Sunday 3 April 2011

5- സൃഷ്ടിപരമായ ആശയങ്ങള്‍

സൃഷ്ടിപരമായ ആശയങ്ങള്‍
നൂതനവും സൃഷ്ടിപരവുമായ ആശയങ്ങളാണ് ഓരോ കാലഘട്ടത്തിലും  പുതിയ  സമൂഹസൃഷ്ടിക്കു കാരണമായിട്ടുള്ളത്. ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക്, സൃഷ്ടിപരമായ ആശയങ്ങള്‍ അനിവാര്യമാണ്. പുത്തന്‍ ആശയങ്ങളെ സ്വാഗതം ചെയ്യുകയും ചര്‍ച്ചചെയ്യപ്പെടുകയും ഉചിതമായതു സ്വീകരിക്കുകയും ചെയ്യുന്ന സമൂഹത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ. അതുകൊണ്ടുതന്നെ വിജ്ഞാനയുഗത്തിലൂടെ കടന്നുപോകുന്ന വര്‍ത്തമാനകാലത്തിന്റെ വലിയ ആവശ്യങ്ങളിലൊന്നാണ് 'ആശയ ബാങ്ക്'.  ഓരോ സമൂഹത്തിനും ഓരോ ആശയബാങ്ക് അനിവാര്യമാണ്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രശ്‌നപരിഹാരത്തിനും ഉതകുന്ന ആശയങ്ങള്‍, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സംഭാവന ചെയ്യാം. ഇതിന് ഉചിതമായ മാധ്യമം കംപ്യൂട്ടറും ഇന്റര്‍നെറ്റും ആയിരിക്കും.  അതായത് 'കേരള സജസ്റ്റ്ഷന്‍സ്' എന്ന പേരില്‍ കേരളസമൂഹത്തിനുവേണ്ടി ഒരു വെബ് സൈറ്റ്. 'കേരള സജസ്റ്റ്ഷന്‍സ്' എന്ന ആശയബാങ്കിലേക്ക് ഈ ലേഖകന്റെ കുറേ നിര്‍ദ്ദേശങ്ങളും ആശയങ്ങളും.
ശാസ്ത്രസാങ്കേതിക-കാര്‍ഷിക-വ്യാവസായിക-സേവന രംഗങ്ങളില്‍ നൂതനവും സൃഷ്ടിപരവുമായ ആശയങ്ങളും ഗവേഷണവും ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുവാനായി ഒരു 'കേരള ഇന്നൊവേഷന്‍ ഫണ്ട്' രൂപീകരിക്കുക.  ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനുമായി ഒരു വെബ് സൈറ്റ്- 'കേരള ഇന്നൊവേഷന്‍' എന്നപേരില്‍ തുടങ്ങുക.  സ്‌കൂള്‍, യൂണിവേഴ്‌സിറ്റിതലത്തിലുള്ള കുട്ടികള്‍ക്കായി ഈ വിഷയത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. സമര്‍ത്ഥരായ കുട്ടികള്‍ക്ക് കേരളത്തിലും പുറത്തുമുള്ള വ്യാപാര, വ്യവസായ ഗവേഷണ സ്ഥാപനങ്ങളില്‍ ട്രെയിനിംഗ് നല്‍കുക.  ഈ കാര്യങ്ങള്‍ മൊത്തത്തില്‍ ഒരുമിച്ചു കൊണ്ടുപോകുന്നതിനായി 'കേരള ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍' എന്ന ട്രസ്റ്റ് രൂപീകരിക്കാം.



നിറഞ്ഞുകവിയാത്ത സ്വകാര്യജയിലുകള്‍
കേരളത്തിലെ ജയിലുകളെല്ലാം നിറഞ്ഞുകവിയുകയാണ്.  40 പേരെ താമസിപ്പിക്കുവാനുള്ള സെല്ലില്‍ 150 പേരെവരെ താമസിപ്പിക്കുന്നു.  2005-ലെ കണക്കനുസരിച്ച് പരോളില്‍ പോയ തടവുകാരെ കൂടാതെ സംസ്ഥാനത്തെ മൊത്തം ജയിലുകളിലായി 6950 പേര്‍ പാര്‍ക്കുമ്പോള്‍ 5415 പേരെമാത്രം പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങളേ അവിടെയുള്ളൂ.
ജയിലുകളില്‍ കഴിയുന്നവരില്‍ രണ്ടു വിഭാഗമുണ്ട്.  ഇവരില്‍ ഒരു കൂട്ടര്‍, എന്തുചെയ്താലും മാറ്റിയെടുക്കാന്‍ സാധിക്കാത്ത സ്ഥിരം ക്രിമിനലുകളാണ് - ഉദ്ദേശം 10 ശതമാനം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടു കുറ്റം ചെയ്യുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന രണ്ടാമത്തെ വിഭാഗമാണ് ഭൂരിഭാഗം.  നിരപരാധിത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന നിരപരാധികളെയും ഈ വിഭാഗത്തില്‍പ്പെടുത്താം.  രണ്ടാമത്തെ വിഭാഗം സമൂഹത്തിന്റെ ദയയും മാനുഷിക പരിഗണനകളും അര്‍ഹിക്കുന്നു.
സംസ്ഥാനത്തെ ജയില്‍ ഉദ്യോഗസ്ഥരില്‍ 20 ശതമാനം തടവുകാരെ വെല്ലുന്ന ക്രിമിനലുകള്‍ ആണെന്നാണ് ജയില്‍ ഡി. ജി. പി. എം. ജി. എ. രാമന്റെ അഭിപ്രായം. തടവുകാര്‍ക്കുള്ള ഭക്ഷണത്തിലും വേതനത്തിലും കൈയിട്ടുവാരുന്നു എന്നുമാത്രമല്ല, സാമ്പത്തികശേഷിയുള്ള തടവുകാരെ ഉപദ്രവിക്കാതിരിക്കാന്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കാര്‍പോലും കോഴയായി ആവശ്യപ്പെടാന്‍ തുടങ്ങി.
നല്ലവരായ തടവുകാരെ പാര്‍പ്പിക്കാനായി സ്വകാര്യ ജയിലുകളെക്കുറിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  മാന്യമായ ഭക്ഷണവും താമസവും തൊഴില്‍ പരിശീലനവും നല്‍കിതടവുകാരെ പാര്‍പ്പിക്കുന്ന സ്വകാര്യ ജയിലുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.  തടവുകാരുടെ തൊഴിലിന്റെ വേതനം കണക്കാക്കി അതിന്റെ ഒരു നിശ്ചിത ശതമാനം ജയില്‍ ഉടമയ്ക്കുകൊടുത്താല്‍ ഒരു പക്ഷേ, സര്‍ക്കാരിന് ഒരു ബാദ്ധ്യതയാകാതെ കാര്യങ്ങള്‍ നടന്നുപോകും.  സര്‍ക്കാര്‍തലത്തിലുള്ള ധാരാളം ജോലികള്‍ തടവുകാരെക്കൊണ്ടു ചെയ്യിക്കാം.  ഉദാ. പ്രിന്റിംഗ്, ഡാറ്റാ എന്‍ട്രി, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണി.
