാരക്കസേരകളിലിരിക്കുന്നവര്‍ക്കെങ്കിലും ഒരു പെരുമാറ്റച്ചട്ടം വേണം. ആഴ്ചയില്‍ ഒരു ദിവസം വിശ്രമം, രണ്ടു ദിവസം ഓഫീസിനു പുറത്തുള്ള മേല്‍വിവരിച്ച കാര്യങ്ങള്‍. ബാക്കി നാലുദിവസം തീര്‍ച്ചയായും അവര്‍ ഓഫീസില്‍ ഉണ്ടായിരിക്കണം, ഫയലുകള്‍ പഠിക്കണം. അല്ലെങ്കില്‍ ഇവരെയൊക്കെ നോക്കുകുത്തികളാക്കി ഐ.എ.എസ്സുകാരും ഉദ്യോഗസ്ഥരുമായിരിക്കും രാജ്യം ഭരിക്കുന്നത്. അതാണല്ലോ നമ്മുടെ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ (മന്ത്രിമാര്‍ നേരിട്ടുപോകാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനവും, തറക്കല്ലിടലും കവലപ്രസംഗവും നടത്താന്‍ പാകത്തില്‍ സാങ്കേതികവിദ്യ വികസിച്ചു). യൂണിയന്‍ നേതാക്കള്‍ക്കും സര്‍ക്കാര്‍ശമ്പളം വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥരായ യൂണിയന്‍ നേതാക്കള്‍ക്കും ഒരു പെരുമാറ്റച്ചട്ടം വേണം. ചുരുങ്ങിയ പക്ഷം 51 ശതമാനം തൊഴിലാളികളുടെയെങ്കിലും പിന്തുണയുള്ള യൂണിയന്‍ നേതാവിന് മാസത്തില്‍ ഒരു ദിവസം യൂണിയന്‍ പ്രവര്‍ത്തനത്തിനായി അനുവദിക്കാം. മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും യൂണിയന്‍ പ്രവര്‍ത്തനം പറഞ്ഞുനടന്നിട്ട് ശമ്പളം വാങ്ങാന്‍ മാത്രം ഓഫീസില്‍ വരുന്ന ഇന്നത്തെ പതിവ് അവസാനിക്കണം. വിലയിരുത്തല്‍ സംവിധാനം - ജനപ്രതിനിധികള്‍ക്ക് വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തിനും പ്രതിബദ്ധത വേണം. പഞ്ചായത്ത് മെമ്പര്‍ മുതല്‍ എം.എല്‍.എ, എം.പി., മന്ത്രി തുടങ്ങി ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരെയെല്ലാം ഓരോ വര്‍ഷവും വിലയിരുത്തണം. നമ്മുടെ മാധ്യമങ്ങള്‍ ഭൂരിപക്ഷത്തിനും സ്ഥാപിതതാത്പര്യങ്ങളുള്ളതുകൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ വിലയിരുത്തലിന് ഏറ്റവും അനുയോജ്യം ഒരു സ്വതന്ത്ര ഏജന്‍സിയുടെ അല്ലെങ്കില്‍ സംഘടനയുടെ മേല്‍നോട്ടത്തിലുള്ള ഇന്റര്‍നെറ്റ് സൈറ്റ് ആയിരിക്കും. എല്ലാ ജനപ്രതിനിധികളും ഓരോ വര്‍ഷവും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സുതാര്യമായ രീതിയില്‍ ഫയല്‍ ചെയ്തിരിക്കണം. നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ അവസ്ഥ, വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതിവിഭവങ്ങള്‍, പരിസ്ഥിതി, ജനങ്ങളുടെ പരാതികള്‍ ഇവയൊക്കെ വിലയിരുത്താനുള്ള മാനദണ്ഡങ്ങളാക്കാം. ഭരണകൂടങ്ങളെ വിലയിരുത്തണം വേള്‍ഡ് ബാങ്ക് തയ്യാറാക്കിയ 'വേള്‍ഡ് വൈഡ് ഗവേണന്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ്- 1996-2006' എന്ന റിപ്പോര്‍ട്ട് ഒരു സര്‍ക്കാരിന്റെ കാര്യക്ഷമത അളക്കാന്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളിവയാണ് : (1) പൊതുസേവനങ്ങളുടെ നിലവാരം (2) നിലവാരമുള്ള സിവില്‍ സര്‍വീസ് രാഷ്ട്രീയ- സമ്മര്‍ദ്ദങ്ങളില്‍നിന്ന് സ്വതന്ത്രമായ സിവില്‍ സര്‍വീസ് (3) നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും. ഇവിടെയും പ്രധാനം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുപരിയായുളള സ്വാതന്ത്ര്യമാണ് (4) രാഷ്ട്രീയ സ്ഥിരതയും അക്രമങ്ങളുടെ അഭാവവും (5) നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരം (6) നിയമവാഴ്ച (7) അഴിമതിനിയന്ത്രണം (8) മാധ്യമസ്വാതന്ത്ര്യം (9) തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം (10) അഭിപ്രായം പ്രകടിപ്പിക്കാനും കൂട്ടംകൂടുവാനും ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം. നമ്മുടെ മന്ത്രിസഭകളെ, ഭരണകൂടങ്ങളെ ഈ മാനദണ്ഡങ്ങളനുസരിച്ച് നമുക്കും വിലയിരുത്താനുള്ള സംവിധാനങ്ങള്‍ ഉടലെടുക്കണം. പരാജയപ്പെട്ട ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കിടയിലും ഫ്യൂഡല്‍ പ്രഭുക്കളുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമുതല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുവരെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും മന്ത്രിമാരെ നിശ്ചയിക്കുന്നതുമൊക്കെ ഈ ഫ്യൂഡല്‍ പ്രഭുക്കളാണ്. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ വെറും കാഴ്ചക്കാര്‍ മാത്രം. സ്ഥാനാര്‍ത്ഥികളുടെ ജനസമ്മതിയുടെ സ്ഥിതി ഇതാണെങ്കില്‍, ജനപ്രതിനിധികളുടെ ജനസമ്മതി ഇതിലും എത്രയോ പരിതാപകരമാണ്. പലപ്പോഴും ഒരു നിയോജകമണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ പത്തുശതമാനത്തിന്റെ മാത്രം വോട്ടുകിട്ടുന്നവരാണ് നമ്മുടെ ജനപ്രതിനിധികളില്‍ നല്ലൊരു ശതമാനവും. ഈ പത്തു ശതമാനം എന്നു പറയുന്നത;് പാര്‍ട്ടി അംഗങ്ങളുടേയോ അനുഭാവികളുടെയോ വോട്ട് ആയിരിക്കും. ഈ വോട്ട് ചെയ്ത പാര്‍ട്ടി അംഗങ്ങളില്‍, അനുഭാവികളില്‍ എത്ര ശതമാനം വ്യക്തിപരമായി ഈ സ്ഥാനാര്‍ത്ഥിയെ ഇഷ്ടപ്പെടുന്നുണ്ടാവും? കൂടിപ്പോയാല്‍ ഒന്നോ രണ്ടോ ശതമാനം. ഇതാണ് ആരാധ്യരുടെ യഥാര്‍ത്ഥ ചിത്രം. ഈ കാരണങ്ങള്‍കൊണ്ടുതന്നെയല്ലേ നമ്മുടെ ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്നകലുന്നതും അവരെ അവരാക്കിയ പാര്‍ട്ടിക്കകത്തെ ഫ്യൂഡല്‍ പ്രഭുക്കളോട് കൂറുകാട്ടുന്നതും? നമ്മുടെ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം; 'മേല്‍വിവരിച്ച ഒരു സ്ഥാനാര്‍ത്ഥിയും എനിക്കു സ്വീകാര്യനല്ല' എന്നുകൂടി അച്ചടിക്കണം. ഈ അഭിപ്രായത്തിനു നേരേ ജനത്തിനു വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണം. കുറ്റിച്ചൂലുകളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജനം പ്രതികരിക്കുമെന്ന് ഫ്യൂഡല്‍ പ്രഭുക്കള്‍ മനസ്സിലാക്കണം. പാര്‍ലമെന്റംഗങ്ങളുടെ മഹത്ത്വം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്‍ഡ്യയുടെ ഏറ്റവും വലിയ നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒന്നു വിലയിരുത്താം. 