ഇങ്ങനെയുള്ള സ്വകാര്യ ജയിലുകള്‍ സര്‍ക്കാര്‍ പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം.  ഇലക്‌ട്രോണിക് നിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെ തടവുകാരോടുള്ള പെരുമാറ്റം, ക്രമസമാധാനം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.





ജനപ്രതിനിധികള്‍ക്ക് ബൗദ്ധികസഹായം
നമ്മുടെ എം. എല്‍. എ. മാര്‍ക്കും എം. പി. മാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്.  ഓരോ നിയോജകമണ്ഡലത്തിലെയും പ്രശ്‌നങ്ങളും സാദ്ധ്യതകളും പഠിക്കുകയും അതിനു പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക. നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിയമനിര്‍മ്മാണസഭയില്‍ ചോദിക്കുന്നതിനുവേണ്ട ഗവേഷണം നടത്തി അടിസ്ഥാനവിവരങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി എം. പി. മാര്‍ക്ക് പത്തും എം. എല്‍. എ. മാര്‍ക്ക് അഞ്ചും എന്ന അനുപാതത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ നല്‍കുക.  നമ്മുടെ കലാലയങ്ങളില്‍നിന്ന് ഓരോവര്‍ഷവും എത്രലക്ഷം ബിരുദധാരികളാണു പുറത്തുവരുന്നത്. അവര്‍ക്ക് രാഷ്ട്രനിര്‍മ്മാണത്തിനു നല്‍കാവുന്ന ഏറ്റവും നല്ല അവസരമാണിത്.  ഒരു പൈസ ശമ്പളം കൊടുക്കാതെ ആളെ കിട്ടും. പി. എസ്. സി. പരീക്ഷകളില്‍, ഒരു വര്‍ഷം ഈ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5 ശതമാനം മാര്‍ക്ക് സൗജന്യമായി നല്‍കുമെന്നു ഗവണ്‍മെന്റ് വിജ്ഞാപനമിറക്കിയാല്‍ മതി. ഓരോ നിയോജകമണ്ഡലത്തിലും പലമേഖലകളിലുള്ള പ്രൊഫഷണലുകളുടെ ഒരു ഗ്രൂപ്പിനെ ആയിരിക്കണം നിയമിക്കേണ്ടത്.  ഉദാ. എന്‍ജിനീയറിംഗ്, മെഡിസിന്‍, നിയമം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് മുതലായവ.  ഓരോ നിയോജകമണ്ഡലത്തിലും ആ നിയോജകമണ്ഡലത്തിലുള്ള അപേക്ഷകരെയേ നിയമിക്കാവൂ.


















പ്രാദേശിക ഭരണകൂടങ്ങള്‍ക്കായി കുറേ നിര്‍ദ്ദേശങ്ങള്‍
കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കായി സൃഷ്ടിപരമായ ആശയങ്ങളടങ്ങിയ 
കുറേ നിര്‍ദ്ദേശങ്ങള്‍
1. ഇ-ഗവേര്‍ണന്‍സ് പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കുക.  വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കെട്ടിടനികുതി, തൊഴില്‍നികുതി മുതലായ വിവരങ്ങള്‍ കംപ്യൂട്ടറില്‍ പൊതുജനത്തിനു കാണാനുള്ള സൗകര്യമൊരുക്കിയാല്‍ നികുതിവെട്ടിപ്പ് തടയാം.
2. മാലിന്യസംസ്‌കരണം വികേന്ദ്രീകരിക്കുക.  വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കുക.
3. ആധുനികരീതിയിലുള്ള ടോയ്‌ലറ്റ്കള്‍ എല്ലാ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും പ്രോത്സാഹിപ്പിക്കുക.
4. നമ്മുടെ ചരിത്രപാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചരിത്രമ്യൂസിയങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നിര്‍മ്മിക്കുക.
5. വാഹനസൗകര്യം കുറവായ റോഡുകളില്‍ 15-20 സീറ്റുള്ള മിനിബസ്സുകള്‍ ഓടിക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക.
6. നഗരത്തിന്റെയും പട്ടണത്തിന്റെയും അതിര്‍ത്തികളില്‍ കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുക.  പട്ടണത്തിലേക്കുള്ള വാഹനങ്ങളുടെ തള്ളിക്കയറ്റവും തന്മൂലമുള്ള ഗതാഗതക്കുരുക്കും കുറയ്ക്കാന്‍ സാധിക്കും.
7. അപകടത്തില്‍പ്പെടുന്നവര്‍ക്കും രോഗികള്‍ക്കും സഹായത്തിനായി, സഞ്ചരിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് യൂണിറ്റികള്‍ എല്ലാ പഞ്ചായത്ത് - മുനിസിപ്പല്‍ - കോര്‍പ്പറേഷനുകളിലും തുടങ്ങുക.
8. ജനവാസകേന്ദ്രങ്ങളില്‍ ചെറിയ പാര്‍ക്കുകള്‍ 5-10 സെന്റ് സ്ഥലത്ത് തുടങ്ങുക.  അതോടനുബന്ധിച്ച് ഉല്ലാസസൗകര്യങ്ങള്‍ ഒരുക്കാനായി സ്വകാര്യപങ്കാളിത്തം ക്ഷണിക്കുക.  വരുമാനം കിട്ടും.  റസിഡന്റ്് അസോസിയേഷനുകളെയും പങ്കാളികളാക്കുക.
9. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, ജനവാസകേന്ദ്രങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ഈ പ്രശ്‌നം പരിഹരിക്കാം.  വലിയ പണച്ചെലവില്ലാതെ ഈ രീതിയില്‍ ഒരു വലിയ പ്രശ്‌നത്തെ നേരിട്ട് ലോകത്തിനു മാതൃകകാട്ടിയത് ബ്രസീലിലെ കുരിറ്റിബാ (CURITIBA) എന്ന നഗരമാണ്.  അവരുടെ ഈ മാതൃക ആഗോളപ്രശംസ പിടിച്ചുപറ്റി.  ഇങ്ങനെയുള്ള കുളങ്ങള്‍ക്കു ചുറ്റും അവര്‍ ജലാധിഷ്ഠിത വിനോദങ്ങള്‍ സൃഷ്ടിച്ച് വരുമാനമുണ്ടാക്കി. നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും പുതിയ കുളങ്ങള്‍ നിര്‍മ്മിക്കണം, നിലവിലുള്ളത് വൃത്തിയാക്കി വികസിപ്പിക്കണം.
10. ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടുപിടിച്ച് പിഴചുമത്തുന്ന ജോലി ലോക്കല്‍ ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്വത്തില്‍ സ്വകാര്യകമ്പനികളെ ഏല്പിക്കുക.  നമ്മുടെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കോടിക്കണക്കിനു രൂപയുടെ പുതിയ വരുമാനസ്രോതസ്സ് തുറന്നുകിട്ടും അപകടങ്ങള്‍ കുറയും. റോഡുഗതാഗതം സുഗമവും സുരക്ഷിതവുമാകും.
11. ബ്രസീലിലെ കുരിറ്റിബാ നഗരം, തലസ്ഥാനനഗരി കഴിഞ്ഞാല്‍ കാറുകളുടെ ഉടമസ്ഥത ആളോഹരി ഏറ്റവും കൂടുതല്‍ ഇവിടെയാണ്.  കാല്‍നടക്കാര്‍ക്കുവേണ്ടി നഗരത്തിലെ തിരക്കുള്ള പല സ്ഥലങ്ങളിലും വാഹനങ്ങള്‍ നിരോധിച്ചു. ദേശീയ ശരാശരിയെക്കാള്‍ കുറഞ്ഞചെലവില്‍ സഞ്ചരിക്കാവുന്ന പൊതുഗതാഗതം ഒരുക്കി. പുതിയ താമസസ്ഥലങ്ങളിലേക്കെല്ലാം പൊതുഗതാഗതം തുടങ്ങി. ആരും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടുകിടന്ന സ്ഥലങ്ങളില്‍ അഭിമാനകരമായ സ്ഥാപനങ്ങള്‍ പണിതു.  യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കുന്ന പൊതുഗതാഗത സംവിധാനത്തില്‍ മുന്‍കൂട്ടി ടിക്കറ്റ് വാങ്ങാം. പ്രത്യേകം മാറ്റിവച്ച ബസ് സ്റ്റോപ്പുകള്‍, വേഗത്തില്‍പ്പോകാനായി റോഡില്‍ പ്രത്യേകം ട്രാക്ക്, യാത്രക്കാര്‍ക്കു കയറാനും ഇറങ്ങാനുമായി വിശാലമായ ഡോറുകള്‍ ഉള്ള ബസുകള്‍.  ഇതൊക്കെ ഇന്‍ഡ്യയെപ്പോലെ മൂന്നാംലോകരാജ്യമായ ബ്രസീലിലെ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.
12. പ്രാദേശികഭരണകൂടങ്ങളും വരുമാനമാര്‍ഗ്ഗങ്ങളും: റിസര്‍വ്വ് ബാങ്കിന്റെ നേതൃത്തത്തിലുളള ഡെവലപമെന്റ് റിസര്‍ച്ച് ഗ്രൂപ്പിന്റെ മുന്‍സിപ്പല്‍ ഫൈനാന്‍സ്  ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ പഠനമനുസരിച്ച് പ്രാദേശികഭരണകൂടങ്ങള്‍ക്ക് വരുമാനവര്‍ദ്ധനവിന് മൂന്നു സ്രോതസ്സുകളാണ് നിര്‍ദ്ദേശിക്കുന്നത്: പ്രോപ്പര്‍ട്ടി ടാക്‌സ്, യൂസര്‍ ചാര്‍ജ്ജുകള്‍ (സേവനങ്ങള്‍ക്ക്), ഭൂമിക്ക് അതിന്റെ വിലയുടെ അടിസ്ഥാനത്തിലുളള നികുതി.  ഇന്ത്യയില്‍ ജി.ഡി.പി.യുടെ 0.75 % മാത്രമാണു മുനിസിപ്പല്‍ വരുമാനമെങ്കില്‍ പോളണ്ടിലത് 4.5%വും ബ്രസീലില്‍ 5%വും സൗത്ത് ആഫ്രിക്കയില്‍ 6%വുമാണ്. കേന്ദ്ര,സംസ്ഥാന, ലോക്കല്‍ ഗവണ്‍മെന്റുകളുടെ മൊത്തത്തിലുളള വരവിന്റെയും ചെലവിന്റെയും 2% മാത്രമാണ് ലോക്കല്‍ ഗവണ്‍മെന്റുകളുടേത്. പരമാവധി വരുമാനസാദ്ധ്യതകള്‍ കണ്ടുപിടിക്കുക, യാഥാര്‍ത്ഥ്യബോധത്തോടെയുളള നികുതിനിരക്കുകള്‍ നിശ്ചയിക്കുക, നികുതിയടിത്തറ വിപുലീകരിക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക ഇവയും പ്രധാനമാണ്. പ്രാദേശിക സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എല്ലാ സ്വത്തുക്കളും തിരിച്ചറിഞ്ഞ് പരസ്യപ്പെടുത്തുക,  അവയില്‍നിന്ന് വരുമാനം സൃഷ്ടിക്കുക. ജലവിതരണം, വൈദ്യുതിവിതരണം, പൊതുഗതാഗതം ഇവയും പ്രാദേശികസര്‍ക്കാരുകള്‍ക്ക് പരിഗണിക്കാവുന്ന മേഖലകളാണ്. പ്രാദേശികമായി നടക്കുന്ന, പ്രകൃതിവിഭവങ്ങളുടെ ഖനനത്തില്‍നിന്നുളള റോയല്‍റ്റിയുടെ വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം.












പൊതുമേഖലാസ്ഥാപനങ്ങള്‍
ഓരോ കാലഘട്ടത്തിലും സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ ഉടലെടുത്തിട്ടുളളത്.  കാലം മാറുന്നതിനനുസരിച്ച് ഓരോ മേഖലയിലും ഈ സ്ഥാപനങ്ങളുടെ അനിവാര്യത പരിശോധിക്കപ്പെടേണ്ടതുമാണ്.  അനിവാര്യമല്ലാത്തത്, നഷ്ടത്തിലോടുന്നുവെങ്കില്‍ സ്വകാര്യവത്കരിച്ച് ആ മൂലധനം വീണ്ടും സര്‍ക്കാരിന്റെ മുതല്‍മുടക്കാവശ്യമുള്ള മേഖലകളില്‍ നിക്ഷേപിക്കണം. നികുതിപ്പണം ഉപയോഗിച്ച് നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനു നല്‍കുന്ന ന്യായീകരണം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനെന്നാണ്. നികുതി നല്‍കുന്ന പൊതുജനമാണോ തൊഴിലാളികള്‍ എന്ന ന്യൂനപക്ഷമാണോ വലുത് എന്നത് ധാര്‍മ്മികതയുടെ പ്രശ്‌നമാണ്.  സോപ്പ് നിര്‍മ്മിക്കാനും ബസോടിക്കാനും സ്വകാര്യമേഖല വളരാതിരുന്ന കാലത്താണ് പൊതുമേഖലയില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയത്. ഇന്ന് സ്വകാര്യമേഖല വികാസം പ്രാപിച്ച രംഗങ്ങളില്‍നിന്ന് നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതാണ് ഉചിതം. ആ മൂലധനം, സ്വകാര്യമേഖല മുതല്‍മുടക്കാന്‍ മടിക്കുന്ന അത്യാവശ്യമേഖലകളില്‍ സര്‍ക്കാര്‍ മുടക്കണം. 
2004-ലെ കണക്കനുസരിച്ച് കേരളത്തിലെ 113 പൊതുമേഖലാ കമ്പനികളില്‍ 33 എണ്ണം ഉണ്ടാക്കിയ നഷ്ടം 128.8 കോടിരൂപയും 13 എണ്ണം ഉണ്ടാക്കിയ ലാഭം 74 കോടി രൂപയുമാണ്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ 2004 വരെയുള്ള ആകെ നഷ്ടം 5133 കോടിരൂപയാണ്. അതില്‍ കെ. എസ്. ആര്‍. ടി. സി. യുടെ വിഹിതം 1420.67 കോടി രൂപയും.
നഷ്ടത്തിലോടുന്ന പ്രസ്തുത 113 കമ്പനികളും കമ്പ്യൂട്ടര്‍വത്കരണം വഴി പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കി അഴിമതിയും നഷ്ടവും ഒഴിവാക്കാവുന്നതാണ്.  മാനേജ്‌മെന്റിനായി സിവില്‍ സര്‍വ്വീസുകാരെ (ഐ.എ.എസ്, ഐ.പി.എസ്) ഒഴിവാക്കി മാനേജ്‌മെന്റ് വിദഗ്ദ്ധരെ നിയമിക്കാവുന്നതും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാവുന്നതുമാണ്.  ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസുപോലെ കേരള മാനേജ്‌മെന്റ് സര്‍വ്വീസും സൃഷ്ടിക്കാം.  മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്കും പങ്കാളിത്തം നല്‍കുക.  തൊഴിലാളികള്‍ക്ക് പങ്കാളിത്തവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ആഗോളപ്രതിഭാസമാണ്. മാനേജ്‌മെന്റുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയും പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയും അധികാര വികേന്ദ്രീകരണവും സുതാര്യതയും വഴിയും പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്ന് ഒരുപാടു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ഉല്പാദനക്ഷമത
തൊഴിലാളികളുടെ ഉല്പാദനക്ഷമത അളക്കാന്‍ ഗാലപ്പ് ഗ്രൂപ്പ് (Gallup Group) നടത്തിയ ഒരു ആഗോള സര്‍വേ അനുസരിച്ച്, വര്‍ത്തമാനകാല ലോകത്തെ മിക്ക സംഘടനകളിലും സ്ഥാപനങ്ങളിലും സര്‍ക്കാരിലും മനുഷ്യവിഭവശേഷിയുടെ മൂന്നിലൊന്നുമാത്രമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുകയുണ്ടായി.  കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ഇടയില്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയാല്‍ ഫലം ഗാലപ്പ് ഗ്രൂപ്പിന്റെ കണ്ടുപിടിത്തത്തെക്കാള്‍ വളരെ താഴ്ന്ന നിലവാരത്തിലായിരിക്കുമെന്ന് ബോദ്ധ്യമാകും.



റോഡപകടങ്ങള്‍ കുറയ്ക്കാം
ഇന്‍ഡ്യയിലെ മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ 4 ശതമാനം മാത്രമാണ് കേരളത്തിലുള്ളതെങ്കിലും മോട്ടോര്‍ അപകടങ്ങളുടെ 12 ശതമാനവും കേരളത്തിലാണ് നടക്കുന്നത്.  മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്‍ഡ്യയിലേറ്റവും കൂടുതല്‍ മോട്ടോര്‍ അപകടങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.  1960-ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 235പേര്‍ മരിച്ചുവെങ്കില്‍, 2004-ല്‍ 41306 അപകടങ്ങളിലായി 3066പേര്‍ മരിക്കുകയും 51352 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.  അപകടത്തില്‍പ്പെട്ടത് 50197 വാഹനങ്ങളും.  ആകെ നഷ്ടം 453 കോടി രൂപ.  1990-ല്‍ 20447 അപകടങ്ങളിലായി 1793 പേര്‍ മരിക്കുകയും 26996 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
1996-2006 കാലഘട്ടത്തില്‍ റോഡപകടങ്ങള്‍ മൂലം കേരളത്തില്‍ 28,000 പേരാണു മരിച്ചത്.  ഇന്‍ഡ്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും റോഡപകടസാദ്ധ്യത കേരളത്തില്‍ 21/2 ഇരട്ടി കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 90 ശതമാനം അപകടങ്ങളുടെയും കാരണം മനുഷ്യന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.  അമിതവേഗം, കാഴ്ചക്കുറവ്, മദ്യപിച്ച് വാഹനമോടിക്കുക എന്നിവയാണ് പ്രധാനം.  മോശമായ റോഡുകളാണ് മറ്റൊരു കാരണം.  കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും പാലങ്ങളും അപര്യാപ്തമായ റോഡ് സുരക്ഷാ അടയാളങ്ങളും റോഡ് ഉപയോഗത്തിലെ മര്യാദക്കുറവും ട്രാഫിക് നിയമം നടപ്പാക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയുമാണ് റോഡുമായി ബന്ധപ്പെട്ട കാരണങ്ങള്‍.  മദ്യലഹരിയില്‍ വാഹനമോടിച്ചതുമൂലം 4092-ം  അമിതവേഗം മൂലം 1, 44, 942-ം അപകടങ്ങളാണുണ്ടായത്.  ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് 2842 അപകടങ്ങള്‍ ഉണ്ടാക്കിയതില്‍ 1404 എണ്ണത്തില്‍ വനിതകളായിരുന്നു ഡ്രൈവര്‍മാര്‍.  2001-05 കാലത്തെ 1,99,516 വാഹനാപകടത്തിന്റെ കണക്കെടുത്തപ്പോള്‍ 83713 എണ്ണം ദേശീയ പാതയിലും 56527 എണ്ണം നഗരങ്ങളിലും 142,989 എണ്ണം ഗ്രാമങ്ങളിലുമാണ് ഉണ്ടായിട്ടുളളത്.