2000-02 കാലഘട്ടത്തിലും 2005-ലും ലോക്‌സഭയും രാജ്യസഭയും 85 ദിവസം വീതം സമ്മേളിച്ചുവെങ്കില്‍ 2004-ല്‍ അത് 53 ദിവസവും (ലോക്‌സഭ), 50 ദിവസവുമായി (രാജ്യ സഭ) ചുരുങ്ങി. 2007-ല്‍ അത് 66, 65 ദിവസം വീതമായിരുന്നു. ഒരു ദിവസം എത്രമണിക്കൂര്‍ എം.പി.മാര്‍ പണിയെടുത്തു? 2000-ല്‍ അത് 5.02 (ലോക് സഭ), 4.04 (രാജ്യസഭ) എന്നീ കണക്കിലായിരുന്നുവെങ്കില്‍ 2007-ല്‍ അത് 4.03, 3.03 മണിക്കൂറായി ചുരുങ്ങി. ഇവരുടെ നിയമനിര്‍മ്മാണത്തിന്റെ കണക്കും ഏതാണ്ടിതേപോലെയാണ്. 2000-ല്‍ 83 (ലോക സഭ), 63 (രാജ്യസഭ) ബില്ലുകള്‍ വീതം അവതരിപ്പിച്ചു പാസ്സാക്കിയെങ്കില്‍ 2007-ല്‍ അത് 56-ം, 46-ം ആയി ചുരുങ്ങി. ഏറ്റവും രസകരമായ വസ്തുത 25-45 പ്രായത്തിലുള്ള പാര്‍ലമെന്റംഗങ്ങള്‍ (രണ്ടു സഭകളിലുമുള്ളവര്‍) കാര്യമായി ഒരു ചര്‍ച്ചയിലും സജീവമായി പങ്കെടുക്കാറില്ല. ഇനി ഇവരുടെ ശമ്പളത്തിലേക്കും മറ്റ് ആനൂകൂല്യങ്ങളിലേക്കും ഒന്നു കടക്കാം. മാസശമ്പളം 12,000 രൂപ. പ്രതിമാസ നിയോജകമണ്ഡല അലവന്‍സ്-10,000 രൂപ. പാര്‍ലമെന്റ് സമ്മേളനത്തിലോ കമ്മിറ്റികളിലോ പങ്കെടുക്കുന്നതിന് ദിവസം 500 രൂപ അലവന്‍സ്. യാത്രാബത്ത- കിലോമീറ്ററിന് 8 രൂപ. എം.പി.ക്കും പങ്കാളിക്കും ഒന്നാം ക്ലാസ്സ് ട്രെയിന്‍ യാത്ര, സൗജന്യമായി എത്രവേണമെങ്കിലും ആകാം. ഒരു വര്‍ഷം 40 വിമാനയാത്ര സൗജന്യമായി ഇന്‍ഡ്യയിലെവിടെയും. ടി.വി, ഫ്രിഡ്ജ്, എ.സി. തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള വീടിന് നാമമാത്ര വാടകയായ 2000 രൂപ പ്രതിമാസം, കൂടാതെ സൗജന്യ വൈദ്യുതി, വെള്ളം, ഫോണ്‍ വിളി, ഏറ്റവും നല്ല ആശുപത്രിയില്‍നിന്ന് എത്ര രൂപവേണമെങ്കിലും ചെലവാക്കിയുള്ള സൗജന്യചികിത്സ. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3000 രൂപ. പാര്‍ലമെന്റംഗമായിരുന്ന കാലാവധി കൂടുന്നതനുസരിച്ചു പെന്‍ഷന്‍ വര്‍ദ്ധിക്കും. നികുതിദായകന്റെ ചെലവില്‍ ഇത്രയും ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നവരാണ് ചോദ്യം ചോദിക്കുന്നതിനുപോലും കൈക്കൂലി വാങ്ങുന്നത്. രാഷ്ട്രീയക്കാരനെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിഭേദമില്ലാതെ എല്ലാവരും ഒന്നാകും. ''എ ഗ്രേറ്റ് വുമണ്‍ എ സൂപ്പര്‍മാര്‍ക്കറ്റ് വുമണ്‍'' മുതലാളിത്തരാജ്യങ്ങളെന്നു നമ്മള്‍ പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ മന്ത്രിമാരും നേതാക്കളും ഏതു സാഹചര്യത്തിലാണു താമസിക്കുന്നതും സഞ്ചരിക്കുന്നതും? മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും മന്ത്രിമാരും നടന്നും സൈക്കിളിലും പൊതുഗതാഗത സംവിധാനങ്ങളായ ബസിലും ട്രെയിനിലുമൊക്കെയാണു സഞ്ചരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും സമ്പന്നരാജ്യവും ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നുമായ ജര്‍മ്മനിയിലെ ചാന്‍സലര്‍ ഏന്‍ജലാ മെര്‍ക്കലിനെ കണ്ടുപഠിക്കണം നമ്മുടെ രാഷ്ട്രീയക്കാര്‍. ജര്‍മ്മനിയിലെയോ ലോകത്തിലെ തന്നെയോ ഏറ്റവും ആഡംബരസമൃദ്ധമായ 'വില്ലി ബ്രാന്‍ഡ് സ്ട്രാസ്സ് 1' എന്ന ഔദ്യോഗിക വസതി ഉണ്ടായിട്ടും തികച്ചും ലളിതമായ സ്വന്തം അപ്പാര്‍ട്ട് മെന്റിലാണ് അവരുടെ താമസം. വീട്ടില്‍നിന്ന് ബര്‍ലിന്‍ നദിയുടെ തീരത്തുകൂടിയുള്ള റോഡിലൂടെ ദിവസവും അരമണിക്കൂര്‍കൊണ്ടു നടന്ന് ഓഫീസിലെത്തുന്നതാണ് അവരുടെ പതിവ്. ഈ അടുത്തകാലത്ത് ബര്‍ളിനിലെ 'ഫ്രഡറിക് സ്ട്രാസ്' എന്ന റെയില്‍വേ സ്റ്റേഷനകത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ അവര്‍ സാധാരണ മനുഷ്യര്‍ക്കൊപ്പം ക്യൂവില്‍ നിന്ന് ഓറഞ്ചും നാരങ്ങയും വാങ്ങുന്ന ചിത്രം 'ബില്‍ഡ്' എന്ന ജര്‍മ്മന്‍ ദിനപ്പത്രത്തില്‍ വന്നു. ഒപ്പം പത്രക്കാരുടെ അഭിനന്ദനക്കുറിപ്പും: ''നമ്മുടെ ചാന്‍സലറെ കോടിപതികള്‍ക്കൊപ്പമോ അവരുടെ ആഡംബര നൗകകളിലോ കാണാറില്ല. എ ഗ്രേറ്റ് വുമണ്‍ എ സൂപ്പര്‍ മാര്‍ക്കറ്റ് വുമണ്‍'' l ശബ്ദമലിനീകരണം 'വേള്‍ഡ് ഡെഫ്‌നസ് ഡേ' (സെപ്റ്റംബര്‍ 24) പ്രമാണിച്ച് 'ഹിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അമേരിക്ക' പുറപ്പെടുവിച്ച കണക്കനുസരിച്ച് ആഗോളമായി 50 കോടിയില്‍പ്പരം ആളുകള്‍ കേള്‍വിക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. മനുഷ്യരാശി നേരിടുന്ന ശാരീരിക വൈകല്യങ്ങളുടെ കൂട്ടത്തില്‍ കേള്‍വിസംബന്ധമായ വൈകല്യങ്ങള്‍ക്കാണ് ഒന്നാംസ്ഥാനം. മൂന്നിലൊന്ന് കേള്‍വിപ്രശ്‌നങ്ങള്‍ക്കും കാരണം ശബ്ദമലിനീകരണമാണ്. കഴിഞ്ഞ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ആളുകള്‍ക്കു കേള്‍വിസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു. വര്‍ത്തമാനകാലത്ത് ഇന്‍ഡ്യയിലും സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്നു. ആകെ ജനസംഖ്യയുടെ 6.3 ശതമാനം കേള്‍വി പ്രശ്‌നങ്ങളുള്ളവരാണ്. അവരില്‍ ഒരു ശതമാനത്തിന്റെ ഈ അവസ്ഥയ്ക്കു കാരണം ശബ്ദമലിനീകരണമാണ്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും താളംതെറ്റിക്കുന്ന മനുഷ്യനിര്‍മ്മിതമായ ശബ്ദമലിനീകരണമാണു വിഷയം. ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകള്‍ - ഹൈവേകള്‍, വാഹനങ്ങള്‍, പോലീസ് കാറുകള്‍, ആംബുലന്‍സുകള്‍, ഫാക്ടറികള്‍, സംഗീതസദസ്സുകള്‍, എയര്‍ കണ്ടീഷനറുകള്‍, എന്‍ജിനുകള്‍, യന്ത്രങ്ങള്‍, വിമാനം, ഹെലികോപ്ടറുകള്‍, വിവിധതരം അലാമുകള്‍, ഉച്ചഭാഷിണികള്‍ (കോളാമ്പി ഉള്‍പ്പെടെ), വ്യവസായപ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുതലായവയാണ്. മനുഷ്യനുമാത്രമല്ല, മൃഗങ്ങള്‍ക്കും ശബ്ദമലിനീകരണം ദോഷകരമാണ്. ഇനിപ്പറയുന്ന കാരണങ്ങളാല്‍ അല്ലെങ്കില്‍ ചുറ്റുപാടുകളാല്‍ ശബ്ദമലിനീകരണം മനുഷ്യനു ഹാനികരമാണ്: 1. അടിസ്ഥാനപരമായിത്തന്നെ ഒരു പരിധി കഴിഞ്ഞുള്ള ശബ്ദം മനുഷ്യന് അസ്വാസ്ഥ്യജനകമാണ്. ഒരാളിന്റെ സംഗീതം മറ്റൊരാള്‍ക്ക് അരോചകമായ ശബ്ദമായിരിക്കും. 2. വല്ലപ്പോഴും ഒരു നിമിഷനേരത്തേക്ക് കേള്‍ക്കുന്ന ഉറക്കെയുള്ള ശബ്ദംപോലെയല്ല സ്ഥിരമായുള്ള ശബ്ദമലിനീകരണം. അതു മനസ്സിന്റെ സമനില തെറ്റിക്കും. 3. കേള്‍ക്കുന്ന ശബ്ദംപോലെയാണ് അതിന്റെ ഉള്ളടക്കവും. ഈ ഉള്ളടക്കത്തിലടങ്ങിയിരിക്കുന്ന ആശയങ്ങള്‍ കേള്‍വിക്കാരന്റെ ചിന്താഗതിയുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍, അതു കേള്‍വിക്കാരനിലുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. 4. ഉണര്‍ന്നിരിക്കുമ്പോഴുള്ളതിനെക്കാള്‍ ഉറങ്ങുമ്പോഴുള്ള ശബ്ദമലിനീകരണമാണ് നമ്മെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തുന്നത്. 5. ശബ്ദത്തിന്മേലും അതിന്റെ സ്രോതസ്സിന്മേലും യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ കേള്‍വിക്കാരന്റെ വേദനയുടെ ആഴം കൂട്ടും. 6. മൂന്നാമതൊരാള്‍ക്ക് (ഉദാഹരണത്തിന് പോലീസിന്) ഈ ശബ്ദം നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ, അവര്‍ അതു ചെയ്യുന്നില്ല എന്നൊരു തോന്നല്‍ കേള്‍വിക്കാരനിലുണ്ടാക്കുന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്. ശബ്ദമലിനീകരണത്തിനെതിരെ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പല ഉത്തരവുകളുണ്ട്. എങ്കിലും അതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ചിലരെങ്കിലും. വൃശ്ചികം ഒന്ന് കേരളത്തില്‍ ഉത്സവസീസന്റെ തുടക്കമാണ്. മണ്ഡലച്ചിറപ്പിന്റെ 41 ദിവസവും നിരവധി അമ്പലങ്ങളിലും വീടുകളിലും നിയന്ത്രണമില്ലാതെ കോളാമ്പി ഉപയോഗിച്ചുള്ള ഭക്തിഗാനമേള-രാവിലെ 5 മണിക്കു തുടങ്ങിയാല്‍ വൈകിട്ട് 8 മണിക്കാണ് അവസാനിക്കുന്നത്. തുടര്‍ന്ന് റംസാന്‍, പള്ളിപ്പെരുന്നാളുകള്‍, ക്രിസ്തുമസ്സ് ഉത്സവങ്ങളുടെ കാലമാണ്. എല്ലാവരും മത്സരിച്ച് കോളാമ്പിവച്ച് മനുഷ്യരെ ഉപദ്രവിക്കുകയാണ്. ഇവരുടെ മത്സരം കണ്ടാല്‍ത്തോന്നും ദൈവം പൊട്ടനാണ്, കോളാമ്പി ഇല്ലെങ്കില്‍ അദ്ദേഹത്തിനു കേള്‍ക്കാന്‍ പറ്റിെല്ലന്ന്. മനുഷ്യന്റെ സ്വസ്ഥതകെടുത്തുന്ന ഏര്‍പ്പാടാണ് ശബ്ദമലിനീകരണം. സ്വസ്ഥതയില്ലാത്ത സമൂഹത്തില്‍ വികസനം നടക്കില്ല. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മാത്രമല്ല നമുക്കെല്ലാം സ്വസ്ഥമായി ജീവിക്കണം. അതിന് നിശ്ശബ്ദത വേണം. സ്വസ്ഥമായി ഉറങ്ങിയെങ്കിലേ വായിക്കാനൊക്കൂ, പഠിക്കാനൊക്കൂ, ചിന്തിക്കാനൊക്കൂ. വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യാത്ത സമൂഹത്തില്‍ വികസനവുമില്ല. ഓരോ പോലീസ് സ്റ്റേഷനിലും ശബ്ദമലിനീകരണം തടയുന്ന ഉത്തരവാദിത്വം ഒരു പോലീസുകാരനെ ഏല്പിക്കുക. ഓരോ സ്റ്റേഷന്റെയും പരിധിയിലുള്ള ശബ്ദമലിനീകരണം തടയേണ്ടതും നിയന്ത്രിക്കേണ്ടതും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ആയിരിക്കണം. ഇതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ പരാതിക്കാരന് അദ്ദേഹത്തിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ടായിരിക്കണം. ആത്മഹത്യയും മാനസികരോഗവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാനസികരോഗികള്‍ കൂടുതല്‍ കരുണയും പരിഗണനയും അര്‍ഹിക്കുന്നു ശരീരത്തിന്റെ രോഗംപോലെതന്നെയല്ലേ മനസ്സിന്റെയും രോഗങ്ങളും? ശാരീരികരോഗങ്ങളെ സമൂഹം അംഗീകരിക്കുന്നുവെങ്കിലും മാനസികരോഗങ്ങളെയും രോഗികളെയും വെറുപ്പോടും അവജ്ഞയോടുമാണു കാണുന്നത്. ഇന്‍ഡ്യയില്‍ ഏകദേശം 6 കോടി മാനസികരോഗികളുണ്ടെന്നാണ് കണക്ക്. ആരോഗ്യത്തിനുവേണ്ടി ദേശീയ ബഡ്ജറ്റില്‍ വകകൊള്ളിച്ച തുകയുടെ 2.05 ശതമാനം മാത്രമാണ് മാനസികാരോഗ്യത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇന്‍ഡ്യയിലെ പകുതിയില്‍ കൂടുതല്‍ ജില്ലകളിലും മാനസികരോഗ ചികിത്സയ്ക്കായി ഒരു സംവിധാനവുമില്ലെന്നതാണു സ്ഥിതി. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ 2005-ലെ സര്‍വേ ഫലം അനുസരിച്ച് ഇന്‍ഡ്യയില്‍ ലക്ഷംപേരില്‍ 105 പേര്‍ മാനസികരോഗികളാണെങ്കില്‍, കേരളത്തിലത് 272 ആണ്. ആത്മഹത്യയുടെ കാര്യത്തില്‍ ദേശീയശരാശരി ലക്ഷത്തിന് 11.1 ആണെങ്കില്‍ കേരളത്തിലത് 29.5 ആണ്. കേരളത്തിലെ മൂന്ന് മാനസികരോഗചികിത്സാകേന്ദ്രങ്ങളിലെ ആകെ കിടക്കകളായ 1342 ഉള്‍പ്പെടെ ആകെ സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള കിടക്കകളുടെ എണ്ണം 1717 മാത്രമാണ്. ഡോക്ടര്‍മാരുടെ കാര്യത്തില്‍ 157 സ്വകാര്യ ഡോക്ട ര്‍മാരും 85 സര്‍ക്കാര്‍ ഡോക്ടര്‍മാരും. ഒരു ലക്ഷം രോഗികള്‍ക്കു 3.96 ഡോക്ടര്‍മാര്‍ എന്ന ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ലക്ഷത്തിന് ഒന്നില്‍ത്താഴെ എന്ന അനുപാതം വളരെ കുറവാണ്. മനഃശാസ്ത്രജ്ഞരും മനോരോഗ വിദഗ്ദ്ധരും മനോരോഗത്തെ കാണുന്നത് രണ്ടു