റോഡില്‍ സ്ഥാപിക്കുന്ന 'സ്പീഡ് ക്യാമറയുടെ' ഉപയോഗത്തെയും കാര്യക്ഷമതയെയും കുറിച്ച് 2005-ല്‍ യു.കെ.യിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനം അനുസരിച്ച്, ഈ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുകൂടി വേഗപരിധി ലംഘിക്കുന്നവരുടെ എണ്ണത്തില്‍ 70 ശതമാനം കുറവുണ്ടായി.  വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 15 മൈല്‍ കൂടുതല്‍ വേഗത്തിലോടിക്കുന്നവരുടെ എണ്ണത്തില്‍ 91 ശതമാനം കുറവുണ്ടായി.  ക്യാമറവയ്ക്കുന്നതിനു മുമ്പുണ്ടായിരുന്ന കണക്കുകളുമായി താരതമ്യം ചെയ്തപ്പോള്‍ അപകടമരണത്തിന്റെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ 42 ശതമാനം കുറവുണ്ടായി.  സ്പീഡ് ക്യാമറയുടെ ഉപയോഗഫലമായി അപകടങ്ങള്‍ കുറഞ്ഞു. തന്മൂലം അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സച്ചെലവിനത്തില്‍ മാത്രം യു.കെ.യില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 258 ദശലക്ഷം പൗണ്ടിന്റെ (1806 കോടി രൂപ) ലാഭമുണ്ടായി.
കേരളത്തില്‍ സ്പീഡ് ക്യാമറ പരീക്ഷിക്കാന്‍ ഏറ്റവും വലിയ തടസ്സം സര്‍ക്കാരിന് പണമില്ലെന്നതാണ്.  ഈയാംപാറ്റകളെപ്പോലെ മനുഷ്യന്‍ തെരുവില്‍ മരിക്കുന്നതിനെക്കാള്‍ ഭേദമല്ലേ ഈ ദൗത്യം സ്വകാര്യ സംരംഭകരെ ഏല്പിക്കുന്നത്.  അപകടങ്ങള്‍ കുറയും. സര്‍ക്കാരിന് ഒരു പുതിയ വരുമാനസ്രോതസ്സ് തുറന്നുകിട്ടും.  പാര്‍ക്കിംഗ് നിയമലംഘനത്തിന്റെ പേരില്‍ മാത്രം യൂറോപ്പിലെ സര്‍ക്കാരുകള്‍ക്ക് 2006-ല്‍ പിരിഞ്ഞുകിട്ടിയത് 15 ബില്യണ്‍ യൂറോ (ഉദ്ദേശം 75,000 കോടിരൂപ) ആയിരുന്നു.



നഗരഗതാഗതക്കുരുക്ക് ഒഴിവാക്കാം
നമ്മുടെ നഗരങ്ങളും പട്ടണങ്ങളുമൊക്കെ ഗതാഗതക്കുരുക്കില്‍ വലയുകയാണിന്ന്. ഇതൊഴിവാക്കാന്‍ പരീക്ഷിക്കാവുന്ന മാര്‍ഗ്ഗമാണ;് 'എന്‍ട്രി ഫീ' ചുമത്തുക എന്നത്.  തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലേക്കു പ്രവേശിക്കുന്ന പൊതുഗതാഗതമല്ലാത്ത സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനനികുതി ചുമത്തുക.  നഗരസഭകള്‍ക്ക് ഇതൊരു പുതിയ വരുമാനമാര്‍ഗ്ഗമായിരിക്കും. നഗരത്തിലേക്കുള്ള എല്ലാ കവാടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുക.  അവിടെയും ഫീസ് ഈടാക്കാം.  സുഖമായിരുന്ന് യാത്ര ചെയ്യാന്‍ സൗകര്യമുളള പൊതുഗതാഗതവാഹനങ്ങള്‍ ഈ പോയിന്റുകളില്‍നിന്ന് നഗരത്തിലേക്കുണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ അത്യാവശ്യക്കാര്‍ മാത്രമേ നഗരത്തിലേക്ക് സ്വകാര്യവാഹനത്തില്‍ പ്രവേശിക്കൂ. വലിയൊരളവുവരെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഈവിധം ഒഴിവാക്കാം. ഈ പൊതുഗതാഗതവാഹനം അന്തരീക്ഷമലിനീകരണം സൃഷ്ടിക്കാത്ത ഇന്ധനം ഉപയോഗിക്കുന്നതായിരിക്കണം.  ഉദാ: ഇലക്ട്രിസിറ്റി, സി.എന്‍.ജി., ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍, ബയോ ഡീസല്‍ മുതലായവ.  നഗരത്തില്‍ പുതിയതായി സ്വകാര്യ വാഹനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് പരിമിതപ്പെടുത്തുക, മറ്റു പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, നഗരഗതാഗതനിയന്ത്രണ അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണിക്കാവുന്നതാണ്.

ആയുര്‍വ്വേദം
ഇന്‍ഡ്യയിലെ ഏതു സംസ്ഥാനവുമായും താരതമ്യം ചെയ്താല്‍ മനസ്സിലാകും, ആയുര്‍വ്വേദത്തിന് ഏറ്റവും കൂടുതല്‍ പ്രചാരം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയിലാണെന്ന്. എന്നിട്ടും, വടക്കേ ഇന്‍ഡ്യന്‍ കമ്പനിയായ 'ഡാബര്‍' പോലെ കേരളത്തിലെ ഒരു കമ്പനിക്കും വളരാന്‍ സാധിക്കാതിരുന്നതെന്തുകൊണ്ടാണ്? ഈ രംഗത്തുളളവര്‍ ചില കാര്യങ്ങളിലെങ്കിലും യോജിച്ചുനിന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു.
ആയുര്‍വ്വേദ ഔഷധങ്ങളായ ച്യവനപ്രാശവും ദശമൂലാരിഷ്ടവുമൊക്കെ മരുന്നിനുപരി ഫുഡ് സപ്ലിമെന്റ് (Food Supplement) വിഭാഗത്തിലോ ഹെര്‍ബല്‍ ന്യൂട്രസിറ്റിക്കല്‍ (Herbal Nutraceuticals) വിഭാഗത്തിലോ പെടുത്താവുന്നവയാണ്. ഇത്തരത്തിലുള്ള ആയുര്‍വ്വേദമരുന്നുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകതന്നെ വേണം.  ഇതിന്റെ പ്രത്യേകത ഒരു ഡോക്ടറുടെ കുറിപ്പില്ലാതെ ഇവ മരുന്നുകടയിലെ കൗണ്ടറില്‍നിന്നു വാങ്ങാം എന്നതാണ് (OTC- Over the counter). 1996-ലെ കണക്കനുസരിച്ച് ന്യൂട്രസിറ്റിക്കല്‍സിന്റെ ആഗോളവില്പന 8600 കോടി ഡോളറിന്റേതായിരുന്നു.  ഓരോ വര്‍ഷവും ഇത് 7.5 ശതമാനം കണ്ടു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ആയുര്‍വ്വേദ മരുന്നുനിര്‍മ്മാതാക്കള്‍ ഈ രീതിയില്‍ ഒരു ലിസ്റ്റ് തയ്യാറാക്കി അമേരിക്കന്‍ ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA), യുറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയുടെയൊക്കെ അംഗീകാരം വാങ്ങിയാല്‍ അതൊരു വലിയ തുടക്കമായിരിക്കും. 2005-ലെ കണക്കനുസരിച്ച്, ചൈനക്കാര്‍ 500 കോടി ഡോളറിന്റെ ഔഷധസസ്യങ്ങളോ ഉല്പന്നങ്ങളോ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍, ഇന്‍ഡ്യയുടെ വിഹിതം 30 കോടി ഡോളര്‍ മാത്രം. അതില്‍ കേരളത്തിന്റേത് 5 കോടിയും.  'കേരള ആയുര്‍വ്വേദം' എന്ന ബ്രാന്‍ഡ് വിജയകരമായി ആഗോളാടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ചെയ്യണം. ഇക്കാര്യത്തില്‍ നാം വിജയിച്ചാല്‍, നമ്മുടെ മരുന്നിനു പുറമേ ആയുര്‍വ്വേദം പഠിക്കാനും ആയുര്‍വ്വേദ ചികിത്സയ്ക്കും ധാരാളം ആളുകള്‍ കേരളത്തിലേക്കു പ്രവഹിക്കും.  മരുന്നുകളുടെ നിലവാരമുറപ്പാക്കാനും മാര്‍ക്കറ്റിംഗിനും ഒരു പൊതുസമീപനമുണ്ടായിരിക്കണം.  ആയുര്‍വ്വേദം വളര്‍ന്നാല്‍ ഔഷധക്കൃഷിയും വളരും- 'ആന്‍ ആപ്പിള്‍ എ ഡേ കീപ്പ്‌സ് ദി ഡോക്ടര്‍ എവേ' എന്നത് 'എ നെല്ലിക്ക എ ഡേ കീപ്പ്‌സ് ദി ഡോക്ടര്‍ എവേ' എന്നു സായിപ്പ് തിരുത്തും. 
ആഡംബരവിവാഹങ്ങള്‍ക്ക് ആഡംബരനികുതി
2006-ലെ കണക്കനുസരിച്ച,് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇന്‍ഡ്യയില്‍ ഒരു വര്‍ഷം വിവാഹ ആഘോഷങ്ങള്‍ക്കായി മാത്രം ചെലവാകുന്നത്.  ഉയര്‍ന്ന വരുമാനക്കാരെ അനുകരിച്ച് താഴ്ന്ന വരുമാനക്കാരും കടം വാങ്ങി ആഡംബരക്കല്യാണങ്ങള്‍ നടത്തുന്നു.  തത്ഫലമായി 61 ശതമാനം കുടുംബങ്ങളും കേരളത്തില്‍ കടക്കാരായി മാറുന്നു. കേരളത്തില്‍ ഒരു വര്‍ഷം ഏകദേശം 7000 കോടി രൂപ വിവാഹാവശ്യങ്ങള്‍ക്കായി ചെലവാക്കുന്നുവെന്നാണ് 2006-ലെ കണക്ക്.
ഇന്‍ഡ്യയിലാകെയുള്ള സ്വര്‍ണ്ണത്തിന്റെയും സ്വര്‍ണ്ണാഭരണങ്ങളുടെയും മൂല്യം 200 ബില്യണ്‍ ഡോളറാണ് (8 ലക്ഷം കോടി രൂപ).  ഇത്, 2006-ലെ കണക്കനുസരിച്ച് ഇന്‍ഡ്യയിലെ മൊത്തം ബാങ്ക് ഡെപ്പോസിറ്റിന്റെ പകുതിവരും.  ഇന്‍ഡ്യയില്‍ ഓരോവര്‍ഷവും വില്‍ക്കുന്ന 800 ടണ്‍ സ്വര്‍ണ്ണത്തിന്റെ 15 ശതമാനവും കേരളത്തിലാണു വില്‍ക്കുന്നത്. ഇത് 25 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിക്കുന്നു.
ചുരുങ്ങിയത,് രണ്ടായിരം പേര്‍ പങ്കെടുക്കുന്ന കല്യാണങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം, ആഡിറ്റോറിയം, അലങ്കാരം, വാഹനം തുടങ്ങിയ ചെലവുകളെല്ലാം കൂട്ടിയാല്‍ ഒരാള്‍ക്ക് 250 രൂപയെങ്കിലുമാകും. 2000 ആളുകള്‍ പങ്കെടുക്കുന്ന കല്യാണത്തിന്റെ ചെലവ് 5 ലക്ഷം രൂപ.  പിന്നെ സ്ത്രീധനം. 100 പവനും കാറും സാധാരണ നിലവാരമാണ്. അതായത് ചുരുങ്ങിയത് 10 ലക്ഷം രൂപ.
പങ്കെടുക്കുന്ന ആളുകളുടെയും സ്ത്രീധനത്തിന്റെയും തോതനുസരിച്ച് ഒരു ശതമാനം നികുതി ചുമത്തിയാല്‍ത്തന്നെ ചുരുങ്ങിയത് 15,000 രൂപ കിട്ടാവുന്ന കല്യാണങ്ങള്‍ എത്രയാണ് ദിവസവും കേരളത്തില്‍ നടക്കുന്നത്.  ഇവിടെ പ്രധാന പ്രശ്‌നം; സ്ത്രീധനം എത്ര കൊടുത്തു, എത്രപേര്‍ പങ്കെടുത്തു തൂടങ്ങിയ വിവരശേഖരണമാണ്.  നികുതി ഒരു ശതമാനമെന്നുള്ളത് രണ്ടുശതമാനമായി നിശ്ചയിക്കുക.  ഈ വിവരങ്ങള്‍ കൃത്യമായി നികുതിവകുപ്പിനെ അറിയിക്കുന്നവര്‍ക്ക് കിട്ടുന്നതില്‍പ്പാതി കൊടുക്കുക.  പണ്ട് സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്കെതിരേ കസ്റ്റംസുകാര്‍ സ്വീകരിച്ച മാര്‍ഗ്ഗം.  നമ്മുടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വരുമാനത്തിനുള്ള ഒരു പുതിയമാര്‍ഗ്ഗം അങ്ങനെ തുറന്നുകിട്ടുകയായിരിക്കും.  മൊബൈല്‍ ഫോണിലൂടെ എല്ലാം പകര്‍ത്തി നികുതിവകുപ്പിന് അവര്‍ക്ക് നല്‍കാവുന്നതാണ്.