വിധത്തിലാണ്. ആദ്യവിഭാഗം, രോഗത്തെ സമുഹവും, വ്യക്തിയുമായുള്ള ബന്ധങ്ങളിലെ പൊരുത്തക്കേടായി കാണുമ്പോള്‍ രണ്ടാമത്തെ വിഭാഗം, തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ സന്തുലനാവസ്ഥയിലെ മാറ്റങ്ങളാണ് രോഗകാരണമെന്നു വിശ്വസിക്കുന്നു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നതിവയാണ്: ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ നേരിടാന്‍ കഴിയാതെ വരുക, സമൂഹത്തിന്റെ വിലക്കുകളും ആചാരങ്ങളും മര്യാദകളും പാലിക്കാതിരിക്കുക, കടുത്ത മത്സരത്തെ നേരിടുക, തൊഴിലില്ലായ്മ, കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച, സമൂഹം വ്യക്തിക്കു നല്‍കുന്ന പിന്തുണ യുടെ കുറവ്, 'ഗള്‍ഫ് സിന്‍ഡ്രം' (വിവാഹം കഴിഞ്ഞ് ഭാര്യയെ തനിച്ചാക്കിയിട്ട് ഭര്‍ത്താവ് ഗള്‍ഫില്‍പോകുന്നതുമൂലം ഭാര്യയ്ക്കുണ്ടാകുന്ന മാനസികത്തകര്‍ച്ചമൂലമുള്ള രോഗം), കട ബാധ്യതകള്‍, വിവാഹമോചനം, സ്ത്രീധനം, മദ്യപാനം, കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, കുടുംബപ്രശ്‌നങ്ങള്‍, സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനം തുടങ്ങിയവ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും. ചെറുപ്പക്കാര്‍ക്കിടയിലെ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള സംഘട്ടനമാണ്. മാനസിക പിരിമുറുക്കങ്ങള്‍ താങ്ങാനുള്ള കഴിവ് ചെറുപ്പക്കാര്‍ക്കിടയില്‍ കുറഞ്ഞുവരുകയാണ്. മനസ്സിന്റെ പിരിമുറക്കമാണ് ഭയത്തിനും വ്യാകുലതകള്‍ക്കും വിഷാദത്തിനും ആത്മഹത്യയ്ക്കും കാരണമാകുന്നത്. ഇതിനുത്തരവാദികള്‍ പ്രധാനമായും സമൂഹവും കുടുംബവുമാണ്. ധാര്‍മ്മികമൂല്യങ്ങള്‍ സംബന്ധമായ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വികസിതരാജ്യങ്ങളില്‍ മാനസികരോഗികളോടുള്ള സമീപനവും ചികിത്സാസമ്പ്രദായവും മാറിക്കഴിഞ്ഞു. ആധുനിക മാനസികചികിത്സാ കേന്ദ്രമെന്നാല്‍ പ്രകൃതിരമണീയമായ ചുറ്റുപാടില്‍ തുറന്ന അന്തരീക്ഷത്തിലുള്ള പിരിമുറുക്കങ്ങളില്ലാത്ത ജീവിതസാഹചര്യമാണ്. പിരിമുറുക്കങ്ങളെ നേരിടാന്‍ ധ്യാനവും യോഗയും കൗണ്‍സിലിംഗും കൂടാതെ മരുന്നും ചികിത്സാരീതികളില്‍പ്പെടുന്നു. മനസ്സിനേറ്റവും ഉല്ലാസം തരുന്ന തൊഴില്‍ കാര്‍ഷികവൃത്തിയാണ്. മാനസികപിരിമുറുക്കങ്ങളില്‍നിന്നു രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് കൃഷിയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം. ചിട്ടയായ ജീവിതം, വ്യായാമം, നല്ല കുടുംബാന്തരീഷം, നല്ല കിടക്ക, അരുമമൃഗങ്ങള്‍, പക്ഷികള്‍, കളിക്കോപ്പുകള്‍ ഇവയൊക്കെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ സമീപനവും കാഴ്ചപ്പാടുമുള്ള ചികിത്സാകേന്ദ്രങ്ങള്‍ ചുരുങ്ങിയത് ഒരു ലക്ഷം ജനസംഖ്യയ്ക്ക് ഒന്ന് എന്ന അനുപാതത്തില്‍ സര്‍ക്കാരും സര്‍ക്കാര്‍ സഹായത്തോടെ അര്‍പ്പണബോധമുള്ള സന്നദ്ധസംഘടനകളും തുടങ്ങണം, ഒപ്പം മാനസികരോഗങ്ങള്‍ക്കുള്ള മരുന്ന് ന്യായ വിലയ്ക്ക് ലഭ്യ മാക്കുകയും വേണം. കേരളം കടക്കെണിയില്‍ ലോകബാങ്ക് പുറത്തിറക്കിയ 2007-ലെ പദ്ധതിപുരോഗതി റിപ്പോര്‍ട്ട്അനുസരിച്ച് കടക്കെണിയിലായ 11 ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. മൊത്തം റവന്യുവരുമാനവും പലിശയിനത്തിലുള്ള ചെലവും തമ്മിലുള്ള അനുപാതം നിശ്ചയിച്ചാണ് കടക്കെണി നിര്‍ണയിക്കുന്നത്. കേരളത്തിന്റെ മൊത്തം റവന്യുവരുമാനം 14310 കോടിരൂപയും പലിശബാധ്യത 3649 കോടി രൂപയുമാണ്. റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഫിനാന്‍സ് എ സ്റ്റഡി ഓഫ് ബജറ്റ് 2006-07' അനുസരിച്ച് ഇന്‍ഡ്യയില്‍ ഏറ്റവുമധികം റവന്യു കമ്മിയുള്ള സംസ്ഥാനം കേരളമാണ്. ഇന്‍ഡ്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും മൊത്തം കമ്മിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ കമ്മി. കേരളത്തിന് 5310 കോടിരൂപ റവന്യു കമ്മി ഉള്ളപ്പോള്‍ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 4511 കോടിരൂപയുടെ കമ്മിയേയുള്ളൂ. ഇന്‍ഡ്യയില്‍ ഏറ്റവും ഉയര്‍ന്ന ആളോഹരി കടം കേരളത്തിനാണ് 17100 രൂപ. രണ്ടാംസ്ഥാനമായ യു. പി. ക്ക് 9000 രൂപയേഉള്ളൂ. ഓവര്‍ ഡ്രാഫ്റ്റിന്റെ കാര്യത്തിലും കേരളമാണു മുന്നില്‍. 141 ദിവസം കേരളം ഓവര്‍ ഡ്രാഫ്റ്റിലായിരുന്നു. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലും കേരളം ഒന്നാമതെത്തി. പെന്‍ഷന്‍, ശമ്പളം, പലിശ ഇനങ്ങളില്‍ കേരളം 405 കോടിരൂപ ചെലവാക്കുമ്പോള്‍, കര്‍ണ്ണാടകം 267 കോടിയും ആന്ധ്ര 397 കോടിയും മാത്രമാണ് ചെലവാക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ 1996വരെയുള്ള 49 വര്‍ഷംകൊണ്ടു കേരളത്തിന്റെ പൊതുകടം 10,000 കോടിയിലെത്തിയെങ്കില്‍, 1996-2001 കാലഘട്ടത്തിലെ എല്‍. ഡി. എഫ് മന്ത്രിസഭയുടെ കാലത്ത് അത് 25,000 കോടിയിലെത്തി (150 ശതമാനം വര്‍ദ്ധന; 5 വര്‍ഷം കൊണ്ട്). ഇതൊരു ചരിത്രമായിരുന്നു. 2001-2006 കാലത്തെ യു. ഡി. എഫ്. മന്ത്രിസഭ ഇത് 25,000 ത്തില്‍നിന്ന് 50,000 കോടിയിലെത്തിച്ചു. 5 വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ദ്ധന. വ്യക്തികളെപ്പോലെ സമൂഹവും കടംവാങ്ങുന്നത് പ്രത്യുല്പാദനപരമായ കാര്യങ്ങള്‍ക്കുപയോഗിച്ചില്ലെങ്കില്‍ കടക്കെണിയില്‍ വീഴും. ഭരിക്കുന്നവര്‍ക്ക് കടം വാങ്ങുന്നതുകൊണ്ട് രണ്ടു ലാഭം ഉണ്ട്. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ ഏജന്റുമാര്‍ കടം വാങ്ങുന്നതിന് കമ്മീഷന്‍ കൊടുക്കും. കടം വാങ്ങിയ കാശ് പദ്ധതികള്‍ക്കായി ചെലവാക്കുമ്പോള്‍ ആ വകയിലും കമ്മീഷന്‍ കിട്ടും. ഇവിടെ ഒരു ധാര്‍മ്മിക ചോദ്യം വളരെ പ്രസക്തമാണ്; ജനം വോട്ടു നല്‍കി അധികാരത്തില്‍ കയറിവര്‍ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയെയും ഇനി പിറക്കാനിരിക്കുന്ന തലമുറയെയും കടക്കെണിയിലാക്കാന്‍ അവകാശമുണ്ടോ? കടം വാങ്ങുന്നതിനുമുമ്പ് ജനത്തിന്റെ സമ്മതം വാങ്ങിയിരിക്കണം, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കണം കടം വാങ്ങി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച്. അതും അല്ലെങ്കില്‍ കടം വാങ്ങി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് പ്രിന്റ്, ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ചര്‍ച്ച സംഘടിപ്പിക്കണം, വോട്ടെടുപ്പ് നടത്തണം. ഒപ്പം ഒരു ഇന്റര്‍നെറ്റ് സൈറ്റ് സൃഷ്ടിക്കണം. അവിടെ ആര്‍ക്കും അവരുടെ അഭിപ്രായങ്ങളും വോട്ടും രേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കണം. കടം വാങ്ങാതെതന്നെ പ്രസ്തുത പദ്ധതിയോ ഇതുകൊണ്ടുണ്ടാവുന്ന പ്രയോജനമോ കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്ന മറ്റു മാര്‍ഗ്ഗങ്ങളോ ചര്‍ച്ചാവിഷയമാവണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പട്ടാളഭരണാധികാരികളും അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളുംകൂടിയുള്ള കൂട്ടുകച്ചവടത്തിന്റെ ഫലമായി ഒരു ജനതയെ മുഴുവന്‍ തലമുറകളോളം കടക്കെണിയിലാക്കിയെങ്കില്‍, ഇവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളാണ് ആ ക്രൂരകൃത്യം ചെയ്യുന്നത്. ചുരുക്കത്തില്‍ അവിടത്തെ പട്ടാളക്കാരും ഇവിടത്തെ ജനനായകരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. പദ്ധതികള്‍ നടപ്പാക്കുന്നതിലുളള കാലതാമസം മൂലം ഉണ്ടായ അധികച്ചെലവ് ഇന്ത്യയില്‍ 2006 - 07-ല്‍ മാത്രം 46,000 കോടി രൂപയായിരുന്നു. ആവശ്യമായ അളവില്‍, സമയത്ത്, മുതലാവുന്ന പലിശനിരക്കിലുളള പണത്തിന്റെ ലഭ്യത മാത്രമല്ല പണത്തിന്റെ ഉല്പാദനക്ഷമത നിശ്ചയിക്കുന്നത്; അതിന്റെ വിനിയോഗത്തിലെ രീതിയും കാര്യക്ഷമതയും പ്രധാനഘടകങ്ങളാണ്. 96-2001-ല്‍ എല്‍. ഡി. എഫ് വാങ്ങിയ 15,000 കോടികൊണ്ട് എന്തു ചെയ്തു? അതിനെക്കുറിച്ച് ഒരു സാമൂഹികഓഡിറ്റ് നടത്തിയിട്ടുണ്ടോ? 2001-2006-ല്‍ യു.ഡി.എഫ് വാങ്ങിയ 25,000 കോടി എവിടെ മുടക്കി? അതിന്റെയും ഒരു സോഷ്യല്‍ ഓഡിറ്റ് ആവശ്യമല്ലേ. ജനാധിപത്യം നേരിടുന്ന ഒരു വലിയ വെല്ലുവിളിയോ പ്രതിസന്ധിയോ ആണിത.് പ്രത്യേകിച്ച് മൂന്നാംലോക ജനാധിപത്യങ്ങള്‍. ഈ പ്രതിസന്ധി കേരളത്തെ വിഴുങ്ങുമോ? കാത്തിരുന്നു കാണാം. വ്യാജമദ്യത്തിന്റെ സാമ്പത്തികശാസ്ത്രം കേരളവും ഉയര്‍ന്ന പ്രതിശീര്‍ഷമദ്യ ഉപഭോഗവും ഇന്‍ഡ്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗത്തില്‍ കേരളമാണു മുന്നില്‍. 2005-06-ല്‍ കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന 2620 കോടി രൂപയും നികുതിവരുമാനം 2000 കോടിരൂപയുമായിരുന്നു. 2006 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 55.86 ലക്ഷം കെയ്‌സ് വിദേശമദ്യവും 19.08 ലക്ഷം കെയ്‌സ് ബിയറും 1267.15 കോടി രൂപയ്ക്കു വിറ്റു. കേരളത്തിലെ വ്യാജമദ്യത്തിന്റെ കണക്കുകള്‍ ഇനി കേരളത്തിലെ വ്യാജമദ്യത്തിന്റെ സാമ്പത്തികവശങ്ങളിലേക്ക് കടക്കാം. എ. കെ. ആന്റണി 91-ലെ തിരഞ്ഞെടുപ്പിനു മുമ്പ് ചാരായം നിരോധിക്കുന്നതുവരെയുളള കണക്കുകള്‍ പരിശോധിക്കാം. ഔദ്യോഗിക കണക്കുപ്രകാരം 1988-89 കാലത്ത് കേരളത്തില്‍ 90 ലക്ഷം ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യവും 217 ലക്ഷം ലിറ്റര്‍ ചാരായവും വിറ്റു. ആകെ 307 ലക്ഷം ലിറ്റര്‍. ഇത് 95-96-ല്‍ 970 ലക്ഷം ലിറ്ററായി. 300% വര്‍ദ്ധന. 2003-ല്‍ 874 ലക്ഷം ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം മാത്രമാണ് വിറ്റത്. 300% വളര്‍ച്ചവച്ചുനോക്കിയാല്‍ 2800 ലക്ഷം ലിറ്റര്‍വരണം. നാട്ടില്‍ മദ്യപാനം കുറഞ്ഞതുകൊണ്ടല്ല ഈ കൂറവ്. ചുരുങ്ങിയപക്ഷം 20 കോടി ലിറ്റര്‍ വ്യാജമദ്യമെങ്കിലും ഈ കാലയളവില്‍ കേരളത്തില്‍ വിറ്റു. കള്ളുഷാപ്പുകള്‍ വഴിവിറ്റ വാറ്റുചാരായം വേറെ. 5000 കോടിരൂപയുടെ സമ്പദ്ഘടന ഒരു ലിറ്റര്‍ വ്യാജമദ്യത്തിന് ശരാശരി 200 രൂപ മാര്‍ക്കറ്റില്‍ വിലയുണ്ട്. 20 കോടി ലിറ്ററിന് 4000 കോടി രൂപ. കേരളത്തിലെ വ്യാജമദ്യത്തിന്റെ സമ്പദ്ഘടന ചുരുങ്ങിയ പക്ഷം 5000 കോടി രൂപയുടേതാണ്. കേരളത്തിലെ വിവിധ മാഫിയകളുടെ സമ്പത്ത് 50,000 കോടി രൂപയാണെന്ന് ഡി. ജി. പി. പറഞ്ഞതുമായി കൂട്ടിവായിക്കുമ്പോള്‍ ഈ കണക്ക് ശരിയാണെന്നു മനസ്സിലാകും. അല്പം സാമ്പത്തികശാസ്ത്രം വ്യാജമദ്യം തടയുന്നതിന് ഇന്നുള്ള സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നമുക്ക് മറ്റു വഴികള്‍ ചിന്തിക്കാം. ഒരു ലിറ്റര്‍ വാറ്റുചാരായത്തിനു നിര്‍മ്മാണച്ചെലവ് ഒരു പക്ഷേ 25 രൂപയില്‍ കവിയില്ല. പക്ഷേ, അതിന്റെ മാര്‍ക്കറ്റിംഗ് ചെലവും അപകടസാദ്ധ്യതയും കണക്കിലെടുക്കുമ്പോള്‍ 200 രൂപയ്ക്ക് വിറ്റെങ്കിലേ മുതലാകൂ. എന്തൊക്കെയാണ് മാര്‍ക്കറ്റിംഗ് ചെലവ്? ഓരോ മാസവും എക്‌സൈസുകാര്‍ക്കും ലോക്കല്‍ പോലീസിനും രാഷ്ട്രീയക്കാര്‍ക്കും പടി കൊടുക്കണം. ഗുണ്ടാപ്പിരിവു നല്‍കണം. ഇതെല്ലാം കൊടുത്താലും ഒരു അഡ്ജസ്റ്റ്‌മെന്റ് എന്ന നിലയില്‍ ഒരു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പോലീസ് അകത്താക്കും. അപ്പോള്‍ വക്കീലിനും കാശുകൊടുക്കണം. വ്യാജവാറ്റുകാരെ സാമ്പത്തികമായി നേരിടാം സാമ്പത്തികമായി വ്യാജവാറ്റുകാരന്റെ നട്ടെല്ലൊടിക്കുക. ഒപ്പം അവരെ പുരനധിവസിപ്പിക്കുക. മദ്യമാഫിയ എന്ന സാമൂഹികവിപത്തിന് ശാശ്വതപരിഹാരമാകും. വ്യാജമദ്യം, പൊതുജനാരോഗ്യപ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട ചെലവും സൃഷ്ടിക്കുന്നതിനു പുറമേ ക്രമസമാധാന പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം, ശുദ്ധമായ മദ്യം സര്‍ക്കാര്‍ വിലകുറച്ചു നല്‍കിയാല്‍. ഒരു ലിറ്റര്‍ വ്യാജമദ്യത്തിന് 200 രൂപ എന്നതിന്പകരം ലിറ്ററിന് 150 രൂപയ്ക്കു സര്‍ക്കാര്‍ ശുദ്ധമദ്യം നല്‍കിയാല്‍ ആരെങ്കിലും വ്യാജമദ്യത്തിന്റെ പുറകേ പോകുമോ? ഡിസ്റ്റിലറികളില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന് 25 രൂപയാണു വില. ഒരു ലിറ്റര്‍ സ്പിരിറ്റില്‍ അത്രയും വെള്ളവും ചേര്‍ത്താണ് സര്‍ക്കാര്‍ പണ്ട് പട്ടച്ചാരായം വിറ്റിരുന്നത്. ഒരു ലിറ്റര്‍ മദ്യം 150 രൂപയ്ക്ക് വിറ്റാല്‍ ചുരുങ്ങിയത് 100 രൂപയെങ്കിലും സര്‍ക്കാരിനു നികുതികിട്ടും. 20 കോടി ലിറ്ററിന് ചുരുങ്ങിയത് 2000 കോടി രൂപ. ഖജനാവിലേക്കു ചുരുങ്ങിയത് 2000 കോടി രൂപകൂടി വരുമാനം. വ്യാജമദ്യവേട്ടയ്ക്കായി എക്‌സൈസ് വഴിയും അല്ലാതെയും ചെലവാക്കുന്ന അനേകം കോടികളും ലാഭിക്കാം. മദ്യനിരോധനത്തിനു പകരം ബോധവത്കരണം മദ്യനിരോധനം ലോകത്തെവിടെയെല്ലാം പരീക്ഷിച്ചിട്ടുണ്ടോ അവിടെയെല്ലാം പരാജയമായിരുന്നു. മദ്യപാനം ഒരു മാനസിക പ്രശ്‌നമാണ്; മാനസികരോഗമാണ്. മദ്യനിരോധനമല്ല ബോധവത്കരണമാണ് ആവശ്യം. മദ്യം വിറ്റു കിട്ടുന്ന കാശിന്റെ പത്തു ശതമാനമെങ്കിലും ബോധവത്കരണത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കണം. ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളും പൊതുജനനന്മയ്ക്കായി ചില സൗജന്യങ്ങള്‍ ചെയ്യണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ 100 രൂപയുടെ പരസ്യം നല്‍കിയാല്‍, മാദ്ധ്യമ ഉടമകള്‍ അത്രയും തുകയ്ക്കുള്ള പരസ്യം സൗജന്യമായി നല്‍കണം. ബോധവത്കരണം വഴി ജനങ്ങളുടെ ശീലങ്ങളില്‍ മാറ്റം വരുത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരമാണ് പുകവലി. സ്ഥിരം മദ്യപാനികളെ ബോധവത്കരിക്കുക കേരളത്തിലെ ആകെ ജനസംഖ്യ 3 കോടിയാണ്. അതില്‍ പകുതി സ്ത്രീകള്‍. ബാക്കി 11/2 കോടിയില്‍ 20 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും ഉള്ളവരെ ഒഴിവാക്കിയാല്‍ 75 ലക്ഷം പുരുഷന്മാര്‍ വരും. ഇവരില്‍ ചുരുങ്ങിയത് 50% എങ്കിലും മദ്യം കഴിക്കാത്തവരാണ്. ബാക്കിവരുന്ന 35 ലക്ഷത്തില്‍ രണ്ടു വിഭാഗമുണ്ട്. സ്ഥിരം മദ്യപാനികളും വല്ലപ്പോഴും മദ്യപിക്കുന്നവരും. സ്ഥിരം മദ്യപാനികള്‍ ഏകദേശം 15 ലക്ഷത്തില്‍ കവിയില്ല. ഇവരെ കൂടുതലായും സമൂഹത്തെ പൊതുവായും ബോധവത്കരിക്കണം. പരസ്യംവഴിയും കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയും മദ്യവര്‍ജ്ജന ചികിത്സയിലൂടെയും മാറ്റങ്ങള്‍ വരുത്താം. സൗജന്യചികിത്സയും മദ്യപാനികളും മനുഷ്യനുണ്ടാകുന്ന രോഗങ്ങള്‍ രണ്ടുവിധമാണ്. ഒന്ന് നമ്മുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നത്. മറ്റൊന്ന് നമ്മുടെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍. പുകവലി, അമിതഭക്ഷണം, മദ്യപാനം ഇവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍ വരും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് നികുതിപ്പണംകൊണ്ട് സൗജന്യചികിത്സ നല്‍കണോ എന്ന ചോദ്യം ഇന്നു യൂറോപ്പിലും അമേരിക്കയിലും സജീവമാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ഇന്‍ഡ്യയിലും കേരളത്തിലും ഇതേ ചോദ്യം ഉയര്‍ന്നേക്കാം. മാവേലിനാട്, ജനുവരി 2007 അഴിമതി, സുതാര്യത, ഇ-ഗവേണന്‍സ് അഴിമതിയും രാഷ്ട്രപരമാധികാരവും അഴിമതി എങ്ങനെ ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നുവെന്നു പരിശോധിക്കാം. രാഷ്ട്രത്തിന്റെ പൊതുവായ സുരക്ഷിതത്വത്തിനും വ്യക്തികളുടെ സുരക്ഷിതത്വത്തിനും അഴിമതി ഒരു ഭീഷണിയായി നില്‍ക്കുന്നു. രാഷ്ട്രത്തിന്റെ നിയമം എല്ലാ പൗരന്മാര്‍ക്കും തുല്യമായി നടപ്പാക്കുന്നതിന് അഴിമതി തടസ്സം സൃഷ്ടിക്കുന്നു. അത് സമൂഹത്തില്‍ നല്ല ഭരണം അസാദ്ധ്യമാക്കുന്നു. ഏതൊരു പരമാധികാരരാഷ്ട്രത്തിന്റെയും പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ് രാഷ്ട്രത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനം. അഴിമതിനിറഞ്ഞ സമൂഹത്തില്‍ വികസനം അഴിമതിക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. അഴിമതി മനുഷ്യാവകാശലംഘനം അഴിമതി, പൗരന്റെ മനുഷ്യാവകാശങ്ങളുടെലംഘനമാണ്. പൗരന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും പൂര്‍ത്തീകരണത്തിന് അഴിമതി ഒരു തടസ്സമാണ്. ഇന്‍ഡ്യയില്‍ അഴിമതിയെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്. മറിച്ച് ഇത് മനുഷ്യാവകാശ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ഒരുപക്ഷേ, കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാം. ഇന്‍ഡ്യയില്‍ 1993-ല്‍ പാസ്സാക്കിയ മനുഷ്യാവകാശനിയമത്തില്‍ ഭരണഘടന അനുശാസിക്കുന്ന; വ്യക്തികളുടെ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നീ വിഷയങ്ങളിലെ അവകാശം സംരക്ഷിക്കാനുള്ള ബാദ്ധ്യത ഊന്നിപ്പറയുന്നുണ്ട്. നല്ല ഭരണത്തിന്റെ നിര്‍വ്വചനത്തില്‍ മനുഷ്യാവകാശത്തിന്റെ സംരക്ഷണവും നിയമവാഴ്ചയും ഉള്‍പ്പെടുന്നു. അഴിമതിനിറഞ്ഞ സമൂഹത്തില്‍ ഈ രണ്ട് അടിസ്ഥാന മൂല്യങ്ങളും പാലിക്കാനുള്ള സാദ്ധ്യത കുറവാണ്. ഇന്‍ഡ്യയും അഴിമതിയും അഴിമതിമൂലം ലോകസമ്പദ് വ്യവസ്ഥയ്ക്കുള്ള വാര്‍ഷികനഷ്ടം 2.5 ലക്ഷം കോടി ഡോളറാണ്. ലോകത്തേറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ. 