ചെലവുകുറഞ്ഞ ഭവനങ്ങള്‍
2007-ലെ പ്രാരംഭകണക്കനുസരിച്ച് ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായി 24 ദശലക്ഷം വീടിന്റെ കുറവാണുളളത്.  2012-ല്‍ ഇത് 26 ദശലക്ഷമാകും.  ഇന്‍ഡ്യ മുഴുവന്‍ എടുത്താല്‍ ഏകദേശം 40 ദശലക്ഷം വീടിന്റെ കുറവുണ്ടെന്നാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 2007-ലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  കേരളത്തില്‍ 2007-ലെ കണക്കനുസരിച്ച് 10 ലക്ഷം വീടിന്റെ കുറവുണ്ട്.  ഇതില്‍ 4.6 ലക്ഷം വീടും ദരിദ്രവിഭാഗങ്ങള്‍ക്കുള്ളതാണ്.
ചെലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുക ഒരു വലിയ വെല്ലുവിളിതന്നെയാണ്.  ഓരോ പ്രദേശത്തും സുലഭമായി കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചുളള വീടുനിര്‍മ്മാണം  ചെലവുചുരുക്കാനുള്ള ഒരു വലിയ ഉപാധിയാണ്. മാറിവന്ന സാഹചര്യത്തില്‍ മണലും സിമന്റും പാറയും ചുടുകട്ടയും 
കമ്പിയും ഏറ്റവും കുറച്ചും തൊഴിലാളികളുടെ എണ്ണം കുറച്ചുമുളള നിര്‍മ്മാണരീതിയാണ് കേരളത്തില്‍ അഭികാമ്യം.  വിദേശരാജ്യങ്ങളില്‍ ജീവിച്ചുള്ള അനുഭവംവച്ച് ഈ ലേഖകന്‍ ഒരു മാതൃക നിര്‍ദ്ദേശിക്കാന്‍ ആഗ്രഹിക്കുന്നു.  താഴ്ന്ന വരുമാനക്കാര്‍ക്ക് 300-400 ചതുരശ്ര അടിയുള്ള വീടാണ് ഉത്തമം.   കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കു പകരം മറ്റ് എന്തൊക്കെ സാധ്യതകള്‍ ഉണ്ടെന്നു പഠിച്ചിട്ട്,  ചെലവുകുറഞ്ഞതും ഈടുനില്‍ക്കുന്നതും വലിയ വാര്‍ഷിക മെയിന്റനന്‍സ് ആവശ്യമില്ലാത്തതുമായ മാര്‍ഗ്ഗം തിരഞ്ഞെടുക്കുക.  ഉദാ. മുളയില്‍ത്തീര്‍ത്ത ഷീറ്റ്, അലൂമിനിയം ഷീറ്റ്, ഓട് തുടങ്ങിയവ.  പുറത്തെ ഭിത്തികള്‍ക്ക് ഇന്റര്‍ ലോക്കിംഗ് കട്ടകള്‍ ഉപയോഗിക്കാം.  അകത്തെ ഭിത്തികള്‍ക്ക് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് ഉപയോഗിക്കാം.  ഉദാ. ബൈസണ്‍ പാനല്‍.  തറയ്ക്ക് ഹൈഡ്രോളിക് പ്രസ്സില്‍ നിര്‍മ്മിച്ച ടെറാകോട്ട തറയോട് മതിയാവും.  അടിസ്ഥാനത്തിന് വെട്ടുകല്ല്, പാറ ഇവ ഉപയോഗിക്കാം.
കേരളത്തില്‍ ലഭ്യമാകുന്നതും ഉപയോഗിക്കാതെ പാഴാക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ച് വീടുനിര്‍മ്മാണത്തിനുള്ള പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഉദാ. നല്ലതടി ഉപയോഗിച്ച് ഫര്‍ണിച്ചര്‍, കതക്, ജനല്‍ ഇവ നിര്‍മ്മിക്കുമ്പോള്‍ ലഭിക്കുന്ന ചെറിയ തടിക്കഷണങ്ങളും സിമന്റും പശയും ഉപയോഗിച്ച് നല്ല ഈടുള്ള പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മ്മിക്കാം. സര്‍ക്കാര്‍ അതിന്റെ സാങ്കേതികവിദ്യ വാങ്ങി ചെറുകിട സംരംഭകര്‍ക്കു നല്‍കിയാല്‍ വിലക്കുറവില്‍ അത് പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കാം.
ചെലവുകുറഞ്ഞ നിര്‍മ്മാണ രീതികളെക്കുറിച്ചു ബോധവത്കരണം ആവശ്യമാണ്.  ബ്രസീലിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും മുള ഉപയോഗിച്ച് കോണ്‍ക്രീറ്റ് നടത്താറുണ്ട്. എന്തുകൊണ്ടു നമ്മുടെ നാട്ടിലതു പരീക്ഷിച്ചുകൂടാ? ഇന്റര്‍നെറ്റില്‍ ഈ വിഷയങ്ങളെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ലഭ്യമാണ് .

മാലിന്യനിര്‍മ്മാര്‍ജ്ജനം
അന്യന്റെ  മാലിന്യം സ്വന്തം പരിസരത്തുവരാന്‍ ആരും ഇഷ്ടപ്പെടുന്നില്ല.  ഇതൊരാഗോളപ്രശ്‌നം തന്നെയാണ്. നമ്മുടെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും ഇതുപരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളാരായുകയാണ്.  മാലിന്യങ്ങള്‍, ഉദ്ഭവസ്ഥാനത്തുവച്ചുതന്നെ ജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിങ്ങനെ തരംതിരിക്കണം. എല്ലാത്തരം മാലിന്യങ്ങളില്‍നിന്നും ബയോഡീസല്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഇന്നു പല രാജ്യങ്ങളിലും വികസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിക്കഴിഞ്ഞു.