'ട്രാന്‍സ്‌പേരന്‍സി ഇന്റര്‍ നാഷണല്‍' ലോകത്തെ 159 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് പ്രകാരം 2005-ല്‍ ഇന്‍ഡ്യയുടെ സ്ഥാനം 88-നും 96-നും ഇടയ്ക്കാണ്. അവര്‍ തയ്യാറാക്കിയ 'കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സി'ല്‍ അഴിമതി തീരെ ഇല്ലാത്ത രാജ്യത്തിന് 10 മാര്‍ക്കും ഏറ്റവും അഴിമതിയുള്ള രാജ്യത്തിന് പൂജ്യം മാര്‍ക്കുമാണ് നല്‍കിയത്. 9.7 മാര്‍ക്ക് വാങ്ങി ഐസ്‌ലന്‍ഡ് ഒന്നാംസ്ഥാനത്തും 1.7 മാര്‍ക്ക് വാങ്ങി ചാഡും ബംഗ്ലാദേശും അവസാന റാങ്കും കരസ്ഥമാക്കി. ഇന്‍ഡ്യയുടെ മാര്‍ക്ക് 2.9. 213 അംഗരാഷ്ട്രങ്ങളുടെയിടയില്‍ ലോകബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 'ഗവേണന്‍സ് മാറ്റേഴ്‌സ്: വേള്‍ഡ് വൈഡ് ഗവേണന്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ്' എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം അഴിമതി കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്‍ഡ്യയ്ക്ക് 2005-06-ല്‍ 47-ാം സ്ഥാനമാണുളളത്. രാഷ്ട്രീയസ്ഥിരത, നിയമനടത്തിപ്പ്, ഭരണസുതാര്യത, ഉത്തരവാദിത്വം, ക്രമസമാധാനപാലനം, ഭരണത്തിന്റെ കാര്യക്ഷമത, അഴിമതിനിരോധനസംവിധാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരുന്നത്. ഇന്‍ഡ്യയുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളെ ബാധിക്കുന്ന ഘടകമാണ് അഴിമതി. അഴിമതി മനുഷ്യാവകാശലംഘനത്തിനുപരി നിയമങ്ങള്‍ ലംഘിക്കുകയും വിലകുറച്ചു കാണുകയും ചെയ്യുന്നു. വികസനപ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്നു. രാഷ്ട്രത്തിന്റെ പരമാധികാരം ഇല്ലായ്മചെയ്യുന്നു. ഇതിന്റെയൊക്കെ ഫലമായി രാഷ്ട്രത്തിന് ജനതയെ ഭരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇന്‍ഡ്യയുടെ വളര്‍ച്ചയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഇന്‍ഡ്യയുടെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക അച്ചടക്കം, നിലവാരുള്ള പ്രൈമറി വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ആഗോളവത്കരണം, നല്ല ഭരണം എന്നിവ. നല്ല ഭരണം എന്നത് തുടര്‍ന്നു സൂചിപ്പിക്കുവാന്‍ പോകുന്ന കാര്യങ്ങളുടെ ഒരു കൂട്ടായ്മയാണ്. സുതാര്യവും കണക്കുകള്‍ ബോധിപ്പിക്കുന്നതുമായ സ്ഥാപനങ്ങള്‍, മത്സരക്ഷമതയും കഴിവുമുള്ള മനുഷ്യവിഭവശേഷി, ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ളവര്‍, അടിസ്ഥാനപരമായി ശരിയെന്നുതോന്നുന്നത് ചെയ്യുവാന്‍ മനസ്സുള്ളവര്‍. നല്ല ഭരണത്തിന്റെ ഏറ്റവും വലിയ പരീക്ഷ സേവനങ്ങളുടെ നിലവാരമാണ്. അഴിമതിയിലൂടെയും ദുര്‍ബ്ബലമായ അക്കൗണ്ടിംഗിലൂടെയും സ്ഥാപിതതാത്പര്യങ്ങള്‍ പദ്ധതികള്‍ പിടിച്ചടക്കുന്നതിലൂടെയും ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ പദ്ധതികള്‍ പരാജയപ്പെടും. പലപ്പോഴും ഭരിക്കുന്ന വര്‍ഗ്ഗത്തിന്റെ സൗഹാര്‍ദ്ദപരമല്ലാത്ത ബന്ധംമൂലം ജനം സര്‍ക്കാരില്‍നിന്ന്അകലുകയും സര്‍ക്കാരുകളുടെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യും. നല്ല ഭരണത്തിന്റെ അടിസ്ഥാനശിലകളെ മൂന്നായി തിരിക്കാം. സുഗമമായ നിയമവാഴ്ച, പ്രവൃത്തികളുടെയും അതിന്റെ ഫലങ്ങളുടെയും ഉത്തരവാദിത്വം, അഴിമതി നേരിടല്‍. അഴിമതിയും സുതാര്യതയും അഴിമതിക്കെതിരെ എത്രനിയമങ്ങള്‍ കൊണ്ടുവന്നാലും സുതാര്യത ഇല്ലാത്ത സമൂഹത്തില്‍ അഴിമതിയും തത്ഫലമായി സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരവും വര്‍ദ്ധിക്കും. നോര്‍വെ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് റിട്ടേണുകള്‍ ആര്‍ക്കുവേണമെങ്കിലും കാണാം. ഇത് നികുതിവെട്ടിപ്പ് തടയുന്നതിനും കമ്പനികളിലെ ഉന്നത പദവികളിലിരിക്കുന്നവര്‍ അനര്‍ഹമായി വളരെ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നത് തടയാനും സഹായിക്കും. 1979-ലെ കണക്കനുസരിച്ച് ബ്രിട്ടനില്‍ കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ സാധാരണ തൊഴിലാളിയുടെ ശമ്പളത്തിന്റെ 10 ഇരട്ടി ശമ്പളം വാങ്ങിയെങ്കില്‍, 2006-ല്‍ ഇത് 54 ഇരട്ടിയായി വര്‍ദ്ധിച്ചു. 'വര്‍ക്ക് ഫൗണ്ടേഷന്‍' നടത്തിയ ഒരു പഠനമനുസരിച്ച് കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഒരു കടങ്കഥയാണ്. പലപ്പോഴും കമ്പനികളിലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ അവിഹിതകൂട്ടുകെട്ട് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ അവരുടെ ശമ്പളം ഉയര്‍ത്തുന്നതായാണ് കണ്ടത്. ഇന്‍ഡ്യയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. സുതാര്യതയിലൂടെ ഈ കള്ളക്കളികള്‍ വെളിച്ചത്ത്‌കൊണ്ടുവരാവുന്നതാണ്. സുതാര്യതയും ഇ-ഗവേണന്‍സും സുതാര്യമല്ലാത്ത ഭരണസംവിധാനമാണ് ഇന്‍ഡ്യയില്‍ അഴിമതിക്കു കാരണം. ഏതൊരു ഭരണസംവിധാനത്തിന്റെയും പരമപ്രധാനമായ കടമയാണ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തുക എന്നത്. ഇതിനു രണ്ടിനും ഉതകുന്ന സംവിധാനമാണ് ഇ-ഗവേണന്‍സ്. സുതാര്യത ഉറപ്പുവരുത്തുന്നതുകൊണ്ട് അഴിമതിക്ക് സാദ്ധ്യതയുമില്ല. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ-ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍ (NEGAP) എന്ന പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പിന്നോട്ടാണ്. പണമല്ല, രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇവിടെ പ്രധാനം. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത, ആരോഗ്യസുരക്ഷയില്ലായ്മ, അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലായ സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവയാണ് നാടിന്റെ ശാപങ്ങള്‍. ഇതില്‍നിന്ന് ജനത്തെ മോചിപ്പിക്കണമെന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിലേ ഇ-ഗവേണന്‍സ് വിജയിക്കൂ. ഭൂമി, വസ്തുവകകള്‍, ലോക്കല്‍ ഗവണ്‍മെന്റ് രേഖകള്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സെയില്‍സ് ടാക്‌സ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് തുടങ്ങിയ രംഗങ്ങള്‍ കംപ്യൂട്ടര്‍വത്കരിച്ച് ഇ-ഗവേണന്‍സ് സംവിധാനം നടപ്പാക്കിയിരുന്നെങ്കില്‍ ജീവിത ഗുണനിലവാരപ്പട്ടികയില്‍ (Quality of life Index) ലോകത്ത് ഒന്നാം സ്ഥാനം കേരളത്തിനു കിട്ടുമായിരുന്നു. അഴിമതിയും കേരളവും അഴിമതി തടയുന്നതിനായി കേരളത്തില്‍ ഇന്നുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും അനുദിനം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2000-01 മുതല്‍ 2003-04 വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ ഒന്നു പരിശോധിച്ചുനോക്കാം. ചാര്‍ജ്ജ് ചെയ്ത കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു. 2000-01 ല്‍ 42-ം 2002-ല്‍ 43- ം 2003-ല്‍ 18-ം 2004-ല്‍ 15-ം ആയി കുറഞ്ഞു ശിക്ഷിക്കപ്പെട്ടവര്‍. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 202, 129, 168, 199 എന്നീ ക്രമത്തിലായിരുന്നു. ഇതേകേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 416, 334, 528, 646 എന്നീ ക്രമത്തിലായിരുന്നു. കേസുകള്‍ വൈകുന്നതാണ് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറയാന്‍ കാരണം. കേസുകള്‍ വൈകുമ്പോള്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കും കേസിലുള്ള താത്പര്യം നഷ്ടപ്പെടുന്നു. സര്‍ക്കാരുദ്യോഗസ്ഥരെ വിലയിരുത്തണം നിയമനം സ്ഥിരപ്പെടുത്തുന്നത് അല്പം വൈകിക്കുകയാണെങ്കില്‍ നമ്മുടെ നാട്ടിലെ സര്‍ക്കാരുദ്യോഗസ്ഥരുടെ അഴിമതി നല്ലൊരളവു കുറയ്ക്കാന്‍ സാധിക്കും. അവരുടെ ചുരുങ്ങിയത് 5 വര്‍ഷത്തേക്കെങ്കിലും ഇവരുടെ സേവനം വിലയിരുത്തി തൃപ്തികരമാണെങ്കില്‍ മാത്രം സ്ഥിരപ്പെടുത്തുക. ഇലക്ഷന്‍ കമ്മീഷന്‍ മാതൃകയില്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ സേവനം വിലയിരുത്തുന്നതിനായി ഒരു സ്വതന്ത്ര റേറ്റിംഗ് (Rating) ഏജന്‍ സിയെ നിയമിക്കണം. ഈ ഏജന്‍സിയുടെ പ്രവര്‍ത്തനവും വിലയിരുത്തലും സുതാര്യമായിരിക്കണം. സര്‍ക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും അവരെ വിലയിരുത്താന്‍ അവസരം നല്‍കണം. റേറ്റിംഗ് ഏജന്‍സി നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം സര്‍ക്കാരുദ്യോഗസ്ഥരുടെ ജോലിസ്ഥിരതയും ശമ്പളവര്‍ദ്ധനവും ഉദ്യോഗക്കയറ്റവും. സ്ഥിരം നിയമനം നല്‍കുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ എണ്ണം ഇന്നുള്ളതിന്റെ പകുതിയായി കുറയ്ക്കുക. ബാക്കി പകുതി, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കോളേജ് ബിരുദം കഴിയുന്നവരെ 2-3 വര്‍ഷ കാലാവധിയിലേക്ക് നിയമിക്കുക. അഴിമതി കുറയും. പണം ലാഭിക്കാം. ബിരുദധാരികളുടെ തൊഴില്‍ലഭ്യതാനിലവാരം വര്‍ദ്ധിക്കുകയും ചെയ്യും. വേണം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലൂടെ അഴിമതിക്കെതിരായ യുദ്ധത്തില്‍ മാതൃക കാട്ടാം. ഓരോ നിയോജക മണ്ഡലത്തിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് അതേ നിയോജകമണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ നടത്തുന്ന സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കണം. ജനഹിതത്തിനെതിരായി ഹൈക്കമാന്റോ സെന്‍ട്രല്‍ കമ്മിറ്റിയോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന പതിവ് മാറണം. അല്ലാത്ത പക്ഷം അഴിമതിയും സ്വജനപക്ഷപാതവും ജാതി-മത പരിഗണനകള്‍ക്കുമായിരിക്കും മുന്‍തൂക്കം. സുതാര്യതയും സമുദായ-സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സഹായവും നികുതി ആനുകൂല്യങ്ങളും അനുഭവിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ ത്തനം സുതാര്യമായിരിക്കണം. മത- സമുദായ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ ഇവയുടെ പ്രവര്‍ ത്തനവും നിയമനങ്ങളും ഭരണാധികാരികളുടെ തിരഞ്ഞെടുപ്പും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ കണക്കുകളും ഒക്കെ സുതാര്യമായിരിക്കണം. ഓരോ സ്ഥാപനവും അവരുടെ വെബ് സൈറ്റില്‍ എല്ലാ വിവരങ്ങളും നല്‍കിയിരിക്കണം. ജനകീയപങ്കാളിത്തം വേണം അഴിമതിക്കെതിരായ യുദ്ധത്തില്‍ ജനങ്ങളെയും പങ്കാളികളാക്കണം. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അഴിമതിക്കാരെ തുറന്നുകാട്ടണം. കോടതികളും റേറ്റിംഗ് ഏജന്‍സികളും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. മാവേലിനാട്, ജനുവരി 2007
Sunday, 3 April 2011
2- വികസനവും വ്യക്തിയും
Subscribe to:
Post Comments (Atom)
No comments:
Post a Comment