ജൈവമാലിന്യങ്ങള്‍കൊണ്ട് ബയോഗ്യാസ്, വെര്‍മി കംപോസ്റ്റ് എന്നിവ ഉല്പാദിപ്പിക്കാവുന്നതാണ്.  5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു ദിവസം ഒരു ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്പാദിപ്പിക്കാനുള്ള ജൈവമാലിന്യം ലഭ്യവുമാണ്. ഒരു ക്യുബിക് മീറ്റര്‍ ഗ്യാസില്‍നിന്ന് ഒരു കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. 100 വീടുള്ള ഒരു റസിഡന്റ്‌സ്് അസ്സോസിയേഷന്‍, ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാല്‍ 100 ക്യുബിക് മീറ്റര്‍ ഗ്യാസില്‍നിന്ന് 100 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. ഗ്യാസ് ഉല്പാദിപ്പിച്ചതിനുശേഷം കിട്ടുന്ന സ്‌ലറി ഉപയോഗിച്ചു വെര്‍മി കംപോസ്റ്റ് ഉണ്ടാക്കാവുന്നതാണ്. വൈദ്യുതിയുടെയും വെര്‍മികംപോസ്റ്റിന്റെയും വിലയിനത്തില്‍ ദിവസം 500 രൂപ വരുമാനവും പ്രതീക്ഷിക്കാം. മാലിന്യം ശേഖരിക്കുന്ന ഫീസിനത്തില്‍ മാസം 50 രൂപ വീടുകളില്‍നിന്ന് ഈടാക്കാവുന്നതുമാണ്. മാലിന്യം ശേഖരിക്കുന്നതിനും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 3 പേര്‍ക്ക് തൊഴില്‍ സാദ്ധ്യതയുമുണ്ടാകുന്നു. 100 വീടിന് ഒരു പ്ലാന്റ് വച്ചു കണക്കുകൂട്ടിയാല്‍ ചുരുങ്ങിയത് കേരളത്തില്‍ 60,000 പ്ലാന്റ് ആവശ്യമായി വരുന്നു.  കുടുംബശ്രീയെ ഏല്പിക്കുകയാണെങ്കില്‍ ഇതു 1,80,000 സ്ത്രീകള്‍ക്ക് തൊഴിലേകും. പകുതി സര്‍ക്കാര്‍ സഹായവും പകുതി ബാങ്ക് ലോണുമായി റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ക്കും പ്ലാന്റ് തുടങ്ങാവുന്നതാണ്.  കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്‍ഡ്യയിലാകെ 1.40 കോടി സാമൂഹ്യ ജൈവവാതക പ്ലാന്റുകള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് തെളിവ്.
സ്മാള്‍ ക്ലെയിംസ് കോര്‍ട്ട്
മൂന്നുകോടിയിലധികം കേസ് ഇന്‍ഡ്യയിലെ കോടതികളില്‍ തീരുമാനം കാത്തുകിടക്കുന്നു.  നിലവിലുള്ള നീതിന്യായസംവിധാനം, ചെലവുള്ളതും സമയം എടുക്കുന്നതും സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്.  തത്ഫലമായി ജനം കോടതികളില്‍നിന്ന് അകന്നുതുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 114-ാമത് നിയമ കമ്മിഷന്‍, ഒരു പരിഹാരമെന്നോണം ജനപങ്കാളിത്തത്തോടെയുള്ള റൂറല്‍ കോടതി എന്ന ആശയം മുന്നോട്ടുവെച്ചത്.  ഒരു പ്രൊഫഷണല്‍ ജഡ്ജും അവരെ സഹായിക്കാനായി ജില്ലാ സെഷന്‍സ് ജഡ്ജും ജില്ലാ മജിസ്‌ട്രേട്ടും അടങ്ങുന്ന കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്യുന്ന 2 ജഡ്ജിമാരും അടങ്ങുന്നതാണ് റൂറല്‍ കോടതി.  ഈ കോടതി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കുന്നതിനാണ് 1908-ലെ സിവില്‍ കോഡും 1872-ലെ എവിഡന്‍സ് ആക്ടും ബാധകമാക്കാത്ത നിലയില്‍ കാര്യങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.  ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം, കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പു സംഭാഷണത്തിലൂടെയും കേസുകള്‍ പരിഹരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്.
2003-ലെ കണക്കനുസരിച്ച് 24901 കേസ് സുപ്രീംകോടതിയില്‍ തീര്‍പ്പുകാത്തുകിടപ്പുണ്ട്.  ഹൈക്കോടതികളിലത് 35,28,868 ആണ്.  ജില്ലാക്കോടതികളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 11,30,444-ം 3 വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയിലുള്ള 53,51,580-ം, 3 വര്‍ഷത്തില്‍ താഴെയുള്ള 1,62,73,769 -ം കേസാണ് തീരുമാനമാകാതെ കിടക്കുന്നത്.
ജഡ്ജിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍, അന്താരാഷ്ട്ര നിലവാരത്തിലെത്തണമെങ്കില്‍ ഇന്‍ഡ്യ ജഡ്ജിമാരുടെ എണ്ണത്തില്‍ പത്തിരിട്ടി വര്‍ദ്ധന വരുത്തണം. നമ്മുടെ കോടതികളില്‍ ഷിഫ്റ്റ് സമ്പ്രാദയത്തെക്കുറിച്ചും ചര്‍ച്ചചെയ്തു കേള്‍ക്കുന്നുണ്ട്.  കോടതികളുടെ എണ്ണം ഇരട്ടിയാക്കുന്നതിന്റെ പ്രയോജനം കിട്ടും ഷിഫ്റ്റ് ഏര്‍പ്പെടുത്തുകയാണെങ്കില്‍.
 കേരളത്തിലെ കോടതികളിലും ഒരുപാടുകേസുകള്‍ തീരുമാനം കാത്തുകിടപ്പുണ്ട്.  ഇവയില്‍ത്തന്നെ സിവില്‍ കേസുകളുടെ സ്വഭാവം പഠിച്ചാല്‍ മനസ്സിലാകും; ഭൂരിഭാഗവും ചെറിയ കേസുകളാണെന്ന്.  അതുകൊണ്ട്, ഒരു ലക്ഷം രൂപയുടെയോ അതില്‍ താഴെ തുകയുടേയോ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി താലൂക്കു തോറും 'സ്മാള്‍ ക്ലെയിംസ് കോര്‍ട്ട്' സ്ഥാപിക്കുന്നത് ഉചിതമായിരിക്കും. ഇതിലേക്ക് റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ നിയമിക്കുന്നതോടൊപ്പം കണ്‍സ്യൂമര്‍ കോര്‍ട്ടിലെപ്പോലെ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്താം.  ഈ കോടതിയിലെ നടപടികള്‍ തത്സമയം ടി. വി. യില്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി ഉണ്ടാവണം.  തദ്വാരാ ജനങ്ങള്‍ക്ക് നിയമസാക്ഷരത നല്‍കാം. അവധിയപേക്ഷ അനുവദിക്കാതെ ഓരോ കേസിനും നിശ്ചിത ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കണം.



No comments:

Post a Comment